മുങ്ങിപ്പോയ ഒരു സൗഹൃദത്തിന്റെ ഓര്‍മക്ക്

മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നത്തേതുപോലുള്ള ഒരു നോമ്പുകാലം, മഴ തിമിര്‍ത്തു പെയ്യുന്ന ജൂലൈ 15. ഇരുവഴിഞ്ഞി കരകവിഞ്ഞൊഴുകി വീട്ടിന്‍െറ മുന്നിലെ പാടത്ത് വെള്ളം നിറഞ്ഞുതുടങ്ങി. ഞങ്ങള്‍ ചേന്ദമംഗലൂരുകാര്‍ക്ക് ആഹ്ളാദംപകരുന്ന കാഴ്ച. രാവിലെ ഏകദേശം എട്ടര-ഒമ്പതു മണിയായിട്ടുണ്ടാവും. ഞാന്‍ പുരയിടത്തിന്‍െറ മുകളിലെ കണ്ടത്തിലെവിടെയോ കയറിപ്പോയ നേരത്ത് ഉമ്മയുടെ വിളിവന്നു. തെയ്യത്തുംകടവത്ത് കടത്തുതോണി മറിഞ്ഞ് പലരും പുഴയിലാണ്ടുപോയിരിക്കുന്നുവെന്ന്. പിന്നെ ശ്വാസംവിടാതെ ഒരു നെട്ടോട്ടമാണ്. കടവിലത്തെുന്നതിനു മുമ്പേ ഒരുകൂട്ടമാളുകള്‍ ഏത്തകല്ലിങ്കല്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് ഇരമ്പിപ്പായുന്നത് കണ്ടു. ഞാനും ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു. പുഴവക്കത്തത്തെിയപ്പോള്‍ സ്നേഹിതന്‍ ഇ.പി. അബ്ദുവുണ്ട് വിഷാദഭാവത്തില്‍ നില്‍ക്കുന്നു. ‘അക്കരെ കൊടിയത്തൂരില്‍നിന്ന് പുറപ്പെട്ട, കണക്കിലധികം ആളെ കയറ്റിയ കടത്തുതോണി അതിശക്തമായ ഒഴുക്കില്‍ മറിഞ്ഞതാണ്. അധികപേരും കരപറ്റിയെങ്കിലും ബി.പി. മൊയ്തീനെയും ഉള്ളാട്ടില്‍ ഉസ്സനെയും കോയസ്സന്‍ മാസ്റ്ററുടെ മകന്‍ അംജദിനെയും കാണാനില്ല’. അപ്പോഴേക്ക് സമയം അര മണിക്കൂറിലധികം കഴിഞ്ഞിരുന്നു. മറുകരയിലെ ആള്‍ക്കൂട്ടം ആ ഭാഗത്ത് കരപറ്റിയിട്ടില്ളെന്ന് സാക്ഷ്യപ്പെടുത്തിയതോടെ മൂന്നു പേരെയും ജീവനോടെ കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചിരുന്നു. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനൊടുവില്‍ കൈകാലുകള്‍ തളര്‍ന്നതാണ് മൊയ്തീന്‍ മുങ്ങിപ്പോവാന്‍ കാരണമെന്ന് അബ്ദു പറഞ്ഞു. വൈകി ഫയര്‍സര്‍വീസുകാര്‍ എത്തിയെങ്കിലും അവര്‍ക്ക് വിശേഷിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവരെക്കാള്‍ സമര്‍ഥരായ നാട്ടിലെ യുവാക്കള്‍ തോണിയിലും പുഴയിലുമായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടും കനത്ത അടിയൊഴുക്കില്‍ ഒഴുക്കിപ്പോയിരിക്കാനിടയുള്ള ശരീരങ്ങളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെയും വൈകുന്നേരവുമായി മൊയ്തീന്‍െറയും ഉസ്സന്‍െറയും മൃതദേഹങ്ങള്‍ കിട്ടി. ഇരുവഴിഞ്ഞി