മാര്‍ട്ടിന്‍ മലയാളിയെ പിഴിയുന്ന വിധം -3



യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയോഗിച്ചത്. ജനങ്ങളോടാണോ ലോട്ടറി മാഫിയയോടാണോ സര്‍ക്കാറിന് കൂറെന്ന് മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മാത്രം മതി. വിവിധ കോടതികളിലായി നടന്ന അന്യ സംസ്ഥാന ലോട്ടറി കേസുകളില്‍ മുഴുവന്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു.
അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ തഴച്ചുവളരാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലുമായി. ഓണ്‍ലൈന്‍ ലോട്ടറികളുെട രൂപത്തില്‍ ഈ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ മഹാമാരി നമ്മുടെ നാട്ടിലെത്തിയത്. സൂപ്പര്‍ലോട്ടോ, പ്ലേ വിന്‍ ലോട്ടറികളായിരുന്നു അന്ന് ജനത്തിന് ഹരം. നടത്തിപ്പ് ആരെന്നോ നറുക്കെടുപ്പ് എവിടെന്നോ അറിയില്ലെങ്കിലും ജനം ലോട്ടറി കൗണ്ടറുകള്‍ക്കു മുന്നില്‍ തിരക്കു കൂട്ടി. ടെലിവിഷനില്‍ കാണിക്കുന്ന ഫലം കണ്ണടച്ചു വിശ്വസിച്ച അവര്‍ സമ്മാനം കിട്ടാത്തത് ദൗര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്നു കരുതി സമാധാനിച്ചു. പൊതുജനത്തെ കറക്കി നിലത്തിടാനുള്ള അടവുകള്‍ പ~ിച്ചവരായിരുന്നു ഓണ്‍ലൈന്‍ ലോട്ടറി മാഫിയ.
ഒരു തവണ ആര്‍ക്കും സമ്മാനം കിട്ടിയില്ലെങ്കില്‍ അടുത്ത നറുക്കിലെ സമ്മാനങ്ങള്‍ ഇരട്ടിയാകുമെന്ന പ്രഖ്യാപനമായിരുന്നു ഇക്കൂട്ടത്തിലെ ബ്രഹ്മാസ്ത്രം. അതുകൊണ്ടുതന്നെ പല നറുക്കുകളും ആര്‍ക്കും സമ്മാനമില്ലാതെ കഴിഞ്ഞുപോയി. പക്ഷേ, അടുത്ത തവണ കിട്ടാനിരിക്കുന്ന ഭീമമായ സമ്മാനത്തുകയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഇരിക്കപ്പൊറുതി കിട്ടാത്തവര്‍ പിന്നെയും കൃത്യമായി കൗണ്ടറുകളില്‍ എത്തിക്കൊണ്ടിരുന്നു. കോടികളാണ് സമ്മാനത്തുകയെങ്കിലും അവ കിട്ടിയത് ഏതാനും പേര്‍ക്കുമാത്രം. എറണാകുളം സ്വദേശിക്ക് കിട്ടിയ നാല് കോടിയെ കണ്ട് മോഹിച്ചാണ് ബാക്കി മലയാളികള്‍ ഈ തട്ടിപ്പ് കണ്ണടച്ച് വിശ്വസിച്ചത്.
സത്യത്തില്‍ അതൊരു ബിസിനസ് തന്ത്രം മാത്രമായിരുന്നു. വിശ്വാസ്യത പിടിച്ചുപറ്റാന്‍ നല്‍കിയ ഒരു പരസ്യം മാത്രമായി ഈ സമ്മാനത്തെ കണ്ടാല്‍ മതി. അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അദ്ദേഹം അവസരോചിതമായി ഇടപെട്ടു. ഈ നീക്കം ഓണ്‍ലൈന്‍ ലോട്ടറികള്‍ ഉള്‍പ്പെടെ എല്ലാവിധ ലോട്ടറികളും നിരോധിക്കുന്നതിലാണെത്തിയത്. ഈ കാലത്താണ് എസ്. മാര്‍ട്ടിന്‍ അഥവാ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ എന്ന പേര് മലയാളികള്‍ കേട്ടുതുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ഏജന്റുമാര്‍ പട്ടിണിയിലാവുകയും വ്യാപകമായ പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും പേപ്പര്‍ ലോട്ടറികളുടെ കച്ചവടം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
അവന്‍ വീണ്ടും വന്നു!
