മലമുകളിലെ കറുത്ത പൂച്ചയെക്കുറിച്ച് പറഞ്ഞത് എന്റെ മകള്‍ രേഷ്മയാണ്. ഈ മല ചെറിയ കുന്നൊന്നുമല്ല, മഞ്ഞ് മൂടിക്കിടക്കുന്ന ഒരു വലിയ മലയാണ്. പാതിരാസൂര്യനും പകല്‍നക്ഷത്രങ്ങളുമുള്ള ഒരു നാട്ടിലെ മല. ഞാന്‍ കണ്ടതിനേക്കാള്‍ വിചിത്രമായ നാടുകളും വിചിത്രമായ പ്രകൃതികളും വിചിത്രരായ മനുഷ്യരുമുള്ള ഇടങ്ങളില്‍ അവള്‍ സഞ്ചരിച്ചിട്ടുണ്ട്. ആഫ്രിക്കയിലും വടക്കുകിഴക്കന്‍ ഏഷ്യന്‍ നാടുകളിലും ഉത്തര ധ്രുവത്തിനോട് തൊട്ടുകിടക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലും അവള്‍ വഴി നടന്നിട്ടുണ്ട്. എന്റെ അച്ഛന്‍ എന്നേക്കാള്‍ വലിയ സഞ്ചാരിയായിരുന്നു. എന്റെ അച്ഛനേക്കാള്‍ വലിയ സഞ്ചാരിയാണ് അച്ഛന്റെ പേരക്കുട്ടി. പൈതൃകങ്ങളെക്കുറിച്ചോ കുടുംബചരിത്രത്തെക്കുറിച്ചോ അല്ല ഈ കുറിപ്പ്, ഒരു കറുത്ത പൂച്ചയെക്കുറിച്ചാണ്. മനുഷ്യരെക്കുറിച്ച് പറയുമ്പോള്‍ അവരുടെ നാടുകളെക്കുറിച്ച് പറയേണ്ടിവരും. പൂച്ചകളെക്കുറിച്ച് പറയുമ്പോഴും അതൊക്കെ വേണ്ടിവരുമെന്ന് തോന്നുന്നു. പൂച്ചകള്‍ക്ക് വലിയൊരു ദേശാടന ചരിത്രമാണുള്ളത്. കാരണം, മനുഷ്യന്‍ സൃഷ്ടിച്ച മൃഗമാണല്ലോ പൂച്ച.
മാര്‍ജാരവംശം വലിയൊരു വംശമാണ്. സിംഹങ്ങളും നരികളും പുലികളും കാട്ടുപൂച്ചകളും ഒക്കെ ചേര്‍ന്ന ഒരു വലിയ ജന്തുകുടുംബം. ഒരുപാട് തായ്‌വഴികളുള്ളത്. ജീവികളെക്കുറിച്ച് പറയുമ്പോള്‍ തന്തമാരെക്കുറിച്ചല്ല, 'തായ്'കളെക്കുറിച്ചാണ് പറയേണ്ടിവരുന്നത്. മാര്‍ജാരവംശത്തിന്റെ എല്ലാ ക്രൗര്യവും ചേര്‍ത്ത് മനുഷ്യരുടെ മടിയിലിരുന്ന് കുറുകുകയും ഗൃഹത്തിനുള്ളില്‍ എല്ലായിടത്തും അധികാരത്തോടും ഗര്‍വോടുംകൂടി പ്രവേശിക്കുകയും തരംകിട്ടിയാല്‍ നമ്മുടെ ശയനാഗാരങ്ങളില്‍ നമ്മുടെ കിടക്കയില്‍ നമുക്കൊപ്പം ചൂടുപറ്റി നമ്മുടെ പുതപ്പിനടിയിലേക്ക് നൂണ്ടുകടന്ന് ഉറങ്ങുകയും ചെയ്യുന്ന പൂച്ചയെന്ന ഈ വീട്ടുമൃഗത്തെ സൃഷ്ടിച്ചത് അറബികളാണത്രെ. ശൗര്യവും ക്രൗര്യവുമുള്ള കൂറ്റന്‍ കാട്ടുമൃഗങ്ങളില്‍നിന്ന് ജനറ്റിക് എന്‍ജിനീയറിങ് ഇത്രയേറെ വളര്‍ന്നിട്ടില്ലാത്ത അതിപുരാതന കാലത്ത് അറബികള്‍ ബ്രീസ് ചെയ്തുണ്ടാക്കിയ മൃഗമാണ് പൂച്ച. ഇത്രയേറെ പരന്ന കാടുകളും വിപുലമായ മൃഗജാതികളുമില്ലാത്ത ഒരു ഭൂപ്രദേശത്ത് വസിക്കുന്നവര്‍ക്ക് ഇതെങ്ങനെ കഴിഞ്ഞുവെന്നത് ഇന്നും ഒരു അതിശയം തന്നെ. അമേരിക്കയിലെ അതിപുരാതന മാനവര്‍ ചോളമെന്ന ധാന്യം ഉണ്ടാക്കിയതുപോലുള്ള ഒരു അദ്ഭുതം. അറബികള്‍ പൂച്ചയെ ഉണ്ടാക്കിയത് എലിയെ പിടിക്കാനായിരിക്കുമോ? ആയിരിക്കണമെന്നില്ല. ഒരു കൗതുകത്തിനായിരിക്കണം. വീട്ടിനുള്ളില്‍ എല്ലാവരുടെയും ഓമനയായി നടക്കാനൊരു കുട്ടിക്കടുവ. വീടുകള്‍ക്കുള്ളില്‍ വേട്ടയാടാന്‍ വേറെ മൃഗങ്ങള്‍ ഇല്ലാത്തതിനാലായിരിക്കണം പൂച്ചകള്‍ എലികളെ വേട്ടയാടാന്‍ തുടങ്ങിയത്. പൂച്ചകള്‍ക്ക് കടുവകളേക്കാള്‍ 'ചാര്‍ച്ച' പുലികളോടായിരിക്കണം. മരം കേറുന്ന പുലികളോട്.
പൂച്ചകള്‍ ഏഷ്യ മുഴുവനും പരക്കുന്നത് ഒരു കല്യാണക്കഥയാണ്. ചൈനീസ് ചക്രവര്‍ത്തിയുടെ മകളുടെ കല്യാണത്തിന് അറേബ്യയിലെ ഏതോ ഒരു സുല്‍ത്താന്‍ രണ്ട് പൂച്ചകളെയാണ് വിവാഹ സമ്മാനമായി നല്‍കുന്നത്. ഈ പൂച്ചകളുടെ സന്തതിപരമ്പരകളാണത്രെ ഏഷ്യയിലെയും പില്‍ക്കാലത്ത് യൂറോപ്പിലെയും അതു കഴിഞ്ഞ് ലോകം മുഴുവനും നിറഞ്ഞ പൂച്ചകളത്രയും. അവക്കിടയിലെ ഗോത്ര വിഭജനങ്ങള്‍ പ്രകൃതിയും പരിസ്ഥിതിയും ജീവിത സാഹചര്യങ്ങളും സൃഷ്ടിച്ചതായിരിക്കണം.
