സ്ത്രീത്വത്തിന് തറവില !

29/06/11 ബ്രേക്കിങ് ന്യൂസ്: ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് രണ്ടുലക്ഷം രൂപ കേന്ദ്ര ധനസഹായം. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണെങ്കില്‍ മൂന്നുലക്ഷം രൂപ. സംഭവം നടന്ന് എഫ്.ഐ.ആര്‍ തയാറാക്കുമ്പോള്‍ 20,000 രൂപ. ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് തെളിഞ്ഞാല്‍ 30,000 രൂപ. പിന്നീട് അവരുടെ തുടര്‍ജീവിതത്തിന് ഒന്നരലക്ഷം രൂപ കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര വനിതാ കമീഷന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു.
ആദ്യം കേട്ടപ്പോള്‍ ഉത്തര്‍പ്രദേശില്‍ നടന്ന സംഭവങ്ങളില്‍ ഇരകളായവര്‍ക്കുവേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണെന്ന് കരുതി. ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ ഒരിക്കലും തക്കതായ നഷ്ടപരിഹാരമല്ല. മദ്യദുരന്തത്തിന് ഇരയാകുന്നവര്‍ക്ക് ഇതിലും കൂടുതല്‍ ലഭിക്കാറുണ്ടല്ലോ.
വിഷയം അതല്ല. ഇതൊരു നയമായി പ്രഖ്യാപിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഓര്‍ത്തുനോക്കുമ്പോള്‍ ഒരു ഞെട്ടലാണ് അനുഭവപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ ഏറ്റവുമേറെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള പ്രാകൃതമായ ഒരു നിയമവ്യവസ്ഥയായിരിക്കുമിത്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് എല്ലാതരത്തിലുള്ള സഹായങ്ങളും പുനരധിവാസവും നല്‍കേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. അത് ഒരു പൊതു പ്രഖ്യാപനത്തിലൂടെ ചെയ്യേണ്ടതല്ല, മറിച്ച് കുറ്റവാളികളെ കണ്ടെത്തി ഏറ്റവും കഠിനമായി ശിക്ഷ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍, പുറത്തുവന്നാല്‍ ഞാന്‍ ഇതുതന്നെ ചെയ്യുമെന്ന് പറയാന്‍ ഒരു പുരുഷനും ധൈര്യപ്പെടില്ല. ഇത്തരം നീചപ്രവൃത്തിയില്‍ ഇടപെട്ടാല്‍ തനിക്ക് ലഭിച്ചേക്കാവുന്ന ശിക്ഷയോര്‍ത്ത് ഒരുത്തനും ഇത് ചെയ്യാന്‍ ധൈര്യപ്പെടരുത്. ബലാത്സംഗം നടന്നാല്‍ ഒട്ടും കാലതാമസം ഇല്ലാതെ കുറ്റവാളിയെ കണ്ടെത്താനും ശിക്ഷ നടപ്പാക്കാനുമുള്ള നിയമം കൊണ്ടുവരണം. ഇരകളായ സ്ത്രീകളെ അല്ലെങ്കില്‍ പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാനും വേണ്ട സഹായങ്ങള്‍ കൊടുക്കാനും ഒട്ടും കാലതാമസം എടുക്കാതെ ഗ്രാമപഞ്ചായത്തുകളെ സജ്ജമാക്കണം.
ഇതൊന്നുമല്ലാതെ സ്ത്രീയെ ഒരു വില്‍പനച്ചരക്കാക്കി മാറ്റുന്ന നയപ്രഖ്യാപനമാണിത്. സ്ത്രീത്വത്തിന് തറവില നിശ്ചയിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. മൂല്യങ്ങള്‍ക്ക് ഒരു വിലയുമില്ലാത്ത ഇക്കാലത്ത് ഏറ്റവും ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ള നയപ്രഖ്യാപനമാണിത്. എത്രയോ അച്ഛന്മാര്‍ മക്കളെ സ്വന്തം കാമം തീര്‍ക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വാര്‍ത്തകള്‍ സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഒരു ഗ്രാം സ്വര്‍ണത്തിനുവേണ്ടി കുഞ്ഞുങ്ങള്‍ വരെ നിഷ്‌കരുണം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് ഇവിടെ. കാമാസക്തിക്കും ധനമോഹത്തിനും മുന്നില്‍ മനഃസാക്ഷിക്കും മൂല്യങ്ങള്‍ക്കും ഒരു വിലയും 'പ്രബുദ്ധകേരള'ത്തില്‍ പോലും ഇല്ല. ഇതുരണ്ടും ഒറ്റയടിക്ക് നേടിയെടുക്കാന്‍ പറ്റുന്ന ഒരു ചരക്കാക്കി സ്ത്രീത്വത്തെ മാറ്റുന്ന ഒരു നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
