'സഖാക്കള്‍ക്കിനി ഒന്നും ചെയ്യാനില്ല...'

2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടു സി.പി.എം. നേതാവ്‌ പിണറായി വിജയന്‍ നടത്തുന്ന പ്രസംഗമെന്ന രീതിയില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനു പകരം സത്യന്‍ അന്തിക്കാടിന്റെ 'സന്ദേശം' സിനിമയിലെ നേതാവ്‌ ശങ്കരാടിയുടെ വാക്കുകള്‍ ഡബ്‌ ചെയ്‌തു ചേര്‍ത്തുകൊണ്ട്‌ (പ്രതിക്രിയാവാദികളും വിഘടനവാദികളും ബൂര്‍ഷ്വാസിയും ചേര്‍ന്ന അന്തര്‍ധാര... എന്നിങ്ങനെ) ഒരു ഹാസ്യപരിപാടി ഇന്റര്‍നെറ്റില്‍ വന്നു. ഇതു തയാറാക്കിയ വ്യക്‌തി പോലീസ്‌ കേസില്‍ വരെ പെട്ടു. നമ്മുടെ മിക്ക ചാനലുകളിലും രാഷ്‌ട്രീയ നേതാക്കളുടേയും സിനിമാതാരങ്ങളുടെയും ഇത്തരം പരിപാടികള്‍ നാം നിരന്തരം കാണാറുണ്ട്‌. ആരും കേസിനു പോയിട്ടില്ല. എന്നാല്‍, അതുപോലെയല്ലല്ലോ പിണറായി വിജയന്‍! അദ്ദേഹത്തെ മിമിക്രിയില്‍ അവതരിപ്പിക്കാന്‍പോലും ആരും ധൈര്യപ്പെടുന്നില്ലത്രേ. (എ.കെ. ആന്റണി, വി.എസ്‌. തുടങ്ങി മന്‍മോഹന്‍ സിംഗ്‌ വരെയുള്ളവര്‍ക്ക്‌ ഈ പ്രശ്‌നമില്ല!)

ഈ വിഷയം ഇപ്പോഴോര്‍ക്കാന്‍ ഒരു കാരണമുണ്ട്‌. ജൂലൈ 16-ലെ 'ഇക്കണോമിക്‌ ആന്‍ഡ്‌ പൊളിറ്റിക്കല്‍ വീക്ക്‌ലി'യില്‍ ഇടതുപക്ഷ ചിന്തകനും കടുത്ത സി.പി.എം. പക്ഷപാതിയും കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തെ സംസ്‌ഥാന ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷനുമായ പ്രഭാത്‌ പട്‌നായിക്‌ എഴുതിയ ലേഖനമാണ്‌ ഇതിനു കാരണം.'ഇടതുപക്ഷം താഴോട്ട്‌' എന്നാണ്‌ അതിന്റെ തലക്കെട്ട്‌.

ഇടതുപക്ഷത്തിന്റെ പിറകോട്ടടി (കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്‌ചിമ ബംഗാളിലടക്കമുണ്ടായ വന്‍ തകര്‍ച്ച) എന്തുകൊണ്ടെന്നു വിശദീകരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ഒരു വാക്ക്‌ 'സന്ദേശ'ത്തിലെ ശങ്കരാടിയെ ഓര്‍മിപ്പിക്കുന്നു. പാര്‍ട്ടിയുടെ തകര്‍ച്ചയ്‌ക്കു കാരണമായ കാര്യങ്ങള്‍ തന്നെ അതിന്റെ പുനരുജ്‌ജീവനത്തിനുള്ള മാര്‍ഗമാണെന്നു പലരും പാര്‍ട്ടിയെ ഉപദേശിക്കുന്നതിനെതിരേയുള്ള മുന്നറിയിപ്പാണു ലേഖനം. എന്താണ്‌ ആ കാരണം അഥവാ ഇവര്‍ ഉപദേശിക്കുന്ന മാര്‍ഗം? അദ്ദേഹം ഉപയോഗിക്കുന്ന ഇംഗ്ലീഷ്‌ വാക്ക്‌ 'എംപരൈസിസേഷന്‍' എന്നാണ്‌. സാധാരണ നിഘണ്ടുവിലൊന്നും ഇതിന്റെ അര്‍ഥം കണ്ടെത്താനാവില്ല. അല്‍പം വ്യാഖ്യാനത്തോടെ പറഞ്ഞാല്‍ അതിന്റെ അര്‍ഥം (ഭാഷാപണ്ഡിതര്‍ ക്ഷമിക്കുക) ഇങ്ങനെയാണ്‌. 'കേവലം താല്‍ക്കാലികമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടുന്നതിനു സഹായകരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുക'. അനുഭവമാത്രവല്‍ക്കരണം, പ്രായോഗികവല്‍ക്കരണമെന്നൊക്കെയാണു പലരും പറഞ്ഞുതന്ന അര്‍ഥം.