പൂച്ചകളെ മാത്രമല്ല, എട്ടുകാലികളെയും കടല്‍ കടത്തിക്കൊണ്ടുവന്നത് അറബികളാണ്. അതും ഒരു കല്യാണക്കഥയാണ്. ആ കഥയും ചൈനയില്‍നിന്നാണാരംഭിക്കുന്നത്. ചീന ചക്രവര്‍ത്തിയുടെ മകളുടെ കല്യാണത്തിന് നിരത്തുകള്‍ അലങ്കരിക്കാനാണ് ആഫ്രിക്കയില്‍നിന്ന് ഒരു കപ്പല്‍ നിറയെ എട്ടുകാലികളെ കൊണ്ടുവരുന്നത്. നിരത്തിനിരുവശത്തും പന്തലിച്ചു വളര്‍ത്തിയ മരങ്ങളില്‍ ഈ എട്ടുകാലികളെ കയറ്റിവിടുന്നു. വല നെയ്യാതെയും വലയില്‍ ഇരകളെ കുടുക്കാതെയും എട്ടുകാലികള്‍ക്ക് ജീവിക്കാന്‍ പറ്റില്ലല്ലോ. അവ മരങ്ങളില്‍ നിറയെ വല നെയ്തുകൂട്ടുന്നു. നിരത്തലങ്കരിക്കാനാണ് തങ്ങളെ കൊണ്ടുവന്നതെന്ന കാര്യം അവരപ്പോള്‍ ഓര്‍ക്കുന്നേ ഇല്ല. തുടര്‍ന്നുള്ള പ്രഭാതങ്ങളില്‍ മഞ്ഞുകണങ്ങള്‍ ഈ വലകളില്‍ മുത്തുമണികള്‍പോലെ തിളങ്ങി. മഞ്ഞിനെ മുത്തുമണികളാക്കാനല്ല ചക്രവര്‍ത്തി എട്ടുകാലികളെ കൊണ്ടുവന്നത്. വെയില്‍ മൂക്കുമ്പോള്‍ ഈ മുത്തെല്ലാം അലിഞ്ഞുതീരുമെന്ന് ചക്രവര്‍ത്തിക്കറിയാം. ഈ വലകളില്‍ സ്വര്‍ണത്തരികള്‍ വിതറിയാലോ, അവ പകല്‍ സൂര്യവെളിച്ചത്തിലും രാത്രി നിലാവിന്റെ വെളിച്ചത്തിലും നിലാവില്ലാത്ത രാത്രികളില്‍ നക്ഷത്രവെളിച്ചത്തിലും തിളങ്ങും. അതിനുവേണ്ടി മാത്രമായിരുന്നു എട്ടുകാലികളുടെ ഈ കപ്പല്‍ യാത്ര. ഇക്കഥയൊന്നും നമ്മുടെ മന്ത്രിമാര്‍ അറിയേണ്ട. അവര്‍ മക്കളുടെ കല്യാണത്തിന് സ്വര്‍ണത്തിളക്കമുണ്ടാക്കാന്‍ ഇത് പരീക്ഷിച്ചെന്നു വരാം. ഏഷ്യയില്‍ ഇല്ലാതിരുന്ന എട്ടുകാലികള്‍ നമ്മുടെ വീടുകള്‍ക്കുള്ളിലടക്കം വന്നുനിറഞ്ഞത് ഇങ്ങനെയാണ്. എട്ടുകാലികള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെക്കാലത്ത് കൊതുകിനെ അകറ്റാന്‍ നമ്മളിപ്പോള്‍ കത്തിക്കുന്ന തിരികള്‍ പോരാതെ വന്നേനെ.
തുടക്കത്തില്‍ പറഞ്ഞുവന്ന പൂച്ചയില്‍നിന്ന് എട്ടുകാലിയിലേക്കുള്ള ഈ യാത്ര എന്റെ യാത്രകളുടെയും വികൃതിയായിരിക്കാം, അടക്കമില്ലായ്മ. എന്റെ മകളെ നോര്‍വേയിലെ ഒരു മലമുകളില്‍ നിര്‍ത്തിയാണ് ഞാന്‍ കുന്നിറങ്ങിയത്. അവള്‍ കുറച്ചുനേരംകൂടി അവിടെ നില്‍ക്കട്ടെ, ആ കറുത്ത പൂച്ചയും.
നോര്‍വേയെ ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് മീനുകളോടുള്ള പ്രിയംകൊണ്ടായിരിക്കണം. മീന്‍പിടിത്തം ഒരു വന്‍കിട വ്യവസായമാക്കി വളര്‍ത്തിയത് നോര്‍വേക്കാരാണ്. അമ്പതുകളില്‍ കേരളത്തിലെ മത്സ്യബന്ധന വ്യവസായത്തെ പുഷ്ടിപ്പെടുത്തിയതും കേരളത്തില്‍ മീന്‍പിടിത്ത തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയതും നോര്‍വേക്കാരാണ്. മീന്‍പിടിത്ത മേഖലയില്‍ ഇന്തോ നോര്‍വീജിയന്‍ പദ്ധതികള്‍ ഉണ്ടാവുന്നത് അങ്ങനെയാണ്. അന്ന് ഞാന്‍ കുട്ടിയായിരുന്നു. വലുതാവുമ്പോള്‍ നോര്‍വേ കാണണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. എനിക്കതിന് കഴിഞ്ഞില്ലെങ്കിലും എന്റെ മകള്‍ക്കതിന് കഴിഞ്ഞിരിക്കുന്നു. അവള്‍ സ്‌കോളര്‍ഷിപ്പോടുകൂടി നോര്‍വേയില്‍ ഗവേഷണ വിദ്യാര്‍ഥിയായി കഴിയുന്നു. മീനല്ല അവളുടെ വിഷയം, നരവംശശാസ്ത്രമാണ്.
