നബിയേ, നീ മോഹിപ്പിക്കുന്നു

നീതിനിര്‍വഹണ സംവിധാനങ്ങള്‍ക്ക് എപ്പോഴും നിഷ്ഠുരമായ മുഖവും കരാളമായ കൈകളും ഉണ്ടായിരിക്കും. ആരോപിക്കപ്പെടുന്നവരെ കുറ്റവാളികളായി ഉറപ്പിക്കാനുള്ള ഉത്കണ്ഠ, അനുകൂലമായ തെളിവുകള്‍ തേടിപ്പിടിക്കാനുള്ള പ്രവണത, പ്രതികൂലമായവ കാണാതിരിക്കാനുള്ള മയക്കം എന്നിവയെല്ലാം മേല്‍പറഞ്ഞ സ്വഭാവങ്ങളാണ്. നിരപരാധികളും നിഷ്‌കളങ്കരും പോഴന്മാരും കുരിശിലേറ്റപ്പെടുന്നു എന്നതാണ് നീതിനിര്‍വഹണസംവിധാനങ്ങള്‍ക്കുള്ള യാന്ത്രികത്വം വരുത്തിവെക്കുന്ന വലിയ വിന. ഈ ദുരന്തത്തെ പ്രതിരോധിക്കാനായി ഇന്ത്യന്‍ നിയമഘടന ഹൃദയഹാരിയായൊരു തത്ത്വം രൂപവത്കരിച്ചിട്ടുണ്ട്. ആയിരമായിരം കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനെക്കാളും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതാണ് ഭാരതത്തിന്റെ ഇത്തോസനുസരിച്ച് പാതകമെന്നര്‍ഥം. അതിനാല്‍, കുറ്റാരോപിതര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം പരമാവധി നല്‍കാന്‍ നമ്മുടെ ന്യായാധിപമനസ്സുകള്‍ പരിശ്രമിക്കുന്നു. ഒട്ടുമിക്ക രാജ്യങ്ങളിലും ഇല്ലാത്തതാണ് ഇന്ത്യന്‍ നിയമഘടന പുലര്‍ത്തുന്ന ഉദാത്തമായ കാരുണ്യദര്‍ശനമെന്നതു കൊണ്ട് അത് ഈ നാടിന്റെ സാംസ്‌കാരികപൈതൃകം സംഭാവന ചെയ്തതാണെന്ന് നിസ്സംശയം പറയാം. രാത്രിയിലെ യുദ്ധങ്ങളും ശത്രുവിനോടുള്ള അനീതികളും കൂടി ഒഴിവാക്കുന്ന ധര്‍മസംഹിത, സര്‍വചരാചര കാരുണ്യത്തിന്റെതായ ബുദ്ധദര്‍ശനം, അന്യമതസ്ഥനെ ഗുരുപോലുമാക്കുന്ന സഹിഷ്ണുതാ ഭാവം തുടങ്ങിയവയെല്ലാം ഭാവിയുടെ മഹനീയ തത്ത്വങ്ങളെ കരുപ്പിടിപ്പിക്കാന്‍ സഹായിച്ച ഭാരതത്തിന്റെ സുകൃതങ്ങളായിരുന്നു.