മുതലാളിത്തത്തെ തകര്‍ത്തു സോഷ്യലിസ്‌റ്റ് വ്യവസ്‌ഥിതി സ്‌ഥാപിക്കലാണ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ അന്തിമലക്ഷ്യം. ഈ ലക്ഷ്യങ്ങള്‍ക്കു തടസമാകുന്ന, താല്‍ക്കാലിക നേട്ടങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണു പ്രശ്‌നം. (ഇതിനെ അല്‍പം മതാത്മകമായും പറയാം. നിത്യം നാം ജീവിക്കേണ്ട പരലോകത്തു സ്വര്‍ഗം കിട്ടുന്നതിനാണു നാം ശ്രമിക്കേണ്ടത്‌, ഇഹലോകത്തിലെ നൈമിഷിക സുഖത്തിനല്ല... ഐഹിക സുഖം തേടിപ്പോയാല്‍ പരലോകത്തു നരകമാകും...)

ഇത്തരം പ്രായോഗികവല്‍ക്കരണം മൂലമുണ്ടാകുന്ന നാലു പ്രധാന പ്രശ്‌നങ്ങള്‍ പട്‌നായിക്‌ വിവരിക്കുന്നു. ഏറെക്കാലമായി ലോകത്തിന്റെ പല ഭാഗത്തുമുള്ള കമ്യൂണിസ്‌റ്റ് പാര്‍ട്ടികളെപ്പറ്റി അതിന്റെ എതിരാളികള്‍ ഉയര്‍ത്തുന്ന വിമര്‍ശനവും പാര്‍ട്ടി തന്നെ നടത്തുന്ന സ്വയം വിമര്‍ശനവുമാണ്‌ ഉദ്യോഗസ്‌ഥ മേധാവിത്തം, യാന്ത്രികത, കരിയറിസം (പാര്‍ട്ടിപ്രവര്‍ത്തനം തൊഴിലാക്കല്‍) തുടങ്ങിയവ. ഇതാണ്‌ ഒന്നാമത്തെ പ്രശ്‌നം.

'താല്‍ക്കാലിക നഷ്‌ടങ്ങള്‍' ഒഴിവാക്കാന്‍ അതത്‌ കാലത്തു സ്വീകരിക്കുന്ന 'അടവുനയങ്ങള്‍' മൂലം പാര്‍ട്ടിയുടെ ശരിയായ അടിത്തറയാകേണ്ട ജനവിഭാഗങ്ങള്‍ അകന്നുപോകുന്നതാണു രണ്ടാമത്തെ പ്രശ്‌നം.

വ്യവസായവല്‍ക്കരണം 'പാര്‍ട്ടി താല്‍പര്യം' ആകുമ്പോള്‍, അതിനുവേണ്ടി കര്‍ഷകരെ കൃഷിഭൂമിയില്‍നിന്ന്‌ ഒഴിപ്പിക്കുന്നതു പാര്‍ട്ടി പരിപാടിയാകുന്നു. കര്‍ഷകനു കൃഷിഭൂമിയെന്ന മുദ്രാവാക്യമുയര്‍ത്തി വളര്‍ന്ന പ്രസ്‌ഥാനമാണ്‌ ഇതെന്നു മറന്നുപോകുന്നു. വര്‍ഗീയതയുമായി സന്ധി ചെയ്യുന്നതും മറ്റും ഇതിന്റെ ഭാഗമാണ്‌. ഇത്തരം നയങ്ങള്‍ മൂലം മറ്റു പാര്‍ട്ടികളുമായി കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ക്കുണ്ടായിരുന്ന വ്യത്യാസം ഇല്ലാതാകുന്നുവെന്നതാണു മൂന്നാമത്തെ പ്രശ്‌നം.

