സച്ചിന്റെ നൂറോ ഇന്ത്യയുടെ ഭാവിയോ വലുത്?

ഇന്ത്യയ്ക്കൊരു ക്രിക്കറ്റ് ടീമുണ്ടെന്ന് ലോകത്തിന്റെ നെറുകയില്‍ കയറിനിന്ന് ആദ്യമായി പ്രഖ്യാപിച്ചത് സാക്ഷാല്‍ കപില്‍ദേവ് രാംലാല്‍ നിഖഞ്ച് ആയിരുന്നു. ലോകരാജാക്കന്മാരായ ടീമുകളുടെമുന്നില്‍ തലയെടുപ്പോടെ നിന്നതുപോലെ ബോര്‍ഡ് ഭാരവാഹികളുടെയും ക്രിക്കറ്റ് തമ്പുരാക്കന്മാരുടെയും മുന്നില്‍ നെഞ്ചും വിരിച്ചുനിന്നതുകൊണ്ട് കപില്‍ദേവ് വിരമിച്ചശേഷം ഒന്നും ആയില്ല. ഉപദേശകന്‍, കോച്ച്, സെലക്ടര്‍, സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ കപിലിനെക്കാള്‍ ആപ്പകളും ഊപ്പകളും വിരാജിച്ചപ്പോഴും കപില്‍ദേവ് എന്ന ലോകം കണ്ട ഏറ്റവും മികച്ച ആള്‍റൌണ്ടര്‍ ഒന്നുമായില്ല. ഒരു കമന്റേറ്റര്‍ പോലുമായില്ല.
യുവതാരങ്ങളെ കണ്ടെത്താനായി കപില്‍ദേവ് ആത്മാര്‍ഥമായി തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിനെ (ഐ.സി.എല്‍) പാരവെച്ച് പൊളിച്ചടുക്കി ഐ.പി.എല്‍ എന്ന കറക്കുകമ്പനി ഉണ്ടാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കളത്തിലിറങ്ങി കളി തുടങ്ങിയതുതന്നെ കപില്‍ദേവിനോടുള്ള കലിപ്പുകൊണ്ടായിരുന്നു. ഐ.സി.സിയെ വരച്ചവരയില്‍നിര്‍ത്തി ഐ.സി.എല്ലില്‍ കളിക്കുന്നവര്‍ക്ക് വിലക്കും ഭീഷണിയുമൊക്കെ ഏര്‍പ്പെടുത്തി. പഴയ കെറി പാക്കറുടെ വേള്‍ഡ് സീരീസ് ക്രിക്കറ്റിനോട് അക്കാലത്തെ ലോകം സ്വീകരിച്ച അതേ നടപടിയായിരുന്നു കപിലിന്റെ ഐ.സി.എല്ലിനോട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കാണിച്ചത്. കപില്‍ കട്ടയും പടവും മടക്കിയിടത്ത് ബി.സി.സി.ഐ, ഐ.പി.എല്‍ മാമാങ്കം നടത്തി കോടികളുടെ കച്ചവടം പൊടിപൊടിച്ചുകൊണ്ടിരിക്കുന്നു. അതിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഊര്‍ധ്വശ്വാസം വലിക്കുന്നത് ആര്‍ക്കുമൊരു പ്രശ്നമല്ല.
