മുസ്‌ലിം-ലീഗ് ബന്ധത്തിന്റെ കണക്കുപുസ്തകം വായിക്കുമ്പോള്‍

നേതാക്കള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് പരസ്‌പരം അറിയാന്‍ ശ്രമിച്ചതിന്റെ ഫലമായി സംഘടനക്കുള്ളില്‍ സംജാതമായ ഐകമത്യം ഉയര്‍ത്തിപ്പിടിച്ചും ഐസ്‌ക്രീം പാര്‍ലര്‍ കേസുണ്ടാക്കിയ വിവാദങ്ങളെ തല്‍ക്കാലം പെട്ടിക്കകത്തിട്ട് താഴിട്ടുപൂട്ടി പാണക്കാട്തങ്ങളുടെ സേഫ് കസ്റ്റഡിയിലേല്‍പിച്ചും മുസ്‌ലിംസമുദായത്തെയും പൊതുജനങ്ങളെയും വരുന്ന തെരഞ്ഞെടുപ്പില്‍ അഭിസംബോധന ചെയ്യാനുള്ള തീരുമാനത്തിലാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്. ഇത്തരമൊരു സന്ദിഗ്ധഘട്ടത്തില്‍ ലീഗിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാനാവില്ല. ഈ ആത്മവിശ്വാസംതന്നെയാണ് എക്കാലവും മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ മൂലധനം.


ലീഗിനെ താങ്ങിനിര്‍ത്തുന്ന നാല് ഘടകങ്ങളാണ് ഈ ആത്മവിശ്വാസത്തെ ബലവത്താക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിലൊന്നും സമുദായം ലീഗിനെ കൈവിട്ടിട്ടില്ല എന്ന ഉറച്ച വിശ്വാസമാണ് അതില്‍ പ്രഥമം. മുസ്‌ലിം മതപണ്ഡിതരുടെയും മലപ്പുറത്തെ മുസ്‌ലിംകള്‍ക്കിടയില്‍ നിര്‍ണായകസ്വാധീനമുള്ള പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെയും ലീഗ് ബന്ധം ഈ വിശ്വാസത്തെ സുദൃഢമാക്കുന്നു. പണവും അധികാരവുമുണ്ടെങ്കില്‍ എന്തും നേടാമെന്ന അഹങ്കാരമാണ് മറ്റൊരു ഘടകം. എന്തെല്ലാം ആരോപണങ്ങള്‍ ലീഗിനെതിരെ ഉയര്‍ന്നുവന്നാലും അതൊന്നും ലീഗ്-കോണ്‍ഗ്രസ് ബന്ധത്തിന് ഒരുപോറലുമേല്‍പിക്കില്ല എന്ന ഉത്തമ വിശ്വാസം ഈ അഹങ്കാരത്തിന് അനുപൂരകമായി വന്നിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. നരസിംഹറാവുവിന്റെ കാലത്തു തുടങ്ങിയതാണത്.

ലീഗിനെ താങ്ങിനിര്‍ത്തുന്ന നെടുന്തൂണുകളില്‍ ഏറ്റവും പ്രധാനപ്പെട്ട മുസ്‌ലിംബന്ധത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നുവെന്നതാണ് ഐസ്‌ക്രീം കേസിന്റെ രണ്ടാംവരവിലുണ്ടായ സംഭവങ്ങളില്‍ ശ്രദ്ധേയം. അപവാദപ്രചാരണങ്ങളിലൂടെ തകര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണോ ലീഗ് എന്ന ഒരു വികാരം ശക്തമാണെങ്കില്‍തന്നെ, ആരാണ് അതിനുത്തരവാദിയെന്ന ചോദ്യം അതിലേറെ ശക്തമാണ്. ഇതിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ വിഷയത്തില്‍ മതപണ്ഡിതര്‍ നടത്തിയ ഇടപെടല്‍. വൃത്തികെട്ട ഒരു വിവാദത്തിലേക്ക് ദിവംഗതനായ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളുടെ നാമധേയവും വലിച്ചിഴക്കപ്പെട്ടേക്കുമെന്ന് വന്നപ്പോഴാണ് എതിര്‍പ്രസ്താവനയുമായി മതപണ്ഡിതര്‍ രംഗത്തുവന്നത്. രാഷ്ട്രീയക്കാരുടെ ലാഭ-നഷ്ടക്കണക്കുകളിലേക്ക് ശിഹാബ്തങ്ങളെ വലിച്ചിഴക്കരുതെന്ന് പണ്ഡിതര്‍ പറയുമ്പോള്‍ ചിന്താശേഷിയുള്ളവര്‍ക്ക് അതിലൊരു പാഠമുണ്ട്. എന്താണീ ലാഭനഷ്ടക്കണക്കുകള്‍?

