ദുരന്തം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍

പാതാളപേടകത്തില്‍നിന്ന് അവസാനത്തെ ആളും പുറത്തിറങ്ങിയപ്പോള്‍ ചിലി മാത്രമല്ല ലോകം മുഴുവന്‍ മന്ദഹസിച്ചു. അസാധ്യമെന്ന് കരുതിയത് സാധ്യമായതിന്റെ സന്തോഷത്തിലായി ലോകം. പുനര്‍ജനിയുടെ സമാശ്വാസമായിരുന്നു ആ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും. അടിയന്തരാവസ്ഥയിലെ ജയില്‍വാസംപോലെയായിരുന്നു മൂവായിരം അടി താഴെ കല്ലറകളില്‍ രണ്ടു മാസത്തിലേറെ നീണ്ടുനിന്ന അവരുടെ വാസം. മോചനം ഉണ്ടാകുമോ എന്നറിയില്ല; ഉണ്ടെങ്കില്‍ എന്നായിരിക്കുമെന്നും അറിയില്ല. ശിക്ഷിക്കപ്പെട്ടവര്‍ക്ക് അവരുടെ മോചനതീയതി കൃത്യമായി അറിയാമെന്ന ആശ്വാസമുണ്ട്.
മുംബൈയിലെ കമാന്‍ഡോ ഓപറേഷന്‍ രാജ്യം മുഴുവന്‍ ടെലിവിഷനില്‍ തത്സമയം കണ്ടു. ഉദ്വേഗത്തിന്റെ അറുപതു മണിക്കൂര്‍ ടിവി തുറന്നുതന്നെയിരുന്നു. അതിന്റെ ആശാസ്യതയെക്കുറിച്ച് പിന്നീട് സംശയങ്ങളുണ്ടായി. എന്നാല്‍, ചിലിയിലെ രക്ഷാപ്രവര്‍ത്തനം ബി.ബി.സി ആദ്യവസാനം കാണിച്ചുകൊണ്ടിരുന്നപ്പോള്‍ ലോകം ആശ്വാസത്തോടെയാണ് കണ്ടിരുന്നത്. ദുരന്തദൃശ്യങ്ങള്‍ നിരന്തരം പതിയുന്ന ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രതീക്ഷയുടെ കാഴ്ചകള്‍ക്കും ഇടമുണ്ടായി. പേടകം തുറന്ന് ആദ്യത്തെയാള്‍ പുറത്തിറങ്ങിയപ്പോള്‍ ലോകം ഒരു സിക്‌സറിന്റെ ആവേശത്തിലായി. പിന്നെ ഓരോ പ്രാവശ്യവും അതാവര്‍ത്തിച്ചു. നമ്മള്‍ കണ്ടിട്ടില്ലാത്തവരും ഇനിയൊരിക്കലും കാണാന്‍ ഇടയില്ലാത്തവരുമായ മുപ്പത്തിമൂന്നു പേര്‍. പക്ഷേ, നമ്മുടെ പിന്നാമ്പുറത്തെവിടെയോ നടക്കുന്ന രക്ഷാപ്രവര്‍ത്തനമെന്ന പോലെ നാമതില്‍ പൂര്‍ണമനസോടെ ഭാഗഭാക്കായി. കര്‍ണാടകയും കോമണ്‍വെല്‍ത്തും നമ്മള്‍ ഒരു ദിവസത്തേക്ക് മറന്നു. വാര്‍ത്താവിനിമയത്തിന്റെ സാങ്കേതികവിദ്യ ലോകത്തെ ആഗോളഗ്രാമത്തിന്റെ അവസ്ഥയിലേക്ക് ചുരുക്കിയിരിക്കുന്നുവെന്ന് മാര്‍ഷല്‍ മക്‌ലൂഹന്‍ പറഞ്ഞത് ശരിയെന്ന് നമുക്ക് ബോധ്യമായി. ഭരതന്റെ മാളൂട്ടിയിലെ പോലെ ശുഭപര്യവസായിയായ കഥാന്ത്യത്തിനുവേണ്ടി സമസ്തലോകത്തോടൊപ്പം നമ്മള്‍ പ്രാര്‍ഥിച്ചു.
