അഴിമതിയും നായവാലും


കേട്ട ഉടനെ എന്താണ് ഉന്നം വയ്ക്കുന്നതെന്ന് മനസിലാക്കാന്‍ പറ്റുന്ന വേറൊരുദാഹരണം "മഹാവാലി"ന് സമമായുണ്ടോ എന്ന് സംശയമുണ്ട്. വളവ് ശരിപ്പെടുത്താന്‍ എന്തെല്ലാം പണിപ്പെട്ടാലും നിവരാതെ പഴയതുപോലെതന്നെ വളഞ്ഞുകിടക്കുന്ന അത്ഭുത വസ്തുവാണ് നായയുടെ വാല്. നാം അഴിമതിയോടൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അഴിമതി എന്ന് കേട്ടും കണ്ടും ജനങ്ങള്‍ക്ക് മതിയായി. പക്ഷേ, അഴിമതി നടത്തുന്നവരുടെ എണ്ണവും അഴിമതിത്തുകകളുടെ വണ്ണവും കൂടിക്കൂടി വന്ന് ഇപ്പോള്‍ ഗണിതപ്രൊഫസര്‍മാര്‍ക്കുപോലും അക്കത്തില്‍ എഴുതാന്‍ കഴിയാത്ത വിധത്തില്‍ , ജ്യോതിര്‍ദൂരങ്ങളെ ഓര്‍മിപ്പിക്കുന്ന സംഖ്യകളാണ് ഇന്ന് അഴിമതിയുടെ ലക്ഷ്യം.