ചാലിയാറുമായി ചേരുന്ന കൂളിമാടിനടുത്തായിരുന്നു തോണിക്കാര്‍ അവരെ കണ്ടത്തെിയത്. മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷവും മൊയ്തീന്‍െറ അപ്രതീക്ഷിത തിരോധാനം വിഷാദസ്മരണകള്‍ ഉയര്‍ത്താന്‍ കാരണം എന്‍േറതില്‍നിന്ന് തീര്‍ത്തും ഭിന്നമായ പാതയില്‍ ചലിച്ച ബഹുമുഖ വ്യക്തിത്വത്തിന്‍െറ ഉടമയായ ആ സുഹൃത്തിന്‍െറ സ്നേഹപൂര്‍വമായ പെരുമാറ്റവും അമ്പരപ്പിക്കുന്ന ഇടപെടലുകളുമാണ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മൊയ്തീനെ കാണുന്നതും കേള്‍ക്കുന്നതും ഉള്‍നാടന്‍ ഫുട്ബാള്‍ മൈതാനികളിലാണ്. പ്രാദേശിക ടൂര്‍ണമെന്‍റുകളില്‍ ഒന്നുകില്‍ കളിക്കുന്ന ടീം മാനേജറായി മൊയ്തീന്‍ വരും, അല്ളെങ്കില്‍ റണ്ണിങ് കമന്‍േററ്ററായി. അക്കാലത്ത് സുലഭമല്ലാത്ത കാമറകള്‍ ഉപയോഗിച്ച് പുഴയിലൂടെ സഞ്ചരിച്ച് പടമെടുക്കുന്ന മൊയ്തീനെ പുഴക്കടവുകളില്‍ നീന്തിക്കളിക്കുന്ന നാളുകളിലും കണ്ടിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍െറ മുഖചിത്രങ്ങള്‍ ചിലപ്പോള്‍ മൊയ്തീന്‍െറ വകയായിരുന്നു. ഞങ്ങള്‍തമ്മില്‍ അടുത്ത സൗഹൃദം നാമ്പെടുത്തത് എപ്പോഴാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. വിദ്യാര്‍ഥി ജീവിതത്തിലൊരിക്കല്‍, മുക്കം ടൗണില്‍ പരേതനായ എം.കെ. ആലിയും കൂട്ടുകാരും സംഘടിപ്പിച്ച ‘സ്വതന്ത്ര ചിന്ത’ സെമിനാറില്‍ ഞാനും കൂട്ടുകാരും പ്രേക്ഷകരായി പങ്കെടുത്തു. യുക്തിവാദി ചിന്തകനായി ഇപ്പോഴും രംഗത്തുള്ള യു. കലാനാഥനാണ് വിഷയാവതാരകന്‍. ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ട വിഷയാവതരണത്തില്‍ ദൈവത്തെയും മതത്തെയും കടന്നാക്രമിച്ച കലാനാഥന്‍ ശാസ്ത്രത്തിന്‍െറ അപ്രമാദിത്വമാണ് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. തുടര്‍ന്ന്, സാമാജികരിലാര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന അറിയിപ്പുണ്ടായി. രണ്ടുംകല്‍പിച്ച് ഞാന്‍ വേദിയിലത്തെി. അനുവദിക്കപ്പെട്ട 20 മിനിറ്റ് സമയപരിധിയില്‍ സാമാന്യം ശക്തമായ പ്രത്യാക്രമണം ഞാനും നടത്തി. സദസ്സിലെ ഭൂരിപക്ഷവും വിശ്വാസികളായിരുന്നതുകൊണ്ടാവാം നിലക്കാത്ത കൈയടിയും എനിക്ക് കിട്ടി. ആവേശഭരിതരായ പലരും പിന്നെ വേദിയിലേക്ക് തള്ളിക്കയറി. ഒടുവില്‍ അശാന്തമായ അന്തരീക്ഷത്തില്‍ സെമിനാര്‍ അവസാനിപ്പിക്കേണ്ടിവന്നു എന്നാണോര്‍മ. സെമിനാര്‍ നടന്ന സിനിമ ാ തിയറ്ററില്‍നിന്ന് പുറത്ത് കടന്നപ്പോള്‍ ബി.