യു.ഡി.എഫ് അറിയുമോ സുബ്ബയെ?


ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-6

ഇന്ത്യയില്‍ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ ലോട്ടറി വ്യാപാരം നടക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, നിയമപരവും അല്ലാത്തതുമായ ലോട്ടറികള്‍ രാജ്യത്തെ പട്ടിണിപ്പാവങ്ങളില്‍ നിന്ന് അപഹരിക്കുന്ന യഥാര്‍ഥ തുക ഈ സര്‍ക്കാര്‍ കണക്കിന്റെ പത്തിരട്ടിയെങ്കിലും വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ ലോട്ടറി മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സെക്യൂരിറ്റീസ്  ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേല്‍നോട്ടത്തില്‍ പ്രത്യേക അതോറിറ്റി രൂപവത്കരിക്കണമെന്ന നിര്‍ദേശം പലതവണ ഉയര്‍ന്നതാണ്. പക്ഷേ, നടപടികള്‍ എവിടെയും എത്തിയില്ല.
രാജ്യത്ത് 25,000 കോടി രൂപയുടെയെങ്കിലും അനധികൃത ലോട്ടറി വ്യാപാരം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ തന്നെ പലതവണ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അതിനെതിരെ നടപടിയൊന്നും എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ല.  ഭൂട്ടാന്‍ എന്ന ഹിമാലയന്‍ രാജ്യത്തിന്റെ പേരിലുള്ള ലോട്ടറികള്‍ ഇഷ്ടംപോലെ അച്ചടിച്ചുകൂട്ടി സാന്റിയാഗോ മാര്‍ട്ടിനെപോലുള്ളവര്‍ ഈ രാജ്യത്തുനിന്ന് കോടികള്‍ കടത്തിയിട്ടും രാജ്യവ്യാപകമായി ഇതുതടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതിനു പിന്നില്‍ ഏറെ കളികളുണ്ട്. ഇന്ത്യയിലെ സിക്കിം സംസ്ഥാനത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂട്ടാന്‍ എന്ന ചെറുരാജ്യം 1976ല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ തുടങ്ങിയ ലോട്ടറി ഇന്ന് പക്ഷേ, മാര്‍ട്ടിനെപ്പോലുള്ള സ്വകാര്യ മുതലാളിമാര്‍ക്ക് പണം വാരാനുള്ള വഴി മാത്രമാണ്. എന്നിട്ടും, ഭൂട്ടാന്‍ ലോട്ടറി ബിസിനസിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് കോടികള്‍ കൊള്ളയടിക്കപ്പെടുന്നതിന്  കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നു.

എന്തുകൊണ്ടിത് സംഭവിക്കുന്നു എന്നറിയണമെങ്കില്‍ മണികുമാര്‍ സുബ്ബയെപ്പോലുള്ളവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള സ്വാധീനം എന്തെന്ന് മനസ്സിലാക്കണം. ചൂതാട്ടത്തിന്റെ ലോകത്ത് സാന്റിയാഗോ മാര്‍ട്ടിന്‍ രാജാവാണെങ്കില്‍ മണികുമാര്‍ സുബ്ബ ചക്രവര്‍ത്തിയാണ്. മാര്‍ട്ടിന്റെ പക്കല്‍ നിന്ന് രണ്ടു കോടി സംഭാവന വാങ്ങിയതിനാണ് സി.പി.എമ്മുകാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെങ്കില്‍, മൂന്നുവട്ടം മണികുമാര്‍ സുബ്ബ പാര്‍ലമെന്റില്‍ എത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ടിക്കറ്റിലാണ്. ലോട്ടറി രാജാവായ കോണ്‍ഗ്രസ് എം.പി!  അസമിലെ തേസ്‌പൂരില്‍ നിന്ന്  മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മത്‌സരിച്ച് വിജയിച്ച് ലോക്‌സഭയിലെത്തിയ 'നേതാവ്'ആണ് സുബ്ബ. മൂന്നു വട്ടവും തേസ്‌പൂരില്‍ മത്‌സരിച്ചപ്പോള്‍, അയാളുടെ പണക്കൊഴുപ്പിന് മുകളില്‍ ഒരു പരുന്തും പറന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പക്ഷേ, തോറ്റു. മറ്റൊരു വിവാദം അപ്പോഴേക്കും കത്തിപ്പടര്‍ന്നു കഴിഞ്ഞിരുന്നു. എതിര്‍ സ്ഥാനാര്‍ഥി ജനസ്വാധീനത്തില്‍ ശക്തനുമായിരുന്നു. വിവാദം അപ്പോഴും ലോട്ടറി ചൂതാട്ടം വഴി സുബ്ബ ഉണ്ടാക്കിയ ശതകോടികളെക്കുറിച്ചായിരുന്നില്ല. പൗരത്വമാണ് പ്രശ്‌നമായത്.