പാര്‍ട്ടി ഉയര്‍ന്ന പദവികളിലെത്തിച്ചവര്‍ പലരും ഇരുട്ടിവെളുക്കുന്നതിനു മുമ്പ്‌ എതിര്‍പക്ഷത്തെത്തുന്ന കാഴ്‌ച ഇന്ന്‌ ആരിലും അത്ഭുതമുണ്ടാക്കുന്നില്ല. ഇന്നത്തെ ചൂഷണാത്മക വ്യവസ്‌ഥ ശാശ്വതമാണെന്നുള്ള ധാരണ ഉറയ്‌ക്കുകയും മുതലാളിത്ത കമ്പോള പ്രത്യയശാസ്‌ത്രം മേല്‍ക്കൈ നേടുകയും ചെയ്യുന്നുവെന്നതാണ്‌ ഏറ്റവും അപകടകരമായ നാലാമത്തെ പ്രശ്‌നം. മുതലാളിത്തം ശാശ്വതമാണെന്നു വന്നാല്‍ പിന്നെ അതിനനുസരിച്ചു ജീവിക്കണമല്ലോ.

ഇത്തരം വിമര്‍ശനങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നും നിര്‍ണായക ഘട്ടങ്ങളില്‍ താല്‍ക്കാലിക താല്‍പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടു മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായി നിലപാടെടുത്ത സന്ദര്‍ഭങ്ങളുണ്ടെന്നുമുള്ള വാദം ഉയരാം. ഇന്ത്യ-യു.എസ്‌. ആണവക്കരാറിനെതിരേ, യു.പി.എ.യുമായി ബന്ധം വിച്‌ഛേദിച്ചതാണ്‌ അടുത്തകാലത്തെ അത്തരമൊരനുഭവം. പാര്‍ട്ടിയുടെ പ്രമുഖ സുഹൃത്തായ അമര്‍ത്യസെന്നും മറ്റും വിമര്‍ശിച്ചിട്ടും പാര്‍ട്ടി ഉറച്ചുനിന്നു. (എന്നാല്‍ ഇവരുടെ എതിര്‍പ്പ്‌ എത്രത്തോളം ആത്മാര്‍ഥമായിരുന്നുവെന്ന സംശയം അന്നുതന്നെ ഈ ലേഖകനടക്കം പലര്‍ക്കുമുണ്ടായിരുന്നു. ഇപ്പോഴതു പട്‌നായിക്കിനുമുണ്ടെന്നറിയുന്നു). ഇദ്ദേഹം അറിയാത്ത ഒരു വസ്‌തുതയുണ്ട്‌ (അതോ പറയാത്തതോ). സി.പി.എം. സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മുതല്‍ പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരം പേരെ ഹിപ്‌നോട്ടൈസ്‌ ചെയ്യുക. മുതലാളിത്തം തകര്‍ന്നു ഭാവിയില്‍ സോഷ്യലിസ്‌റ്റ് വ്യവസ്‌ഥിതി വരുമെന്ന്‌ ഉറച്ചു വിശ്വസിക്കുന്ന ഒരാള്‍ പോലും ഇതിലുണ്ടാകില്ലെന്ന്‌ ഉറപ്പായി പറയാനാകും. ചുരുങ്ങിയത്‌, സ്വന്തം ജീവിതകാലത്തൊന്നും ഇതുണ്ടാകില്ലെന്ന്‌ അറിയാവുന്നതിനാലാണ്‌ പരമാവധി സമ്പത്തും വിഭവങ്ങളും സൗകര്യങ്ങളും നേടാന്‍ ഇവരെല്ലാം മത്സരിക്കുന്നത്‌. ഇതോടെ 'വിപ്ലവപാര്‍ട്ടി'യെന്നത്‌ ഒരു 'സ്വപ്‌നം' പോലുമല്ലാതായിരിക്കുന്നു.

