സി.പി.എമ്മിലെ നിഴല്‍ക്കുത്ത്അമേരിക്കന്‍ സാമ്രാജ്യത്വം  ഒരു ലക്ഷ്യം തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ അതിനു രണ്ടുതരം പ്രചാരണങ്ങളാണ്.  മാധ്യമങ്ങള്‍ വഴിയുള്ള നുണപ്രചാരണവും പിറകെ സൈനികനീക്കവും.  യുദ്ധം നടത്തുന്നതിനെപ്പോലും അമേരിക്ക പറയുക  മിലിറ്ററി കാമ്പയിന്‍ (Military Campaign)  എന്നാണ്.  ഇറാഖില്‍ സദ്ദാം ഹുസൈന്റെ കഥകഴിക്കാന്‍ പറഞ്ഞുപരത്തിയത്   ലോകം ഭസ്മീകരിക്കുന്ന  കൂട്ട മനുഷ്യക്കുരുതിക്കുള്ള  ആണവായുധങ്ങള്‍  അവിടെ കുന്നുകൂട്ടിയിട്ടുണ്ടെന്നായിരുന്നു.
സാമ്രാജ്യത്വ ശക്തികളും സി.പി. എം പോലുള്ള ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയും തമ്മില്‍  താരതമ്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്.   അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രചാരണരീതിശാസ്ത്രം കേരളത്തില്‍ സി.പി.എം നേതൃത്വം സ്വീകരിക്കുന്നതു കാണുമ്പോള്‍  പറയാതെ വയ്യ.  പാര്‍ട്ടി വിരുദ്ധ മാധ്യമങ്ങള്‍ ഒറ്റുകാരെയും പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്നവരെയും ഉപയോഗിച്ച് സി.പി.എം സമ്മേളനങ്ങള്‍ അട്ടിമറിക്കാന്‍ പുറപ്പെടുകയാണെന്നാണ് ഇപ്പോള്‍ അവരുടെ  പ്രചാരണം.  പാര്‍ട്ടി അച്ചടക്കത്തിന്റെ പേരിലാണത്.   അതിന്റെ ലക്ഷ്യമാകട്ടെ, സ്വന്തം വരിഷ്ഠ നേതാവ്     വി.എസ്. അച്യുതാനന്ദനും.
സി.പി.എമ്മിനകത്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ബെര്‍ലിന്‍ മതിലിലൂടെ വി.എസ്. അച്യുതാനന്ദന്‍ കൂട്ടക്കുരുതിക്കുള്ള ആയുധങ്ങളുമായി വരുന്നു എന്ന്  ആരോ   ദുഃസ്വപ്‌നം കണ്ടത്രെ.  ചികിത്സയിലുള്ള പാര്‍ട്ടി സെക്രട്ടറി  അടിയന്തര  സന്ദേശം വഴി വി.എസിനെ വിലക്കുന്നു, വി.എസ് മാനുഷിക പരിഗണന  മനസ്സില്‍വെച്ച്  വിലക്കു ലംഘിക്കുന്നു (എത്രയോ പേര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തിയതിന്റെ അനുഭവപാഠം?).  ആറു വര്‍ഷമായി  ഊരുവിലക്കിനു വിധേയനായി  പാതി ആശുപത്രിയിലും പാതി വീട്ടിലുമായി,  പലപ്പോഴും കൃത്രിമ ശ്വാസോച്ഛ്വാസംവഴി  ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ സഹായിക്കുന്നതുകൊണ്ടുമാത്രം  രക്ഷപ്പെട്ടുപോരുന്ന വയോധികനാണ്  കുഞ്ഞനന്തന്‍നായര്‍.   കേരളത്തിലും പുറത്തും ഇന്നും കമ്യൂണിസ്റ്റ് എന്ന മേല്‍വിലാസവും  ആദരവുമുള്ള ആള്‍.  
