ഹജ്ജ് കച്ചവടത്തിന്റെ അണിയറ രഹസ്യങ്ങള്‍

സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചാണ് സാധാരണയായി പരാതികളും പരിഭവങ്ങളും ഉയര്‍ന്നുകേള്‍ക്കാറ്. എന്നാല്‍, വിശുദ്ധതീര്‍ഥാടനത്തെ വാണിജ്യവത്കരിക്കുന്നതില്‍ ഒന്നാംസ്ഥാനത്ത് കേന്ദ്ര ഭരണകൂടം തന്നെയാണ് എന്ന കാര്യം പലര്‍ക്കുമറിയില്ല. ഹജ്ജിനെ വന്‍ ബിസിനസായി മാറ്റിയെടുത്തതില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ. അഹമ്മദ് നിസ്സാരമല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് അതിന്റെ നേട്ടങ്ങള്‍ കൊയ്യുന്നത് ജാതിമത വ്യത്യാസമില്ലാതെ വിദേശമന്ത്രാലയ ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളുമാണ് എന്ന വ്യത്യാസമേയുള്ളൂ.
വിദേശകാര്യ വകുപ്പില്‍ മുസ്‌ലിംമന്ത്രി ഉണ്ടായിട്ടും ഹജ്ജ് എസ്.എം. കൃഷ്ണ സ്വന്തമാക്കി വെച്ചിരിക്കയാണ്. വകുപ്പ് സത്യസന്ധമായും സുതാര്യമായും കൈകാര്യം ചെയ്യാന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന് സാധിക്കുകയില്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും സോണിയഗാന്ധിയുടെയും ആശീര്‍വാദത്തോടെയാണ് അഹമ്മദിനെ വകുപ്പില്‍നിന്ന്  അകറ്റിനിര്‍ത്തുന്നതെന്ന ധാരണ പരത്തുന്നതില്‍ കൃഷ്ണയുടെ ആള്‍ക്കാര്‍ വിജയിച്ചിട്ടുമുണ്ട്.  എന്നാല്‍, കൃഷ്ണക്ക് കീഴിലും സ്വജനപക്ഷപാതവും കൊള്ളരുതായ്മകളുമാണ് നടമാടുന്നതെന്നാണ് അരമനരഹസ്യം.
ഗവണ്‍മെന്റ് ക്വോട്ടയുടെ പേരില്‍ മൂന്നു നാല് കൊല്ലമായി 11,000 പേരുടെ അവസരമാണ് വിദേശമന്ത്രാലയം കവര്‍ന്നെടുക്കുന്നത്. ഇ. അഹമ്മദ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന 2009 മുതല്‍ക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി എത്തുന്ന ഹാജിമാരുടെ (ഏകദേശം 1.2ലക്ഷം) പത്ത് ശതമാനം സീറ്റ് ഗവണ്‍മെന്റ് ക്വോട്ടയായി  മാറ്റിവെക്കാന്‍ തുടങ്ങിയത്. മുമ്പ് ആയിരം സീറ്റ്  മാത്രമേ മാറ്റിവെച്ചിരുന്നുള്ളൂ. ക്വോട്ട, വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് യഥേഷ്ടം വിനിയോഗിക്കാം എന്ന് വരുത്തിത്തീര്‍ത്തിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇക്കാര്യത്തില്‍ നോക്കുകുത്തി മാത്രമാണ്. കച്ചവടവും തിരിമറിയും അരങ്ങേറുന്നത് സൗദി അധികൃതരുമായി ഒപ്പുവെക്കുന്ന കരാറിന്റെ മറവിലാണ്. ഈ പകല്‍ക്കൊള്ളക്കെതിരെ പ്രൈവറ്റ് ടൂര്‍ ഓപറേറ്റര്‍മാരിലൊരാളായ മുഹമ്മദ് തസ്‌നീഫ് ഖാന്‍ കഴിഞ്ഞവര്‍ഷം മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചപ്പോള്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി  സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലൂടെ കണേ്ണാടിച്ചാല്‍ മനസ്സിലാവും പച്ചക്കള്ളം നിരത്തിയാണ് നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതെന്ന്. ഗവണ്‍മെന്റ് ക്വോട്ടയുടെ സാധൂകരണത്തിന്,  ഡോ. ഹാമിദ് അന്‍സാരി  (ഇപ്പോഴത്തെ ഉപരാഷ്ട്രപതി) ചെയര്‍മാനായുള്ള ഒരു കമ്മിറ്റി വിഷയം പഠിച്ച് 2006ല്‍ മന്ത്രിസഭ ഉപസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും അതിന് കാബിനറ്റ് അംഗീകാരം നല്‍കിയതും എടുത്തുപറയുന്നുണ്ട്. തീര്‍ഥാടകരുടെ സേവനത്തിന് അയക്കുന്ന ഉദ്യോഗസ്ഥരുടെയും ഹജ്ജ് കമ്മിറ്റി ഭാരവാഹികളുടെയും മറ്റും ആവശ്യത്തിലേക്കായി ചെറിയൊരു ക്വോട്ട മാറ്റിവെക്കാമെന്നു മാത്രമാണ് സമിതി ശിപാര്‍ശ ചെയ്തിരുന്നത്. അങ്ങനെയാണ് ആയിരം സീറ്റ് വീതം മാറ്റിവെക്കാന്‍ തുടങ്ങിയത്. 2009ല്‍ സൗദി ഗവണ്‍മെന്റില്‍നിന്ന് അധിക ക്വോട്ടയായി കിട്ടിയ 10,000വും സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കാതെ മന്ത്രി തന്നെ കൈകാര്യം ചെയ്തതോടെയാണ് ഈ വലിയ കച്ചവടത്തിന് സ്ഥായീഭാവം കൈവരുന്നത്. കഴിഞ്ഞ വര്‍ഷം വകുപ്പ് കൈകാര്യം ചെയ്യാന്‍ മന്ത്രിയുണ്ടായിരുന്നില്ലെങ്കിലും ഗവണ്‍മെന്റ് ക്വോട്ടയായി 11,000 നീക്കിവെച്ചു.  45,000ത്തിന്റെ ക്വോട്ട 583 സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ക്ക് വീതിച്ചുകൊടുത്തപ്പോള്‍ പലര്‍ക്കും കിട്ടാതെപോയി. ഗവണ്‍മെന്റ് ക്വോട്ടയില്‍നിന്നെങ്കിലും തങ്ങളുടെ വിഹിതം ലഭിക്കണമെന്ന് ന്യായാസനത്തോട് ചിലര്‍ അഭ്യര്‍ഥിച്ചു. അവരുടെ ആവശ്യം നിരസിക്കുന്നതിന് കോടതി മുമ്പാകെ വിദേശകാര്യ മന്ത്രാലയം കള്ളക്കണക്ക് സമര്‍പ്പിച്ചു. ആ കണക്ക് പ്രകാരം 11,000 സീറ്റ് വീതംവെച്ചിരിക്കുന്നത് ഇപ്രകാരമാണ്: ഖാദിമുല്‍ ഹുജ്ജാജ് (ഓരോ സംസ്ഥാനത്തുനിന്നും ഹാജിമാരെ സേവിക്കുന്നതിന് അയക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍) -300, മഹ്‌റം (സ്ത്രീകളെ അനുഗമിക്കുന്ന പുരുഷന്മാര്‍)- 400, പുണ്യഭൂമിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആളെ അയക്കാന്‍ ഹജ്ജ് കമ്മിറ്റിക്ക് നല്‍കുന്നത് -500, ജമ്മു-കശ്മീരിന്റെ പ്രത്യേകത കണക്കിലെടുത്ത് നല്‍കുന്നത്-1500, ലക്ഷദ്വീപിന് പ്രത്യേകമായി -239, സംസ്ഥാനങ്ങള്‍ക്ക് ഓരോ സ്ഥലത്തെയും മുസ്‌ലിം ജനസംഖ്യക്കും ഹജ്ജ് അപേക്ഷകരുടെ എണ്ണത്തിനും ആനുപാതികമായി നല്‍കുന്നത് -2500, ബോറാ സമുദായത്തിന് പ്രത്യേകമായി നീക്കിവെക്കുന്നത് -2500, ഓരോ പാര്‍ലമെന്റംഗത്തിനും ശരാശരി മുമ്മൂന്ന് വീതം മുഴുവന്‍ പാര്‍ലമെന്റംഗങ്ങള്‍ക്കുമായി വീതിച്ചുകൊടുക്കുന്നത് -3000 (നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടാത്ത വൃദ്ധജനത്തിന് നല്‍കാനാണത്രെ ഇത്് ).