ഇതിനുള്ള കാരണവും പട്‌നായിക്‌ വിശദീകരിക്കുന്നുണ്ട്‌. 1980-കളുടെ അവസാനം തുടങ്ങിയ സോഷ്യലിസ്‌റ്റ് ലോകത്തിന്റെ തകര്‍ച്ചയാണിതിനു കാരണം. ശക്‌തമായ സംഘടനയുണ്ടായിരുന്നതിനാല്‍ (മറ്റു പാര്‍ട്ടികള്‍ ഏറെ മോശമായതിനാലും) സി.പി.എമ്മിന്റെ വോട്ടിലും ആള്‍ബലത്തിലും കാര്യമായ കുറവുണ്ടായില്ല. അണികള്‍ 'ഉറച്ചുനിന്നു'. പക്ഷേ, ഇവരുടെയെല്ലാം മനസില്‍ ഉണ്ടായിരുന്ന 'ദൃഢവിശ്വാസം' ഒലിച്ചുപോയി. മാതൃകയായി ചൂണ്ടിക്കാട്ടാന്‍ ഒരു 'വാഗ്‌ദത്ത ഭൂമി' ഇല്ലാതായി. പിന്നെ പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പാക്കിയതു ചൈനയുടെ വന്‍ മുന്നേറ്റമാണ്‌. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്‌തിയായി ചൈന വളരുന്നതു സോഷ്യലിസത്തിന്റെ ശക്‌തിയാണെന്നുവരെ വാദിച്ചു പലരും. 'സോഷ്യലിസ്‌റ്റ് കമ്പോള വ്യവസ്‌ഥ' എന്നും മറ്റുമുള്ള വങ്കത്തരങ്ങള്‍ എഴുന്നള്ളിക്കപ്പെട്ടു. കമ്പോളമെന്ന മത്സരാധിഷ്‌ഠിത വ്യവസ്‌ഥ സോഷ്യലിസത്തോടൊപ്പം നിലനില്‍ക്കില്ലെന്ന പ്രാഥമിക തത്വം പോലും ഇവര്‍ മറന്നത്‌ ഒരാശ്രയത്തിനുവേണ്ടിയാണ്‌.

ചൈനയുടെ വികസനം മാതൃകയായി. മൂലധനമാണു വികസനത്തിന്‌ അടിസ്‌ഥാനമെന്നു വിശ്വസിച്ചു. 'നിക്ഷേപക സൗഹൃദ'മാകല്‍ ഇടതു സര്‍ക്കാരുകളുടെയും ലക്ഷ്യമായി. 1960-കളുടെ അവസാന കാലത്തു ചൈനയും സോവിയറ്റ്‌ യൂണിയനും തള്ളിപ്പറഞ്ഞിട്ടും സി.പി.എം. പിടിച്ചുനിന്നതോര്‍ക്കുക. ആ രാജ്യങ്ങളുടെ ഇടതു-വലതു വ്യതിയാനങ്ങളെ തുറന്നുകാട്ടി മുന്നോട്ടു പോകാനായി. ഇന്ന്‌ അത്തരമൊരു ആന്തരികശക്‌തി പാര്‍ട്ടിക്കില്ലാതായി.

