മാധ്യമങ്ങളിലെ വ്യക്തി; സ്വതന്ത്രന്‍

'സ്വീകരിക്കാന്‍ വൈകിയെത്തിയതിന് കലക്ടറെ മന്ത്രി ശാസിച്ചു എന്ന് നാളത്തെ പത്രത്തില്‍ ഒരു നാലുകോളം വാര്‍ത്തയാണ് ഉദ്ദേശ്യമെങ്കില്‍ പറഞ്ഞാല്‍ മതി സാര്‍. ഞാന്‍ നിന്നു തരാം. നിങ്ങളുടെയൊക്കെ മുന്നില്‍ ഒരു വിനീത വിധേയന്റെ വിഡ്ഢിവേഷമണിഞ്ഞു തരാം. ജസ്റ്റ് ഫോര്‍ ദ സേക് ഓഫ് ദ സീന്‍' -കോഴിക്കോട് കലക്ടര്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിന്റെ ബൊംബാസ്റ്റിക് വെര്‍ബല്‍ എക്‌സ്‌പ്ലോഷന്‍ കേട്ട് 1995ല്‍ കേരളത്തിലെ തിയറ്ററുകള്‍ പ്രകമ്പനം കൊണ്ടു. അന്ന് അലക്‌സ് എല്ലാവരുടെയും മുന്നില്‍ ഒരു വിനീത വിധേയന്റെ വിഡ്ഢിവേഷമണിഞ്ഞു നില്‍ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, തേവള്ളിപ്പറമ്പില്‍ അലക്‌സിനെപ്പോലെയല്ല മഞ്ഞളാംകുഴി അലി. സ്വന്തം കീശയില്‍ നിന്നു കാശിറക്കി ജോസഫ് അലക്‌സ് എന്ന കിങ്ങിനെ നിര്‍മിച്ച് വെള്ളിത്തിരയിലേക്കു പറഞ്ഞുവിട്ടയാളാണ്.ഇനിയും ഈ നേതാക്കളുടെ ആട്ടും തുപ്പും സഹിച്ചു വിനീത വിധേയനായി കുനിഞ്ഞു നില്‍ക്കാന്‍ കഴിയില്ല എന്ന് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. രാഷ്ട്രീയ യജമാനന്മാരുടെ മുന്നില്‍ മുട്ടു മടക്കാനും ഒരുക്കമല്ല. അതുകൊണ്ട് എം.എല്‍.എ സ്ഥാനം രാജിവെക്കാനൊരുങ്ങുകയാണ്.
ഇടതു സ്വതന്ത്രന്മാരില്‍ കാറ്റുവീഴ്ച തുടങ്ങിയിട്ട് കുറച്ചു കാലമായി. എ.പി. അബ്ദുല്ലക്കുട്ടി പാര്‍ട്ടിവിട്ട് വീണ്ടും ജയിച്ച് അദ്ഭുതക്കുട്ടിയായി. കെ.എസ്. മനോജ് കുരിശിങ്കലേക്കു മടങ്ങിപ്പോയി. എസ്. ശിവരാമനും ഇടതിന്റെ പൂമുഖത്തുനിന്ന് ഇറങ്ങിപ്പോയി. സെബാസ്റ്റിയന്‍പോള്‍ അനഭിമതനായി. അക്കൂട്ടത്തിലേക്ക് ഒടുവിലായി വന്നത് മലപ്പുറത്തെ മുസ്‌ലിംകോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ സി.പി.എം ആരതിയുഴിഞ്ഞുവിട്ട പടക്കുതിര. കടുംപച്ച പുതച്ച മണ്ണില്‍ കാലങ്ങളായി പച്ച തൊടാതെ നിന്ന ചുവപ്പിന്റെ വേരോടാന്‍ കുളമ്പടിത്താളവുമായി അശ്വമേധം നടത്തിയ അലിയെ പുത്തന്‍ ലായം കാട്ടി വിളിക്കുന്നുണ്ട് കുഞ്ഞാലിക്കുട്ടി.
