ഇന്ത്യാവിഷന് ചെയര്‍മാന്‍ സ്ഥാനം ഉടനെ കൈയൊഴിയാന്‍ സാങ്കേതികമായും നിയമപരമായും എം.കെ. മുനീറിന് തടസ്സങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി സമ്മതിച്ചിരിക്കുന്നു. സാമ്പത്തികമായും സാങ്കേതികമായും നിയമപരമായും ചാനലിന്റെ ബാധ്യതകള്‍ വിശദമാക്കുകയാണ് ഇന്ത്യാവിഷന്‍ സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ലേഖകന്‍
കേരളീയ ബഹുസ്വരസമൂഹത്തിന്റെ വികാര വിചാരങ്ങള്‍ പ്രതിഫലിക്കുന്ന ഒരു മാതൃകാ 'കുടുംബചാനല്‍' എന്ന ഉല്‍കൃഷ്ടലക്ഷ്യത്തോടെയാണ് തൊണ്ണൂറുകളുടെ അവസാനം ഞങ്ങള്‍ 'ഇന്ത്യാവിഷന്‍' (ഇന്ത്യയുടെ ദൃഷ്ടി) വിഭാവനം ചെയ്തത്. ദൗര്‍ഭാഗ്യവശാല്‍, ഞങ്ങളെപ്പോലുള്ള പ്രാരംഭകാല സാരഥികളെക്കൂടി വിശ്വസിച്ച് ചാനലില്‍ ഓഹരിയെടുത്ത മൂവായിരത്തോളം ഓഹരിയുടമകള്‍ക്ക് കണ്ണീരും കയ്പും സമ്മാനിച്ച സംഭവപരമ്പരകളാണ് പില്‍ക്കാലത്ത് ചാനലിലുണ്ടായത്. പത്ത് വര്‍ഷം മുമ്പ് ഓഹരി എടുത്തവര്‍ ലാഭവിഹിതം പോയിട്ട് മുടക്കുമുതലെങ്കിലും കിട്ടുമോ എന്ന ആശങ്കയിലാണ്. പലര്‍ക്കും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് പോലും കിട്ടാത്ത ദുരവസ്ഥ.
ഘട്ടംഘട്ടമായി ചാനലിന്റെ സമ്പൂര്‍ണനിയന്ത്രണം കൈപ്പിടിയിലൊതുക്കിയ എം.കെ. മുനീറിന്റെ ഹ്രസ്വദൃഷ്ടി അത്തരമൊരു മൂല്യാധിഷ്ഠിതസംരംഭത്തിന്റെ പൂര്‍ണവികാസത്തിന് വിഘാതം സൃഷ്ടിച്ചു. മാധ്യമസ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്ത്, രാഷ്ട്രീയ പ്രതിയോഗികളെ വിറപ്പിച്ചുനിറുത്താനും സാമ്പത്തിക തിരിമറികള്‍ നടത്താനുമുതകുന്ന ഒരു ആയുധം മാത്രമായിരുന്നു മുനീറിന്റെ ലക്ഷ്യമെന്ന് തിരിച്ചറിയാന്‍ ഏറെ വൈകിയതാണ്, ചാനല്‍ ആരംഭിക്കാന്‍ മുന്‍നിരയില്‍നിന്ന എന്നെപ്പോലുള്ളവര്‍ക്ക് പറ്റിയ തെറ്റ്.
