ഡെസ്‌ക്കില്‍ യുദ്ധമുറികള്‍

ലിബിയയില്‍ നടക്കുന്നതെന്താണ്? ഇറാഖിലുംഅഫ്ഗാനിസ്താനിലും നടന്നതിന്റെ മൂന്നാം ഖണ്ഡമോ? അവിടെ വ്യോമാക്രമണത്തിലൂടെ സിവിലിയന്മാരെ നാറ്റോ സൈന്യം കൊന്നതിനെപ്പറ്റി കൊച്ചുകൊച്ച് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഒരു നിലക്കും ന്യായീകരിക്കാനാവാത്ത ഇത്തരം സംഭവങ്ങള്‍ ഇങ്ങനെ  ''പതിഞ്ഞ'' റിപ്പോര്‍ട്ടുകളായി മാത്രം വരുമ്പോള്‍ മനസ്സിലാക്കാം, നിയന്ത്രിതമാണ് വാര്‍ത്തകളും മാധ്യമങ്ങളുമെന്ന്.
ലിബിയയില്‍ ജനാധിപത്യ മുന്നേറ്റ മുണ്ട്- അതാകട്ടെ, പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഇടപെടല്‍കൊണ്ടുണ്ടായതല്ല. എന്നാല്‍, ഈ വിമത ശബ്ദങ്ങളെ ഉപയോഗപ്പെടുത്തി അധിനിവേശം നടത്താന്‍ യു.എസ് നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട് എന്നാണ് വിശ്വസിക്കേണ്ടിവരുന്നത്.
മുഅമ്മര്‍ ഖദ്ദാഫിയാണ് പുതിയ സദ്ദാം ഹുസൈന്‍. ഇവരില്‍  അഹങ്കാരവും വിഡ്ഢിത്തവും ആരോപിച്ചാല്‍ വിശ്വസിച്ചുപോകും- ഇരുവരുടെയും ചെയ്തികള്‍ അത്തരത്തിലാണ്.
പക്ഷേ, അതുകൊണ്ടുമാത്രം യു.എസും കൂട്ടരും പ്രചരിപ്പിക്കുന്നതെല്ലാം സത്യമാണെന്ന് പറയാനാവില്ലല്ലോ.
സത്യമോ അസത്യമോ എന്നു തീര്‍ത്തുപറയാന്‍ പറ്റാത്ത ഒന്നു രണ്ടു റിപ്പോര്‍ട്ടുകള്‍ നോക്കാം:
ഒന്ന് ഖദ്ദാഫിയുടെ സൈന്യം വിമതര്‍ക്കുനേരെ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കുന്നു എന്നതാണ്. ക്ലസ്റ്റര്‍ ബോംബുകള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്.
ഇത് സത്യമായാലും അല്ലെങ്കിലും യു.എസ് നാവികസേന ലിബിയന്‍ തുറമുഖ നഗരമായ മിസ്‌റാത്തയില്‍ ഇക്കൊല്ലം ഏപ്രില്‍ 11ന്ക്ലസ്റ്റര്‍ ബോംബ് പ്രയോഗിച്ചുവെന്ന്ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സംഘത്തിനും ന്യൂയോര്‍ക് ടൈംസിലെ സി.ജെ ചിവേഴ്‌സിനും നേരിട്ടു ബോധ്യപ്പെട്ടിരുന്നു.
എന്നിട്ടും അവര്‍ കുറ്റപ്പെടുത്തിയത് ലിബിയയെയാണ്. ബോംബുകള്‍ നാറ്റോയുടെ ആയുധശേഖരത്തില്‍ പെട്ടതാണെങ്കിലും കരയില്‍നിന്നേ അത് പ്രയോഗിക്കാനാവൂ എന്നും, നാറ്റോ നാവികസേന കടലിലാണെന്നും പറഞ്ഞാണ് അവര്‍ ഈ  വാദത്തെ ന്യായീകരിച്ചത് . എന്നാല്‍,  ഈ ബോംബുകള്‍ കപ്പലില്‍നിന്ന് തൊടുക്കുമെന്നും നാറ്റോ കപ്പലില്‍ അതിന് സൗകര്യമുണ്ടെന്നും പിന്നീട് തെളിഞ്ഞു. ''ചിലതരം ബോംബുകള്‍'' പ്രേയാഗിച്ചതായി നാറ്റോ പിന്നീട് സമ്മതിക്കുകയും ചെയ്തു.
