സൂചീമുഖിപ്പക്ഷിയുടെ കഥ

ജീവിക്കാനുള്ള നമ്മുടെ അവകാശത്തെ സംരക്ഷിക്കുക എന്നത് പരമപ്രധാനമാണ്. നാമെടുക്കുന്ന സമാധാനപരമായ നിലപാടുകള്‍കൊണ്ടെങ്കിലും ഓരോരുത്തരും പൗരാവകാശസംരക്ഷണത്തിനു പിന്‍ബലം നല്‍കേണ്ടതാണ്. സങ്കല്‍പങ്ങള്‍ക്ക് തീര്‍ച്ചയായും അവയുടേതായ ശക്തിയുണ്ട്.
'പഞ്ചതന്ത്ര'ത്തില്‍ നിന്നാണെന്നു തോന്നുന്നു, ഒരു കഥ, കുട്ടിക്കാലത്ത് അമ്മ പറഞ്ഞുതന്നത്, ഓര്‍മവരുകയാണ്. കൊടുംകാട്. മഞ്ഞുപെയ്യുന്ന, മരം കോച്ചുന്ന, ഭയങ്കരമായി ഇരുള്‍ കട്ടിപിടിച്ച രാത്രി. കാട്ടിലെ ജീവജാലങ്ങള്‍ അവരുടെ മടകളിലും മാളങ്ങളിലും പൊത്തുകളിലും ഒക്കെ ഒതുങ്ങിക്കൂടി. ഒറ്റയ്ക്കുപെട്ട ഒരു കുഞ്ഞുപക്ഷി - സൂചീമുഖി - ഇലച്ചാര്‍ത്തുകളുടെ മറവില്‍ മഞ്ഞുവീഴാത്ത ഒരു മരക്കൊമ്പില്‍ ചിറകൊതുക്കി അനങ്ങാതെ ഇരിക്കുകയാണ്. ആ മരത്തിന്റെ മറ്റൊരു ശാഖയില്‍ നാലഞ്ചുകുരങ്ങന്മാര്‍ ഉണ്ടായിരുന്നു. അവരുടെ സാന്നിധ്യം സൂചീമുഖി അറിയുന്നുണ്ട്. ഒരു മിന്നാമിനുങ്ങ് നക്ഷത്രശോഭയോടെ അവര്‍ക്കിടയിലേക്ക് പാറിവന്നു. ഒരു കുരങ്ങന്‍ പറഞ്ഞു: 'കണ്ടോ തീ പാറി വരുന്നത്!' മറ്റൊരു കുരങ്ങന്‍ പറഞ്ഞു, 'അതിനെ പിടിക്കാം, എന്നിട്ട് തീ കായാന്‍ തീയുണ്ടാക്കാം.' മറ്റു കുരങ്ങന്മാരും ശരിവച്ചു. സൂചീമുഖി ഇടപെട്ടു, 'സുഹൃത്തുക്കളേ, അതൊരു മിന്നാമിനുങ്ങാണ്. അതിനെവെച്ച് തീയുണ്ടാക്കാനാവില്ല.' കുരങ്ങന്മാര്‍ക്കു പിടിച്ചില്ല. 'നീ മിണ്ടാതിരി, നിന്നോടാരഭിപ്രായം ചോദിച്ചു?' അവര്‍ മിന്നാമിനുങ്ങിനെ പിടിച്ചു ഊതാന്‍ തുടങ്ങി. 'അയ്യോ,പാവം! അതു ചത്തുപോകും. അതിനെ വിടിന്‍ കൂട്ടരേ' എന്നായി സൂചീമുഖി. കുരങ്ങന്മാര്‍ പ്രകോപിതരായി. തങ്ങള്‍ തീപൊരി എന്നു കരുതിയതില്‍ നിന്നു തീ കിട്ടില്ല എന്ന് എതിരഭിപ്രായം പറയാന്‍ ഈ ചെറിയ പക്ഷി എങ്ങനെ ധൈര്യപ്പെട്ടു? ഒരു കുരങ്ങന്‍ ആ ഇരുട്ടിലും സൂചീമുഖിയെ തപ്പിപ്പിടിച്ച് ഞെരിച്ച് കൊന്നു.
അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ പേരില്‍ അസഹിഷ്ണുത കാണിക്കുന്നത് ശക്തിയല്ല, ദൗര്‍ബല്യവും ഹീനതയുമാണ്. പ്രാകൃതത്വമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മേഖലകളില്‍ അഭിപ്രായപ്രകടനങ്ങള്‍ ജീവാപായം വരെ ഉണ്ടാക്കുന്ന അസഹിഷ്ണുതയിലേക്കു നയിക്കുന്നത് പലപ്പോഴും നാം കാണുന്നുണ്ട്. ചേകന്നൂര്‍ മൗലവിയെ 1993ല്‍ കാണാതായ കേസ് തുടങ്ങുന്നത് അസഹിഷ്ണുതയില്‍ നിന്നാണ്. ചിന്തയിലും പ്രസംഗത്തിലും പ്രവൃത്തിയിലും പുരോഗമനാശയങ്ങള്‍ പ്രകടിപ്പിച്ച മൗലവി യാഥാസ്ഥിതികരെ അത്യന്തം പ്രകോപിതരാക്കി, ആ വികാരം അവരില്‍ വ്യക്തി വൈരാഗ്യമായി പരിണമിച്ചുവെന്നും അത് ഗൂഢാലോചനയിലും മൗലവിയുടെ കൊലപാതകത്തിലും കലാശിച്ചുവെന്നുമാണ് സി.ബി.ഐ കണ്ടെത്തിയത്.
മൗലവിയുടെ അഭിപ്രായങ്ങളുടെ ശരിതെറ്റുകളെപ്പറ്റിയല്ല ഞാന്‍ ചിന്തിക്കുന്നത്. തെറ്റായ അഭിപ്രായങ്ങളാണെങ്കിലും പ്രകാശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഈ ജനാധിപത്യരാഷ്ട്രത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണു ചിന്തിക്കുന്നത്. ഈ അമൂല്യസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലാണ് കോടതിവിധി വന്നത്. വ്യക്തിവൈരാഗ്യവും മതപരമായ ശത്രുതയും മുന്‍നിര്‍ത്തി, നിയമത്തെ മറികടന്നു പ്രവര്‍ത്തിക്കുന്നത് നമ്മുടെ വികസിതമായ നിയമസംഹിതയില്‍ അനുവദിച്ചുകൂടാത്തതാണെന്ന് കോടതി പ്രത്യേകിച്ച് ഓര്‍മപ്പെടുത്തുകയുംചെയ്തു.
ജീവിക്കാനുള്ള നമ്മുടെ അവകാശത്തെ സംരക്ഷിക്കുക എന്നത് പരമപ്രധാനമാണ്. നാമെടുക്കുന്ന സമാധാനപരമായ നിലപാടുകള്‍കൊണ്ടെങ്കിലും ഓരോരുത്തരും പൗരാവകാശസംരക്ഷണത്തിനു പിന്‍ബലം നല്‍കേണ്ടതാണ്. സങ്കല്‍പങ്ങള്‍ക്ക് തീര്‍ച്ചയായും അവയുടേതായ ശക്തിയുണ്ട്.

മാധ്യമം 


Share

Blogger templates

.

ജാലകം

.