ലോക്‌സഭയിലേക്ക് മൂന്നു വട്ടം തെരഞ്ഞെടുക്കപ്പെട്ട സുബ്ബ ഇന്ത്യന്‍ പൗരനല്ല, നേപ്പാളുകാരനാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ പലതായിരുന്നു. ഒരു കൊലക്കേസില്‍ പ്രതിയായി നേപ്പാളില്‍ തടവില്‍ കഴിയുകയായിരുന്ന സുബ്ബ, 1973ല്‍ തടവുചാടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു എന്നതിന് വിശ്വസനീയമായ സാഹചര്യങ്ങള്‍ പലതുണ്ട്. ഇവിടെ എത്തി ലോട്ടറിയുടെ ലോകം കെട്ടിപ്പടുത്തു.  സിക്കിം, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തേക്ക് പരന്നൊഴുകിയ പലവിധ ലോട്ടറി രൂപങ്ങള്‍ക്ക് പിന്നില്‍ മലയാളികള്‍ അടക്കം വന്‍തുക മുടിച്ചപ്പോള്‍, കുമിഞ്ഞുകൂടിയ കോടികള്‍ക്കു മുന്നിലിരുന്ന് സുബ്ബ പൊട്ടിച്ചിരിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും സമ്പന്നനാണ് സുബ്ബ. തനിക്ക് 19 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് 2004ല്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയുടെ സമര്‍പ്പണവേളയില്‍ ഇയാള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍, യഥാര്‍ഥ സമ്പാദ്യം അതിന്റെ എ്രതയോ മടങ്ങ് അധികമാണ്. നാഗാലാന്‍ഡില്‍ ലോട്ടറി വ്യാപാരത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ മുങ്ങിനില്‍ക്കെയാണ് കോണ്‍ഗ്രസ് ഇയാള്‍ക്ക് ടിക്കറ്റ് നല്‍കി വിജയിപ്പിച്ച് പാര്‍ലമെന്റില്‍ എത്തിച്ചത്. സിക്കിം, മണിപ്പൂര്‍, നാഗാലാന്‍ഡ് സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട കോടികളുടെ ലോട്ടറി നികുതിപ്പണം വെട്ടിച്ചു എന്ന കേസില്‍ സുബ്ബക്കെതിരായ നടപടികള്‍ പിന്നീട് എങ്ങുമെത്തിയില്ല. സുബ്ബയുടെ എം.എസ് അസോസിയേറ്റ്‌സ് എന്ന ലോട്ടറി കമ്പനി കോടികളുടെ അഴിമതി നടത്തിയതായി സി.എ.ജി റിപ്പോര്‍ട്ടില്‍ 1999 ല്‍ തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഈ കണ്ടെത്തലുകളൊന്നും പക്ഷേ, എവിടെയും എത്തിയില്ല. കോണ്‍ഗ്രസ് നേതാക്കളുടെ തണലില്‍ സുബ്ബ ഇന്നും സുരക്ഷിതനായി വിഹരിക്കുന്നു.
സുബ്ബയുടെ കോടികള്‍ക്ക് മുന്നില്‍ അയാളുടെ പൗരത്വ പ്രശ്‌നവും രാഷ്ട്രീയ സദാചാരവുമൊക്കെ ഭക്ത്യാദര പൂര്‍വം മാറിനിന്നു. പൗരത്വ വിഷയത്തില്‍ കേസ് സുപ്രീംകോടതി വരെ എത്തിയിട്ടും ഫലമുണ്ടായില്ല. സുബ്ബക്കെതിരെ സി.ബി.ഐക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി വിധിച്ചത് ഇക്കൊല്ലം ആദ്യമാണ്. കോടതി വിധി പക്ഷേ, സി.ബി.ഐ അറിഞ്ഞിട്ടില്ല; അറിയാന്‍ പോകുന്നുമില്ല. 

ചൂതാട്ട സാമ്രാജ്യത്തിലേക്ക് ഒഴുകിയെത്തുന്ന കോടികള്‍ക്ക് മുന്നില്‍ കണ്ണു മഞ്ഞളിച്ചു നില്‍ക്കുകയാണ് ഇന്ത്യയില്‍ രാഷ്ട്രീയ നേതൃത്വം. അതുകൊണ്ട് സുബ്ബമാരും മാര്‍ട്ടിന്‍മാരും സാധാരണക്കാരനെ മോഹവലയത്തില്‍ പെടുത്താന്‍ ആവിഷ്‌കരിക്കുന്ന ഒറ്റ നമ്പര്‍ അടക്കം പലവിധ നമ്പറുകള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാനാണ് ഭരണ പാര്‍ട്ടികള്‍ എപ്പോഴും ശ്രമിക്കുന്നത്. കേന്ദ്രത്തിലായാലും കേരളത്തിലായാലും ചൂതാട്ടവീരന്‍മാര്‍ക്ക് രാഷ്്രടീയക്കാരുടെ തണലുണ്ട്.
സുപ്രീംകോടതി വരെ നീളുന്ന ലോട്ടറി കേസുകളില്‍, ലോട്ടറി രാജാക്കന്മാര്‍ക്ക് വേണ്ടി വാദിക്കുന്നത് മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന മുന്തിയ അഭിഭാഷകരാണ്. ചൂതാട്ടക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാറുകളും സ്വീകരിച്ചു വരുന്നത്. ഇതിനെല്ലാമിടയില്‍, ഒരു നിമിഷം കൊണ്ട് ലക്ഷാധിപതിയാകാന്‍ കൊതിക്കുന്ന ഭാഗ്യാന്വേഷികളുടെ ചോരയൂറ്റി ലോട്ടറി രാജാക്കന്മാര്‍ക്ക് തടിച്ചു കൊഴുക്കാതെ വയ്യ!
(പരമ്പര അവസാനിച്ചു)

മാധ്യമം 

Blogger templates

.

ജാലകം

.