വന്നെത്തി, നിഗൂഢതയുടെ ‘നല്ല’ ദിനങ്ങള്‍


പാര്‍ലമെന്‍റിന്‍െറ ഇടനാഴികളില്‍ പാണന്മാര്‍ പാടിനടക്കുന്ന ഒരു കഥ പറയാം. പ്രധാനമന്ത്രിക്കെന്നല്ല, ലോക്സഭയില്‍ ആര്‍ക്ക് ഇരിക്കാനും പ്രത്യേക സീറ്റുണ്ട്. പ്രധാനമന്ത്രിയുടെ സീറ്റ് സ്പീക്കറുടെ കസേരക്ക് താഴെ, വലതുവശത്ത് മുന്‍നിരയില്‍ ആദ്യത്തേതാണ്. രണ്ടുപേര്‍ക്ക് കുശാലായി ഇരിക്കാം. കഴിഞ്ഞ സഭയില്‍ പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ്ങും സഭാ നേതാവായി ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുമാണ് അതില്‍ ഇരുന്നത്. ഇക്കുറി സഭാനേതാവും പ്രധാനമന്ത്രിയും നരേന്ദ്ര മോദിതന്നെ. ആ നിലക്ക് നോക്കിയാല്‍ രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന മുന്‍നിരയിലെ ആദ്യ കസേര സമ്പൂര്‍ണമായും കൈയടക്കാന്‍ മോദിക്ക് സാങ്കേതികമായി അവകാശമുണ്ട്. പുതിയ സഭ സമ്മേളിച്ച് അടുക്കും ചിട്ടയുമായി വരുന്ന ആദ്യദിനങ്ങളില്‍ മുതിര്‍ന്ന നേതാവും ബി.ജെ.പിയുടെ പഴയ ലോഹപുരുഷനുമായ എല്‍.കെ. അദ്വാനി നേരെ പോയിരുന്നത് മോദിക്കടുത്ത സീറ്റിലാണ്. സാങ്കേതികമായി നോക്കിയാല്‍ അതിനൊരു അവകാശം അദ്വാനിക്കുണ്ട്. പാര്‍ട്ടി വളര്‍ത്തിയ മഹാരഥന്‍. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തെ സമീപകാലം വരെ നയിച്ച ചെയര്‍മാന്‍. മാത്രമല്ല, പാര്‍ലമെന്‍റിലേക്ക് ആദ്യമായി കാലെടുത്തു വെച്ച ദിനത്തില്‍ സെന്‍ട്രല്‍ ഹാളില്‍വെച്ച് അദ്വാനിയെ പുകഴ്ത്തിപ്പറഞ്ഞ് മോദി കണ്ണീര്‍ തൂവിയതുമാണല്ളോ. ബി.ജെ.പിയുടെ വിജയം മോദിയുടെ കൃപകൊണ്ടാണെന്ന് സെന്‍ട്രല്‍ ഹാളില്‍ അദ്വാനി പ്രസംഗിച്ചപ്പോള്‍ തൊണ്ടവരണ്ട്, വിങ്ങിപ്പൊട്ടി മോദി പ്രസംഗിച്ചത് :‘നിങ്ങള്‍ എന്നെ കാണുന്നത് എന്‍െറ വലുപ്പം കൊണ്ടല്ല. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നെ തോളിലേറ്റിയിരിക്കുന്നതു കൊണ്ടാണ്’. അങ്ങനെ തൊട്ടിലാട്ടി, തോളിലേറ്റി കുറെനാള്‍ കൊണ്ടുനടന്നവന്‍ പ്രധാനമന്ത്രിയായാല്‍, നാലാളെ കാണിക്കാനെങ്കിലും ദൂരേക്ക് മാറ്റിയിരുത്തില്ളെന്ന് അദ്വാനിക്ക് സധൈര്യം ചിന്തിക്കാം. പക്ഷേ, സംഭവിച്ചത് മറ്റൊന്ന്. പാര്‍ലമെന്‍റ് മന്ദിരത്തില്‍ എന്‍.ഡി.എ ചെയര്‍മാന്‍ എല്‍.കെ. അദ്വാനിക്ക് പ്രത്യേകം ഉണ്ടായിരുന്ന മുറി പൊടുന്നനെ അദ്ദേഹത്തിന്‍േറതല്ലാതായി. അദ്വാനിയെന്ന് എഴുതിയ ബോര്‍ഡ് ‘ആരോ’ ഇളക്കിമാറ്റി. ലോക്സഭയിലോ? പ്രധാനമന്ത്രിക്ക് ഇരിക്കാനുള്ള ഇടം കഴിഞ്ഞ് ഒന്നാം നമ്പര്‍ കസേരയില്‍ ബാക്കിയുള്ള സ്ഥലത്ത് ഫയലിന്‍െറ കെട്ടുകള്‍ നിരന്നു. അദ്വാനിക്കും ഇതര ബി.