സൗമ്യ വധം: യഥാര്‍ഥ പ്രതികള്‍ ആരെല്ലാം


കേരളത്തിന്‍െറ മനഃസാക്ഷിയെ ഞെട്ടിച്ച്  ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലക്കല്‍ ഗണേശന്‍െറയും സുമതിയുടെയും മകള്‍ സൗമ്യ (23) ക്രൂരമായ മരണത്തിനിരയായിട്ട് ഈ ആഴ്ച ഒമ്പതു മാസം തികയുന്നു. കേസില്‍ തൃശൂര്‍ അതിവേഗകോടതിയുടെ അന്തിമവിധി വിളിപ്പാടകലെയാണ്. പ്രതിക്ക് വധശിക്ഷ ഏതാണ്ട് ഉറപ്പാണെന്നാണ് സൂചനകള്‍.
കേസില്‍ ഇനി വിശ്രമകാലമാണ്. പൊലീസിനും പ്രോസിക്യൂഷനും അഭിഭാഷകര്‍ക്കുമെല്ലാം  ദീര്‍ഘനിശ്വാസവേള. വിവാദങ്ങള്‍ കാമറക്കുപിന്നിലേക്കൊതുക്കി മാധ്യമങ്ങളും മടങ്ങും. സൗമ്യ, അമ്മ സുമതിയുടെയും സഹോദരന്‍ സന്തോഷിന്‍െറയും നെഞ്ചിലെ കനല്‍മാത്രമാകും. ബന്ദുനടത്തിയവരും പൊതുമുതല്‍ നശിപ്പിച്ചവരും മുദ്രാവാക്യം മുഴക്കിയവരും  മറ്റേതെങ്കിലും വിഷയത്തിലേക്ക് ഇനി മുഷ്ടിചുരുട്ടും;  അനേകം ഗോവിന്ദച്ചാമിമാര്‍ ഇപ്പോഴും കാമവെറിപൂണ്ട് ഓടിനടക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
എന്നാല്‍,  ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് സൗമ്യകേസ് നമ്മുടെയെല്ലാം ഓര്‍മകളില്‍നിന്ന് ഓടിയൊളിക്കുന്നത്. സത്യത്തില്‍ ആരാണ് പ്രതി ഗോവിന്ദച്ചാമി? എന്താണ് ഇയാളുടെ പശ്ചാത്തലം. വെറുമൊരു തെരുവ് ക്രിമിനലാണ്  ഇയാളെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി കേസ് നടത്താന്‍ എങ്ങനെയാണ് കഴിയുന്നത്? ഇയാളെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി മുംബൈയില്‍നിന്നടക്കം അഭിഭാഷകപ്പടയെ നിയോഗിച്ചതാര്? സുപ്രീംകോടതിയില്‍ പോയിട്ടായാലും ഇയാളെ രക്ഷിക്കുമെന്നാണ് പ്രതിഭാഗം അഭിഭാഷകസംഘം പറയുന്നത്. അങ്ങനെയെങ്കില്‍ ഇതിനൊക്കെയുള്ള ചെലവ് ആര്‍ വഹിക്കും?  ഇത്രയും തുക ചെലവഴിച്ച് ജീവന്‍ രക്ഷിക്കാന്‍ മാത്രം പ്രതിക്കുള്ള പ്രാധാന്യമെന്താണ്?
 കേവലം പബ്ളിസിറ്റിക്ക് മാത്രമായാണ്  അഭിഭാഷകസംഘം കേസില്‍ ഇടപെട്ടതെന്നായിരുന്നു നേരത്തേയുള്ള പ്രതികരണം. എന്നാല്‍, തമാശക്കു വന്നവരല്ല തങ്ങളെന്ന് കോടതിയില്‍ ഇവര്‍ തെളിയിച്ചുകഴിഞ്ഞു.  എല്ലാ തെളിവുകളും എതിരായിട്ടും സര്‍ക്കാര്‍ ചെല്ലും ചെലവും നല്‍കുന്ന പൊലീസ് സര്‍ജനെക്കൊണ്ടുപോലും പ്രതിയെ രക്ഷിക്കുന്നതരത്തില്‍ മൊഴി നല്‍കിപ്പിച്ചവരാണ് അവര്‍. വിധി പ്രതികൂലമായാലും ഹൈകോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ പോവുമെന്നാണ്  അഭിഭാഷകസംഘം പറയുന്നത്. നിങ്ങള്‍ വിധിച്ചോളൂ ഞങ്ങള്‍ മേല്‍കോടതിയില്‍ കണ്ടോളാം എന്നാണ്  നെഞ്ചുവിരിച്ച് ഇവര്‍ ആവര്‍ത്തിക്കുന്നത്.
കേസിന്‍െറ തുടക്കംമുതല്‍ കേട്ടുവരുന്നതാണ്  ഈ ചോദ്യങ്ങളിലേറെയും. മാസങ്ങള്‍ നീണ്ട വിചാരണ കഴിഞ്ഞ് കേസ് വിധിക്ക് തൊട്ടടുത്തെത്തിയിട്ടും എന്നാല്‍, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടില്ല. പൊലീസും ആഭ്യന്തരവകുപ്പും ഇക്കാര്യങ്ങളില്‍ ഇപ്പോഴും തപ്പിത്തടയുകയാണ്. ജനവികാരം മനസ്സിലാക്കി ഹൈകോടതി സൗമ്യകേസിന്‍െറ  പ്രാധാന്യം അംഗീകരിച്ചാലും സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ വെറുമൊരു കേസ് മാത്രമായി ഇത് പരിഗണിക്കപ്പെടുമെന്നും അവിടെ വിധി തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ്  അഭിഭാഷകപ്പട ആവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ആദ്യം സൂചിപ്പിച്ച ചോദ്യങ്ങള്‍ക്ക് പ്രാധാന്യം കൂടിവരുകയാണ്.
സൗമ്യയുടെ മരണത്തിനുപിന്നില്‍ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയന്‍തന്നെയെന്ന് കോടതി കണ്ടെത്തിക്കഴിഞ്ഞു. ആര്‍ക്കും എതിരഭിപ്രായമില്ലാത്ത കോടതിവിധി. ഇനി ബാക്കിയുള്ളത് പ്രതിക്കുള്ള ശിക്ഷ മാത്രമാണ്. കൊലപാതകം(302), ബലാത്സംഗം(376), പിടിച്ചുപറി(394), മരിക്കാനിടയാകുംവിധം അറിഞ്ഞുകൊണ്ട് മാരകമായി പരിക്കേല്‍പിക്കുക(397), വനിതാ കമ്പാര്‍ട്മെന്‍റിലേക്ക് അതിക്രമിച്ചുകടക്കല്‍(447) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഈ  ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന 15 വസ്തുതകളും കോടതി കണ്ടെത്തി.
‘‘എനക്ക് അപ്പ, അമ്മ യാരുമിലൈ്ള, ഇന്ത തപ്പുക്ക് ഇന്തമാന സമ്പന്തം എനക്ക് ഇലൈ്ള, കേരളത്തെ എനക്ക് തെരിയാത്. എനക്ക് ദണ്ഡനൈ കെടന്നാ തമിഴ്നാട്ടില്‍ താന്‍ കെടക്കണം’’-ഗോവിന്ദച്ചാമി വിധി കേട്ടശേഷം കോടതിക്ക് നല്‍കിയ മറുപടിയാണിത്.   