എത്രയോ സ്ത്രീകള്‍ നല്ലവരല്ലാത്ത ഭര്‍ത്താക്കന്മാരുടെ കൂടെ ജീവിക്കേണ്ടിവരുന്നുണ്ട്. എത്രയോ കുട്ടികള്‍ സ്വന്തം പിതാക്കന്മാരാലോ സഹോദരന്മാരാലോ അല്ലാതെ മറ്റുള്ളവരുടെ സംരക്ഷണയില്‍ ഇവിടെ ജീവിക്കുന്നുണ്ട്. എത്രയോ അച്ഛന്മാരും സഹോദരന്മാരും ഭര്‍ത്താക്കന്മാരും സ്വന്തം മകളെയോ സഹോദരിയെയോ ഭാര്യയെയോ വിറ്റ് കാശാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവര്‍ക്കൊക്കെ എളുപ്പം അവര്‍ ആഗ്രഹിച്ചതിലുമേറെ പണമുണ്ടാക്കാന്‍ ഒരു വഴി തുറന്നുകൊടുക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നയപ്രഖ്യാപനത്തിലൂടെ വിളിച്ചുപറയുന്നത്. അച്ഛനമ്മമാരുടെ കണ്ണീരിന്റെ ഉപ്പു പുരണ്ട്, പെണ്‍മക്കളെ സംരക്ഷിക്കാനെന്നുപറഞ്ഞ് കൊടുത്തേല്‍പിക്കുന്ന സ്ത്രീധനംകൊണ്ട് ഇവിടെ ഏതെങ്കിലും സ്ത്രീകള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ? രാപ്പകലില്ലാതെ അധ്വാനിച്ച് സ്ത്രീകള്‍ സമ്പാദിക്കുന്ന പണംകൊണ്ട് എത്രയോ പുരുഷന്മാര്‍ ഇവിടെ മദ്യലഹരിയില്‍ അമര്‍ന്നുപോകുന്നുണ്ട്. ഈ ആഗോളീകരണ കാലഘട്ടത്തിലും ഉപഭോക്തൃ സംസ്‌കാരത്തിലും ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന് പറയുന്നതുപോലെ വളരെ അപമാനകരമായ ഒരു നടപടിയാണ് സ്ത്രീകളോട് ചെയ്തത്. രണ്ടുലക്ഷം രൂപക്ക് എളുപ്പം വില്‍ക്കാന്‍ സാധിക്കുന്ന ഏറ്റവും അവശ്യസാധനങ്ങളില്‍പെടുന്ന ഒന്നാക്കി മാറ്റപ്പെടുകയാണ് ഇവിടെ സ്ത്രീകളെ.
കെ. കരുണാകരന്റെ ഭരണകാലത്ത് ഹരിജന്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ 5000 രൂപ ധനസഹായം പ്രഖ്യാപിച്ചതും ആ നടപടിക്ക് രൂക്ഷവിമര്‍ശം നേരിടേണ്ടിവന്നതും  ഓര്‍ത്തുപോകുന്നു.
പുകള്‍പെറ്റ ഭാരതസംസ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് കല്‍പിച്ചിരിക്കുന്ന മഹത് സ്ഥാനം, അവരുടെ അന്തസ്സ് മൃഗീയമായി കടിച്ചുകീറപ്പെട്ടാല്‍ അതിനു വില രണ്ടുലക്ഷവും മൂന്നുലക്ഷവും ആക്കി നിശ്ചയിക്കാന്‍ എങ്ങനെയാണ് ഭരണത്തിലിരിക്കുന്ന വനിതാമന്ത്രിമാരും വനിതാ ജനപ്രതിനിധികളും സമ്മതം മൂളിയത്. ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം പുരുഷാധിപത്യക്രമത്തിന് വിധേയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ചട്ടുകങ്ങളായി നിലകൊള്ളുന്ന മഹിളാ സംഘടനകളുടെ പ്രതിനിധികളാണ് ദേശീയ വനിതാ കമീഷനില്‍ അംഗങ്ങളായിട്ടുള്ളവരില്‍ മിക്കവരും. അങ്ങനെയൊരു വനിതാ കമീഷന്റെ ഈ ശിപാര്‍ശതന്നെ സ്ത്രീകളുടെ അന്തസ്സിനെ ബലാത്സംഗം ചെയ്യുന്നതിന് തുല്യമാണ്. സ്ത്രീകളെ മൃഗീയമായി ഉപയോഗിക്കുന്ന പ്രതികളെ കണ്ടെത്താനെടുക്കുന്ന കാലതാമസം ഒഴിവാക്കുകയും പിടിക്കപ്പെടുന്ന പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളില്ലാത്ത തരത്തിലേക്ക് നിലവിലുള്ള നിയമവ്യവസ്ഥകള്‍ മാറ്റിയെടുത്ത്, ഏറ്റവും ഹീനമായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മറിച്ച് എന്തുസംഭവിച്ചാലും വേണ്ടില്ല, നഷ്ടപരിഹാരമായി കാശുകൊടുത്താല്‍ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നു എന്നു പറയുന്ന സര്‍ക്കാറിന്റെ ഈ നിലപാട് അപലപനീയമാണ്, അപഹാസ്യമാണ്, സ്ത്രീകളെ അപമാനിക്കുകയുമാണ്.
സ്ത്രീകള്‍ ഇതുകേട്ട് ആശ്വാസം കൊള്ളുകയല്ല വേണ്ടത്. കൂട്ടമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് പ്രകടനമായി അധികാരികളോട് പ്രതിഷേധം അറിയിക്കുകയാണ് ചെയ്യേണ്ടത്.
ഷീബ അമീര്‍

Google+ Followers

Blogger templates

.

ജാലകം

.