ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് വിധി പറയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, വിധി എതിരാണെങ്കില്‍ തങ്ങള്‍ക്ക് അത് ബാധകമാവില്ലെന്നും ഇതു വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും സംഘ്പരിവാര്‍വൃത്തങ്ങള്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീരാമന്റെ ജന്മസ്ഥാനം അയോധ്യയിലെ ബാബരിമസ്ജിദ് നിലനിന്നിരുന്ന ഇത്തിരി സ്ഥലത്താണെന്നാണ് അവകാശവാദം. രാമന്‍ ഒരു ചരിത്രപുരുഷനാണെന്നു തെളിയിക്കാന്‍ ഉതകുന്ന ചരിത്രരേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ മാനിക്കുന്ന കോടതികള്‍ക്ക് ഒരു 'മിത്തി'ന്റെ ജന്മസ്ഥാനം നിര്‍ണയിക്കുക അസാധ്യമാവുമെന്ന് പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് മറ്റാരെക്കാളും അറിയാം.
'കോടതിവിധികളല്ല, വിശ്വാസമാണ് വലുത്' എന്നു വാദിക്കുന്ന ഹിന്ദുത്വശക്തികള്‍ക്ക് 'രാമായണസംബന്ധിയായ വിശ്വാസങ്ങള്‍' പിന്തുണയേകുമോ എന്നതാണ് ഈ പ്രശ്‌നത്തിന്റെ മര്‍മപ്രധാനമായ ചോദ്യം. കാരണം, ഒരൊറ്റ രാമായണപാഠമോ അതുമായി ബന്ധപ്പെട്ട ഏകശിലാസംസ്‌കാരമോ അല്ല നിലവിലുള്ളത്. 'രാമായണം' അല്ല, 'രാമായണങ്ങള്‍' ആണ് നിലവിലുള്ളത്. രാമായണമെന്നത് ഇന്ത്യയുടെ മാത്രം സ്വത്തല്ല, ഏഷ്യന്‍ രാജ്യങ്ങളുടെ പൊതുസ്വത്താണ്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌വാന്‍, ഭൂട്ടാന്‍, ശ്രീലങ്ക, ചൈന, തിബത്ത്, പാകിസ്താന്‍ തുടങ്ങി എല്ലാ ഏഷ്യന്‍ രാജ്യങ്ങളിലും രാമായണങ്ങള്‍ ഏറിയോ കുറഞ്ഞോ നിലവിലുണ്ട്. ഹൈന്ദവര്‍ക്കെന്ന പോലെ ബൗദ്ധ, ജൈന, ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും വളരെ വ്യത്യസ്തമായ രാമായണങ്ങളുണ്ട്. വരമൊഴിയിലെന്നപോലെ വാമൊഴി സാഹിത്യത്തിലും രാമായണങ്ങള്‍ അനവധിയാണ്. രാമായണപണ്ഡിതനായ എ.കെ. രാമാനുജന്റെ ഒരു പ്രബന്ധത്തിന്റെ പേര് 'മുന്നൂറ് രാമായണങ്ങള്‍' എന്നാണ്. 'എത്ര രാമായണങ്ങളുണ്ട്? മുന്നൂറ്? മൂവായിരം?' എന്ന ചോദ്യമുന്നയിച്ചാണ് പ്രസ്തുത ലേഖനം ആരംഭിക്കുന്നത്. രാമായണത്തിന് പത്തോ നൂറോ അല്ല, ആയിരക്കണക്കില്‍ വ്യത്യസ്ത പാഠങ്ങളുണ്ടെന്നും അവയെല്ലാം വാല്മീകി രാമായണത്തിന്റെ പാഠഭേദങ്ങളല്ലെന്നും മിക്കവാറും സ്വതന്ത്രമായ 'പറയലുകള്‍' (tellings) ആണെന്നും രാമാനുജന്‍ വ്യക്തമാക്കുന്നുണ്ട്.
ഈ വൈവിധ്യത്തിന്റെ ഒരു പരിമിത പരിച്ഛേദം കാമില്‍ ബുല്‍ക്കെ രചിച്ച 'രാമകഥ: ഉദ്ഭവവും വളര്‍ച്ചയും' എന്ന കൃതിയിലും പൗള റിച്ച്‌മേന്‍ എഡിറ്റുചെയ്ത 'പല രാമായണങ്ങള്‍' (Many Ramayanas) എന്ന ഗ്രന്ഥത്തിലും കാണാം. ശ്രീരാമദാസഗൗഡര്‍ തന്റെ 'ഹിന്ദുത്വം' എന്ന കൃതിയില്‍ വളരെ പൗരാണികവും മഹര്‍ഷിമാരാല്‍ വിരചിതവുമായ അത്തരം 19 രാമായണങ്ങളെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മഹാരാമായണം, സംവൃത രാമായണം, ലോമശ രാമായണം, അഗസ്ത്യ രാമായണം, മഞ്ജുള രാമായണം, സൗപത്മ രാമായണം, രാമായണ മഹാമാല, സൗഹൃദ രാമായണം, രാമായണ മണിരത്‌നം, സൗര്യ രാമായണം, ചന്ദ്ര രാമായണം, മൈന്ദ രാമായണം, സ്വയംഭൂ രാമായണം, സുബ്രഹ്മ രാമായണം, സുവര്‍ച്ച രാമായണം, വേദ രാമായണം, ശ്രവണ രാമായണം, ദുരന്ത രാമായണം, രാമായണ ചമ്പു എന്നിവയാണവ.
ബൗദ്ധര്‍ക്കിടയില്‍ പ്രചാരത്തിലുള്ള 'ബൗദ്ധദശരഥ ജാതക'വും 'അനാമകം ജാതക'വും മറ്റും ഏറെ പ്രസിദ്ധമാണ്. ദശരഥ ജാതകത്തിലുള്ള രാമകഥാരൂപമാണ് രാമായണ കഥയുടെ മൂലരൂപമെന്നാണ് രാമായണ ഗവേഷണം പണ്ഡിതരായ ഡോ. വെബര്‍ മുതല്‍ ദിനേശചന്ദ്രസേനന്‍ വരെയുള്ള പണ്ഡിതന്മാരുടെ നിഗമനം. വിമലാസുരി രചിച്ച 'പഉമ ചരിയം' (പ്രത്മചരിതം) ജൈനമതസ്ഥരുടെ രാമായണഗ്രന്ഥമാണ്. അഥവാ, രാമായണമെന്നത് വാല്മീകിയുടെയോ തുളസീദാസിന്റെയോ എഴുത്തച്ഛന്റെയോ കമ്പരുടെയോ മാത്രം ഗ്രന്ഥങ്ങളല്ല, ആയിരക്കണക്കിനു പാഠങ്ങളുടെ സമുച്ചയമാണ്. ഹൈന്ദവരിലെ നിരവധി വിരുദ്ധവിശ്വാസങ്ങളുടെയും സങ്കല്‍പങ്ങളുടെയും സംഘാതമെന്നപോലെ അഹൈന്ദവരുടേതു കൂടിയാണ്. ഏറ്റവും രസകരമായ വസ്തുത, രാമായണത്തിലെ ഒരു കാര്യവും ഖണ്ഡിതമല്ല എന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കും ഒട്ടേറെ പാഠഭേദങ്ങള്‍ കാണാം. വാല്മീകി രാമായണ പ്രകാരം രാമന്‍ അയോധ്യയിലെ രാജാവാണെന്നു പറയുന്നതുപോലും മറ്റു രാമായണങ്ങള്‍ വകവെച്ചുകൊടുക്കുന്നില്ല. രാമായണം ഇന്ത്യയില്‍ അരങ്ങേറിയ കഥയാണെന്ന പാഠങ്ങളെപ്പോലും നിസ്സംശയം തള്ളിക്കളയുന്നുണ്ട് വിദേശ രാമായണങ്ങള്‍. അയോധ്യയിലെ ഇന്ന സ്ഥലത്ത് രാമന്‍ ജനിച്ചുവെന്ന് 'കൃത്യമായി' പറയുന്നവര്‍, വാല്മീകിരാമായണപ്രകാരം എന്നു ജനിച്ചു എന്നു പറയാറില്ല. ചരിത്രപരമായി ബി.സി ഏഴാം നൂറ്റാണ്ടിനിപ്പുറം രചിക്കപ്പെട്ട കൃതിയാണ് വാല്മീകിരാമായണം എന്ന് നിരവധി പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 'വിശ്വാസപ്രകാരം' (വാല്മീകിരാമായണത്തിലെ യുഗകണക്കുപ്രകാരം) 1,81,49,115 വര്‍ഷം മുമ്പ് രചിക്കപ്പെട്ട കൃതിയാണ് രാമായണം! (ഡോ. കെ.ആര്‍. രാമന്‍ നമ്പൂതിരി രചിച്ച 'വേദഹൃദയത്തിലൂടെ' എന്ന കൃതിയില്‍നിന്ന്). അന്ന് ഭൂമിയില്‍ മനുഷ്യനുണ്ടായിരുന്നുവോ എന്നൊന്നും ചോദിക്കരുത്. ഇത് 'വിശ്വാസത്തിന്റെ പ്രശ്‌നമാണ്!'
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍തന്നെയാണ് രാമന്റെ ജന്മസ്ഥാനം എന്ന് കോടതികള്‍ വിധിക്കുകയാണെങ്കില്‍ അത് നിരവധി വിശ്വാസങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാവും. കാരണം, ഫൈസാബാദിലെ അയോധ്യയിലല്ല രാമന്റെ ജന്മസ്ഥാനവും രാജധാനിയും എന്നു വിശ്വസിക്കുന്ന നിരവധി രാമായണപാഠങ്ങള്‍ ഇന്ത്യയില്‍തന്നെ നിലവിലുണ്ട്. ബുദ്ധമതസ്ഥരുടെ 'ബൗദ്ധദശരഥ ജാതക' പ്രകാരം രാമന്‍ അയോധ്യയിലെ രാജാവല്ല, വരണാസിയിലെ രാജാവാണ്. രാമന്റെ രാജധാനി വരണാസിയാണ്. ഇതേ പാഠമനുസരിച്ച് സീത രാമന്റെ പെങ്ങളാണ്. പെങ്ങളെയാണ് രാമന്‍ വിവാഹം ചെയ്യുന്നത്.
പഴയ തുര്‍കിസ്താന്റെ കിഴക്കന്‍പ്രദേശങ്ങള്‍ ചേര്‍ന്ന സ്ഥലമായ ഖോത്താന്‍ ദേശത്ത് പ്രചരിച്ച രാമായണപ്രകാരം രാമായണകഥകള്‍ അരങ്ങേറിയത് ഖോത്താനിലും തിബത്തിലുമാണ്. ബഹുഭര്‍തൃത്വം നിലനില്‍ക്കുന്ന പ്രദേശമാണ് ഖോത്താന്‍. അവിടത്തെ രാമായണപ്രകാരം രാമന്റെയും ലക്ഷ്മണന്റെയും ഭാര്യയാണ് സീത. സീതയാകട്ടെ, രാവണന്റെ മകളുമാണ്.
തായ്‌ലന്‍ഡിലെ 'രാമകിയേന' (രാമകീര്‍ത്തി) എന്ന രാമായണപ്രകാരം കഥ നടന്നത് തായ്‌ലന്‍ഡിലാണ്. രാമനും സീതയുമടക്കം ആ രാജ്യക്കാരാണ്. രാമനും രാവണനും പിതൃസഹോദര പുത്രന്മാരാണ്. തായ്‌ലന്‍ഡിലെ ഇപ്പോഴത്തെ രാജവംശമായ ചാക്രിവംശത്തിന്റെ സ്ഥാപകനായ പ്രാബുദ്ധ ശോഡ്ഫാ ചൂലാലോക മഹാരാജാവ് ഔദ്യോഗികനാമമായി സ്വീകരിച്ചത് 'രാമന്‍ ഒന്നാമന്‍' എന്നാണ്. ചാക്രി വംശകാലം വരെ ഏതാണ്ട് 417 വര്‍ഷക്കാലം തായ്‌ലന്‍ഡിന്റെ തലസ്ഥാനനഗരം 'അയുധ്യ' (അയോധ്യ) ആയിരുന്നു (എം.പി. വീരേന്ദ്രകുമാര്‍, 'രാമന്റെ ദുഃഖം', പുറം:85,86). കിഷ്‌കിന്ദ, ലവപുരി, അയോധ്യ തുടങ്ങിയ, രാമായണവുമായി ബന്ധപ്പെട്ട നിരവധി സ്ഥലനാമങ്ങള്‍ തായ്‌ലന്‍ഡിലുള്ളതായി എ.കെ. രാമാനുജന്‍ 'മുന്നൂറ് രാമായണങ്ങളില്‍' പറയുന്നുണ്ട്.
