കണ്ടുപഠിക്കണം ഈ തമിഴ് സിനിമയെ.....


പത്ത് പതിനഞ്ച് വര്‍ഷത്തെ ഗള്‍ഫ്ജീവിതത്തിനുശേഷം സ്വന്തം നാടിന്റെ മാറിയമുഖംകണ്ട് അദ്ഭുതത്തോടെ കരിപ്പൂര്‍ വിമാനത്തില്‍ വന്നിറങ്ങിയതായിരുന്നു അയാള്‍. കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടുകാര്‍ വന്നത് ഒരു ഓട്ടോറിക്ഷയില്‍. ആനന്ദവും കണ്ണീരുംകൊണ്ട് വൈകാരികത പതഞ്ഞുപൊന്തിയ കുറേ നിമിഷങ്ങള്‍. സന്തോഷത്തോടെ അവര്‍ വീട്ടിലേക്ക് യാത്രയായി. പക്ഷേ, അവര്‍ വീടെത്തിയില്ല. കുടിച്ചു കൂത്താടി ഒരു നാനോ കാറില്‍ പരക്കം പാഞ്ഞുവന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ വിക്രിയകള്‍ ആ കുടുംബത്തിന്റെ എല്ലാ സ്വപ്നങ്ങളെയും ചീന്തിയെറിഞ്ഞു.
ഗൃഹനാഥന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലും. വര്‍ഷങ്ങള്‍ക്കുമുമ്പ് കിനാവുകള്‍ ഭാണ്ഡത്തിലാക്കി മരുഭൂ സഞ്ചാരത്തിനായി ഇറങ്ങിപ്പോയ വീട്ടിലേക്ക് വെള്ളപുതച്ചു കിടത്തിയ മൃതദേഹമായി അയാള്‍ വന്നുകയറി.
ഒരു സാധാരണ ദിവസത്തില്‍ വായിച്ചു വിട്ട അനേകം അപകടമരണ വാര്‍ത്തകളില്‍ ഒന്നുമാത്രമായിരിക്കാം നമുക്കത്. നമ്മുടെ ആരും അതില്‍ ഉള്‍പ്പെടാത്തിടത്തോളം അത് വെറുമൊരു വാര്‍ത്ത.
വിമാനത്താവളത്തില്‍ വന്നിറങ്ങിയശേഷം ഒരു അഞ്ച് മിനിട്ട് നേരത്തെയോ വൈകിയോ പുറപ്പെട്ടിരുന്നെങ്കില്‍ ഈ മരണത്തില്‍നിന്ന് ചിലപ്പോള്‍ അയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടേനെ. അങ്ങനെ ആയിരുന്നെങ്കില്‍ ഇങ്ങനെ ആകുമായിരുന്നു എന്ന കണക്കൂകൂട്ടലുകള്‍ പക്ഷേ, മരണത്തിനുമുന്നില്‍ വിലപ്പോവില്ലല്ലോ. ആ മരണത്തിലേക്ക് അവര്‍ വന്നുകയറുകതന്നെ ചെയ്യും.
അതാണ് മരണവും മനുഷ്യനുമായുള്ള കള്ളനും പോലീസും കളിയുടെ ഗുട്ടന്‍സ്.
നമ്മുടെ ആരുമല്ലാത്ത ഒരുകൂട്ടം മനുഷ്യരുടെ മരണത്തെയും അതിജീവനത്തെയും അതീവ സൂക്ഷ്മവും അത്യന്തം യാഥാര്‍ഥ്യബോധത്തോടെയും അവതരിപ്പിച്ച് നമ്മെ ഞെട്ടിപ്പിക്കുകയാണ് 'എങ്കേയും എപ്പോതും' എന്ന തമിഴ് ചിത്രത്തിലൂടെ നാവാഗത സംവിധായകനായ എം. ശരവണന്‍.
ആദ്യ ഷോട്ടില്‍തന്നെ ചിത്രത്തിന്റെ ക്ലൈമാക്സ് അങ്ങവതരിപ്പിക്കുക. അടുത്ത നിമിഷം മുതല്‍ ഒന്നു ചലിക്കാന്‍ പോലും അനുവദിക്കാതെ സീറ്റില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുക. അവസാനം ചിത്രം തീര്‍ന്ന് തിയറ്ററില്‍ വെളിച്ചം പരക്കുമ്പോഴും കസേരയില്‍നിന്ന് എഴുന്നേല്‍ക്കാനാവാതെ സ്തംഭിച്ചങ്ങനെ ഇരുന്നുപോവുക.
