പത്രപ്രവര്‍ത്തകര്‍ അന്നും ഇന്നും

രാവിലെ രണ്ടുമൂന്നു പത്രങ്ങള്‍  ഇന്നും വായിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് പവനന്‍ പത്രപ്രവര്‍ത്തകനായി ജോലിചെയ്യുമ്പോള്‍ കേരളത്തിലെ എല്ലാ പത്രങ്ങളുടെയും കോപ്പികള്‍ നന്നേ രാവിലെതന്നെ വീട്ടില്‍ എറിയുന്നത് പതിവായിരുന്നു. ഇന്നും വീട്ടില്‍ പത്രം എറിയുന്നതില്‍ മാറ്റം വന്നിട്ടില്ല. പക്ഷേ, പത്രപ്രവര്‍ത്തനരംഗത്ത് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
അന്ന് കുട്ടികള്‍ എല്ലാം സ്‌കൂളില്‍ പോയാല്‍ ഞാന്‍ ഈ പത്രങ്ങളെല്ലാം വായിക്കാറുണ്ടായിരുന്നു. ഒരേ വാര്‍ത്ത ഓരോ പത്രത്തിലും വിവിധ തരത്തില്‍ എഴുതപ്പെട്ടിരുന്നതിനെപ്പറ്റി ഞാന്‍ പവനനുമായി സംസാരിക്കാറുണ്ടായിരുന്നു. എന്റെ മനസ്സില്‍ ഒരു പത്രപ്രവര്‍ത്തകയുടെ അംശം ഉണ്ടെന്ന് അന്ന് അദ്ദേഹം തമാശയായി പറയുമായിരുന്നു. സത്യംപറഞ്ഞാല്‍ എനിക്ക് പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കാന്‍ അന്ന് മോഹമുണ്ടായിരുന്നു. പത്രപ്രവര്‍ത്തനം ഒരു കളിയല്ല. നമുക്ക് പലതും ഇറക്കുമതി ചെയ്യാം. പക്ഷേ, ഒരു നട്ടെല്ല് ഇറക്കുമതി ചെയ്യാനാവില്ല. പത്രപ്രവര്‍ത്തനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പത്രപ്രവര്‍ത്തകന് ഒരു നട്ടെല്ല് ഉണ്ടായേ മതിയാവൂ.
മൂന്നു പത്രപ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ സ്വന്തമുള്ള ഒരാളാണ് ഞാന്‍. ഇന്ദിരഗാന്ധിയെപോലുള്ള ഭരണാധികാരികള്‍ക്കും ബിര്‍ലയെപോലുള്ള മുതലാളിമാര്‍ക്കും ഒരുപോലെ ഭയം ജനിപ്പിച്ചിരുന്ന ദല്‍ഹിയിലെ ഹിന്ദുസ്ഥാന്‍ ടൈംസിലെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന സി.പി. രാമചന്ദ്രന്‍ എന്റെ മൂത്ത സഹോദരനാണ്. കേരള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ശത്രുക്കള്‍ക്കുപോലും ഒഴിവാക്കാന്‍ പറ്റാത്ത സാന്നിധ്യമായിരുന്ന പവനന്‍ എന്റെ ജീവിത സഖാവാണ്. ഇപ്പോള്‍, യുവജനങ്ങളുടെ ഇടയില്‍ ഏറെ അറിയാവുന്ന ദല്‍ഹി ടൈംസ് ഓഫ് ഇന്ത്യയിലെ സി.പി. സുരേന്ദ്രന്‍ എന്റെ ഇളയ മകനാണ്. ഈ മൂന്നു പത്രപ്രവര്‍ത്തകരുടെയും സഹോദരി, ഭാര്യ, അമ്മ എന്നീ നിലകളില്‍ അങ്ങേയറ്റം ബഹുമാനവും സ്‌നേഹവും പുലര്‍ത്തിക്കൊണ്ട് ഞാന്‍ നോക്കിനിന്നിട്ടുണ്ട്. എന്റെ മനസ്സിന്റെ ചായ്‌വ് എന്റെ മകനായ സി.പി. സുരേന്ദ്രന്റെ പത്രപ്രവര്‍ത്തന രീതിയോടല്ല. ഒരുപക്ഷേ, സാങ്കേതികമായി മറ്റും രാമചന്ദ്രനെക്കാളും പവനനെക്കാളും സുരേന്ദ്രന്‍ ആധുനികനായിരിക്കും.
