എന്താ കഥയുടെ സാരാംശം? നിങ്ങളു തന്നെ പറ.....ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമല്ല . ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഈ കഥയ്ക്ക്‌ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെങ്കില്‍ അത് യാദ്രൃശ്ചികവും അല്ല. എങ്കിലും വാളെടുക്കരുത്. വാളെടുക്കുന്നവന്‍ വാളാലെ എന്ന് പ്രമാണം.
നായരായ അച്ഛന്‍റെ ജാതിപ്പേര് ചേര്‍ത്ത് മകനെ പേര് വിളിച്ചെന്ന മഹാപരാധം ചെയ്ത ഒരു സാദാ പ്രാദേശിക ലേഖകനാണ് കഥയിലെ നായകന്‍  ‍. തെറിയുടെ പീരങ്കിയുണ്ടകള്‍ ഘോരഘോരം നെഞ്ചിലേല്‍ക്കേണ്ടി   വന്നതിന്റെ കാരണം ബഹു വിചിത്രവും!!
ഭാഗം 1

ഒരു കടലോര ഗ്രാമത്തിലെ അധികം പ്രശസ്തനല്ലാത്ത ഒരു പാവം പ്രാദേശിക ലേഖകനാണ് അനില്‍. പ്രാദേശിക വാര്‍ത്തകള്‍ ശേഖരിച്ച് മുടക്കമില്ലാതെ പത്രമാഫീസിലേക്ക് ഫാക്സ് അയക്കുന്നത് കഴിഞ്ഞാല്‍ സ്വന്തം വീടും കുട്ടികളുമാണ് അയാളുടെ ലോകം.
അങ്ങനെയൊരു ദിവസം പത്രപ്പണി കഴിഞ്ഞ് വൈകീട്ട് വീടിന്‍റെ അടുക്കള മുറ്റത്ത്‌ ഓലമടല്‍ വെട്ടിയൊതുക്കാന്‍ ഭാര്യയെ സഹായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇളയ മകള്‍ ചിലക്കുന്ന മൊബൈലുമായി ഓടി വന്നത്. ആ നിമിഷം വരെ അതിശാന്തമായ പത്ര ജീവിതത്തില്‍ ആഞ്ഞടിക്കാന്‍ തയ്യാറായ കൊടുങ്കാറ്റിന്‍റെ ചെറിയൊരു ഇരമ്പലാണ് അതെന്നു അയാള്‍ അപ്പോഴറിഞ്ഞില്ല. അയാളുടെ വാര്‍ത്ത ശേഖരണ പരിധിയിലെവിടെയോ നടക്കുന്ന അതി മഹത്തും മാതൃകാപരവും ആയ ഒരു ബുദ്ധമത വിവാഹത്തിന്‍റെ റിപ്പോര്‍ട്ട്‌ ഉടനടി തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് പത്രമാഫീസില്‍ നിന്നുമാണ് ആ വിളി വന്നത്. മറ്റു പത്രങ്ങള്‍ക്ക്‌ കിട്ടാത്ത സ്പെഷ്യല്‍ ഐറ്റം ആണ്. ഓഫീസില്‍ നിന്ന് ലഭിച്ച ഏകദേശ വിവരണം കേട്ടപ്പോള്‍ തന്നെ സ്ഥലം മനസ്സിലായി. വാര്‍ത്ത ഫാക്സ് ചെയ്ത