പി. മൊയ്തീന്‍ പുറത്ത് നില്‍ക്കുന്നു. അദ്ദേഹം സെമിനാര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയത് അപ്പോഴാണ്. ‘എന്തേ, താങ്കള്‍ പങ്കെടുത്ത് കണ്ടില്ല’- ഞാന്‍ ചോദിച്ചപ്പോള്‍ മൊയ്തീന്‍െറ മറുപടി-‘വെറും മണ്ടത്തരം! ദൈവത്തിലും മതത്തിലുമൊക്കെ വിശ്വസിക്കുന്നവരെ പാട്ടിന് വിടുകയല്ലാതെ അവരുടെ മനംമാറ്റത്തിന് ശ്രമിക്കുന്നത് വെറുതെയാണ്.’ മൊയ്തീന്‍ ജീവിതാവസാനം വരെ തുടര്‍ന്ന നയവുമിതായിരുന്നു. സ്വയം വിശ്വാസിയായിരുന്നില്ളെങ്കിലും വിശ്വാസത്തിനെതിരെ യുദ്ധംപ്രഖ്യാപിക്കാനോ മതേതരത്വത്തിന്‍െറ പോരാളിവേഷം കെട്ടാനോ അദ്ദേഹം മിനക്കെട്ടില്ല. വിശ്വാസികളിലും അവിശ്വാസികളിലും ഒരുപോലെ അദ്ദേഹത്തിന് സുഹൃത്തുക്കളുമുണ്ടായിരുന്നു. ഞാനും ജ്യേഷ്ഠന്‍ അബ്ദുല്ലയും ‘പ്രബോധന’ത്തില്‍ പ്രവര്‍ത്തിക്കെ, ഒരു ദിവസം പൊടുന്നനെ മൊയ്തീന്‍െറ ഫോണ്‍ വന്നു: ‘നിങ്ങള്‍ക്ക് ചേന്ദമംഗലൂരില്‍ പത്മശ്രീ ഡോ. മോഡിയുടെ നേത്രശസ്ത്രക്രിയാ ക്യാമ്പ് വേണോ?’ അമ്പരപ്പിക്കുന്നതായിരുന്നു ചോദ്യം. അക്കാലത്ത് രാജ്യത്തെ ഏറ്റവും വലിയ നേത്രശസ്ത്രക്രിയാ വിദഗ്ധനായിരുന്ന മോഡി കോഴിക്കോട്ട് വന്നതുതന്നെ ഉന്നതരുടെ ശക്തമായ സമ്മര്‍ദവും ഇടപെടലും മൂലമാണ്. മണിക്കൂറില്‍ നൂറുകണക്കില്‍ നേത്രരോഗികളുടെ ശസ്ത്രക്രിയ അനായാസം നടത്തുന്നതിലാണ് അദ്ദേഹത്തിന്‍െറ മിടുക്ക്. അദ്ദേഹം ചേന്ദമംഗലൂര്‍ പോലുള്ള കുഗ്രാമത്തിലേക്ക് എങ്ങനെ വരാന്‍? ഞങ്ങള്‍ വിശ്വസിക്കാനാവാതെ മൊയ്തീനോട് സംശയം പങ്കുവെച്ചപ്പോള്‍ പ്രതികരണം ഇങ്ങനെ: ‘അതൊന്നും നിങ്ങളറിയണ്ട. നാളേക്ക് രോഗികളെ സംഘടിപ്പിക്കാനും സൗകര്യങ്ങളൊരുക്കാനും നിങ്ങള്‍ക്കാവുമെങ്കില്‍ മോഡി രാവിലെ പത്തു മണിക്ക് ചേന്ദമംഗലൂരിലത്തെിയിരിക്കും!’ ഞങ്ങള്‍ ഏറ്റു. ഉടനെ നാട്ടിലത്തെി കൂട്ടുകാരെ വിളിച്ചുവരുത്തി വിഷയം അവരുടെ മുമ്പാകെ അവതരിപ്പിച്ചു. മൈക്ക് അനൗണ്‍സ്മെന്‍റും ബോര്‍ഡെഴുത്തും ഹാള്‍ സജ്ജീകരണവുമെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ കഴിഞ്ഞു. പിറ്റേന്ന് രാവിലെ 10 മണിക്ക് ബി.