അലിയെപ്പോലെ തന്നെ ആട്ടും തുപ്പും ഏറെ കേട്ടയാളാണ് അലക്‌സ്. ഒക്കെ രാഷ്ട്രീയക്കാരുടെ മധുരമോഹനകോമളപദാവലികളുള്ള വാമൊഴിവഴക്കങ്ങള്‍. ആട്ടിന്റെ ഭാഷ അസഭ്യമായതുകൊണ്ട് ധാര്‍മികമൂല്യങ്ങളുടെ സംരക്ഷകരായ സെന്‍സര്‍ ബോര്‍ഡ് അത് സിനിമയുടെ ശബ്ദപഥത്തില്‍നിന്ന് എടുത്തുകളഞ്ഞു. ഡയലോഗ് കേള്‍ക്കുമ്പോള്‍ ഇടക്ക് ഒരു ഭും എന്ന ശബ്ദമുയര്‍ന്നത് അതുകൊണ്ടായിരുന്നു. പല തെറിയും കാണികള്‍ കേട്ടില്ല. അലക്‌സിന് അങ്ങനെയൊരു ഭാഗ്യമുണ്ടായി. അലിക്ക് അതുമുണ്ടായില്ല. കുഞ്ഞാലിക്കുട്ടി നീട്ടിക്കൊടുത്ത എച്ചില്‍ നക്കാമെന്നു കരുതിയാണ് സി.പി.എമ്മിനെതിരെ നീങ്ങുന്നതെങ്കില്‍ അലിക്ക് ഈ തെരഞ്ഞെടുപ്പില്‍ അതു കിട്ടില്ലെന്ന് പറഞ്ഞത് പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.വിജയരാഘവന്‍. (എച്ചില്‍ നക്കുന്ന, നന്ദിയുള്ള, മെരുങ്ങുന്ന ഒരു മൃഗത്തിന്റെ ബിംബം ഉപയോഗിച്ചുകൊണ്ടുള്ള വിമര്‍ശത്തിലെ വാമൊഴിവഴക്കത്തിന്റെ ഭംഗിയെക്കുറിച്ച് കെ.ഇ.എന്ന് വേണമെങ്കില്‍ ഉപന്യാസം എഴുതാവുന്നതാണ്.) അരിക്കച്ചവടക്കാരനും തുണിക്കച്ചവടക്കാരനും വിചാരിച്ചാല്‍ പാര്‍ട്ടിയെ ഇല്ലാതാക്കാനാവില്ല എന്നാണ് സഖാവ് പിന്നെ പറഞ്ഞത്. അപ്പോള്‍ അരിക്കച്ചവടക്കാരനും തുണിക്കച്ചവടക്കാരനും അധിക്ഷേപമര്‍ഹിക്കുന്ന അധമരാണ്. അവര്‍ അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ മാര്‍ക്‌സിയന്‍ നിര്‍വചനങ്ങള്‍ക്കു പുറത്താണ്. ലോട്ടറിമാഫിയക്കാര്‍ക്കും അബ്കാരികള്‍ക്കും റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാര്‍ക്കും സ്വാഗതം. വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ ആണെന്ന് പാര്‍ട്ടിസമ്മേളനങ്ങളില്‍ നേതാക്കള്‍ പ്രസംഗിച്ചു. എടയൂരിലെ ഒരു യോഗത്തില്‍ 'അലിയുടെ തന്ത വന്നാലും ഒന്നും ചെയ്യാന്‍ കഴിയില്ല' എന്ന് ഒരു നേതാവ്. മന്ത്രിയാകാന്‍ പറ്റിയ ചരക്ക് എന്ന് ടി. ശിവദാസമേനോന്‍. പാര്‍ട്ടിയില്‍ കച്ചവടം നടത്തുന്നയാളെന്ന് പിണറായി. അലക്‌സിനെപ്പോലെ അലിക്ക് എല്ലാറ്റിനും കിങ്‌സ് ഇംഗ്ലീഷില്‍ മറുപടി പറയാനാവില്ല. ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടാന്‍ പഠിച്ചെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല. അത്രക്കുള്ള അറിവേ ആ ഭാഷയിലുള്ളൂ.
