മുഖ്യമന്ത്രീ, എന്തിനിവരെ നോട്ടപ്പുള്ളികളാക്കി?


കേരള സര്‍ക്കാര്‍ പൗരന്മാരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ നടത്തുന്ന നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. പാര്‍ലമെന്‍റംഗം മുതല്‍ പത്രപ്രവര്‍ത്തകരും എഴുത്തുകാരുമടക്കം 268 പേരെയാണ് രഹസ്യ നിരീക്ഷണത്തിന് സി.ഐ.ഡി സ്പെഷല്‍ ബ്രാഞ്ച് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് മാധ്യമം ആഴ്ചപതിപ്പില്‍ വിജു വി. നായര്‍ എഴുതിയ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുകയോ സംശയിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവരാണിവര്‍. ഭരണകൂടത്തിലെ ആരൊക്കെയോ ഇങ്ങനെ ഉന്നമിട്ടവരില്‍ മിക്കവാറുമെല്ലാം മുസ്ലിംകളും മുസ്ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങളുമാണ്. 268ല്‍ 257ഉം കേരള മുസ്ലിംകള്‍. സ്വകാര്യതാ ലംഘനം, വര്‍ഗീയ ലക്ഷ്യം വെച്ചുള്ള ടാര്‍ഗറ്റിങ്, കള്ളക്കേസുകളില്‍  കുടുക്കല്‍ തുടങ്ങിയ ഗൗരവമേറിയ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഓപറേഷന്‍ മുഖ്യമന്ത്രിയുടെ നേരിട്ടു നിയന്ത്രണത്തിലുള്ള വകുപ്പിന്‍െറ വകയാണ്. ഞെട്ടിക്കുന്ന ഈ രഹസ്യാന്വേഷണ വാര്‍ത്ത ‘മാധ്യമം’ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് വൈകാതെ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയുടെ നടപടി സംഭവത്തിന്‍െറ  ദുരൂഹതകള്‍ അവസാനിപ്പിക്കാന്‍ പര്യാപ്തമാവുമെന്നാശിക്കുക. അപ്പോഴും നമ്മുടെ ജനാധിപത്യത്തിന്‍െറ നട്ടെല്ളൊടിക്കുന്ന ഇത്തരം ചെയ്തികള്‍ എന്തുകൊണ്ട് എന്ന ചോദ്യം ബാക്കിനില്‍ക്കും.
പാര്‍ലമെന്‍റംഗത്തിന്‍െറ ഇ-മെയില്‍ ചോര്‍ത്തുന്നതിനെപ്പറ്റി ഏറെ ബഹളത്തിനവകാശമില്ല. കാരണം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 2008ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഭേദഗതി) നിയമം പരിശോധനയോ ചര്‍ച്ചയോ കൂടാതെ പാസാക്കിക്കൊടുത്തവരാണ് പാര്‍ലമെന്‍റംഗങ്ങള്‍. കോടതി വാറന്‍റു പോലുമില്ലാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് (അല്ളെങ്കില്‍ സര്‍ക്കാറുകള്‍ക്ക് വേണ്ടി ഏതെങ്കിലും ഉദ്യോഗസ്ഥന്) പൗരന്മാരുടെ ഇ-മെയിലും മറ്റും ചോര്‍ത്താം- രാജ്യത്തിന്‍െറ അഖണ്ഡതക്കും ഭദ്രതക്കും സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ഉലയാതിരിക്കാനും മറ്റെന്തെങ്കിലും കുറ്റകൃത്യം തടയാനുമൊക്കെ അതാവശ്യമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ മതി. ഇന്ത്യന്‍ സര്‍ക്കാറിനെയോ അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ ‘സുഹൃദ് രാഷ്ട്രങ്ങളെ’യോ വിമര്‍ശിച്ചാലും വിമര്‍ശിച്ചേക്കുമെന്ന് തോന്നിയാലും പാസ്വേഡടക്കം മെയില്‍ ചോര്‍ത്താം. സ്വാതന്ത്ര്യത്തിന്‍െറ അര്‍ഥം പോലും മാറ്റുന്ന ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ സമൂഹം ഉണാതിരുന്നാല്‍ ഇതിലപ്പുറവും സംഭവിക്കും. ആധാര്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി, ബയോമെട്രിക് വിവര ശേഖരണം, കത്തുകളും മെയിലുകളും ചോര്‍ത്തല്‍, ഇന്‍റര്‍നെറ്റിലെ സാമൂഹിക സൈറ്റുകളില്‍ കടന്നുകയറല്‍ എന്നിങ്ങനെ സാധ്യമായ എല്ലാ രീതിയിലും പൗരന്മാര്‍ക്കെതിരെ ചാരപ്പണി നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇതെല്ലാം ആര്‍ക്കുവേണ്ടി എന്ന ചോദ്യം ഉയരുന്നുണ്ട്. സത്യത്തില്‍ സര്‍ക്കാറിന്‍െറ ലക്ഷ്യമെന്താണ്?