പി. മൊയ്തീന്‍ സാക്ഷാല്‍ ഡോ. മോഡിയും സംഘവുമായി ചേന്ദമംഗലൂരില്‍! രോഗികളെ മോഡി പരിശോധിച്ച് ആവശ്യമായവര്‍ക്ക് സര്‍ജറിയും നടത്തി. എന്താണ് സംഭവമെന്നു വെച്ചാല്‍, മൊയ്തീന്‍ ഇക്കാര്യം മുക്കത്തുകാരെ അറിയിച്ചപ്പോള്‍ അവരത് മൊയ്തീന്‍െറ നമ്പറുകളിലൊന്നായി പരിഹസിച്ചുതള്ളിയതിന്‍െറ പ്രതികാരം തീര്‍ത്തതായിരുന്നു അദ്ദേഹം. പില്‍കാലത്ത് കൊടിയത്തൂരിലെ വലിയ തടായിക്കുന്നില്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്‍െറ മകളോടൊപ്പം വന്ന് കാന്‍സര്‍ സെന്‍റര്‍ സ്ഥാപിക്കാനൊരുങ്ങിയ ചരിത്രവും മൊയ്തീനുണ്ട്. മുക്കത്തെ പ്രമാണിയും ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു മൊയ്തീന്‍റ പിതാവ് ബി.പി. ഉണ്ണിമോയന്‍. മകന്‍െറ ജീവിതശൈലി ഇഷ്ടപ്പെടാതിരുന്ന പിതാവും പുത്രനും തമ്മിലെ ബന്ധം മിക്കപ്പോഴും അസ്വാരസ്യത്തിന്‍േറതായിരുന്നു. ഒരുവേള ബന്ധം വഷളായപ്പോള്‍ മകന്‍െറ കഥകഴിക്കാന്‍പോലും ബാപ്പ ഉദ്യുക്തനായി. കുത്തേറ്റ് ആശുപത്രിയില്‍ കിടന്നപ്പോഴും പക്ഷേ, മൊയ്തീന്‍ ബാപ്പക്കെതിരെ മൊഴിനല്‍കിയില്ല. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഒരു സായാഹ്നത്തില്‍ തീര്‍ത്തും വിചിത്രമായ ഒരാവശ്യവുമായി മൊയ്തീന്‍ ഞങ്ങളെ വന്നുകണ്ടു. മുസ്ലിംലീഗും എം.ഇ.എസും തമ്മിലെ ഭിന്നത മൂര്‍ച്ഛിക്കുകയും എം.ഇ.എസ് പ്രതിരോധത്തിന് നിര്‍ബന്ധിതമാവുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. ‘സുല്‍ത്താന് ഒരു മോഹം. മുക്കത്ത് എം.ഇ.എസ് നേതാക്കള്‍ക്ക് ഒരു സ്വീകരണം സംഘടിപ്പിക്കണമെന്ന്. പക്ഷേ, സുല്‍ത്താന് ആളെകൂട്ടാന്‍ വയ്യ. മുക്കത്തുകാര്‍ പൂര്‍ണമായി ബഹിഷ്കരിക്കുമെന്നും ഉറപ്പ്. എന്നെ വിളിച്ച് കാര്യം പറഞ്ഞു. സംഗതി എന്തായാലും സുല്‍ത്താന്‍െറ ഒരാവശ്യമല്ളേ? ഞാന്‍ സമ്മതംമൂളി. നിങ്ങളൊന്ന് ഇക്കാര്യത്തില്‍ എന്നെ സഹായിക്കണം.’ ഞങ്ങള്‍ വിചാരിച്ചാല്‍ ചേന്ദമംഗലൂരുകാരെ സംഘടിപ്പിച്ചു കൊടുക്കാന്‍ കഴിയുമെന്ന വിശ്വാസമായിരുന്നു മൊയ്തീന്(ബാപ്പയെ സുല്‍ത്താന്‍ എന്നാണ് മൊയ്തീന്‍ വിളിക്കുക). ‘വാഹനം അയച്ചുതന്നാല്‍ ആളെ എത്തിക്കുന്ന പണി ഞങ്ങളേറ്റു.’ ജ്യേഷ്ഠനും ഞാനും ഉറപ്പുനല്‍കി. ഇമ്മാതിരി എല്ലാ കുസൃതിക്കും കൂട്ടുനില്‍ക്കുന്ന സഗീര്‍ മൗലവിയിലായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പ്രതീക്ഷ തെറ്റിയില്ല.