ഇന്ത്യന്‍ ടീം കളിക്കളത്തിലിറങ്ങിയാല്‍ മാധ്യമങ്ങള്‍ക്കും കാണികള്‍ക്കും കളിവിദഗ്ദര്‍ക്കുമെല്ലാം ഒറ്റ കാര്യമേ ചര്‍ച്ച ചെയ്യാനുള്ളു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൂറാം സെഞ്ച്വറി അടിക്കുമോ? ഇന്ത്യ ജയിക്കുമോ തോല്‍ക്കുമോ എന്നതിനെക്കാള്‍ ഈ ഒരു 'നൂറില്‍' കെട്ടിമറിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ്അഷഷഷഷഷഷഷലോകത്തെ കണക്കിന് വിമര്‍ശിക്കാന്‍ ഒരേയൊരാളെ രംഗത്ത് വന്നുള്ളു. കപില്‍ദേവ് മാത്രം.
സച്ചിന്റെ സെഞ്ച്വറിയല്ല ഇന്ത്യയുടെ ജയമാണ് പ്രധാനം എന്നു പറഞ്ഞ കപില്‍ദേവ് ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്കേറ്റ കനത്ത പരാജയത്തിന് കാരണം സച്ചിന്റെ നൂറാം സെഞ്ച്വറി എന്ന മോഹത്തിന് പിന്നാലെ ഒരു ടീം ഒന്നടങ്കം പുറപ്പെട്ടിറങ്ങിയതുകൊണ്ടാണെന്ന് സൂചിപ്പിക്കുന്നുമുണ്ട്. സച്ചിന്റെ റെക്കോഡുകളുടെ പിന്നാലെ നടക്കാതെ പുതിയ കളിക്കാരെ കണ്ടെത്തി അവതരിപ്പിക്കുകയാണ് വേണ്ടതെന്നും കപില്‍ പറയുന്നു.
ഈ പറഞ്ഞതില്‍ സത്യമുണ്ടെന്ന് ചില കണക്കുകളും കാര്യങ്ങളും പറയുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കാനിറങ്ങിയതേയില്ല. ഈ പരമ്പരയില്‍ ഇന്ത്യക്ക് എന്തെങ്കിലും വിജയസാധ്യത ഉണ്ടായതും ഈ ഏകദിനത്തിലായിരുന്നു. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ചിലതിലെങ്കിലും ഇന്ത്യ വിജയം മണത്തതുമായിരുന്നു. മഴയും മഴനിയമങ്ങളും ചേര്‍ന്നായിരുന്നു പല മല്‍സരങ്ങളും ഇന്ത്യയില്‍നിന്ന് കവര്‍ന്നെടുത്തത്.
ഒരു മാസത്തിന്റെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനത്തിന് വന്നപ്പോള്‍ കഥ മാറി. സച്ചിന്‍ ടെണ്ടുല്‍കര്‍, വീരേന്ദ്ര സെവാഗ്, യുവ്രാജ് സിംഗ്, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കെല്ലാം പരിക്ക്. ഹര്‍ഭജന്‍സിംഗ് പുറത്ത്. അത്യാവശ്യം നന്നായി പന്തെറിയാവുന്ന ആരുമില്ല. കളി ഇന്ത്യയിലാണെങ്കിലും ഇംഗ്ലണ്ട് പര്യടനത്തിന്റെ തുടര്‍ച്ചയായിരിക്കും ഈ പരമ്പരയെന്ന് നേരത്തേ വിധിച്ചവരെ ഞെട്ടിച്ചുകൊണ്ട് ആദ്യത്തെ നാല് ഏകദിനങ്ങളും ധോണിയും ' കുട്ടികളും' ചേര്‍ന്ന് വിജയത്തിലെത്തിച്ചു.