ഒരേ റൂട്ടില്‍ ഓടി ചക്രം തേഞ്ഞ മലയാളസിനിമയുടെ മടുപ്പിക്കുന്ന ആവര്‍ത്തനങ്ങള്‍ക്കും അരോചകത്വങ്ങള്‍ക്കുമിടയില്‍ വല്ലപ്പോഴും ആശ്വാസമാകുന്ന അയല്‍പക്കത്തെ തിരശãീലയില്‍നിന്നുമാണ് ഈ ചിത്രവും സിനിമയെന്നാല്‍ എന്ത് എന്ന് മലയാളിയെ പഠിപ്പിക്കാനെത്തുന്നത്.
ചെന്നൈയില്‍നിന്ന് തിരുച്ചിയിലേക്കും, തിരുച്ചിയില്‍നിന്ന് ചെന്നൈയിലേക്കും പുറപ്പെടുന്ന രണ്ട് ബസ്സുകള്‍ വില്ലുപുരത്തിനടുത്ത് ദേശീയ പാതയില്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തില്‍നിന്ന് ചിത്രം ആരംഭിക്കുന്നു. 35 പേര്‍ കൊല്ലപ്പെട്ട ഈ അപകടത്തില്‍ തകര്‍ന്നുപോകുന്നത് എത്രയോ കുടുംബങ്ങളുടെ, മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതങ്ങളുമാണ്. അവയുടെ ആഴത്തിലേക്കിറങ്ങിനിന്ന് ആ നോവുകളും നേരുകളും നമ്മോട് അസാധാരണമായ ആവിഷ്കാരഭംഗിയോടെ ശരവണന്‍ പറയുന്നു.
രണ്ട് പ്രണയങ്ങളുടെ പശ്ചാത്തലമുണ്ട് ഈ ചിത്രത്തിനെങ്കിലും ഇതൊരു കേവല പ്രണയചിത്രമാകുന്നില്ല. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ എവിടെയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കഥ. പ്രമേയത്തിന്റെ പുതുമയല്ല അവതരണത്തിന്റെ വേറിട്ട വഴിയാണ് ശരവണന്‍ എന്ന കന്നിക്കാരന്റെ ഈ ചിത്രത്തെ സമീപകാല സിനിമകളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്. പരിചിതമായ ഏത് പ്രമേയവും അപരിചിതമായ രീതികളെ അവലംബിച്ചു പറയുമ്പോള്‍ ആ പ്രമേയം ഏറ്റവും പുതുമയുള്ളതായി തീരുമെന്ന തന്ത്രം തമിഴരോളം തിരിച്ചറിഞ്ഞ സിനിമക്കാര്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല.
തമിഴ് സിനിമ എന്നു കേട്ടാല്‍ കുറേ പാട്ടും ഡാന്‍സും കെട്ടിപ്പിടുത്തവും മുട്ടിന് മുട്ടിന് ഇടിയും തൊഴിയുമെന്ന പഴയകാല സങ്കല്‍പങ്ങളൊക്കെ പോയിട്ട് കാലമേറെയായി. തീക്ഷ്ണമായ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കുനേരെയാണിപ്പോള്‍ തമിഴ് പേശും കാമറ മുഖം തുറന്നുവെച്ചിരിക്കുന്നത്.
കൂട്ടിയിടിച്ച് തകര്‍ന്നുപോയ ആ രണ്ട് ബസുകളില്‍ പ്രണയത്തില്‍നിന്ന് ജീവിതത്തിലേക്ക് കയറിപ്പോകാനൊരുങ്ങുന്ന കമിതാക്കളുണ്ട്. വീട്ടിലെത്തിയിട്ട് മകന് അപ്പം ചുട്ടുകൊടുക്കാമെന്ന് ഫോണില്‍ വിളിച്ചുപറയുന്ന അമ്മയുണ്ട്. വിവാഹം കഴിഞ്ഞ് അധികദിവസമാകാത്ത ദമ്പതികള്‍. ഒരാള്‍ക്ക് ഒരാളെ വിട്ടുപിരിയാന്‍ മടിയായതുകൊണ്ട് യാത്രയയ്ക്കാനെത്തിയ ഭര്‍ത്താവ് അടുത്ത സ്റ്റോപ്പുവരെയെങ്കിലും ഭാര്യയെ അനുഗമിക്കാന്‍ തീരുമാനിച്ച് അപകടത്തിലേക്ക് ചെന്നു കയറിയതാണ്.