l
ആളൂര്‍ പറഞ്ഞ കഥ
വടക്കാഞ്ചേരിക്കടുത്ത് എരുമപ്പെട്ടി ആളൂര്‍ വീട്ടില്‍ ബിജു ആന്‍റണിയെന്ന അഡ്വ. ബി.എ. ആളൂരിന്‍െറ നേതൃത്വത്തിലാണ് ഗോവിന്ദച്ചാമിക്കുവേണ്ടി അഭിഭാഷകപ്പട ഒരുങ്ങിയത്. വര്‍ഷങ്ങളായി പുണെ കോടതിയില്‍  പ്രവര്‍ത്തിക്കുന്ന  ഇയാള്‍ ഈ കേസിനു മാത്രമായി നാട്ടിലെത്തുകയും പൂര്‍ണസമയം ഇതിനായി ചെലവഴിക്കുകയുമാണ്. വടക്കാഞ്ചേരി കോടതിയില്‍ മൂന്നര വര്‍ഷം  പ്രാക്ടിസ് ചെയ്ത ശേഷം മുംബൈക്ക് വണ്ടി കയറിയ ബി.എ.ആളൂര്‍ പുണെയില്‍ പ്രമാദമായ നിരവധി കേസുകളില്‍ ഗൗണണിഞ്ഞിട്ടുണ്ട്. കൊലപാതക- ലൈംഗിക കൃത്യകേസുകളിലെ പ്രതികള്‍ക്കുവേണ്ടിയാണ് ഇവയിലേറെയുമെന്നാണ് അവിടെ ചെന്ന് അന്വേഷണം നടത്തിയ തൃശൂരിലെ പൊലീസുകാര്‍  പറയുന്നത്. സംഘംചേര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നോ രണ്ടോ പ്രതികളുടെ വക്കാലത്ത് മാത്രം ഏറ്റെടുത്ത് ഇവരുടെ വിശ്വാസം പിടിച്ചുപറ്റുകയാണത്രെ ഇദ്ദേഹത്തിന്‍െറ രീതി. പ്രമാദമായ നീരജ ഗുപ്ത കൊലക്കേസില്‍  ഒരുപ്രതിക്കുവേണ്ടി ഇയാള്‍ ഹാജരായിരുന്നു. മുംബൈയിലെ പനവേലില്‍ ഗുണ്ടാസംഘം  പൊലീസ്സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായത് ആളൂരാണ്.  മാഫിയാകേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയതിന് തിരിച്ചടിയായാണ് ഗുണ്ടകള്‍ പൊലീസ്സ്റ്റേഷന്‍ ആക്രമിച്ചത്.
തൃശൂരിലെത്തിയ ആളൂരിന് മുംബൈയില്‍നിന്നുവന്ന ഗുണ്ടാപ്പടയാണ്  സംരക്ഷണം നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗോവിന്ദച്ചാമിയെ കൊണ്ടുപോവുന്ന പൊലീസ് ജീപ്പിനെ  വാഹനത്തില്‍ ഗുണ്ടാസംഘം പിന്തുടരുന്നതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നെങ്കിലും അന്വേഷണം നടന്നിട്ടില്ല.
എന്നാല്‍, കേസിന്‍െറ ഒരുനാളിലും ഗോവിന്ദച്ചാമിയുടെ ആളുകള്‍ കേരളത്തിലെത്തിയിട്ടില്ളെന്നാണ് ആളൂര്‍ പറയുന്നത്. തനിക്കൊപ്പം ഉണ്ടായിരുന്നത്  സഹോദരീ പുത്രന്മാരും മുംബൈയില്‍നിന്നെത്തിയ അംഗരക്ഷകനുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
റെയില്‍വേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന മുംബൈ  കേന്ദ്രമായ മാഫിയയിലെ  പ്രധാനികളായ നാലുപേരാണ് കേസ് ഏല്‍പിച്ചതെന്നാണ്  ആളൂര്‍ വിശദീകരിച്ചത്. ഗോവിന്ദച്ചാമിയെപ്പോലെ ഒരു സാദാ കേഡിയെ രക്ഷിക്കാന്‍  ഇന്ത്യന്‍ റെയില്‍വേ ഭരിക്കുന്ന കുറ്റവാളികളുടെ  മാഫിയക്ക് എന്താണ് താല്‍പര്യമെന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല. 12 ലക്ഷം ഇതിനകം ഫീസ് ലഭിച്ചെന്നാണ് അഡ്വ. ആളൂര്‍ വെളിപ്പെടുത്തുന്നത്. ആരാണ് ഇത്രയും തുക നല്‍കിയതെന്ന ചോദ്യത്തിന്  ലക്ഷണമൊത്ത ഒരു ചിരിയായിരുന്നു മറുപടി.

l
പിന്നിലാര്; ആളൂരിന്
പല മറുപടികള്‍
ആരാണ് താങ്കളെ ഈ കേസില്‍ ചുമതലപ്പെടുത്തിയതെന്ന ചോദ്യം അഡ്വ. ആളൂര്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇതിന് പല കാലങ്ങളില്‍ പല മറുപടികളാണ് ഇദ്ദേഹം നല്‍കിയത്.
സൗമ്യകേസിന്‍െറ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുകയെന്ന സാമൂഹികതാല്‍പര്യം മാത്രമേ ഈ കേസിലുള്ളൂ എന്നായിരുന്നു ആളൂരിന്‍െറ ആദ്യ പ്രതികരണം. എന്നാല്‍, ജാമ്യാപേക്ഷക്ക്  കേസ് ഫയല്‍ പരിശോധിക്കാന്‍ അനുമതിതേടി വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയപ്പോള്‍ ഉത്തരം മാറി. ഗോവിന്ദച്ചാമിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് കേസ് ഏല്‍പിച്ചതെന്നായിരുന്നു അന്ന് മറുപടി.  ജില്ലാ സെഷന്‍സ് കോടതിയിലെത്തിയപ്പോള്‍ കഥ പിന്നെയും മാറി. ഗോവിന്ദച്ചാമിയുടെ സുഹൃത്തുക്കളാണ് തന്നെ വക്കാലത്തേല്‍പിച്ചതെന്നാണ്  അവിടെ  അദ്ദേഹം പറഞ്ഞത്.
മറുപടികള്‍ വ്യത്യസ്തമാവുന്നതിന് അനുസരിച്ച് ഇദ്ദേഹത്തിന്‍െറ വരവിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ന്നു. അതിനൊക്കെ പലതരം ഉത്തരങ്ങളും വന്നു.
ചെന്നൈ കേന്ദ്രമായ പിടിച്ചുപറിക്കാരാണ് കേസ് ഏല്‍പിച്ചതെന്ന് ഒരു തവണ അദ്ദേഹം വിവരിച്ചു. ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസാക്കി മതംമാറ്റിയെന്ന് ആരോപിക്കപ്പെട്ട ദല്‍ഹിയിലെ ‘ആകാശപ്പറവകള്‍’ ആവശ്യപ്പെട്ടാണ് എത്തിയതെന്ന വാര്‍ത്തയെ  എന്നാല്‍, ആളൂര്‍ ശക്തിയുക്തം എതിര്‍ത്തു.  മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍ റെയില്‍വേ കവര്‍ച്ചസംഘമാണ് തന്നെ ചുമതലപ്പെടുത്തിയതെന്നായിരുന്നു പിന്നത്തെ മറുപടി.  ദിവസങ്ങള്‍ക്കുമുമ്പ്  വിധിപ്രസ്താവവേളയില്‍ കോടതിയില്‍ തടിച്ചുകൂടിയ മാധ്യമസംഘങ്ങളില്‍നിന്ന് ഈ ചോദ്യം ഉയര്‍ന്നപ്പോഴും  മറുപടി  പലതരത്തിലായിരുന്നു. അക്കാര്യം പറയാന്‍ പറ്റില്ളെന്ന് ചില മാധ്യമങ്ങളോട് പറഞ്ഞ ആളൂര്‍ മറ്റു ചിലരോട് മുംബൈമാഫിയയുടെ കഥ ആവര്‍­ത്തിച്ചു. ഇതില്‍ ചില കഥകള്‍ മാധ്യമങ്ങള്‍ പൊലിപ്പിച്ച് അവതരിപ്പിക്കുമ്പോള്‍ ചിരിക്കുന്നത് ആളൂര്‍തന്നെയാണ്. കഴിഞ്ഞ ദിവസം ആളൂരിനെ കാണാന്‍ അദ്ദേഹത്തിന്‍െറ മടയിലെത്തിയ ഈ ലേഖകന്‍ കേള്‍ക്കേണ്ടിവന്നത് പല കഥകളുടെ ചേരുവകകളാണ്.  