റെക്കോര്‍ഡുകളുടെ ബാധ്യതയില്ലാതെ ആവുന്നപോലൊക്കെ കളിച്ചും പിടിച്ചും റണ്ണെടുത്തും വിക്കറ്റുകള്‍ പിഴുതും ഇന്ത്യന്‍ ടീമിലെ ചെറുപ്പക്കാര്‍ പരമ്പര ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. ഇംഗ്ലണ്ടാകട്ടെ കളി മറന്ന മട്ടിലായിരിക്കുന്നു. പിടിച്ചുനില്‍ക്കാന്‍ ഒരു മല്‍സരം കൂടി അവരുടെ മുന്നിലുണ്ട്. സച്ചിനും മറ്റു 'താരങ്ങളും' ഇല്ലാത്തതിനാലായിരിക്കണം ഗാലറികള്‍ മിക്കവാറും കാലിയായി കിടക്കുന്നു.
വയസ്സന്മാരില്ലാത്തതുകൊണ്ടാണ് ഈ പരമ്പര നേടിയത് എന്നതുറപ്പാണ്. യുവതാരങ്ങളെ അവസരം നല്‍കി പരീക്ഷിക്കാന്‍ പോലുമാകാത്തവിധം സീനിയര്‍മാര്‍ ടീമിന് ബാധ്യതയായിരുന്നു. ബാറ്റിംഗിനും ബൌളിംഗിനും ഒപ്പം പ്രാധാന്യമുള്ള ഫീല്‍ഡിംഗില്‍ ഈ വയസ്സന്‍ താരങ്ങളുടെ പ്രകടനം അമ്പേ പരാജയമായി. ഒരു റണ്ണ് വഴങ്ങേണ്ടിടത്ത് അവര്‍ രണ്ടും മൂന്നും ദാനമായി നല്‍കി എതിര്‍ ടീമിന്റെ സ്കോര്‍ ബോര്‍ഡിന് കനം നല്‍കി.
ഈ പരമ്പരയിലെ ഇതുവരെയുള്ള നാല് ഏകദിനത്തിലും ഇന്ത്യന്‍ യുവനിരയുടെ ഫീല്‍ഡിംഗ് ഇംഗ്ലണ്ടിനെക്കാള്‍ മികച്ചതായിരുന്നു. അജിന്‍ക്യ രഹാനെയും വിരാട് കോഹ്ലിയും സുരേഷ് റെയ്നയും രവീന്ദ്ര ജഡേജയും വിനയ്കുമാറും ഗൌതം ഗംഭീറുമെല്ലാം ഫീല്‍ഡില്‍ പറന്നു നടക്കുന്നു. ബൌണ്ടറികള്‍ തടയുന്നു. ശ്രമകരമായ ക്യാച്ചുകള്‍ എടുക്കുന്നു. കളി അനായാസമായി ജയിപ്പിക്കുന്നു.
പരമ്പര 5^0 ന് തൂത്തുവാരാനുള്ള ആവേശത്തിലാണ് ഈ യുവനിര. ഇങ്ങനെയൊരു യുവനിരയെ വാര്‍ത്തെടുക്കണമെന്നാണ് കപില്‍ കുറേ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. അല്ലാതെ രാഹുല്‍ ദ്രാവിഡിനെപ്പോലും ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തെ ടീമിലെടുത്തതുപോലെ പഴഞ്ചന്‍ വണ്ടികള്‍ കട്ടപ്പുറത്ത് നിന്നിറക്കിക്കൊണ്ടുവരികയല്ല.
സച്ചിനും കൂട്ടരും പരിക്ക് മാറി തിരിച്ചെത്തുമ്പോള്‍ തങ്ങളുടെ സ്ഥാനം പുറത്തായിരിക്കുമെന്ന ആശങ്കയിലാണ് പല യുവതാരങ്ങളും കളത്തിലിറങ്ങുന്നത്. അത് അവരില്‍ സമ്മര്‍ദമേറ്റുന്നുമുണ്ട്. രാജ്യത്തിന് വേണ്ടി ഒത്തിരി സംഭാവനകള്‍ നല്‍കിയവരാണ് ഈ പഴയ പടക്കുതിരകള്‍ എന്നത് അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ വ്യക്തിഗത മികവിനെക്കാള്‍ വലുത് രാജ്യത്തിന്റെ ജയം തന്നെയാണ്.
അല്ലെങ്കില്‍ ലോകകപ്പ് നേടിയ ടീമിന്റെ നിഴലുപോലും അല്ലാത്ത  ഒരിന്ത്യന്‍ ടീമായി ഇത് മാറാം.

എ. ശാന്തന്‍

2 അഭിപ്രായ(ങ്ങള്‍):

  • ശ്രീ says:
    2011, ഒക്‌ടോബർ 25 7:15 AM

    ശ്രദ്ധേയമായ ലേഖനം

  • അപ്പൂട്ടൻ says:
    2011, ഒക്‌ടോബർ 25 2:49 PM

    തന്റെ കരിയറിന്റെ അവസാനകാലത്ത് ഹാഡ്‌ലിയുടെ റെക്കോർഡിനൊപ്പമെത്താൻ ടെസ്റ്റിൽ ഒന്നും രണ്ടും വിക്കറ്റ് വീതമെടുത്ത് ഇഴഞ്ഞുനീങ്ങിയിരുന്ന കപിൽദേവ് തന്നെ വേണം ഇതുപറയാൻ. ശ്രീനാഥ് എന്ന കളിക്കാരൻ ബെഞ്ചിലിരുന്ന കഥയൊന്നും അദ്ദേഹം ഇപ്പോൾ ഓർക്കുന്നുണ്ടാവില്ലായിരിക്കാം.

Google+ Followers

Blogger templates

.

ജാലകം

.