മാര്‍ക്‌സിസം-ലെനിനിസമോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമോ  അറിയാത്ത സി.പി.എം നേതൃത്വത്തിലെ പുത്തന്‍കൂറ്റുകാര്‍ക്കും മാര്‍ക്‌സിസ്റ്റ് വിരുദ്ധ പത്രപ്രവര്‍ത്തനത്തില്‍നിന്ന് പെന്‍ഷന്‍ പറ്റി പാര്‍ട്ടിയില്‍ ചേക്കേറിയവര്‍ക്കും  ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ  അറിയാത്തതില്‍   അദ്ഭുതമില്ല.  ടൈപ്‌റൈറ്റിങ് സ്ഥാപനം നടത്തിവന്നിരുന്ന ആളെന്നോ  ബെര്‍ലിനില്‍നിന്ന് ഓടിപ്പോന്നപ്പോള്‍ മഴയത്ത് എ.കെ.ജി സെന്ററില്‍ കയറിച്ചെന്ന ആളെന്നോ അവര്‍  പറയുന്നത്  അവഗണിക്കാം. എ.കെ.ജി സെന്ററില്‍ കണ്ടപ്പോള്‍   ഇ.കെ. നായനാര്‍  ഇറക്കിവിട്ട ആളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്  കടന്നകൈയായി.
നായനാര്‍ സെക്രട്ടറി പദവിയിലിരിക്കു മ്പോഴാകണമല്ലോ ബെര്‍ലിനെ ഇറക്കിവിട്ടത്.  അത്  1996ന് മുമ്പാകണം.  '96ല്‍ അദ്ദേഹം സംസ്ഥാന കമ്മിറ്റിയില്‍  സുശീലാ ഗോപാലനെ  മത്സരിച്ച് തോല്‍പിച്ച്  മുഖ്യമന്ത്രിയായി സ്ഥലംവിട്ടതാണ്.   പിന്നെ ചടയന്‍ ഗോവിന്ദനും  പിണറായി വിജയനും  സെക്രട്ടറിമാരായി. 2000ത്തിലാണ്  സി.പി.എം  പരിപാടിയുടെ കരടുരൂപം ചര്‍ച്ചക്ക് വിതരണം ചെയ്തത്.  ഇതിനു സഹായകമാകുന്ന  ലഘുലേഖകള്‍ സുര്‍ജിത്തിനും  സീതാറാമിനുമൊപ്പം   കുഞ്ഞനന്തന്‍നായരെക്കൊണ്ട് എഴുതിച്ചത് സി.പി.എം.
'വിപ്ലവപരിപാടികളുടെ വികാസചരിത്രം'  എന്ന ആ    ലഘുലേഖക്ക് അവതാരിക എഴുതിയത്  സാക്ഷാല്‍ പിണറായി വിജയനും.  സി.പി.എമ്മിന്റെ സംസ്ഥാന ആസ്ഥാനത്തുവെച്ച്  2000 ആഗസ്റ്റ് മൂന്നിന്   1930 മുതല്‍ 2000ാമാണ്ടുവരെ  പാര്‍ട്ടി പരിപാടികളുടെയും നയംമാറ്റങ്ങളുടെയും ചരിത്രമാണ് കുഞ്ഞനന്തന്‍നായര്‍ വിവരിക്കുന്നതെന്ന്   സംസ്ഥാന സെക്രട്ടറി പറയുന്നു.   കരടു പരിപാടിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കേരളത്തിലെ സി.പി.എം അംഗങ്ങളെയും  നേതാക്കളെയും സഹായിക്കാന്‍ അദ്ദേഹം എങ്ങനെയാണ് നായനാര്‍ ഇറക്കിവിട്ട ഒരാളെ നിയോഗിച്ചത്.  അതും കേവലം ഒരു ടൈപ്‌റൈറ്റിങ്ങുകാരന്‍  നാടോടിയെ.