കരുണാമയമായ ഈ നീതിബോധത്തെ പരിഹസിക്കുന്നതും പാടെ തിരസ്‌കരിക്കുന്നതുമാണ് നിര്‍ഭാഗ്യവശാല്‍ ന്യൂമാന്‍കോളജ്  അധികൃതര്‍ പ്രഫ. ജോസഫിന് നേരെ കൈക്കൊണ്ട ശിക്ഷണനടപടി. ചോദ്യപ്പേപ്പര്‍ വിവാദത്തിന് കാരണമായ സംഭവം മുസ്‌ലിംസമുദായത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന്  ജോസഫ് കോളജ് മാനേജ്‌മെന്റിന് നല്‍കിയ കത്തില്‍ പറഞ്ഞതാണ്. കൂടാതെ, കഠിനമായൊരു ശാരീരിക ദുരന്തം അദ്ദേഹത്തിന് അക്കാലത്ത് സംഭവിക്കുകയും ചെയ്തു. എന്നിട്ടും, ജോലിയില്‍ നിന്ന് പിരിച്ചുവിടുക എന്ന കാപിറ്റല്‍ പണിഷ്‌മെന്റ് ആ അധ്യാപകന് ന്യൂമാന്‍ കോളജ്  അധികൃതര്‍ നല്‍കിയത് കൈവെട്ട് സംഭവത്തേക്കാള്‍ ഞെട്ടിക്കുന്നതും അപലപനീയവും ദുരുദ്ദേശ്യപൂര്‍ണവുമാണ്. കാരണം, കൈവെട്ട് നടത്തിയത് ഹീനന്മാരായ കുറച്ച് ക്രിമിനലുകള്‍ മാത്രമാണ്. അതിന്റെ പാപഭാരം ആ സാമൂഹികദ്രോഹികളുടെ അക്കൗണ്ടില്‍ മാത്രമേ പോകുകയുള്ളൂ. എന്നാല്‍, നിയമവ്യവസ്ഥയെ ബീഭത്സമാക്കി ജോസഫിന്റെ കര്‍മജീവിതത്തെ വെട്ടിമുറിച്ചത് സമതുലനം പുലര്‍ത്തേണ്ട കലാശാലാ അധികൃതരാണെന്നോര്‍ക്കണം. ആ ചെയ്തിയുടെ ചേറും കളങ്കവും മാനക്കേടും നാട്ടിലെ വിദ്യാഭ്യാസമണ്ഡലത്തെ മുഴുവനുമാണ് ബാധിച്ചിരിക്കുന്നത്. ധാര്‍മികതയുടെയോ വിവേകത്തിന്റെയോ കാരുണ്യത്തിന്റെയോ നിഴല്‍സാന്നിധ്യമെങ്കിലും ഹൃദയത്തിലുള്ള ആര്‍ക്കും ന്യൂമാന്‍സ്‌കോളജ് മാനേജ്‌മെന്റിന്റെ ഈ നിഷ്ഠുരനടപടിയെ ന്യായീകരിക്കാന്‍ സാധിക്കുകയില്ല.
ഇന്നത്തെ കാലത്തിന്റെ സകലമാന ദുഷ്ടതകളും വിരോധാഭാസങ്ങളും ദൃഷ്ടാന്തപ്പെടാന്‍ നിയോഗിക്കപ്പെട്ടതായിരിക്കണം ചോദ്യപ്പേപ്പര്‍ വിവാദത്തോടനുബന്ധിച്ച സംഭവപരമ്പരകളെന്ന് തോന്നിപ്പോവുകയാണ്. കാരണം, മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന് ആരോപിക്കപ്പെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ അതിന്റെ രണ്ടാം ഘട്ടത്തിലും മൂന്നാംഘട്ടത്തിലും പ്രവാചകനെ കൂടുതല്‍ക്കൂടുതല്‍ നിന്ദിക്കുന്നതായി മാറുകയായിരുന്നുവെന്ന് കാണാം.
നോക്കൂ, തെരുവുകളിലും ചന്തസ്ഥലങ്ങളിലും സാധാരണക്കാരുടെ സകല ദൗര്‍ബല്യങ്ങളും മനസ്സിലാക്കി ജീവിച്ച മഹാത്മാവ്. തന്റെ ദര്‍ശനങ്ങളോടുള്ള അഭിപ്രായവ്യത്യാസം ഏത് അളവിലും എത്ര കാലവും നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹം സഹജീവികള്‍ക്ക് നല്‍കിയിരുന്നു. ശത്രുക്കളോടുപോലും അനീതി കാണിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. തന്നെ പരമാവധി ദ്രോഹിച്ച നാട്ടുകാര്‍ക്കുപോലും പട്ടിണിക്കാലത്ത് ധാന്യങ്ങള്‍ കൊടുത്തയച്ചിരുന്നു. ദിനംപ്രതി തന്നെ നിന്ദിച്ച ജൂതസ്ത്രീയെ അവരുടെ രോഗസമയത്ത് ചെന്ന് സ്‌നേഹപരിഗണനകള്‍ അറിയിച്ചിരുന്നു.