മടങ്ങി വരുമ്പോള്‍ സ്കൂളിനടുത്തുള്ള കല്യാണ മണ്ഡപത്തിലേക്ക് കയറിപ്പോകുന്ന വിവാഹ കാറുകള്‍ അയാള്‍ കണ്ടിരുന്നു. മണ്ഡപത്തിനു  വടക്ക്‌ എവിടെയോ ആണ് വധുവിന്റെ വീടെന്നും ഐറ്റം ചെയ്‌താല്‍ ബൈലൈന്‍ കിട്ടുമെന്നും പത്രമാഫീസില്‍ നിന്നും അറിയിച്ചപ്പോള്‍ അയാള്‍ സന്തോഷിച്ചു. പട്ടമടല്‍ വെട്ടിയോതുക്കുന്നത്ത് ഇനി നാളെയാകാം എന്ന് ഭാര്യക്ക്‌ ഉറപ്പ്‌ കൊടുത്ത് അയാള്‍ കൈ കാല്‍ കഴുകി വീടിനകത്ത് കയറി. അയയില്‍ കിടന്ന ഷര്‍ട്ട്‌ എടുത്തിട്ട് വാര്‍ത്ത ശേഖരിക്കാന്‍ അയാള്‍ യാത്രയായി.
വിചാരിച്ചത് പോലെ ബുദ്ധിമുട്ടേണ്ടി വന്നില്ല. ചെക്കനും പെണ്ണും സ്ഥലത്തില്ലെങ്കിലും  പെണ്ണിന്റെ സഹോദരി അയാള്‍ക്കാവശ്യമായ വിവരങ്ങളും പടവും നല്‍കി. പോകുന്ന വഴിക്ക്‌ ഫാക്സ് ചെയ്യാന്‍ അവിടെയിരുന്ന് തന്നെ 'കഥ' എഴുതാമെന്ന് അയാള്‍ ഉറപ്പിച്ചു. ഇരിക്കാന്‍ കസേരയിട്ട് കൊടുത്ത് സന്തോഷം പ്രകടിപ്പിക്കാന്‍ പെണ്ണ് വീട്ടുകാര്‍ മറന്നില്ല .ഫോട്ടോയും സ്റ്റോറിയുമായി ഫാക്സ് സെന്‍റെറില്‍ എത്തിയപ്പോള്‍ അവിടത്തെ ചെക്കന്‍ കണ്ണ് മിഴിച്ചു. "എന്താ അനിലേട്ടാ, ഏഴു മണിക്ക്‌ നിങ്ങ ഇവിടെ?" അവന്‌ ഒരു പുഞ്ചിരി കൈമാറി അയാള്‍ വാര്‍ത്ത പുറത്തെടുത്തു . അവന്‌ കാര്യം മനസിലായിട്ടുണ്ടാകണം. ഓഫ്‌ ചെയ്തു വച്ചിരുന്ന ഫാക്സ് മഷിന്‍ പയ്യന്‍ വേഗം ഓണ്‍ ചെയ്തു . മഷിനില്‍ "Sent Ok" എന്നു കണ്ടപ്പോഴാണ് അയാള്‍ അല്‍പ്പം ശ്വാസമെടുത്തത്. ഫാക്സിന്റെ പണം നല്‍കി അയാള്‍ സാവധാനം പുറത്തിറങ്ങി. അടുത്തുള്ള ബേക്കറിയില്‍ നിന്നും മക്കള്‍ക്ക്‌ മധുരപലഹാരവും വാങ്ങി അയാള്‍ വീട്ടിലേക്ക്‌ നടന്നു.
 രാവിലെ പത്രത്തില്‍ ഫോട്ടോ സഹിതം കളറില്‍ വാര്‍ത്ത‍ വന്നത് കണ്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു. ഈ മാസത്തെ വരുമാനത്തിലേക്ക്  അനില്‍ ആ വാര്‍ത്ത കൂടി ചേര്‍ത്തു വച്ചു!