ജെ.പി നേതാക്കള്‍ക്കും അതോടെ കാര്യം മനസ്സിലായി. അദ്വാനി കുറെ അകലെയുള്ള സീറ്റിലേക്ക് മാറിയിരുന്നു. കാണാതായ ബോര്‍ഡ് പിന്നെയും അദ്വാനിയുടെ മുറിക്കു മുന്നില്‍ തൂങ്ങിയത് അതിനുശേഷമാണ്. ഇപ്പോള്‍ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ സഭയില്‍ അദ്വാനി വരുന്നു, ഒതുങ്ങിയിരിക്കുന്നു, പോകുന്നു. ലോക്സഭയില്‍ മോദിയുടെ അടുത്ത് ഇപ്പോള്‍ മറ്റാരും വന്നിരിക്കാറില്ല. മന്ത്രിസഭയില്‍ നമ്പര്‍ ടു? പ്രധാനമന്ത്രി കഴിഞ്ഞാല്‍ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നിവയാണ് സുപ്രധാന വകുപ്പുകള്‍. രണ്ടാം നമ്പറുകാരനായി അതിലൊരാളെ കണക്കാക്കാറുണ്ട്. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍ നടത്തേണ്ട ചുമതല അദ്ദേഹത്തിനായിരിക്കും. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്വാനി, മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രണബ് മുഖര്‍ജി, അദ്ദേഹം രാഷ്ട്രപതിയായ ശേഷം എ.കെ. ആന്‍റണി എന്നിങ്ങനെയായിരുന്നു രണ്ടാമന്മാര്‍. കേന്ദ്രമന്ത്രിസഭയില്‍ മോദി കഴിഞ്ഞാല്‍ പിന്നൊരു ശൂന്യതയാണ്. പ്രധാനമന്ത്രി ഒന്നില്‍ക്കൂടുതല്‍ തവണ വിദേശത്തുപോയി. അതിനിടയില്‍ പാര്‍ലമെന്‍റ് സമ്മേളിച്ചുകൊണ്ടിരുന്നു. പക്ഷേ, മോദിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭായോഗം നടന്നില്ല. രണ്ടാമന്‍െറ ചുമതല ആരും വഹിക്കുന്നതായി കണ്ടില്ല. അതേക്കുറിച്ച് വേവലാതിപ്പെട്ട പത്രക്കാരോട് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ന്യായം നിരത്തി: ‘പ്രധാനമന്ത്രിക്ക് തുല്യന്‍ പ്രധാനമന്ത്രി മാത്രം’. അദ്ദേഹം വിദേശത്തുപോയാല്‍ തിരിച്ചത്തെുമ്പോള്‍ മാത്രമേ മന്ത്രിസഭ ചേരുന്നുള്ളൂ. വിദേശത്തുപോയാലും പ്രധാനമന്ത്രി എല്ലാമറിയുന്നുണ്ട്. പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്‍െറ ഓഫിസിലുള്ളവരുമുണ്ട്. പ്രധാനമന്ത്രി എവിടെയുണ്ടോ, അവിടെ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. പിന്നെ രണ്ടാമന് എന്ത് പ്രസക്തി? സംഗതി ശരിയാണ്. മോദി അധികാരത്തില്‍ വന്നിട്ട് ഏതാനും ആഴ്ച മാത്രമാണ് കടന്നുപോയതെങ്കിലും മന്ത്രിസഭയെയും പാര്‍ട്ടിയെയും മോദിയും വിശ്വസ്തരും മൊത്തമായി