അപ്പോളോ 13 നിയന്ത്രണരഹിതമായി ഭൂമിയിലേക്ക് നിപതിച്ചുകൊണ്ടിരിക്കേ ലോകം അനുഭവിച്ച വ്യഥയാണ് ചിലിയില്‍ ആവര്‍ത്തിക്കപ്പെട്ടത്. 1970ലായിരുന്നു ആ അപകടം. പരാജയപ്പെട്ട ചാന്ദ്രപേടകത്തില്‍നിന്ന് പാരച്യൂട്ടുകളില്‍ തൂങ്ങിയാടി മൂന്ന് യാത്രികര്‍ ശാന്തസമുദ്രത്തില്‍ വന്നിറങ്ങിയപ്പോള്‍ ലോകം മുഴുവന്‍ ഹര്‍ഷോന്മാദത്തിലായി. ലോകത്തെ ഭീതിയിലാഴ്ത്തിയ ആ ബഹിരാകാശനാടകം 86 മണിക്കൂര്‍ നീണ്ടുനിന്നു. ലോകം മുഴുവന്‍ ആകുലമായി ശ്വാസമടക്കി നിന്ന മണിക്കൂറുകളായിരുന്നു അവ. അന്നും ടെലിവിഷനില്‍ തത്സമയ സംേപ്രഷണം ഉണ്ടായിരുന്നു. പക്ഷേ, നമുക്ക് അത് കാണുന്നതിനുള്ള സൗകര്യമില്ലായിരുന്നു.
    വിപ്ലവനേതാവ് സാല്‍വദോര്‍ അയെന്‍ഡേയുടെയും വിപ്ലവകവി പാബ്ലോ നെരൂദയുടെയും നാടാണ് ചിലി. സൗമ്യരായ ജനങ്ങള്‍. ദുരന്തമുണ്ടാകുമ്പോളാണ് ഒരു ജനതയുടെ യഥാര്‍ഥസ്വഭാവം വെളിപ്പെടുന്നത്.
ഖനിയിലെ ഇരുട്ടില്‍ ആ തൊഴിലാളികള്‍ പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യവും സാഹോദര്യവും പ്രശംസനീയമാണ്. അസാധാരണമായ മനക്കരുത്തും അതിജീവന ശേഷിയുമാണ് അവര്‍ പ്രകടിപ്പിച്ചത്. രക്ഷയുടെ പേടകം എത്തിയപ്പോള്‍ എത്ര വിശുദ്ധമായ മനസ്സോടെയാണ് അവരതിനെ എതിരേറ്റത്. ആദ്യം കയറാന്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും മറ്റുള്ളവര്‍ക്കുവേണ്ടി വഴിമാറി. സ്വര്‍ഗത്തില്‍നിന്ന് ഒരു ഏണി ഇറങ്ങിവന്നാല്‍ തിക്കും തിരക്കും നിമിത്തം അതില്‍ ആര്‍ക്കും പിടിച്ചുകയറാന്‍ കഴിയാതെവരുമെന്ന് പറയാറുണ്ട്. പൊതുവായ ഈ ലോകതത്ത്വത്തിന് അപവാദമായിത്തീര്‍ന്നു ആ ഖനിത്തൊഴിലാളികള്‍. മുങ്ങുന്ന കപ്പലില്‍നിന്ന് ഏറ്റവും ഒടുവില്‍ രക്ഷപ്പെടുന്നയാള്‍ കപ്പിത്താനായിരിക്കുമെന്ന നാവികതത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ഒടുവില്‍ കാപ്‌സ്യൂളില്‍ കയറിയത് ഫോര്‍മാനായിരുന്നു.
വമ്പിച്ച മാധ്യമകേന്ദ്രീകരണമാണ് കോപ്പിയാപോയിലുണ്ടായത്. ആയിരത്തിലേറെ മാധ്യമപ്രതിനിധികള്‍ ഖനിയുടെ മുകള്‍ത്തട്ടില്‍ തമ്പടിച്ചു. പക്ഷേ, അവര്‍ പെരുമാറിയത് സംയമനത്തോടെയായിരുന്നു. വികാരതീവ്രതക്കുവേണ്ടി അവര്‍ പരിശ്രമിച്ചില്ല. ഉപരിതലത്തിലെത്തുന്ന തൊഴിലാളികള്‍ സൂര്യപ്രകാശത്തോടൊപ്പം മാധ്യമപ്രവര്‍ത്തകരെയും അപകടകരമായി അഭിമുഖീഭവിക്കേണ്ടി വരുമെന്ന ആശങ്കയുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരെ എങ്ങനെ നേരിടണമെന്ന പരിശീലനം യാത്രയുടെ തുടക്കത്തില്‍ അവര്‍ക്ക് നല്‍കിയിരുന്നു.