l
ആളൂരിന്‍െറ കഥ
ഇങ്ങനെയാണ്
ദക്ഷിണ റെയില്‍വേയിലെ കവര്‍ച്ചസംഘത്തിന്‍െറ പ്രധാന വരുമാന സ്രോതസ്സാണ് ഗോവിന്ദച്ചാമി. ഇയാളെ രക്ഷിക്കാനുള്ള  വക്കാലത്ത് ഏറ്റെടുക്കണമെന്നാണ് മാഫിയ ആവശ്യപ്പെട്ടത്. അറസ്റ്റിലായ ഗോവിന്ദച്ചാമിയെ വടക്കാഞ്ചേരി കോടതിയിലാണ് ഹാജരാക്കുകയെന്നറിഞ്ഞതോടെ താല്‍പര്യമേറി. മൂന്നര വര്‍ഷത്തോളം വടക്കാഞ്ചേരി കോടതിയില്‍ താന്‍ പ്രാക്ടിസ് നടത്തിയിരുന്നു. അങ്ങനെ കവര്‍ച്ചസംഘത്തിന്‍െറ ആവശ്യം ഏറ്റെടുത്തു.
തുടര്‍ന്ന്, വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ തന്‍െറ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ ബന്ധപ്പെട്ടു.  എന്നാല്‍, സൗമ്യകേസ് ഏറ്റെടുക്കാനുള്ള  നടപടി ആരംഭിക്കാന്‍ അദ്ദേഹം തയാറായില്ല. തുടര്‍ന്ന്, വടക്കാഞ്ചേരിയിലെ തന്നെ പരിചയമുള്ള  മറ്റൊരഭിഭാഷകനെയും  ബന്ധപ്പെട്ടു. അദ്ദേഹവും വിസമ്മതിച്ചു.
ആരും ഏറ്റെടുക്കില്ളെന്നായപ്പോഴാണ് പുണെയില്‍ സഹപാഠിയായ തൃശൂരിലെ അഡ്വ.എന്‍.ജെ. നെറ്റോയെ സമീപിക്കുന്നത്. വടക്കാഞ്ചേരിയിലെത്തി കുറ്റപത്രത്തിന്‍െറ പകര്‍പ്പ് വാങ്ങാന്‍ നെറ്റോയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അര്‍ധസമ്മതംമൂളുക മാത്രമാണ് ചെയ്തത്. പ്രതിയെ കാണാനോ കുറ്റപത്രം വാങ്ങാനോ നെറ്റോ തിടുക്കം കാട്ടാതെവന്നതോടെ മുംബൈയില്‍നിന്ന് നേരിട്ട് വടക്കാഞ്ചേരിക്ക് തിരിച്ചു. പ്രതിക്ക് ജാമ്യാപേക്ഷ നല്‍കി, മാധ്യമങ്ങള്‍ക്കൊരു ഇന്‍റര്‍വ്യൂ നല്‍കണമെന്നായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍, നാട്ടുകാര്‍ ഇളകിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. നെറ്റോയെ ബന്ധപ്പെട്ട് തൃശൂരിലെ ഓഫിസിലെത്തി. അവിടെ നെറ്റോയുടെ സഹപ്രവര്‍ത്തകരായ പി.എ.ശിവരാജന്‍, ഷനോജ് ചന്ദ്രന്‍ എന്നിവരെ പരിചയപ്പെട്ടു. കാര്യമറിഞ്ഞപ്പോള്‍ ആദ്യം മടിച്ചെങ്കിലും  ഗോവിന്ദച്ചാമിയെ ജയിലില്‍ കാണാന്‍ അവര്‍ ഒപ്പം വന്നു.
വിയ്യൂര്‍ ജയിലില്‍വെച്ചാണ് ഗോവിന്ദച്ചാമിയെ ആദ്യമായി കാണുന്നത്. മുംബൈയില്‍നിന്ന് സംഘാംഗങ്ങള്‍ ഏല്‍പിച്ചതനുസരിച്ച് നിയമനടപടി ആരംഭിക്കുന്നതിനാണ് എത്തിയതെന്ന് ഗോവിന്ദച്ചാമിയോട് പറഞ്ഞു. സംഘത്തിന്‍െറ അഭിപ്രായങ്ങളും  വ്യക്തമാക്കി. വക്കാലത്ത് നല്‍കാന്‍ ചാമി സമ്മതിച്ചു. തുടര്‍ന്നാണ്, കേസ് ഫയല്‍ പരിശോധിക്കാന്‍ അനുമതി തേടി വടക്കാഞ്ചേരി മജിസ്ട്രേറ്റ്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. പ്രതിയുടെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടപ്രകാരമാണ് അപേക്ഷയെന്നും താന്‍ മുംബൈ ഹൈ­കോടതിയില്‍ പ്രാക്ടിസ് നടത്തുന്ന അഭിഭാഷകനാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് ജഡ്ജി എം.പി. ഭദ്രന്‍ ഏപ്രില്‍ രണ്ടിന് തള്ളി. അന്ന്  സെഷന്‍സ് കോടതിക്ക് പുറത്തുവെച്ച് ഗോവിന്ദച്ചാമി ഒരു കാര്യം അറിയിച്ചു. ഇനി ജാമ്യ ഹരജി നല്‍കരുത്.  അഥവാ ജാമ്യം ലഭിച്ചാല്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ ഭീതി.
നിരവധി കേസുകളില്‍ അകപ്പെട്ടിട്ടുള്ള ഗോവിന്ദച്ചാമി എന്നാല്‍, ചുരുങ്ങിയ ശിക്ഷയാണ് ഇതുവരെ അനുഭവിച്ചത്. ചിലതില്‍ മോചിതനാവുകയും ചെയ്തു. കേസുകളെക്കുറിച്ചും നിയമത്തെക്കുറിച്ചും നല്ല പരിജ്ഞാനമുണ്ട് ചാമിക്ക്. മാതൃഭാഷയായ തമിഴിനുപുറമെ, ഹിന്ദി, ഇംഗ്ളീഷ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളും ഇയാള്‍ നന്നായി കൈകാര്യം ചെയ്യും. ഇയാള്‍ പ്ളസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ലക്ഷങ്ങള്‍ മാഫിയയില്‍നിന്ന് ഇതിനായി കൈപ്പറ്റിയെന്നാണ് ആളൂര്‍ നല്‍കുന്ന വിവരം. അഭിഭാഷകര്‍ക്ക് പണം എത്തിയത് സൗത് ഇന്ത്യന്‍ ബാങ്കിലെ എ.ടി.എം വഴിയെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ പൊലീസിന്‍െറ ഭാഗത്തുനിന്നും ഒരന്വേഷണവും നടന്നിട്ടില്ല.

l
ദുരൂഹമായി
 ‘ആകാശപ്പറവകള്‍’
ഗോവിന്ദച്ചാമിയെ ചാര്‍ളിതോമസാക്കി മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെട്ട ‘ആകാശപ്പറവകളും’  സംശയനിഴലിലാണ്. എന്നാല്‍, ഇവരുടെ പങ്കും പൊലീസ് കാര്യമായി അന്വേഷിച്ചിട്ടില്ല.
ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കു­ന്ന  ദിവ്യകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന‘ആകാശപ്പറവകള്‍’ എന്ന സന്നദ്ധ സംഘടനയാണ് നാലുവര്‍ഷം മുമ്പ്  ഗോവിന്ദച്ചാമിയെ മതം മാറ്റി ചാര്‍ലി തോമസാ­ക്കിയതെന്നാണ് പറയുന്നത്.  ഇവരുടെ കൊ­ച്ചി ശാഖയിലെ ആളുകളാണ് സൗമ്യയുടെ വീട്ടില്‍ പതിവു സന്ദര്‍ശകരായി മാറിയത്. സൗമ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവര്‍ പ്രത്യേക മാസികയും ഇറക്കി. ഗോവിന്ദച്ചാമിയുമായുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്ത വന്നതോടെയാണ് ഇവര്‍ വീട്ടില്‍വരുന്നത് അവസാനിപ്പിച്ചത്.
ദല്‍ഹിയിലെ സംഘടനയുടെ ആസ്ഥാനത്ത് മതംമാറ്റപ്പെട്ടവരിലേറെയും റെയില്‍വേ, പൊതുനിരത്തുകളിലെ കവര്‍ച്ചക്കാരും ക്രിമിനലുകളുമാണെന്നാണ് വിവരം. അലഞ്ഞുതിരിഞ്ഞുനടക്കുന്നവരെ സത്യപാതയിലേക്ക് നയിക്കുകയെന്ന ഉദ്യമത്തോടെ കൂട്ടുകയും മതവും പേരും മാറ്റുകയുമാണ് ലക്ഷ്യം. ഗോവിന്ദച്ചാമി ചാര്‍ളി തോമസ് ആയതിനുപിന്നില്‍ ഇവരാണെന്നാണ് പറയുന്നത്. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
 ഗോവിന്ദച്ചാമി അറസ്റ്റിലായതിനുതൊട്ടുപിറകെയാണ്  ഗ്രൂപ്പിന്‍െറ എറണാകുളം ശാഖയിലുള്ളവര്‍ സൗമ്യയുടെ വീട്ടിലെത്തിയത്. അമ്മ സുമതിയുടെയും സഹോദരന്‍ സന്തോഷിന്‍െറയും വിശ്വാസം പിടിച്ചുപറ്റി പ്രാര്‍ഥ­നകളും മറ്റുമായി സംഘം സൗമ്യയുടെ വീട്ടില്‍ തമ്പടിക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ആളൊഴിഞ്ഞതുമുതലാണ് സംഘം ഷൊര്‍ണൂരിലെത്തിയത്. പ്രദേശത്തെ മറ്റു സാമുദായിക സംഘടനകളുമായി ചേര്‍ന്ന് സമൂഹപ്രാര്‍ഥനയെന്നപേരിലായിരുന്നു തുടക്കം.
‘ആകാശപ്പറവകള്‍ ’ സൗമ്യയുടെ വേര്‍പാടിനുശേഷം തങ്ങളെ നിരന്തരം ബന്ധപ്പെടുകയും വീട്ടിലെത്തുകയും ചെയ്യുന്നതായി സൗമ്യയുടെ അമ്മ സുമതി  നേരത്തേ വ്യക്തമാക്കിയിരുന്നു. ‘‘ഇപ്പോള്‍ കുറച്ചുദിവസമായി അവരെ കാണാനില്ല. എറണാകുളത്തെ പള്ളിയില്‍ എന്തോ ചടങ്ങുനടക്കുന്നതിനാലാണ് വരാത്തതെന്ന്  കരുതുന്നു’’-അന്ന് അവര്‍ പറഞ്ഞു.
‘ആകാശപ്പറവകളുടെ കൂട്ടുകാര്‍’ എന്നാണ് സംഘടനയുടെ മാസികയുടെ പേര്. സംഘടന നടത്തുന്ന ‘സ്വര്‍ഗ ദ്വാര്‍ ആശ്രമ്’ സ്ഥാപകന്‍ ഫാ.ജോര്‍ജ് കുറ്റൂരാണ് എഡിറ്റര്‍ . മാസികയുടെ കവറില്‍തന്നെ സൗമ്യയാണ്. കടന്നുപോകുന്ന ട്രെയിനിനൊപ്പം സൗമ്യയുടെ ചിത്രം ആലേഖനം ചെയ്ത പുസ്തകത്തില്‍ ‘‘നിന്‍െറ സഹോദരി സൗമ്യമോള്‍ എവിടെ?’’ എന്ന എഡിറ്റോറിയലുണ്ടായിരുന്നു. ഫാ.ജോര്‍ജ് കുറ്റൂര്‍ എഴുതിയ എഡിറ്റോറിയലില്‍ ഇങ്ങനെ വായി­ക്കാം: ‘‘ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയര്‍ത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല. നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയോ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ളേ? പ്രാര്‍ഥനയും ഉപവാസവും നോമ്പും വഴി നമ്മളില്‍തന്നെ മറഞ്ഞുകിടക്കുന്ന ദുരാശകള്‍ക്കും ദുര്‍വാസനകള്‍ക്കും എതിരെ നമുക്ക് പോരാടാം.’’
ഗോവിന്ദച്ചാമി ദല്‍ഹിയിലെ ആകാശപ്പറവകളുടെ ഗ്രൂപ്പില്‍വെച്ച് ചാര്‍ളി തോമസായതെന്ന ആരോപണം ശക്തമായിരിക്കെയാണ്, ഇയാളോട് പൊറുക്കണമെന്ന പ്രാര്‍ഥനയുമായി സംഘം മാസികയില്‍ എഡിറ്റോറിയല്‍ വന്നത്. അവര്‍തന്നെയാണ് സൗമ്യയുടെ വീട്ടുകാരെ സാന്ത്വനിപ്പിക്കാനെത്തിയതും.