അങ്ങനെയുള്ള മനുഷ്യന്റെ പേര് പറഞ്ഞാണ്, അദ്ദേഹത്തിന്റെ ജീവിതവീക്ഷണങ്ങള്‍ക്ക് കടകവിരുദ്ധമായി ഇവിടെ ചിലര്‍ ചോദ്യപ്പേപ്പര്‍ വിവാദത്തിന്റെ രണ്ടാംഘട്ടത്തില്‍ പ്രഫ. ജോസഫിന്റെ കൈ വെട്ടിമാറ്റിയത്. എന്നിട്ടും കാലം അതിന്റെ ആഭാസത്തരങ്ങള്‍ അവസാനിപ്പിക്കാന്‍ വിസമ്മതിക്കുക തന്നെയായിരുന്നു. ഇപ്പോഴിതാ സംഭവപരമ്പരകള്‍ പ്രവാചകനിന്ദയുടെ മൂന്നാംഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.
നോക്കൂ, നിയമങ്ങളെ എപ്പോഴും ചതുരവടിവുകളില്‍ നിന്ന് മുക്തമാക്കി, കരുണാര്‍ദ്രമായ സമൂഹപരിപാലന ശക്തികളാക്കാന്‍ ശ്രമിച്ചിരുന്ന നബിതിരുമേനി. ഒരിക്കലൊരു യുവതി താന്‍ വ്യഭിചരിച്ചു പോയെന്നും അതിന് നിയമപ്രകാരമുള്ള ശിക്ഷ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിക്കുകയാണ്. മുഹമ്മദ് നബി അപ്പോള്‍, നീ ഗര്‍ഭിണിയായതിനാല്‍ ശിക്ഷ ഗര്‍ഭസ്ഥശിശുവിന് ഹാനികരമാകുമെന്ന് പറഞ്ഞ് ശിക്ഷാംദേഹിയെ മടക്കിയയക്കുന്നു. പെണെ്ണാരുമ്പെട്ടവള്‍ വിടാന്‍ തയാറായിരുന്നില്ല. പ്രസവിച്ചശേഷം അവള്‍ തനിക്ക് അവകാശപ്പെട്ട ദണ്ഡനങ്ങള്‍ ഇരന്നു കൊണ്ട് പ്രവാചകനെ സുയിപ്പാക്കാന്‍ പിന്നെയും എത്തുന്നു. അതുപറ്റില്ല, കുഞ്ഞുവാവക്ക് മുലകുടിക്കാനും വളര്‍ന്ന് വലുതാകാനുമുള്ള അവകാശത്തെ ഉമ്മയുടെ ശിക്ഷയാലുള്ള അഭാവം നശിപ്പിക്കരുതെന്ന് വിധിച്ച് വീണ്ടും അദ്ദേഹം ആ വ്യഭിചാരിണിയെ ദയയുടെ അമൃതവര്‍ഷത്താല്‍ കുളിപ്പിച്ചയക്കുന്നു. ഏതൊരു മനുഷ്യസ്‌നേഹിയെയും മോഹിപ്പിക്കുന്നതായിരുന്നു നബിയുടെ നിയമപരിപാലനത്തിനുള്ള ഹൃദയാലുത്വം.
ഇങ്ങനെയൊരു കാരുണ്യമൂര്‍ത്തിയുടെ പിന്‍ഗാമികളെ പരിഗണിച്ചാണത്രെ ന്യൂമാന്‍ കോളജ്  അധികൃതര്‍ സര്‍വീസ് ചട്ടങ്ങളെ വികൃതവും ആഭാസകരവുമായി വ്യാഖ്യാനിച്ചത്, കോടതിയുടെ വിധിപ്രസ്താവന കൂടി കാക്കാതെ നിയമഘടനയുടെ നിര്‍ലോഭമായ സംശയാനുകൂല്യം പോലും നല്‍കാതെ തങ്ങളുടെ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചയച്ചിരിക്കുന്നത്. വ്യവസ്ഥാപിത നീതികള്‍ക്ക് വിരുദ്ധമായി വേശ്യയായ മഗ്ദലന മറിയത്തിന് മുന്‍കൂര്‍ അഭയമരുളിയ യേശുദേവന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരുമാണ് ഈ നിഷ്ഠുരത ചെയ്തിരിക്കുന്നത്. വല്ലാത്ത വിരോധാഭാസവും ആദര്‍ശനിന്ദയും ദൈവത്തിനു മുന്നിലെ അപരാധവുമാണിത്.
