'മുണ്ടശേരി മരിച്ചതു കൂദാശകളെല്ലാം കൈക്കൊണ്ട്‌, സഭയുടെ കുഞ്ഞാടായി'


കേരളത്തെ ഇളക്കിമറിച്ച വിദ്യാഭ്യാസ ബില്ലിന്റെ ശില്‍പ്പിയും തികഞ്ഞ കമ്യൂണിസ്‌റ്റും സാഹിത്യകാരനുമായ പ്രഫ. ജോസഫ്‌ മുണ്ടശേരി ജീവിതസായാഹ്നത്തില്‍ പ്രത്യയശാസ്‌ത്രങ്ങളില്‍നിന്ന്‌ അകന്ന്‌ സഭയുടെ എല്ലാ കൂദാശകളും സ്വീകരിച്ച്‌ ഉത്തമവിശ്വാസിയായാണു മരണത്തെ പുല്‍കിയതെന്നു വെളിപ്പെടുത്തല്‍. മുണ്ടശേരിയുടെ വീടിനു സമീപമുള്ള ലൂര്‍ദ്‌ മാതാ കോണ്‍വെന്റിലെ സിസ്‌റ്റര്‍ മോണിക്കയാണു തന്റെ ഓര്‍മക്കുറിപ്പില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്‌. 'എന്റെ മുണ്ടശേരി മാഷ്‌' എന്ന ശീര്‍ഷകത്തില്‍ അതിരൂപതയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'കത്തോലിക്കാ സഭ'യുടെ ഒക്‌ടോബര്‍ ലക്കത്തിലാണു വിവാദ വെളിപ്പെടുത്തല്‍.

തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജ്‌ അധ്യാപകനായി, പിന്നീട്‌ 1957-ലെ ഇ.എം.എസ്‌. മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായ മുണ്ടശേരി വിദ്യാഭ്യാസ ബില്ലിലൂടെ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു. രണ്ടു പതിറ്റാണ്ടോളം പൊതുജീവിതത്തില്‍ തലയെടുപ്പോടെ നിലകൊണ്ട സാഹിത്യവിമര്‍ശകനുമായിരുന്നു അദ്ദേഹം.

1957-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടു മന്ത്രിയായപ്പോള്‍, താന്‍ കുറേക്കാലമായി നടപ്പാക്കാനാഗ്രഹിച്ച മാറ്റങ്ങള്‍ക്ക്‌ അദ്ദേഹം തുടക്കമിട്ടു. അദ്ദേഹം കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിലെ ചില വ്യവസ്‌ഥകള്‍ക്കെതിരേ എതിര്‍പ്പുകളുയര്‍ന്നതാണു പിന്നീടു വിമോചനസമരത്തിലും ഇ.എം.എസ്‌. മന്ത്രിസഭയുടെ പതനത്തിലും കലാശിച്ചത്‌.

മുണ്ടശേരി മാഷെപ്പറ്റി, 1957 വരെയുള്ള അദ്ദേഹത്തിന്റെ ജിവിതത്തെപ്പറ്റി, അറിയാത്തവരാണ്‌ അദ്ദേഹത്തെ മൂത്ത കമ്യൂണിസ്‌റ്റുകാരനായും ക്രൈസ്‌തവവിരുദ്ധനായും മുദ്രകുത്താന്‍ ശ്രമിച്ചതെന്നു സിസ്‌റ്റര്‍ മോണിക്ക പറയുന്നു. അദ്ദേഹം വിദ്യാഭ്യാസ ബില്‍ കൊണ്ടുവന്നതു ക്രൈസ്‌തവസമൂഹത്തിനു മൂക്കുകയറിടാനാണെന്നു പ്രചരിപ്പിക്കേണ്ടതു ചില രാഷ്‌ട്രീയപ്രസ്‌ഥാനങ്ങളുടെ ആവശ്യമായിരുന്നു. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏതെങ്കിലും സമൂഹത്തെ ലക്ഷ്യമിട്ടല്ലായിരുന്നു. സമൂഹത്തില്‍ ആകെ വരേണ്ട മാറ്റങ്ങളായിരുന്നു മനസില്‍... സിസ്‌റ്റര്‍ അനുസ്‌മരിക്കുന്നു.

