ഭീകരവേട്ട: മലയാളം മാധ്യമങ്ങള്‍ വീണ്ടും കഥ മെനയുന്നു



'സത്യത്തില്‍ നിന്ന് വിഭിന്നമായാണ് പത്രങ്ങളില്‍ വരുന്നത് എന്ന് 24 വര്‍ഷമായി ഈ മേഖലയില്‍ പണിയെടുത്ത അനുഭവത്തില്‍ നിന്ന് നന്നായി അറിഞ്ഞു. തെഹല്‍കക്ക് വേണ്ടി പത്രസഞ്ചാരം തുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് പത്രവായന നിര്‍ത്തുകയായിരുന്നു. എനിക്ക് പത്രവാര്‍ത്തകളില്‍ വിശ്വാസമില്ല. ഞാന്‍ വായിച്ചിരുന്ന പത്രങ്ങളിലെ വാര്‍ത്തകളില്‍ 99 ശതമാനവും ഏകപക്ഷീയമാണ്' -തെഹല്‍ക എഡിറ്റര്‍ അറ്റ്‌ലാര്‍ജ് അജിത് സാഹിയുടേതാണ് ഈ വാക്കുകള്‍. തീവ്രവാദ വേട്ടയുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ വായിച്ചാല്‍ അജിത് സാഹിയുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് വ്യക്തമാകും.
പാകിസ്താനില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറിയ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും തഹവ്വുര്‍ ഹുസൈന്‍ റാണയും 2009 ഒക്‌ടോബറില്‍ അമേരിക്കയില്‍ പിടിയിലായതോടെ പാഴായിപ്പോയ തീവ്രവാദി ആക്രമണങ്ങളുടെയും ഇരുവരും ചേര്‍ന്ന് തയാറാക്കിയ ഭീകരപദ്ധതികളുടെയും മലവെള്ളപ്പാച്ചിലായിരുന്നു മാധ്യമങ്ങളില്‍. വാര്‍ത്താപ്രളയത്തില്‍ അനുവാചകരുടെ കണ്ണു തള്ളുകയും കുറെയൊക്കെ സത്യമുണ്ടെന്ന് അവര്‍ വിശ്വസിച്ചുപോവുകയും ചെയ്തത് സ്വാഭാവികം. ഒരു ത്രില്ലര്‍ സീരീസിന്റെ മുഴുവന്‍ ചേരുവകളുമുണ്ടായിരുന്നു ഈ വാര്‍ത്തകള്‍ക്ക്. ഹെഡ്‌ലിയെ വിട്ടു തരില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ പൊടുന്നനെ ഹെഡ്‌ലി, റാണ കഥകള്‍ ഇല്ലാതായി.
നിമിഷങ്ങളുടെ മാത്രം ആയുസ്സുള്ള ഫ്‌ളാഷുകള്‍ മിന്നി മറയുന്നതുകൊണ്ട് വായനക്കാരന്‍ ഇതൊന്നും ചികഞ്ഞു നോക്കില്ലെന്ന ഉറപ്പില്‍ മാധ്യമങ്ങള്‍ പിന്നെയും കഥകള്‍ ചമക്കുന്നു. അബ്ദുന്നാസിര്‍ മഅ്ദനിയാണ് ഏറ്റവും ഒടുവിലത്തെ ഇര. ഹെഡ്‌ലിയും റാണയും തടിയന്റവിട നസീറും ഷഫാസും അനുബന്ധ കഥകളുമൊക്കെ പെയ്‌തൊഴിഞ്ഞ മാധ്യമ ഇടങ്ങളില്‍ ഇപ്പോള്‍ മഅ്ദനിയാണ് താരം. ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് ചോദ്യം ചെയ്യുന്നതിനിടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് മഅ്ദനി സമ്മതിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി വി.