ഭാഗം 2  


വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന നേരത്താണ്  പെണ്ണു വീട്ടുകാരുടെ വിളി വരുന്നത്...സന്തോഷം  പറയാനാകും.. പെണ്ണിന്റെ ചേച്ചിയുടെ ഫോണ നമ്പര്‍ അപ്പോഴേ സേവ്  ചെയ്തിരുന്നു. ഒരു പത്രത്തില്‍ കളറില്‍ കല്യാണ പരസ്യം  കൊടുക്കാന്‍ കുറഞ്ഞത് 4000 രൂപയെങ്കിലും  വരും..ഇതിപ്പോ പത്തിന്റെ പൈസയുടെ ചെലവില്ലാതെ കാര്യം നടന്നില്ലേ? സന്തോഷം കാണാതിരിക്കുമോ?
"ഹലോ"....
"ഫ...തെണ്ടീ... നീയാരാടാ എന്‍റെ അമ്മായിയപ്പനോ ? കല്യാണം  വാര്‍ത്തയാക്കാന്‍ നിന്നോടാരാടാ പറഞ്ഞത്?"
'എന്തായിത് ഭഗവാനെ'... അനിലിന്റെ ഉള്ളൊന്നു പിടച്ചു. 
"എന്താ? ആരാ നിങ്ങള് ?"
"ഫ .. ചെറ്റേ... നിന്നോടാരാ എന്നേം ഭാര്യേം കുറിച്ച് വാര്‍ത്ത കൊടുക്കാന്‍ പറഞ്ഞത്?"
"അയ്യോ.. എന്ത് പറ്റി? അതിലെന്തെലും കുഴപ്പമുണ്ടോ?"
"കുഴപ്പമുണ്ടോന്നാ? "
"എന്‍റെ അച്ഛന്‍റെ ജാതി പേര് ചേര്‍ത്ത് നീ എന്‍റെ പേര് വിളിക്കും അല്ലേടാ?"
"അയ്യോ... ഞാന്‍ നിങ്ങളെ മോശക്കാരനാക്കിയില്ല കൊടുത്തത്.."
"പിന്നെ, രാജീവ്‌ 'നായര്‍' എന്നു നീ എഴുതിയതോ?
'ഭഗവാനെ... ഇതെന്തു കഥ? നായര്‍ എന്നു പെരിന്റൊപ്പം കൂടി വിളിച്ചതിന്  ചീത്ത വിളിക്കുന്നോ? എന്‍റെ കൃഷ്ണനെ.. നീ ഇത് കാണുന്നില്ലേ? '-അനില്‍ നെടുവീര്‍പ്പിട്ടു.
"എടാ...പത്ര പ്രവര്‍ത്തകാ  ..നായെ..ചോദിച്ചതിനു ഉത്തരം പറയെടാ..."-അങ്ങേത്തലക്കല്‍ ശകാരവര്‍ഷം തുടരുകയാണ്.
"ബാലന്‍ നായര്‍ എന്നല്ലേ നിങ്ങടെ അച്ഛന്‍റെ പേര്.. നിങ്ങടെ ഭാര്യേടെ ചേച്ചി തന്നെയാ അത്‌ പറഞ്ഞത്"
"വേറെ ആരേലും എന്തേലും പറഞ്ഞാല്‍ നീ അതൊക്കെ എഴുതുമോ? എങ്കില്‍ ഇതും കൂടി എഴുതെടാ... കു@***#....."
'ഈശ്വരാ.. ഞാന്‍ ഇന്ന് ആരെയാ കണി കണ്ടത്? എന്തൊക്കെയാ ഇയാള് പറയുന്നത്?'-അനില്‍ പകച്ചു...
"ഞാന്‍ ഈ കാലം മുഴുവന്‍ പട്ടികജാതിക്കാരനായാണ് വളര്‍ന്നു വന്നത്. എന്‍റെ അമ്മ പട്ടികജാതിക്കാരിയാണ്. പഠന കാലത്ത്  ആനുകൂല്യങ്ങള്‍ മുഴുവന്‍ വാങ്ങിയാണ് പഠിച്ചത്.. എന്നിട്ട് നീയെന്നെ  നായരാക്കാന്‍ നോക്കുന്നോ?"
"അല്ലാ.. മക്കളുടെ  രക്ഷകര്‍തൃത്വം  അച്ഛനാണല്ലോ..   സാധാരണ അച്ഛന്‍റെ കുടുംബവഴിയല്ലേ മക്കള്‍ക്കും.."-എതിര്‍ക്കാന്‍ അനിലൊരു ശ്രമം നടത്തി..
"എന്നു നിന്നോടാരു പറഞ്ഞു... മര്യാദക്ക് ഞങ്ങളുടെ എതിര്‍പ്പ് നാളെ പ്രസിധീകരിച്ചോണം .. ഇല്ലേല്‍ നീയൊക്കെ വിവരമറിയും..."
'ഹ .. അത്‌ കൊള്ളാം .. ഇതിനെയാണ് നായര് പിടിച്ച  പുലിവാലെന്ന് പറയുന്നത്...'-അനില്‍ ഓര്‍ത്തു..