2000 മെയ് 17നാണ് ഇന്ത്യാവിഷന്‍ കമ്പനി രൂപവത്കൃതമായത്. എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ തുടങ്ങാനായിരുന്നു പ്രഥമ ഡയറക്ടര്‍ബോര്‍ഡ് തീരുമാനം. ഇതിന്റെ മൂലധന സമാഹരണത്തിനായി അന്ന് എം.എല്‍.എയും യൂത്ത്‌ലീഗ് സംസ്ഥാനപ്രസിഡന്റുമായിരുന്ന മുനീറും ഞാനും ഗള്‍ഫ്‌രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ബഹുജന പങ്കാളിത്തത്തില്‍ ഒരു ടി.വി ചാനല്‍ എന്ന ആശയത്തോട് സാധാരണജനങ്ങള്‍ ഉത്സാഹപൂര്‍വം സഹകരിച്ചു. ഏറ്റവും കുറഞ്ഞ നിക്ഷേപമായ പതിനായിരം രൂപ കൈവശമില്ലാത്ത മുറിപ്പട്ടിണിക്കാര്‍പോലും നാലുപേര്‍ ചേര്‍ന്ന് വരെ ഓഹരിയെടുത്തു.
നാട്ടില്‍ തിരിച്ചെത്തി പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാനായി ആഗോള മാനേജ്‌മെന്റ് സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ സമീപിച്ചു. ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമനുസരിച്ച് ഡയറക്ടര്‍ ഇന്‍ചാര്‍ജ് എന്ന നിലയില്‍ ഇന്ത്യാവിഷനെ പ്രതിനിധാനം ചെയ്ത് ഞാന്‍ പലവട്ടം ചെന്നൈ സന്ദര്‍ശിച്ച് പ്രൈസ്‌വാട്ടറുമായി ചര്‍ച്ച നടത്തി. കേരള മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് ജോസഫായിരുന്നു അന്ന് ഇന്ത്യാവിഷന്റെ സി.ഇ.ഒ. പ്രൊജക്ട് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുന്നതിന്റെ മുന്നോടിയായി 2001 മെയ് 23ന് ചെന്നൈയില്‍ നടന്ന ചര്‍ച്ചയില്‍ എനിക്കുപുറമെ ജയിംസ് ജോസഫും സംബന്ധിച്ചു. സാന്ദര്‍ഭികമായി പറയട്ടെ, അതേ ദിവസമാണ് എ.കെ. ആന്റണി മന്ത്രിസഭയില്‍ മുനീര്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. പ്രൊജക്ട് റിപ്പോര്‍ട്ടനുസരിച്ച് 80 കോടി രൂപയായിരുന്നു എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ ആരംഭിക്കാനുള്ള അന്നത്തെ മതിപ്പുചെലവ്.
ഇതിനിടെ, ഏഷ്യാനെറ്റിലായിരുന്ന വിഭാകറിനെ ഒന്നേകാല്‍ ലക്ഷം രൂപ പ്രതിമാസശമ്പളത്തില്‍ സി.ഇ.ഒ ആയി മുനീര്‍ ഏകപക്ഷീയമായി നിയമിച്ചത് ഭിന്നത സൃഷ്ടിച്ചു. മന്ത്രിപദവി ലഭിച്ച മുനീര്‍ തിരുവനന്തപുരത്തേക്ക് മാറിയപ്പോള്‍ മാനേജിംഗ് ഡയറക്ടര്‍ പദവി ഒഴിഞ്ഞ് ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നു. എന്‍. ഗോപാലകൃഷ്ണന്‍ എം.ഡിയായി. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെ, സി.ഒ.ഒ വിഭാകറിന്റെയും റസിഡന്റ് ഡയറക്ടര്‍ ജമാലിന്റെയും ഭാഗത്തുനിന്നുണ്ടായ തെറ്റായ പ്രവണതകള്‍ സ്ഥാപനത്തെ പ്രതിസന്ധിയിലേക്ക് നയിച്ചു. മനംമടുത്ത ജയിംസ് ജോസഫ് ഗത്യന്തരമില്ലാതെ രാജിവെച്ചൊഴിഞ്ഞു. ക്രമരഹിതവും സുതാര്യവുമല്ലാത്ത സാമ്പത്തിക ഇടപാടുകളും പാഴ്‌ചെലവും മൂലം 'വിശ്വാസക്കമ്മി' ബാധിച്ച സ്ഥാപനത്തെ നേര്‍വഴിക്ക് നയിക്കാന്‍ ബാധ്യതയുള്ള ചെയര്‍മാന്‍ വെറും നോക്കുകുത്തിയായി. ധൂര്‍ത്തിനും പാഴ്‌ചെലവിനുമെതിരെ ശബ്ദിച്ചതിന്റെ പേരില്‍ എന്റെ ഇരുകൈകളും പിറകിലേക്ക് വരിഞ്ഞുകെട്ടിയതോടെ എനിക്കും രാജിവെച്ചൊഴിയുകയല്ലാതെ നിവൃത്തിയില്ലാതായി.