മറ്റൊരു വാര്‍ത്ത, ഖദ്ദാഫിസൈന്യം കൂലിപ്പടയാളികളെ ''വയാഗ്ര'' കൊടുത്ത് വീടുകളിലേക്കിറക്കുന്നു എന്നാണ്. അവര്‍ പെണ്‍കുട്ടികളെ കൂട്ട മാനഭംഗം ചെയ്യുന്നു. പീഡനത്തിനിരയായവര്‍ ഇക്കാര്യം പുറത്തുപറയാന്‍ മടിക്കുന്നതിനാലാണ് വാര്‍ത്തകളൊന്നും വരാത്തതത്രെ. ഒടുവില്‍ ഒരു സ്ത്രീ ഇതേപറ്റി തുറന്നു പറഞ്ഞെന്നും  ചില ഏജന്‍സി റിപ്പോര്‍ട്ടുകള്‍ വന്നു. യു.എന്‍ രക്ഷാസമിതിയുടെ ഒരു രഹസ്യയോഗത്തില്‍ യു.എസ് പ്രതിനിധി സൂസണ്‍ റൈസ് ''വയാഗ്ര'' വിഷയം അവതരിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതൊക്കെ നമ്മുടെ പത്രങ്ങളിലും വരുന്നു. എന്നാല്‍, ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും പത്രങ്ങളില്‍ വരാത്തതുമായ വേറെ വിവരങ്ങളുണ്ട്. യു.എസ് പത്രപ്രവര്‍ത്തകയും യുദ്ധ വിരുദ്ധ ആക്ടിവിസ്റ്റുമായ സൂസണ്‍ ലിന്‍ഡോര്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഒന്ന്. (ഇവര്‍ അഴിമതിക്കാരിയാണെന്നും മനോരോഗിയാണെന്നുമൊക്കെ പലപ്പോഴായി അമേരിക്ക ആരോപിച്ചിട്ടുണ്ട്. ഒരു കാലത്ത് സി.ഐ.എക്കുവേണ്ടി ജോലി ചെയ്തിരുന്ന സൂസന്‍,സെപ്റ്റംബര്‍ 11 സംഭവത്തില്‍ ഇസ്രായേലിന്റെ പങ്കിനെപറ്റി പുസ്തകമെഴുതിയതോടെ യു.എസിന് അനഭിമതയായി.)
നാറ്റോ പക്ഷക്കാരായ വിമതരില്‍പ്പെട്ട സായുധ സൈനികര്‍ ലിബിയന്‍ പെണ്‍കുട്ടികളെപിടിച്ചുകൊണ്ടു പോയതായി മിസ്‌റാത്തയിലെ രക്ഷിതാക്കള്‍ പരാതിപ്പെട്ടെന്നാണ് സൂസന്‍ പറയുന്നത്.  പീഡനം കഴിഞ്ഞാല്‍ ഇരകളെ കൊന്നുകളയുകയാണത്രെ.
മിസ്‌റാത്തയില്‍ നാറ്റോ പട്ടാളക്കാര്‍വീടുവീടാന്തരം കയറിയിറങ്ങിയതായി ജൂണ്‍ ആദ്യവാരം അവിടം സന്ദര്‍ശിച്ച  ''വസ്തുതാന്വേഷക സംഘ''ത്തിലെ ജോവന മൊറയാര്‍ട്ടി പറയുന്നു. നാറ്റോയെ അനുകൂലിക്കുന്നോ എന്ന് പട്ടാളക്കാര്‍ ചോദിച്ചു. ഇല്ലെന്നു പറഞ്ഞവരെ തല്‍ക്ഷണംം വെടിവെച്ചു കൊന്നു. ഖദ്ദാഫി അനുകൂലികളുടെ വീടുകളില്‍നിന്ന് പെണ്‍കുട്ടികളെ തട്ടുന്ന ''ബലാത്സംഗസംഘങ്ങള്‍'' ഉണ്ടത്രെ- തട്ടിക്കൊണ്ടുപോകുന്ന ഓരോ പെണ്‍കുട്ടിയുടെ പേരിലും പ്രത്യേക നിരക്കില്‍ പ്രതിഫലമുണ്ട്!
ഈ വാര്‍ത്തകളൊന്നും മാധ്യമങ്ങളില്‍വരാറില്ല. അതേസമയം, ഖദ്ദാഫി വിരുദ്ധ വാര്‍ത്തകള്‍ ധാരാളംവരുന്നു. ഇതില്‍ ഏതൊക്കെയാണ് സത്യം, ഏതൊക്കെയാണ് വെറും പ്രചാരണം എന്നത് മറ്റൊരുവിഷയമാണ്. വാര്‍ത്തകളില്‍ ചിലത് വരുകയും മറ്റു ചിലത് തമസ്‌കരിക്കുകയും ചെയ്യുന്നു.
ഇറാഖും അഫ്ഗാനിസ്താനും നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്: ഒരു രാജ്യത്തെ അധിനിവേശിക്കുന്നതിനുമുമ്പ് അമേരിക്ക മാധ്യമങ്ങളെ ഉപയോഗിച്ച് അതിന് അനുകൂല സാഹചര്യം ഒരുക്കുന്നു. അവിടത്തെ ഭരണത്തെയും ഭരണാധികാരിയെയും മോശമായി ചിത്രീകരിക്കലാണ് ഒരു വിദ്യ.