പിണറായി വിജയന്‍ ജനിക്കുന്നതിനും  ഒരു വര്‍ഷം മുമ്പാണ്   ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്.  അതില്‍  പങ്കെടുത്ത 656 അംഗങ്ങളില്‍ ഏറ്റവും  പ്രായം കുറഞ്ഞ പ്രതിനിധി 16 വയസ്സുള്ള ബെര്‍ലിന്‍.    ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സംബന്ധിച്ച  നാലാം വാല്യത്തില്‍  കുഞ്ഞനന്തന്‍നായരെന്ന കുട്ടി പ്രതിനിധിയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രസംഗത്തെക്കുറിച്ചും   (പേജ്: 656-661, പേജ്: 692)  വിശദമായി    രേഖപ്പെടുത്തിയിട്ടുണ്ട്.  സുര്‍ജിത്തിന്റെയും ജ്യോതി ബസുവിന്റെയും നേതൃത്വത്തില്‍ തയാറാക്കിയിട്ടുള്ള പാര്‍ട്ടി ചരിത്രത്തിന്റെ 15 വാല്യങ്ങള്‍ എ.കെ.ജി സെന്ററിലെങ്കിലും ലഭ്യമാകുമല്ലോ.   പി. സുന്ദരയ്യയുടെ ആത്മകഥയിലും കുഞ്ഞനന്തന്‍ നായര്‍ക്ക് സ്ഥാനമുണ്ട്.  മാധ്യമഭീകരന്‍  റൂപര്‍ട്ട് മര്‍ഡോക്കിന്റെ  കൂടെപ്പോയ  കൈരളി എം.ഡിയുടെ മുന്‍കാല സേവനം പരിഗണിക്കുന്നത് സി.പി.എം നയമാണെന്ന് പിണറായി പറയുന്നു. ഇത്തിരി മുന്‍കാല സേവനം ഈ വൃദ്ധന്റെകാര്യത്തിലും പരിഗണിക്കേണ്ടതല്ലേ.
ജോര്‍ജ്. ഡബ്ല്യു. ബുഷും അദ്ദേഹത്തിന്റെ വിദേശ സെക്രട്ടറിമാരും  സദ്ദാംഹുസൈനെപ്പറ്റി പറഞ്ഞുപോന്ന സത്യങ്ങള്‍തന്നെയാണ്    ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ വി.എസ് സന്ദര്‍ശിച്ചെന്ന അച്ചടക്കലംഘനം ഉയര്‍ത്തിപ്പിടിച്ച് സി.പി.എമ്മും    ആവര്‍ത്തിക്കുന്നത്.   വിഭാഗീയതയുടെ പുതിയ പോര്‍മുഖമാണ്  ബെര്‍ലിന്‍ വിവാദത്തിലും  വി.എസ് അനുകൂല പ്രകടനത്തിന്റെ പേരില്‍ നടക്കുന്ന പുറത്താക്കല്‍ നടപടികളിലും വി.എസ്-ലോറന്‍സ് പരസ്യ സംവാദങ്ങളിലും കേരളം കണ്ടുകൊണ്ടിരിക്കുന്നത്.   വി.എസിനുവേണ്ടി  പ്രകടനം നടത്തിയത്  പാര്‍ട്ടിഅംഗങ്ങളല്ലെന്ന് പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ അത് ഓര്‍ക്കുന്നില്ലായിരിക്കും.
അല്‍പം ഗൃഹപാഠം ചെയ്താല്‍, വിഭാഗീയതയില്ലെന്ന് ആണയിടുമ്പോഴും വിഭാഗീയതയുടെ ഔദ്യോഗിക പടനീക്കം സി.പി.എം നേതൃത്വം ഇപ്പോള്‍ തുടങ്ങിയതിന്റെ ചിത്രം വ്യക്തമാകും.  വിജയിക്കാന്‍ പാര്‍ട്ടി ഉറപ്പിച്ചുവെച്ചിരുന്ന 21 സീറ്റുകളില്‍  തോറ്റുകൊടുത്ത നിയമസഭാ തെരഞ്ഞെടുപ്പുഫലം    വരുന്നതിനു തൊട്ടുമുമ്പ് പിണറായി വിജയന്‍ പാര്‍ട്ടി അണികള്‍ക്കു നല്‍കിയ മുന്നറിയിപ്പില്‍നിന്ന് അത് തുടങ്ങുന്നു.  'വിഭാഗീയത സ്വപ്‌നം കാണുന്നവര്‍ നിരാശരാകും'  എന്ന തലക്കെട്ടില്‍  മേയ് ആറിന് ദേശാഭിമാനിയില്‍  സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു.  തലേന്ന് മാധ്യമത്തില്‍ വന്ന ലേഖനത്തിനു മറുപടി.
