'അസവര്‍ണരും 'ഒരു സുകുമാരനും ...

'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം' എന്ന ഒരു കൃതി പൊലീസ് പിടിച്ചെടുത്തതായി വാര്‍ത്ത വന്നിരുന്നല്ലോ. മതവിദ്വേഷം വളര്‍ത്തുന്ന കൃതിയാണതെന്ന് വാര്‍ത്തയില്‍ കാണുന്നു. ഒരു സുകുമാരന്‍ എഴുതിയെന്ന പേരില്‍ മുസ്‌ലിംകള്‍ പ്രസിദ്ധീകരിച്ചതാണ് ആ കൃതിയെന്ന് ഒരു പത്രം വെച്ചുകാച്ചുകയും ചെയ്തു. ആരാണീ 'ഒരു സുകുമാരന്‍'? കേരളത്തില്‍ സുകുമാരന്മാര്‍ എല്ലാ രംഗത്തുമുണ്ട്. കേരള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട ഒരു സുകുമാരനുണ്ട്, പത്രാധിപര്‍ കെ. സുകുമാരന്‍. 'കേരള കൗമുദി'യുടെ സ്ഥാപക പത്രാധിപരാണ് അദ്ദേഹം. 'പത്രാധിപര്‍' എന്ന പേരിന്റെ പര്യായപദം പോലെയാണ് കെ. സുകുമാരന്‍ അറിയപ്പെട്ടിരുന്നത്. 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം' എന്ന കൃതിയില്‍ ഒരു ലേഖനമെഴുതിയിരിക്കുന്നത് ഈ കെ. സുകുമാരനാണ്. അദ്ദേഹത്തെയാണ് 'ഒരു സുകുമാരന്‍' എന്ന മുസ്‌ലിമാക്കി ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തിയത്. 'ഒരു സുകുമാരന്‍' യഥാര്‍ഥത്തില്‍ 'കേരള കൗമുദി' പത്രാധിപര്‍ കെ. സുകുമാരന്‍ തന്നെയാണെന്ന കാര്യം മുസ്‌ലിം വിരോധംകൊണ്ട് തിരിച്ചറിഞ്ഞില്ലെന്നു വേണം കരുതാന്‍.