സാമൂഹികവ്യവസ്‌ഥ നിശ്‌ചലമാകുന്നുവെന്നതാണു പ്രധാന പ്രശ്‌നം. കുറേക്കാലം പോരാടി വളര്‍ന്ന്‌ ഒരു ഘട്ടത്തിലെത്തിയാല്‍ പിന്നീട്‌ മേലോട്ടു പോകാനാകില്ലെന്ന സ്‌ഥിതിയായി. താഴോട്ടു പോകുന്നതു തടയുകയെന്നതു പ്രധാന ലക്ഷ്യമായി. ചെക്കോസ്ലാവാക്യയില്‍ കുപ്രസിദ്ധമായ 'പ്രാഗ്‌വസന്തം' എന്ന സൈനിക നടപടിക്കെത്തിയ സോവിയറ്റ്‌ അധികൃതരോടു ചെക്ക്‌ ഭരണകര്‍ത്താവായിരുന്ന ഡ്യൂബ്‌ ചെക്ക്‌ ചോദിച്ചു, ഇത്തരമൊരു ആക്രമണം നടത്തിയാല്‍ മുതലാളിത്ത ജനാധിപത്യമുള്ള പശ്‌ചിമ യൂറോപ്പില്‍ ഇടതുപക്ഷ വ്യാപനത്തിന്‌ അതു തടസമാകില്ലേയെന്ന്‌. ഇതുകേട്ട സോവിയറ്റ്‌ അധികൃതര്‍ ചിരിച്ചുകൊണ്ടു പറഞ്ഞത്രേ, പശ്‌ചിമ യൂറോപ്പിലെന്തു സാധ്യതയാണ്‌ ഇടതുപക്ഷത്തിനുള്ളതെന്ന്‌. ഇനി വളരില്ലെന്ന്‌ അവര്‍ ഉറപ്പിച്ചു കഴിഞ്ഞു. എന്തായാലും ആ ഹിംസയോടെ സോഷ്യലിസം പശ്‌ചിമ യൂറോപ്പില്‍നിന്ന്‌ എന്നെന്നേക്കുമായി പടികടന്നു.

1930-കളിലും 40-കളിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്‌ ഇന്ത്യയുടെ ചില പ്രദേശങ്ങളിലെങ്കിലും പാര്‍ട്ടി ശക്‌തിപ്പെട്ടത്‌. ഇനിയെന്ത്‌ എന്ന പ്രശ്‌നമായി. സ്വാധീനമുള്ള സംസ്‌ഥാനങ്ങളില്‍ ഏതുവിധേനയും അതു നിലനിര്‍ത്തുക എന്നതായി ലക്ഷ്യം. മറ്റിടങ്ങളില്‍ ഒരു സാധ്യതയുമില്ലെന്നുറപ്പായി. അധികാരം കിട്ടിയയിടങ്ങളിലെല്ലാം ഭൂപരിഷ്‌കരണം 'പൂര്‍ത്തിയായി' എന്ന്‌ അവര്‍ വിശ്വസിച്ചു (മുത്തങ്ങ, ചെങ്ങറ തുടങ്ങിയ ആദിവാസി, ദളിത്‌ ഭൂസമരങ്ങളൊന്നും ഇവര്‍ക്കു സമരങ്ങളായില്ല.). 'സ്‌റ്റാറ്റസ്‌കൊ' നിലനിര്‍ത്താന്‍ മധ്യവര്‍ഗത്തെ ഒപ്പം നിര്‍ത്തണം. അതിനു വ്യവസായവല്‍ക്കരണം വേണം. ഇതിനായി കര്‍ഷകരും തൊഴിലാളികളും 'ത്യാഗം' ചെയ്യണം.

ഐടി മേഖലയില്‍ യൂണിയനും സമരങ്ങളും വേണ്ടെന്നു വാദിച്ച പശ്‌ചിമ ബംഗാളിലെ അന്നത്തെ മുഖ്യമന്ത്രി, സി.പി.എമ്മിന്റെ പി.ബി. അംഗമായിരുന്നു. എന്തു ചെയ്‌തിട്ടായാലും പാര്‍ട്ടിയേയും അതിന്റെ സര്‍ക്കാരിനേയും 'കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിക്കുക' പ്രാഥമിക ലക്ഷ്യമായി. എന്തിനാണു സര്‍ക്കാരുണ്ടാക്കുന്നതെന്ന കാര്യം മറന്നുപോയി. സര്‍ക്കാരിനെ രക്ഷിക്കാന്‍ നന്ദിഗ്രാം, സിംഗൂര്‍ മുതലായവയെ ന്യായീകരിക്കേണ്ടിവന്നെന്നു മാത്രമല്ല, രാജ്യത്തെവിടെയും നടക്കുന്ന കുടിയൊഴിക്കല്‍ വിരുദ്ധ സമരങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിയാതെയും വന്നു.