'സി.പി.എമ്മിനെതിരായ സിന്‍ഡിക്കേറ്റ് ആക്രമണങ്ങള്‍ മാധ്യമത്തിലെ ഒരു വിശകലനംകൊണ്ട്  അവസാനിക്കുമെന്നു  കരുതുന്നില്ല.  അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനും   അതിജീവിക്കാനുമുള്ള കരുത്ത്  പാര്‍ട്ടിക്കുണ്ട്.  തങ്ങള്‍ തെരഞ്ഞെടുക്കുന്ന നുണകള്‍ പാര്‍ട്ടിക്കുമേല്‍ ചാര്‍ത്തി,  വിഭാഗീയതയുടെ വിഷനാമ്പുകള്‍  നട്ടുമുളപ്പിക്കാനാകുമോ എന്ന് ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരായ  നിതാന്ത ജാഗ്രതയും അവരുടെ കുത്തിത്തിരിപ്പുകള്‍  തിരിച്ചറിഞ്ഞ്  തട്ടിക്കളയാനുള്ള വിവേകവും  ആര്‍ജവവുമുള്ളവരാണ് കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും.  തെറ്റിദ്ധരിപ്പിക്കപ്പെടില്ല എന്നുറപ്പിക്കാനുള്ള സൂക്ഷ്മമായ ജാഗ്രത  പാര്‍ട്ടി സഖാക്കളില്‍ സദാ ഉണ്ടാകേണ്ടതുണ്ട്'   -പാര്‍ട്ടി സെക്രട്ടറിയുടെ  മുന്നറിയിപ്പ്.
എന്‍ഡോസള്‍ഫാന്റെ എന്നോണം  വിഭാഗീയതയുടെ ദൂഷ്യഫലം  അനുഭവിച്ചറിഞ്ഞ് ഒടുവില്‍ പിണറായിയും വി.എസും എല്ലാം ചേര്‍ന്ന് കൂട്ടായ ശ്രമത്തിലൂടെ  അതവസാനിപ്പിച്ചു.  ഒറ്റപ്പെട്ട വല്ല പ്രശ്‌നങ്ങളും ഉണ്ടായാല്‍  അത് വിഭാഗീയതയുടെ തിരിച്ചുവരവല്ല.  മാധ്യമം ലേഖകന്‍ പറയുംപോലെ പാര്‍ട്ടിയില്‍ രണ്ടു പക്ഷമില്ല.  പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളിലും വി.എസിനു പങ്കുണ്ട് എന്നും അദ്ദേഹം ആധികാരികമായി വിശദീകരിച്ചു.
എന്നാല്‍, സി.പി.എമ്മിലെ വിഭാഗീയത ഏറ്റവും മാരകമായി പ്രകടമായതാണ് വി.എസിനെ സ്ഥാനാര്‍ഥിയാക്കി ഇറക്കിയ  തെരഞ്ഞെടുപ്പില്‍ കണ്ടത്.  വി.എസ് ഇല്ലെങ്കിലും വിജയം ഉറപ്പിച്ച  74  മണ്ഡലങ്ങളില്‍   21 സീറ്റിലാണ്   തോറ്റുകൊടുത്തത്. ക്രിക്കറ്റില്‍  വാതുവെപ്പെന്നും മാച്ച് ഫിക്‌സിങ് എന്നും മറ്റും പറയുന്ന  മട്ടില്‍    ചില മണ്ഡലങ്ങളില്‍ കൗശലപൂര്‍വം ഇത്  നടപ്പാക്കുകയായിരുന്നു വി.എസ് സ്ഥാനാര്‍ഥിയായതോടെ.