മഹാപണ്ഡിതന്മാരും പള്ളി-മദ്‌റസകളില്‍ പണിയെടുക്കുന്നവരും മുസ്‌ലിംകളുടെ സാംസ്‌കാരികസമ്പത്തിന്റെ സമൂര്‍ത്ത പ്രതീകങ്ങളാണ്. തങ്ങന്മാര്‍ക്ക് നബികുടുംബത്തിന്റെ ചാര്‍ച്ചക്കാരെന്ന നിലക്ക് മുസ്‌ലിംസമുദായം പ്രത്യേകം സ്‌നേഹാദരങ്ങള്‍ നല്‍കുന്നുണ്ട്. മലപ്പുറംജില്ലയില്‍ തങ്ങന്മാര്‍ പണ്ഡിതരെക്കാള്‍ അല്‍പം ഉയരത്തിലാണ്. ചരിത്രപരമായ കാരണങ്ങളാല്‍ ജനമനസ്സില്‍ അവര്‍ ഉന്നതസ്ഥാനീയരായിത്തീര്‍ന്നതാണ്. ലീഗിന്റെ പ്രസിഡന്റ് പദവിയില്ലെങ്കിലും തങ്ങന്മാരോടുള്ള ബന്ധത്തിന് വലിയ കോട്ടമൊന്നുമുണ്ടാവാന്‍ പോവുന്നില്ല. പ്രാദേശിക സാംസ്‌കാരിക സവിശേഷതയെന്നതിനെക്കാള്‍ മതമിപ്പോഴും മുസ്‌ലിംകളുടെ സാമൂഹികജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന ഒരു അധികാരസ്ഥാനമായിട്ടാണ് നിലനിന്നു പോരുന്നത് എന്ന സവിശേഷത കണക്കിലെടുക്കേണ്ടതുണ്ട്. ലീഗിന്റെ അധികാരമേലാളത്തം ഉപയോഗിച്ചുകൊണ്ടുമാത്രം തകര്‍ക്കാന്‍ പറ്റുന്നതല്ല തങ്ങന്മാരുടെ ജനപ്രീതി. ലീഗ്-തങ്ങള്‍ ബന്ധത്തില്‍ ലീഗിനല്ല, തങ്ങന്മാര്‍ക്കാണ് മേല്‍ക്കൈ എന്നത് വസ്തുതയാണ്. മതപണ്ഡിതരെയും തങ്ങന്മാരെയുമെല്ലാം ദുരുപയോഗം ചെയ്യുന്നത് മുസ്‌ലിംകളുടെ സാംസ്‌കാരിക സുരക്ഷിതത്വത്തിന് ഹാനികരമാണ്. മുസ്‌ലിംകളുടെ സാംസ്‌കാരിക സമ്പത്ത് തകര്‍ക്കുക സാമ്രാജ്യത്വ-ഫാഷിസ്റ്റ് ശക്തികളുടെ മുഖ്യ അജണ്ടകളിലൊന്നാണ്. ബാബരിപള്ളി തകര്‍ത്തതുപോലെ, കര്‍ബലയിലെ ചരിത്രസ്മാരകങ്ങള്‍ ബോംബിട്ട് തകര്‍ത്തതുപോലെ തന്നെ നിന്ദ്യവും ക്രൂരവുമാണ് മതപണ്ഡിതരെയും തങ്ങന്മാരെയും ദുരുപയോഗം ചെയ്യുന്നത്. വൈകിയാണെങ്കിലും കേരളത്തിലെ മതപണ്ഡിതര്‍ സാംസ്‌കാരിക സുരക്ഷിതത്വത്തിന് ഹാനികരമായ ലീഗിന്റെ ദുര്‍വൃത്തികളെക്കുറിച്ച് ബോധവാന്മാരായിട്ടുണ്ടെന്നാണ് അനുമാനിക്കേണ്ടത്.