സി.പി.എമ്മിലെ ഔദ്യോഗികപക്ഷത്തിന്റെ കണ്ണിലെ കരടായത് മലപ്പുറം സമ്മേളനം മുതല്‍. അന്ന് വോട്ടെടുപ്പില്‍ വി.എസ് പക്ഷത്തെ 12 പേര്‍ തോറ്റപ്പോള്‍ സ്വാഗതസംഘം ഓഫിസില്‍ അലി വേദനയോടെ തല കുമ്പിട്ടിരുന്നുവെന്ന് പാര്‍ട്ടിയിലെ അപസര്‍പ്പക വിദഗ്ധര്‍ തെളിവു സഹിതം കണ്ടെത്തിയിട്ടുണ്ട്. അന്നു വൈകീട്ടത്തെ പൊതുസമ്മേളനവേദിയില്‍ കാണാത്തതിലും അവര്‍ക്ക് പന്തികേടു തോന്നി. വൈകാതെ പ്രൈവറ്റ് അസിസ്റ്റന്റ് പ്രസാദ് പാര്‍ട്ടിയില്‍ നിന്നു പുറത്തായി. മലപ്പുറത്ത് തമ്പടിച്ച് വി.എസിനു വേണ്ടി കരുക്കള്‍ നീക്കിയ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ്രപശസ്ത ശാസ്ത്രീയ സംഗീതജ്ഞനുമായ കെ.എം. ഷാജഹാനെ സഹായിച്ചു എന്ന കുറ്റം വേറെ. മങ്കട സീറ്റ് നിലനിര്‍ത്താന്‍ പാര്‍ട്ടി പിന്നെയും അലിയെ കൂട്ടുപിടിച്ചു.  അന്ന് തറപറ്റിച്ചത് കരുത്തനായ ഡോ.എം.കെ. മുനീറിനെ. മന്ത്രിയാക്കാമെന്നു വരെ വാഗ്ദാനമുണ്ടായി. കാത്തുസൂക്ഷിച്ച മന്ത്രിക്കസേര എളമരം കരീം കൊണ്ടുപോയി. 2007 ഫെബ്രുവരിയില്‍ അഭിമുഖവിവാദത്തില്‍പെട്ടു. വാരാദ്യമാധ്യമത്തില്‍ വന്ന അഭിമുഖം പാര്‍ട്ടിവിരുദ്ധമാണെന്നു പാര്‍ട്ടിക്കാര്‍ക്കുതോന്നി. വി.എസ് പക്ഷക്കാരനായി ചിത്രീകരിച്ച് അപ്രഖ്യാപിത വിലക്ക് വന്നു.  വേദികളില്‍നിന്ന് അകറ്റി. അണികള്‍ക്കിടയില്‍ സംഘടിതമായി അപവാദം പ്രചരിപ്പിച്ചു. കൈരളി ടി.വി മുന്‍ഡയറക്ടറായിരുന്ന അലി അറിയാതെ തിരുവനന്തപുരത്ത് അദ്ദേഹം കണ്ടുവെച്ച 80 സെന്റ് സ്ഥലത്ത്  ചാനലിന്റെ കെട്ടിടം ഉയര്‍ന്നു. അത് മറ്റൊരു ഇരുട്ടടിയായി. മലപ്പുറത്ത് പാര്‍ട്ടിയെ നയിച്ചുപോന്ന വിജയരാഘവനില്‍നിന്നും പാലോളിയില്‍നിന്നും അകന്നു.
സ്വന്തമായി ബ്ലോഗ് ഉള്ള കേരള രാഷ്ട്രീയത്തിലെ അപൂര്‍വജീവികളിലൊന്നാണ്. ബിസിനസുകാരനാണെങ്കിലും പാര്‍ട്ടിയിലെ പലരെയും പോലെ രാഷ്ട്രീയത്തില്‍ ബിസിനസ് നടത്തുന്നില്ല. നാലു കൊല്ലം മുമ്പ് സ്വത്തു വിവരം വെളിപ്പെടുത്തുമ്പോള്‍ പത്തുകോടിയുടെ ആസ്തിയുണ്ട്. അഞ്ചുകോടി വിലമതിക്കുന്ന ഭൂമി. മൂന്നുകോടി വിലമതിക്കുന്ന കെട്ടിടങ്ങള്‍. ആയിഷ ടെക്‌സ്‌റ്റൈല്‍സിന്റെ 25 ശതമാനം പങ്കാളിത്തം. സ്‌കോര്‍പിയോ, അര്‍മഡാ, ബെന്‍സ് എന്നീ വാഹനങ്ങള്‍.