ലിബിയയില്‍നിന്ന് നാം ഈയിടെ കേട്ട ഒരു വാര്‍ത്ത ഇങ്ങനെ: ട്രിപളിയിലെ ഒരു ഹോട്ടലില്‍ , വിദേശപത്ര പ്രതിനിധികള്‍ക്കിടയിലേക്ക് ഒരു പെണ്‍കുട്ടി നിലവിളിച്ച് ഓടിയെത്തുന്നു: എന്നെ ഖദ്ദാഫിയുടെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി. എനിക്കുമേല്‍ അവര്‍ മലമൂത്ര വിസര്‍ജനം നടത്തി. എന്നെ കെട്ടിയിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ഒരുവിധം രക്ഷപ്പെട്ട് ഓടിയതാണ്. അവള്‍ പറഞ്ഞത് ശരിയോ തെറ്റോ ആവാം. പക്ഷേ, അത് പഴയ ഒരു സംഭവം ഓര്‍മിപ്പിക്കുന്നുണ്ട്. സദ്ദാം ഹുസൈന്റെ പട്ടാളക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ചുകടന്ന് ഇന്‍ക്യുബേറ്ററിയിലുണ്ടായിരുന്ന കുറെ ശിശുക്കളെ കൊന്നു എന്ന് ഒരു കുവൈത്തി ബാലിക 1990 ഒക്‌ടോബറില്‍ ആരോപിച്ചിരുന്നു. ഈ വാര്‍ത്തകൊണ്ട് ഉദ്ദേശിച്ചതെല്ലാം നടന്നുകഴിഞ്ഞശേഷമാണ് ഇത് നുണയായിരുന്നു എന്ന വസ്തുത പുറത്തുവന്നത്. അവളെക്കൊണ്ട് നാടകമാടിച്ചത് എച്ച്.ആന്‍ഡ് കെ എന്ന പബ്ലിക്ക് റിലേഷന്‍സ് കമ്പനി (പ്രചാരണക്കരാറുകാര്‍) ആയിരുന്നു. ആംനസ്റ്റിയെപ്പോലും അവര്‍ കബളിപ്പിച്ചുകളഞ്ഞു.
അന്നെന്നപോലെ ഇന്നും വാര്‍ത്തയുടെ നിജസ്ഥിതി ഉറപ്പുവരുത്താതെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അന്ന് എച്ച്.ആന്‍ഡ് കെയായിരുന്നു പ്രചാരണക്കരാറുകാര്‍. ഇന്ന് വേര്‍ത്‌ലിന്‍ എന്ന കമ്പനി രംഗത്തുണ്ട്. അവര്‍ തയാറാക്കുന്ന ലേഖനങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിലും മറ്റും വരുന്നുണ്ട്.
ഇവയിലെല്ലാം സത്യമെത്ര, കള്ളമെത്ര എന്ന് നിര്‍ണയിക്കുക അസാധ്യം. എങ്കിലും തീര്‍ച്ചയുള്ള മറ്റു ചില വസ്തുതകള്‍: ലിബിയന്‍ എണ്ണയില്‍ പാശ്ചാത്യര്‍ക്ക് പണ്ടേ ഒരു കണ്ണുണ്ട്. സള്‍ഫര്‍ അംശം കുറഞ്ഞ ഇത്തരം എണ്ണ സംസ്‌കരിക്കാന്‍ യൂറോപ്പിലെ റിഫൈനറികള്‍ക്ക് കഴിയും- മറ്റെണ്ണകള്‍ പറ്റില്ല.
''അറബ് വസന്തം'' ലിബിയയില്‍ ആരംഭിച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്ക് ഖദ്ദാഫി ലിബിയന്‍ എണ്ണയില്‍ ഓരോ പൗരനും ഉടമാവകാശം നല്‍കി. ഇത് ആഘാതമേല്‍പിക്കുക അമേരിക്കന്‍ കമ്പനികളെയാണ്. ഖദ്ദാഫിക്കെതിരെ സി.ഐ.എ 1972 മുതല്‍ നാല് അട്ടിമറിശ്രമങ്ങളെങ്കിലും നടത്തിയിട്ടുണ്ട്.
എണ്ണപ്പാടങ്ങള്‍ സ്വന്തം നിയന്ത്രണത്തിലാക്കാനുള്ള പരിപാടി നേരത്തേ അമേരിക്കക്കുണ്ടെന്ന ആരോപണം ശക്തമാണ്. വിക്കിലീക്‌സ് പുറത്തുവിട്ട രണ്ടരലക്ഷം രേഖകളില്‍ 24 ലക്ഷത്തോളം എണ്ണയെ കുറിച്ചാണ്.
ഹിറ്റ്‌ലര്‍ എഴുതി, ഒന്നാം ലോക യുദ്ധംജര്‍മനി തോറ്റത് പ്രചാരണ യുദ്ധത്തില്‍ തോറ്റതിനാലാണെന്ന്. ഇന്ന് അത് ഏറ്റവുമധികം ഉള്‍ക്കൊണ്ടിരിക്കുന്നത്് അമേരിക്കയാണ്.
പിഴയെത്ര?
''ചന്ദ്രസ്വാമിക്ക് 25 ലക്ഷം രൂപ പിഴ'' (മാധ്യമം, ജൂണ്‍ 16); ''ഫെറ ലംഘനം: ചന്ദ്രസ്വാമി ഒമ്പതു കോടി പിഴയടയ്ക്കണമെന്ന് സുപ്രീംകോടതി'' (മാതൃഭൂമി).ഒരേ വാര്‍ത്തക്ക് രണ്ടു പത്രങ്ങളില്‍ വന്ന തലക്കെട്ടുകളാണിത്. യഥാര്‍ഥത്തില്‍ എത്ര രൂപയാണ് ചന്ദ്രസ്വാമി പിഴയായി അടക്കേണ്ടത്? ഒമ്പതു കോടിയും 25 ലക്ഷവും തമ്മിലുള്ള വ്യത്യാസം വളരെ ഏറെയാണല്ലോ.