ഇതിന്റെ മറപിടിച്ചാണ് ഭൂട്ടാന്‍, സിക്കിം പേപ്പര്‍ ലോട്ടറികള്‍ ഇവിടെ വ്യാപകമായത്. ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചപ്പോഴുണ്ടായ നഷ്ടം നികത്താന്‍ ലോട്ടറി മാഫിയ ഉപയോഗിച്ചത് ഭൂട്ടാന്‍, സിക്കിം ലോട്ടറികളെയാണ്. കേരള ലോട്ടറികളുടെ നടത്തിപ്പിന് വിഭിന്നമായി തങ്ങളുടെ പ്രമോട്ടര്‍മാര്‍ വഴിയാണ് ഭൂട്ടാന്‍, സിക്കിം സര്‍ക്കാറുകള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ലോട്ടറി വില്‍പന നടത്തിയിരുന്നത്. പ്രമോട്ടര്‍മാര്‍ എന്തുചെയ്യുന്നുവെന്നോ, എങ്ങനെ വില്‍ക്കുന്നുവെന്നോ പരിശോധിക്കാനോ ഉള്ള സംവിധാനങ്ങളൊന്നും ഫലപ്രദമായിരുന്നില്ല. പ്രമോട്ടര്‍മാര്‍ സ്വന്തം നിലക്ക് ലോട്ടറിയടിച്ച് വിതരണം ചെയ്യുന്ന സ്ഥിതി വളരെക്കാലമായി കേരളത്തില്‍ നിലനില്‍ക്കുകയാണ്. ഇതിന് രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുന്നു എന്ന ആരോപണവും വളരെക്കാലമായി ഉയര്‍ന്നു കേട്ടിരുന്നു.
ദേശാഭിമാനിക്ക് സാന്‍ഡിയാഗോ മാര്‍ട്ടിന്‍ രണ്ടുകോടി രൂപ നല്‍കിയതിന് ഇത്തരം ക്രമക്കേടുകളുമായി ബന്ധമുണ്ടെന്ന ആരോപണം വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ദേശാഭിമാനി രണ്ടു കോടി രൂപ തിരികെ നല്‍കിയതോടെ കെട്ടടങ്ങിയ വിവാദങ്ങള്‍ക്ക് വീണ്ടും ജീവന്‍വെക്കുന്നത് ജൂലൈ 27ന് പറവൂര്‍ എം.എല്‍.എ വി.ഡി. സതീശന്‍ നിയമസഭയില്‍ അഴിമതിയാരോപണം ഉന്നയിച്ചതോടെയാണ്. സാന്‍ഡിയാഗോ മാര്‍ട്ടിനുമായി ബന്ധമുള്ള രണ്ടു പുതിയ ലോട്ടറികള്‍ കേരളത്തില്‍ നടത്താന്‍ അനുമതി നല്‍കിയതില്‍ 25 കോടിയുടെ അഴിമതി നടന്നതായും ഈ ഇടപാടുവഴി സി.പി.എമ്മിന് 100^150 കോടി കിട്ടുന്നു എന്നുമാണ് സതീശന്‍ ആരോപിച്ചത്. ജൂലൈ മൂന്നിനാണ് രണ്ടു പുതിയ ലോട്ടറികള്‍ക്കുകൂടി സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നിയമപ്രകാരം ഒരു മാസം മുമ്പ് നികുതി അടച്ചെങ്കില്‍ മാത്രമേ ലോട്ടറി അനുവദിക്കാനാവൂ. എന്നാല്‍, പണമടച്ച് മൂന്നാം ദിവസമാണ് പാലക്കാട് അസിസ്റ്റന്റ് കമീഷണര്‍ ഈ ലോട്ടറികള്‍ക്ക് അനുമതി നല്‍കിയത്. ഈ രണ്ടു ലോട്ടറിയുംകൂടി 22.5 കോടി രൂപ പ്രതിദിനം കേരളത്തില്‍നിന്ന് കടത്തും. ഇതു തടയാന്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനായില്ല. നിലവില്‍ 40 കോടി രൂപയാണ് ഓരോ ദിവസവും കേരളത്തില്‍നിന്ന് അന്യ സംസ്ഥാന ലോട്ടറികള്‍ കൊണ്ടുപോകുന്നത്. ഒരു വര്‍ഷം 14,600 കോടി രൂപ ഈ വിധത്തില്‍ നമുക്ക് നഷ്ടപ്പെടുന്നുണ്ട്.
കേരളീയരെ വിഴുങ്ങുന്ന ഭൂതം
അന്യ സംസ്ഥാന ലോട്ടറികളെക്കുറിച്ച് അന്വേഷിച്ച ഡി.ജി.പി സിബി മാത്യൂസ് ഇവരില്‍നിന്ന് നികുതി ഈടാക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. നികുതി നല്‍കാതെ പ്രവര്‍ത്തിക്കാനാവില്ലെന്നതിനാല്‍ അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ ഇതു സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, മൂന്നര വര്‍ഷമായി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ഈ റിപ്പോര്‍ട്ട് കോടതിയില്‍പോലും എത്തിയില്ല.