സഗീര്‍ മൗലവിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ രംഗത്തിറങ്ങി. ചെറുപ്പക്കാര്‍ യഥേഷ്ടം! നിശ്ചിതദിവസം വൈകീട്ട് മൊയ്തീന്‍ ഏര്‍പ്പാട് ചെയ്ത ട്രക്ക് ചേന്ദമംഗലൂരിലത്തെി. യുവാക്കള്‍ തിക്കിത്തിരക്കി ലോറിയില്‍ കയറിപ്പറ്റി. മുക്കത്തുനിന്ന് ഒരു കിലോമീറ്റര്‍ ഇപ്പുറത്തെ അഗസ്റ്റ്യന്‍മുഴിയിലത്തെിയപ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ആനക്കുട്ടിയുമായി മൊയ്തീന്‍. ഞങ്ങളിറങ്ങിയപ്പോഴേക്ക് ഡോ. പി.കെ. അബ്ദുല്‍ഗഫൂറിന്‍െറ നേതൃത്വത്തില്‍ എം.ഇ.എസ് നേതാക്കളുമത്തെി. തുടര്‍ന്ന് ഗംഭീരമായ ഘോഷയാത്ര. സഗീര്‍ മൗലവിയും എം.ഇ.എസ് നേതാക്കളും മൊയ്തീനും മുന്നില്‍. മുക്കത്തെ ചന്തസ്ഥലത്ത് സ്വീകരണ പൊതുയോഗം. തന്‍െറ പിതാവ് പണ്ടേ കോണ്‍ഗ്രസുകാരനും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍െറ അനുയായിയുമാണെന്ന് ഓര്‍മിപ്പിച്ച മൊയ്തീന്‍ അധ്യക്ഷസ്ഥാനത്തിരുന്ന സുല്‍ത്താനെ നന്നായി സുഖിപ്പിക്കാന്‍ മറന്നില്ല. മുസ്ലിംലീഗിനെ കടന്നാക്രമിച്ചുകൊണ്ട് അഡ്വ. പി.എ. മുഹമ്മദ് ആലി ചെയ്ത പ്രസംഗം സദസ്സ് നന്നായി ആസ്വദിക്കുകയും ചെയ്തു. മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ഒരു ബസ് യാത്രയില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നത്.അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ചയും. അന്നദ്ദേഹം തന്‍െറ നാട്ടിലെ അനാഥശാല കമ്മിറ്റിയുടെ അരുതായ്മകളെക്കുറിച്ച് ഏറെ രോഷാകുലനായിരുന്നു. ചില വ്യക്തികളുടെ വഴിവിട്ട നടപടികളുടെ പേരില്‍ മഹത്തായ ഒരു സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമം ശരിയല്ളെന്ന് ഞാന്‍ വാദിച്ചുനോക്കി. പക്ഷേ, അര്‍ഹതയില്ലാത്തത് അതിജീവിക്കരുതെന്ന ശാഠ്യമായിരുന്നു മൊയ്തീന്. സിനിമാരംഗത്തും ഒരു കൈനോക്കാന്‍ അദ്ദേഹം താല്‍പര്യമെടുക്കാതെയല്ല. ‘കറുത്തകൈ’ എന്ന പേരില്‍ അദ്ദേഹം നിര്‍മിക്കാന്‍ തുടങ്ങിയ പടം പണമില്ലാത്തതിനാല്‍ മുടങ്ങുകയായിരുന്നു എന്നാണോര്‍മ. പത്രപ്രവര്‍ത്തകനായും ഇടക്കാലത്ത് മൊയ്തീന്‍ പരീക്ഷണത്തിനിറങ്ങി. അതിലദ്ദേഹം പരാജയമായിരുന്നുമില്ല. പക്ഷേ, ഒരുരംഗത്തും ഉറച്ചുനില്‍ക്കുക അദ്ദേഹത്തിന്‍െറ പ്രകൃതിയായിരുന്നില്ലല്ളോ. ഒ. അബ്ദുറഹ്മാന്‍ ഗ്രൂപ് എഡിറ്റര്‍, മാധ്യമം

Google+ Followers

Blogger templates

.

ജാലകം

.