ഇന്ത്യാവിഷന് അസ്തിവാരമിട്ടവര്‍ വിട്ടുപോയതോടെ, അതുവരെ നിര്‍വിഘ്‌നം നിക്ഷേപം ഒഴുകിയെത്തിയിരുന്ന സ്ഥാപനം ഒട്ടും നിക്ഷേപ സൗഹൃദമല്ലാതായി. ഇതിനിടെ, നേരത്തെ സമാഹരിച്ച എട്ടുകോടി രൂപയില്‍ നല്ലൊരു പങ്കും ശമ്പളത്തിനും പാഴ്‌ചെലവുകള്‍ക്കുമായി ചോര്‍ന്നുപോയിരുന്നു. എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ തുടങ്ങാനാവശ്യമായ 80 കോടി രൂപ സമാഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തലപ്പത്തിരിക്കുന്നവരുടെ മുഖം രക്ഷിക്കാനായി മുടക്കുമുതല്‍ കുറഞ്ഞ ഒരു വാര്‍ത്താചാനല്‍ തിടുക്കത്തില്‍, തട്ടിക്കൂട്ടുകയായിരുന്നു. മലയാളം പോലുള്ള ഒരു കൊച്ചുഭാഷയില്‍ അന്ന് 24 മണിക്കൂര്‍ വാര്‍ത്താചാനല്‍ മാത്രം ആരംഭിച്ച് ദൃശ്യമാധ്യമ വ്യവസായ രംഗത്ത് ചുവടുറപ്പിക്കുക പ്രയാസകരമാണെന്ന പക്വമതികളുടെ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടു. പ്രക്ഷേപണ ഉപകരണങ്ങളും മറ്റും വാങ്ങാന്‍ ധനശേഷിയില്ലാത്തതിനാല്‍ ദല്‍ഹിയിലെ 'സൂം കമ്യൂണിക്കേഷന്‍സി'ല്‍നിന്ന് പാട്ടത്തിനെടുത്തു. ബുദ്ധിശൂന്യമായ ആ തീരുമാനത്തിന്റെ ഫലമോ? ദല്‍ഹി സ്ഥാപനത്തിന് വര്‍ഷാനുവര്‍ഷം കോടികളുടെ ലാഭവും പാവങ്ങളുടെ ചോരയും നീരും മൂലധനമാക്കി പടുത്തുയര്‍ത്തിയ സ്ഥാപനത്തിന് വന്‍ സാമ്പത്തിക ബാധ്യതയും.