1975-ലെ ഏതോ പ്രഭാതത്തിലാണു മഠത്തില്‍നിന്നു സിസ്‌റ്റര്‍ മോണിക്ക, മാഷിന്റെ വീട്ടിലെത്തിയത്‌. 'എന്നെ കണ്ടപ്പോള്‍, ഞങ്ങളൊക്കെ കത്രീന ടീച്ചര്‍ എന്നു വിളിക്കുന്ന മുണ്ടശേരി മാഷിന്റെ ഭാര്യയുടെ മുഖത്ത്‌ അമ്പരപ്പ്‌. അന്നു വൈദികരും കന്യാസ്‌ത്രീകളും മാഷിന്റെ വീട്ടിലേക്കു കടന്നുചെല്ലാത്ത കാലമായിരുന്നു. സിസ്‌റ്റര്‍ കയറിവരൂ എന്നു പറഞ്ഞ്‌ കത്രീന ടീച്ചര്‍ നല്ല ആതിഥേയയായി.

ആഗമനോദ്ദേശ്യം ചോദിച്ചു മനസിലാക്കി. മഠത്തിലേക്കു കുറച്ചു നെല്ലും വൈക്കോലും വേണം. അതാണു സിസ്‌റ്ററുടെ വരവിന്റെ ലക്ഷ്യം.'നമുക്ക്‌ അപ്പുറത്തിരിക്കാം. മാഷ്‌ ആലപ്പുഴനിന്നുള്ള തകഴി എന്നൊരാളുമായി വര്‍ത്തമാനം പറഞ്ഞിരിക്കുകയാണ്‌. കുറച്ചു കഴിയട്ടെ, എന്നിട്ടു പറയാം'- കത്രീന ടീച്ചര്‍ പറഞ്ഞു. മാഷുടെ സുഹൃദ്‌വലയത്തിലെ അക്കാലത്തെ പ്രമുഖനായിരുന്നു തകഴി.

തകഴി ആരെന്നോ, അദ്ദേഹം എഴുതിയ നോവലുകള്‍ ഏതൊക്കെയെന്നോ സിസ്‌റ്ററിനറിയില്ല. തകഴി പോയശേഷം കത്രീന ടീച്ചര്‍ ആംഗ്യംകാട്ടി വിളിച്ചപ്പോള്‍ സിസ്‌റ്റര്‍ മോണിക്ക പൂമുഖത്തേക്കു ചെന്നു. മുറിയില്‍നിന്നു മാഷ്‌ പുറത്തിറങ്ങി. കള്ളിമുണ്ടും തോളിലൊരു തോര്‍ത്തും, കട്ടിക്കണ്ണട. മുഖത്തു സദാസ്‌ഫുരിക്കുന്ന ഗൗരവം, ആജാനുബാഹു. 'എന്താ?' ഒറ്റവാക്കിലുള്ള ചോദ്യത്തിനു പെട്ടെന്നു സിസ്‌റ്റര്‍ ഉത്തരം പറഞ്ഞു. നെല്ലു വാങ്ങാന്‍ വന്നതാ. സിസ്‌റ്ററും കത്രീന ടീച്ചറുംകൂടി 100 പറ നെല്ല്‌ അളന്നുതിരിച്ചിട്ടു.

