ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-2


                                                                               
സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള പൊലീസ് കേസുകളും ആദായ നികുതി ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും എങ്ങുമെത്താതെ പോകുന്നത് അയാളുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്.
തമിഴകത്ത് കുറേകാലമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലാണ് മാര്‍ട്ടിന്‍ ശ്രദ്ധകേന്ദ്രീകരിച്ചുവരുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോടികള്‍ വിലമതിക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി മാര്‍ട്ടിന്റെയും ബിനാമികളുടെയും പേരിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു ഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ വരുമാന നികുതി നല്‍കുന്ന വ്യക്തിയെന്ന പേരിലും ഈ ലോട്ടറി മാഫിയാ തലവന്‍  അറിയപ്പെട്ടിരുന്നു.
കണക്കില്‍പ്പെടാത്ത പണവും ലോട്ടറി ടിക്കറ്റുകളും കടത്തുന്നതിന് മാര്‍ട്ടിന്‍ സ്വന്തമായി കൊറിയര്‍ സ്ഥാപനവും നടത്തുന്നുണ്ടത്രെ. മാര്‍ട്ടിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഒട്ടേറെ ദുരൂഹ മരണങ്ങളും ഉണ്ടായിട്ടുണ്ട്. മാര്‍ട്ടിന്റെ ബിസിനസ് രഹസ്യങ്ങള്‍ അറിയാവുന്നവരാണ് കൊല്ലപ്പെട്ട മിക്കവരും. എന്നാല്‍, പണത്തിന്റെ കുത്തൊഴുക്കില്‍ കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളായി പരിണമിച്ചു. ലോട്ടറിനിരോധമുണ്ടെങ്കിലും തമിഴകത്ത് ഇപ്പോഴും ചില വീക്‌ലി ലോട്ടറികള്‍ പ്രചാരത്തിലുണ്ട്. രണ്ടു വര്‍ഷം മുമ്പ് അനധികൃതമായി വില്‍പന നടത്തുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനുപിന്നിലും മാര്‍ട്ടിനാണെന്ന് അറിവായത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മാര്‍ട്ടിന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മാര്‍ട്ടിന്‍ ഒളിവില്‍ പോയി. ഈ കാലയളവിലാണ് രണ്ടു കോടി രൂപയുടെ 'ദേശാഭിമാനി' ബോണ്ട് വിവാദം കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ചത്.
 