ഈ തിരിച്ചറിവുകൊണ്ടായിരിക്കണം  ഇടക്കാലത്ത്  കേന്ദ്ര തീട്ടൂരത്തെ തുടര്‍ന്ന്  സംസ്ഥാന നേതൃത്വത്തിന് കീഴ്‌പ്പെട്ടുപോന്ന വി.എസ്. അച്യുതാനന്ദന്‍  മൂക്കുകയര്‍ പൊട്ടിച്ച്  പരസ്യമായി ഇപ്പോള്‍  ഇടയുന്നത്.  ജയിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത, അയ്യായിരത്തിനും പതിനായിരത്തിനുംമേല്‍   യു.ഡി.എഫിന് ഭൂരിപക്ഷമുള്ള 15 സീറ്റുകള്‍ തന്റെ സാന്നിധ്യംകൊണ്ട്  വിജയിപ്പിച്ചിട്ടും മൂന്ന് സീറ്റുകള്‍ക്ക് ഭരണം നഷ്ടപ്പെട്ടു. അത്  വി.എസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
എറണാകുളം ജില്ലാ സെക്രട്ടറിയെ മാറ്റാന്‍ ഇടയാക്കിയ സദാചാരപ്രശ്‌നവും സി.പി.എമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ  മറ്റൊരു പ്രഖ്യാപനമാണ്.  സംസ്ഥാന നേതൃത്വംതന്നെ ജില്ലാ ഭരണം ഏറ്റെടുത്തു.  പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജില്ലാഭരണം ഏറ്റെടുക്കല്‍  എന്നും വിഭാഗീയതയുടെ പാരമ്യത്തിലാണ്.  എറണാകുളം അതു ശരിവെക്കുന്നു.
ഒളികാമറ വെച്ച് സ്വന്തം പാര്‍ട്ടി സെക്രട്ടറിയെ കുടുക്കിയത് വിഭാഗീയ പ്രവര്‍ത്തനമാണെന്ന കുറ്റപത്രവും സംസ്ഥാന നേതൃത്വം  എറണാകുളം നേതാക്കള്‍ക്കെതിരെ ഉന്നയിക്കുന്നു.  എന്നിട്ടും  സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്ന് അണികളെയും അനുഭാവികളെയും വിശ്വസിപ്പിക്കാന്‍  പാടുപെടുന്നു പാര്‍ട്ടി സെക്രട്ടറിയും മുഖപത്രവും.
കൗതുകകരമായത്  സി.പി.എം മുഖപത്രത്തിലെ പുതിയ കണ്‍സള്‍ട്ടിങ് എഡിറ്ററുടെ വിഭാഗീയമായ അരങ്ങേറ്റമാണ്.  അദ്ദേഹം സമര്‍ഥിക്കുന്നത് സെക്രട്ടറി പറയുന്നതുപോലെ സി.പി.എമ്മിലെ വിഭാഗീയത മാധ്യമങ്ങളുടെ സൃഷ്ടിയല്ലെന്നാണ്.   തന്റെ പൂര്‍വാശ്രമ പ്രയോഗതലത്തിലെ വാര്‍ത്തചോര്‍ത്തലിന്റെ  അനുഭവത്തില്‍   എന്‍. മാധവന്‍കുട്ടിയെ നമുക്ക് വിശ്വസിക്കാം.   പക്ഷേ, അദ്ദേഹം സി.പി.എം മുഖപത്രത്തിലിരുന്നാണ്  കേന്ദ്ര കമ്മിറ്റിയംഗം വി.എസ്. അച്യുതാനന്ദന്റെ അച്ചടക്കലംഘനം ചോദ്യംചെയ്യുന്നത്.  പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യം.   വി.എസ്. അച്യുതാനന്ദനോട് തന്റെ പ്രത്യയശാസ്ത്ര ഭിന്നതകള്‍ പരസ്യമാക്കി 64ല്‍ ചെയ്തത് ആവര്‍ത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.    മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും ഏരിയാ കമ്മിറ്റിയെന്ന പാതാളത്തില്‍നിന്ന് വി.എസിന്റെയും ബാലാനന്ദന്റെയും കൈപിടിച്ച് സംസ്ഥാന കമ്മിറ്റിയിലേക്ക് കരകയറിയ പഴയകാല ത്യാഗാനുഭവങ്ങളുമുള്ള നേതാവാണ്  എം.എം. ലോറന്‍സ്. അദ്ദേഹവും    അച്ചടക്ക ലംഘനം  പറഞ്ഞ്  വി.എസിന്റെ പിറകെ പറന്ന്  തലയില്‍ കൊത്തുന്നു.  വി.എസ് മാത്രമല്ല, കേരളത്തിലെ പാര്‍ട്ടി നേതാക്കളും  അംഗങ്ങളും  പരസ്യവിവാദം   നടത്തരുതെന്ന  കേന്ദ്രവിലക്ക്  മഴയില്‍ കുതിര്‍ന്ന് ഒഴുകിപ്പോയി.
