ഇ- മെയില്‍ : ഡി.ജി.പി ഉരുണ്ടുകളിക്കുന്നു


ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ട കേരളീയ മുസ്ലിംകളുടെ ഇ^മെയില്‍ ചോര്‍ത്താനുള്ള നീക്കം പരസ്യമായ പശ്ചാത്തലത്തില്‍ ഇന്നലെ സംസ്ഥാന ഡി.ജി.പി നടത്തിയ പ്രസ്താവന ഈ സ്വകാര്യതാ ലംഘനത്തിന്റെ ഗൌരവം തമസ്കരിച്ച് പ്രശ്നത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാറിനെയും ബന്ധപ്പെട്ട പൊലീസുദ്യോഗസ്ഥരെയും രക്ഷിച്ചെടുക്കാനുള്ള തന്ത്രമായി.
പൌരാവലിയുടെ മെയില്‍ ചോര്‍ത്താന്‍ സര്‍ക്കാറോ പൊലീസിലെ അധികാരികളാരെങ്കിലോ ഉത്തരവിട്ടിട്ടില്ലെന്നാണ് ഡി.ജി.പിയുടെ അറിയിപ്പ്. എന്നാല്‍, പൊലീസ് ആസ്ഥാനത്തുതന്നെയുള്ള രേഖകള്‍ ഇതിനെ പ്രത്യക്ഷത്തില്‍ തന്നെ ഖണ്ഡിക്കുന്നതാണ്.
അഡീ. ഡി.ജി.പി ഹേമചന്ദ്രനു വേണ്ടി സ്പെഷല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് കെ.കെ. ജയമോഹന്‍ കഴിഞ്ഞ നവംബര്‍ മൂന്നിന് എഴുതിയ കത്തിലെ (നമ്പര്‍ p3 2444/2011/SB) ആദ്യവാചകം തന്നെ ഇങ്ങനെ:
''please find enclosed a copy of the e-mail IDs of the individuals who have connection with SIMI activities.....''
എന്നുവെച്ചാല്‍, സിമി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികളുടെ ഇ^മെയില്‍ പട്ടികയാണ് തങ്ങള്‍ തരുന്നതെന്നും അവരുടെ രജിസ്ട്രേഷനും ലോഗ് ഇന്‍ വിശദാംശങ്ങളും ബന്ധപ്പെട്ട മെയില്‍ സര്‍വീസ് പ്രൊവൈഡര്‍ കമ്പനികളില്‍നിന്ന് തരപ്പെടുത്തി എത്രയും വേഗം സ്പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു ഹൈടെക് സെല്ലിനോട് മേപ്പടി കത്തിലൂടെ ആവശ്യപ്പെട്ടത്. ഇവിടെ രണ്ടു വസ്തുതകള്‍ സ്വയം സംസാരിക്കുന്നു. ഒന്ന്, സ്പെഷല്‍ ബ്രാഞ്ച് കത്തിനൊപ്പം വിട്ട പട്ടികയിലുള്ളവരെ സിമി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവരായി പ്രകടമായിത്തന്നെ കണക്കാക്കുന്നു. ഏതോ ഒരു സംശയാസ്പദ വ്യക്തിയെ പിടിച്ചപ്പോള്‍ അയാളില്‍നിന്ന് കിട്ടിയ പട്ടികയിലുള്ളവരുടെ ഐ.ഡി ശരിയാണോ എന്ന് പരിശോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന ഡി.ജി.പിയുടെ വ്യാഖ്യാനം ഇവിടെ പൊളിയുന്നു. രണ്ട്, സംശയിക്കുന്ന പുള്ളിയുടെ പക്കല്‍നിന്ന് കിട്ടിയ പട്ടികയിലുള്ള വിലാസങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കുക മാത്രമാണ് ഉദ്ദേശ്യമെങ്കില്‍ അതിന് ലോഗ്^ഇന്‍ വിശദാംശങ്ങള്‍ അന്വേഷിക്കേണ്ട കാര്യമേയില്ല. പാസ്വേഡ് അടക്കമുള്ള സ്വകാര്യതകള്‍ ലഭ്യമാക്കുക മാത്രമാണ് ലോഗ്^ ഇന്‍ വിശദാംശങ്ങള്‍ തേടുന്നതിന്റെ ലക്ഷ്യം. അത്തരം വിവരങ്ങള്‍ കൊണ്ടുള്ള ഏക ഉപയോഗം വ്യക്തിയുടെ തപാല്‍ അവരറിയാതെ നിരീക്ഷിക്കുക, ചോര്‍ത്തുക ഇത്യാദി ഗൂഢപ്രവര്‍ത്തനവും.