1952 ജനുവരി ഒന്നിന് മഞ്ഞളാംകുഴി മുഹമ്മദ് എന്ന മാനുവിന്റെയും പെരിഞ്ചീരി കുഞ്ഞയിഷയുടെയും പത്തു മക്കളില്‍ അഞ്ചാമനായി കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കര്‍ഷകകുടുംബത്തില്‍ ജനനം. ഭൂപരിഷ്‌കരണം കൊണ്ട് വളരെയധികം ഗുണം കിട്ടിയ കുടുംബമായിരുന്നു. കുറേ കൃഷിഭൂമി കിട്ടിയതുകൊണ്ട് കുടുംബത്തിന് നല്ല ഉയര്‍ച്ചയുണ്ടായി. 1965ല്‍ ലീഗിന്റെ തട്ടകം പിടിച്ചെടുത്ത പാലോളിയുടെ പ്രചാരണരംഗത്തെ സജീവസാന്നിധ്യമായിരുന്നു ബാപ്പ. മങ്കട ഗവ. ഹൈസ്‌കൂള്‍, മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജ് എന്നിവിടങ്ങളില്‍ പഠനം. മണ്ണാര്‍ക്കാട് പഠിക്കുമ്പോള്‍ കെ.എസ്.എഫിന്റെ കൊടി പിടിച്ചിട്ടുണ്ട്. കോളജ് പഠനം മതിയാക്കി പൊതുവെ ഏറനാട്ടുകാര്‍ ചെയ്യാറുള്ളതുപോലെ കടല്‍ കടന്നു. 1971ല്‍ യു.എ.ഇയില്‍ ഓഫിസ് അസിസ്റ്റന്റായി ജോലി തുടങ്ങി. 1980ല്‍ കച്ചവടത്തില്‍ കൈവെച്ചു. ടെക്‌സ്‌റ്റൈല്‍ വ്യാപാരത്തില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു. പിന്നീട് പണമിറക്കി സിനിമ പിടിക്കാനിറങ്ങി. 1988ല്‍ മാക് പ്രൊഡക്ഷന്‍സ് എന്ന ചലച്ചിത്രനിര്‍മാണകമ്പനി തുടങ്ങി. എ.ടി. അബുവിന്റെ സംവിധാനത്തില്‍ നിര്‍മിച്ച 'ധ്വനി' ആദ്യചിത്രം. അങ്ങനെ പനങ്ങാങ്ങരക്കാരന്‍ അലി മാക് അലിയായി. പിന്നീട് 'ദ കിങ്', 'ഒരു അഭിഭാഷകന്റെ കേസ് ഡയറി' തുടങ്ങി 25 സിനിമകള്‍ നിര്‍മിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം 1996ല്‍. ആദ്യ മത്സരത്തില്‍ ആയിരം വോട്ടിന്റെ തോല്‍വി. 2001ല്‍ ലീഗിന്റെ ശക്തികേന്ദ്രമായ മങ്കടയില്‍ കെ.പി.എ മജീദിനെ അട്ടിമറിച്ച്  എം.എല്‍.എയായി.  മൂന്നു തവണ ഇടതു സ്വതന്ത്രനായി മത്സരിക്കുകയും രണ്ടു തവണ മങ്കടയില്‍ ലീഗിനെതിരെ അട്ടിമറിവിജയം നേടുകയും ചെയ്തു. ആദ്യം മങ്കടയില്‍ ജയിച്ചപ്പോള്‍ ലീഗുകാര്‍ പറഞ്ഞത് ചക്കയിട്ടപ്പോള്‍ മുയലിനെ കിട്ടിയെന്നാണ്. മുനീറിനെ തറപറ്റിച്ചപ്പോള്‍ അലിയുടെ കരുത്ത് വ്യക്തമായി.കേരള നിയമസഭയുടെ ലൈബ്രറി കമ്മിറ്റി ചെയര്‍മാന്‍, സാമാജികയുടെ ചീഫ് എഡിറ്റര്‍, കേരള പ്രവാസി സംഘത്തിന്റെ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു.
മുണ്ടശ്ശേരിയെയും കൃഷ്ണയ്യരെയും പോലുള്ള സ്വതന്ത്രരുടെ കാലം കഴിഞ്ഞു.അക്കരപ്പച്ച തേടി മറുകണ്ടം ചാടുന്ന ഇടതുസ്വതന്ത്രരുടെ സമീപകാല രാഷ്ട്രീയ പാരമ്പര്യം തന്നെയാവുമോ അലിയും പിന്തുടരുക എന്ന് വൈകാതെ തന്നെ അറിയാം
മാധ്യമം 

Share


Blogger templates

.

ജാലകം

.