Maഅദനിയുടെ അറസ്‌റ്റും ചില ചിന്തകളും



അങ്ങനെ മഅദനി അറസ്‌റ്റിലായി (കീഴടങ്ങിയെന്നും പറയാം)... നാലഞ്ചു ദിവസം നീണ്ടുനിന്ന പുകിലിന്‌ ഒടുവില്‍ അന്ത്യമായി. കഷ്‌ടകാലന്‌ സന്തോഷം തോന്നുന്നു. നമ്മുടെ സര്‍ക്കാരും പോലീസും എത്ര ഉത്തരവാദിത്വത്തോടെയാണ്‌ പ്രവര്‍ത്തിച്ചത്‌. കേസിലെ പ്രതിതന്നെ കേരളാ പോലീസിന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. ഇത്ര അവധാനതയോടെ പ്രവര്‍ത്തിക്കുന്ന പോലീസിന്റെ കര്‍മശേഷിക്ക്‌ അംഗീകാരം!!! ഇനി കോടിയേരിയുടെ പോലീസ്‌ കൊള്ളില്ലെന്ന്‌ ആരും പറയില്ല. ഉറപ്പ്‌. കാരണം സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരിക്കുന്നത്‌ സാക്ഷാല്‍ മഅദനിയല്ലേ? മഅദനി കുറ്റക്കാരനോ അല്ലെയോ എന്നുള്ളത്‌ കഷ്‌ടകാലന്‌ പറയാന്‍ കഴിയുന്ന കാര്യമല്ല. അതു കോടതിയും നിയമ സംവിധാനങ്ങളും തീരുമാനിക്കട്ടെ. കഷ്‌ടകാലന്‍ ചിന്തിക്കുന്നത്‌ കേരളാ പോലീസിന്റെ അവധാനതയെക്കുറിച്ചാണ്‌. ഇത്രയും ചിന്തിച്ചും മറ്റും പ്രവര്‍ത്തിക്കുന്ന പോലീസിന്റെ കര്‍മശേഷിയില്‍ കഷ്‌ടകാലന്‍ അഭിമാനം കൊള്ളുകയാണ്‌. എങ്കിലും മനസില്‍ ചില സംശയങ്ങള്‍ ഉയരുന്നതു ചോദിക്കാതിരിക്കാന്‍ തോന്നുന്നില്ല. തീവ്രവാദക്കേസിലാണ്‌ മഅദനിയെ കര്‍ണാടക പോലീസ്‌ തെരഞ്ഞെത്തിയിരിക്കുന്നത്‌ എന്നാണ്‌ കേള്‍ക്കുന്നത്‌. രാജ്യദ്രോഹക്കുറ്റം അടക്കം മഅദനിക്കെതിരേ ചുമത്തിയിട്ടുമുണ്ട്‌. കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ മഅദനി പറയുന്നുണ്ടെങ്കിലും കേസ്‌ കേസ്‌ തന്നെയല്ലേ...? അതോ മഅദനി അല്ലെന്നു പറഞ്ഞാല്‍ അല്ലാതാകുമോ..? നിയമം കൈയും കെട്ടി നോക്കി നില്‍ക്കാമോ...? ഇവിടെ പാവപ്പെട്ട മുച്ചീട്ടു കളിക്കാരെയും മറ്റും പണം വച്ചു ചീട്ടു കളിച്ചെന്ന പേരില്‍ പൊക്കിയെടുത്ത്‌ ജീപ്പിലിട്ട്‌ ചവിട്ടിക്കൂട്ടുന്ന പോലീസ്‌ മഅദനിയുടെ കാര്യം വന്നപ്പോള്‍ എന്തിനാണ്‌ ഈ അവധാനത പ്രകടിപ്പിക്കുന്നത്‌. കേരളം കത്തുമെന്ന്‌ പേടിച്ചിട്ടാണോ? അങ്ങനെയാണെങ്കില്‍ അതു ചില തീവ്രവാദികളുടെ ഭീഷണിക്ക്‌ വഴങ്ങുകയല്ലേ സര്‍ക്കാര്‍ ചെയ്യുന്നത്‌. നാളെ കാശ്‌മീരിലും ഇതുതന്നെ അനുവര്‍ത്തിച്ചാല്‍ പിന്നെ നമ്മുടെ നാടിന്റെ ഗതിയെന്താകും...? മുന്‍പ്‌ ഇന്ത്യയില്‍ ഒരാപാടു നേതാക്കള്‍ അറസ്‌റ്റിലായിട്ടുണ്ട്‌. അവരില്‍ രാഷ്‌ട്രീയ നേതാക്കളും ആത്മീയ നേതാക്കളുമുണ്ട്‌. എന്തിന്‌ സാക്ഷാല്‍ ഇന്ദിരാ ഗാന്ധിവരെ അറസ്‌റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്‌. തമിഴ്‌നാട്ടില്‍ കരുണാനിധിയെ അറസ്‌റ്റ് ചെയ്‌തത്‌ കിടക്കപ്പായില്‍നിന്നാണ്‌. ജയേന്ദ്ര സരസ്വതിയെ നടത്തിക്കൊണ്ടാണ്‌ പോലീസ്‌ സ്‌റ്റേഷനിലേക്കു കൊണ്ടുപോയത്‌. അഭയക്കേസില്‍ വൈദികരും അറസ്‌റ്റിലായി. എന്നിട്ടും കത്താത്ത കേരളവും ഇന്ത്യയും മഅദനിയെ അറസ്‌റ്റ് ചെയ്‌താല്‍ കത്തുമെന്നു പ്രതീക്ഷിക്കാമോ..? ആര്‍ക്കറിയാം.. മോഹന്‍ലാല്‍ നായകനായ ഉദയനാണു താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ രാജപ്പന്‍ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്‌. 'എന്നെ അറസ്‌റ്റ് ചെയ്യുകയോ... ഒരിക്കലുമില്ല... എന്റെ ആരാധകര്‍ അതു സഹിക്കില്ല. അതിലെന്തു ഹീറോയിസം... ഞാന്‍ പോലീസുകാരെ മുഴുവന്‍ ഇടിച്ചിട്ടതിനു ശേഷം നേരേ പോകുന്നു... എസ്‌പിയുടെ മുന്നിലേക്ക്‌... അവിടെ കീഴടങ്ങുന്നു... രാജപ്പന്റെ ഹീറോയിസമാണോ കേരളത്തിലും നടന്നത്‌. കുറഞ്ഞപക്ഷം കഷ്‌ടകാലനെങ്കിലും അങ്ങനെ തോന്നിപ്പോകുന്നു. നാലു നാള്‍ കേരളം മുഴുവന്‍ ക്രിക്കറ്റ്‌ കളി കാണുന്ന ഉത്സാഹത്തോടെ വാര്‍ത്താ ചാനല്‍ വച്ചു കാത്തിരുന്നത്‌ ഈ നാടകം കാണാനല്ലേ... പൈങ്കിളി സീരിയലുകളുടെ ടിആര്‍പി റേറ്റിങിനോട്‌ വാര്‍ത്താ ചാനലുകള്‍ക്ക്‌ കിടപിടിക്കാന്‍ കഴിഞ്ഞത്‌ മഅദനിയുടെ 'താരമൂല്യം കൊണ്ടല്ലേ...? ഇതു കണ്ടു നാളെ മറ്റു ചെറുപ്പക്കാര്‍ക്കും തീവ്രവാദിയാകാന്‍ തോന്നിയാല്‍ കുറ്റം ആരുടേതാകും... മഅദനിയുടേതോ സര്‍ക്കാരിന്റേതോ...? കലികാലം/കഷ്‌ടകാലന്‍ മംഗളം

1 അഭിപ്രായ(ങ്ങള്‍):

  • സന്തോഷ്‌ says:
    2010, ഓഗസ്റ്റ് 20 4:32 AM

    മദനിയുടെ അറസ്റ്റിനു മുന്‍പ് നിരോധനാജ്ഞ നിലവില്‍ വന്ന ശേഷം കരുനാഗപള്ളിയില്‍ ഒരു ബസും അറസ്റ്റിനു ശേഷം മൂന്നു ബസുകളും ഒരു ലോറിയും ഒരു കാറും അനുയായികള്‍ തകര്‍ത്തു. പോലീസിന്റെ ബലപ്രയോഗം നടന്നിരുന്നുവെങ്കില്‍ കുറേ ജീവനുകള്‍ പോലും നഷ്ട്ടപ്പെട്ടേനെ. അത് ഒഴിവായതില്‍ ആശ്വസിക്കുക.

Blogger templates

.

ജാലകം

.