ഡി.ജി.പിയുടെ ന്യായീകരണം ഫലിതാത്മകമായ തലത്തിലേക്ക് പതിയുന്നത് ഇവിടെത്തന്നെയാണ് ^ മേല്‍പറയുന്ന സംശയാസ്പദ വ്യക്തിയുടെ പക്കല്‍ നിന്നു കിട്ടിയ വിലാസക്കാരുടെ ഐ.ഡി പരിശോധിച്ച് അതൊക്കെ വ്യാജമാണോ നേരാണോ എന്നു നോക്കുക മാത്രമായിരുന്നു പൊലീസിന്റെ ഇംഗിതം എന്നാണദ്ദേഹം പറയുന്നത്. വിലാസങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പായാല്‍ സംതൃപ്തമായി ഫയലടക്കുകയാണ് പൊലീസിന്റെ ഉദ്ദേശ്യമെന്ന് പൌരാവലി വിശ്വസിച്ചുകൊള്ളണമെന്ന മട്ടിലാണ് ഡി.ജി.പിയുടെ പ്രസ്താവം. വിലാസം വ്യാജമോ ശരിയോ എന്ന് വെറുതെ ഒന്നു പരിശോധിച്ചുപോകുന്നതുകൊണ്ട് ആര്‍ക്കെന്ത് പ്രയോജനം എന്ന ലളിതചോദ്യം അദ്ദേഹം വിഴുങ്ങുന്നു. ഇത്ര രഹസ്യമായും അടിയന്തരമായും ലോഗ്^ഇന്‍ വിശദാംശങ്ങള്‍ സംഘടിപ്പിക്കാന്‍ ഹൈടെക് സെല്ലിനോട് കല്‍പിക്കുന്നത് കേവലമായ ഐ.ഡി വെരിഫിക്കേഷന്‍ മാത്രമാണെന്ന് പ്രബുദ്ധരായ പൌരാവലിയെ ധരിപ്പിക്കാനുള്ള പൊലീസ് മേധാവിയുടെ ശ്രമം ഇവിടെ ബാലിശമായിത്തീരുന്നു.
കേരള ചരിത്രത്തിലാദ്യമായി പൌരാവലിയുടെ സ്വകാര്യതയിലേക്കുള്ള രഹസ്യപ്പൊലീസിന്റെ  നുഴഞ്ഞുകയറ്റം പരസ്യമായിപ്പോയപ്പോള്‍ ഭരണകൂട സര്‍വെയ്ലന്‍സ് എന്ന ഗൌരവാവഹമായ പ്രശ്നത്തെ ലളിതവത്കരിച്ച് വേഗം തമസ്കരിക്കാനുള്ള പൊലീസിന്റെ ശ്രമമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഷയം സംബന്ധിച്ച് ആദ്യം കാര്യം തിരക്കിയപ്പോള്‍ത്തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ പലതരം ന്യായീകരണങ്ങളാണ് നല്‍കിയത്. അങ്ങനെ വ്യക്തമായ ഒരു മറുപടി പുറത്തുനല്‍കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇന്റലിജന്‍സ് മേധാവി സെന്‍കുമാറിനോട് പ്രശ്നം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നു നടന്നത് എങ്ങനെ ഈ പ്രശ്നത്തെ ലളിതവത്കരിച്ച് ഒതുക്കാമെന്ന ആലോചനയാണ്. സ്പെഷല്‍ ബ്രാഞ്ചിന്റെ കത്തും പട്ടികയും പുറത്താവുകയും മെയില്‍ പ്രാൈവൈഡര്‍ കമ്പനികളില്‍നിന്നുള്ള മറുപടി പ്രസ്തുത കമ്പനികളില്‍ നിന്നുതന്നെ പുറത്തുവരുകയും ചെയ്തതോടെ രഹസ്യനീക്കത്തിന്റെ രണ്ടറ്റവും അടഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് സംഭവം പാടേനിഷേധിക്കാന്‍ പഴുതില്ലാതായി. അങ്ങനെയാണ് പട്ടിക യഥാര്‍ഥത്തിലുള്ളതാണെന്ന് സമ്മതിക്കാതെ തരമില്ലാതെ വന്നത്. അപ്പോള്‍പിന്നെ, പട്ടിക എങ്ങനെയുണ്ടായി എന്നതിനൊരു യുക്തിസഹമായ ഉത്തരമുണ്ടാക്കണം. അതിന്റെ ഭാഗമായാണ് 'സംശയാസ്പദ വ്യക്തി' എന്ന അച്ചുതണ്ടിന്മേലുള്ള വ്യാഖ്യാനമിറങ്ങിയത്. 268 പേരുടെ പട്ടികയില്‍ കൃത്യമായി 258 പേരും മുസ്ലിംകളായതെങ്ങനെ എന്ന സംഗതമായ ചോദ്യത്തെ നേരിടാന്‍ ഡി.ജി.പി ഒടുവിലായി സ്വീകരിച്ച അടവാകട്ടെ ഭംഗ്യന്തരേണ ഒരു മറുവിരട്ടും^ മുസ്ലിംകളുടെ പേരുമാത്രം പ്രസിദ്ധീകൃതമായ പട്ടികയില്‍ വന്നതെങ്ങനെ എന്നന്വേഷിക്കുമെന്ന്. പുറത്തായിപ്പോയ സര്‍വെയ്ലന്‍സിന് മറ പിടിക്കാനുള്ള ഈ ഔദ്യോഗിക തന്ത്രത്തിലും പ്രമേയത്തിന്റെ സത്യം ഇത്തരത്തില്‍ തെളിഞ്ഞുതന്നെ കിടക്കുന്നു.
വിജു വി.നായര്‍

Blogger templates

.

ജാലകം

.