ബസില്‍ മൊട്ടിട്ട ഒരു പ്രണയത്തിന്റെ തുമ്പില്‍ പിടിച്ച് മറ്റൊരു ബസില്‍ കയറിയിട്ടും ഇറങ്ങിവന്ന് മരണം പതിയിരിക്കുന്ന ആ ബസില്‍തന്നെ വന്നുകയറുന്ന പെണ്‍കുട്ടി. അനിവാര്യമായ ദുരന്തത്തിലേക്ക് ചെന്നുകയറിയേ തീരൂ എന്ന് ഈ കഥാപാത്രങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
മറ്റൊരാള്‍ ദുബായില്‍ ജോലി ചെയ്യുന്നു. മകളെ ഭാര്യ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ ഗള്‍ഫിലേക്ക് പോയതാണ്. അവള്‍ക്കിപ്പോള്‍ വയസ്സ് അഞ്ചായി. ദൂരെയിരുന്നു ഫോണ്‍വിളികളിലൂടെ മകളെ അറിയുന്ന ആ അച്ഛന്‍ ഓരോ തവണയും ഉടന്‍ വരാം എന്നു പറഞ്ഞ് മകള്‍ക്ക് ആശകൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴയാള്‍ മകള്‍ക്കായി ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് മടങ്ങിവരുന്നു. പക്ഷേ, ആ മടങ്ങിവരവ് ഇപ്പോള്‍ വരാം എന്ന അച്ഛന്റെ പതിവ് നുണയായി മാത്രമേ മകള്‍ക്ക് തോന്നുന്നുള്ളു.
വിജയം നേടി വലിയ ട്രോഫിയുമായ തിരിച്ചുപോരുന്ന പെണ്‍കുട്ടികളുടെ ഒരു അത്ലറ്റ് ടീമിന്റെ ആഹ്ലാദാരവങ്ങള്‍ ദുരന്തത്തിലേക്കാണ് ചെന്നവസാനിക്കുന്നത്. ഉറങ്ങിപ്പോയ കാരണത്താല്‍ അപകടത്തില്‍ പെട്ടുപോകുന്നു ഒരു യാത്രികന്‍.
സമീപകാല തമിഴ്സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച 'സുബ്രഹ്മണ്യപുര'ത്തിനു ശേഷം ജയ് എന്ന നടന് കിട്ടിയ മികച്ച വേഷമാണ് ഈ ചിത്രത്തിലേത്. തുല്ല്യ പ്രാധാന്യമുള്ള വേഷത്തില്‍ തെലുങ്ക് നടന്‍ ശര്‍വാനന്ദും മികച്ച് നില്‍ക്കുന്നു. പക്ഷേ, ഇവരെ രണ്ടുപേരെയും കടത്തിവെട്ടിയത് ചിത്രത്തിലെ നായികാവേഷങ്ങള്‍ കൈകാര്യം ചെയ്ത അങ്ങാടിത്തെരു ഫെയിം അഞ്ജലിയും മലയാളി നടി അനന്യയുമാണ്. ഇരുവരും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കുകയും ചെയ്തു.
അങ്ങനെ ഏത് അപകടവാര്‍ത്തയുടെയും പിന്നില്‍ നിരന്നുകിടക്കാവുന്ന ജീവിതങ്ങളെയാണ് ശരവണന്‍ സിനിമയില്‍ പറയുന്നത്. ഒപ്പം മാറിയ കാലത്തിന്റെ വഴക്കങ്ങളെയും പഴക്കങ്ങളെയും അയാള്‍ അസ്വാരസ്യങ്ങളില്ലാതെ തുന്നിച്ചേര്‍ത്തിരിക്കുന്നു. അലജാന്‍ഡ്ര ഗോണ്‍സാലസ് ഇനാരിത്തു എന്ന മെക്സികന്‍ സംവിധായകനെപോലുള്ളവര്‍ വിജയകരമായി പരീക്ഷിച്ച ബഹ്വാഖ്യാനം (multi narration) എന്ന രീതി അവലംബിക്കുന്നുണ്ട് പലയിടത്തും ശരവണന്‍.
ഏഴാം അറിവ്, ഗജിനി, ദീന, രമണ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ നമ്പര്‍ വണ്‍ സംവിധായകനിരയിലേക്ക് കുതിച്ചെത്തിയ എ.ആര്‍. മുരുകദോസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പരിചയവുമായാണ് ശരവണന്‍ ഈ ചിത്രത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത്. ചിത്രത്തിന്റെ നിര്‍മിച്ചിരിക്കുന്നത് മറ്റാരുമല്ല സാക്ഷാല്‍ മുരുകദോസ് തന്നെ. ഫോക്സ് സ്റ്റുഡിയോ എന്ന ബഹുരാഷ്ട്ര കമ്പനിയുമായി ചേര്‍ന്നാണ് മുരുകദോസ് ശിഷ്യനുവേണ്ടി ഈ ചിത്രം നിര്‍മിക്കാന്‍ തയാറായത്.