സി.പി. രാമചന്ദ്രനും പവനനും എല്ലാംതന്നെ പത്രപ്രവര്‍ത്തനം അക്ഷരാര്‍ഥത്തില്‍തന്നെ ഒരു ഉപജീവനമാര്‍ഗം കൂടിയായിരുന്നു. പക്ഷേ, ക്രിയാത്മകമായി ചിന്തിക്കുന്നവര്‍ക്ക് പറ്റിയ പണിയല്ല പത്രപ്രവര്‍ത്തനം. പക്ഷേ, ബാലന്‍സ് ഉണ്ടാകണമെങ്കില്‍ അതോടൊപ്പംതന്നെ മറ്റു ജോലികളും കണ്ടെത്തണം. പഴയ പത്രപ്രവര്‍ത്തകരില്‍പെട്ടവരാണ് മേല്‍പറഞ്ഞ രണ്ടുപേര്‍. അന്ന് പത്രക്കാര്‍ക്ക്, ഇന്നനുഭവിക്കുന്ന ഒരു ആനുകൂല്യവും ഉണ്ടായിരുന്നില്ല. അവരെല്ലാം പത്രപ്രവര്‍ത്തനത്തിലെത്തപ്പെട്ടതോ അതോ പത്രപ്രവര്‍ത്തനം അവരെത്തേടി വന്നതാണോ? വ്യക്തമായി എനിക്കറിയില്ല. അന്ന് പത്രപ്രവര്‍ത്തനംകൊണ്ടുമാത്രം ഒരു കുടുംബംപോറ്റാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ, ഇന്ന് മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിന് കഴിയും. ഇന്ന് പത്രപ്രവര്‍ത്തനം മറ്റു മീഡിയകളിലേക്കുകൂടി തിരിഞ്ഞിരിക്കുന്ന കാര്യമാണ്. ശാസ്ത്ര- സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം പത്രപ്രവര്‍ത്തനത്തെ കൂടുതല്‍ സഹായകമാക്കുന്നു.
പഴയകാല പത്രപ്രവര്‍ത്തനത്തില്‍ പണമായിരുന്നില്ല പ്രധാനം. സ്വതന്ത്രമായി എഴുതാന്‍ കഴിഞ്ഞിരുന്നൂവെന്നതാണ് കാര്യം. ഒരു എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി പത്രപ്രവര്‍ത്തനത്തെ കാണരുത് എന്നാണ് എന്റെ ഏട്ടന്‍ പറഞ്ഞിരുന്നത്. ഏട്ടന്‍ ഒരിക്കലും എസ്റ്റാബ്ലിഷ്‌മെന്റിന്റെ വക്താവായിരുന്നില്ല. പവനന്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായിരുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ, നിര്‍ഭയനായ ഒരു പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അതുകൊണ്ടാണല്ലോ, കോണ്‍ഗ്രസ് ഭരിച്ചിരുന്ന കേരളത്തിലെ വ്യവസായ മന്ത്രിയായ കെ.എ. ദാമോദരമേനോനുമായി സ്വരച്ചേര്‍ച്ചയില്ലാതായതും അദ്ദേത്തിന്റെ ഭാര്യ ലീലാ ദാമോദരമേനോന്റെ വൈരക്കല്‍ മാല കേസും മറ്റും ഉണ്ടായ സംഭവങ്ങള്‍. അതില്‍ കേസില്‍പ്പെട്ട ഒരാളായിരുന്നു പവനന്‍.