എന്നാല്‍, ഒന്നും സംഭവിച്ചില്ല. എല്ലാവരും പാലിക്കേണ്ടതായ അകലം പാലിച്ചു. പുനഃസമാഗമത്തിന്റെ നിമിഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്കായി വിട്ടുകൊടുത്തു. ഇപ്പോള്‍ എന്തു തോന്നുന്നു എന്ന പതിവ് ചോദ്യവുമായി ചാനല്‍ കാമറകള്‍ ആരെയും വളഞ്ഞില്ല. കാത്തിരിക്കുന്നവരുടെ കണ്ണീര്‍ വീണ് മൈക്രോഫോണുകള്‍ നനഞ്ഞില്ല. എല്ലാം സ്വാഭാവികമായി ചിത്രീകരിക്കപ്പെട്ടു. കമന്‍േററ്റര്‍മാരുടെ പക്വവും മിതവുമായ വാക്കുകള്‍ക്ക് അസാധാരണമായ കരുത്തുണ്ടായി. കാമറ കാണുമ്പോള്‍ കരയുന്ന നമ്മുടെ സ്ത്രീകളെപ്പോലെയല്ല ചിലിയിലെ പെണ്ണുങ്ങള്‍. കണ്ണീരില്‍ കുതിര്‍ത്തെടുത്ത അസംതൃപ്തിയും പരാതിയുമാണ് നമ്മുടെ ചാനലുകള്‍ക്കിഷ്ടം. സുനാമി ദുരന്തമുണ്ടായപ്പോള്‍ ചാനലുകള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെടുന്ന പരിദേവനം നമ്മള്‍ ആവോളം കണ്ടതാണ്. ആര്‍ക്കും ഒന്നും കിട്ടിയില്ലെന്ന് കഴിയുന്നത്ര ആളുകളെക്കൊണ്ട് പറയിക്കുന്നതിലാണ് നമ്മുടെ ചാനലുകളുടെ സംതൃപ്തി.
സാധാരണക്കാര്‍ മാത്രമല്ല, നേതാക്കളും പഴിചാരാന്‍ ഇഷ്ടപ്പെടുന്നവരാണ്. പഴി ചാരുന്നവര്‍ പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്നവരാണ്. കത്രീന നാശം വിതച്ചപ്പോള്‍ ബുഷ് നിഷ്‌ക്രിയനായിരുന്നു. കടലില്‍ എണ്ണപ്പാട നിറഞ്ഞപ്പോള്‍ ബ്രിട്ടീഷ് പെട്രോളിയത്തെ കുറ്റപ്പെടുത്തി നാള്‍നീക്കാനാണ് ഒബാമ ശ്രമിച്ചത്. വ്യത്യസ്തനായ പ്രസിഡന്റാണ് താനെന്ന് ചിലിയിലെ സെബാസ്റ്റിയന്‍ പിനേറ തെളിയിച്ചു. രക്ഷയുടെ പ്രതലത്തില്‍ അദ്ദേഹം സദാ സന്നിഹിതനായിരുന്നു. ദുരന്തത്തെ നേരിടേണ്ടത് എങ്ങനെയെന്ന് അദ്ദേഹം കാണിച്ചുതന്നു. ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തിയില്ല. പ്രതീക്ഷയുടെ അചഞ്ചലമായ പ്രതീകമായി ശുഭപ്രതീക്ഷയുടെ ദ്വാരമുഖത്ത് അദ്ദേഹം നിലയുറപ്പിച്ചു.
