സര്‍ക്കാര്‍ നിയമിക്കുന്ന ഭിഷഗ്വരന്മാര്‍ പോലും തൊഴിലെടുക്കാന്‍ മടിക്കുന്ന ആദിവാസി ഊരുകളില്‍ ചെന്ന് നിര്‍ധനരായ അഗതികളെ ചികിത്സിക്കാന്‍ സ്വയംസന്നദ്ധനായി വന്ന ഒരു ഡോക്ടറോടാണ് ഇതു ചെയ്യുന്നതെന്നോര്‍ക്കണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ചെയ്തുവരുന്ന സന്നദ്ധസേവനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആദരിക്കുന്നില്ലെന്നതോ പോകട്ടെ, സ്വാതന്ത്ര്യമെന്ന അദ്ദേഹത്തിന്റെ മൗലികാവകാശംതന്നെ തട്ടിയെടുക്കുകയാണ് അധികൃതര്‍. ഇതൊരു അപായകരമായ പ്രവണതയാണ്. ബിനായകിനെ മോചിപ്പിക്കാനാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ എങ്ങും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിധി കേട്ട് ഞെട്ടിയവരെല്ലാം പ്രതിഷേധപരിപാടികളുമായി രംഗത്തുവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ പ്രശസ്ത സാമൂഹികപ്രവര്‍ത്തക കവിത ശ്രീവാസ്തവയുടെ കമന്റ് മാത്രം രേഖപ്പെടുത്തട്ടെ: 'ഞങ്ങളെല്ലാം ബിനായക് സെന്നുമാരാണ്, ഞങ്ങളെല്ലാം ജയില്‍ വരിക്കും. ഉള്ളത് പറയുന്നത് രാജ്യദ്രോഹമെങ്കില്‍, ഞങ്ങളെല്ലാം രാജ്യദ്രോഹികളാണ്.'
ഒറീസയിലെ
കണ്ഡമാലില്‍നിന്ന്
കണ്ഡമാലിലെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തെക്കുറിച്ച് ജോണ്‍ ദയാല്‍ എഴുതിയയച്ചത്:
ഒറീസയില്‍ കണ്ഡമാല്‍ ജില്ലയിലെ ബോഡിമുണ്ട ഗ്രാമം മൂന്നുവര്‍ഷത്തിനുശേഷം ഇതാദ്യമായി ക്രിസ്മസ് കൊണ്ടാടി. അനേകം കിലോമീറ്ററുകള്‍ ദൂരെ ബാരഖമ ഗ്രാമത്തില്‍ രണ്ടായിരത്തോളം വരുന്ന ക്രിസ്തുമതവിശ്വാസികളുടെ പ്രാര്‍ഥനാചടങ്ങുകള്‍ക്ക് ശക്തമായ പൊലീസ് ബന്തവസ്സുണ്ടായിരുന്നു. 2007ലെ ഡിസംബറില്‍ കൂട്ടക്കൊലയും കുടിയൊഴിപ്പിക്കലും നടന്ന പ്രദേശമാണിത്. അടുത്ത 2008 ആഗസ്റ്റില്‍ പിന്നെയും ഏഴ് ആഴ്ചകളോളം അക്രമികള്‍ അവിടെ അഴിഞ്ഞാട്ടം തുടര്‍ന്നു. പിന്നീടൊരിക്കലും ക്രിസ്മസ് ആഘോഷം ഈ പ്രദേശക്കാര്‍ കണ്ടില്ല. 54,000ത്തില്‍പരം ക്രൈസ്തവരാണ് പ്രദേശം വിട്ടുപോകേണ്ടിവന്നത്. ഇതില്‍ 30,000 പേര്‍ അഭയാര്‍ഥി ക്യാമ്പുകളിലായിരുന്നു; അവശേഷിച്ചവര്‍ അകക്കാടുകളിലെ ഒളിജീവിതത്തിലും. ജീവന്‍ നിലനിര്‍ത്താനായി അവരില്‍ പലര്‍ക്കും വിശ്വാസം വെടിയേണ്ടിവന്നു. അല്ലെങ്കില്‍ നാട്ടില്‍ ജീവിച്ചുപോകണമെങ്കില്‍ ഹിന്ദുക്കളാണെന്നു കാണിക്കാന്‍ പശുമൂത്രം കുടിക്കേണ്ടിവന്നു. ക്രിസ്മസ് തലേന്നാളിലെ പാതിരാകുര്‍ബാന ഓര്‍മ മാത്രമായി. എന്നാല്‍, ഈ വര്‍ഷം രണ്ടു കത്തോലിക്കാ പുരോഹിതരും കൂട്ടുകാരും ഈ ഭീതിയെ അതിജീവിച്ച് ക്രിസ്മസ് ആഘോഷിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ക്രൈസ്തവവിരുദ്ധ കലാപം കത്തിയാളിയ ബ്രഹ്മനിഗോണ്‍ ഗ്രാമത്തില്‍ ജനിച്ച ഫാദര്‍ അജയ്‌സിങ് ടെലിഫോണില്‍ എന്നോട് സംഭവം വിവരിച്ചു. ക്രിസ്മസ് തലേന്നാള്‍ ഭീതിജനകമായ അന്തരീക്ഷമായിരുന്നു എങ്ങും. മുന്‍കലാപത്തിനു വിത്തുപാകിയ കൂയ് വിഭാഗം ഇത്തവണയും ഡിസംബര്‍ 24ന് പരിപാടി തീരുമാനിച്ചിരുന്നു- 2007ലേതുപോലെ തന്നെ. ജില്ലാ ഭരണകൂടം അതിന് അനുമതി നല്‍കുകയും ചെയ്തു, ഇത്തവണ പൊലീസ് പട്രോളിങ് ഉണ്ടായിരിക്കുമെന്ന അറിയിപ്പോടെ.
