ദയാവധത്തിന് അനുമതി?

കഴിഞ്ഞ 37 വര്‍ഷമായി മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ ക്രൂരമായ ലൈംഗികാക്രമണത്തിനിരയായി പ്രജ്ഞയറ്റ്, മസ്തിഷ്‌ക മരണം സംഭവിച്ച്, കൃത്രിമ ഭക്ഷണത്തിന്റെ ബലത്തില്‍ മാത്രം ജീവിക്കുന്ന അരുണ ഷാന്‍ബാഗിന് മരിക്കാന്‍ അനുമതി നല്‍കാമോ? അവരുടെ കൂട്ടുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ പിങ്കി വിരാനി സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധിക്കായി കാത്തിരുന്നെങ്കിലും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, ജ്ഞാന്‍ സുധാ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് ഒടുവില്‍ വിധിച്ചിരിക്കുന്നത് പാടില്ല എന്നാണ്. ഇന്ത്യയില്‍ ദയാവധം നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 21ാം വകുപ്പ് ജീവിക്കാനുള്ള അവകാശം ഊന്നിപ്പറയുന്നതാണ്. ചില പ്രത്യേക കുറ്റങ്ങള്‍ക്കുള്ള ശിക്ഷയായിട്ടല്ലാതെ ഒരാളുടെയും ജീവനെടുക്കാന്‍ സര്‍ക്കാറിനോ മറ്റാര്‍ക്കെങ്കിലുമോ അവകാശമില്ല. വിഷം കുത്തിവെച്ചോ മറ്റേതെങ്കിലും മാരക പദാര്‍ഥങ്ങളുടെ പ്രയോഗം വഴിയോ ദയാവധം നടത്തുന്നത് തീര്‍ത്തും നിയമവിരുദ്ധമായി വിധിയെഴുതിയിട്ടുണ്ട് സുപ്രീംകോടതി.
എന്നാല്‍, 'പാസീവ് യൂഥാനേസ്യ' എന്ന പേരില്‍ അറിയപ്പെടുന്ന ദയാവധം ഏതെങ്കിലും പരിതഃസ്ഥിതിയില്‍ അനുവദിക്കാമോ? ഇക്കാര്യത്തില്‍ സോപാധികമായ അനുമതി ബന്ധപ്പെട്ട ഹൈകോടതിക്ക് നല്‍കാമെന്നാണ് പരമോന്നത കോടതിയുടെ വിധി. മൂന്നു വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ച് രോഗിക്ക് മരണമാണ് ഏക രക്ഷാമാര്‍ഗമെന്ന് തീരുമാനിക്കണം. ആ തീരുമാനത്തെ മതിയായ ആലോചനക്കുശേഷം സര്‍ക്കാറും അനുകൂലിക്കണം. എന്നിട്ട് ഉറ്റബന്ധുക്കള്‍ കോടതിയോടാവശ്യപ്പെട്ടാല്‍ രോഗിയെ മരിക്കാന്‍ കോടതിക്ക് അനുവദിക്കാം. ജീവന്‍ മാത്രം നിലനിര്‍ത്താനുതകുന്ന കൃത്രിമമാര്‍ഗങ്ങള്‍ പിന്‍വലിച്ച് രോഗിയെ സ്വാഭാവിക മരണത്തിന് വിടുക എന്നതാണ് സാമാന്യമായി ദയാവധം. ഇതുസംബന്ധിച്ച് നിയമനിര്‍മാണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് കോടതി ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. മുമ്പും ചിലരൊക്കെ ദയാവധത്തിന് അനുമതി തേടി കോടതികളെ സമീപിക്കുകയുണ്ടായിട്ടുണ്ട്. മുന്‍ ചെസ് ചാമ്പ്യനായ വെങ്കിടേഷിന് മസ്തിഷ്‌ക മരണം സംഭവിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അവയവങ്ങളെടുത്ത് ദാനംചെയ്യാന്‍ 2004ല്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് ആന്ധ്ര ഹൈകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ കോടതി നിരസിക്കുകയാണ് ചെയ്തത്. പ്രത്യക്ഷത്തില്‍ ന്യായവും മാനുഷികവുമായ ആവശ്യമെന്ന് തോന്നാമെങ്കിലും വളരെയേറെ ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നതാണ് ദയാവധം വ്യാപകമായി എതിര്‍ക്കപ്പെടാന്‍ കാരണം. ജീവന്‍ സ്രഷ്ടാവിന്റെ വരദാനമാണ്, അതെടുത്തുകളയാനുള്ള അധികാരവും അവന് മാത്രമാണ് എന്ന മതതത്ത്വത്തില്‍ വിശ്വസിക്കാത്തവരും ദുര്‍വിനിയോഗസാധ്യതയാണ് ദയാവധം അനുവദിക്കുന്നതിന് തടസ്സമായി കാണുന്നത്. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് തള്ളുന്നവരും സ്വഗൃഹങ്ങളില്‍ തന്നെയായാലും തിരിഞ്ഞുനോക്കാത്തവരുമായ തലമുറകളാണ് ഇന്ന് ലോകമൊട്ടുക്കും. ഇത്തരക്കാര്‍ ദയാവധത്തിനുള്ള അനുമതി, ശല്യം ഒഴിവാക്കാനുള്ള ഒന്നാംതരം അവസരമായിക്കാണും എന്ന് ന്യായമായി ഭയപ്പെടണം. വിദഗ്ധ ഡോക്ടറുടെ അഭിപ്രായമാരായണമെന്ന് നിഷ്‌കര്‍ഷിച്ചാലും പണത്തിനുവേണ്ടി മനുഷ്യത്വരഹിതമായി 'വിദഗ്ധാഭിപ്രായം' രേഖപ്പെടുത്താന്‍ തയാറുള്ള വൈദ്യവിശാരദന്മാരും ഇന്ന് അപൂര്‍വമല്ല. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ സമ്പന്നര്‍ കൂടിയാണെങ്കില്‍ അനന്തര സ്വത്തിന്റെ ദ്രുതലഭ്യത മോഹിച്ച് അറ്റകൈ പ്രയോഗിക്കുന്നവരും ഇന്നത്തെ സമൂഹത്തില്‍ ഇല്ലെന്ന് പറയാനാവില്ല. ചുരുക്കത്തില്‍, ദയാവധത്തിന് അനുകൂലമായി നിയമനിര്‍മാണമോ കോടതി വിധിയോ ഉണ്ടാവുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വ്യാപകമായും സൂക്ഷ്മമായും ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. ജസ്റ്റിസ് കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കാര സമിതി സമര്‍പ്പിച്ച ഒട്ടേറെ നിര്‍ദേശങ്ങളില്‍ ഇതും ഉള്‍പ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അതിന് ധൈര്യപ്പെട്ടിട്ടില്ല. ലോകത്ത് ഹോളണ്ട് ഒഴിച്ച് ഒരു രാജ്യവും ദയാവധം അനുവദിച്ചിട്ടില്ലെന്നാണറിവ്.അല്ലെങ്കിലും ദയാവധത്തിന് അപേക്ഷിക്കുന്നവര്‍ക്ക് അതിനുള്ള അവകാശവും ചോദ്യം ചെയ്യപ്പെടാവുന്നതാണ്. മസ്തിഷ്‌ക മരണം സംഭവിച്ച രോഗി ഏതായാലും തന്റെ മരണത്തിന് അപേക്ഷിക്കുന്ന പ്രശ്‌നം ഉദ്ഭവിക്കുന്നില്ല. അപേക്ഷിക്കണമെങ്കില്‍ സ്വബോധമോ ആലോചനാശക്തിയോ വേണമല്ലോ. അത്തരം രോഗികള്‍ക്കുവേണ്ടി മറ്റുള്ളവരാണ് ദയാവധത്തിന് അപേക്ഷിക്കുന്നത്. അവര്‍ക്കതിനുള്ള അവകാശം എന്ത്, എത്രത്തോളം എന്നീ ചോദ്യങ്ങള്‍ തികച്ചും പ്രസക്തമാണ്. യാതനയും വേദനയും അനുഭവിക്കുന്ന മനുഷ്യാത്മാക്കളുടെ ദുരിതം പരമാവധി ലഘൂകരിക്കാന്‍ ആധുനിക ശാസ്ത്രം ഒട്ടേറെ വഴികള്‍ കണ്ടെത്തിയിരിക്കേ അവ പ്രയോജനപ്പെടുത്തി സാന്ത്വനധര്‍മം നിറവേറ്റുകയല്ലാതെ വധം ഒന്നിനും പരിഹാരമല്ലെന്നേ നേരേചൊവ്വേ ചിന്തിക്കുന്നവര്‍ക്ക് പറയാനാവൂ.

മാധ്യമം

1 അഭിപ്രായ(ങ്ങള്‍):

  • ALVARO says:
    2011, മാർച്ച് 18 3:52 AM

    Hi, Excellent blog. I follow it with great interest. I am an educator and I am constantly gathering information, I invite you to visit my blog about philosophy, literature and film. If you want to know, the address is:

    http://alvarogomezcastro.over-blog.es

    Greetings from Santa Marta, Colombia.

Google+ Followers

Blogger templates

.

ജാലകം

.