ഒരു ബിസിനസ് സംരംഭമാവുമ്പോള്‍ ലാഭവും നഷ്ടവുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍, മുനീര്‍ ചെയര്‍മാനായ ചാനലിലെ സാമ്പത്തികപ്രതിസന്ധികളുള്‍പ്പെടെ നടത്തിപ്പുകാര്‍ സ്വയം ക്ഷണിച്ചുവരുത്തിയതാണ്. താല്‍ക്കാലിക ശമനത്തിന് കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങിക്കൂട്ടി. പൊതുമരാമത്ത് കരാറുകാരുള്‍പ്പെടെ കണ്ണില്‍ കണ്ടവരില്‍ നിന്നെല്ലാം 'എക്‌സ്‌പ്രസ് വേ' വേഗത്തില്‍ പണം വാങ്ങി. എന്നിട്ടും പ്രതിസന്ധി നീങ്ങിയില്ല. ജീവനക്കാരുടെ ശമ്പളം മാസങ്ങളോളം മുടങ്ങി. ചെക്കുകള്‍ മടങ്ങി. ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട ഘട്ടംവരെ എത്തിയപ്പോള്‍ വ്യാജരേഖ ചമച്ചുപോലും 2003 ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായി സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് മൂന്നുകോടി രൂപ വായ്പയെടുത്തു. മുതലോ പലിശയോ തിരിച്ചടക്കാതിരുന്നതിനാല്‍ കുടിശ്ശിക ഒമ്പതു കോടിയായി. സംഭവം വിവാദമായി. വ്യാജരേഖ ചമച്ചതിന് ചെയര്‍മാനുള്‍പ്പെടെ ചാനല്‍ സാരഥികള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. സ്വന്തം പാര്‍ട്ടി പ്രസിഡന്റിന്റെ മരുമകന് പോലും 40 ലക്ഷത്തിന്റെ വണ്ടിച്ചെക്ക് നല്‍കി ചെയര്‍മാന്‍ മോശം വാര്‍ത്തകള്‍ സൃഷ്ടിച്ചു.
വികസനത്തിനു പകരം, കടംവീട്ടാനും പലിശ കൊടുക്കാനുമാണ് പുതിയ നിക്ഷേപമായി എത്തുന്ന പണം വിനിയോഗിക്കുന്നതെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചതോടെ പുതിയ നിക്ഷേപകര്‍ പിന്മാറി. അങ്ങനെ എട്ടുവര്‍ഷം മുമ്പ് തുടങ്ങിയ സാമ്പത്തികപ്രതിസന്ധി ഇന്നും തുടരുന്നു. ദൃശ്യമാധ്യമ രംഗത്ത് എഡിറ്റോറിയല്‍ വിപ്ലവം കൊണ്ടുവന്നേ അടങ്ങൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് സ്വന്തം ചെലവില്‍ ആകാമായിരുന്നില്ലേ? എള്ളിട്ടാല്‍ പൊരിയുന്ന ചൂടില്‍ പണിയെടുക്കുന്ന സാധുക്കളെ ഇടിച്ചു പിഴിഞ്ഞുണ്ടാക്കിയ പണം അതിനുവേണ്ടി പൊടിപൊടിക്കണമായിരുന്നോ? ചെയര്‍മാന്‍ സ്ഥാനം ആലങ്കാരികമാണെങ്കില്‍, മുപ്പതുകോടി രൂപ സഞ്ചിതനഷ്ടമുള്ള സ്ഥാപനത്തില്‍നിന്ന് പ്രതിമാസം അരലക്ഷം രൂപയും കാറും മറ്റാനുകൂല്യങ്ങളും എന്തിനാണ് കൈപ്പറ്റുന്നത്? എഡിറ്റോറിയല്‍ പോളിസിയില്‍ ഇടപെടുന്നില്ല എന്ന അവകാശവാദം ശരിയെങ്കില്‍, വിജിലന്‍സ്-വണ്ടിച്ചെക്ക് കേസുകളില്‍ പ്രതിയായ ചെയര്‍മാനെ സംബന്ധിച്ച മോശം വാര്‍ത്തകള്‍ എന്തുകൊണ്ട് പതിവായി തമസ്‌കരിക്കുന്നു? വിവാദമായ കെ.എസ്.ടി.പി പദ്ധതിയിലെ തീവെട്ടിക്കൊള്ളകളെപ്പറ്റി എന്തേ മൗനം തുടരുന്നു?
