ശിരോവസ്‌ത്രം ഉപേക്ഷിച്ചതിന്‌, സഭക്ക് ശിക്ഷിച്ചു മതിയായില്ലേ ?കൊച്ചി: ''ആരേയും കുറ്റപ്പെടുത്തുന്നില്ല; ആര്‍ക്കുമെതിരേയുമല്ല നിയമപോരാട്ടം. ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്ന്‌ മാത്രമേ ആഗ്രഹമുള്ളൂ. ഇതിനുള്ള ദയയുണ്ടാവണമെന്ന്‌ മാത്രമാണ്‌ അപേക്ഷിക്കാനുള്ളത്‌.'' - ഏതോ നേര്‍ച്ചയുടെ ഫലമായി അണിയേണ്ടിവന്ന ശിരോവസ്‌ത്രം വലിച്ചെറിഞ്ഞ്‌ ഉള്ളില്‍ പ്രണയം നിറച്ചവനൊപ്പം പള്ളിയുടെ പടിയിറങ്ങിപ്പോയ ബിയാട്രിസ്‌ മെല്‍വിന്‍ പദുവ ഉള്ളുനീറിയാണ്‌ ഇത്രയും പറഞ്ഞത്‌. ബിയാട്രിസിനെ കൈപിടിച്ച്‌ ജീവിതത്തിലേക്ക്‌ ഒപ്പംകൂട്ടാന്‍ മെല്‍വിന്‍ പദുവയെത്തിയത്‌ നിയമം കനിഞ്ഞുനല്‍കിയ പരോളിന്റെ ദയാവായ്‌പിലായിരുന്നു. ഏറെക്കഴിയാതെ ജയിലിന്റെ ഏകാന്തതയിലേക്ക്‌ തന്നെ മടക്കം. വീണ്ടും ഒത്തുകിട്ടുന്ന പരോളിനായി ബിയാട്രിസ്‌ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നാളുകളെണ്ണി കാത്തിരിക്കും. ആ കാത്തിരിപ്പിന്‌ ഇന്ന്‌ വര്‍ഷങ്ങളുടെ നീളമായി. ഇതിനിടയില്‍ ഇവര്‍ക്ക്‌ രണ്ട്‌കുട്ടികളുമായി. ഒരാള്‍ ആറിലും മറ്റൊരാള്‍ യു.കെ.ജിയിലും പഠിക്കുന്നു.

'' 22 വര്‍ഷമായി അദ്ദേഹം ജയിലിനകത്ത്‌തന്നെയാണ്‌. പുറത്തിറക്കാതിരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നാണ്‌ അറിയുന്നത്‌. സഭയേയും രാഷ്‌ട്രീയക്കാരേയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ സഭയോടൊപ്പമുള്ള ചില ഉദ്യോഗസ്‌ഥര്‍ അദ്ദേഹം പുറത്തുകടക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. അതിലാണ്‌ എനിക്ക്‌ വിഷമം മുഴുവന്‍...'' പരോളിന്റെ ദയയില്‍ മാത്രം പുറത്തിറങ്ങുന്ന മെല്‍വിന്‍ പദുവ ജയിലിനകത്തായിട്ട്‌ 22 വര്‍ഷമായി. 14 വര്‍ഷംകൊണ്ട്‌ കഠിനതടവ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങാവുന്നതാണെന്ന്‌ ബിയാട്രിസ്‌ കേട്ടറിഞ്ഞിട്ടുണ്ട്‌. അതിനായി നാളുകളെണ്ണി കാത്തിരിപ്പായിരുന്നു ഇത്രയും കാലം. എന്നാല്‍, വര്‍ഷം വീണ്ടും കടന്നുപോയിട്ടും ജയില്‍വാതിലുകള്‍ എന്നെന്നേക്കുമായി തുറക്കപ്പെടുന്നില്ലെന്ന്‌ കണ്ടപ്പോഴാണ്‌ ബിയാട്രിസ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

22 വര്‍ഷമായി തടവില്‍ കഴിഞ്ഞിട്ടും ശിക്ഷ ഇളവ്‌ അനുവദിക്കാത്തത്‌ ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബിന്റെ ഇടപെടല്‍ മൂലമാണെന്നു കാണിച്ച്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 14 വര്‍ഷത്തെ തടവു പൂര്‍ത്തിയാക്കിയതിനാല്‍ ശിക്ഷ ഇളവിന്‌ അര്‍ഹതയുണ്ടെന്ന നിയമവശവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. എന്നാല്‍ എല്ലാ നീതിയും തനിക്ക്‌ നിഷേധിക്കപ്പെടുകയാണെന്ന്‌ ബിയാട്രിസ്‌ ചൂണ്ടിക്കാട്ടുന്നു.