 തീര്‍ത്തും വാസ്തവവിരുദ്ധമായ വിവരങ്ങള്‍ നല്‍കി മന്ത്രാലയം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വിവാഹബന്ധം പാടില്ലാത്തവരുടെ (മഹ്‌റം) കൂടെ നല്‍കിയാലേ അപേക്ഷ സ്വീകരിക്കൂ എന്നിരിക്കെ ആ ഇനത്തില്‍ 400 പേര്‍ക്ക് അവസരം നല്‍കി എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അതുപോലെ ജമ്മു-കശ്മീരിന് പ്രത്യേകമായി ക്വോട്ടയൊന്നും അനുവദിക്കാറില്ല. ഓരോ സംസ്ഥാനത്തെയും മുസ്‌ലിം ജനസംഖ്യയുടെ ആനുപാതികമായാണ് ക്വോട്ട നിര്‍ണയിക്കുന്നത്. ഗവണ്‍മെന്റ് ക്വോട്ട വഴി 2010ല്‍ ഹജ്ജിനെത്തിയവരുടെ കണക്ക് പരിശോധിച്ചാല്‍ (ടേബ്ള്‍ കാണുക) മനസ്സിലാകും കല്ലുവെച്ച നുണയാണ് മന്ത്രാലയം നിരത്തിയതെന്ന്. കഴിഞ്ഞ വര്‍ഷം കശ്മീരില്‍നിന്ന് ക്വോട്ടയില്‍ 47 പേര്‍ മാത്രമാണ് എത്തിയതെന്ന് ഹജ്ജ് മിഷന്റെ ഔദ്യോഗിക രേഖകള്‍ പറയുന്നു. ഖാദിമുല്‍ ഹുജ്ജാജിനു പുറമെ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ആളുകളെ അയക്കുന്നില്ല. 500 ഉദ്യോഗസ്ഥര്‍ എത്തുന്നത് ഒഫിഷ്യല്‍ വിസയിലാണ്. സൗദി ഭരണകൂടം ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായാണ് ക്വോട്ട നിശ്ചയിക്കുന്നത്. രാജ്യത്തെ ഓരോ വിശ്വാസിയുടെയും അവകാശമാണത്. അതില്‍നിന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വീതിച്ചുകൊടുക്കുന്നത് അനീതിയാണ്. അത് മറച്ചുവെക്കുന്നതിനാണ് പ്രായാധിക്യമുള്ളവര്‍ക്ക് നല്‍കാനാണ് എം.പിമാര്‍ക്ക് മുമ്മൂന്ന് സീറ്റ് അലോട്ട് ചെയ്യുന്നതെന്ന് കള്ളം പറയുന്നത്. ഭൂരിഭാഗം അംഗങ്ങള്‍ക്കും, വിശിഷ്യാ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് സീറ്റ് കിട്ടാറേയില്ലത്രെ. കിട്ടിയവര്‍ തന്നെ ഏതെങ്കിലും രാഷ്ട്രീയക്കാരനോ ട്രാവല്‍ ഏജന്‍സിക്കോ മറിച്ചുകൊടുക്കും.
ഹജ്ജുമായി ബന്ധപ്പെട്ടതെല്ലാം കച്ചവടമായതോടെ തൊട്ടവനെല്ലാം ലാഭം കൊയ്യാന്‍ തുടങ്ങി. അതോടെ, അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാണു. മുസ്‌ലിം മത-രാഷ്ട്രീയ നേതൃത്വത്തിന്റെ അലംഭാവവും ശ്രദ്ധക്കുറവുമാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ക്വോട്ടയില്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ വന്നത് ഗുജറാത്തില്‍നിന്നാണ്- 2021 പേര്‍. അതേസമയം, ഹജ്ജിന് അപേക്ഷിച്ചവരില്‍ പകുതി പേര്‍ക്കും അവസരം ലഭിക്കാത്ത കേരളത്തില്‍നിന്ന് എത്തിയത് 440 പേര്‍ മാത്രം. ഇതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം റെഡി-കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ  ഉപദേഷ്ടാവ് അഹ്മദ്പട്ടേലിന്റെ (ദുഃ)സ്വാധീനം. 20 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള ആന്ധ്രക്ക് കേവലം 96 സീറ്റ് അനുവദിച്ചപ്പോള്‍ അതിന്റെ പകുതിപോലും മുസ്‌ലിംകളില്ലാത്ത കര്‍ണാടകയില്‍നിന്ന് 854 പേരാണ് സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിനെത്തിയത്. കാരണം? വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ കര്‍ണാടകക്കാരനായതുതന്നെ. മിക്കവാറും കേന്ദ്ര ക്വോട്ട കരിഞ്ചന്തയിലേക്കാണ് പോവുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയപരിലാളനത്തിന്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടനാഴിയില്‍ ഇതിനായി ഏജന്റുമാരും ബ്രോക്കര്‍മാരും അലയുന്നുണ്ട്. ഡിമാന്റ് കൂടുമ്പോള്‍ ഒരു 'തസ്‌രീഹിന്' 60000-75000രൂപ വരെ ഈടാക്കാമെന്ന് രാഷ്ട്രീയ കങ്കാണിമാര്‍ മനസ്സിലാക്കിയിട്ടുണ്ട്. 