ഇന്ത്യാവിഷന്‍ വിട്ടു മുനീര്‍ മന്ത്രിപദത്തിലേക്ക്


കോഴിക്കോട്: ചാനല്‍ സാരഥ്യമോ മന്ത്രിപദവിയോ എന്ന ചോദ്യത്തിന് ഒടുവില്‍ മുസ്‌ലിംലീഗ് നേതാവ് എം.കെ. മുനീര്‍ ഉത്തരം കണ്ടെത്തി. ഏറെക്കാലത്തെ വിവാദങ്ങള്‍ക്കു വിരാമമിട്ട് മുനീര്‍ 'ഇന്ത്യാവിഷന്‍' ചെയര്‍മാന്‍ പദവി ഒഴിഞ്ഞു.
കൂടുതല്‍ ഉത്തരവാദിത്തം വന്നുചേര്‍ന്നതിനാലാണ് ഇന്ത്യാവിഷന്‍ വിടുന്നതെന്ന് സ്വന്തം ചാനലിലൂടെ തന്നെ വ്യക്തമാക്കിയ മുനീര്‍, മുസ്‌ലിംലീഗ് മന്ത്രിമാരെ ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
മന്ത്രിയാവുകയെന്നതല്ല പ്രശ്‌നമെന്നും ലീഗിലെ 20 എം.എല്‍.എമാരും മന്ത്രി പദവിക്ക് യോഗ്യരാണെന്നും മുനീര്‍ പറഞ്ഞു. നേരത്തെ മന്ത്രിയായപ്പോഴും ഇന്ത്യാവിഷനില്‍നിന്ന് വിട്ടുനിന്നിരുന്ന കാര്യവും മുനീര്‍ ഓര്‍മപ്പെടുത്തി.
മുസ്‌ലിംലീഗ് മന്ത്രിമാരെ സംബന്ധിച്ച അനിശ്ചിതത്വത്തിനൊടുവില്‍ കടുത്ത സമ്മര്‍ദത്തിനു വഴങ്ങിയാണ് മുനീര്‍ ചാനല്‍ സാരഥ്യം കൈയൊഴിയുന്നതെന്നറിയുന്നു. മുസ്‌ലിംലീഗിനെതിരെ 'ഐസ്‌ക്രീം ബോംബ്' പൊട്ടിച്ച ഇന്ത്യാവിഷന്‍ ചാനലിന്റെ തലപ്പത്തുനിന്ന് മുനീര്‍ രാജിവെക്കണമെന്ന സമ്മര്‍ദം മുമ്പുതന്നെ ഉയര്‍ന്നിരുന്നതാണ്. ഐസ്‌ക്രീം കേസിന്റെ രണ്ടാം വെളിപ്പെടുത്തലിനുശേഷം മുനീറിനെതിരെ പാര്‍ട്ടിയില്‍ വന്‍ പടയൊരുക്കമാണുണ്ടായത്. എന്നാല്‍ ചാനലിന്റെ സാമ്പത്തിക ബാധ്യതകള്‍ പറഞ്ഞ് മുനീര്‍ ഈയാവശ്യം നിരാകരിച്ചു. കോടികളുടെ കടബാധ്യതയാണ്  ചാനലിനുള്ളതെന്നും ചെയര്‍മാന്‍ പദവി വിട്ടാല്‍ ബാധ്യത ഇരട്ടിക്കുമെന്നും നേതൃത്വത്തെ ധരിപ്പിച്ച അദ്ദേഹം ചെയര്‍മാന്‍ പദവിയെ 'ആലങ്കാരികം' എന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍, തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം മന്ത്രിസ്ഥാനത്തേക്കുള്ള പരിഗണന വന്നപ്പോള്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം പിന്നെയും മുനീറിന് ബാധ്യതയായി മാറി. ഒടുവില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി ചാനല്‍ സാരഥ്യം കൈയൊഴിയാനാണ് മുനീര്‍ തീരുമാനിച്ചത്.
15 കോടിയാണ് എം.കെ. മുനീറിന് ചാനലില്‍ ഓഹരിയുള്ളതെന്നും ഈ ഓഹരി പാര്‍ട്ടിയിലെ തന്നെ മറ്റൊരു പ്രമുഖന് കൈമാറണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പാര്‍ട്ടിനേതാക്കള്‍ ഒന്നും പ്രതികരിച്ചില്ല.

Blogger templates

.

ജാലകം

.