നാല്‍പതും അമ്പതും സിനിമകളെടുത്ത് ഒരേ ട്രാക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന മലയാള സംവിധായകര്‍ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു ഈ മാതൃക. അവസാനകാലംവരെ അസിസ്റന്റായി മരിച്ചുപോകാനായിരിക്കും മലയാളത്തിലെ പല പ്രതിഭാശാലികളായ അസോസിയേറ്റ്സുകളുടെയും വിധി. ഒരു സിനിമയ്ക്കെങ്കിലും സ്വന്തമായി കാശുമുടക്കുന്നതുപോയിട്ട് മറ്റാരുടെയെങ്കിലും സഹായത്തോടെ അസിസ്റ്റന്റിനെ ഒരു സ്വയംപര്യാപ്ത സംവിധായകനാകാന്‍ സമ്മതിക്കാത്ത വൃദ്ധജന്മങ്ങളാണ് മലയാള സംവിധായകരില്‍ മിക്കവരും.
തമിഴിലെ ഏറ്റവും വിലകൂടിയ സംവിധായകന്‍ ശങ്കറാണ്. ജെന്റില്‍മാനും കാതലനും ഇന്‍ഡ്യനും ശിവാജിയും അന്യനുമൊക്കെ എടുത്ത അതേ ശങ്കര്‍തന്നെയാണ് സ്വന്തം കാശുമുടക്കി ബാലാജി ശക്തിവേല്‍ എന്ന തന്റെ അസിസ്റ്റന്റിനെക്കൊണ്ട് 'കാതല്‍'ഉം 'കല്ലൂരി'യും സംവിധാനം ചെയ്യിച്ചത്. വസന്ത ബാലനെക്കൊണ്ട് 'വെയില്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിച്ചത്. അറിവഴകന്‍ വെങ്കിടാചലത്തെക്കൊണ്ട് 'ഈറം' എടുപ്പിച്ചത്. താമിരയെക്കൊണ്ട് 'രട്ടൈസുഴി' സംവിധാനിപ്പിച്ചത്.
ഇപ്പോള്‍ മുരുകദോസും ശങ്കറിനെ പോലെ തന്റെ അസിസ്റ്റന്റിനെ വിശ്വസിച്ച് സിനിമയെടുക്കുന്നു. റിലീസ് സെന്ററുകളില്‍ നിറഞ്ഞോടുന്നു.  ഇതൊന്നും മലയാളികള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. നമ്മള്‍ സത്യത്തില്‍ സന്തോഷ് പണ്ഡിറ്റുമാരെയേ അര്‍ഹിക്കുന്നുള്ളു.
തൊടുകുറി: മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് തിരക്കഥകളുടെ പുസ്തകരൂപമാണത്രെ. കാരണം, എല്ലാ ചെറുപ്പക്കാരും ഒരു സിനിമക്കാരനാകണമെന്ന മോഹം മനസ്സില്‍ സൂക്ഷിക്കുന്നു. അതിനായി അവര്‍ തിരക്കഥകള്‍ വാങ്ങി വായിക്കുന്നു. സിനിമാ മോഹം മനസ്സില്‍ പേറുന്ന ഓരോരുത്തരും ഈ സിനിമ കണ്ടിരിക്കണം. സ്ക്രിപ്റ്റിനുമേല്‍ ഹോംവര്‍ക്ക് ചെയ്ത് ഒരു ഷോട്ടില്‍പോലും പിഴവില്ലാതെ ഒരു സിനിമ എങ്ങനെ വിജയകരമായി എടുക്കാമെന്ന് ഈ സിനിമ പഠിപ്പിച്ചുതരുന്നു.
'എങ്കേയും എപ്പോതും' ഹിറ്റായപ്പോള്‍ തന്നെ തേടിവരാവുന്ന നിര്‍മാതാക്കള്‍ക്കായി കാത്തിരിക്കുകയല്ല ശരവണന്‍ ചെയ്തത്. നേരേ 'ഏഴാം അറിവി'ന്റെ സെറ്റിലേക്ക് വണ്ടി കയറുകയായിരുന്നു. തന്റെ ഗുരുവായ മുരുകദോസിന്റെ ചിത്രത്തിന്റെ അസിസ്റ്റന്റായി.
കെ.എ. സൈഫുദ്ദീന്‍