സത്യസന്ധതയുള്ളവരെ ഉള്‍പ്പെടുത്തി മാനേജ്‌മെന്റ് ഘടനയില്‍ മാറ്റംവരുത്തിയും ഓഹരി ഉടമകളെ വിശ്വാസത്തിലെടുത്തും തുടര്‍നിക്ഷേപമോ പുതുനിക്ഷേപമോ സ്വീകരിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാമായിരുന്നു. എന്നാല്‍, സ്ഥാപനത്തിന്റെ നടത്തിപ്പ് നന്നായാല്‍ ഓഹരി നിക്ഷേപം സ്വാഭാവികമായും വന്നുകൊള്ളുമെന്ന സാമാന്യ തത്ത്വം വിസ്മരിക്കപ്പെട്ടു. ഉപകരണങ്ങള്‍ പാട്ടത്തിനെടുത്ത വകയിലും മറ്റുമായി ചിലരിലൂടെ കോടികള്‍ കൈമറിഞ്ഞ കാര്യം ഓഹരി ഉടമകള്‍ക്കിടയിലും പാട്ടായി.
സാധാരണ ഗതിയില്‍ വിവാദ വാര്‍ത്തകളുടെ പേരിലാണ് മാധ്യമ സ്ഥാപനങ്ങള്‍ നിയമക്കുരുക്കില്‍ പെടുന്നതെങ്കില്‍ ഇവിടെ കേസിനാധാരം സാമ്പത്തിക കുറ്റകൃത്യങ്ങളാണ്. സ്രോതസ്സില്‍നിന്ന് പിടിക്കുന്ന നികുതി (ടി.ഡി.എസ്) വെട്ടിപ്പ് നടത്തിയ കുറ്റത്തിന് ചാനലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടത് നാണക്കേടായി. പൊതുമരാമത്ത് കരാറുകാരുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ വണ്ടിച്ചെക്ക്, മുന്‍ ജീവനക്കാരുടെ പി.എഫ് കുടിശ്ശിക, ഉപകരണങ്ങളും ട്രാന്‍സ്‌പോണ്ടറുകളും വാടകക്കെടുത്ത കമ്പനികളുമായുള്ള സാമ്പത്തിക തര്‍ക്കം, ഓഹരി ഉടമകള്‍ നല്‍കിയ പരാതി തുടങ്ങി കൊട്ടക്കണക്കിന് കേസുകളുണ്ട്. ഈ കേസുകളെല്ലാം നടത്തുന്നതോ പാവം ഓഹരി ഉടമകളുടെ ചെലവിലും.
വാസ്തവത്തില്‍, ഇന്ത്യാവിഷന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഇത് ബോധപൂര്‍വം മറച്ചുപിടിക്കുകയായിരുന്നു. കടബാധ്യത പൂര്‍ണമായും ഉള്‍ക്കൊള്ളിക്കാതെയും നഷ്ടം കുറച്ചും വരുമാനം പെരുപ്പിച്ചും കാണിക്കുന്ന രീതി അവലംബിച്ചു. ഉദാഹരണത്തിന് സംസ്ഥാന സഹകരണബാങ്കില്‍നിന്ന് 2003ല്‍ മൂന്നുകോടി രൂപ വായ്പയെടുത്തത് പലിശയടക്കം കുടിശ്ശിക ഒമ്പത് കോടി രൂപ ആയത് കടബാധ്യതാ ഇനത്തില്‍ പരാമര്‍ശിക്കാത്തത് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യാവിഷന്‍ കമ്പനിയുടെ 2007-08ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഓഡിറ്റര്‍ തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്.