സാംസ്‌കാരിക സമ്പത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് ലോകമൊട്ടുക്ക് ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. സമ്പദ് വ്യവസ്ഥകളെ വെട്ടിപ്പിടിക്കാനും രാഷ്ട്രങ്ങളെ കാല്‍ക്കീഴിലൊതുക്കാനുമുള്ള രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായി ധനമൂലധനം അതിന്റെ സാംസ്‌കാരികതീര്‍പ്പുകളെ സാര്‍വലൗകികമായി അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയയെ ത്വരിതപ്പെടുത്താനും ജനങ്ങളുടെ സംഘടിതമായ ചെറുത്തുനില്‍പുകളെ ദുര്‍ബലമാക്കാനും ജനതകളുടെ പ്രാദേശിക സാംസ്‌കാരിക സമ്പത്തിനെ നാശോന്മുഖമാക്കുകയെന്നതും ധനമൂലധന ശക്തികളുടെ രാഷ്ട്രീയ അജണ്ടയില്‍ ഒന്നാംസ്ഥാനത്ത് വന്നിരിക്കുന്നുവെന്നാണ് വിഖ്യാത സാമൂഹികശാസ്ത്രപണ്ഡിതരുടെയും രാഷ്ട്രീയ ചിന്തകരുടെയും അഭിപ്രായം.

ലൈംഗികാപവാദങ്ങളില്‍ ഇത്തരം സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെല്ലാം ഉള്ളടങ്ങിയിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം സമൂഹത്തിനുള്ളില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ള രാഷ്ട്രീയ സമൂഹത്തിന്റെ മുന്‍നിരയില്‍ അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരുണ്ട്. ആഗോള -ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ സവിശേഷപശ്ചാത്തലത്തില്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ ഇടം എന്താണെന്ന് മനസ്സിലാക്കാനുള്ള ശേഷി അവര്‍ക്കുണ്ടാവുമെന്ന് ഊഹിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ അവരുടെ സംശയങ്ങള്‍ക്കും നൊമ്പരങ്ങള്‍ക്കുമെല്ലാം രാഷ്ട്രീയ സ്വഭാവം കൈവന്നേക്കാമെന്ന് ലീഗ്‌നേതൃത്വം പ്രതീക്ഷിക്കുന്നതില്‍ ഒരു തെറ്റുമില്ല. ലൈംഗികാപവാദങ്ങള്‍ സൃഷ്ടിച്ച സംശയങ്ങളെയും നൊമ്പരങ്ങളെയും പ്രത്യേകം പ്രത്യേകം അഭിസംബോധന ചെയ്യുക എന്ന തന്ത്രമാണ് ലീഗ്‌നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. സംശയങ്ങള്‍ക്കൊന്നും മറുപടിയില്ല. പ്രത്യാക്രമണം തന്നെയാണതിനു മറുപടി. ആദ്യം വി.എസ്. അച്യുതാനന്ദന്റെ ഓഫിസിനുനേരെ. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനുനേരെയും. ലീഗ് നേതാക്കളുടെ മക്കള്‍ക്കുനേരെയല്ലല്ലോ ആരോപണങ്ങള്‍. ഈ കാര്യം ഡിസ്‌കൗണ്ട് അടിസ്ഥാനത്തില്‍ മറന്നുകളയാം. നൊമ്പരങ്ങളെ മുസ്‌ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനനുകൂലമാക്കിത്തീര്‍ക്കാമെന്നാണ് വ്യാമോഹം. ഹൈദരലി ശിഹാബ് തങ്ങളെ ഒപ്പമിരുത്തി ജനറല്‍ സെക്രട്ടറിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് പറയുന്നതിന്റെ അര്‍ഥമിതാണ്. ആറുപതിറ്റാണ്ട് പഴക്കമുള്ള ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ അതിനെക്കാള്‍ പഴക്കമുള്ള ഒരു മഹനീയ പാരമ്പര്യത്തിന്റെ പ്രതിനിധിയെ സാക്ഷിനിര്‍ത്തി ഇങ്ങനെയൊരു സത്യപ്രസ്താവന നടത്തുമ്പോള്‍ കേസിന്റെ തീര്‍പ്പുവരുന്നതുവരെയെങ്കിലും അത് വിശ്വസിക്കേണ്ടത് സാമാന്യമര്യാദയും രാഷ്ട്രീയമര്യാദയുമാണ്. മുസ്‌ലിംകള്‍ക്കാണെങ്കില്‍, ഈ ലൈംഗിക വിവാദത്തിന്റെ നിജഃസ്ഥിതി അറിയാന്‍ കോടതിവിധി വരുന്നതുവരെ കാത്തിരിക്കേണ്ട കാര്യമില്ല. വിശുദ്ധ ഖുര്‍ആന്‍ യൂസുഫ്‌നബിയുടെ കഥ പറയുന്ന കാര്യം രണ്ടാവര്‍ത്തി വായിച്ചാല്‍ ലീഗിന്റെ കുപ്പായം കീറിയതെങ്ങനെയെന്ന ചോദ്യത്തിനുത്തരം കിട്ടും.