l
ഗോവിന്ദച്ചാമി ആര്‍?
ഗോവിന്ദച്ചാമി ആരെന്ന് അന്വേഷിക്കാന്‍ തൃശൂരില്‍നിന്നുള്ള പൊലീസ് സംഘം അയാളുടെ സ്വദേശമായ തമിഴ്നാട് കടലൂര്‍ ജില്ലയിലെ വിരുതാചലത്ത്  പോയിരുന്നു.
അവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെയാണ്: ഗോവിന്ദച്ചാമിയുടെ അച്ഛന്‍ അറുമുഖന്‍ വിമുക്തഭടനാണ്. ഒരുവര്‍ഷം മുമ്പ്  മരിച്ചു.  അമ്മ നേരത്തേ മരിച്ചു. ജ്യേഷ്ഠന്‍ സുബ്രഹ്മണി കൊലപാതകശ്രമക്കേസില്‍ സേലം ജയിലിലാണ്.
വിരുതാചലം സമത്വപുരത്തെ 51 ഐവത്തുകുടിയില്‍ ഭവനനിര്‍മാണ പദ്ധതി പ്രകാരം സര്‍ക്കാര്‍ വെച്ചുനല്‍കിയതാണ് ഗോവിന്ദച്ചാമിയുടെ വീട്. അമ്മയുടെ സഹോദരീ പുത്രന്‍ സുന്ദരനാണ് ചാമിയുടെ അച്ഛനെ അവസാനസമയത്ത് സംരക്ഷിച്ചിരുന്നത്. ഒരുവര്‍ഷം മുമ്പ് അറുമുഖന്‍ മരിച്ചതോടെ സുന്ദരന്‍  വീടുമായുള്ള ബന്ധം അവസാനിപ്പിച്ചു. വിവാഹശേഷം ഇയാള്‍ മറ്റൊരിടത്താണ് താമസം.
മിലിട്ടറിയിലുള്ളപ്പോള്‍ കിട്ടിയ ശമ്പളവും പിന്നീട് ലഭിച്ചിരുന്ന പെന്‍ഷനും ചേര്‍ത്ത് അറുമുഖന്‍ പത്തു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ തുക മക്കള്‍ക്ക് അവകാശപ്പെട്ടതാണ്. അവസാന സമയത്ത് സംരക്ഷിച്ച സുന്ദരനുപോലും വിഹിതം നല്‍കാനാവാതെയാണ് അറുമുഖന്‍ മരിച്ചത്. കൊലപാതകക്കേസില്‍ സുബ്രഹ്മണി സേലം ജയിലിലും സൗമ്യകേസില്‍ ഗോവിന്ദച്ചാമി വിയ്യൂര്‍ ജയിലിലും ആയതോടെ പണം ബാങ്ക് അക്കൗണ്ടില്‍ കിടക്കുകയാണ്.

l
പത്തു ലക്ഷവും
ഗോവിന്ദച്ചാമിയും
സൗമ്യകേസില്‍ പ്രതിഭാഗം സാക്ഷിയായി സുബ്രഹ്മണിയെ കൊണ്ടുവരാന്‍  ഒരു ശ്രമം നടന്നിരുന്നു. ജയിലില്‍ കഴിയുന്ന ഇത്തരം ഒരാളെ എന്തിന് ഈ കോടതിയില്‍ വിസ്തരിക്കണം എന്നാണ് ജഡ്ജി ചോദിച്ചത്. ഇതില്‍ അയാള്‍ക്കുള്ള ബന്ധമെന്തെന്നും കോടതി ചോദിച്ചു. ഗോവിന്ദച്ചാമിയെ സൗമ്യകേസില്‍ അറസ്റ്റ് ചെയ്തെന്ന അറിയിപ്പ് വീട്ടുകാര്‍ക്ക് ലഭിച്ചില്ളെന്ന് വ്യക്തമാക്കാനാണിതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍െറ വാദം.
എന്നാല്‍, സുബ്രഹ്മണിയെ പുറത്തിറക്കി ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്ന പണം വീതിച്ചെടുക്കാനുള്ള കടലാസുപണിയായിരുന്നു ഇതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സുബ്രഹ്മണിയെ സാക്ഷിയാക്കണമെന്ന ആവശ്യം കോടതി തള്ളിയതോടെ തുക കൈക്കലാക്കാനുള്ള ശ്രമം പൊളിഞ്ഞു.  

l
ഗോവിന്ദച്ചാമി
എന്ന കുറ്റവാളി
പതിമൂന്നാം വയസ്സുമുതല്‍ ലൈംഗിക ചേഷ്ടകളില്‍ താല്‍പര്യം കാണിച്ചിരുന്നെന്നാണ് ഗോവിന്ദച്ചാമിയുടെ കുറ്റസമ്മതമൊഴി. കളവിനൊപ്പം സ്ത്രീകളെ ആക്രമിച്ച് കീഴിപ്പെടുത്തി ബലാത്സംഗം നടത്തുകയും പതിവാണ്. ട്രെയിന്‍യാത്രക്കാരിയായ സ്കൂള്‍ അധ്യാപികയെ മാനഭംഗപ്പെടുത്തി കൊല്ലാന്‍ ശ്രമിച്ച് ആഭരണവും പണവും കവര്‍ന്ന കേസില്‍ ഇയാള്‍ക്കെതിരെ സേലം കോടതിയില്‍ കേസുണ്ട്. ഇതിന്‍െറ വിചാരണക്കായി ചെറുതുരുത്തി പൊലീസില്‍ പ്രൊഡക്ഷന്‍ വാറണ്ട് വന്നിരുന്നു. സേലം റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം 38/2009 അണ്ടര്‍ സെക്ഷന്‍ 392, 397 ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കേസിന്‍െറ വിചാരണ ഉടന്‍ തുടങ്ങാനിരിക്കുകയാണ്.
കവര്‍ച്ചാശ്രമങ്ങളും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുമടക്കം എട്ടു ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലായാണ് ഈ കേസുകള്‍.
ആന്ധ്രപ്രദേശിലെ ഗൂട്ടി പൊലീസ് സ്റ്റേഷനില്‍ ക്രൈം 38/02 എം.സി 70/2002 അണ്ടര്‍ സെക്ഷന്‍ 41 വകുപ്പുപ്രകാരം ആറുമാസം ജയില്‍ശിക്ഷ. സേലം റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം 34/2009 അണ്ടര്‍ സെക്ഷന്‍ 392, 397  പ്രകാരമുള്ള കേസില്‍ കുറ്റമുക്തനായി. തമിഴ്നാട് വേപ്പൂര്‍ പൊലീസ് ക്രൈം 230/2003 അണ്ടര്‍ സെക്ഷന്‍ 379 പ്രകാരമുള്ള കേസില്‍ ജാമ്യത്തിലിറങ്ങിയെങ്കിലും പിന്നീട് വിരുതാചലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായിട്ടില്ല.
സേലം പൊലീസ് ക്രൈം 342/2007 കളവ് കേസില്‍ സേലം ജയിലില്‍ ആറുമാസം. പഴനി പൊലീസ് ക്രൈം 49/2005 കവര്‍ച്ചക്കേസില്‍ എട്ടുമാസം ജയില്‍ശിക്ഷ. മൈലാം പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം 380/2003 കേസില്‍ കൃഷ്ണ (രാജ) എന്ന പേരില്‍ മൂന്നുമാസം ശിക്ഷ. ഈറോഡ് റെയില്‍വേ പൊലീസ് ക്രൈം 100/2003 കേസില്‍ 379 പ്രകാരം ഈറോഡ് സബ്ജയിലില്‍ ഏഴുമാസം ശിക്ഷ. ഈറോഡ് റെയില്‍വേ പൊലീസ് ക്രൈം 97/2008 കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ എട്ടുമാസം ശിക്ഷ. സേലായൂര്‍ പൊലീസ് ക്രൈം 910/2007 കേസില്‍ രമേശന്‍ (രാജ) എന്ന പേരില്‍ ജെങ്കല്‍പെട്ട് ഈസ്റ്റ് കോടതി  അഞ്ചുമാസം ശിക്ഷ. തിരുവള്ളൂര്‍ ടൗണ്‍ പൊലീസ് ക്രൈം 50/2007 കേസില്‍  മൂന്നുമാസം ശിക്ഷ. കമ്മാപുരം പൊലീസ് ക്രൈം 6/2005 പിടിച്ചുപറിക്കേസില്‍ 45 ദിവസം.
പല കേസുകളിലും വ്യത്യസ്തമായ പേരുകളാണ് ഇയാള്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കിയ ശേഷമാണ് തമിഴ്നാട് പൊലീസിലെ എസ്.പി അടക്കമുള്ള രണ്ടു പേരെ തൃശൂര്‍ ഫാസ്റ്റ് ട്രാക്കോടതി വിചാരണചെയ്യുന്നത്.
താന്‍ ഒറ്റക്കൈയനായതിനെക്കുറിച്ചും ഗോവിന്ദച്ചാമി കുറ്റസമ്മതമൊഴിയില്‍ വിവരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: മാലപിടിച്ചുപറിച്ച് ബൈക്കില്‍പോകുന്നതിനിടെ ബ്രേക് പൊട്ടി. വണ്ടി നിര്‍ത്തി രക്ഷപ്പെടാനായി വീലിനിടയിലേക്ക് കയറ്റിയ ഇടതുകൈ അറ്റുപോയി.
എന്നാല്‍, കവര്‍ച്ചക്കിടെ നാട്ടുകാര്‍ പിടികൂടി കൈപ്പത്തി വെട്ടിയെടുത്തതാണെന്നും പറയുന്നുണ്ട്.