പി. ശശി സംഭവം, പരിയാരം-സ്വാശ്രയ വിവാദം, ഗോപി കോട്ടമുറിക്കല്‍ സംഭവം എന്നിങ്ങനെ സി.പി.എമ്മില്‍നിന്ന് പുറത്തേക്കൊഴുകുന്ന മാലിന്യങ്ങളുടെയും ദുര്‍ഗന്ധങ്ങളുടെയും മുന്നില്‍  പാര്‍ട്ടി അണികളാകെ  അന്തിച്ചുനില്‍ക്കുകയാണ്.   കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ പേരിലുള്ള പാര്‍ട്ടി ആസ്ഥാനങ്ങളിലൊന്നില്‍   തുടര്‍ച്ചയായ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടന്നെന്ന് വെളിപ്പെടുത്തുന്നത് എം.എം. ലോറന്‍സിനെപ്പോലുള്ള  ഒരു പക്വമതി.    സമൂഹമാകെ  അന്ധാളിച്ച ഈ വിഷയംപോലും  അച്ചടക്കപ്രശ്‌നമാക്കി ചുരുക്കുന്നു. വിഭാഗീയതയുടെ വിളവെടുപ്പ് നടത്തുന്നു. കുടുംബങ്ങളില്‍ നടക്കുന്ന ലൈംഗികപീഡനങ്ങള്‍ തൊട്ട് വ്യാപകമായി നടക്കുന്ന സ്ത്രീ പീഡനങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും  ഭീതിജനകമാണ്. രാഷ്ട്രീയ നേതാക്കളും വിവിധ  മാഫിയകളും  തമ്മിലുള്ള ബന്ധവും അതിന്റെ ഭാഗമായ  സുഖലോലുപതയും ലൈംഗിക അരാജകത്വവും സി.പി.എമ്മിന്റെ ഉന്നത നേതൃത്വങ്ങളെപ്പോലും ഗ്രസിച്ചിട്ടുണ്ടെന്നതാണ്      വിഭാഗീയതയുടെ നിഴല്‍ക്കുത്തില്‍നിന്നും  പുറത്തുചാടുന്ന തെളിവുകള്‍.  
ഈ പശ്ചാത്തലത്തില്‍ അസ്വസ്ഥമായ അണികളുടെ രോഷം തിരിച്ചുവിടാനും സമ്മേളനങ്ങളില്‍ മുതലെടുപ്പു നടത്താനുമാണ് അച്ചടക്കപ്രശ്‌നം വഴി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.   വിഭാഗീയതയുടെ   ചങ്ങലയുടെ മറ്റേതലക്കലുള്ള പിടിത്തം സംഘടനാതലത്തില്‍ നഷ്ടപ്പെട്ട വി.എസും ഇത് അവസരമായി കാണുന്നു.    പാര്‍ട്ടിക്കകത്തെ തന്റെ നിലനില്‍പ് ഉറപ്പിക്കുക എന്നതില്‍കവിഞ്ഞ് ആശയപരമായും  സംഘടനാപരമായും   പാര്‍ട്ടിയെ   തിരിച്ചുകൊണ്ടുവരാനുള്ള  ശ്രമമാണെന്ന് അദ്ദേഹം ഇനിയും തെളിയിക്കാനിരിക്കുന്നു.   വി.എസില്‍ വിശ്വാസമര്‍പ്പിച്ച ഒട്ടേറെ ചെറുപ്പക്കാര്‍  ചാവേറുകളായി ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെടുകയുമാണ്.

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

1 അഭിപ്രായ(ങ്ങള്‍):

  • Rajeev Vasu says:
    2011, ഓഗസ്റ്റ് 8 8:49 PM

    How far we have to tolerate these Marxist Rip Van Winkle - comrades in Kerala, where they utterly failed , with their all rhetoric,to create a new Keralan!

Google+ Followers

Blogger templates

.

ജാലകം

.