പക്ഷേ, ജനറല്‍സെക്രട്ടറിയുടെ ബന്ധുവും സന്തത സഹചാരിയുമായിരുന്ന വ്യക്തിക്ക് മുസ്‌ലിംലീഗിന്റെ അധികാരകേന്ദ്രങ്ങളില്‍ ഇത്രത്തോളം സ്വാധീനമുണ്ടാക്കാന്‍ സാധിച്ചതെങ്ങനെ? അതും പച്ചക്കള്ളമാണെന്ന് പാണക്കാട് തങ്ങള്‍കുടുംബത്തില്‍പെട്ടവര്‍ സ്വന്തം നാവുകൊണ്ട് പറയുമെന്ന് വിശ്വസിക്കുക പ്രയാസമാണ്.

ഐസ്‌ക്രീം കേസിന്റെ രണ്ടാംവരവിലൂടെ ഉന്നയിക്കപ്പെടുന്ന മുഖ്യവിഷയം ലൈംഗികാപവാദത്തിലോ സദാചാര മര്യാദകളിലോ മാത്രമൊതുങ്ങിനില്‍ക്കുന്നില്ല. രണ്ട് വ്യക്തികള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകളില്‍നിന്ന് വ്യത്യസ്തമായ, കൂടുതല്‍ ഗൗരവബുദ്ധിയോടെ കാണേണ്ട മറ്റൊരു തലം അതിനുണ്ടെന്നാണിപ്പോള്‍ വ്യക്തമാവുന്നത്. അധികാരവും പണവും തമ്മിലുള്ള രഹസ്യവേഴ്ചകളുടെ നഗ്‌നചിത്രങ്ങളാണ് അത് അനുദിനം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. വില്ലേജ് ഓഫിസ് മുതല്‍ വിധിന്യായങ്ങള്‍വരെ നീണ്ടുകിടക്കുന്ന അതിന്റെ അസംഖ്യം ശൃംഖലകളിലോരോന്നിലും മറ്റാരുടെയൊക്കെ വിരല്‍പാടുകളാണ് പതിഞ്ഞിട്ടുള്ളതെന്നതിന്റെ വിശദവിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയുമാണ്. ഈ വക വസ്തുതകള്‍ക്ക് നേരെയെല്ലാം കണ്ണടച്ചുകൊണ്ട് സാമുദായികവികാരത്താല്‍ വിവശരായി മുസ്‌ലിം സമുദായമനസ്സിന്റെ വാതിലുകള്‍ ലീഗിനുമുന്നില്‍ മലര്‍ക്കെ തുറന്നിടണമെന്നാവശ്യപ്പെടുന്നത് അഹങ്കാരത്തിന്റെ ഏത് ഗണത്തില്‍പെടുന്നുവെന്ന് കൃത്യമായി പറയണമെങ്കില്‍ ഇമാം ഗസ്സാലിയെ തന്നെ ആശ്രയിക്കേണ്ടിവരും.