l
ഗോവിന്ദച്ചാമി ആരെന്നും ഇയാള്‍ക്ക് പിറകില്‍ ആരെന്നും വ്യക്തമാക്കുന്ന വിവിധ കഥകള്‍ ഇതിനകം പ്രതിഭാഗം അഭിഭാഷകര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. അതിലൊന്നിന്‍െറ സാമ്പിള്‍ ഇതാ: പുറത്തറിയണമെന്ന ലക്ഷ്യത്തോടെ അവര്‍ ആദ്യഘട്ടത്തില്‍ ലേഖകന് നല്‍കിയ കുറിപ്പിലാണ് ഈ പരാമര്‍ശങ്ങള്‍:
സൗമ്യകേസില്‍ പുറത്തിറക്കി ഗോവിന്ദച്ചാമിയെ തട്ടിക്കളയാന്‍ റെയില്‍വേ അധോലോകസംഘം പദ്ധതിയിട്ടിരുന്നു.  സൗമ്യസംഭവത്തിലൂടെ കോടികളുടെ നഷ്ടമാണ് ഗോവിന്ദച്ചാമി അധോലോക സംഘത്തിനുണ്ടാക്കിയത്. റെയില്‍വേ കൊള്ളക്കാരുടെ അലിഖിതനിയമങ്ങള്‍ ലംഘിക്കുന്നവന്‍ അര്‍ഹമായ ശിക്ഷ ഏറ്റുവാങ്ങണം. അതിന് കോടതിനിയമം പോരാ എന്ന നിലപാടാണ് അധോലോകസംഘങ്ങള്‍ക്ക്.
ഗോവിന്ദച്ചാമിയെ ഏല്‍പിച്ചത് മോഷണം മാത്രമായിരുന്നു. ജോലി കൃത്യമായി ചെയ്ത് എത്തിക്കേണ്ടത് എത്തിക്കേണ്ട സ്ഥലത്തെത്തിക്കുക. ബലാത്സംഗവും കൊലപാതകവും ചെയ്യാന്‍ ആരെയും ഏല്‍പിച്ചിട്ടില്ല. സൗമ്യ കൊല്ലപ്പെട്ടതോടെ ഇന്ത്യന്‍ റെയില്‍വേയില്‍ കളവുപോലും ചെയ്യാന്‍പറ്റാത്ത സ്ഥിതിയായി. ‘തൊഴിലിനെ’ ബാധിക്കുന്ന ഇത്തരം കൃത്യങ്ങള്‍ ചെയ്ത ഗോവിന്ദച്ചാമിയെ  ഇല്ലാതാക്കാന്‍ വിരുദ്ധ ഗാങ്ങുകള്‍ ഒന്നിച്ചു. കന്യാകുമാരിമുതല്‍ കശ്മീര്‍വരെയുള്ള റെയില്‍വേ അളന്നുതിരിച്ച് അധികാരം പങ്കിട്ടിട്ടുള്ള വന്‍ കൊള്ളസംഘമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിറകില്‍.

l
വെറുതെയായിരുന്നില്ല
എതിര്‍വിസ്താരം
തന്ത്രപരമായിരുന്നു വിചാരണ നടക്കുന്ന അതിവേഗകോടതിയില്‍ പ്രതിഭാഗത്തിന്‍െറ ഇടപെടലുകള്‍. ‘‘അനാവശ്യ ചോദ്യങ്ങളാവര്‍ത്തിച്ച് കോടതിയുടെയും നിങ്ങളുടെയും സമയം കളയരുതെ’’ന്ന് പലവട്ടം പ്രതിഭാഗത്തോട് ജഡ്ജി നിര്‍ദേശിച്ചിരുന്നു. അനാവശ്യമെന്ന് കോടതിയും പ്രോസിക്യൂഷനും കണ്ടെത്തിയ പല ചോദ്യങ്ങളും വാദത്തിലൂടെ കോര്‍ത്തിണക്കാന്‍ അഡ്വ.ആളൂര്‍ ശ്രദ്ധിച്ചു.
മെഡിക്കല്‍ കോളജില്‍ സൗമ്യയെ പരിശോധിച്ച ഡോക്ടര്‍മാരെ എതിര്‍വിസ്താരം നടത്തിയപ്പോള്‍ ചികഞ്ഞെടുത്ത പല മറുപടികളും ഇതിനായി ഉപയോഗിച്ചു. സംഭവസ്ഥലത്ത് സൗമ്യ കിടന്നിരുന്നത് മലര്‍ന്നായിരുന്നെന്നാണ് സാക്ഷിമൊഴി. ആശുപത്രിക്കിടക്കയില്‍ സൗമ്യയെ കാണുമ്പോള്‍ മലര്‍ന്നുതന്നെ കിടക്കുകയായിരുന്നെന്ന് സഹോദരന്‍ സന്തോഷിനോടും എ.എസ്.ഐ ഗോപിനാഥനോടും ചോദിച്ചുറപ്പാക്കി.
സൗമ്യയെ ആദ്യം എത്തിച്ച വടക്കാഞ്ചേരി ആശുപത്രിയില്‍നിന്ന് പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ളെന്ന മൊഴി ഒറ്റവാക്കില്‍ രേഖപ്പെടുത്തി. മന്ത്രിയായിരുന്ന കെ.പി.രാജേന്ദ്രന് ത്രാങ്ങാലി വെടിക്കെട്ടപകടസ്ഥലത്തേക്ക് പൈലറ്റ് പോയിരുന്ന അന്തിക്കാട് എ.എസ്.ഐ സഗീറാണ് സൗമ്യയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലുള്ള മുറിവായതിനാല്‍ സമയംകളയാതെ മെഡിക്കല്‍ കോളജിലെത്തിക്കാന്‍ നിര്‍ദേശിച്ച വടക്കാഞ്ചേരി ആശുപത്രിയിലെ ഡോ.സുജയും മൊഴിനല്‍കിയിരുന്നു.
രാത്രി 9.50ന് ട്രാക്കിനടുത്ത് രക്തമൊലിച്ച നിലയിലാണ് സൗമ്യയെ ആദ്യം കണ്ടതെന്ന സാക്ഷി വിജയന്‍െറ മൊഴിയും 11.30നാണ് സൗമ്യയെ മെഡിക്കല്‍ കോളജിലെത്തിക്കുന്നതെന്ന എ.എസ്.ഐയുടെ മൊഴിയും വിദഗ്ധ ചികിത്സക്ക് വിധേയമാക്കുന്നത് പുലര്‍ച്ച 1.30ഓടെയാണെന്ന മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജന്‍െറ മൊഴിയും ആളൂര്‍ കൂട്ടിയിണക്കി. ഡോക്ടര്‍മാരുടെ അലംഭാവവും വൈദ്യസഹായത്തിന്‍െറ പാകപ്പിഴവുമാണ് സൗമ്യയുടെ മരണത്തിന് കാരണമാക്കിയതെന്ന് വാദിക്കാന്‍ ഈ മൊഴികളാണ് പ്രതിഭാഗം ഉപയോഗിച്ചത്.
ലൈംഗിക പീഡനം നടന്നില്ളെന്ന് വരുത്താനുപകരിക്കുന്ന മൊഴികള്‍ തേടിയെങ്കിലും അവിടെ മാത്രമാണ് പരാജയം സംഭവിച്ചത്. എന്നാല്‍, വാദത്തില്‍ അത്തരമൊരു നിരീക്ഷണം നടത്താന്‍ ആളൂര്‍ മടിച്ചില്ല. സംഭവം നടക്കുമ്പോള്‍ സൗമ്യക്ക് പിരീയഡ്സ് ആയിരുന്നെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ്. തനൂജയുടെ മൊഴിയാണ് ഇതിനായി ഉപയോഗിച്ചത്.
സൗമ്യയെ ട്രാക്കിനരികെ കണ്ട സാക്ഷികളുടെ മൊഴിയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ നടത്തിയ വിഫലശ്രമം ഇതിനെ ബലപ്പെടുത്താനായിരുന്നു.
റെയില്‍വേ അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മ വിചാരണവേളയിലുടനീളം ആളൂര്‍ കൊണ്ടുവന്നു. യാചകരും ക്രിമിനലുകളും റെയില്‍വേ അധികാരപരിധിയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് എങ്ങനെയെന്ന് വാദത്തിലൂടെ നിരത്തി.
വെറുതെ പേരെടുക്കാനുള്ള ഇടപെടല്‍ മാത്രമല്ല സൗമ്യകേസില്‍ പ്രതിഭാഗം അഭിഭാഷകര്‍ നടത്തിയതെന്നതിന് തെളിവായിരുന്നു വിചാരണ.
ഗോവിന്ദച്ചാമിയെ കുറ്റമുക്തനാക്കാന്‍ രണ്ടു കഥകളാണ് അഭിഭാഷകര്‍ കോടതിക്കുമുന്നില്‍ അവതരിപ്പിച്ചത്. എറണാകുളം കേന്ദ്രമായ സെക്സ് റാക്കറ്റിന്‍െറ ആക്രമണത്തിലാണ് സൗമ്യ മരിച്ചതെന്നായിരുന്നു ഒരു വാദം. ട്രെയിന്‍വാതില്‍ വന്നടിച്ചുണ്ടായ അപകടവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണ് മരണത്തിന് വഴിയൊരുക്കിയതെന്ന മറ്റൊരു വാദവും നിരത്തി. വള്ളത്തോള്‍ നഗര്‍ പിന്നിട്ടപ്പോള്‍ ട്രെയിനിന്‍െറ വാതിലിനരികില്‍ സൗമ്യയെത്തി. 15 കി.മീ വേഗത്തിലായിരുന്ന ട്രെയിന്‍ ഭാരതപ്പുഴ പാലത്തിലേക്ക് കയറും മുമ്പ് വേഗം പത്തു കി.മീ ആക്കാന്‍ ബ്രേക് ചെയ്തു. ഈ സമയം വാതില്‍ ശക്തമായി സൗമ്യയുടെ മേല്‍ വന്നടിച്ചു. വലതുകൈ വാതിലിനിടയില്‍പെട്ടു. ആഘാതത്തില്‍ സൗമ്യ താഴേക്ക് തെറിച്ചുവീണു. വീഴ്ചയില്‍ തലക്കുള്ളില്‍ പരിക്കുണ്ടായി.  കോണ്‍ക്രീറ്റ് ബീമിന്‍െറ പാര്‍ശ്വത്തിലിടിച്ച് ജനനേന്ദ്രിയത്തിലും പരിക്കുണ്ടായി. തുടര്‍ച്ചയായി രക്തം വാര്‍ന്നതും മുറിവുണ്ടായതും ഇങ്ങനെയാണ്. അവിടെനിന്ന് ഷൊര്‍ണൂര്‍ - തൃശൂര്‍ റോഡ് ലക്ഷ്യമാക്കി ഓടുന്നതിനിടെ റെയില്‍വേ സ്റ്റേഷന് 500 മീറ്റര്‍ അകലെയായി തളര്‍ന്നുവീണു.  ഇതാണ് യഥാര്‍ഥ സംഭവമെന്നും ഇതിനെ ലൈംഗികപീഡനമെന്നും കൊലപാതകമെന്നുമുള്ള കേസാക്കുകയായിരുന്നെന്നുമാണ ് പ്രതിഭാഗം ആരോപിച്ചത്.