2 അഭിപ്രായ(ങ്ങള്‍):

  • Sam says:
    2011, ഒക്‌ടോബർ 29 12:20 PM

    ട്രെയിന്‍ എന്നാ മലയാളം സിനിമ കണ്ടിട്ടില്ല അല്ലെ...
    മമ്മൂട്ടിയുടെ ട്രെയിന്‍ എന്നാ സിനിമയിലെ ട്രെയിനിനെ ബസ്സാക്കി എന്നെ ഉള്ളൂ.
    അതിലും ക്ലൈമാക്സ്‌ ആദ്യം കാണിച്ചു ഒരു പാട് ആളുകളുടെ പൊലിഞ്ഞു പോയ സ്വപ്‌നങ്ങള്‍ കാണിക്കുന്നുണ്ട്.
    മലയാള സിനിമയെ വെറുതെ കുറ്റം പറയേണ്ട. ഇത് ട്രെയിന്‍ടെ തനി മോഷണമാണ്.

  • അജ്ഞാതന്‍ says:
    2012, ഫെബ്രുവരി 29 1:22 AM

    സാം
    ഫസ്റ്റ് ഇ പടം കാണു അപ്പോള്‍ അറിയാം രണ്ടും തമ്മിലുള്ള വിത്യാസം ഞാന്‍ കണ്ടതില്‍ ഒരു നല്ല തമിള്‍ ഫിലിം
    ട്രെയിന്‍ ഈ ഫിലിമിന്‍റെ ഏഴു അകലത്തുപോലും വരില്ല.സാം നല്ലതിനെ നല്ലത് എന്ന് പറയാന്‍ ശീലിക്കണം

Blogger templates

.

ജാലകം

.