ഒരു പെണ്ണിനെ കൊലചെയ്‌ത കുറ്റത്തിനാണ്‌ മെല്‍വിന്‍ പദ്‌വ ജയിലില്‍ കഴിയുന്നത്‌്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം കീഴ്‌ക്കോടതി കഠിനതടവിനു വിധിച്ചു. മേല്‍ക്കോടതി ശിക്ഷ ശരിവച്ചു. അങ്ങിനെ പദ്‌വ ജയിലിനകത്തായി. ഡല്‍ഹിയില്‍ ഉദ്യോഗസ്‌ഥനായിരുന്ന പദ്‌വ ട്രെയിനകത്തുവച്ച്‌ ഒരു നഴ്‌സിനെ കൊന്നുവെന്നാണ്‌ കേസ്‌. എന്നാല്‍ മന:പൂര്‍വ്വം ചെയ്‌ത കുറ്റമല്ലെന്ന്‌ പദ്‌വ പറയുന്നു. തന്നെ കാണാനെത്തിയവരോടൊക്കെയും തൃപ്പൂണിത്തുറ സ്വദേശിയായ പദ്‌വ ഇതാവര്‍ത്തിച്ചു.

തൃപ്പൂണിത്തുറയില്‍നിന്ന്‌ ഏറെ ദൂരെ പനങ്ങാട്‌ രണ്ട്‌ സഹോദരന്‍മാര്‍ക്കും ഒരു സഹോദരിക്കും അനിയത്തിയായി പിറന്ന ബിയാട്രിസ്‌, ആലുവയിലെ മതപഠനശാലയിലെ പഠനംകഴിഞ്ഞ്‌ തെരേസിയന്‍ കര്‍മ്മലീത്താ സഭയിലെ കന്യാസ്‌ത്രീയായി ശിരോവസ്‌ത്രം അണിഞ്ഞകാലം. മതപുരോഹിതരുടെ ചൂഷണത്തിന്‌ ഏറെ വിധേയമാകേണ്ടിവന്ന കൗമാരവും യൗവ്വനവും. ഏതോ നേര്‍ച്ചയുടെ ഫലമായി എടുത്തണിയേണ്ടിവന്ന ശിരോവസ്‌ത്രം ബിയാട്രിസിന്‌ ഒരു ഭാരമായിരുന്നു. മോഹങ്ങള്‍ പൂക്കുംമുന്നേ കരിഞ്ഞുണങ്ങിയത്‌ കണ്ണീരായി പടര്‍ന്ന കാലം. പ്രീഡിഗ്രി പഠനകാലത്താണ്‌ ശിരോവസ്‌ത്രമണിയുന്നത്‌. തുടര്‍ന്ന്‌ നഴ്‌സിംഗ്‌ പഠനം തുടങ്ങി. എറണാകുളത്തെ ഒരു ഹോസ്‌പിറ്റലില്‍ നഴ്‌സായി ജോലിയും നേടി.

ട്രെയിനിലെ കൊലപാതകം നാടുനീളെ ചര്‍ച്ചയായ കാലം. ജയിലിനകത്ത്‌ കഴിയുന്ന കൊലപാതകിയെക്കുറിച്ചോര്‍ത്തു. അയാള്‍ കൊലചെയ്‌ത പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്തു. സിറിഞ്ച്‌ കൈയിലെടുക്കുമ്പോഴെക്കെയും ഇരമ്പിയാര്‍ക്കുന്ന തീവണ്ടിമുറിയിലെ ഒരിക്കലും കണ്ടിട്ടില്ലാത്ത നഴ്‌സിന്റെ നിലവിളി കേട്ടു. അങ്ങനെയാണ്‌ ജയിലിലേക്ക്‌ ആദ്യ കത്തെത്തുന്നത്‌.- ''എന്തിനായിരുന്നു അങ്ങനെ ചെയ്‌തത്‌....?'' കുറച്ചു മാത്രമെഴുതിയ കത്തിലെ പ്രധാനചോദ്യം ഇതായിരുന്നു.

ജയിലിലെ ഇരുട്ടറയില്‍ ഇരുന്നു പദ്‌വ ആ കത്ത്‌ വായിച്ചു. തന്നോട്‌ പലരും ചോദിച്ച ചോദ്യംതന്നെയാണെങ്കിലും അതിലെ നിഷ്‌കളങ്കതയും ഭയാനകതയും പദ്‌വയെ തളര്‍ത്തി. പദ്‌വ കാര്യങ്ങള്‍ വിശദമാക്കി മറുപടിയെഴുതി. അരുതാത്ത ഒരു നിമിഷത്തിന്റെ വീഴ്‌ചയില്‍ തകര്‍ന്നുടഞ്ഞ ജീവിതത്തെ കണ്ണീരില്‍ ചാലിച്ച്‌ അക്ഷരങ്ങള്‍ കത്തില്‍ തെളിഞ്ഞു. അതില്‍പിന്നെ ആശുപത്രിയില്‍നിന്നു ജയിലിലേക്കും തിരിച്ചും കത്തുകള്‍ ഏറെ വന്നു.