കര്‍ണാടക പൊലീസുകാരന്‍ മുമ്പ് ഒരണ കൈക്കൂലി വാങ്ങിയിരുന്നത്രെ. ആ നക്കാപ്പിച്ചക്കാലം ഇങ്ങിനി വരാത്തവണ്ണം കഴിഞ്ഞുപോയി. ഇപ്പോള്‍ അഴിമതി എത്തിച്ചേര്‍ന്ന ഏറ്റവും ഉയര്‍ന്ന ജലരേഖ (വാട്ടര്‍മാര്‍ക്ക്) 2ജി സ്പെക്ട്രം തട്ടിപ്പില്‍പ്പെട്ട ഒരു ലക്ഷത്തെഴുപത്താറായിരം കോടി (അക്കത്തില്‍ എഴുതാന്‍ അറിയില്ല) രൂപയാണ്. അഴിമതിക്ക് തുല്യമായി നാട്ടില്‍ കേട്ടുവരുന്ന നിരന്തരമായ ഒച്ചപ്പാട് ഭരണകര്‍ത്താക്കളുടെ അഴിമതിവിരുദ്ധ പ്രസ്താവനകള്‍ ഉണ്ടാക്കുന്നതാണ്. മന്‍മോഹന്‍സിങ്, സോണിയ ഗാന്ധി, പ്രണബ്മുഖര്‍ജി, ചിദംബരം തുടങ്ങിയവരുടെ സുഭാഷിതങ്ങള്‍ കേട്ടാല്‍ അഴിമതി പുരളാത്തവര്‍പോലും ഭയന്നുപോകും. രണ്ടുവര്‍ഷംമുമ്പ് സോണിയ ഗാന്ധി അഴിമതിക്കാരോട് യുദ്ധം പ്രഖ്യാപിക്കുകയുണ്ടായി. അവര്‍ പറഞ്ഞു: "ഞങ്ങള്‍ അഴിമതിയെ നേര്‍ക്കു നേരെ നേരിടും. വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികൊണ്ട്". ഇപ്പറയുന്നത് അവര്‍ ഉദ്ദേശിക്കുന്ന കാര്യമാണ്. സുതാര്യതയും ഉത്തരവാദിത്തവും സത്യസന്ധതയുമാണ് നമ്മുടെ ഭരണത്തിന്റെ ഹൃദയം. പ്രധാനമന്ത്രിയും പുറകില്‍ത്തന്നെയുണ്ട്. അഴിമതിയുടെ വ്യാപ്തിയില്‍ ജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുള്ളത് ന്യായമാണ്. ഗവണ്‍മെന്റ് തിരുത്തല്‍ നടപടി എടുക്കുകയും അധികാരദുര്‍വിനിയോഗത്തെ എതിര്‍ക്കുകയും ചെയ്യുന്നതിന് മടിക്കില്ല." ധീരമായ പ്രഖ്യാപനം! "വാക്കും പഴയ ചാക്കും" എന്ന് നാട്ടുമ്പുറത്ത് ഒരു ചൊല്ലുണ്ട്. ഈ രണ്ട് ഭരണപ്രമുഖരുടെ വാക്കുകള്‍ പഴയ കീറച്ചാക്ക് പോലെയായി. കാരണം ഇവര്‍ ഇങ്ങനെ കണ്ഠക്ഷോഭം ചെയ്യുമ്പോള്‍ എ രാജ തന്റെ പണി മുടങ്ങാതെ നടത്തുന്നുണ്ടായിരുന്നു. 2009ല്‍ തുടങ്ങിയ തട്ടിപ്പുവേല 2011ല്‍ പ്രധാനമന്ത്രി കണ്ണുതുറക്കുന്നതുവരെ മുടങ്ങാതെ നടക്കുകയായിരുന്നു. എവിടെപ്പോയി സോണിയയുടെ സുതാര്യതയും കണക്കുതീര്‍ക്കലും സത്യസന്ധതയും? എവിടെപ്പോയി സിങ്ങിന്റെ തിരുത്തല്‍നടപടിയും പൊതുജനങ്ങളുടെ അധികാരദുര്‍വിനിയോഗം തടയലും? എല്ലാം നീര്‍പ്പോളകളുടെ ആയുസ്സുമാത്രം ഉള്ള പാഴ്വാക്കുകള്‍! ദയാനിധി(കരുണാനിധിയെ പിന്തള്ളുന്ന പേരാണ്!) മാരന്‍ ആയിരുന്നു രാജയുടെ മുന്‍ഗാമി. ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തില്‍ തുരപ്പന്‍പണി തുടങ്ങിയിട്ട് കാലമേറെയായി. മാരവിക്രിയകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. "വലിച്ചെറിയുന്ന" വിലയ്ക്കാണ് വന്‍കമ്പനിക്കും മറ്റും ലൈസന്‍സ് കൊടുക്കുന്നത്. രാജ്യത്തിന് നഷ്ടം, രാജയ്ക്കും മാരനും കുടുംബങ്ങള്‍ക്കും ലാഭം! എല്ലാം കണ്ട് മിണ്ടാതിരിക്കുന്നു അഴിമതിവിരുദ്ധയാണെന്ന് പ്രഖ്യാപിച്ച വനിതാരത്നവും പുരുഷസിംഹവും?