സവര്‍ണര്‍ അടിമകളാക്കിയിരുന്ന ഈഴവര്‍ ഉള്‍പ്പെടെയുള്ള അസവര്‍ണര്‍ വിമോചനത്തിന്റെ പല മാര്‍ഗങ്ങളും അന്വേഷിക്കുന്ന കാലമായിരുന്നു 1930കള്‍. അന്നത്തെ കേരളത്തെ പിടിച്ചുകുലുക്കിയ വിചാരവിപ്ലവമായിരുന്നു മതപരിവര്‍ത്തന വാദം. ഹിന്ദുവായി മരിക്കണമോ അഹിന്ദുവായി ജീവിക്കണമോ എന്ന ചോദ്യത്തിന്റെ മുമ്പില്‍ ഈഴവര്‍ തൊട്ട് താഴോട്ടുവരുന്ന ജാതികള്‍ ഇതികര്‍ത്തവ്യതാമൂഢരായി നിന്ന കാലഘട്ടത്തില്‍ കൊച്ചിയിലെ 'കേരള തിയ്യ യൂത്ത്‌ലീഗ്' പ്രസിദ്ധീകരിച്ചതാണ് 'അവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം' എന്ന കൃതി. അയിത്തത്തിന്റെ നുകം വലിച്ചെറിഞ്ഞ് സ്വതന്ത്രമനുഷ്യരാകാന്‍ വെമ്പല്‍കൊണ്ട ഈഴവരുടെ മുന്നില്‍ തുറന്ന ഒരു വിമോചനമാര്‍ഗമായിരുന്നു ഇസ്‌ലാം. കെ. സുകുമാരന്റെ അച്ഛന്‍ സി.വി. കുഞ്ഞുരാമന്‍ ക്രിസ്തുമതമാണ് നല്ലത് എന്ന പ്രചാരണമാണ് നടത്തിയത്. മരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് എട്ടു ലക്ഷം ഈഴവര്‍ (തിരുവിതാംകൂറിലെ ക്രിസ്തുമതം സ്വീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കെ. സുകുമാരന്‍ (കേരള കൗമുദി), എസ്.എന്‍.ഡി.പി യോഗം നേതാക്കളായ കെ.പി. തയ്യില്‍, എ.കെ. ഭാസ്‌കര്‍, സഹോദരന്‍ അയ്യപ്പന്‍, ഒറ്റപ്പാലം പി.കെ. കുഞ്ഞുരാമന്‍ എന്നിവര്‍ ഇസ്‌ലാംമതത്തെ ആശ്ലേഷിക്കുന്നതില്‍ താല്‍പര്യം കാണിച്ചു. ഇവരാണ് 'ഒരു സുകുമാര'ന്റെ 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം' എന്ന കൃതി എഴുതിയത്. 1936 ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. പ്രശസ്ത പത്രപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌കറുടെ അച്ഛനാണ് ഇതിലെ ഒരു ലേഖകനായ എ.കെ. ഭാസ്‌കര്‍. മറ്റൊരു ലേഖകനായ കെ. അയ്യപ്പന്‍ വിപ്ലവകാരിയായ സഹോദരന്‍ അയ്യപ്പന്‍ തന്നെ. ബുദ്ധമതത്തിന്റെ പ്രസക്തിയെപ്പറ്റിയും അദ്ദേഹം മറ്റു കൃതികളില്‍ എഴുതിയിട്ടുണ്ട്. 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം'  എന്ന കൃതിയിലെ കര്‍ത്താക്കളെല്ലാം ഈഴവനേതാക്കളാണ്. ഈഴവ ഉല്‍പതിഷ്ണുത്വം തിളച്ചുപൊങ്ങിയിരുന്ന കാലഘട്ടമായിരുന്നു അത്. വര്‍ണമേധാവിത്വത്തിന്റെ കോട്ടകൊത്തളങ്ങളില്‍ അവര്‍ മാറ്റത്തിന്റെ പ്രകമ്പനം സൃഷ്ടിച്ചു. മതങ്ങളുടെ പ്രാധാന്യത്തെപ്പറ്റി എഴുതുന്നത് മതവിദ്വേഷം വളര്‍ത്താനാണെന്ന സവര്‍ണദല്ലാള്‍-ഭരണവര്‍ഗ -ഫാഷിസ്റ്റ് ചിന്ത അന്നുണ്ടായിരുന്നില്ല. ആരും അതിനെ നിരോധിക്കാനും തയാറായില്ല. ഈഴവരാദി പിന്നാക്കവിഭാഗങ്ങളും പുലയരാദി ദലിത് വിഭാഗങ്ങളും എവിടെയെങ്കിലും പോയി തുലയട്ടെ എന്ന ചിന്തയാണ് ഇക്കൂട്ടര്‍ക്കുണ്ടായിരുന്നത്. നിവര്‍ത്തനപ്രക്ഷോഭ പശ്ചാത്തലത്തിലാണ് മതപരിവര്‍ത്തനം സജീവമായതെന്ന കാര്യം ഓര്‍ക്കുക. ക്രിസ്തുമതം, ഇസ്‌ലാം, ബുദ്ധമതം, സിഖ്മതം എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. സമ്മേളനങ്ങള്‍ നടന്നു. അപ്പോഴാണ് തങ്ങളുടെ ഹിന്ദു അടിമകള്‍ മതംമാറിയാലുണ്ടാകുന്ന ഭീകരാവസ്ഥയെപ്പറ്റി തല്‍പരകക്ഷികള്‍ ബോധവാന്മാരായത്. ക്ഷേത്രപ്രവേശംകൊണ്ട് ഈ മതംമാറ്റത്തെ തടയുകയാണുണ്ടായത്. അവരുടെ പുതിയ തലമുറയാണ് ഇന്ന് ഈ ചരിത്രപുസ്തകത്തെ നോക്കി കൊഞ്ഞനം കുത്തുന്നത്. ഏതോ ഭീകരന്മാര്‍ രഹസ്യമായി തയാറാക്കി വിതരണം ചെയ്യുന്നതാണ് പ്രസ്തുത കൃതിയെന്നുവരുത്തി മഹാന്മാരായ ചരിത്രപുരുഷന്മാരെ അവഹേളിച്ചത് അപലപനീയമാണ്. 1931ല്‍ പ്രസിദ്ധീകരിച്ച 'അവര്‍ണര്‍ക്ക് എങ്ങനെ സ്വതന്ത്രരാകാം' എന്ന കൃതിയും, 1934ല്‍ പ്രസിദ്ധീകരിച്ച ഇ. മാധവന്റെ 'സ്വതന്ത്ര സമുദായ'വും വര്‍ണമേധാവിത്ത ശക്തികള്‍ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്. 'അവര്‍ണര്‍ക്ക് എങ്ങനെ സ്വതന്ത്രരാകാം (തിയ്യരുടെ അഭിവൃദ്ധിമാര്‍ഗങ്ങള്‍)' എന്ന കൃതി എഴുതിയത് നാലു തിയ്യനേതാക്കളായിരുന്നു. അരയംപറമ്പില്‍ ഗോവിന്ദന്‍ ബി.എ, കോട്ടായി കുമാരന്‍, കെ.ആര്‍. അച്യുതന്‍ എം.എ, പി.വി. കുഞ്ഞിക്കുട്ടന്‍ നെടുങ്ങാടി എന്നിവരാണ് ആ നേതാക്കള്‍. അവര്‍ണരെ ഹിന്ദുവാക്കി അടിമപ്പെടുത്തുന്നതിനെതിരായ ഉദ്‌ബോധനമാണ് കൃതിയിലെ ഉള്ളടക്കം (1992ല്‍ ദലിത്‌സാഹിത്യ അക്കാദമിയും 2009ല്‍ ഷൈന്‍ ബുക്‌സ് കോഴിക്കോടും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്).