എസ്. ആചാര്യ പൊട്ടിച്ച ആദ്യവെടിയുടെ കഥ നോക്കൂ. പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനക്കൊപ്പം മഅ്ദനിയുടെ നിഷേധക്കുറിപ്പ് ഇറങ്ങിയതോടെ ആരുടെ പങ്കിനെക്കുറിച്ചും താന്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രിക്ക് തിരുത്തേണ്ടി വന്നു. എന്നാല്‍ ഈ തിരുത്തില്ലാതെയാണ് ബുധനാഴ്ച മിക്ക മലയാളപത്രങ്ങളും ഇറങ്ങിയത്. പിറ്റേദിവസത്തെ ഏതാണ്ടെല്ലാ പത്രങ്ങളിലും ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന വന്നു, സ്‌റ്റേഡിയം സ്‌ഫോടനത്തില്‍ മഅ്ദനിയുടെ പങ്കൊന്നും തെളിഞ്ഞിട്ടില്ലെന്ന്! ഹെഡ്‌ലി സഹായിച്ചവരില്‍ മലയാളികളുണ്ടെന്നും അവരുടെ പേരുവിവരങ്ങളടങ്ങിയ മുദ്രവെച്ച റിപ്പോര്‍ട്ട് എന്‍.ഐ.എ ദല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചുവെന്ന വാര്‍ത്തയും അന്നുതന്നെ എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. മഅ്ദനിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഈവാര്‍ത്ത കൃത്യമായി വരുന്നതെന്നത് ശ്രദ്ധേയമാണ്. ആര്‍ക്കും ലഭിക്കാത്ത വിവരങ്ങളുമായി 'മംഗളം' പത്രമാണ് ശരിക്കും തകര്‍ത്തത്. ഹെഡ്‌ലിയെ സഹായിച്ചത് പ്രവാസി മലയാളി ഉന്നതനാണെന്ന കിടിലന്‍വിവരമാണ് ബുധനാഴ്ച ഇറങ്ങിയ പത്രത്തിന്റെ മുഖ്യ വാര്‍ത്ത. ഹെഡ്‌ലിക്കും റാണക്കും ഒത്താശ ചെയ്യുകയും ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചെയ്യുകയും ചെയ്തത് കേരളത്തിലെ സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രവാസിമലയാളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇയാളെ പിടികൂടാന്‍ എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടിയെന്നും തിരുവനന്തപുരത്തു നിന്നുള്ള വാര്‍ത്തയിലുണ്ട്. ഗള്‍ഫിലെ പ്രമുഖ വ്യവസായിയായ ഇദ്ദേഹം മുംബൈ സ്‌ഫോടനം നടത്താന്‍ ഹെഡ്‌ലിക്കും റാണക്കും കൂട്ടുനിന്നെന്ന് കാണിച്ച് എന്‍.ഐ.എ ദല്‍ഹി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും താജ് ഹോട്ടലിന്റെ രൂപരേഖ വരക്കാന്‍ ഹെഡ്‌ലിയെ സഹായിച്ചത് ഈ മലയാളിയാണെന്നും തുടര്‍ന്നു പറയുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് എത്ര ദിവസത്തെ ആയുസ്സുണ്ടെന്നറിയാന്‍ വരും നാളുകളിലെ വാര്‍ത്തകള്‍ കൂടി വായിക്കുക.