മാരന്റെ പ്രവൃത്തിക്ക് സമാധാനം പറയേണ്ടത് മാരനാണെന്ന് കോണ്‍ഗ്രസ് വക്താവ്. പ്രധാനമന്ത്രി കോണ്‍ഗ്രസില്‍ അംഗമാണെന്ന് വക്താവിന് ഓര്‍മയില്ല. ഇതാണ് യുപിഎ ഗവണ്‍മെന്റിന്റെ അഴിമതിവിരുദ്ധയുദ്ധം. എന്ത് യുദ്ധം ചെയ്താലും അഴിമതി എന്ന ശുനകന്റെ പുച്ഛ വളഞ്ഞുതന്നെ കിടക്കുന്നു. നേതാക്കളുടെ മിണ്ടായ്മയും വക്താക്കളുടെ ഒഴിഞ്ഞുമാറലും രാജ്യത്ത് ഇന്ന് നിലവിലുള്ള ആദര്‍ശപ്രതിബദ്ധതയുടെ മാനദണ്ഡമായി കിടക്കുന്നു. ഇക്കൂട്ടരുടെ തന്ത്രം "മൂടിവയ്ക്കല്‍" ആണെന്ന് അഴിമതിക്കഥകള്‍ പുറത്തുവിടുന്ന വിക്കിലീക്സിന്റെ മുഖ്യപത്രാധിപരായിരുന്ന ജൂലിയന്‍ അസാന്‍ജെ പ്രസ്താവിച്ചിട്ടുണ്ട്. വളരെ ശരിയാണ്. നമ്മുടെ നേതാക്കളുടെ സദാചാരം എത്ര തൊലിപ്പുറത്തുള്ളതാണെന്ന് ലോകം മുഴുവന്‍ മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസുകാര്‍ക്ക് എന്താണ് മനസിലാകാത്തത്? മന്‍മോഹന്‍ സിങ്ങിന്റെ സത്യസന്ധവും അഴിമതിയില്ലാത്തതുമായ ജീവിതത്തെ ചിലര്‍ വാഴ്ത്തിപ്പറയാറുണ്ട്. പ്രധാനമന്ത്രിയുടെ സദാചാരം വ്യക്തിയുടെ മാത്രമായിരുന്നല്ലോ. അഴിമതിയില്ലാത്തവനായ ഒരാള്‍ ഒരു വീട്ടില്‍ യോഗ്യന്‍തന്നെ. ഒരു നാടിന്റെ ഭരണാധികാരി അത്തരമൊരു പരിമിതമായ സദാചാരം കൊണ്ടുനടന്നാല്‍ മതിയോ? അദ്ദേഹം തന്റെ മന്ത്രിസഭയുടെയും ഭരണത്തിന്റെയും സദാചാരത്തിന്റെയും പാലങ്ങള്‍കൂടിയാണ്. ആ നിലയില്‍ നൂറ്റൊന്നു ശതമാനം പരാജയമാണ് പ്രധാനമന്ത്രി. അഴിമതിയുടെ ഗ്രാഫ് അദ്ദേഹത്തിന്റെ കാലത്ത് ദേവേന്ദ്രന്റെ തലസ്ഥാനംവരെ പൊങ്ങിയെത്തിയിരിക്കുന്നു. വ്യക്തിഗതമായ നന്മയുള്ള മനുഷ്യന്‍ എങ്ങനെയാണ് തന്റെ സഹപ്രവര്‍ത്തകര്‍ അനസ്യൂതമായി നടത്തിവന്ന ഭീമാകാരമായ അഴിമതി കാണാതെ പോയത്?