ഉള്ളില്‍ കെട്ടുപൊട്ടിക്കാതെ തടഞ്ഞുനിര്‍ത്തിയ വികാരങ്ങള്‍ക്ക്‌ തുടുപ്പേറി. ഹൃദയത്തില്‍ പ്രണയം നുരഞ്ഞുതുടങ്ങി. കത്തിലെ അക്ഷരങ്ങള്‍ക്ക്‌ പ്രണയത്തിന്റെ നനവ്‌. ശിരോവസ്‌ത്രത്തിന്റെ മറവില്‍ ഒളിപ്പിച്ച്‌ അടക്കിനിര്‍ത്തിയ പ്രണയത്തിന്‌ തിളക്കമേറി. മുന്നില്‍ ഇനിയും ജീവിതമുണ്ടെന്നും മനസിന്റെ പരിവര്‍ത്തനമാണ്‌ ആവശ്യമെന്നും ബിയാട്രിസ്‌ എഴുതി. മന:പരിവര്‍ത്തനത്തിലൂടെ നന്മയുടെ പാതയിലേക്ക്‌ മെല്‍വിന്‍ പദ്‌വ പതിയെനടന്നു. കൈപിടിച്ച്‌ ബിയാട്രിസും. അതിനിടയില്‍ എപ്പോഴോ ആണ്‌ ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹം പദ്‌വ പ്രകടിപ്പിച്ചത്‌. പ്രണയത്തിന്റെ ശക്‌തിയില്‍ ശിരോവസ്‌ത്രം അടര്‍ന്നുവീണു. പള്ളിയുടെ പടികടന്ന്‌ പുതുജീവിതത്തിലേക്ക്‌ കടന്നത്‌, ഒരു പരോള്‍ കാലത്ത്‌.

പുരോഹിതര്‍ക്ക്‌ ഞെട്ടലിന്റെ നാളുകള്‍. അവരുടെ പീഡനത്തില്‍നിന്ന്‌ പുറത്തുകടക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ബിയാട്രിസ്‌ നെടുവീര്‍പ്പിട്ടു. 14 വര്‍ഷംകഴിഞ്ഞാല്‍ ഇരുട്ടറയില്‍നിന്ന്‌ പുറത്തെത്തി ജീവിതം പൂക്കുന്ന കാലത്തെ സ്വപ്‌നം കണ്ടു. എന്നാല്‍ വര്‍ഷം 22 കഴിഞ്ഞിട്ടും മെല്‍വിന്‍ പദ്‌വ അകത്തുതന്നെ. എന്തുകൊണ്ട്‌ ഇത്രയും കാലം..? ആരൊക്കെയോ ചേര്‍ന്ന്‌ കളിക്കുന്നുണ്ടെന്ന്‌ ബിയാട്രിസിനറിയാം. എന്നാല്‍ ഇവരുടെ പേരുകള്‍ ഉറക്കെ വിളിച്ചു പറയാന്‍ പേടിയാണ്‌. താന്‍ സഭാവസ്‌ത്രം ഉപേക്ഷിച്ചു വിവാഹിതയായതില്‍ യാഥാസ്‌ഥിതികരായ സഭാ അധികാരികളില്‍നിന്നു പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന്‌ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതുതന്നെ ആശങ്കയോടെയാണ്‌. പദ്‌വയ്‌ക്ക് ശിക്ഷാ കാലാവധി നീളുന്നതിന്‌ കാരണവും മറ്റൊന്നുമല്ലെന്ന്‌ ബിയാട്രിസ്‌ കരുതുന്നു. അതേ, പീഡനത്തിന്റെ ആവര്‍ത്തനം. ഹര്‍ജി പരിഗണിച്ച ജസ്‌റ്റിസ്‌ ആന്റണി ഡൊമിനിക്ക്‌ സര്‍ക്കാരിനും ശിക്ഷ ഇളവ്‌ അനുവദിക്കുന്നതിനുളള ഉപദേശക സമിതിക്കും ഇന്നലെ നോട്ടീസ്‌ അയച്ചു.

ശിരോവസ്‌ത്രത്തില്‍നിന്ന്‌ പുറത്തുവന്നതില്‍പിന്നെ സ്വന്തം വീട്ടിലേക്ക്‌ പോയിട്ടില്ല. തൃപ്പൂണിത്തുറ ഏറനാട്ടെ കൊച്ചുവീട്ടില്‍ ബിയാട്രിസിന്‌ കൂട്ടിനുള്ളത്‌ മെല്‍വിന്‍ പദ്‌വയുടെ 63 വയസുകാരി അമ്മയും പറക്കമുറ്റാത്ത രണ്ടു മക്കളും. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി പ്രവര്‍ത്തിക്കുമ്പോഴുള്ള ശമ്പളംകൊണ്ട്‌ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നു. ബന്ധുക്കളൊന്നും വരാറില്ല, ആരുടെയടുത്തും പോകാറുമില്ല. ആരോടും ശത്രുതയില്ല. ആരേയും കുറ്റപ്പെടുത്തുന്നുമില്ല. ഒഭ്യര്‍ത്ഥന മാത്രമേയുള്ളൂ, ബിയാട്രിസിന്‌. പരോളില്‍മാത്രം പൂക്കുന്ന പ്രണയകാലം ജീവിതത്തില്‍ മഴുവനായി ഉണ്ടാകണം. ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണം. പ്ലീീീസ്‌....

 മംഗളം 

Share 

1 അഭിപ്രായ(ങ്ങള്‍):

Google+ Followers

Blogger templates

.

ജാലകം

.