സര്‍ക്കാര്‍ സ്‌പോണ്‍സര്‍
=============================
നാലു മാസക്കാലത്തെ ഒളിവുജീവിതത്തിനുശേഷം ചെന്നൈ ഹൈകോടതിയില്‍നിന്ന് സോപാധിക ജാമ്യത്തിലിറങ്ങിയ മാര്‍ട്ടിന്‍ പിന്നീട് സര്‍ക്കാര്‍-സ്വകാര്യചടങ്ങുകളിലും മേളകളിലും മുഖ്യാതിഥിയായി രംഗപ്രവേശം ചെയ്യുന്നതാണ് കണ്ടത്. തമിഴ്‌നാട്ടില്‍ അരങ്ങേറുന്ന മുഴുവന്‍ അത്‌ലറ്റിക് മീറ്റുകളുടെയും മുഖ്യ സ്‌പോണ്‍സര്‍ ഇപ്പോള്‍ മാര്‍ട്ടിനാണ്. സ്‌പോര്‍ട്‌സ് മീറ്റുകളില്‍ സമ്മാനദാനം നിര്‍വഹിക്കുന്നത് പലപ്പോഴും മാര്‍ട്ടിനും ഭാര്യയും മക്കളുമായിരിക്കും. നഗരത്തിലെ ചില വ്യാപാരസ്ഥാപനങ്ങളുടെയും മറ്റും ഉദ്ഘാടനവും ഇവരാണ് നിര്‍വഹിക്കുന്നത്.
കേരളത്തില്‍നിന്ന് ലോട്ടറി മാഫിയ തട്ടിയെടുക്കുന്ന കോടികളുടെ ഒരു ഭാഗം തമിഴ്‌നാട്ടിലും മറ്റും വിദ്യാഭ്യാസ-വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിക്ഷേപിക്കുമ്പോള്‍ കേരളത്തില്‍ ഒരു ചില്ലിക്കാശുപോലും ഇവര്‍ ചെലവഴിക്കുന്നില്ല. നിലവില്‍ തമിഴ്‌നാട്ടില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍  ശ്രദ്ധ കേന്ദ്രീകരിച്ച മാര്‍ട്ടിന്‍ ഭരണകക്ഷി നേതാക്കള്‍ക്കുവേണ്ടി വന്‍ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നതായും വിവരമുണ്ട്. മാര്‍ട്ടിനും കുടുംബത്തിനും അമേരിക്കയിലേക്ക് കുടിയേറാനുള്ള പദ്ധതിയുണ്ടെന്നും പറയുന്നു. ലോട്ടറി നറുക്കെടുപ്പുകളിലെ ക്രമക്കേടുകള്‍ വിവാദമാകാറുണ്ടെങ്കിലും അധികൃതതലത്തില്‍ നടപടിയൊന്നും ഉണ്ടാവാറില്ല. നടപടിയെടുക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രീയ നേതാക്കളും പരസ്‌പരം പഴിചാരുകയും യഥാര്‍ഥ പ്രതി രക്ഷപ്പെടുകയുമാണ് പതിവ്. 
സമ്മാനം മകനുതന്നെ
=============================
1997 ജൂണില്‍ നാഗാലാന്‍ഡ് സര്‍ക്കാറിന്റെ ആസാദ് ഹിന്ദ് ബംബര്‍ ലോട്ടറിയുടെ അഞ്ചു മില്യണ്‍ സമ്മാന തുകയുടെ അവകാശവാദവുമായി മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് രംഗത്തു വന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2000 ഏപ്രിലില്‍ സിക്കിം യെല്ലോ വീക്‌ലിയുടെയും ഭൂട്ടാന്‍ കല്‍പദാരുവിന്റെയും നാലാം സമ്മാനമായ പത്ത് നമ്പറുകള്‍ ഒരേ പോലെയായതും വിവാദമുയര്‍ത്തിയിരുന്നു. രണ്ട് ലോട്ടറികളുടെയും വിതരണാവകാശം മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സി(എം.എല്‍.എ)ക്കായിരുന്നു.
മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സര്‍ക്കാര്‍ ലോട്ടറികളുടെ വിതരണാവകാശം തങ്ങള്‍ക്കുണ്ടെന്ന് മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസ് ലിമിറ്റഡ് അധികൃതര്‍ അവകാശപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പലവിധ പേരുകളിലാണ് മാര്‍ട്ടിന്റെ ലോട്ടറി ഏജന്‍സികള്‍ അറിയപ്പെടുന്നത്.
ഓരോ ദിവസവും രണ്ടു കോടി ലോട്ടറി ടിക്കറ്റുകളാണ് ഇവര്‍ വിറ്റഴിക്കുന്നത്. വില്‍ക്കാത്ത ടിക്കറ്റുകള്‍ അതത് സംസ്ഥാന സര്‍ക്കാറുകളെ തിരിച്ചേല്‍പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇതുവഴിയും കോടികളുടെ നേട്ടമാണ് കൊയ്യുന്നത്. വിവിധ സംസ്ഥാന ലോട്ടറി വകുപ്പുദ്യോഗസ്ഥരെ സ്വാധീനിച്ച് വിറ്റഴിക്കാത്ത ടിക്കറ്റുകള്‍ക്ക് സമ്മാനം ഉറപ്പുവരുത്തുന്നതാണ് ലോട്ടറി മാഫിയ നടത്തുന്ന തട്ടിപ്പുകളില്‍ ഏറ്റവും പ്രധാനം. വര്‍ഷന്തോറും ഇതിലൂടെ മാത്രം കോടികളാണ് കൊയ്യുന്നത്.