ഹെഡ്‌ലിയും റാണയും നസീറുമൊക്കെ കത്തി നിന്ന സമയത്ത് ഇതും ഇതിലപ്പുറവും അടിച്ചുവിട്ട മാധ്യമങ്ങളില്‍ ഇത്തരം കഥകള്‍ വരുന്നതില്‍ അദ്ഭുതമില്ല. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ മലയാള പത്രങ്ങള്‍ നല്‍കിയ ഭീകരവാര്‍ത്തകളിലൂടെ വെറുതേ കടന്നുപോയാല്‍ ബോധ്യമാകും എത്ര നിരുത്തരവാദപരമായാണ് അവ കഥകള്‍ ചമച്ചു വിട്ടതെന്ന്. ചില സാമ്പിളുകളിതാ. ആണവ കേന്ദ്രങ്ങളില്‍ അതീവ ജാഗ്രത; റാണ കൊച്ചിയില്‍ നിന്ന് അഞ്ചുപേരെ റിക്രൂട്ട് ചെയ്തു (മാതൃഭൂമി, 2009 നവം. 17), ഹെഡ്‌ലിക്കെതിരെ ഇന്ത്യയിലും കേസ്; അതീവ ജാഗ്രത (മനോരമ, നവം.13), കൊച്ചിയിലും ഭീകരാക്രമണം ലക്ഷ്യമിട്ടെന്നു സൂചന (മനോരമ, നവം. 16), ഹെഡ്‌ലിക്കും റാണക്കും മലയാളികളുമായി ബന്ധം (മനോരമ നവം.17), റാണ കേരളത്തില്‍ ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടു (മനോരമ, നവംബര്‍ 18). കൊച്ചിയില്‍ ഹെഡ്‌ലി വന്നുവെന്ന വാര്‍ത്തക്ക് ദിവസങ്ങളുടെ ആയുസ്സ് മാത്രമായിരുന്നു. റാണ അഞ്ചുപേരെ റിക്രൂട്ട് ചെയ്തുവെന്ന വാര്‍ത്ത പിന്നീട് പത്രപരസ്യം കണ്ട് റാണയെ വിളിച്ച 20 പേരെ പൊലീസ് ചോദ്യം ചെയ്തുവെന്നും എന്നാല്‍ ഇവരിലാരും വിദേശത്തേക്ക് പോയിട്ടില്ലെന്നും എന്‍.ഐ.എ വെളിപ്പെടുത്തിയതായി മാറി. റാണ കേരളത്തില്‍ ആരാധനാലയങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടുവെന്ന അത്യന്തം സ്‌ഫോടനാത്മകമായ വാര്‍ത്ത വന്നത് മനോരമയിലാണ്. കേരളത്തിലെ രണ്ടു പ്രമുഖ ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ റാണയും ഹെഡ്‌ലിയും പദ്ധതിയിട്ടുവെന്നായിരുന്നു ഒന്നാംപേജിലെ മുഖ്യ വാര്‍ത്ത. ആഗോള ശ്രദ്ധ നേടാവുന്ന വ്യവസായ സ്ഥാപനങ്ങളോ ഹോട്ടലുകളോ കേരളത്തിലില്ലാത്തതാണ് ആരാധനാലയങ്ങളെ ലക്ഷ്യമിടാന്‍ കാരണമത്രെ. കേരളത്തില്‍ പൊലീസ് സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്കപരിപാടികള്‍ക്കു സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍ വഴി വന്‍തുക സംഭാവന നല്‍കി നിയന്ത്രണം ഏറ്റെടുക്കാന്‍ ഇരുവരും തീവ്രവാദഗ്രൂപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്കു ശ്രദ്ധ കേന്ദ്രീകരിച്ച കേരളത്തിലെ ബിസിനസ് ഗ്രൂപ്പിന്റെ രണ്ടു പ്രതിനിധികള്‍ കൊച്ചിയില്‍ റാണയെ സന്ദര്‍ശിച്ചതായും തെളിവു ലഭിച്ചത്രെ. നവംബര്‍ 20ന്റെ വാര്‍ത്തയില്‍ കേരളത്തില്‍ സാമുദായികവികാരം ആളിക്കത്തിക്കാന്‍ മധ്യ കേരളത്തിലെ പ്രമുഖ ആരാധനാലയത്തിലും രണ്ടാഴ്ചക്കു ശേഷം തിരുവനന്തപുരത്തെ പ്രമുഖ ആരാധനാലയത്തിലും സ്‌ഫോടനങ്ങള്‍ക്കു റാണ പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു വിവരം. പദ്ധതി നടപ്പാക്കാന്‍ കണ്ടെത്തിയ തീവ്രവാദ സംഘടന വന്‍തുക ആവശ്യപ്പെട്ടതോടെയാണ് ഇതു പാളിയത്. ആരാധനാലയത്തില്‍ സ്‌ഫോടനം നടത്തുന്നതിനോട് കേരളത്തിലെ സംഘടനകള്‍ വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തതായും പത്രം അച്ചു നിരത്തി. എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച ഒരു വിവരമൊന്നും വായനക്കാരന് ലഭിച്ചില്ല.