10,000 തസ്‌രീഹ് വഴി കീശയിലെത്തുന്ന വരുമാനത്തെക്കുറിച്ച് ഒന്നു  കണക്കു കൂട്ടി നോക്കൂ!
ഹജ്ജ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘം എന്നുപറഞ്ഞ് 35 നേതാക്കളും അവരുടെ കുടുംബങ്ങളും രണ്ടാഴ്ചയോളം സുഖവാസത്തിനെത്തുന്നത്. ഇന്ത്യയല്ലാത്ത ഒരു രാജ്യവും ഇത്രയും വലിയ 'ഗുഡ്‌വില്‍ ഡെലിഗേഷനെ' അയക്കാറില്ല. പുണ്യഭൂമിയില്‍ രണ്ടുമാസത്തെ സേവനത്തിന് അയക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍പോലും രാഷ്ട്രീയ ഇടപെടലുകളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുമ്പ് സേവനരംഗത്ത് മികവ് പുലര്‍ത്തിയവരെ അയക്കണമെന്ന ഹജ്ജ് മിഷന്റെ അഭ്യര്‍ഥന ചെവിക്കൊള്ളാതെ ഓരോ സംസ്ഥാനത്തുനിന്നും പിന്‍വാതിലിലൂടെ കയറിക്കൂടുന്നവരെയാണ് വിദേശകാര്യ മന്ത്രാലയം നിയോഗിക്കാറ്.
ഈ വര്‍ഷത്തെ ഹജ്ജിന് തയാറെടുപ്പ് തുടങ്ങിയിരിക്കെ, ഈ വിഷയങ്ങളില്‍ പൊതുസംവാദം വേണം. വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യപ്പെടണം. കേന്ദ്ര ക്വോട്ടക്കെതിരെ ആവശ്യമാണെങ്കില്‍ സുപ്രീം കോടതിയെത്തന്നെ സമീപിക്കണം. ഹജ്ജ് പ്രതിനിധി സംഘത്തില്‍ ആരെയൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് മുസ്‌ലിംനേതൃത്വം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തണം.
കഴിഞ്ഞ വര്‍ഷം
ഗവണ്‍മെന്റ് ക്വോട്ടയില്‍
ഹജ്ജിനെത്തിയവര്‍
ആന്ധ്രപ്രദേശ്                                 96
ഛത്തിസ്ഗഢ്                                   64
ദല്‍ഹി                                              410
ഗുജറാത്ത്                                     2021
ഹരിയാന                                          83
ജമ്മു-കശ്മീര്‍               47
കര്‍ണാടക                                     854 
കേരള                            440
ലക്ഷദ്വീപ്                                        150
മഹാരാഷ്ട്ര                                    626
മധ്യപ്രദേശ്                                    244  
പഞ്ചാബ്                                           88
രാജസ്ഥാന്‍                                   473
തമിഴ്‌നാട്         393
ഉത്തരഖണ്ഡ്                                    74
ഉത്തര്‍പ്രദേശ്                                  724

മാധ്യമം 

Google+ Followers

Blogger templates

.

ജാലകം

.