അഹങ്കാരം ലീഗിലെ ഇപ്പോഴത്തെ നേതാക്കള്‍ക്ക് പാരമ്പര്യമായി കിട്ടിയ രോഗമല്ല. ഇസ്മാഈല്‍ സാഹിബും സുലൈമാന്‍സേട്ടും ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും സി.എച്ച്. മുഹമ്മദ്‌കോയയും ശിഹാബ് തങ്ങളുമെല്ലാം ഈ പ്രസ്ഥാനത്തെ നയിച്ചവരാണ്. അവര്‍ക്കൊന്നുമില്ലാതിരുന്ന രോഗം മറ്റുചിലരില്‍ എങ്ങനെ കടന്നുകൂടി? ലീഗ്-കോണ്‍ഗ്രസ് ബന്ധം ലീഗിന്റെ രാഷ്ട്രീയ വിധേയത്വമായി മാറാന്‍ തുടങ്ങിയ നരസിംഹറാവു കാലഘട്ടത്തിലാണ് അതിന്റെ ഉത്തരം കിടക്കുന്നത്. പലരും വിലയിരുത്തിയ പോലെ ഇന്ത്യയുടെ സാമ്പത്തികകുതിപ്പിന് അടിത്തറയിട്ട നേതാവാണ് മുന്‍പ്രധാനമന്ത്രി നരസിംഹറാവു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ധനമൂലധന ശക്തികളുടെ അഴിഞ്ഞാട്ടത്തിന് അടിത്തറയിട്ടതും റാവു തന്നെ. ധനമൂലധന ശക്തികളും അധികാര കേന്ദ്രങ്ങളും തമ്മിലുള്ള ജാരസംസര്‍ഗത്തിന്റെ സന്തതിയാണ് വിത്തപ്രഭുത്വം. ഇന്ന് നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ലക്ഷക്കണക്കിന് കോടിയുടെ അഴിമതികളെല്ലാം അനാച്ഛാദനം ചെയ്യപ്പെടുന്ന ശക്തി ഈ വിത്തപ്രഭുത്വമാണ്. 2008ല്‍ യു.പി.എ സര്‍ക്കാറിനെ അധികാരത്തില്‍ നിലനിര്‍ത്താന്‍ കോടികള്‍ വാരിയെറിഞ്ഞതുപോലെ 1991ലും '92ലുമെല്ലാം റാവു സര്‍ക്കാറിന്റെ നിലനില്‍പും തുടര്‍ഭരണവും ധനമൂലധനശക്തികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് അനിവാര്യമായിരുന്നു. വിത്തപ്രഭുത്വം രാഷ്ട്രീയ ഇച്ഛാശക്തിയെ കീഴ്‌പ്പെടുത്തുന്നതെങ്ങനെയെന്നതിന്റെ പരസ്യപ്രകടനം '91ലെ റാവു സര്‍ക്കാര്‍ കാണിച്ചുതന്നിട്ടുണ്ട്. ഷിബുസോറന്റെ ഝാര്‍ഖണ്ഡ് മുന്നേറ്റത്തെ റാവു മൊത്തമായി വിലക്കെടുത്ത ചരിത്രം ആര്‍ക്കും മറക്കാനാവില്ലല്ലോ. നിര്‍ണായകഘട്ടത്തില്‍ ഷിബുസോറന്‍ റാവു മന്ത്രിസഭയെ പിന്തുണച്ച് കോണ്‍ഗ്രസിനെ അധികാരത്തില്‍ ഉറപ്പിച്ചുനിര്‍ത്തി. അതിനെക്കാള്‍ നിര്‍ണായകമായ ഒരു പ്രതിസന്ധി ഘട്ടത്തെയാണ് ബാബരി ധ്വംസനകാലത്ത് കോണ്‍ഗ്രസ് അഭിമുഖീകരിച്ചത്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയത്തിലൊരു പ്രബല കക്ഷിയല്ലെങ്കിലും മുസ്‌ലിംലീഗിന്റെ പിന്തുണ കോണ്‍ഗ്രസിന് വളരെ വിലപ്പെട്ടതായിരുന്നു. കേരളത്തിലാണെങ്കില്‍, '67ലെ വന്‍ തകര്‍ച്ചയില്‍നിന്ന് കോണ്‍ഗ്രസിനെ കൈപിടിച്ച് കരകയറ്റി ഐക്യജനാധിപത്യകക്ഷിയുടെ നേതാവാക്കി പുതുജീവന്‍ നല്‍കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് മുസ്‌ലിംലീഗാണ്. ബാബരിധ്വംസനം നടക്കുന്ന വേളയിലും അതിനുമുമ്പ് ജനലക്ഷങ്ങളെ അയോധ്യയിലേക്കാനയിച്ച് സംഘ്പരിവാര്‍ ശക്തി സംഭരിക്കുന്ന സന്ദര്‍ഭത്തിലും ബാബരിധ്വംസനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണസംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെട്ട സംഭവങ്ങളിലുമെല്ലാം റാവു അവലംബിച്ച നിരുത്തരവാദപരമായ സമീപനം യാദൃച്ഛികമായിരുന്നില്ല എന്ന വിമര്‍ശം കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കള്‍തന്നെ ഉന്നയിച്ചു. ഈ ഘട്ടത്തിലാണ് റാവുവിനെ നിരുപാധികം പിന്തുണക്കാന്‍ ലീഗ് തയാറായത്.