ഇതൊന്നും കാണാന്‍ കഴിവില്ലാത്തയാള്‍ പ്രധാനമന്ത്രിയായി തുടരുന്നതെങ്ങനെ? പ്രധാനമന്ത്രിയുടെ മൂക്കിന്റെ താഴത്ത് നടന്ന കാര്യങ്ങളാണ് ഇവയെല്ലാം. അന്ധനും ബധിരനും ആയ ഒരാള്‍ക്കേ, ഞാന്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും പറഞ്ഞുനില്‍ക്കാന്‍ പറ്റുകയുള്ളൂ. അതിനാല്‍ പ്രധാനമന്ത്രിയുടെ അഴിമതിയില്ലായ്മ പുറത്തുപറയാന്‍ കൊള്ളാത്ത പ്രവൃത്തികേടായിത്തീര്‍ന്നിരിക്കുകയാണ്. ഒരുദാഹരണം പറയട്ടെ. ഒരാപ്പീസില്‍ മേലുദ്യോഗസ്ഥന്‍ ഒരിക്കലും വൈകാതെ കൃത്യസമയത്ത് ഹാജരാകുന്ന ആളാണെന്ന് വരുന്നത് നല്ല കാര്യംതന്നെ. പക്ഷേ ആപ്പീസിലുള്ള ശിപായിയടക്കം സര്‍വ ജോലിക്കാരും രാവിലെയും ഉച്ചയ്ക്കും എത്തിച്ചേരാന്‍ അരമണിക്കൂറും ഒരുമണിക്കൂറും വൈകുകയാണെങ്കില്‍ മേലുദ്യോഗസ്ഥന്റെ കൃത്യനിഷ്ഠയ്ക്ക് എന്തുണ്ട് വില? ആ വിലയേ സിങ്ങിന്റെ അഴിമതിയില്ലായ്മയ്ക്ക് ഉള്ളൂ. പത്രക്കാര്‍ അഴിമതി കണ്ടുപിടിക്കാന്‍ പലപ്പോഴും നല്ല സഹായം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അവര്‍ ആലോചനാശൂന്യമായി പ്രയോഗിച്ചുവരുന്ന വിശേഷണങ്ങള്‍ ദ്രോഹങ്ങളായിട്ട് തീരാറുണ്ട്. "കറപ്ഷന്‍ ഇല്ലാത്ത പ്രധാനമന്ത്രി" എന്ന വിശേഷണം അത്തരത്തില്‍ ദ്രോഹകരവും അസംബന്ധവുമാണ്. രാജ, മാരന്മാര്‍ അഴിമതിക്കാര്‍ തന്നെ, സമ്മതിച്ചു. പക്ഷേ തിഹാര്‍ തടങ്കലില്‍ കഴിയേണ്ടി വന്ന രാജയും കൂട്ടുകാരനും അഴിമതി വളര്‍ത്തുന്നില്ല. രാജയുടെ കളി തീര്‍ന്നല്ലോ! പക്ഷേ, സിങ്ങിന്റെ സ്ഥിതി ഇതാണോ? എത്ര കൊല്ലമായി അദ്ദേഹം അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു? ഇതുമൂലം മന്ത്രിസഭയുടെ വിശ്വാസ്യത ആകെ തകര്‍ന്നുപോയി. അതുകൊണ്ട് സഹികെട്ടാണ് ഗാന്ധിയനായ അണ്ണ ഹസാരെ ലോക്പാല്‍ ബില്‍ ഫലപ്രദമായ രൂപത്തില്‍ കൊണ്ടുവരുമെന്ന് ഉറപ്പുകിട്ടുന്നതുവരെ ഉപവസിക്കുമെന്ന് പ്രസ്താവിച്ച് ജന്ദര്‍മന്ദറില്‍ പ്രത്യക്ഷപ്പെട്ടത്. എന്നിട്ടുപോലും ഈ ബില്ലിന് പല്ലും നഖവും നല്‍കുവാന്‍ ഗവണ്‍മെന്റിന് എന്ത് വൈമുഖ്യം ആണെന്നോ? പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ പ്രയാസം. എത്ര രാജ്യങ്ങളില്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും അഴിമതിയും ധനാപഹരണവും നടത്തി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നില്ല. ഇതാണ് കാലസ്ഥിതി. അതുകൊണ്ട് അഴിമതി നിരോധിക്കുന്ന ബില്ലില്‍ പ്രധാനമന്ത്രിയും പ്രസിഡന്റും എല്ലാംപെടുന്നു എന്ന് വാദിക്കേണ്ടിവരുന്നത് ഇന്ന് ആരും അഴിമതിക്കും അതീതരല്ല എന്ന സത്യം അറിയുന്നതുകൊണ്ടാണ്. പ്രധാനമന്ത്രി