യുവനിരയിലെ പത്രപ്രവര്‍ത്തകനായ സി.പി. സുരേന്ദ്രന്‍ ഒരു നല്ല കരിയറിസ്റ്റാണെന്നാണ് എന്റെ അഭിപ്രായം. പക്ഷേ, എന്റെ ഏട്ടനും പവനനും ഒക്കെ ഉണ്ടായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയ കേരളത്തിലെ ആദ്യകാല പത്രപ്രവര്‍ത്തക ജീനിയസുകള്‍ക്ക് സഹായകമായിരുന്ന ആ ആദര്‍ശാത്മക ആത്മധൈര്യം (ideological character) എന്റെ മകനുള്‍പ്പെടെയുള്ള ഇപ്പോഴത്തെ കരിയറിസ്റ്റ് പത്രപ്രവര്‍ത്തകര്‍ക്ക് ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്താണ് ഇതിന് കാരണം? ഈ വിഷയമാണ്, നമ്മുടെ മാധ്യമരംഗം മൂല്യച്യുതിക്ക് വിധേയമായിട്ടുണ്ടെന്ന് കുറ്റപ്പെടുത്തുന്നത് പതിവാക്കിയ മാര്‍ക്‌സിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചിന്തിക്കേണ്ടത്.
ഏതെങ്കിലും ആദര്‍ശത്തോട് ആത്മാര്‍പ്പണം ഉള്ളവര്‍ക്കുമാത്രമേ ആത്മധൈര്യം എന്ന ഗുണം ഉണ്ടായിരിക്കൂ. ആത്മാര്‍പ്പണം ആദര്‍ശത്തോട് എന്നതിനെക്കാള്‍ ആളുകളോടാവുമ്പോള്‍ ഒരു അക്രമിയുടെ നിലവാരമൊക്കെ ഉണ്ടാവും. അത്തരം ഒരു ധൈര്യമാണ് ഇന്ദിരഗാന്ധിയെന്ന വ്യക്തിയോട് അങ്ങേയറ്റം അര്‍പ്പിതനായി ജീവിച്ച  കെ. കരുണാകരനുണ്ടായിരുന്നത്. അതുകൊണ്ടാണ്, അദ്ദേഹം ഇന്ദിരഗാന്ധിയെ മനസ്സില്‍വെച്ച് സോണിയഗാന്ധിയെ താഴ്ത്തിപ്പറയാന്‍ ധൈര്യം കാണിച്ചത്. പക്ഷേ, ആ ധൈര്യത്തിനുപോലും ഒരു ആത്മാര്‍പ്പണത്തിന്റെ പിന്‍ബലമുണ്ട്.
ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ക്ക് എന്തിനോടാണ് ആത്മാര്‍പ്പണം ഉള്ളത്? കൂടുതല്‍ പണം കൊടുക്കുന്നവര്‍ക്കുവേണ്ടി എന്തും എഴുതാന്‍ തയാറുള്ള ഒരു സാക്ഷര ക്വട്ടേഷന്‍ ടീമുകളായി ഇവിടത്തെ പത്രപ്രവര്‍ത്തകര്‍ മാറിയിരിക്കുന്നു. അതുകൊണ്ട്, ഒരാളുടെ മാനമോ പദവിയോ എന്തും അറുത്തുമാറ്റാന്‍ പത്തു പത്രപ്രവര്‍ത്തകരെ വിലയ്‌ക്കെടുത്ത് വാങ്ങാനുള്ള കഴിവ് ആര്‍ക്കുണ്ടോ, അവര്‍ക്കൊക്കെ സാധിക്കുമെന്നാണ് വന്നിരിക്കുന്നത്.