ഇവിടെയാണ് മുസ്ലിംകളെയാണിത് ലക്ഷ്യമിടുന്നത് എന്ന അതിഗുരുതരമായ വശം ശ്രദ്ധിക്കേണ്ടിവരുന്നത്. ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയിലെ ആളുകളെയടക്കം നോട്ടപ്പുള്ളികളാക്കാന്‍ ആരാണ്, എന്ത് കാരണത്താലാണ്, തീരുമാനിച്ചത്? രാഷ്ട്രീയമോ മറ്റെന്തെങ്കിലും അടിസ്ഥാനത്തില്‍ പോലുമല്ലാതെ തീര്‍ത്തും സാമുദായികമായ മാനദണ്ഡം വെച്ച് ഇത്രയേറെ പൗരന്മാരെയും സ്ഥാപനങ്ങളെയും രഹസ്യ നിരീക്ഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ വകുപ്പിനെ പ്രേരിപ്പിച്ചതെന്താണ്? പല തരത്തില്‍ മുസ്ലിംകള്‍ വേട്ടയാടപ്പെടുന്ന അന്തരീക്ഷം കേരളത്തിലുണ്ട്. മുസ്ലിം പേരുകളുപയോഗിച്ച് ഭീകര സന്ദേശങ്ങളും ഭീഷണികളും അയക്കുന്ന വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൗ ജിഹാദിന്‍െറ പേരില്‍ നടന്ന കള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് സൈബര്‍ പൊലീസ് തെളിയിച്ചതാണ്. ആരൊക്കെയോ വര്‍ഗീയ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍തലത്തില്‍ മുസ്ലിംകളുടെ ഇ-മെയില്‍ പാസ്വേഡടക്കം ചോര്‍ത്തുന്നത്. ബന്ധപ്പെട്ട വ്യക്തി അറിയാതെ അയാളുടെ പേരില്‍ കള്ളസന്ദേശങ്ങളയക്കാന്‍ ഇത് ധാരാളം. ഇതല്ല ഇ-മെയില്‍ ചോര്‍ത്തലിന്‍െറ ലക്ഷ്യമെങ്കില്‍ അതെന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ഒന്നര വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് മുസ്ലിംകളില്‍ മാത്രമായി നടത്തിയ ഒരു സര്‍വേയെപ്പറ്റി അന്വേഷിക്കുമെന്ന് അന്നത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതിന്‍െറ ഫലമെന്തെന്ന് ജനങ്ങളറിയണം. സുതാര്യ ഭരണമെന്ന ഉമ്മന്‍ ചാണ്ടിയുടെ മുദ്രാവാക്യം പൊള്ളയല്ളെങ്കില്‍ ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെ പ്രേരണകളും ശക്തികളും വെളിപ്പെടട്ടെ. പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും അന്യായമായ അതിരു നിശ്ചയിക്കുന്ന നിയമങ്ങള്‍ ഇന്ന് രാജ്യരക്ഷക്കുവേണ്ടി എന്ന ലേബലില്‍ നിലനില്‍ക്കുന്നു. ‘അഫ്സ്പ’ മുതല്‍ ഐ.ടി ഭേദഗതി നിയമം വരെ നീളുന്ന ഇവ യഥാര്‍ഥ വര്‍ഗീയവാദികളെയോ ഭീകരരെയോ പിടികൂടാന്‍ പ്രയോജനപ്പെടുന്നില്ല എന്നതും നിരപരാധികളെ കുടുക്കാനാണ് വ്യാപകമായി ഉപയോഗപ്പെടുത്തുന്നത് എന്നതും ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്. അതുകൊണ്ട്  ഭരണകൂടത്തിന്‍െറ അതിക്രമങ്ങള്‍ക്ക് അടിയന്തരാവസ്ഥാ മോഡല്‍ സംരക്ഷണം നല്‍കുന്ന ജനായത്ത വിരുദ്ധ നിയമങ്ങള്‍ പിന്‍വലിപ്പിക്കാന്‍ ജനാധിപത്യവാദികളും സാംസ്കാരിക പ്രവര്‍ത്തകരും രാജ്യസ്നേഹികളും മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമെത്തിയിരിക്കുന്നു.

Blogger templates

.

ജാലകം

.