സംസ്ഥാനത്ത് നിലവിലുള്ള നിയമപ്രകാരം ഏതെങ്കിലുമൊരു നറുക്കെടുപ്പ് നടത്താന്‍ ഏഴു ലക്ഷം രൂപ മുന്‍കൂര്‍ നികുതി നല്‍കണം. ഇതിനുള്ള ടിക്കറ്റുകള്‍ പല സീരീസുകളിലായിരിക്കും അച്ചടിച്ചു വില്‍ക്കുക. പക്ഷേ, എല്ലാംകൂടി ഒറ്റനറുക്കില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം ഓരോ സീരീസും പ്രത്യേകം നറുക്കിട്ടാണ് മാഫിയ പണം കൊയ്യുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും ഇത്തരത്തില്‍ ഇതുതന്നെ തുടരുന്നു. സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പില്‍ മാത്രം ദിവസംതോറും 49 ലക്ഷം രൂപ കിട്ടേണ്ട സ്ഥാനത്ത് ഏഴു ലക്ഷം രൂപ മാത്രമാണ് മാഫിയ അടക്കുന്നത്. സിക്കിം ലോട്ടറിയുടെ രാജ്യത്തെ പ്രമോട്ടറായി സിക്കിം സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സാന്‍ഡിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് െസാല്യൂഷന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ്. സിക്കിമിലെ ഗാങ്‌ടോക് ആസ്ഥാനമാക്കിയാണിത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മാര്‍ട്ടിന്റെ ബന്ധുവായ എ. ജോണ്‍ കെന്നഡി കോയമ്പത്തൂര്‍ ആസ്ഥാനമാക്കി സ്ഥാപിച്ച മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനമാണ്  കേരളത്തില്‍ സിക്കിം ലോട്ടറി വില്‍ക്കുന്നത്. ഭൂട്ടാന്‍ സര്‍ക്കാര്‍ അവരുടെ ഇന്ത്യയിലെയും ഭൂട്ടാനിലെയും പ്രമോട്ടറായി നിയമിച്ചിരിക്കുന്നത് മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മാര്‍ട്ടിന്‍ ലോട്ടറീസിനെയാണ്. എന്നാല്‍, ഇതും കേരളത്തില്‍ വില്‍ക്കുന്നത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണ്.
സര്‍ക്കാറിന്റെ വലിയ തോല്‍വികള്‍
രള സര്‍ക്കാര്‍ 2005ല്‍ കൊണ്ടുവന്ന നിയമപ്രകാരം സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകള്‍ പ്രമോട്ടറായി നിശ്ചയിച്ച സ്ഥാപനത്തില്‍നിന്നു മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കാന്‍ പാടുള്ളൂ. എന്നാല്‍, വര്‍ഷങ്ങളായി സംസ്ഥാന നികുതി വകുപ്പ് മേഘയില്‍നിന്ന് മുന്‍കൂര്‍ നികുതി ഈടാക്കിയാണ് ലോട്ടറിക്കച്ചവടം നടത്താന്‍ അനുവദിച്ചിരുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്യസംസ്ഥാന ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ലോട്ടറിയുടെ വിതരണക്കാരനായ ജോണ്‍ റോസ് കോടതിയെ സമീപിച്ചു. രജിസ്‌ട്രേഷന്‍ നിരോധിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നായിരുന്നു കോടതി വിധി. പിന്നീട് ജോണ്‍ റോസിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ബാലാജി ഏജന്‍സീസില്‍ നിന്നുമാത്രം മുന്‍കൂര്‍ നികുതി വാങ്ങാതെ മറ്റുള്ളവരില്‍നിന്നു നികുതി ഈടാക്കുകയും ചെയ്തു.
ഇതിനെതിരെ ജോണ്‍ റോസ് വീണ്ടും കോടതിയിലെത്തി. ഒരാളില്‍നിന്നുമാത്രം മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ ആവില്ലെന്നായിരുന്നു ഇക്കുറി കോടതി വിധിച്ചത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയോഗിച്ചത്.
ജനങ്ങളോടാണോ ലോട്ടറി മാഫിയയോടാണോ സര്‍ക്കാറിന് കൂറെന്ന് മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മാത്രം മതി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ കോടതികളിലായി നടന്ന അന്യ സംസ്ഥാന ലോട്ടറി കേസുകളില്‍ മുഴുവന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇവയുടെ എണ്ണം മുപ്പതിലേറെ വരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ തന്നെ സമ്മതിക്കുന്നു.
നിയമ നൂലാമാലകളില്‍ സര്‍ക്കാര്‍ എങ്ങനെ തോല്‍ക്കുന്നുവെന്നതിനെക്കുറിച്ച് നാളെ

Blogger templates

.

ജാലകം

.