തീയുടെ നിറമുള്ള മുറിവ്

തെരുവായിരുന്നു അയ്യപ്പന്റെ എഴുത്തുമേശ. ചോരയില്‍ ചവിട്ടിനില്‍ക്കുന്ന ആള്‍കൂട്ടത്തിന്റെ ആ തെരുവില്‍ തന്നെ ആ ജീവിതം അരഞ്ഞുചേര്‍ന്നു. നിഴല്‍ നഷ്ടപ്പെട്ടവന്റെ നിലവിളിയായി ഈ മരണം ജീവിച്ചിരിക്കുന്നവരെ മുഴുവന്‍ അനാഥമാക്കി. അയ്യപ്പനോ അനശ്വരനായി. പകുതിയും പുലിതിന്ന് ശവമായ സ്വപ്‌നങ്ങളെ ബലിതരുന്ന നിനക്ക് എന്ന് എല്ലാ വായനക്കാരോടും അയ്യപ്പന്‍ മൊഴിഞ്ഞിട്ടുണ്ട്.
തീയുടെ നിറമുള്ള മുറിവാണ് അയ്യപ്പന്‍. ആ കവിതകളോ, കണ്ണീരിന്റെ ഭൂപടം. കണ്ണില്‍ മുള്ള് തറച്ചവന്റെ കലങ്ങിയ കാഴ്ചകള്‍. നനവാര്‍ന്ന പ്രണയത്തിന്റ പച്ചിലയില്‍ കുറിച്ചിട്ട എത്രയോ വരികള്‍. മുറിവിന്റെ വിത്തുകള്‍ സ്വപ്‌നത്തിന്റെ മണ്ണില്‍ കുഴിച്ചിട്ട്, മുറിവുകളുടെ വസന്തമാണെന്റെ ജീവിതം എന്ന് ആവര്‍ത്തിച്ച് വിലപിച്ച് അയ്യപ്പന്‍ കടന്നുപോയി. പുഴുക്കുത്തേറ്റ വസന്തമാണ് എനിക്കൊരു പൂവ് തന്നതെന്ന് ഒരു കവിതയില്‍ കുറിച്ചിട്ടു.
കവിതയല്ലാതെ മറ്റൊന്നും ആ കവിതകളില്‍ ഇല്ലാത്തതുകൊണ്ട്, ആര്‍ക്കും പലതായി പകുത്തെടുക്കന്‍ കഴിയാതെ അയ്യപ്പന്‍ സമ്പൂര്‍ണമായി എല്ലാവരുടെയും ഹൃദയത്തിന്റെ വിശപ്പടക്കി. അയ്യപ്പനെ ആസ്വദിക്കുക എന്നാല്‍, ഉന്മാദത്തെ രുചിക്കുക എന്നാണര്‍ഥം.
ഇത്രയേറെ അന്തര്‍മുഖവിഷാദമുള്ള കവി, ഇത്രയേറെ ഹൃദയത്തെ ആഴത്തില്‍ കുത്തിമുറിവേല്‍പിച്ച വരികള്‍ ചങ്ങമ്പുഴക്ക് ശേഷം മലയാളത്തില്‍ എഴുതപ്പെട്ടിട്ടില്ല.
കവിതയെഴുത്തിന്റെ അമ്പതാണ്ടുകള്‍ ആഘോഷിക്കാനായി അയ്യപ്പന്റ സുഹൃത്തുക്കള്‍ കൊടുങ്ങല്ലൂരില്‍ ആറ് മാസം മുമ്പാണ് ഒത്തുകൂടിയത്. അയ്യപ്പന്റെ ആത്മ മിത്രം സെബാസ്റ്റിയനാണത് സംഘടിപ്പിച്ചത്. അവസാനമായി അയ്യപ്പനെ ഞാന്‍ കണ്ടത് അന്നാണ്. അയ്യപ്പനുമൊത്തുള്ള ആ സായാഹ്‌നം ഒരിക്കലും മറക്കാനാവില്ല. അയ്യപ്പന്റെ േദഹംഒരു പെണ്‍കിടാവിന്‍േറതുപോലെ മുദൃലവും കുളിര്‍മ്മയുള്ളതുമായിരുന്നു. മേദസ്സെല്ലാം വാര്‍ന്ന് മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു അയ്യപ്പന്‍. സൗമ്യതയുടെ ലാവണ്യം. എന്തോ പ്രേരണയാല്‍ ഞാന്‍ അയ്യപ്പനെ പ്രണയപൂര്‍വം കെട്ടിപ്പിടിച്ചു. അയ്യപ്പന്‍ എന്നെ ഉമ്മകള്‍ കൊണ്ട് വീര്‍പ്പ്മുട്ടിച്ചു. സുന്ദരനായ ഒരു രാജകുമാരന്റെ തരുണ കാന്തിയാണ് ഞാന്‍ അയ്യപ്പനില്‍ അനുഭവിച്ചത്. വളരെ വിചിത്രവും സുന്ദരവുമായ ഓര്‍മ്മകള്‍ ഞാനന്ന് പങ്കുവെച്ചു. മുപ്പത്തിയഞ്ച് വര്‍ഷത്തെ സൗഹൃദമാണത്.
