അമ്മയുടെ വിവരക്കേടുകള്‍ !


കമലഹാസനെ ബഹിഷ്‌കരിച്ചതിന്‌ പിന്നില്‍ 'താര'രാഷ്‌ട്രീയം.


 സംസ്‌ഥാന സര്‍ക്കാര്‍ കമലഹാസനെ ആദരിച്ച ചടങ്ങില്‍ താരസംഘടനയില്‍ നിന്ന്‌ ആരും പങ്കെടുക്കാതിരുന്നതിനു പിന്നില്‍ നടന്മാരുടെ രാഷ്‌ട്രീയ താല്‍പ്പര്യവും ഈഗോയും. മലയാളത്തിലെ പല തലമുതിര്‍ന്ന താരങ്ങളെയും ആദരിക്കാത്ത സര്‍ക്കാര്‍ പുറത്തുനിന്ന്‌ ഒരാളെ ആദരിക്കുന്ന ചടങ്ങില്‍ സഹകരിക്കേണ്ടതില്ലെന്നും 'അമ്മ'യിലെ മുതിര്‍ന്ന അംഗങ്ങള്‍ വാദിച്ചതു സംഘടന അംഗീകരിക്കുകയായിരുന്നു.
രാഷ്‌ട്രീയക്കാരനായ അമ്മ ഭാരവാഹിയാണു ചടങ്ങ്‌ ബഹിഷ്‌കരിക്കണമെന്നു ശക്‌തമായി വാദിച്ചത്‌.
മുന്‍പ്‌ സര്‍ക്കാരിനു വേണ്ടി ലോട്ടറി വില്‍ക്കാന്‍ ഇറങ്ങിയപ്പോഴും തെരഞ്ഞെടുപ്പില്‍ വി.എസ്‌. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുളളവര്‍ക്കു വേണ്ടി അമ്മയിലെ പ്രമുഖര്‍ പരസ്യമായി നിലപാട്‌ സ്വീകരിച്ചിട്ടും സര്‍ക്കാര്‍ മലയാളസിനിമയ്‌ക്ക് ഗുണകരമാകുന്ന തീരുമാനങ്ങള്‍ സ്വീകരിച്ചില്ലെന്നതും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടത്‌ ആഭിമുഖ്യമുള്ള ചാനല്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്കു പണമുണ്ടാക്കാന്‍ മലയാള സിനിമയിലെ താരങ്ങള്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും ഇദ്ദേഹം സംഘടനയില്‍ വാദിച്ചു. അമ്മയിലെ ഒരു വിഭാഗം അംഗങ്ങളും ഇതിനോടു യോജിച്ചപ്പോള്‍ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ളവര്‍ ഇതിനു വഴങ്ങുകയായിരുന്നു. ചടങ്ങിനെക്കുറിച്ചു വേണ്ടവിധത്തില്‍ അറിയിച്ചിരുന്നില്ലെന്നും സംഘടന ആരോപിക്കുന്നു.
ചടങ്ങുമായി ബന്ധപ്പെട്ടു കഴിഞ്ഞ മൂന്നാം തീയതിയാണ്‌ അറിയിപ്പ്‌ ലഭിക്കുന്നത്‌. പരിപാടിയെക്കുറിച്ച്‌ ആലോചനാ യോഗം നടക്കുന്നു, പങ്കെടുക്കണം എന്നു മാത്രമായിരുന്നു അറിയിപ്പില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ ഈ ദിവസം സംഘടനയുടെ ഭാരവാഹികള്‍ സ്‌ഥലത്തുണ്ടായിരുന്നില്ലെന്നു ഭാരവാഹി കൂടിയായ നടന്‍ 'മംഗള'ത്തോടു പറഞ്ഞു. പിന്നീടു സാംസ്‌കാരിക വകുപ്പ്‌ തങ്ങളെ പരിപാടിയുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും അറിയിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
കമലഹാസനുണ്ടായ തെറ്റിദ്ധാരണ മാറാന്‍ ഒരു ഫോണ്‍കോളിന്റെ കാര്യമേയുളളുവെന്നും മുപ്പതാം തീയതി അമ്മയുടെ എക്‌സിക്യൂട്ടീവ്‌ യോഗം ചേര്‍ന്ന ശേഷം കമലഹാസനെ വിളിച്ച്‌ വിവരങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ഭാരവാഹി പറഞ്ഞു.
കമലാഹാസനെതിരേയുളള അമ്മയുടെ നിലപാടില്‍ സംഘടനയ്‌ക്കുളളിലും ഉയര്‍ന്നിരിക്കുന്ന എതിര്‍പ്പുകള്‍ ഇതിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ്‌ ഇവര്‍ കരുതുന്നത്‌.

-എം.എസ്‌. സന്ദീപ്‌

Google+ Followers

Blogger templates

.

ജാലകം

.