സാന്ദര്‍ഭികമായി പറയട്ടെ, കമ്പനികളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്തി അവയെ നിരീക്ഷിക്കാനുള്ള സംവിധാനം ഇതുവരെ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഈ പഴുതുകള്‍ മുതലെടുത്താണ് വന്‍കിട സ്ഥാപനമായ 'സത്യം' കമ്പ്യൂട്ടേഴ്‌സില്‍പോലും ഞെട്ടിക്കുന്ന സാമ്പത്തിക വെട്ടിപ്പും തട്ടിപ്പും അരങ്ങേറിയത്. 2007-08ലെ കോര്‍പറേറ്റ് സദ്ഭരണത്തിനുള്ള അവാര്‍ഡ് നേടിയ അന്നത്തെ സത്യം കമ്പ്യൂട്ടേഴ്‌സ് ചെയര്‍മാന്‍ ബി. രാമലിംഗ രാജു പിറ്റേവര്‍ഷം അഴികള്‍ക്കുള്ളിലായി. തട്ടിപ്പും വെട്ടിപ്പും നടത്തിയ ശേഷം ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ വിഗ്രഹങ്ങളായി വാഴുന്നവര്‍ ഉടഞ്ഞുതകരാന്‍ നിമിഷങ്ങള്‍ മതി എന്നതാണ് 'സത്യം കമ്പ്യൂട്ടേഴ്‌സി'ലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇത് ബന്ധപ്പെട്ട എല്ലാവര്‍ക്കും ഒരു പാഠമാണ്.
വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ച ഇന്ത്യാവിഷന്‍ ഇന്റര്‍നാഷണല്‍ എല്‍.എല്‍.സിയെപ്പറ്റിയുള്ള മൗനം എത്രകാലം തുടരും? യു.എ.ഇയിലെ വ്യാപാരപ്രമുഖനും സൗദി പൗരനുമായ ഖാലിദ് അല്‍ റൈസില്‍നിന്ന് എം.കെ. മുനീര്‍ മന്ത്രിയായിരിക്കെ 2004ല്‍ രണ്ട് മില്യന്‍ ദിര്‍ഹം (അന്നത്തെ വിനിമയ നിരക്കനുസരിച്ച് രണ്ടുകോടി പതിനെട്ടുലക്ഷം രൂപ) കൈപ്പറ്റി ദുര്‍വിനിയോഗം ചെയ്തതായി ആരോപണമുണ്ട്. ജിദ്ദയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തില്‍ ഇതുസംബന്ധമായി വാര്‍ത്ത വന്നു. ഇതില്‍ മൊഴിമുട്ടിയ മുനീര്‍ മൗനവ്രതം തുടരുകയാണ്. ഇത്തരം വസ്തുതാധിഷ്ഠിതമായ ആരോപണങ്ങള്‍ക്ക് പോലും മറുപടി പറയാതെയും അവ സ്വന്തം ചാനലില്‍ തമസ്‌കരിച്ചും ഒക്കെയാണ് 'എഡിറ്റോറിയല്‍വിപ്ലവം' ആഘോഷിക്കുന്നത്.
പത്തുവര്‍ഷം മുമ്പാണ് ചാനലിന് നിക്ഷേപം തേടി മുനീറും ഞാനും ജിദ്ദയിലേക്ക് വിമാനം കയറിയത്. പത്തുവര്‍ഷം ചെറിയ കാലയളവല്ലല്ലോ. 'അടുത്ത വര്‍ഷം' മുതല്‍ ലാഭവിഹിതം നല്‍കുമെന്ന് പറഞ്ഞവര്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പത്തുവര്‍ഷം മുമ്പ് പത്ത് രൂപ മുഖവിലയുണ്ടായിരുന്ന ഇന്ത്യാവിഷന്‍ ഓഹരിക്ക് ഇപ്പോള്‍ എന്താണ് വിലയെന്ന് ഉത്തരവാദപ്പെട്ടവര്‍ ഓഹരി ഉടമകളോട് വിശദീകരിക്കേണ്ടതുണ്ട്. 'എയര്‍ടൈം ഫില്‍' ചെയ്യാനായി ഭൂമി മലയാളത്തിലെ സകലരുടെയും പിന്നാലെ പാഞ്ഞ് മാധ്യമവിചാരണ നടത്തി 'തൂക്കിലേറ്റു'ന്നവര്‍, ഓഹരി ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഇനിയെങ്കിലും തയാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
എന്നാലും എത്ര വരും ഇന്നത്തെ റേറ്റ് അനുസ്സരിച്ച്