നിഷ്പ്രഭമാക്കി കഴിഞ്ഞിരിക്കുന്നു. അധികാരത്തിന്‍െറ ഇടനാഴികളിലെ തൂണിലും തുരുമ്പിലും മോദിയുണ്ട്. അഥവാ തൂണുകള്‍ക്കും ഭിത്തികള്‍ക്കും ചെവിയുണ്ടെന്ന് ഭരണത്തിലുള്ളവരും പാര്‍ട്ടി നേതാക്കളും ഒരുപോലെ ഭയക്കുന്നു. പാര്‍ലമെന്‍റിലും പാര്‍ട്ടിയിലും മോദിയുടെ പ്രതിപക്ഷം നന്നേ ശുഷ്കിച്ചു. പിടലി വെട്ടി, വേദന മൂത്ത് ബജറ്റ് പ്രസംഗം മുറിക്കേണ്ടി വന്നിട്ടും ധന-പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ ഉണ്ടാക്കിയ പുതുചരിത്രവും റെക്കോഡും വിശദീകരിക്കാനാണ് മാധ്യമലോകത്തിന് കമ്പം. ബജറ്റ് അവതരണത്തിനിടെ സഭക്ക് ഇടവേള നല്‍കിയ ചരിത്രം ജെയ്റ്റ്ലിയുടെ ബജറ്റിനു മാത്രമത്രേ. ഇത്രയും നീണ്ട ബജറ്റ് പ്രസംഗം ഉണ്ടായിട്ടില്ലത്രേ. ധനമന്ത്രിയുടെ അത്യധ്വാനമാണ് പിടലി വേദനയിലേക്ക് നയിച്ചതത്രേ. അതൊക്കെയും ശരിയാണ്. അങ്ങേയറ്റം സുപ്രധാനമായ വകുപ്പുകളുടെയെല്ലാം നിര്‍വഹണച്ചുമതല ജെയ്റ്റ്ലി-രാജ്നാഥ് സിങ്ങുമാര്‍ക്ക് പുറത്തേക്ക് വിട്ടുകൊടുക്കാന്‍ മോദിക്ക് മനസ്സുവന്നിട്ടില്ളെന്നാണ് പക്ഷേ, വായിച്ചെടുക്കേണ്ടത്. മന്ത്രിമാരുടെ എണ്ണം ചുരുക്കിയ പെരുമയുടെ മറുപുറമാണത്. സുപ്രധാനമായ പ്രതിരോധവും ധനകാര്യവും ഒന്നിച്ച് കൈകാര്യം ചെയ്യുന്ന അരുണ്‍ ജെയ്റ്റ്ലിതന്നെയാണ് പാര്‍ലമെന്‍റ് സമ്മേളനത്തിനിടക്ക് വിദേശകാര്യം, വാണിജ്യം തുടങ്ങിയ വകുപ്പുകളിലെ മര്‍മപ്രധാനമായ വിഷയങ്ങളില്‍ മോദിയുടെ താല്‍പര്യാര്‍ഥം നിലപാടെടുക്കുന്നത്. പ്രധാനമന്ത്രിയുടെ വിദേശയാത്രയില്‍ വിദേശകാര്യമന്ത്രി പോകുന്നത് പതിവു മാത്രമല്ല; അനിവാര്യതയുമാണ്. നയതന്ത്രത്തില്‍ പ്രധാനമന്ത്രിയെ സഹായിക്കാന്‍ വിദേശമന്ത്രി ഒപ്പം വേണം. ഏറ്റവും സുപ്രധാനമായ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനും ലോകനേതാക്കളുമായി ചര്‍ച്ച നടത്താനും മോദി ബ്രസീലിലേക്ക് പോയപ്പോള്‍ സുഷമ സ്വരാജിനെ വിളിച്ചില്ല. ലോക്സഭയില്‍ വിദേശകാര്യ മന്ത്രി ഹാജരുണ്ടായിട്ടും ഗസ്സ വിഷയത്തില്‍ പ്രമേയത്തിനോ ചര്‍ച്ചക്കോ സര്‍ക്കാര്‍ ഒരുക്കമല്ളെന്നു പറയാന്‍ സഭയില്‍ എഴുന്നേറ്റത് വെങ്കയ്യ നായിഡുവാണ്. മുംബൈ ഭീകരാക്രമണ സൂത്രധാരനെന്ന് ഇന്ത്യ കരുതുന്ന ഹാഫിസ് സഈദും കാവി പത്രക്കാരന്‍ വേദ് പ്രതാപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വിദേശകാര്യ മന്ത്രിക്കു മുമ്പേ പറഞ്ഞത് ജെയ്റ്റ്ലിയാണ്. ഒതുക്കല്‍ പ്രക്രിയ ഒരുവശത്ത് ഇങ്ങനെ നടക്കുമ്പോള്‍ മറുവശത്ത്, തനിക്കു കിട്ടിയ വകുപ്പില്‍ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്ന കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് മന്ത്രിഗണം. ഏതാണ് മോദിക്ക് പിടിക്കുക, പിടിക്കാതിരിക്കുക എന്നറിയില്ല. അറിയാവുന്നത്, ഒരുപറ്റം വ്യവസായികളെ പിണക്കരുതെന്നുമാത്രം. എത്ര അനായാസമായാണ് അമിത് ഷാ എന്ന ക്രിമിനല്‍ കേസ് പ്രതി ബി.ജെ.പി പ്രസിഡന്‍റായത്! ഹിമാചല്‍പ്രദേശുകാരനായ ജെ.പി. നദ്ദ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ മുന്‍നിരക്കാരനായിരുന്നു. പക്ഷേ, മോദിയുടെ താല്‍പര്യമാണ് നടപ്പായത്. അമിത് ഷായുടെ നേട്ടത്തിനപ്പുറം, ഈ തീരുമാനം ബി.ജെ.പിയെ ഭാവിയില്‍ എങ്ങനെയൊക്കെ പരിക്കേല്‍പിക്കുമെന്ന ആശങ്ക പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിനുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിക്ക് നാട്ടില്‍ കടക്കുന്നതിന് പരമോന്നത നീതിപീഠം ഒരിക്കല്‍ വിലക്ക് കല്‍പിച്ചതാണ്. സി.ബി.ഐ അടക്കമുള്ള അന്വേഷണ സംവിധാനങ്ങളും ഭരണയന്ത്രമാകത്തെന്നെയും മോദിയുടെ കാല്‍ക്കീഴിലേക്ക് എത്തിക്കഴിഞ്ഞിരിക്കെ, ദു$സ്വാധീനങ്ങള്‍ ഉണ്ടാകാതെ നീതിപൂര്‍വകമായ വിചാരണ നടക്കാന്‍ ഗുജറാത്തില്‍നിന്ന് മുംബൈക്ക് മാറ്റിയ കേസിന്‍െറ ഭാവി പ്രവചിക്കാന്‍ എന്താണ് പ്രയാസം? അമിത് ഷാക്കുവേണ്ടി വാദിച്ച അഭിഭാഷകനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത് ഇക്കൂട്ടത്തില്‍ ചേര്‍ത്തുവായിക്കുക. ആര്‍.എസ്.എസിന്‍െറ കൈത്താങ്ങില്‍ മോദിയും ഷായും ഭരണവും പാര്‍ട്ടിയും നിയന്ത്രിക്കുന്ന ജനായത്തം, പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ അപഥസഞ്ചാരത്തിലേക്ക് വഴുതുന്നെന്നാണ് കഴിഞ്ഞുപോയ ഏതാനും ആഴ്ച കാണിച്ചുതരുന്നത്. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതും ഗവര്‍ണര്‍മാരെ തെറിപ്പിക്കുന്നതും സുപ്രീംകോടതിയുമായി ഇടയുന്നതുമൊക്കെ നമുക്ക് നേര്‍ക്കുനേര്‍ കാണാനാവുന്നു. ഒരുവഴിക്ക് മറയില്ലാത്തതും മറ്റൊരു വഴിക്ക് ദുര്‍ഗ്രഹവുമായ അജണ്ടകള്‍ കൂടിച്ചേര്‍ന്ന ഭരണം ഫാഷിസത്തിന്‍െറ വലിയ കുടുക്കുകളിലേക്കാണ് ജനാധിപത്യ രാഷ്ട്രത്തെ കൂട്ടിക്കൊണ്ടു പോകുന്നതെന്ന് വായിച്ചെടുക്കാനേ തല്‍ക്കാലം കഴിയൂ. എ.എസ് സുരേഷ്കുമാര്‍

Google+ Followers

Blogger templates

.

ജാലകം

.