വാര്‍ത്താ ചാനലിന്സ്വന്തമായൊരു മുഖം ഉണ്ടാക്കിയെടുത്ത ഇന്ത്യാവിഷന്‍ ചാനലില്‍ നിന്നും എം വി നിഗേഷ്‌കുമാറിനു പിന്നാലെ ചാനല്‍ ചെയര്‍മാനും ഇന്ത്യാവിഷന്റെ സൃഷ്‌ടാവുമായ ഡോ.മുനീറും ചാനലില്‍നിന്നും പടിയിറങ്ങുന്നു. മലയാളത്തില്‍ ന്യൂസ് ചാനലിനു എന്തു പ്രസക്തിയെന്ന ചോദിച്ചിരുന്ന കാലത്താണ് ഡോ.മുനീര്‍ ഇന്ത്യാവിഷന്‍ ആരംഭിക്കുന്നത്. കുറഞ്ഞ കാലയളവുകൊണ്ട് ഇന്ത്യാവിഷന്‍ മലയാളികളുടെ സ്വന്തം ന്യൂസ് ചാനലെന്ന സ്ഥാനവും കരസ്ഥമാക്കി. എന്നാല്‍ പ്രശസ്‌തിക്കൊപ്പം പരാതികളും ആരോപണങ്ങളും ചാനലിനേയും അതിന്റെ അമരക്കാരനായ മുനീറിനേയും വേട്ടയാടിക്കൊണ്ടിരുന്നു.മുസ്‌ലീം ലീഗിന്റെ ചാനലെന്നും സമുദായത്തിന്റെ ചാനലെന്നും പറഞ്ഞാണ് വിദേശമലയാളികളില്‍ നിന്നും മുനീര്‍ ഷെയര്‍പിരിച്ചതെന്നും എന്നാല്‍ വാര്‍ത്തകളിലുടനീളം മുസ്‌ലീം വിരുദ്ധവാര്‍ത്തകള്‍ വരുന്നത് മുനീറിന്റെ അറിവോടെയാണെന്നുമായിരുന്നു ആദ്യകാലങ്ങളില്‍ ഉയര്‍ന്ന പ്രധാന ആരോപണം. അപ്പോഴൊക്കെ ചാനല്‍ സ്വതന്ത്രസ്ഥാപനമാണെന്നും വാര്‍ത്തയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും താന്‍ ഇടപെടില്ലെന്നും മുനീര്‍ നയം വ്യക്തമാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ മാറാട് കലാപം, റെജീന കേസ് പോലുള്ള വിഷയങ്ങളില്‍ മുനീറിന് വിയോജിപ്പുകളുള്ള പാര്‍ട്ടി ജനറല്‍സെക്രട്ടറികൂടിയായ കുഞ്ഞാലിക്കുട്ടിയോടുള്ള പക തീര്‍ക്കാന്‍ മുനീര്‍ ഇന്ത്യാവിഷനെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഇപ്പോഴും ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ വികാരം പ്രകടിപ്പിക്കുന്നു. നല്ല നിലയിലേക്ക് ഉയരുകയായിരുന്ന ഇന്ത്യാവിഷന്‍ റെജീന സംഭവം ഏറ്റെടുത്തതോടെ ഷെയറുടമകളായ പ്രവാസികള്‍ കൂട്ടത്തോടെ തങ്ങളുടെ ഷെയറുകള്‍ കൈയ്യൊഴുഞ്ഞതാണ് ഇന്ത്യാവിഷന്റെ ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കങ്ങള്‍ക്കും പ്രതിസന്ധിയുടേയും തുടക്കം. അതു നികത്താന്‍ മുനീര്‍ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും മുനീറിന്റേയും അദ്ദേഹത്തിന്റെ ഭാര്യയുടേയും പേരില്‍ മൂന്നുകോടി രൂപ വായ്‌പ എടുക്കുകയും കൃത്യമായ തിരിച്ചടവില്ലാതെ വന്നപ്പോള്‍ ബാങ്ക് ജപ്‌തിനടപടികള്‍ക്കൊരുങ്ങിയതും ചാനലിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇപ്പോഴും ഈ ബാങ്കിലെ വായ്‌പ തിരിച്ചടവ് പൂര്‍ത്തിയാക്കാന്‍ മുനീറിനായിട്ടില്ല. സാമ്പത്തികമായി പ്രതിസന്ധിയിലകപ്പെട്ടതിനിടയിലാണ് മുസ്‌ലീം ലീഗ് നേതൃത്വം മുനീറിനെതിരെ ശക്തമായ നിലപാടുകളെടുക്കാന്‍ തീരുമാനിച്ചതത്രെ. പാര്‍ട്ടിക്കും പാര്‍ട്ടിനേതാക്കള്‍ക്കും പ്രത്യേകിച്ച് പാര്‍ട്ടിജനറല്‍സെക്രട്ടറിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കുകയും ആക്ഷേപഹാസ്യപരിപാടികളായ പൊളിട്രിക്‌സ് പോലുള്ള പരിപാടികളില്‍ ഹീനമായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്ന പരാതിയിലാണ് നേതൃത്വം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് അറിയുന്നത്. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ശാസനകളും ചാനലിലെ സാമ്പത്തിക പ്രതിസന്ധികളും കൂടിയായപ്പോള്‍ മുനീര്‍ ചാനല്‍ വിടാന്‍ തീരുമാനക്കുകയായിരുന്നുവെന്നാണ് ഇന്ത്യാവിഷനില്‍നിന്നും അറിയാന്‍ കഴിയുന്നത്. ഐ ബി സി എന്ന പേരില്‍ പാര്‍ട്ടി തന്നെ പുതിയൊരു ചാനല്‍ തുടങ്ങാനിരിക്കെ പാര്‍ട്ടിവിരുദ്ധചാനലെന്ന പേരുള്ള ഇന്ത്യാവിഷനില്‍ ചെയര്‍മാനായിരിക്കുന്നത് രാഷ്‌ട്രീയമായി തനിക്ക് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവും മുനീറിനുണ്ടത്രെ. മുനീറിനോട് പാര്‍ട്ടിവേണൊ ഇന്ത്യാവിഷന്‍ വേണോ എന്നു തീരുമാനിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുനീറിനു പുറമെ ചാനലില്‍ ഷെയറുള്ള മുത്തൂറ്റ് ഗ്രൂപ്, ഐ എം എ എന്നീ ഗ്രൂപ്പുകള്‍ മുനീറിന്റെ ഷെയര്‍കൂടി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏതാനും നാളുകള്‍ക്കുള്ളില്‍ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകും. ഇന്ത്യാവിഷന്‍ വിടുന്നതുമായി ബന്ധപ്പെട്ട ഒരു കാര്യവും പുറത്തുപോകരുതെന്ന് ഇന്ത്യാവിഷന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി ജീവനക്കാര്‍ പറയുന്നു. മുനീറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണംഓണ്‍ലൈന്‍
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