മുണ്ടൂരിലെ ടി.എല്‍. ലിയാട്രീസ ഉന്നയിച്ചതാണീ സംശയം.
കോടതിവാര്‍ത്തകളെഴുതുമ്പോള്‍ നമ്മുടെ പത്രങ്ങളില്‍ കാണാറുള്ള വ്യക്തതക്കുറവും കൃത്യതയില്ലായ്മയും ഇതില്‍ കാണുന്നുണ്ട്. മറ്റു പത്രങ്ങളിലും ഇങ്ങനെ വ്യത്യസ്ത രീതികളില്‍ ഈ വാര്‍ത്ത കൊടുത്തിട്ടുണ്ട്.
ഒമ്പതു കോടിയോളം രൂപ പിഴയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയത്. ഇതില്‍ ഇളവു ചോദിച്ച് സുപ്രീംകോടതിയെ സമീപിച്ചു. കോടതി അത് അനുവദിച്ചില്ല . തുക ഒന്നിച്ചടക്കാന്‍ പ്രയാസമാണെന്ന് കക്ഷികള്‍ അറിയിച്ചപ്പോള്‍ 25 ലക്ഷം രൂപ ഉടനെ  കെട്ടിവെക്കാന്‍ നിര്‍ദേശിച്ചു. കേസ് ജൂലൈ രണ്ടാം വാരത്തിലേക്കു മാറ്റുകയും ചെയ്തു. മാധ്യമം വാര്‍ത്തയുടെ ഒടുവില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്; പക്ഷേ, തലക്കെട്ട് പാളിയത് ആശയക്കുഴപ്പമുണ്ടാക്കി.
കേരളത്തില്‍ മെഡിക്കല്‍ പ്രവേശവുമായി ബന്ധപ്പെട്ട് വന്‍ വാര്‍ത്തകളുടെ പ്രളയം. പത്രങ്ങള്‍ അവക്കെല്ലാം വലിയ പ്രാധാന്യം കല്‍പിക്കുന്നു. പക്ഷേ, പെട്ടെന്ന് ജൂണ്‍ 22ന് വലിയൊരു വാര്‍ത്ത പത്രങ്ങളില്‍ വല്ലാതെ ചെറുതായിപ്പോയെന്ന് മൂവാറ്റുപുഴയിലെ വി.എം.ഷുക്കൂര്‍ . മെഡിക്കല്‍ പി.ജി പ്രവേശക്കാര്യത്തില്‍  അമൃതയെ ഒഴിവാക്കിക്കൊടുത്തുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം പലര്‍ക്കും വാര്‍ത്തയായി തോന്നാത്തതെന്തേ എന്നാണ് ചോദ്യം.
മന്ത്രി കവിയാകുന്നു
മന്ത്രി പി.കെ.വിജയലക്ഷ്മി ഒരു സാഹിത്യകാരിയാണെന്ന് പലര്‍ക്കുമറിയില്ല. അവര്‍ക്കുപോലും അറിയില്ല. ജൂണ്‍ 20 ലെ ചന്ദ്രിക പത്രം നോക്കിയാല്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും അത് ബോധ്യപ്പെടാവുന്നതേ ഉള്ളൂ.