ഇന്തോ ചൈനയിലെ വാമൊഴിയില്‍ പ്രചാരത്തിലുള്ള രാമായണപാഠമനുസരിച്ച് രാമന്‍ അവിടത്തെ വീന്‍ടെയിന്‍ എന്ന രാജ്യത്തെ ധീരനായ രാജാവാണ്. രാവണ നിഗ്രഹാനന്തരം രാമന്‍ തായ്‌ലന്‍ഡ് വഴി വീന്‍ടെയിനില്‍ എത്തിച്ചേര്‍ന്നതായി ഈ പഠനത്തില്‍ കാണാം. ഫിലിപ്പീന്‍സിലെ കഥയനുസരിച്ച് താഞ്ചോം ബങ്ക് അവിടത്തെ അയോധ്യയും കച്ചാപുരി ലങ്കയുമാണെന്ന് വിശ്വസിക്കപ്പെടുന്നു ('രാമായണങ്ങള്‍: ഒരു പഠനം', എന്‍.വി.പി. ഉണിത്തിരി).
ഇന്നത്തെ ലങ്കക്ക് വാല്മീകിരാമായണത്തിലെ ലങ്കയുമായി ബന്ധമില്ലെന്നും വാല്മീകിരാമായണത്തിലെ ലങ്ക മധ്യപ്രദേശിലാണ് സ്ഥിതിചെയ്യുന്നതെന്നും വാല്മീകിക്ക് വിന്ധ്യാപര്‍വതത്തിനപ്പുറത്തുള്ള ദക്ഷിണേന്ത്യയെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കുന്നുണ്ട് പുരാവസ്തു ഗവേഷകനും ചരിത്രകാരനുമായ സങ്കാലിയ ('രാമായണപഠനങ്ങള്‍' എന്ന കൃതി). അതേസമയം, ഇന്നത്തെ ശ്രീലങ്ക മറ്റു വിദേശരാജ്യങ്ങളിലെന്നപോലെ രാമായണസാഹിത്യത്താല്‍ സമ്പന്നമാണ്. അവിടത്തെ രാമകഥയനുസരിച്ച് രാവണന്‍ സീതയെ അപഹരിച്ചത് ശ്രീലങ്കയിലെ 'സീതാവക' എന്ന സ്ഥലത്തുവെച്ചാണ് (ഇന്ത്യയില്‍നിന്നല്ല). രാമായണസംബന്ധിയായ നിരവധി പ്രദേശങ്ങള്‍ ശ്രീലങ്കയിലുണ്ട്.
രാമായണ കഥകള്‍ക്ക് ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ളത് മുസ്‌ലിംഭൂരിപക്ഷ ഇന്തോനേഷ്യയിലാണ്. അവിടത്തെ രാമായണഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധം 'ഹികായത്ത് സെരീരാമ' (ശ്രീരാമകഥ) എന്ന കൃതിയാണ്. ഇതനുസരിച്ച് രാമനും രാവണനും പ്രാര്‍ഥിക്കുന്നത് അല്ലാഹുവിനോടാണ്. ആദം നബി, മുഹമ്മദ് നബി, അലി തുടങ്ങിയ മഹദ് വ്യക്തിത്വങ്ങള്‍ 'സെരീരാമി'ല്‍ കടന്നുവരുന്നുണ്ട്. കൃതിപ്രകാരം രാമായണകഥ നടന്നത് ഇന്തോനേഷ്യയിലാണ്. രാമന്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണെന്ന വാദം ഇന്തോനേഷ്യയിലെ രാമകഥാസാഹിത്യം നിസ്സംശയം തള്ളിക്കളയുന്നു.