പ്രശ്‌നം തോന്നുന്നിടത്തെല്ലാം എക്‌സിക്യൂട്ടിവിന് ലോ ആന്‍ഡ് ഓഡര്‍ സേനയെ അയക്കേണ്ടി വരുമെങ്കിലും കോടതിക്ക് സമാനം വിധികര്‍തൃസ്ഥാനത്തിനുള്ള കോളജ് മാനേജ്‌മെന്റിന് നിയമഘടനാപരമായ എല്ലാ വിട്ടുവീഴ്ചകളും ജോസഫിന് നല്‍കേണ്ട ചുമതലയുണ്ടായിരുന്നു.
കാലം മോശമാണ്, അങ്ങേയറ്റം നീചമാണ്, മനുഷ്യകുലം മുടിയാന്‍ തക്കവണ്ണം ഗതികെട്ടതാണ് എന്നതിന്റെ സൂചനകളായിരിക്കുമോ ഇതെല്ലാം? ആവാം എന്നുതന്നെയാണ് ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ഇടപെടാന്‍ ശ്രമിച്ച പലരുടെയും സ്‌തോഭകരമായ അനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഉദാഹരണമായി, ഇക്കാര്യത്തെക്കുറിച്ച് രണ്ട് ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച ഈ ലേഖകന് പല തരത്തിലുള്ള അധിക്ഷേപങ്ങളും അവഹേളനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മുസ്‌ലിംകളെ താങ്ങാന്‍ നടക്കുന്നു, തീവ്രവാദികളില്‍ നിന്ന് പണം പിടുങ്ങി പ്രബന്ധമെഴുതുന്നു, സെക്കുലരിസത്തെ ഒറ്റു കൊടുക്കുന്നു എന്നിങ്ങനെ. കൂടാതെ, ഹിന്ദുസ്ത്രീയെ മാപ്ലച്ചിയാക്കി പരിവര്‍ത്തിപ്പിച്ച് നോവലെഴുതി, അതുപോലെ മുസ്‌ലിം സ്ത്രീയെ ഹിന്ദുവാക്കി നോവലെഴുതാന്‍ ധൈര്യമുണ്ടോടാ നായിന്റെ മോനേ എന്ന് ആക്രോശിച്ചുള്ള തെറിക്കത്തുകളും വരുന്നുണ്ട്. അതോടൊപ്പം, ഹിന്ദുത്വവാദികളുടെ കൈകൊണ്ടായിരിക്കും ഇപ്പഹയന്റെ മരണമെന്ന താക്കീതുകളും.
എന്നാല്‍, മുസ്‌ലിംകളെ അന്യവത്കരിക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക, ഒരു പൊന്നാനിക്കാരന്റെ മാപ്പിളമാരോടുള്ള ഇഷ്ടം വികാരതരളിതമായി പ്രദര്‍ശിപ്പിക്കുക, ആനന്ദിനെപ്പോലുള്ള യാന്ത്രിക സെക്കുലരിസ്റ്റുകളുടെ ജനാധിപത്യവിരുദ്ധതയെ തുറന്നുകാട്ടുക, എല്ലാ മതപ്രവാചകരോടുമുള്ള ആദരം ഒരു വിശ്വാസിയുടെ ഊഷ്മളതയോടെ ആവിഷ്‌കരിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. വ്യത്യസ്ത മതസ്ഥര്‍ക്കിടയില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതിനുപകരം സൗഹൃദം വളര്‍ത്താനും സ്വന്തം കുട്ടിയും അയല്‍ക്കാരന്റെ കുട്ടിയും തമ്മില്‍ കശപിശയുണ്ടാകുമ്പോള്‍ അയല്‍ക്കാരന്റെ കുട്ടിയെ പിന്തുണക്കുക എന്ന ഉയര്‍ന്ന സംസ്‌കാരം പരിപാലിച്ച് മുസ്‌ലിംകള്‍ക്ക് വേണ്ടി വാദിക്കാനുള്ള ഒരു എഴുത്തുകാരന്റെ നിശ്ചയത്തെ ഇത്ര അസഹിഷ്ണുതയോടെ സമീപിക്കണമെങ്കില്‍ കേരളത്തിന്റെ മനസ്സ് എത്രത്തോളം കലുഷമായിട്ടുണ്ടാകുമെന്ന് ആശങ്കപ്പെടണം. (ഞാഞ്ഞൂലും നാഗരാജനും തമ്മിലുള്ള താരതമ്യമായിപ്പോകുമെങ്കിലും യഥാര്‍ഥ ഹൈന്ദവനായ മഹാത്മജിയും ഇതാണല്ലോ ചെയ്തിട്ടുള്ളത്.)