നസീറിനെയും ശഫാസിനെയും മേഘാലയയിലെ ഷില്ലോങ്ങില്‍ പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചത് കഴിഞ്ഞ ഡിസംബര്‍ മൂന്നിനായിരുന്നു. 'മാതൃഭൂമി' ബംഗളൂരുവിലെത്തിച്ച് ചോദ്യം ചെയ്യുന്നുവെന്ന് പറഞ്ഞ നസീറും ഷഫാസും  മേഘാലയയിലെ കോടതിയിലാണുണ്ടായിരുന്നത്. ഡിസംബര്‍ നാലിന് ഇറങ്ങിയ 'മാതൃഭൂമി'യില്‍ ഇരുവരെയും ഷില്ലോങ്ങില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു എന്ന വിവരം ഒരു ചളിപ്പുമില്ലാതെ നല്‍കി. അന്നേ ദിവസം ഇറങ്ങിയ 'മംഗള'ത്തില്‍ 2005 ഒക്‌ടോബര്‍ 29 ദല്‍ഹി, 2006 മാര്‍ച്ചില്‍ വാരാണസി, ഏപ്രിലില്‍ ദല്‍ഹി, ജൂലൈയില്‍ മുംബൈ, സെപ്റ്റംബറില്‍ മാലേഗാവ്, 2007 മേയ് 18ന് ഹൈദരാബാദ്, ആഗസ്റ്റില്‍ ലുംബിനി പാര്‍ക്ക്, നവംബര്‍ 19ന് വാരാണസി, 2008 മേയ് 13ന് ജയ്പൂര്‍, ജൂലൈ 25ന് ബംഗളൂരു എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ നസീര്‍, സി.എ.എം ബഷീര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മുഖ്യ പങ്കാളികളെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായതായി അറിയുന്നു എന്നായിരുന്നു ഒന്നാംപേജില്‍ നല്‍കിയത്. ഈ സ്‌ഫോടനങ്ങളുടെയൊക്കെ സൂത്രധാരന്‍മാര്‍ ('കാവി ഭീകരര്‍' തന്നെ) വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട് എന്ന് അറിഞ്ഞിട്ടും ഇത്തരമൊരു വാര്‍ത്ത നല്‍കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം. ഡിസംബര്‍ നാലിന്റെ 'മാതൃഭൂമി'യില്‍ (ഏഴാം പേജ്) ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടിയുണ്ട്-നൂരിഷ ത്വരീഖത്ത് എന്ന തീവ്രവാദ സംഘടനയുടെ സ്ഥാപകനാണ് താനെന്ന് നസീര്‍ മൊഴി നല്‍കിയതായി അറിയുന്നു എന്ന്. നൂരിഷ ത്വരീഖത്ത് എന്ന സംഘടന നടത്തുന്ന തീവ്രവാദ പരിശീലന ക്യാമ്പുകളിലേക്കു കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്‌തെന്ന് 'മംഗള'വും വാര്‍ത്ത നല്‍കിയിരുന്നു.
വിഷലിപ്തമായ വാര്‍ത്തകള്‍ക്ക് ഇനിയുമുണ്ട് ഉദാഹരണങ്ങളേറെ. മഅ്ദനി കേരള അതിര്‍ത്തി കടന്നപ്പോള്‍ തന്നെ രാജ്യത്തു നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്തം തലയില്‍ കെട്ടിവെക്കുമെന്ന് തീര്‍ച്ചയായിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതോടെ അത്തരം കഥകള്‍ക്ക് കാതോര്‍ക്കുക. കര്‍ണാടകക്കു ശേഷം മഅ്ദനിയെ കാത്തിരിക്കുന്നത് ഗുജറാത്ത് പൊലീസാണെന്ന് കൂടി അറിയുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാണ്.

ഇനാമുറഹ്മാന്‍


Blogger templates

.

ജാലകം

.