പാര്‍ട്ടിയെ പുനരുജ്‌ജീവിപ്പിക്കാന്‍ പ്രഭാത്‌ പട്‌നായിക്കിനു പ്രത്യേക പരിപാടികളൊന്നുമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍പിനായി ജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ (മണ്ണ്‌, വെള്ളം, പരിസ്‌ഥിതി, സ്‌ത്രീ, ആദിവാസി, ദളിത്‌, മനുഷ്യാവകാശം തുടങ്ങിയവ) കേവലം 'താല്‍ക്കാലിക ലക്ഷ്യ'ങ്ങള്‍ക്കുള്ളവയാണ്‌. അതില്‍ പങ്കെടുക്കുന്നവരെല്ലാം 'മുതലാളിത്തത്തേയും സാമ്രാജ്യത്വത്തേയും' അംഗീകരിക്കുന്നു. നമ്മളങ്ങനെയല്ലല്ലോ. അതുകൊണ്ട്‌ ഇത്തരം സമരങ്ങളിലൊന്നും ആരുടെയും കൂടെ നാം കൂടരുത്‌ (സ്വന്തമായിട്ടൊന്നും ചെയ്യാറുമില്ല!) മറിച്ച്‌ പാര്‍ലമെന്ററി സംവിധാനത്തിന്റെ ഭാഗമായിനിന്നു ജനങ്ങളെ ഹിംസിക്കുന്ന ഭരണകൂടത്തിനൊപ്പം നില്‍ക്കാം. എന്നെങ്കിലും ''മുതലാളിത്തത്തെ അട്ടിമറിക്കുന്ന 'വലിയ സമരം' വരും''- അതുവരെ നമുക്കു സുഖിക്കാം സഖാക്കളേ...

-സി.ആര്‍.നീലകണ്‌ഠന്‍

1 അഭിപ്രായ(ങ്ങള്‍):

  • ജിവി/JiVi says:
    2011, ഓഗസ്റ്റ് 6 8:07 PM

    ആദ്യഖണ്ഡികയില്‍ താങ്കള്‍ പറയുന്ന വീഡിയോ തയ്യാറാക്കിയതിന്റെ പേരില്‍ ആര്‍ക്കെതിരെയാണു കേസുവന്നത്? ആ വിഡിയോയില്‍ പിണറായിയേ ഉണ്ടായിരുന്നില്ല. വൈക്കം വിശ്വന്‍ ആയിരുന്നു അതില്‍. പിണറായി കേസുകൊടുത്തത് മറ്റ് രണ്ട് കാര്യങ്ങളിലാണ്. രണ്ടും രണ്ടാണ്. പിണറായിയെ ചിലരെങ്കിലും കോമഡി പരിപാടികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ കേസൊന്നുമില്ല. ആളുകള്‍ക്ക് ചിരിയുണര്‍ത്തുന്ന തരത്തില്‍ പിണറായിയുടെ മാനറിസങ്ങളെ അനുകരിക്കാനാവാത്തതിനാലാവാം അങ്ങനെ കൂടുതല്‍ കാണാത്തത്. ഇനി എ കെ ആന്റണിക്കും മന്മോഹനും ഇത്തരം കേസുകള്‍ ആര്‍ക്കെതിരെയും കൊടുത്തിട്ടില്ല. ശരിയായിരിക്കാം. എന്നാല്‍ സോണിയാഗാന്ധിയെ അധിക്ഷേപിച്ചു എന്ന് നിരവധിയാളുകളുടെ പേരില്‍ കേസുണ്ട്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഭരണകൂടഭീകരത എന്നൊക്കെവിശേഷിപ്പിക്കാവുന്ന തരത്തില്‍ സൈബര്‍ കേസുകളില്‍ അറസ്റ്റും കസ്റ്റഡിയും ഉണ്ടായിട്ടുണ്ട്.

    ആദ്യപാരയില്‍തന്നെ അസത്യങ്ങള്‍ കണ്ടപ്പോള്‍ അപ്പാടെ കമന്റുകയായിരുന്നു. ഇതിനു മറുപടിതന്നാല്‍ ബാക്കി ഭാഗത്തേക്ക് കടക്കാം.

Blogger templates

.

ജാലകം

.