സുതാര്യതയാണ് ചിലിയുടെ രക്ഷാപ്രവര്‍ത്തനത്തെ വിജയത്തിലെത്തിച്ചത്. ആരില്‍നിന്നും ഒന്നും മറച്ചുവെച്ചില്ല. അതുകൊണ്ട് എല്ലായിടത്തുനിന്നും സഹായവും വൈദഗ്ധ്യവും  കോപ്പിയാപോയിലെത്തി. ഖനി അപകടങ്ങള്‍ പതിവായി സംഭവിക്കുന്ന രാജ്യമാണ് ചൈന. ആരും അറിയാറില്ലെന്നു മാത്രം. സോവിയറ്റ് യൂണിയനിലും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. ആദ്യകാലത്തെ ബഹിരാകാശയാത്രികരില്‍ നിരവധി പേര്‍ മരിച്ചുപോയിട്ടുണ്ട്. അവര്‍ ശൂന്യാകാശത്ത് ഇപ്പോഴും ചുറ്റിക്കറങ്ങുന്നുണ്ടാകാം. മാധ്യമങ്ങള്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യമാണ് സുതാര്യത ഉറപ്പാക്കുന്നത്. കാര്യങ്ങള്‍ സുതാര്യമാകുമ്പോള്‍ കാര്യക്ഷമത വര്‍ധിക്കും.
അനിയന്ത്രിതമായ മാധ്യമ ഇടപെടല്‍ നിമിത്തം കാര്യങ്ങള്‍ വഷളാകുന്നതിനും ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. അവയിലൊന്നാണ് മുംബൈ. ജിജ്ഞാസ അതിരുവിടുകയും മത്സരം മുറുകുകയും ചെയ്യുമ്പോഴാണ് അപകടമുണ്ടാകുന്നത്. ഡ്രില്ലിങ് ലക്ഷ്യത്തിലെത്തിയെന്ന ശുഭവാര്‍ത്ത അറിയിച്ച ഖനി മന്ത്രി ലോറന്‍സ് റിവെറോസിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു: അവരെങ്ങനെയുണ്ട്? നിങ്ങളേക്കാള്‍ ശാന്തരാണെന്നായിരുന്നു മറുപടി. അശാന്തരായ മാധ്യമപ്രവര്‍ത്തകരെയാണ് തലയില്ലാക്കോഴികള്‍ എന്ന് റോണെന്‍ സെന്‍ വിളിച്ചത്. വിശേഷണം എം.പിമാര്‍ ഏറ്റെടുത്തതുകൊണ്ട് സെന്നിനെതിരെ മാധ്യമങ്ങളുടെ ആക്രമണമുണ്ടായില്ല. തലയില്ലാക്കോഴിയുടെ നാടന്‍രൂപമാണ് നിലാവത്ത് അഴിച്ചു വിട്ട കോഴി. പതിയിരുന്നാണ് ഇരയെ തേടേണ്ടത്. കുതിച്ചുചാടുന്നതും കൊത്തിപ്പറക്കുന്നതും ആവശ്യമുള്ളപ്പോള്‍ മാത്രം മതി. ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മാത്രമല്ല, ദുരന്ത റിപ്പോര്‍ട്ടിങ്ങിലും കോപ്പിയാപോ ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്.


സെബാസ്റ്റിയന്‍ പോള്‍

Share

2 അഭിപ്രായ(ങ്ങള്‍):

  • കുണാപ്പന്‍ says:
    2010, ഒക്‌ടോബർ 16 5:17 AM

    മുഴുവന്‍ ഇങ്ങനെ ബോള്‍ഡ് ആയാല്‍ വായനാ സുഖം ഉണ്ടാവില്ല.

  • Unknown says:
    2010, ഒക്‌ടോബർ 17 2:54 AM

    @സ്വതന്ത്ര ചിന്തകന്‍പ്രശ്നം''ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി ഇനി ശ്രദ്ധിക്കാം ..

Blogger templates

.

ജാലകം

.