ആയിരം മുടി വൈക്കോലും വാങ്ങി. മറ്റിടങ്ങളില്‍ 14 രൂപ വിലയുണ്ടായിരുന്നെങ്കിലും 13 രൂപയാണു മാഷ്‌ വാങ്ങിയത്‌. അതൊരു സൗഹൃദത്തിന്റെ തുടക്കമായി. 1975 മുതല്‍ അദ്ദേഹം മരിക്കുന്നതുവരെയുള്ള രണ്ടുവര്‍ഷം സിസ്‌റ്റര്‍ ആ വീട്ടിലെ ഒരംഗത്തെപ്പോലെയായി. ആദ്യകാല സന്ദര്‍ശനങ്ങള്‍ കത്രീന ടീച്ചറുമായുള്ള ചെറുസംഭാഷണങ്ങളില്‍ ഒതുങ്ങി. സിസ്‌റ്ററോടു സംസാരിക്കാന്‍ മാഷ്‌ താല്‍പ്പര്യം കാട്ടിയില്ല. എങ്കിലും ഒരിക്കല്‍ സിസ്‌റ്റര്‍ ധൈര്യം സംഭരിച്ചു മാഷെ നേരിട്ടു. എനിക്ക്‌ ഒരു പുസ്‌തകം വായിക്കാന്‍ തരുമോ? മലയാളം മതി. അദ്ദേഹം അകത്തുകയറി ഒരു പുസ്‌തകം എടുത്തുകൊണ്ടുവന്നു. പണ്ടെങ്ങോ അദ്ദേഹം എഴുതിയ ചെറിയൊരു പുസ്‌തകം. കാറ്റത്തു പറക്കുന്ന പതിര്‌. ഒരാഴ്‌ചകൊണ്ടു വായിച്ചു തിരിച്ചുകൊടുത്തു. പിന്നീട്‌ മറ്റു ചില പുസ്‌തകങ്ങളും...മിക്കവാറും ദിവസങ്ങളില്‍ സിസ്‌റ്റര്‍ മോണിക്ക വീട്ടിലെത്തും. രണ്ടോ മൂന്നോ ദിവസം വൈകിയാല്‍ സിസ്‌റ്ററെ കണ്ടില്ലല്ലോയെന്നു ഭാര്യയോടു ചോദിക്കും.

'ഒരിക്കല്‍ ഞാന്‍ പറഞ്ഞു. മാഷേ, മാഷ്‌ കുമ്പസാരിക്കുന്നില്ല. ദൈവത്തോടാവും മാഷ്‌ സംസാരിക്കുന്നത്‌. അതാണു വേണ്ടതും. എന്നാലും ഒരു വൈദികനോട്‌ ഒന്നു കുമ്പസാരിച്ചൂകൂടേ. ഞാന്‍ സഹായിക്കാം'. ഇപ്പോള്‍ വേണ്ട. പറയാമെന്നായിരുന്നു മാഷിന്റെ മറുപടി. പിന്നെ സിസ്‌റ്റര്‍ ഏഴു ശനിയാഴ്‌ച അടുപ്പിച്ചു മാഷിന്റെ വീട്ടിലെത്തി. ഏഴാമത്തെ ശനിയാഴ്‌ച ധൈര്യം സംഭരിച്ചു ചോദിച്ചു- 'കുമ്പസാരിക്കുന്ന കാര്യം പറഞ്ഞില്ലല്ലോ.

വേണമെങ്കില്‍ കുണ്ടുകുളം പിതാവ്‌ വരാമെന്നു പറഞ്ഞിട്ടുണ്ട്‌'. മാഷിന്റെ മറുപടി പെട്ടെന്നായിരുന്നു- 'ആരായാലും മതി. പട്ടം കിട്ടിയ ഏതെങ്കിലും അച്ചന്‍'. താന്‍ കേട്ടതു സ്വപ്‌നമാണോയെന്നു സിസ്‌റ്റര്‍ക്കു തോന്നിയ നിമിഷം. അന്നു കത്രീന ടീച്ചറും സിസ്‌റ്ററിനൊപ്പം സന്തോഷം പങ്കിട്ടു. രണ്ടുദിവസം കഴിഞ്ഞ്‌, ലൂര്‍ദ്‌ പള്ളിയില്‍ വികാരിയായിരുന്ന ഫാ. ജോസഫ്‌ കാക്കശേരി, മുണ്ടശേരി മാഷിന്റെ വീട്ടിലെത്തി. ഏതാനും നിമിഷം അച്ചനും മാഷും മുറിയില്‍ ചെലവഴിച്ചു. അനുരഞ്‌ജനത്തിന്റെ കൂദാശ അദ്ദേഹം സ്വീകരിച്ചു. വൈദികനെ സ്വീകരിക്കാന്‍ മാഷിനു വലിയ ഉത്സാഹമായിരുന്നു. രാവിലെ കുളിച്ചൊരുങ്ങി വെള്ള ഷര്‍ട്ടിട്ട്‌ മാഷ്‌ കാത്തുനില്‍ക്കുകയായിരുന്നു. കുര്‍ബാന സ്വീകരണം മാസത്തിലൊരിക്കല്‍ എന്ന നിലയില്‍ തുടര്‍ന്നു.