മനസ്സിനകത്തെ വര്‍ഗീയതയുടെ നുരച്ചില്‍കൊണ്ട് നന്മക്കായി നിലകൊള്ളുന്നവരെ വിഷം തീണ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം ആലോചിക്കുന്നത് നന്നായിരിക്കും. നിങ്ങള്‍ വമിക്കുന്ന കാളകൂടം നമ്മുടെയെല്ലാം കുട്ടികള്‍ക്ക് നരകസമാനമായൊരു കേരളത്തെയായിരിക്കും നാളെ സമ്മാനിക്കുന്നത്. ലബനാന്‍ പോലുള്ളൊരു നാട്!
കാലം മോശമാണെങ്കിലും, അത്യന്തം മോശമാണെങ്കിലും ജീവിതത്തെയും ലോകത്തെയും ആളുകള്‍ക്ക് പറ്റെ ഉപേക്ഷിക്കാന്‍ സാധ്യമല്ലല്ലോ. അതിനാല്‍, ചെറുതും വലുതുമായ എല്ലാ വിദ്വേഷകാലുഷ്യങ്ങളോടും നാം അങ്കംകുറിക്കുക തന്നെ വേണം. ഇവിടെ വെറും പ്രായോഗികതക്കുപരി അല്‍പം ആദര്‍ശാത്മകതയായിരിക്കും ഫലവത്താവുക. ചോദ്യപ്പേപ്പര്‍ വിവാദത്തിന്റെ അവസാനത്തെ എപ്പിസോഡില്‍ വിശ്വാസികളാണെങ്കിലും അവിശ്വാസികളാണെങ്കിലും പ്രഫ. ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കാനായി ശബ്ദമുയര്‍ത്തുകയാണ് ചെയ്യേണ്ടത്. മറ്റു മതവിശ്വാസികള്‍ പൊതുവെയും മുസ്‌ലിംകള്‍ വിശേഷിച്ചും 'involved' ആക്കപ്പെട്ട പ്രവാചകന്റെ ( മുഹമ്മദ് നബിയുടെ ) ആശയാദര്‍ശങ്ങളുടെ പേരില്‍ ജോസഫിനെ ജോലിയില്‍ പ്രവേശിപ്പിക്കാനായി സമരം ചെയ്യണം. ന്യൂമാന്‍ കോളജ്  അധികൃതര്‍ അതിന് വഴങ്ങുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ കര്‍മമണ്ഡലം സുരക്ഷിതമാക്കാന്‍ സ്വന്തമായി വഴികള്‍ കണ്ടെത്തണം. എം.ഇ.എസ്സുകാര്‍ സമ്മതിക്കുന്നില്ലെങ്കില്‍ മറ്റേതെങ്കിലും മുസ്‌ലിം മാനേജ്‌മെന്റ് കോളജില്‍ ഒരു പോസ്റ്റ് തരപ്പെടുത്തി നല്‍കണം. നല്‍കിയ രക്തത്തിന്റെ അത്രക്ക് വിലയുണ്ടോ ഒരു പ്രഫസര്‍ തസ്തികക്ക് ? അങ്ങനെ ഇസ്‌ലാമടക്കമുള്ള മതങ്ങളാണ് ആധുനികസംസ്‌കൃതിക്ക് അലോസരമുണ്ടാക്കുന്നതെന്ന ഉണക്ക സെക്കുലരിസ്റ്റുകളുടെ വാദങ്ങള്‍ക്ക് ചുട്ട മറുപടി കൊടുക്കണം.

 കെ.പി. രാമനുണ്ണി


Share

Blogger templates

.

ജാലകം

.