''ബലാബലം'' എന്ന ശബ്ദരേഖാ പംക്തിയില്‍ അന്ന് അവസാന ഇനമായി ചേര്‍ത്തത് മന്ത്രിയുടെ വാക്കുകളാണ് ഇങ്ങനെ: “ ഞാന്‍ ഒരു സാധാരണ സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. വായനക്കാര്‍ക്ക് വായിക്കാനുള്ളത് എന്റെ കവിതയാണ്. ജീവിതത്തിന് സ്വകാര്യത ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. മറ്റുള്ളവര്‍ എന്റെ ജീവിതം വായിക്കുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല- മന്ത്രി വിജയലക്ഷ്മി.''
കവയിത്രി വിജയലക്ഷ്മിയുടേതാണീ വാക്കുകളെന്ന് വായനക്കാര്‍ക്കുതോന്നാം. പക്ഷേ, ആകാനിടയില്ല . കാരണം, പത്രം അത്  തിരുത്തിയിട്ടില്ല; അത്ര ബോധ്യമുള്ളതിനാലാവണമല്ലോ.
കേസ് എന്ന ആയുധം
പത്രങ്ങളില്‍ (പ്രത്യേകിച്ച് ഇംഗ്ലീഷ് പത്രങ്ങളില്‍) മുഴുപേജ് പരസ്യങ്ങള്‍ കൊടുക്കാറുള്ള സ്ഥാപനമാണ് അരിന്ദാം ചൗധരിയുടെ ഐ.ഐ.പി.എം. അതുകൊണ്ടാവണം മാധ്യമങ്ങളുടെ പരിശോധനയില്‍നിന്ന് പൊതുവെ മുക്തനാണ് അദ്ദേഹം. എന്നാല്‍, കാരവന്‍ മാഗസിന്റെ ഫെബ്രുവരി ലക്കത്തില്‍ സിദ്ധാര്‍ഥദേവ് ഒരു ലേഖനമെഴുതി, മധ്യവര്‍ഗക്കാരുടെ അരക്ഷിതബോധം മുതലെടുത്ത് ചൗധരി കോടികള്‍ സമ്പാദിച്ചതിനെപ്പറ്റി.

പണക്കാര്‍ വിമര്‍ശങ്ങളെ നേരിടുക അവക്ക് മറുപടി  പറഞ്ഞല്ല, കേസു കൊടുത്ത് മാധ്യമങ്ങളെ വിഷമിപ്പിച്ചാണ്. ചൗധരി 50 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് കേസ് കൊടുത്തിരിക്കുന്നു. ആസ്ഥാനം ദല്‍ഹിയിലാണെങ്കിലും കേസ് ഫയല്‍ ചെയ്തത് അസമില്‍. കോടതി നിര്‍ദേശപ്രകാരം ലേഖനം വെബ്‌സൈറ്റില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. എങ്കിലും കേസിന് അടിസ്ഥാനമായ കാര്യങ്ങള്‍ വിശദമാക്കിയും വസ്തുതാ പരമായി ഖണ്ഡിക്കാന്‍ വെല്ലുവിളിച്ചും കാരവന്‍ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
യാസീന്‍ അശ്‌റഫ്‌

Google+ Followers

Blogger templates

.

ജാലകം

.