ഭാഗം 3

 
'വധുവിനെ കാര്യം പറഞ്ഞു  മനസിലാക്കാം. അവരോടു ബ്യൂറോയിലെ ലേഡി റിപ്പോര്‍ട്ടര്‍ സംസാരിക്കട്ടെ.. പെണ്ണുങ്ങക്ക് കാര്യം പറഞ്ഞാല്‍ മനസിലാകും..' അനില്‍ വരന്റെ നമ്പര്‍ ലേഡി റിപ്പോര്‍ട്ടര്‍ക്കു കൈമാറി.
 "ഹലോ... രാജിയല്ലേ? രാജീവിന്റെ ഭാര്യ? ഞാന്‍ പത്രമാഫീസിന്നു വിളിക്കുവാ... എന്തോ പരാതി പറയാനുണ്ട് ന്ന് കേട്ടല്ലോ? എന്താ ദ്  ?" "
"നിങ്ങളൊരു പെണ്ണാണോ?"-അങ്ങേത്തലക്കല്‍ രാജി അലറുന്നത് കേട്ട് ലേഡി റിപ്പോര്‍ട്ടര്‍ പകച്ചു." എന്‍റെ ജീവിതം കലക്കാനാണോ നിങ്ങളൊക്കെ വാര്‍ത്ത എഴുതുന്നത്‌?"-രാജിയുടെ വിലാപം..
"ഓ ഡിയര്‍.. എന്ത് പറ്റി? എന്താ പ്രശ്നം ഉണ്ടായേ ? നിങ്ങടെ വാര്‍ത്ത വായിച്ചു ത്രില്ലടിച്ചു ഇരിക്കുവാ ഞാന്‍ ... അത്തരം ഒരു മാതൃക   കല്യാണം അങ്ങനെയൊന്നും നടക്കാറില്ല.. പിന്നെ എന്ത് പറ്റി?"
 "ഹ് മ്...   ഇതാണോ മാതൃകാ.. നിങ്ങടെ വാര്‍ത്ത വായിച്ചാല്‍ ഞാന്‍ അവന്റെ കൂടെ ഒളിച്ചോടി പോയി എന്നു തോന്നുമല്ലോ?"
"അപ്പൊ, നായര്‍ എന്നെഴുതിയതല്ലേ പ്രശ്നം? "-റിപ്പോര്‍ട്ടര്‍ക്കു സംശയം...
"അതും പ്രശനമാണ്.. ഇതും.. പിന്നെ, നിര്‍ധന യുവതിയെ കല്യാണം കഴിചൂന്നൊക്കെ എഴുതിയിട്ടുണ്ട് ലോ?  ഞാനെന്താ അവന്റെ ഔദാര്യം ഇരന്നു  വാങ്ങിയ പോലാണല്ലോ നിങ്ങള് എഴുതിയത്? "
"അപ്പൊ അതാണോ പ്രശ്നം?"- റിപ്പോര്‍ട്ടര്‍ക്കു  വീണ്ടും സംശയം...
"അതും പ്രശ്നം ആണ്..നിങ്ങളെന്താ അവനെ നായര്‍ ന്ന് ജാതിപ്പേര് കൂട്ടി എഴുതിയത്? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? "
"ഡിയര്‍.. നിങ്ങടെ ചേച്ചിയാണ് രാജീവ്‌ നായര്‍ എന്നു പറഞ്ഞു തന്നത്..."
"ആര് പറഞ്ഞാലും വേണ്ടീല്ലാ ... എന്‍റെ ചേച്ചി അത്‌ പറഞ്ഞു ന്ന് പറഞ്ഞിട്ട്ട് ഇപ്പൊ തന്നെ അവന്‍ ചൂടിലാ.. എന്‍റെ ജീവിതം കൊണ്ടാ നിങ്ങള് കളിക്കുന്നത്...അത്‌ ഓര്‍ത്തോണം..."
"അയ്യോ.. നിങ്ങടെ ജീവിതം ഞങ്ങള്‍ക്ക് വേണ്ട... നിങ്ങള്‍ ഒരു വിയോജനക്കുറിപ്പ് തന്നാല്‍ ഞാന്‍ അത്‌ കൊടുക്കാം... കഴിഞ്ഞില്ലേ കാര്യം?"
"അത്‌ പറ്റില്ല... എനിക്ക് നിങ്ങടെ എഡിറ്റെറോട്  സംസാരിക്കണം.. അയാളുണ്ടോ അവിടെ ? ഇതാണോ നിങ്ങടെ പത്ര ധര്‍മ്മം?"
പട പേടിച്ചു പന്തളത്തു ചെന്നപ്പോ അവിടെ പന്തം കൊളുത്തി പട കണ്ട ലേഡി റിപ്പോര്‍ട്ടര്‍ ഒടുവില്‍ ആ നവ വധുവിനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങി. 