ഒരിക്കല്‍കൂടി പറയാം. ഇതെന്റെ മകളുടെ അനുഭവ വിവരണമാണ്. അത് ഞാന്‍ പകര്‍ത്തൂവെന്ന് മാത്രം. ഒരു ഒഴിവുദിനത്തില്‍ അവളും കൂട്ടുകാരും മലകയറി ഇറങ്ങാന്‍ തീരുമാനിക്കുന്നു. ഇരുപത്തിരണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു പാതിരാപ്പകലാണത്. ദുര്‍ഘടം പിടിച്ച ഗൂഢവഴികളിലൂടെ വേണം മലമുകളിലെത്താന്‍. വഴി തെറ്റിയാല്‍ ദിവസങ്ങളോളം കൊടും തണുപ്പില്‍ മല ചുറ്റേണ്ടിവരും. അടി തെറ്റിയാല്‍ ഹിമക്കിണറുകള്‍ക്കുള്ളില്‍ പതിക്കും. പിന്നെ രക്ഷപ്പെടാനാവില്ല. അവര്‍ക്ക് വഴികാട്ടികള്‍ ആരുമില്ല. ഇത്തരം അപകടം പിടിച്ച യാത്രകളോടും ജീവിതചര്യകളോടും അവള്‍ക്കെന്നും കമ്പം. പാതിവഴിയെത്തിയപ്പോഴാണ് വഴിവക്കിലെ ഒരു പാറപ്പുറത്തിരിക്കുന്ന പൂച്ചയെ കാണുന്നത്. അവരുടെ വരവിനെ പൂച്ച ശരിക്കും ആഘോഷിക്കുന്നു. എത്രകാലമായി ഞാന്‍ നിങ്ങളെ ഈ മലമുകളില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എന്ന മട്ടിലാണ് സ്‌നേഹപ്രകടനം. പൂച്ച അവരെ മുട്ടിയുരുമ്മി കുറുകുന്നു. മുന്നോട്ടുള്ള യാത്രയില്‍ പിന്നെ പൂച്ചയായിരുന്നു വഴികാട്ടി. വഴിതെറ്റുമ്പോള്‍ അവരെ നേര്‍വഴി കാട്ടിയതും പൂച്ച തന്നെ. അവളുടെ വസ്ത്രങ്ങളില്‍ കടിച്ചുതൂങ്ങി പിന്തിരിപ്പിക്കും. പിന്നെ പൂച്ച നേരായ വഴിയുടെ നേരെ മുന്നിലായി ഓടും. പൂച്ചയുടെ സഹായത്തോടെ അവര്‍ മലമുകളില്‍ എത്തി. മലമുകളിലിരുന്ന് ഭക്ഷണപ്പൊതി അഴിച്ചപ്പോള്‍ പൂച്ചയെയും അവര്‍ സല്‍ക്കരിക്കുന്നു. അവര്‍ തിരിച്ച് കുന്നിറങ്ങാന്‍ തുടങ്ങി. പൂച്ച നേരത്തേ അവരെ കാത്തിരുന്ന ഇടത്തെത്തിയപ്പോള്‍ പൂച്ചയോട് യാത്ര പറയാനായി അവര്‍ നിന്നു. മലമ്പാതകളില്‍ ഒറ്റപ്പെടുന്നവര്‍ക്ക് വഴികാട്ടാനായി പ്രകൃതി നിയോഗിച്ചതായിരിക്കണം ഈ കറുത്ത പൂച്ചയെയെന്നാണ് സഞ്ചാരികള്‍ കരുതിയത്. പ്രകൃതി മനുഷ്യര്‍ക്കായി നല്‍കുന്ന ചില അപൂര്‍വ വരങ്ങളില്‍പ്പെട്ടത്. പൂച്ച അവിടെ നിന്നില്ല. അവര്‍ക്കൊപ്പം കുന്നിറങ്ങി. ഈ പൂച്ചയെ എന്തുചെയ്യുമെന്നായി പിന്നീടുള്ള ചര്‍ച്ച. താഴ്‌വാരത്തില്‍ ഒരൊറ്റപ്പെട്ട വീടുണ്ട്. ആള്‍ത്താമസമുള്ള ഒരു വീട്. നോര്‍വേയില്‍ മനുഷ്യര്‍ കുറവും പ്രകൃതി വിശാലവുമാണല്ലോ? നാഴികകള്‍ സഞ്ചരിച്ചാല്‍ മാത്രം അയല്‍പക്കത്തെത്തുന്ന നാടാണത്. അവര്‍ പൂച്ചയെ ആ വീട്ടുകാര്‍ക്ക് സമ്മാനിക്കുന്നു. പൂച്ചക്ക് സഞ്ചാരികളെ വിട്ടുപിരിയാന്‍ വയ്യ. അവര്‍ക്കൊപ്പം അതിനും പോകണം. അതൊരു സഞ്ചാരിപൂച്ചയായിരിക്കണം. ഒരു വിധത്തില്‍ അവര്‍ പൂച്ചയുടെ സ്‌നേഹത്തില്‍നിന്ന് രക്ഷപ്പെട്ടെന്നുപറയാം.
ഈ പൂച്ച എങ്ങനെ മലമുകളിലെത്തി? ഏതെങ്കിലും സഞ്ചാരികളുടെ ഓമന പൂച്ചയായിരിക്കണം അത്. അതിനെ അവര്‍ അവിടെ ഉപേക്ഷിച്ചതായിരിക്കില്ല. അതിന് വഴിതെറ്റിപ്പോയതായിരിക്കണം. ഏതോ ജീവിയെ സഹജവാസനയാല്‍ പിന്തുടര്‍ന്നപ്പോള്‍ ഒറ്റപ്പെട്ടുപോയതായിരിക്കാം. ഏതായാലും പൂച്ച അവിടെ അകപ്പെട്ടിട്ട് കുറച്ചുകാലമായിക്കാണണം. അതിനുശേഷം തന്നോടൊപ്പം എത്തിയ സഞ്ചാരികളെ തിരഞ്ഞ് പൂച്ച ഒരുപാട് വഴികളിലൂടെ ഒരുപാട് തവണ മല കയറിയും ഇറങ്ങിയും നടന്നിട്ടുണ്ടാവണം. അങ്ങനെയായിരിക്കും പൂച്ചക്ക് മലമുകളിലേക്കുള്ള ശരിയായ വഴി മനഃപാഠമായത്. ഒരുപാട് തവണ വഴി തെറ്റിക്കാണണം. അതുകൊണ്ടാവണം തെറ്റായ വഴികളെക്കുറിച്ചുള്ള ബോധം ഗാഢമായത്.
ഇനി എന്നെങ്കിലുമൊരിക്കല്‍ ആ മല കയറാന്‍ എനിക്കവസരം കിട്ടിയാല്‍ വഴികാട്ടാന്‍ ആ കറുത്തപൂച്ച ഉണ്ടാവില്ലല്ലോ എന്നതാണെന്റെ ദുഃഖം. ഹിമം മൂടിക്കിടക്കുന്ന ഇടങ്ങളില്‍ കറുത്ത പൂച്ച അപൂര്‍വമായിരിക്കണം. അവിടെയെല്ലാം വെണ്‍മ നിറഞ്ഞതാണ്. അതുകൊണ്ടാണല്ലോ ധ്രുവക്കരടികളുടെ നിറം തൂവെള്ളയായത്. പിന്നെ, ഈ കറുത്ത പൂച്ച എവിടന്നുവന്നു? അതൊരതിശയമായിരിക്കുന്നു.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