ഇന്ന് ലോട്ടറി രാജാവ്;അന്ന് വെറും വില്‍പനക്കാരന്



മുപ്പതുകൊല്ലം മുമ്പ് കോയമ്പത്തൂര്‍ നഗരത്തിലെ ഗാന്ധിപുരം ക്രോസ്‌കട്ട് റോഡിലെ പെട്ടിക്കടയില്‍ ഒരു സാധാരണ ലോട്ടറി വില്‍പനക്കാരന്‍ ഉണ്ടായിരുന്നു. ദിവസം നൂറോ ഇരുനൂറോ രൂപയുടെ കച്ചവടം നടത്തി  കിട്ടുന്ന കമീഷന്‍കൊണ്ട് കഷ്ടിച്ച് ജീവിച്ചുപോന്ന ഒരുവന്‍. പക്ഷേ, തന്റെയടുക്കല്‍ ഭാഗ്യംതേടിയെത്തുന്ന പാവങ്ങള്‍, തനിക്കു വളരാന്‍ പറ്റിയ നല്ലൊരു ചവിട്ടുപടിയാണെന്ന ബോധം അന്നുതന്നെ ആ കച്ചവടക്കാരനുണ്ടായിരുന്നു.
അങ്ങനെ അയാള്‍ 1974ല്‍ ഗാന്ധിപുരം ആറാം നമ്പര്‍ സ്ട്രീറ്റിലെ ഒരു കെട്ടിടം വിലക്കു വാങ്ങി അവിടെ ലോട്ടറി മൊത്ത വില്‍പന കേന്ദ്രവും ഓഫിസും തുടങ്ങി. അവിടെ തുടങ്ങുകയായിരുന്നു സാന്‍ഡിയാഗോ മാര്‍ട്ടിന്‍ എന്നറിയപ്പെടുന്ന ലോട്ടറി രാജാവിന്റെ കഥ. ഇന്ന് തമിഴകത്തു മാത്രമല്ല, ഇന്ത്യയിലെമ്പാടും പരന്നു കിടക്കുന്നു അയാളുടെ സാമ്രാജ്യം. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കള്‍ അയാളുടെ പോക്കറ്റില്‍. എല്ലാം പടുത്തുയര്‍ത്തപ്പെട്ടതാവട്ടെ, പട്ടിണിപ്പാവങ്ങളെ ചൂഷണം ചെയ്യാന്‍ പടച്ച ലോട്ടറിക്കടലാസുകളുടെ പിന്‍ബലത്തിലും. ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്‍ഡിയാഗോ മാര്‍ട്ടിന്‍ കോടീശ്വരനായത് വിവിധ സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകള്‍ സ്വന്തം നിലക്ക് അച്ചടിച്ച് വിതരണം ചെയ്തതിലൂടെയാണെന്ന് ഇന്ന് സര്‍ക്കാറുകള്‍പോലും സമ്മതിക്കുന്നു. സെയില്‍സ്മാന്‍ മാത്രമായിരുന്ന മാര്‍ട്ടിന്‍ കോടികളുടെ അധിപനായത് അച്ചടി ലോട്ടറി നടത്തിപ്പിലെ ക്രമക്കേടുകളിലൂടെയാണെന്ന് മാര്‍ട്ടിനുമായി ബന്ധപ്പെട്ട ലോട്ടറി കേസുകള്‍ അന്വേഷിച്ചതമിഴ്‌നാട് സി.ബി.സി.ഐ.ഡി വിഭാഗത്തിലെ ഉന്നത റിട്ട. പൊലീസുദോഗസ്ഥന്‍ 'മാധ്യമ'ത്താട് പറഞ്ഞു. ബര്‍മന്‍ അഭയാര്‍ഥികളായാണ് മാര്‍ട്ടിന്റെ കുടുംബം തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കൈക്കാട്ടി ഗ്രാമത്തിലെത്തിയത്. എണ്‍പതുകളുടെ തുടക്കത്തില്‍ കോയമ്പത്തൂരിലെ പെട്ടിക്കടയില്‍ ജോലിക്കു നിന്ന മാര്‍ട്ടിന്‍ ആദ്യം പോണ്ടിച്ചേരി സംസ്ഥാന ലോട്ടറി ടിക്കറ്റ് വില്‍പനയുടെ ഏജന്‍സിയെടുത്താണ് സ്വന്തം ബിസിനസ് തുടങ്ങുന്നത്.
പിന്നീട് സിക്കിം, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെയും ഭൂട്ടാനിലെയും ലോട്ടറികളുടെ ഏജന്‍സിയും ആരംഭിച്ചു. ഇതോടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ലോട്ടറിക്കടകള്‍ സ്ഥാപിച്ച് ബിസിനസ് വ്യാപിപ്പിച്ചു.  പിന്നീട് തമിഴ്‌നാട്ടിനകത്തും പുറത്തും നൂറുകണക്കിന് ബ്രാഞ്ചുകള്‍ സ്ഥാപിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ സ്വന്തമായി അച്ചടിച്ച് വില്‍പന നടത്തുന്നതിന് അതത് സംസ്ഥാന ഭരണാധികാരികളെ സ്വാധീനിച്ച് അനുമതി വാങ്ങിയ മാര്‍ട്ടിന്‍ ശിവകാശിയിലെ ശ്രീ ശങ്കരേശ്വരി പ്രോസസ് എന്ന പ്രസ് തന്നെ അതിനായി വിലക്കു വാങ്ങി. പ്രസ്തുത കേന്ദ്രത്തില്‍ ഓരോ ആഴ്ചയിലും വിവിധ സംസ്ഥാന ലോട്ടറികളുടെ കോടിക്കണക്കിനു ടിക്കറ്റുകളാണ് അനധികൃതമായി അച്ചടിച്ച് രാജ്യമെമ്പാടും വിതരണം ചെയ്തത്.   തൊണ്ണൂറുകളുടെ അവസാനത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരവും മാര്‍ട്ടിന്റെ കുത്തക സാമ്രാജ്യമായിരുന്നു. ഇതിലും വന്‍ ക്രമക്കേടുകളാണ് നടക്കുന്നത്. അനധികൃത സമ്പാദ്യം മാര്‍ട്ടിന്റെ കുടുംബാംഗങ്ങളുടെയും മറ്റു ബിനാമികളുടെയും പേരിലാണുള്ളത്. വിദേശ ബാങ്കുകളില്‍ പോലും മാര്‍ട്ടിന് വന്‍ നിക്ഷേപമുണ്ടെന്ന് ആരോപണമുണ്ട്. ശിവഗംഗ കൈക്കാട്ടി ഗ്രാമത്തില്‍ ബര്‍മ ഹൗസിങ് കോളനി നിര്‍മിച്ച മാര്‍ട്ടിന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ദുബൈ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ആഡംബര സൗധങ്ങളും സ്ഥാപനങ്ങളുമുണ്ട്.
ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും സാന്‍ഡിയാഗോ മാര്‍ട്ടിന്‍ പ്രിയങ്കരനാണ്. തമിഴ്‌നാട് പൊലീസിലെ മിക്ക ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇയാളാണ് കണ്‍കണ്ട ദൈവം. രാഷ്ട്രീയ നേതാക്കള്‍ക്കും പൊലീസുള്‍പ്പെടെയുള്ള ഉന്നത അധികാരികള്‍ക്കും ആവശ്യപ്പെടുന്ന തുകയുടെ ഇരട്ടി നല്‍കി ഞെട്ടിപ്പിക്കുന്നത് മാര്‍ട്ടിന്റെ മാത്രം രീതി. തമിഴകത്തില്‍ ഇന്നുള്ള ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ മാര്‍ട്ടിന്റെ സാമ്പത്തിക പിന്‍ബലത്തിലാണ് വളര്‍ന്നത്.
മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസ് എന്നത് പിന്നീട് 'ബെസ്റ്റ് ആന്‍ഡ് കോ'  കമ്പനിയായി മാറ്റി. തമിഴ്‌നാട്ടില്‍ ലോട്ടറി വ്യാപാരം നിരോധിച്ചതോടെ നിലവിലിത് റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സിയെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. 2001ല്‍ തമിഴ്‌നാട്ടില്‍ അധികാരത്തില്‍വന്ന ജയലളിതയാണ് സംസ്ഥാനത്ത് ലോട്ടറി നിരോധിച്ചത്. മാര്‍ട്ടിന്റെ ചില നടപടികളില്‍ ജയലളിതക്കുണ്ടായ അതൃപ്തിയായിരുന്നു ഇതിന് കാരണം. 
ഇതിനാലാണ് 2006ലെ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയെ മാര്‍ട്ടിന്‍ അകമഴിഞ്ഞു സഹായിച്ചത്.
ഡി.എം.കെ ഉന്നത കേന്ദ്രങ്ങളുമായി മാര്‍ട്ടിന് നല്ല ബന്ധമാണുള്ളത്. തമിഴ്‌നാട് സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ കോയമ്പത്തൂരില്‍ ഈയിടെ നടന്ന ലോക തമിഴ് സമ്മേളനത്തിന്റെ റിസപ്ഷന്‍ കമ്മിറ്റിയില്‍ മാര്‍ട്ടിന്‍ മുഖ്യ ഭാരവാഹിയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി കഥ, തിരക്കഥ, സംഭാഷണം രചിച്ച വിനയ് നായകനായി അഭിനയിക്കുന്ന ഈയിടെ റിലീസായ 'ഇളൈജ്ഞന്‍' എന്ന സിനിമയുടെ നിര്‍മാതാവ് സാക്ഷാല്‍ മാര്‍ട്ടിനാണ്. കലൈജ്ഞറെ വെച്ചും പടംപിടിക്കും ഈ ലോട്ടറി രാജാവ്. അതിനാല്‍തന്നെ തമിഴകത്ത് ആരു വിചാരിച്ചാലും ഒന്നു തൊടാന്‍പോലുമാവില്ല മാര്‍ട്ടിനെന്ന കിരീടമില്ലാത്ത തമ്പുരാനെ.