 ഭാഗം 4 

 
 "ഹലോ... രാജീവല്ലേ? ഇത് എഡിറ്റര്‍ ആണ്"
"എടൊ, താനാണല്ലേ   എഡിറ്റര്‍? താനൊക്കെ എന്ത് എഡിറ്റര്‍ ആണെടോ? പട്ടികജാതിക്കാരനെ നായര്‍ ആക്കുന്നതാണോ തന്റെ എഡിറ്റിംഗ് ? ഇത്തരം അബോധ വാര്‍ത്തകള്‍ എഴുതാന്‍ തനിക്കെങ്ങനെ ധൈര്യം വന്നു?"
"സഹോദരാ..  പ്രശ്നം നമുക്ക് തീര്‍ക്കാം.."
"എന്ത് തീര്‍ക്കാം ന്ന്? കൊന്നിട്ട് ശ്വാസം കൊടുത്തിട്ട് എന്ത് കാര്യമുണ്ട്? "
"ഹാ.. നമുക്ക് ശരിയാക്കാം.. പറഞ്ഞോളൂ ..."
"എഴുതിക്കോ... ' ബുദ്ധ ധമ്മ വിവാഹത്തിലൂടെ ഞാന്‍ തുറന്നിടാന്‍ ശ്രമിച്ച മതേതര വാതില്‍ കൊട്ടിയടക്കാന്‍ ശ്രമിച്ചത് ഒട്ടും ശരിയായില്ല. പട്ടികജാതിക്കാരനായ ഞാനും നായരായ എന്‍റെ ഭാര്യയും രാജ്യത്ത് പ്രചരിക്കുന്ന മതാന്ധതയെ  ചെറുത്ത് തോല്‍പ്പിക്കാനാണ് ശ്രമിച്ചത്.ജാതി ചോദിക്കരുത് എന്നു പറയുന്ന ഒരു നാട്ടില്‍ എന്നെയും എന്‍റെ ഭാര്യയെയും  കുറിച്ച് വാര്‍ത്ത എഴുതുന്ന പത്രത്തിന്റെ നിലപാട് ജാതിയല്ലാതെ മറ്റെന്താണ്?' ഹാ... ഇത്ര മതി..."
"ശരി ഇത് നാളെ പ്രസിദ്ധീകരിക്കാം..." അല്‍പ്പമൊന്നു വിയര്‍ത്തെങ്കിലും എഡിറ്റര്‍ കാര്യം ഒത്തു തീര്‍ത്തു..
  അങ്ങനെ  വിളിക്കാത്ത കല്യാണത്തിന് പോയി സ്പെഷ്യല്‍ സ്റ്റോറി കൊടുത്ത പ്രാദേശിക ലേഖകനും അത്‌ വഴി ലേഡി റിപോര്‍ടെറും  എഡിടെറും   പത്രവും വയറു നിറച്ചു തെറിവിളിയുണ്ടു...
കൂട്ടുകാരെ .... എന്താ കഥ?
 നായരേ എന്നു വിളിച്ചതിന് ചീത്ത കേള്‍ക്കേണ്ടി വന്നു എന്നത് വിശ്വസിക്കാനാകുന്നില്ല ല്ലേ? എങ്കില്‍, വിശ്വസിക്കണം... അല്ലെങ്കിലും ഞാനൊരു സവര്‍ണനല്ല എന്നു പറയാന്‍ നാമെന്തിനു വിഷമിക്കണം?
ഞാനൊരു പട്ടികജാതിക്കാരനാണേയ്   എന്നു വിലപിക്കുന്നവരുടെ കാലമാണിത്.. അടുത്തിടെ ഒരു പാര്‍ലിമെന്റ് അംഗവും ഇതു പോലെ പറഞ്ഞു.. അദ്ദേഹം പട്ടികജാതിക്കാരനല്ല എന്നു  തെളിയിക്കാന്‍ ആണ് കുറെ പേരുടെ ഇപ്പോഴത്തെ ശ്രമം... നേരത്തെ പട്ടികജാതി എന്നു പറഞ്ഞാല്‍ പട്ടികയും എടുത്തു ഓടി വരുന്നവരുടെ കാലം പോയി. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ , കൂട്ടുകാരെ നമ്മളാരും നാണിക്കരുത് ... ജാതിയിലല്ല  ..  മനുഷ്യത്വത്തില്‍ ആണ് കാര്യം...മതവും ജാതിയും അവയുടെ പുരോഹിതരും അടിച്ചേല്‍പ്പിക്കുന്ന അന്യായ നിയമങ്ങള്‍ അല്ല നമുക്ക് വേണ്ടത്...  കൂടെയുള്ളവന്റെ വേദന അറിയുന്നവനെയാണ് ദൈവം ആദ്യം സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിപ്പിക്കുക...
കഥയുടെ സാരാംശം
എന്താ കഥയുടെ സാരാംശം? നിങ്ങളു തന്നെ പറ..... ഈ  കുറിപ്പിന്റെ അവകാശി 
ജിഷ എലിസബത്ത്
Share/Bookmark

2 അഭിപ്രായ(ങ്ങള്‍):

 • അജ്ഞാതന്‍ says:
  2010, സെപ്റ്റംബർ 8 12:59 AM

  എന്തൊരു ലോകം ദൈവമേ !

  ഈദ്‌ ആശംസകള്‍

 • അജ്ഞാതന്‍ says:
  2010, സെപ്റ്റംബർ 8 3:11 PM

  നമ്മള്‍ മലയാളികള്‍ !

  ഇതിലും കുടുതല്‍ ''സംഭവിക്കും''

  ഇപ്പൊ എനിക്കും സംശയം , ഏതാ ഈ "ജാതി" ?

Google+ Followers

Blogger templates

.

ജാലകം

.