പഞ്ചമന്മാര്‍ അവരുടെ മുജ്ജന്മദോഷംകൊണ്ട് ഹീനജാതികളായി ജനിക്കുന്നു എന്നു വിശ്വസിക്കുന്ന ഹിന്ദുമതത്തില്‍ കിടന്ന് അടിമത്തം ആസ്വദിക്കാതെ സ്വതന്ത്രരാകാനാണ് കെ. സുകുമാരന്‍ ലേഖനത്തില്‍ ആവശ്യപ്പെടുന്നത്. 'ഒരുജാതി, ഒരുദൈവം, ഒരുമതം' എന്ന ശ്രീനാരായണ സ്വാമിയവര്‍കളുടെ മുദ്രാവാക്യങ്ങള്‍ ഏകദേശമെങ്കിലും പരിപൂര്‍ത്തിയായി പ്രതിഫലിച്ചുകാണുന്നത് ഇസ്‌ലാംമതക്കാരുടെ ഇടയിലാണ്. ഇവരുടെ ഇടയില്‍ കല്ലുകെട്ടി ഉറപ്പിച്ചുവെച്ചപോലെ തോന്നുന്ന ഒരു ജാതിഭേദവും ഇല്ലെന്ന് നിസ്സംശയം പറയാവുന്നതാണ്. 'ഏതൊരു ദിക്കില്‍ ധര്‍മം ക്ഷയിച്ച് അധര്‍മം വര്‍ധിക്കുന്നുവോ അവിടെ ധര്‍മരക്ഷക്കുവേണ്ടി ഞാന്‍ അവതരിക്കും' എന്നതിനുപകരം 'ഞാന്‍ എന്റെ നബിമാരെ അയക്കും' എന്നാക്കിയാല്‍ ഇസ്‌ലാംമതത്തിന്റെ അടിസ്ഥാനമായ മുദ്രാവാക്യമായി. 'ഇസ്‌ലാം' എന്നാല്‍ സമാധാനം എന്നാണര്‍ഥം.' (പുറം 23, 1988ലെ എഡിഷന്‍, ദലിത് കള്‍ച്ചറല്‍ ഫോറം നമ്പര്‍ പ്രസിദ്ധീകരിച്ചത്, കേരള പുരാവസ്തുവകുപ്പിലെ ഫയല്‍ നമ്പര്‍ 1087, 1936 നോക്കുക).

കെ.പി. തയ്യില്‍ ഇസ്‌ലാമിനെപ്പറ്റി പറയുന്നതിങ്ങനെ: 'നാം സ്വീകരിക്കുന്ന മതം നമ്മെ കാടുകയറ്റുന്നതായിരിക്കരുത്. നമുക്ക് സാമുദായികമായും സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും പരിപൂര്‍ണ സമത്വം തരുന്നതും തമ്മിലുള്ള ഉല്‍കൃഷ്ടാദര്‍ശങ്ങള്‍ വികസിക്കുവാന്‍ അവസരം തരുന്നതുമായിരിക്കണം. ഇസ്‌ലാം ഈ വക സൗകര്യങ്ങളെല്ലാം നമുക്ക് തരുന്നുണ്ട്' (പുറം -31) 'അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിന്റെ മുഖത്ത് കരിതേക്കുവാന്‍ ചെയ്യുന്ന ശ്രമങ്ങളെ എതിര്‍ക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' (പുറം 32-33).