ഇത്രയും പറയുമ്പോള്‍ 'സ്‌പെക്ട്രം' എന്ന വലിയ അഴിമതി പുറത്തുകൊണ്ടുവന്നത് ഒരു പത്രമാധ്യമമല്ലേ എന്ന ചോദ്യം ഉയര്‍ന്നുവരാം. പക്ഷേ, 'സ്‌പെക്ട്രം' പോലെയുള്ള ഇടപെടലുകളിലെ കാബിനറ്റോളം നീളുന്ന അഴിമതിയുടെ ഇടനാഴികള്‍ ചര്‍ച്ചാ വിധേയമാക്കേണ്ടത് ആ അഴിമതി ചെയ്യാന്‍ ആഗ്രഹിക്കുകയും എന്നാല്‍, അത് ചെയ്യാന്‍ അവസരം നഷ്ടപ്പെടുകയും ചെയ്തവരുടെ താല്‍പര്യമല്ലേ എന്ന് ചിന്തിക്കേണ്ടതുണ്ട്. രണ്ട് കുത്തകകള്‍ തമ്മിലെ  മത്സരമാണ്  സ്‌പെക്ട്രം അഴിമതിയെ പുറത്തുകൊണ്ടുവന്നത്. അല്ലാതെ, പത്രപ്രവര്‍ത്തകന്റെ വീരശൂരത്വം അല്ല.
കര്‍ണാടകയിലെ യെദിയൂരപ്പാ സര്‍ക്കാറിന്റെ അഴിമതി പുറത്തായത് പത്രപ്രവര്‍ത്തന വീരതകൊണ്ടല്ല. മറിച്ച്, കര്‍ണാടകയിലെ ബി.ജെ.പി രാഷ്ട്രീയത്തിലെ റെഡ്ഢി സഹോദരന്മാര്‍ ഉള്‍പ്പെടെ ഉള്ള പണച്ചാക്കുകളും യെദിയൂരപ്പയും തമ്മിലെ  ചേരിപ്പോരിന്റെ ഫലമായാണ്. റെഡ്ഢി സഹോദരന്മാര്‍ യെദിയൂരപ്പ ചെയ്യുന്ന അഴിമതികളും യെദിയൂരപ്പ റെഡ്ഢി സഹോദരന്മാര്‍ ചെയ്യുന്ന അഴിമതികളും ഉറക്കെ വിളിച്ചുപറയുമ്പോള്‍ കേട്ടെഴുതാന്‍ ഇന്‍വെസ്റ്റിഗേറ്റിവ് സാഹസികതയൊന്നും ആവശ്യമില്ല.
ജനങ്ങളെ ഇല്ലാക്കഥകള്‍ വിശ്വസിക്കുന്ന മൂഢന്മാരാക്കിത്തീര്‍ക്കാന്‍വേണ്ടി നടത്തുന്ന പത്രപ്രവര്‍ത്തനരീതിക്ക് മാറ്റം ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍, മുത്തശ്ശിക്കഥകള്‍ക്കുള്ള പ്രാധാന്യമേ ജനങ്ങള്‍ പത്രപ്രവര്‍ത്തനത്തിന് നല്‍കൂ. പത്രപ്രവര്‍ത്തനത്തെക്കുറിച്ച് പറയുമ്പോള്‍ ഏട്ടന്‍ പറയുന്നത് നമ്മുടെ പത്രപ്രവര്‍ത്തനം വിദേശിയരില്‍നിന്ന് വളരെ വ്യത്യസ്തമാണെന്നാണ്. അവര്‍ എന്തെഴുതുമ്പോഴും വിലയിരുത്തിയശേഷമാണ് എഴുതുക. ഇന്ത്യയില്‍ യഥാര്‍ഥ പത്രപ്രവര്‍ത്തനം നന്നേ കുറവാണെന്ന വാദക്കാരനായിരുന്നു  അദ്ദേഹം. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഇരുന്നുകൊണ്ടുതന്നെ അദ്ദേഹം ജോലിചെയ്യുന്ന പത്രത്തിനെതിരെ കേസുകൊടുത്തു. അന്നത്തെ ആ പത്രത്തിന്റെ പത്രാധിപരായിരുന്ന ജോര്‍ജ് വര്‍ഗീസ് ഇന്ദിരഗാന്ധിക്ക് എതിരായി പത്രത്തില്‍ എഴുതിയതിന്റെ പേരില്‍ പത്രത്തില്‍നിന്ന്  പുറത്തായി. ഏട്ടന് വര്‍ഗീസിനെ തീരെ ഇഷ്ടമായിരുന്നില്ല. എന്നിട്ടും, വര്‍ഗീസിനെ പുറത്താക്കിയ സംഭവം ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാര്‍ വന്നുപറഞ്ഞപ്പോള്‍ ഏട്ടന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാനെ കണ്ടു. അദ്ദേഹം കേസ് ഫയല്‍ ചെയ്യാനാണ് പറഞ്ഞത്. ഇതിനെതിരെ ബിര്‍ലയുടെ വക്കീലന്മാര്‍ കേസിന് സാധൂകരണമില്ലെന്നുപറഞ്ഞ് കാരണംകാട്ടി ദല്‍ഹി ഹൈകോടതിയില്‍ കേസ് സ്‌റ്റേ കൊടുത്തു. വാദം കേട്ടത് രണ്ടു ന്യായാധിപന്മാരാണ്. ഔദ്യോഗിക വക്കീലായിരുന്ന എസ്.ഡി. ദേശായിയാണ് ഏട്ടനുവേണ്ടി വാദിച്ചത്. കേസ് ഒരു വര്‍ഷത്തോളം നീണ്ടുനിന്നു. ബിര്‍ല തോറ്റു. വര്‍ഗീസ് വീണ്ടും പത്രാധിപരായി. വര്‍ഗീസിനെ ഇഷ്ടമില്ലാതിരുന്നിട്ടും ഒരു ന്യായത്തിനുവേണ്ടി മാത്രം ഹിന്ദുസ്ഥാന്‍ ടൈംസിലെ ജോലി ചെയ്തുകൊണ്ടുതന്നെ തന്റെ പത്രമുതലാളിക്കെതിരെ കേസുകൊടുത്ത് വിജയിച്ചു. ഇന്ന് ഏത് പത്രപ്രവര്‍ത്തകനാണ് സ്വന്തം പത്രമുതലാളിക്കെതിരെ സമരം നടത്താന്‍ ധൈര്യം കാട്ടുക. അഥവാ, അങ്ങനെ ചെയ്താല്‍ സ്ഥാപനത്തില്‍നിന്ന് പടിയിറങ്ങേണ്ടി വരും.
ഇന്ന് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്ത പത്രക്കാര്‍ ഉണ്ടാവില്ല. കമ്പ്യൂട്ടറില്‍ വിരലൊന്നുതൊട്ടാല്‍ ലോകത്തിലെ സ്‌പന്ദനങ്ങള്‍ നമുക്ക് ഉടന്‍തന്നെ കിട്ടുന്നു. ലോകം ഇന്ന് നമ്മുടെ വിരല്‍ത്തുമ്പിലാണ്. പണ്ട് ഫോണ്‍ സൗകര്യം, ടെലിപ്രിന്റര്‍ സൗകര്യംപോലും ഇല്ലാതെ പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകൊണ്ട് ഞെട്ടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഫോണില്‍കൂടി പത്രമോഫിസുകളിലേക്ക് വാര്‍ത്ത കൊടുക്കുമ്പോള്‍ please extend എന്ന് മൂന്നാലു പ്രാവശ്യം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് വിളിച്ചുപറഞ്ഞിരുന്നത് ഞാനിന്ന് ഓര്‍ക്കുന്നു. ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനായ എന്റെ ഏട്ടനെയും മലയാള പത്രപ്രവര്‍ത്തകനായ പവനനെയും ഞാനിന്ന് ഓര്‍ത്തപ്പോള്‍ പഴയകാല പത്രപ്രവര്‍ത്തനത്തെപ്പറ്റി എഴുതി എന്ന് മാത്രം. അവരൊന്നും ഇന്ന് നമ്മോടൊപ്പമില്ല.
ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ സ്വന്തം ജോലിയില്‍ സംതൃപ്തരാണോ, സ്വതന്ത്രരായി എഴുതാന്‍ കഴിയുന്നുണ്ടോ എന്ന  ചോദ്യത്തോടെ നിര്‍ത്തുന്നു
പാര്‍വതി പവനന്‍

Google+ Followers

Blogger templates

.

ജാലകം

.