മാഷ്‌ അവസാനനാളുകളില്‍ വലിയ ആന്തരിക സംഘര്‍ഷം അനുഭവിക്കുന്നതായി തോന്നിയിട്ടുണ്ടെന്നു സിസ്‌റ്റര്‍. ഭയം തൊട്ടുതീണ്ടിയിട്ടില്ലാത്ത അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നതുപോലെ. സഭയുമായും വൈദികരുമായും സാമീപ്യം പുലര്‍ത്തുന്നതിനെ ആരൊക്കെയോ എതിര്‍ത്തിരുന്നു. കമ്യൂണിസ്‌റ്റുകാരനായി മുദ്രകുത്തപ്പെട്ട അദ്ദേഹം ചെങ്കൊടി പുതച്ചുതന്നെ വിട പറയണമെന്ന്‌ ആര്‍ക്കൊക്കെയോ നിര്‍ബന്ധമുള്ളതുപോലെ... 1977 ഒക്‌ടോബര്‍ 25. ഒരു കൊടുങ്കാറ്റ്‌ കെട്ടടങ്ങി.

അന്ത്യനിമിഷത്തില്‍ ഭാര്യയോടും മക്കളോടുമൊപ്പം സിസ്‌റ്ററും മാഷിന്റെ സമീപം പ്രാര്‍ഥനാപൂര്‍വം നിലകൊണ്ടു. വിവരമറിഞ്ഞ തൃശൂരിലെ ചില രാഷ്‌ട്രീയനേതാക്കളെത്തി. മൂന്നരമാസത്തോളം മാഷ്‌ കിടപ്പിലായപ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ മാത്രമായിരുന്നു സന്ദര്‍ശകര്‍.

കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ വന്നതു കൈയില്‍ ചുവന്ന തുണിയുമായി. അവരതു മൃതദേഹത്തില്‍ പുതപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സിസ്‌റ്റര്‍ പറഞ്ഞു: അദ്ദേഹം കത്തോലിക്കനായാണു മരിച്ചത്‌. ചുവന്ന തുണി പുതപ്പിച്ചയാള്‍ പറഞ്ഞു: 'ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞിട്ടാണു സിസ്‌റ്ററേ, കുറച്ചുകഴിഞ്ഞു മാറ്റാം'.

കമ്യൂണിസ്‌റ്റ് പ്രത്യയശാസ്‌ത്രം ഉള്ളംകൈയില്‍ അമ്മാനമാടിയ മുണ്ടശേരി തികഞ്ഞ മതവിശ്വാസിയായാണു മരണം പുല്‍കിയതെന്ന സിസ്‌റ്റര്‍ മോണിക്കയുടെ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിയിലും പുറത്തും വിവാദമായേക്കും. തിരുവമ്പാടി എം.എല്‍.എയായിരുന്ന മത്തായി ചാക്കോയുടെ കൂദാശ സ്വീകരണത്തെച്ചൊല്ലി ബിഷപ്പുമാരും സി.പി.എം. നേതാക്കളും ഏറ്റുമുട്ടിയിരുന്നു.


ജോയ്‌ എം. മണ്ണൂര്‍

Google+ Followers

Blogger templates

.

ജാലകം

.