l
ഡോ.ഉന്മേഷിന്‍െറ
രംഗപ്രവേശം
സാഹചര്യത്തെളിവുകളും ശാസ്ത്രീയത്തെളിവുകളും മാത്രമുള്ള സൗമ്യകേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് തന്‍െറ കക്ഷിയെ കുടുക്കാന്‍ നിര്‍ണായകമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കണ്ടെത്തി. ഈ കണ്ടെത്തലിന്‍െറ വലിയ വിലയാണ് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ.എ.കെ. ഉന്മേഷ്.
പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കാളികളായ ഡോക്ടര്‍മാര്‍ കുറിക്കുന്ന കരടുരേഖയല്ല, ശരീരത്തിലെ ഓരോ മുറിപ്പാടുകളും പരിക്കുകളും വിലയിരുത്തി സ്ഥലപരിശോധനക്കുശേഷം തയാറാക്കുന്ന അന്തിമറിപ്പോര്‍ട്ടാണ് പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്. ഉന്മേഷിന്‍െറ കരടുരേഖയില്‍ ഇത്തരം പോരായ്മകളും പഴുതുകളുമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തെ പ്രതിഭാഗം സാക്ഷിയായി കോടതിയിലെത്തിച്ചത്. താന്‍ കുറിച്ചിട്ടതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്നും അതാണ് സത്യമെന്നുമാണ് ഡോ.ഉന്മേഷ് വിളിച്ചുപറഞ്ഞത്.
മരണദിവസംതന്നെ സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തിരക്കുകൂട്ടിയ ഡോ.ഉന്മേഷിന്‍െറ സര്‍ട്ടിഫിക്കറ്റാണ് യഥാര്‍ഥമെന്ന്  അഡ്വ.ആളൂര്‍ വാദിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ വിശ്വാസ്യത ചോദ്യംചെയ്യാന്‍ ഇതു ധാരാളമായി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സര്‍ക്കാറിന്‍െറ മുഖം രക്ഷിക്കാന്‍ പൊലീസ് കെട്ടിച്ചമച്ചതാണ് ഡോ.ഷെര്‍ളി വാസുവിന്‍െറ റിപ്പോര്‍ട്ടെന്നാണ് ഉന്മേഷിലൂടെ പ്രതിഭാഗം വിളിച്ചുപറഞ്ഞത്. ഗോവിന്ദച്ചാമിയെ കുടുക്കാന്‍ ഡോ.ഉന്മേഷ് പൂര്‍ത്തിയാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ.ഷെര്‍ളി വാസു ബോധപൂര്‍വം തിരുത്തലുകള്‍ വരുത്തിയെന്നും അഡ്വ.ബി.എ. ആളൂര്‍ സമര്‍ഥിച്ചു. ട്രെയിനില്‍നിന്ന് വീണാലുണ്ടാവുന്ന പരിക്കേ സൗമ്യക്കുണ്ടായിരുന്നുള്ളൂവെന്നാണ് ഉന്മേഷിന്‍െറ റിപ്പോര്‍ട്ടിലുള്ളത്. മരണകാരണമെന്ന് ഡോ.ഷെര്‍ളി വാസു കണ്ടെത്തിയ പെറ്റ്യൂട്ടറി ഗ്ളാന്‍ഡിന്‍െറ (ശ്ളേഷ്മഗ്രന്ഥി) പൊട്ടല്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ആളൂര്‍ വാദിച്ചു.
ഡോ.ഷെര്‍ളി വാസു, ഡോ.ഇഗ്നേഷ്യസ്, ഡോ.ഉന്മേഷ്, ഡോ.ഹിതേഷ് ശങ്കര്‍ എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിലെ സീനിയോറിറ്റി. ഇഗ്നേഷ്യസും ഹിതേഷും സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം ടീമിലുണ്ടായില്ല. രണ്ടാമനെന്ന നിലയില്‍ ഉന്മേഷാണ് വകുപ്പുമേധാവിയുടെ നിര്‍ദേശപ്രകാരം  ഓട്ടോപ്സി ടീം തയാറാക്കിയത്. ഉന്മേഷിന്‍െറ കണ്ടെത്തലുകള്‍ പി.ജി വിദ്യാര്‍ഥിയായ ഡോ.ആനന്ദിന്‍െറ കൈപ്പടയിലാണ്. പ്രത്യേകം കരട് തയാറാക്കേണ്ട ഡോ.രാജേന്ദ്രപ്രസാദ് തന്‍െറ കണ്ടെത്തലുകള്‍ ഉന്മേഷിന്‍െറ റിപ്പോര്‍ട്ടില്‍ ലയിപ്പിച്ചു. ഇതിനിടെ ചിലഭാഗങ്ങളിലെ പ്രത്യേകതകള്‍ വീക്ഷിക്കാനും അവയുടെ സ്വഭാവം പരിശോധിക്കാനും ഡോ.ഷെര്‍ളി വാസു നിര്‍ദേശിച്ചെങ്കിലും ഉന്മേഷ് ചെവിക്കൊണ്ടില്ല. ഇളകിയ നാവ് പുറത്തുകിടക്കുന്നതുകണ്ട് ഡോ.ഉന്മേഷ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാവുംമുമ്പേ പുറത്തേക്കിറങ്ങി. ഡോ.ഷെര്‍ളി വാസുവിന്‍െറ നേതൃത്വത്തില്‍തന്നെയാണ് ശരീരം തുന്നിക്കെട്ടി പൊലീസിന് വിട്ടുകൊടുത്തത്. രാസപരിശോധനക്കുള്ള മുതലുകള്‍ക്കൊപ്പം കാക്കനാട് ഫോറന്‍സിക് ലബോറട്ടറിയിലേക്കുള്ള ഡോ.ഷെര്‍ളി വാസുവിന്‍െറ കത്തില്‍ ‘ഫോര്‍’ രേഖപ്പെടുത്തി ഡോ.ഉന്മേഷ് ഒപ്പിട്ട് അയച്ചു. ഇതിനെയെല്ലാം പ്രതിഭാഗം അഭിഭാഷകന്‍ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തി.
എന്നാല്‍, ഉന്മേഷ് നല്‍കിയ മൊഴിയിലെ വൈരുധ്യവും കരടുരേഖയില്‍ പതിച്ച വ്യാജസീലും കള്ളത്തരവും കണ്ടെത്തിയ ജഡ്ജി രവീന്ദ്രബാബു, ഉന്മേഷ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് നിരീക്ഷിച്ചു. ഡോ.ഉന്മേഷ് തയാറാക്കിയെന്ന് പറയുന്ന ‘പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്’ കേരള പൊലീസ് ആക്ടിന് വിരുദ്ധമാണ്. ആക്ടിലെ പേജ് 42ല്‍ റൂള്‍ 825ല്‍ പ്രത്യേകം പറയുന്ന നിര്‍ദേശങ്ങള്‍ ഡെ.പൊലീസ് സര്‍ജനായ ഉന്മേഷ് പാലിച്ചില്ല. 1968ലെ ഗവ. ഉത്തരവും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഡോക്ടര്‍ അവഗണിച്ചു. എല്ലാ മെഡിക്കോ ലീഗല്‍ കേസുകളും ഫോറന്‍സിക് വകുപ്പ് മേധാവികള്‍ കൈകാര്യം ചെയ്യണമെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രം പോരാ, കോടതിയില്‍ നേരിട്ടെത്തി കണ്ടെത്തലുകളും നിരീക്ഷണങ്ങളും നിഗമനങ്ങളും മരണകാരണവും വിവരിക്കണമെന്നും പൊലീസ് മാനുവലിലും സര്‍ക്കാര്‍ ഉത്തരവിലും പറയുന്നുണ്ട്. എന്നാല്‍, അസാധാരണ കേസുകള്‍ ഫോറന്‍സിക് മേധാവിതന്നെ ചെയ്യണം എന്ന് നിയമമുണ്ടോ എന്ന് അറിയില്ളെന്നായിരുന്നു പ്രോസിക്യൂഷന്‍ നടത്തിയ എതിര്‍വിസ്താരത്തില്‍ ഉന്മേഷ് പറഞ്ഞത്.
2004ല്‍ ഫോറന്‍സിക് സയന്‍സില്‍ ബിരുദം നേടിയ ഡോ.എ.കെ. ഉന്മേഷ് 2008ല്‍ ഫോറന്‍സിക് അസോസിയേറ്റ് പ്രഫസറായി. ഇതിനെ ചോദ്യം ചെയ്ത് ഒരു വനിതാ ഡോക്ടര്‍ ഹൈകോടതിയില്‍ പരാതി നല്‍കി. ഹരജിയില്‍ കോടതി സര്‍ക്കാറിന് കാരണം കാണിക്കല്‍ നോട്ടീസയച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഡോ.ഉന്മേഷ് കൃത്രിമംകാണിച്ചതായി  കണ്ടെത്തി. ഹൈകോടതിയില്‍ കാര്യകാരണം ബോധിപ്പിച്ച സര്‍ക്കാര്‍ ഉന്മേഷിനെ അസോസിയേറ്റ് പ്രഫസര്‍സ്ഥാനത്തുനിന്ന് അസിസ്റ്റന്‍റ് പ്രഫസറായി തരംതാഴ്ത്തി. എന്നാല്‍, നടപടിക്കുവിധേയനായശേഷവും അസോസിയേറ്റ് പ്രഫസര്‍ എന്ന തസ്തികയിലുള്ള ശമ്പളമാണ് ഇദ്ദേഹം ഇപ്പോഴും കൈപ്പറ്റുന്നത്.  