വിദ്യാര്‍ഥികാലത്താണ് ഞാന്‍ അയ്യപ്പന്റെ ആരാധകനായി തീര്‍ന്നത്. അയ്യപ്പന്‍ 'അക്ഷരം' മാസിക എഡിറ്റ് ചെയ്യുന്ന കാലം. മലയാളത്തില്‍ ഇത്രയും ലാവണ്യമാര്‍ന്ന അക്ഷരങ്ങളുടെ എഡിറ്റിങ് ഞാന്‍ കണ്ടിട്ടില്ല. ശ്ലഥബിംബങ്ങള്‍ കൊണ്ട് മനുഷ്യയാതനയുടെ ബൃഹദ് ആഖ്യാനം അയ്യപ്പന്‍ തുടര്‍ന്നുകൊണ്ടിരുന്ന കാലം. കോളജ് കാമ്പസുകള്‍ അയ്യപ്പന്റെ ഉന്മാദബിംബങ്ങളുടെ സമൃദ്ധിയില്‍ കോരിത്തരിച്ച കാലം. ഞാന്‍ 'രസന' മാസികകളുമായി വന്നു. അയ്യപ്പന്‍ എന്റെ വീട്ടിലും 'രസന'യിലും നിത്യസന്ദര്‍ശകനായി.
പരിണാമങ്ങളോ മാറ്റങ്ങളോ ഒന്നുമില്ല അയ്യപ്പന്റെ ജീവിതത്തില്‍, അനുഭവത്തിന്റെ ഉറവിടത്തില്‍, ആബോധത്തില്‍, മണ്ണിനടിയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഒരു സസ്യമാണത്.
ആസകലം കവിതയില്‍ തിളച്ചുകൊണ്ടിരുന്ന അയ്യപ്പനെപ്പോലൊരു കവി മലയാളത്തില്‍ വേറെയില്ല. വാക്കുകളില്‍ തീ വിഴുങ്ങി, ഇടിമിന്നലിനൊപ്പം ആകാശത്ത് റോന്ത് ചുറ്റുന്ന ആ കവിയുടെ ഏകാന്തതയില്‍പോലും ആള്‍ക്കൂട്ടം ആകര്‍ഷിക്കപ്പെടുന്നത് വിസ്മയകരമാണ്.
എന്റെ കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കവിമാമനായിരുന്നു അയ്യപ്പന്‍. സ്വന്തം പുസ്തകങ്ങളും മറ്റനേകം പുസ്തകങ്ങളും കൈയൊപ്പിട്ട് മിഠായികള്‍ക്കൊപ്പം അയ്യപ്പന്‍ അവര്‍ക്ക് സമ്മാനിക്കുമായിരുന്നു. പാതിരാത്രി കഴിഞ്ഞും കുട്ടികള്‍ക്കൊപ്പമിരുന്ന് പൂവിനെകുറിച്ചും നക്ഷത്രങ്ങളെകുറിച്ചും പാടും. അവരുടെ കവിളില്‍ അയ്യപ്പന്‍ അമര്‍ത്തിവെച്ച വാത്സല്യത്തിന്റെ ഉമ്മകളുടെ നനവ് വറ്റിയിട്ടില്ലെന്ന് തോന്നും. അയ്യപ്പന്റെ മരണവാര്‍ത്ത കേട്ട് ചാരുലതയും സ്വാതിലേഖയും ഞെട്ടിവിറച്ചാണിപ്പോഴും ഇരിക്കുന്നത്. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് വാങ്ങാന്‍ വന്നപ്പോള്‍ അയ്യപ്പന്‍ വീട്ടിലാണ് തങ്ങിയത്. ഒഡേസ സത്യനും കുടുംബവും കൂടെയുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ക്ക് ഉത്സവ ലഹരിയായിരുന്നു. അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് വലിച്ചുചുരുട്ടി മുറ്റത്തേക്കെറിഞ്ഞ് അയ്യപ്പന്‍ ഞങ്ങളെ അമ്പരിപ്പിച്ചു. ചെക്ക് മാത്രം പോക്കറ്റിലിട്ട് അവാര്‍ഡ് ശില്‍പവും ഉപേക്ഷിച്ചാണ് അയ്യപ്പന്‍ വീട്ടില്‍നിന്നും പിറ്റേന്ന് പോയത്. ആ രാത്രിയുടെ തരിപ്പ് ഇപ്പോഴും എന്റെ കുഞ്ഞുങ്ങള്‍ക്ക് മാഞ്ഞുപോയിട്ടില്ല.
മദ്യം അയ്യപ്പനെ കൂടുതല്‍ നിഷ്‌കളങ്കനാക്കി. കാലുഷ്യമില്ല, അസൂയയില്ല, ആര്‍ത്തിയില്ല. മലയാളത്തില്‍ ഇങ്ങനെയൊരു എഴുത്തുകാരനെ കാണാന്‍ കിട്ടില്ല. കവിതയില്‍ തനിക്ക് നടക്കാനൊരു തെരുവും അതിലേക്കൊരു പാതയും സ്വന്തമായി വെട്ടിയുണ്ടാക്കിയ കവിയാണ് അയ്യപ്പന്‍. ഉമിത്തീ പോലെ നീറിപ്പിടിക്കുന്ന വാക്കുകളില്‍ അയ്യപ്പന്‍ ചോരയും കണ്ണീരുമാണ് നനച്ചത്. ആ വാക്കുകളില്‍ തൊട്ടാല്‍ കൈ മുറിയും, ഹൃദയം മുറിയും.
'80കളുടെ തുടക്കത്തില്‍ കേരളവര്‍മ കോളജില്‍ അയ്യപ്പന്‍ സ്ഥിരമായി വരുമായിരുന്നു. ഞാന്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ അയ്യപ്പന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അപ്രതീക്ഷിതമായി കയറി ഇരുന്നു. പെണ്‍കുട്ടികളുടെ നെറ്റിത്തടത്തില്‍ നിര്‍മലമായി ഉമ്മവെക്കാനും അയ്യപ്പന് മടിയൊന്നുമുണ്ടായില്ല. ആര്‍ക്കുമില്ല പരാതി, സ്‌നേഹവും വിസ്മയവുമല്ലാതെ.
കേരളവര്‍മ കോളജിന്റെ ഹോസ്റ്റലിലും അയ്യപ്പന്‍ നിത്യസന്ദര്‍ശകനായിരുന്നു. അയ്യപ്പന്റെ കവിതകള്‍ക്കെല്ലാം ആമുഖമായി ആല്‍ബിയുടെ കവിതാശകലം. ഞങ്ങളുടെ പ്രിയ സുഹൃത്തും ഇംഗ്ലീഷ് അധ്യാപകനുമായ ചന്ദ്രമോഹനനാണ് അയ്യപ്പന് വിവര്‍ത്തനം ചെയ്തുകൊടുത്തത്.
'ഞാന്‍ ബലിയാടായി
തുടരുക തന്നെ ചെയ്യും
മറ്റാരെങ്കിലും അതാവേണ്ടിയിരിക്കെ.'
ഈ വരികള്‍ക്ക് മുന്നിലിരുന്ന് അയ്യപ്പന്‍ ചന്ദ്രമോഹനന്റെ കാല്‍തൊട്ട് വന്ദിച്ച് വാവിട്ടുകരഞ്ഞ രംഗത്തിന് ഞാന്‍ സാക്ഷിയായിരുന്നു.

വി.ജി. തമ്പി

Google+ Followers

Blogger templates

.

ജാലകം

.