മുസ്‌ലിം ഭൂരിപക്ഷരാജ്യമായ മലേഷ്യയിലും രാമായണത്തിന് ഇന്ത്യന്‍രാമായണവുമായി സാമ്യങ്ങളുണ്ടെങ്കിലും അവ മലേഷ്യന്‍മണ്ണിന്റെ ഗന്ധമുള്ളതാണ്. അവിടത്തെ കഥകളും രാമായണത്തിന്റെ ഭൂമിക ഇന്ത്യയിലാണെന്ന് സമ്മതിച്ചുതരില്ല. പഞ്ചതന്ത്രം കഥപോലെ കേവലം കഥകള്‍ മാത്രമാണ് അവര്‍ക്ക് രാമായണം. മുസ്‌ലിംകള്‍ക്ക് ഈ രാമായണവുമായുള്ള ബന്ധം എടുത്തുപറയേണ്ടതാണ്. ഒരു അഭിമുഖത്തില്‍ മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം പറഞ്ഞു: 'ഞങ്ങളുടെ സാംസ്‌കാരികാഘോഷങ്ങളില്‍ നിങ്ങളുടെ രാമായണത്തിനും മഹാഭാരതത്തിനും നിര്‍ണായകമായ സ്വാധീനമുണ്ട്. മലേഷ്യയുടെ മിക്ക ഭാഗങ്ങളിലും ഇവ പാരായണം ചെയ്യുന്ന മുസ്‌ലിംകളുണ്ട്... ഞങ്ങളുടെ രാമായണവും മഹാഭാരതവും ഒരുപക്ഷേ, ഇന്ത്യയില്‍ നിങ്ങള്‍ കാണുന്ന അതേ പ്രകാരത്തിലായിക്കൊള്ളണമെന്നില്ല. എനിക്ക് തോന്നുന്നത്, അവ മലേഷ്യയില്‍ ഇസ്‌ലാമികമായി മാറ്റിയെഴുതപ്പെട്ടിട്ടുണ്ട് എന്നാണ്' (മാധ്യമം ദിനപത്രം, 2005 ഏപ്രില്‍ 11).
അതേ, ഓരോ രാജ്യക്കാരും ജനസമൂഹങ്ങളും ഭിന്നരൂപത്തിലും അര്‍ഥത്തിലുമാണ് രാമായണം സ്വീകരിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ അങ്ങോളമിങ്ങോളം പരന്നൊഴുകിയിട്ടുള്ള ബൃഹദ് സംസ്‌കാരമാണത്. അതിനെ ഒരു പ്രത്യേക സ്ഥലത്ത് തളച്ചിടുന്നത് രാമായണത്തിന്റെ ആത്മാവിനെത്തന്നെ ചോദ്യംചെയ്യലാണ്. ബാബരി മസ്ജിദ് തകര്‍ച്ചക്കുശേഷം പാകിസ്താനി നോവലിസ്റ്റ് ഇന്‍തിസാര്‍ ഹുസൈന്‍ പറഞ്ഞ ഒരു വാചകം റോമില ഥാപ്പര്‍ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്: അന്നോളം എനിക്ക് ഭാവനയില്‍ മാത്രം നിലനിന്നിരുന്ന ഒരു സ്ഥലവും ഒരു ഐതിഹാസികസാമ്രാജ്യവും അനേകം സ്മരണകളുണര്‍ത്തുന്ന ഒരു ശബ്ദവുമായിരുന്ന അയോധ്യ ഇപ്പോള്‍, ഇന്ത്യയുടെ ഭൂപടത്തിലെ ഒരു വെറും യഥാര്‍ഥ സ്ഥലമായി ചുരുങ്ങി എന്ന്; രാമജന്മസ്ഥാനത്തെ ഉത്തരേന്ത്യയിലെ ഒരു ചെറു പട്ടണമായി കാണാന്‍ തനിക്ക് തന്റെ ഭൂമിശാസ്ത്രം വീണ്ടും പഠിക്കേണ്ടിവന്നു എന്ന്.
സത്യത്തില്‍, രാമന്‍ ഒരു മിത്താണ്. മിത്തിനെ ചരിത്രവത്കരിക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. തീര്‍ച്ചയായും, മിത്തിനെ ചരിത്രപരമെന്ന രീതിയില്‍ വിശ്വസിക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, കോടതിയും പാര്‍ലമെന്റും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ചരിത്രകൗണ്‍സിലുമെല്ലാം അവരുടെ വിശ്വാസത്തെ അംഗീകരിക്കണമെന്ന വാദമാണ് പ്രശ്‌നം. ഇത് ജനാധിപത്യ മതേതര നീതിബോധത്തെ തകര്‍ക്കും.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