ഓണ്‍ലൈനിലും ചൂതാട്ടം
=============================
പേപ്പര്‍ ലോട്ടറിയുടെ ഇരട്ടി വരുമാനമാണ് ഓണ്‍ലൈന്‍-ഇന്റര്‍നെറ്റ് ലോട്ടറികളിലൂടെ മാര്‍ട്ടിന് ലഭിക്കുന്നത്. ഇന്‍ ലോട്ട് ഇ-ഗെയിമിങ് സര്‍വീസ് ലിമിറ്റഡ് എന്ന ഇന്റര്‍നെറ്റ് ലോട്ടറിയും സ്മാര്‍ട്ട് വിന്‍ ആന്‍ഡ് മെഗാ വിന്‍ എന്ന ഓണ്‍ലൈന്‍ ലോട്ടറിയും മാര്‍ട്ടിന്‍ നടത്തുന്നു. എസ്.എസ് മ്യൂസിക്, സര്‍ സംഗീത്, എസ് മാര്‍ഗ് എന്നീ ഡിജിറ്റല്‍ സാറ്റലൈറ്റ് ടി.വി ചാനലുകളുടെ ഉടമകൂടിയായ മാര്‍ട്ടിന്‍ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ലോട്ടറി ട്രേഡ് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസിന്റെ ഭാരവാഹിയാണ്.
സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ലോട്ടറി ടിക്കറ്റുകള്‍ സുരക്ഷാസംവിധാനമുള്ള സര്‍ക്കാര്‍ പ്രിന്റിങ് യൂനിറ്റുകളില്‍ അച്ചടിക്കണമെന്ന് കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം അനുശാസിക്കുന്നു. എന്നാല്‍, മാര്‍ട്ടിനുമായി ബന്ധമുള്ള ബിയാനി ട്രേഡേഴ്‌സ് എന്ന കമ്പനിക്കാണ് ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നതിനുള്ള ലൈസന്‍സും നല്‍കിയിരിക്കുന്നത്.
ഹൈദരാബാദിലെ ശ്രീനിധി സെക്യൂരിറ്റി പ്രിന്‍േറഴ്‌സ്, കെ.എല്‍ ഹൈടെക് സെക്യൂര്‍ പ്രിന്‍േറഴ്‌സ്, ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്‍േറഴ്‌സ്, ചെന്നൈയിലെ വൈരം പ്രിന്‍േറഴ്‌സ് തുടങ്ങി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നു.  ഇവിടങ്ങളില്‍ എത്ര കോടി രൂപയുടെ ടിക്കറ്റുകള്‍ അച്ചടിക്കുന്നുവെന്നതിന് ശരിയായ കണക്കില്ല.
ഓരോ നറുക്കെടുപ്പിലും വിറ്റഴിക്കപ്പെടുന്ന ടിക്കറ്റുകള്‍ എത്രയാണെന്ന് ആരും അന്വേഷിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യാജ ടിക്കറ്റുകള്‍ അച്ചടിച്ചിറക്കുന്നത് നിയന്ത്രിക്കാന്‍ സിക്കിം പോലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ മനപ്പൂര്‍വമായ വീഴ്ചയാണ് കാണിക്കുന്നത്. അണ്‍സോള്‍ഡ് ലോട്ടറി ടിക്കറ്റുകളുടെ കണക്ക് അതത് സംസ്ഥാന സര്‍ക്കാറുകള്‍ കൃത്യമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍ പറത്തുകയാണ്. ഇന്ത്യന്‍ പേപ്പര്‍ ലോട്ടറി നിയമപ്രകാരം വില്‍ക്കപ്പെടാത്തതായി കാണിച്ച ടിക്കറ്റുകള്‍ക്ക് സമ്മാനത്തുകക്ക് അര്‍ഹതയുണ്ടായിരിക്കില്ല.
ഓരോ നറുക്കെടുപ്പിനു മുമ്പും അണ്‍സോള്‍ഡ് ടിക്കറ്റുകള്‍ ഏജന്‍സികള്‍ സര്‍ക്കാറിനെ തിരിച്ചേല്‍പിക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം അയ്യായിരത്തോളം കോടി രൂപയുടെ സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

മലയാളികള്‍ ഇരകളാവുന്ന ലോട്ടറിക്കെണിയിലെ
കൊടുംചതികളെക്കുറിച്ച്
(തുടരും)

Blogger templates

.

ജാലകം

.