(തുടരും)

1 അഭിപ്രായ(ങ്ങള്‍):

  • അങ്കിള്‍ says:
    2010, സെപ്റ്റംബർ 1 2:20 PM

    ലോട്ടറി ടിക്കറ്റുകള്‍ പ്രിന്റ്‌ ചെയ്യേണ്ടത് സര്‍ക്കാരാണെന്ന് നിയമം പറയുന്നു:

    4(b) the State Government shall print the lottery tickets bearing the imprint and ലോഗോ of the State in such manner that the authenticity of the lottery ticket is ensured;

    എന്നാല്‍ ശിവകാശിയില്‍ വച്ച് സാന്റിയോഗ മാര്ടിനാണ് ഇതച്ചടിച്ചു വിതരണം ചെയ്യുന്നതെന്ന് തെളിയിച്ചു കൊടുക്കാന്‍ ആരും മിനെക്കെടുനില്ല. അത് തെളിഞ്ഞാല്‍ ഈ ലോട്ടറി മുഴുവന്‍ നിയമ വിരുദ്ധമായി മാറും. നടപടി എടുക്കേണ്ടി വരും. കഴിയുമോ നമുക്കതിനു? കണ്ണടക്കുന്നതല്ലേ നല്ലത്?

Blogger templates

.

ജാലകം

.