l
വിവാദമാകേണ്ടിയിരുന്നത്
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടല്ല
സൗമ്യസംഭവം സാധാരണ കേസാണെന്ന് കരുതിയാല്‍പോലും അതിനും വകുപ്പ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ്മോര്‍ട്ടം നടത്താനാവില്ല. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡ്യൂട്ടി അസൈന്‍മെന്‍റ് രജിസ്റ്ററില്‍ സൗമ്യയുടെ ഓട്ടോപ്സി നടത്തിയത് ആരെല്ലാമാണെന്ന് എഴുതിയത് ഉന്മേഷാണ്. ഇക്കാര്യം കോടതിയില്‍ സമ്മതിച്ചെങ്കിലും ഷെര്‍ളി വാസുവിന്‍െറ പേര് അവരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മറ്റേതോ ദിവസം എഴുതിയതെന്നാണ് ഉന്മേഷ് പറഞ്ഞത്. എന്നാല്‍, രജിസ്റ്ററിലെ മൂന്നുപേരുകളും സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഡോ.ഉന്മേഷിന്‍െറ പേരാണ് പിന്നീട് എഴുതിച്ചേര്‍ത്തതെന്ന് വ്യക്തമാകും.
സാധാരണ വലിയ കൈയക്ഷരത്തില്‍ എഴുതുന്ന ആളാണ് ഉന്മേഷ്. മുകളില്‍നിന്ന് താഴേക്ക് അക്ഷരം വരുംവിധത്തിലാണ് ഒപ്പ്. ഫെബ്രുവരി മാസത്തില്‍തന്നെ ഡോ.ഉന്മേഷ് 42 പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടുണ്ട്. ഓരോ ദിവസത്തെയും രജിസ്റ്ററില്‍ തന്‍െറ പേര്‍ വലുതായാണ് എഴുതിയിരിക്കുന്നത്.  ഫെബ്രുവരി ഏഴിന് സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ കോളത്തില്‍ ഡോ.ഷെര്‍ളി വാസുവിന്‍െറയും ഡോ.രാജേന്ദ്രപ്രസാദിന്‍െറയും പേരിനിടയില്‍ ചെറിയ അക്ഷരത്തിലാണ് ഉന്മേഷിന്‍െറ പേര്‍. ഡോ.ഷെര്‍ളി വാസുവിന്‍െറയും രാജേന്ദ്രപ്രസാദിന്‍െറയും പേര്‍ ഉന്മേഷിന്‍െറ സാധാരണ കൈയക്ഷരത്തിലാണ്.
സൗമ്യയുടെ കഴുത്തിനുപിറകിലെ മുറിപ്പാടുകളോ പെറ്റ്യൂട്ടറി ഗ്ളാന്‍ഡിന് പൊട്ടലുണ്ടായ സംഭവമോ രക്തം ലെന്‍സിലേക്ക് വാര്‍ന്നിറങ്ങിയതോ ലെന്‍സിലെ നിറംമാറ്റമോ നാവിരിക്കുന്ന മാന്‍ഡിബ്ള്‍ മുറിഞ്ഞതിനെക്കുറിച്ചോ ഒരു പരാമര്‍ശവും ഡോ.ഉന്മേഷ് കോടതിക്ക് കൈമാറിയ തെളിവിലില്ല. എന്നാല്‍, തന്‍െറയും ഡോ.ഷെര്‍ളി വാസുവിന്‍െറയും നിഗമനങ്ങള്‍ ഒന്നാണെന്ന് ഡോ.ഉന്മേഷ് കോടതിയില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. വിധിക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഉന്മേഷിന്‍െറ സ്വരത്തില്‍ മുഴുവന്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി തന്നെ വിളിക്കാത്തതിലുള്ള പരിഭവമായിരുന്നു. എന്നാ­ല്‍, സംഘമായി പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മേധാവിയെ വിളിച്ചുവരുത്തി വിസ്തരിച്ചാല്‍മതിയെന്നാണ് 2009ലെ സുപ്രീംകോടതി നിരീക്ഷണം.
സൗമ്യകേസ് അന്വേഷിച്ച ചേലക്കര സി.­ഐ ശശിധരന്‍ അയച്ച  പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള അപേക്ഷ   പ്രഫസര്‍ ആന്‍ഡ് പൊലീസ് സര്‍ജന്‍, തൃശൂര്‍ മെഡിക്കല്‍ കോളജ് എന്ന വിലാസത്തിലാണ്.  ഈ വിലാസം ഡോ.ഷെര്‍ളി വാസുവിന്‍േറതാണ്.
സൗമ്യ മരിച്ച ഫെബ്രുവരി ആറിന് വൈകുന്നേരം 6.30നാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. വൈകുന്നേരം ആറിനുശേഷം പോസ്റ്റ്മോര്‍ട്ടം നടന്നാല്‍ മുറിവുകളുടെ പഴക്കം അറിയാനാവില്ല. പകല്‍വെളിച്ചത്തില്‍ കൂടുതല്‍ വ്യക്തമാകുമെന്നതിനാല്‍ പിറ്റേന്ന് രാവിലെ ഏഴിനുതന്നെ പോസ്റ്റ്മോര്‍ട്ടം നിശ്ചയിച്ചു. ഏഴിനുതന്നെ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീദേവിയില്‍ നിന്ന് ഡോ.ഉന്മേഷ് സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി.
7.05നും 9.15നും ഇടയിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. വെന്‍റിലേറ്ററില്‍നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയ സൗമ്യയുടെ ശരീരത്തിലെ ബാന്‍ഡേജുകളും വസ്ത്രങ്ങളും  നീക്കം ചെയ്യുന്നതിനു  മുമ്പെ, ഡോ.ഷെര്‍ളി വാസുവിന്‍െറ ഡിജിറ്റല്‍ കാമറയില്‍ ആദ്യ ചിത്രം പതിഞ്ഞു. 7.09നാണിത്. ദേഹത്തുനിന്നെല്ലാം മാറ്റി കഴുകിയശേഷമാണ് ശരീരം അളന്നത്. ഉയരം 153 സെന്‍റീ മീറ്റര്‍. പോസ്റ്റ്മോര്‍ട്ടം മുറിയിലെ വെയ്ന്‍റ് ബാലന്‍സില്‍ 42 കിലോ തൂക്കവും വെളിപ്പെട്ടു. സര്‍ജറിക്കായി തലമുടി പൂര്‍ണമായി നീക്കംചെയ്തിരുന്നു. ശരീരമാകെ നീരുവന്ന് വീര്‍ത്തനിലയിലായിരുന്നു. ശരീരത്തിലെ ഓരോ മുറിവുകളും വീണ്ടും കഴുകി പരിശോധിച്ചു. 24 മുറിവുകളാണ് ശരീരത്തിനു പുറമെ കാണുന്നതരത്തിലുള്ളത്. ഇവയുടെ പഴക്കവും ആഴവും സ്വഭാവവും കാരണവും ഡോ.ഷെര്‍ളി വാസു കുറിച്ചിട്ടു.