അന്നേവരെ കോണ്‍ഗ്രസ്ബന്ധത്തില്‍ മുസ്‌ലിംലീഗ് സ്വീകരിച്ച മാനദണ്ഡങ്ങളെ മറികടക്കുന്ന ഒന്നായിരുന്നു ഈ പിന്തുണ. അതുകൊണ്ടാണ് അഖിലേന്ത്യാ അധ്യക്ഷനത് മനസ്സിലാവാതിരുന്നത്. സേട്ടിനെ ബോധ്യപ്പെടുത്തുന്നതില്‍ ലീഗ് പരാജയപ്പെട്ടെങ്കിലും മലപ്പുറത്തെ മുസ്‌ലിംകള്‍ കോണ്‍ഗ്രസ്ബന്ധത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ലീഗ് വിജയിച്ചു. കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിന്റെ പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനം കേരളത്തിലെ മുസ്‌ലിംസമുദായത്തിന് അതുകൊണ്ടുണ്ടാവുന്ന കാര്യലാഭമാണ് എന്ന കാഴ്ചപ്പാടിനോട് യോജിക്കാന്‍, ഇന്ത്യന്‍മുസ്‌ലിംകളുടെ ജ്വലിക്കുന്ന ശബ്ദമെന്നൊക്കെ ലീഗുകാര്‍ തന്നെ ഒരു കാലത്ത് വിശേഷിപ്പിച്ച സേട്ടിന് സാധ്യമാവില്ല എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ദേശീയാടിസ്ഥാനത്തില്‍ ലീഗ് പൂര്‍വാധികം ദുര്‍ബലമായെങ്കിലും കേരളത്തിലെ മത പണ്ഡിതസമൂഹത്തിന്റെ പിന്തുണ നേടാന്‍ ലീഗിന് സാധിച്ചുവെന്നതാണ് പിന്നീടുണ്ടായ ലീഗിന്റെ രാഷ്ട്രീയവിജയങ്ങളുടെയെല്ലാം മുഖ്യകാരണം. രാഷ്ട്രീയ തല്‍പരരല്ലാത്ത മുസ്‌ലിം സംഘടനകള്‍ ലീഗിന്റെ അധികാരബന്ധങ്ങള്‍ കൊണ്ട് അവരുടെ വിവിധ മത -ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടാവണം. ഇതിന്റെ ഗുണഫലങ്ങളെ ആരും തള്ളിപ്പറയില്ല. അന്ന് ലീഗിന്റെ അധ്യക്ഷസ്ഥാനത്തിരുന്ന ശിഹാബ്തങ്ങളില്‍ പണ്ഡിതര്‍ക്കുണ്ടായിരുന്ന വിശ്വാസ്യത കാരണം ലീഗ് -കോണ്‍ഗ്രസ് ബന്ധത്തിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തുകളെക്കുറിച്ചാലോചിച്ച് തലപുണ്ണാക്കാനൊന്നും ആരും മെനക്കെട്ടില്ല. ശിഹാബ്തങ്ങളുടെ സ്ഥാനത്തിപ്പോഴിരിക്കുന്നത് ഹൈദരലി ശിഹാബ് തങ്ങളാണ്. മുഹമ്മദലി ശിഹാബ്തങ്ങളുടെ വിശ്വാസ്യത ഹൈദരലിതങ്ങള്‍ക്കില്ല എന്നല്ല. ലീഗിനെ പിന്തുണച്ചുവരുന്ന മതപണ്ഡിതര്‍ക്ക് തങ്ങന്മാരിലുള്ള വിശ്വാസ്യതക്കുമപ്പുറത്താണിപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. മതപണ്ഡിതരാണ് കേരളത്തില്‍ മുസ്‌ലിംലീഗിന് ജന്മം നല്‍കിയത് എന്നത് ചരിത്ര വസ്തുതയാണെങ്കിലും ഇന്നതിന് മുസ്‌ലിംലീഗ് പോലും വലിയ പ്രസക്തി കല്‍പിക്കുന്നില്ല.