ബാരഖമ, ടികബാലി എന്നിവിടങ്ങളില്‍നിന്ന് ദല്‍ഹിയിലേക്ക് എനിക്ക് ഫോണ്‍പ്രവാഹമായിരുന്നു, തലസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ തലത്തിലും ഒറീസ ഗവണ്‍മെന്റുമായി ബന്ധപ്പെട്ടും ക്രിസ്മസ് ആഘോഷത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവശ്യപ്പെട്ടുകൊണ്ട്. ഞായറാഴ്ച കൂയ് വിഭാഗം തലവന്‍ ലംബോധര്‍ കാഹര്‍, 2007 ഡിസംബറില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മല്ലിക്കിന്റെ അടിയന്തിരചടങ്ങുകളുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. മല്ലിക്കിന്റെ കൊലക്ക് ഉത്തരവാദികള്‍ ക്രൈസ്തവരാണെന്ന് ആരോപിച്ച കാഹറും പ്രാദേശിക ഹിന്ദുനേതാക്കളും ഹൈന്ദവരക്തസാക്ഷിയായി അദ്ദേഹത്തെ ആദരിക്കണമെന്ന് ആഹ്വാനം ചെയ്തു.
മല്ലിക് നേരത്തേ ഒരു ചര്‍ച്ച് പൊളിച്ച കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ രഹസ്യയോഗങ്ങള്‍ സംഘടിപ്പിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തും 'അനുസ്മരണ ദിനാഘോഷ'ത്തിന് വമ്പിച്ച തോതില്‍ ആളുകളെ അണിനിരത്താന്‍ ആഹ്വാനം ചെയ്തിരുന്നു. കണ്ഡമാലില്‍ താമസിക്കുന്ന ബ്രദര്‍ മാര്‍കോസ്, ബോഡിമുണ്ട ഗ്രാമം അതിസംഘര്‍ഷാവസ്ഥയിലായിരുന്നുവെന്നും എന്നാല്‍ നേരത്തേ ഹിന്ദുവായി മാറാന്‍ നിര്‍ബന്ധിതനായ കത്തോലിക്കാ പുരോഹിതന്‍ തിരിച്ചുവന്ന് പ്രാര്‍ഥനാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയെന്നും അറിയിച്ചു. കത്തോലിക്കര്‍ പാതിരാകുര്‍ബാനയും മറ്റു പരിപാടികളും സമുചിതമായി ആചരിച്ചു.
ബിലീവേഴ്‌സ് ചര്‍ച്ച് പള്ളി പുതുക്കിപ്പണിത് ഡിസംബര്‍ 25ന് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. എന്നാല്‍, ബാപ്റ്റിസ്റ്റ്, പെന്തക്കോസ്ത് ചര്‍ച്ചുകള്‍ ഭീതികാരണം പ്രത്യക്ഷ ആഘോഷപരിപാടികളില്‍നിന്നു വിട്ടുനിന്നു. വമ്പിച്ച പൊലീസ് ബന്തവസ്സ് സീനിയര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍തന്നെ ഏര്‍പ്പെടുത്തിയിരുന്നു. കുര്‍ബാനക്കൊടുവില്‍ ജില്ലാ കലക്ടറും എസ്.പിയും ബോഡിമുണ്ടയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