അരക്കെട്ടിനുപിറകെയും മുതുകിലും മെറ്റല്‍കൊണ്ടുണ്ടായ ക്ഷതവും മുറിവും. ഇത് ലൈംഗികാക്രമണത്തിനായി നിശ്ചിത ഉയരത്തില്‍നിന്ന് നിലത്തിട്ടതിന്‍െറയും ശരീരത്തില്‍ കയറി ലൈംഗിക പരാക്രമണം നടത്തിയപ്പോള്‍ സംഭവിച്ചതിന്‍െറയുമാണെന്ന് അവര്‍ നിരീക്ഷിച്ചു. പുറത്ത് വൃത്താകൃതിയില്‍ കണ്ടത് പെറ്റിക്കോട്ട് മുറുകിയതിന്‍േറതും നടുഭാഗത്ത് കണ്ടത് ബ്രയ്സിയര്‍ വലിച്ചുകയറ്റിയതിന്‍െറയുമാണെന്ന് വ്യക്തമായി.
ശരീരത്തിന്‍െറ വലതുഭാഗത്താണ് നഖംകൊണ്ടുള്ള പോറലുകളും മറ്റും കണ്ടത്. വലതുമാറത്ത് ഒരുഭാഗത്ത് കൈപ്പത്തിയും മറുഭാഗത്ത് ഉരുണ്ടുതടിപോലെയുള്ള എന്തോ ഉപയോഗിച്ചും ഞെരുക്കിയതിന്‍െറ ക്ഷതമുണ്ട്. തടിപോലെ കണ്ടത് അറ്റുപോയ ഇടതുകൈയുടെ ഭാഗമാണെന്ന് നിഗമനമുണ്ടായി. വലതുതോളില്‍നിന്ന് നെഞ്ചുവരെ വസ്ത്രം ഉരിഞ്ഞെടുത്തപ്പോഴുണ്ടായ നഖപ്പാടുണ്ട്. വലതു കൈകൊണ്ടുവലിച്ചതിന്‍െറ പാടുകളാണിത്. വലതുതുടയിലും സമാനരീതിയില്‍ നഖംകൊണ്ടുള്ള മുറിവുണ്ട്. ഇതിനുപുറമെ രണ്ടു തുടയിലും താഴേക്ക് വട്ടത്തില്‍ പോറലുണ്ട്. ഇറുകിയ പാന്‍റ് വലിച്ചൂരിയതിന്‍േറതാണെന്ന് കണ്ടെത്തി. രണ്ടു കൈകളുടെയും കൈപ്പത്തിക്കുപിറകിലായി ആറിഞ്ചോളം വീതിയില്‍ ക്ഷതമേറ്റിട്ടുണ്ട്. ഇത് ട്രെയിന്‍ വാതിലിനിടയില്‍ വെച്ചടച്ചതിന്‍േറതാണെന്ന് വ്യക്തം.
വായ്ക്കകത്ത് സാരമായ മുറിവുകളാണ് കണ്ടത്. മാക്സില്ല (മോണ) ആകെ തകര്‍ന്ന് പല്ലുകളെല്ലാം ഇളകിക്കിടന്നിരുന്നു. ചിലത് വായ്ക്കുള്ളിലേക്ക് ഇറങ്ങിപ്പോയി. മാന്‍ഡിബ്ള്‍ പൊട്ടി നാവ് ഇളകിയിട്ടുമുണ്ട്. നാവിനെ ഘടിപ്പിച്ചിരിക്കുന്ന സ്ഥാനമാണ് മാന്‍ഡിബ്ള്‍. ഇവിടം തകര്‍ന്നതോടെ നാവ് തൊണ്ടയില്‍ മടങ്ങിക്കിടക്കുകയായിരുന്നു. ഭക്ഷണം, വെള്ളം, ശ്വാസം എന്നിവയെ വേര്‍തിരിച്ച് അകത്തേക്ക് വിടുന്ന നാവിന്‍െറ പ്രവര്‍ത്തനം ഇതോടെയില്ലാതായി. ശബ്ദവും അടഞ്ഞു. എല്ലും പല്ലും തുളഞ്ഞുകയറി ചെവിക്കുപിറകില്‍ ഉള്ളിലായി മുറിവുണ്ട്.
കൂടുതല്‍ പരിശോധനക്കായി തലയോട്ടിതുറന്നു. മുറിവുകളും ക്ഷതവുമധികം ഇടതുഭാഗത്താണ്. പ്രധാന പരിക്ക് ശ്ളേഷ്മഗ്രന്ഥിക്കാണ്. മനുഷ്യശരീരത്തിന്‍െറ വളര്‍ച്ചക്ക് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രമാണിത്. മുല്ലമൊട്ടിന്‍െറ വലുപ്പംമാത്രമുള്ള ഇവിടം പൊട്ടിയതോടെ തലച്ചോറിലേക്കുള്ള ഹോര്‍മോണ്‍ഗ്രന്ഥി മുറിഞ്ഞു. മരണത്തിന് പ്രധാന കാരണമായ ഈ മുറിവുകള്‍ ട്രെയിനില്‍നിന്ന് താഴേക്ക് വീഴുംമുമ്പേ ഉണ്ടായതാണെന്ന് ഡോ. ഷെര്‍ളി നിരീക്ഷിക്കുന്നുണ്ട്.
രക്തം ലങ്സിലേക്ക് കാര്യമായതോതില്‍ വാര്‍ന്നിറങ്ങിയതാണ് മരണകാരണമെന്നും കണ്ടെത്തി. മാക്സില്ലയുടെയും മാന്‍ഡിബ്ളിന്‍െറയും മുറിവില്‍നിന്ന് രക്തം വായിലൂടെ ശ്വാസകോശത്തിലേക്കും ലെന്‍സിലേക്കും ഇറങ്ങിയിട്ടുണ്ട്. അങ്ങിങ്ങ് കറുപ്പുകലര്‍ന്ന് നീലനിറത്തിലായിരുന്നു ലെന്‍സ്. ലെന്‍സിലെ ഈ നിറവ്യത്യാസം കാണിക്കുന്നതടക്കം 129 ഫോട്ടോകളാണ് പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച് ഡോ.ഷെര്‍ളി വാസു ഡിജിറ്റല്‍ കാമറയില്‍ പകര്‍ത്തിയത്.
മരണത്തിന് കാരണമായ ഇത്തരം പ്രധാന കണ്ടെത്തലുകള്‍ ഡോ.ഷെര്‍ളി വാസു പ്രോസിക്യൂഷന് കൈമാറിയ അന്തിമ പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിലാണുള്ളത്. സൗമ്യയെ പോസ്റ്റ്മോര്‍ട്ടം നടത്തി തയാറാക്കി കോടതിക്ക് കൈമാറാന്‍ ഡോ.ഷെര്‍ളി വാസുവിനെ ഏല്‍പിച്ച സര്‍ട്ടിഫിക്കറ്റ് അവര്‍ തിരുത്തിയെന്നാണ് ഉന്മേഷിന്‍െറ മൊഴി. 28 പേജുകളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്. അതില്‍ 11 മുതല്‍ 21വരെയും 25,26ഉും പേജുകളാണ് ഡോ.ഉന്മേഷ് തയാറാക്കിയ കരട്. ഉന്മേഷ് തയാറാക്കിയ 23 പേജുകളില്‍ വ്യത്യസ്തയിടങ്ങളിലായാണ് പരിക്കുകളും വിവരണങ്ങളും കിടക്കുന്നത്. ഇവ തമ്മിലെ പൊരുത്തമില്ലായ്മയാണ് ഡോ.ഷെര്‍ളിവാസു വ്യക്തത വരുത്തിയത്.
ഷെര്‍ളി വാസു തിരുത്തിയ സര്‍ട്ടിഫിക്കറ്റും ഉന്മേഷ് കൈമാറുംമുമ്പേ പകര്‍പ്പെടുത്ത സര്‍ട്ടിഫിക്കറ്റും പരിശോധിച്ചാണ് ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.


വത്സന്‍ രാമംകുളത്ത്

Blogger templates

.

ജാലകം

.