ലീഗിന്റെ കണക്കുപുസ്തകത്തില്‍ വിവിധ മുസ്‌ലിം സംഘടനകളുണ്ടാക്കിയ ലാഭത്തിന്റെ കണക്കുകള്‍ മാത്രമേ എഴുതിവെച്ചിട്ടുണ്ടാവുകയുള്ളൂ. കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്താത്തതൊക്കെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഈ ലാഭക്കച്ചവടത്തില്‍ മുസ്‌ലിംസമുദായത്തിന്റെ നഷ്ടങ്ങളെത്രയെന്ന് പണമൂല്യത്തോടോ അധികാരബലത്തോടോ തുലനം ചെയ്തുകൊണ്ട് പറയാനാവില്ല.

എന്തൊക്കെ പറഞ്ഞാലും ചെയ്താലും ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ ഇനി ഇടിവൊന്നും സംഭവിക്കാന്‍ പോവുന്നില്ല. പണവും അധികാരവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് മറ്റെന്തിനെക്കാളും മൂല്യവത്താണ്. വിത്തപ്രഭുത്വത്തിന്റെ ഈ സുവര്‍ണകാലത്ത് ഇരുകൂട്ടരും പരസ്‌പരം പിന്തുണച്ചുകൊണ്ട് നീണാള്‍ വാഴാനാഗ്രഹിക്കുക. പണത്തിനുമേല്‍ പരുന്തും പറക്കില്ല എന്നത് ഇന്നൊരു പഴമൊഴിയല്ല; യാഥാര്‍ഥ്യം തന്നെയാണ്. പക്ഷേ, വി.എസ്. അച്യുതാനന്ദന്‍ പറക്കും. അതാണിപ്പോള്‍ ലീഗ് നേതൃത്വത്തെ അലട്ടുന്ന ഒരേയൊരു പ്രശ്‌നം. മുസ്‌ലിം-ലീഗ് ബന്ധത്തിന്റെ കണക്കുപുസ്തകത്തില്‍ കാലം ഇനിയെന്തെല്ലാം കൂട്ടിച്ചേര്‍ക്കുമെന്ന കാര്യം കണ്ടുതന്നെ അറിയണം.


സി.കെ. അബ്ദുല്‍അസീസ്

Google+ Followers

Blogger templates

.

ജാലകം

.