പി.കെ. കുഞ്ഞിരാമന്‍ പറയുന്നത് ഇങ്ങനെ: 'കോണ്‍ഗ്രസുകാര്‍, പാതിരിമാര്‍, ഗാന്ധിമാര്‍ മുതലായവര്‍ തീവ്രമായി ശ്രമിച്ചിട്ടും സവര്‍ണരുടെ മനസ്സ് കരിങ്കല്ലുപോലെ ഇളകാതെയിരിക്കുന്നു. സവര്‍ണ നേതാക്കള്‍ 'ക്ഷമിപ്പിന്‍, ക്ഷമിപ്പിന്‍' എന്ന് അവര്‍ണരോട് ഉപദേശിക്കുന്നത് പോത്തിനെ പോലെയോ അല്ലെങ്കില്‍ കഴുതയെപ്പോലെയോ ഉള്ള ക്ഷമ ഇവരില്‍ ഉണ്ടായിരിക്കുമെന്ന് തെറ്റിദ്ധരിച്ചായിരിക്കാം. ഈഴവ യുവാക്കള്‍ അവരെ ബന്ധിച്ചിരിക്കുന്ന ജാതിശൃംഖല പൊട്ടിക്കുവാന്‍ അക്ഷമരായിരിക്കുന്നു' (പുറം -37). സഹോദരന്‍ അയ്യപ്പന്റെ അഭിപ്രായം ഇപ്രകാരമാണ്: 'തൊപ്പിയിട്ട പുലയനെ മുസ്‌ലിംകള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്യുന്നിടത്തോളം വെന്തീഞ്ഞയിട്ട പുലയനെ ക്രിസ്ത്യാനികള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്കയില്ല. മതവിശ്വാസം നോക്കിയാലും ക്രിസ്തുമതത്തോളം തന്നെ അന്ധവിശ്വാസം ഇസ്‌ലാമിനില്ല. ഭാവി ഇന്ത്യയിലെ ശക്തിയേറിയ മതം ക്രിസ്തുമതത്തേക്കാള്‍ തീര്‍ച്ചയായും ഇസ്‌ലാമായിരിക്കുമെന്നുള്ളത് നിരാക്ഷേപമാണ്' (പുറം 48) ഇസ്‌ലാംമത തത്ത്വങ്ങളാണ് എ.കെ. ഭാസ്‌കര്‍ ഈ കൃതിയില്‍ വിവരിച്ചിരിക്കുന്നത്. 'ഇസ്‌ലാംമതത്തിന്റെ മൂലപ്രമാണങ്ങള്‍ ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ സകല മതങ്ങളിലും കാണപ്പെടുന്നവ മാത്രമാണ്. അതിനാല്‍ ഒരുവന്‍ മുസ്‌ലിമാകുമ്പോള്‍, കൂടുതലായി, അധികമൊന്നും, വിശ്വസിക്കേണ്ടതായി വരില്ല; കുറേ അന്ധവിശ്വാസങ്ങളെ വര്‍ജിക്കണമെന്നേയുള്ളൂ' (പുറം -51) എന്നാണ് ഭാസ്‌കര്‍ പറഞ്ഞിരിക്കുന്നത്.

അന്നത്തെ എം.എല്‍.സി ആയിരുന്ന പട്ടികജാതിയില്‍പ്പെട്ട കെ.പി. വള്ളോന്‍, കൊച്ചി പുലയ മഹാജനസഭ സെക്രട്ടറി പി.സി. ചാഞ്ചന്‍ (എക്‌സ് എം.എല്‍.സി) ഇ.വി. രാമസ്വാമി നായ്ക്കര്‍ എന്നിവരുടെ ആശംസകളും ഉദ്‌ബോധനങ്ങളും ഈ കൃതിയില്‍ കാണാം. ഇ.വി. രാമസ്വാമി പറയുന്നത് ശ്രദ്ധേയമാണ്: 'കേരളത്തിലെ ഈഴവരാണ് തെക്കേ ഇന്ത്യയില്‍ ഏറ്റവും ഉല്‍ബുദ്ധരായ ജനത. അവര്‍ മതത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് ഒരു ശുഭ സൂചനയാണ്.' (പുറം 59) ഇന്ന് നേരെ വിപരീതസ്ഥിതിയിലാണെന്നു മാത്രം. 

ഡോ. എം.എസ്. ജയപ്രകാശ് 


Blogger templates

.

ജാലകം

.