എന്ന് പറയുമ്പോള്‍ നെഹ്റുവിനെയും ശാസ്ത്രിയെയുമല്ല ഓര്‍ക്കേണ്ടത്; പ്രസിഡന്റ് എന്ന് പറയുമ്പോള്‍ രാജന്‍ബാബുവിനെയും സക്കീര്‍ ഹുസൈനെയുമല്ല ഓര്‍ക്കേണ്ടത്. പുള്ളികള്‍ വേറെയുണ്ട്. ഏത് സ്ഥാനത്തിലും കയറിപ്പറ്റി കള്ളംചെയ്ത് വാഴുന്നവരായിട്ടും അവരെ പിടികൂടാന്‍ നിയമം അനിവാര്യമാണ്. ഹസാരെയുടെ ഉദ്ദേശശുദ്ധി രാംദേവ യോഗിക്കുണ്ടെന്ന് പറയാന്‍ വയ്യ. എന്നാല്‍ , ഹസാരെക്ക് ശേഷം മറ്റൊരു വ്യക്തി ആത്മബലിയര്‍പ്പിക്കാന്‍ മുന്നോട്ടുവന്നതിന്റെ അര്‍ഥം ഗവണ്‍മെന്റില്‍ അവര്‍ക്കുള്ള വിശ്വാസം മിക്കവാറും നിന്നുകഴിഞ്ഞുവെന്നാണ്. എത്ര കുഴലുകളിലൂടെ ഈ നായവാല് കടത്തിവിട്ടു നാം? പക്ഷേ, പുറത്തെടുക്കുമ്പോഴേക്കും അത് പഴയപടി വളഞ്ഞുകിടക്കുന്നു. ഹസാരെയുടെ ഉപവാസത്തിന്റെ കുഴലിലൂടെ കടന്നുപോയ അഴിമതി നിവര്‍ന്ന് നേരെയാകുമെന്നാണ് നാം കരുതിയത്. പക്ഷേ, ഇപ്പോള്‍ രാംദേവ് എന്ന സന്യാസിയുടെ ഉപവാസക്കുഴലില്‍ അഴിമതിയെന്ന ശുനകശൂലം ഇട്ടിരിക്കുകയാണ്. വലിച്ചെടുത്താല്‍ വീണ്ടും വളയും. ഗവണ്‍മെന്റിന് ഈ പരിഹാരവിഷയത്തില്‍ ആത്മാര്‍ഥത വേണം. അതില്ലാത്തതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യദിനങ്ങളില്‍ത്തന്നെ പാസാകേണ്ടിയിരുന്ന ഒരു നിയമം ഇത്രയും വൈകിപ്പോയത്. പുതിയ കേരള ഗവണ്‍മെന്റ് കേന്ദ്രത്തെ അഴിമതിപ്പോരാട്ടത്തില്‍ മാതൃകയാക്കരുത്. സദുദ്ദേശത്തോടെ പറയുകയാണ്. അഴിമതിയോട് കുരിശുയുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ഉടനെ ചെയ്യേണ്ടത് അഴിമതിക്കറയുടെ ശങ്കയുടെ നിഴല്‍പോലും മന്ത്രിസഭാംഗങ്ങളില്‍ ആരെയെങ്കിലും ബാധിച്ചിട്ടുണ്ടെങ്കില്‍ , അവരെ ഒഴിവാക്കുകയാണ്. വാക്കുകൊണ്ടല്ല, കര്‍മംകൊണ്ടാണ് അഴിമതിയെ നേരിടുക എന്ന സോണിയാവചനം അര്‍ഥപൂര്‍ണമാവുക അപ്പോഴായിരിക്കും. മന്ത്രിസഭയില്‍ മാത്രമല്ല, സാഹിത്യ അക്കാദമി തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളിലും മറ്റ് ബോര്‍ഡുകളിലും എന്തെങ്കിലും അന്വേഷണമോ ആരോപണമോ നേരിടുന്നവരെ കുടിയിരുത്തുന്നത് തടയാന്‍ സാംസ്കാരികമന്ത്രിയും മറ്റും വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അഴിമതി കണ്ട് ജനങ്ങളുടെ അമര്‍ഷവും വിരോധവും അതിരു വിട്ടെന്ന് ഗവണ്‍മെന്റ് മനസിലാക്കിയാല്‍ നന്ന്. വേണ്ടത് ഉടനെ ചെയ്തില്ലെങ്കില്‍ മറ്റൊരു ഫുക്കുഷിമ ഇന്ത്യയില്‍ പൊട്ടിത്തെറിക്കും. പ്രസ്താവനകളുടെ ബക്കറ്റുമായി തീ അണയ്ക്കാന്‍ സോണിയയും സിങ്ങും പുറപ്പെടുമോ ഇനിയും?
സുകുമാര്‍ അഴീക്കോട്

Google+ Followers

Blogger templates

.

ജാലകം

.