സത്യം ഒരുനാള്‍ പുറത്തുവരും



നക്‌സല്‍ നേതാവ് എ. വര്‍ഗീസിനെ വെടിവെച്ചുകൊന്ന കേസില്‍ സി.ബി.ഐ പ്രത്യേക കോടതി വിധിപറഞ്ഞതോടെ സമൂഹം നേരത്തെ അറിഞ്ഞ പാതകം നീതിപീഠം സ്ഥിരീകരിച്ചിരിക്കുന്നു. ജഡ്ജി എസ്. വിജയകുമാര്‍ വിധിന്യായത്തില്‍ പറഞ്ഞപോലെ, സത്യം എന്നും മൂടിവെക്കാനാവില്ല. വര്‍ഗീസിനെ കൊല്ലാന്‍ നേരിട്ട് ഉത്തരവു നല്‍കിയ അന്നത്തെ ഐ.ജി കെ. ലക്ഷ്മണക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ച കോടതി, അന്നത്തെ ഡി.ജി.പി പി. വിജയനെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടിരിക്കുന്നു: വര്‍ഗീസിന്റെ മരണം കൊലപാതകമായിരുന്നു എന്ന വസ്തുതക്ക് ഈ ഒരു കേസിന്റെ പരിധിയെക്കാള്‍ വലിയ ധ്വനികളുണ്ട് എന്നതിനാല്‍ തന്നെ ഈ വിധിക്ക് ഇന്നത്തെ ഇന്ത്യയില്‍ വലിയ പ്രാധാന്യമുണ്ട്.
കേസില്‍ രണ്ടു പ്രധാന തെളിവുകളാണ് കോടതിക്ക് മുമ്പിലെത്തിയത്. മേലുദ്യോഗസ്ഥന്റെ ഉത്തരവും ഭീഷണിയും കേട്ട് നിസ്സഹായാവസ്ഥയില്‍ കാഞ്ചിവലിച്ച കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ സത്യവാങ്മൂലമാണ് ഒന്ന്. അന്ന് പൊലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഹനീഫയുടെ സാക്ഷിമൊഴിയാണ് മറ്റൊന്ന്.


രാമചന്ദ്രന്‍ നായരെ വിചാരണ ചെയ്യാന്‍ സാധിക്കുന്നതിനുമുമ്പ് അദ്ദേഹം മരണപ്പെട്ടു. വിചാരണ നടക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ മൊഴി തെളിവായി കണക്കാക്കാന്‍ നിയമപരമായി സാധ്യമല്ല. എന്നാല്‍, കേസിലെ ഏക ദൃക്‌സാക്ഷിയായ ഹനീഫയുടെ മൊഴി വിശ്വാസ്യമായ തെളിവുതന്നെയാണ്: തിരുനെല്ലിയിലെ ഒരു വീട്ടില്‍നിന്ന് നിരായുധനായ വര്‍ഗീസിനെ പിടികൂടി; ഇരുകൈകളും പിറകിലേക്ക് കെട്ടി. മലമുകളിലെത്തിച്ച് പാറയില്‍ ഇരുത്തി. വര്‍ഗീസിനെ കൊല്ലാന്‍ തീരുമാനിച്ചതായി ലക്ഷ്മണയും വിജയനും പറഞ്ഞു: വെടിവെക്കാന്‍ വൈമനസ്യം പ്രകടിപ്പിച്ച രാമചന്ദ്രന്‍ നായരെക്കൊണ്ടുതന്നെ കൃത്യം ചെയ്യിച്ചു.
അപൂര്‍വമാണ് ഈ കേസ്. നാല്‍പതുവര്‍ഷം കഴിഞ്ഞിട്ടും സത്യം പുറത്തുവന്നു. വെടിവെച്ചയാള്‍തന്നെ 28 വര്‍ഷത്തിനുശേഷം സംഭവം പുറത്തറിയിച്ചു. ഇതെല്ലാം കേസിനെ അപൂര്‍വമാക്കുന്നുണ്ടെങ്കിലും ഇന്ന് നമ്മുടെ നാട്ടില്‍ ഒരു നടപ്പുദീനമായി പടരുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ ആദ്യകാല മാതൃക എന്ന നിലക്ക് ഇത് ഒട്ടും അപൂര്‍വമല്ല താനും. കുറ്റാരോപിതനെ പിടികൂടി കോടതിയില്‍ ഹാജരാക്കുന്നതിന് പകരം പൊലീസുതന്നെ കൊല്ലാന്‍ തീരുമാനിക്കുന്നു. കൊന്നശേഷം അത് ഏറ്റുമുട്ടലായിരുന്നു എന്ന് പ്രചരിപ്പിക്കുന്നു. ഈ രീതി ഇന്ത്യയില്‍ ഭീഷണമായ തോതില്‍ വളരുന്നുണ്ട്. ഒട്ടനേകം സംഭവങ്ങളില്‍ അന്വേഷണം  പോലും നടക്കുന്നില്ല. മറുവശത്ത് ഇത്തരം മനുഷ്യാവകാശ, നിയമ ലംഘനങ്ങള്‍ പുറത്തുകൊണ്ടുവരേണ്ട മാധ്യമങ്ങള്‍പോലും പൊലീസിന്റെ കെട്ടുകഥകള്‍ അതേപടി ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നു. വര്‍ഗീസ് കേസില്‍ പൊലീസിന്റെ ഉച്ചഭാഷിണിയായി രംഗത്തുവരാന്‍ മുന്‍നിര പത്രങ്ങള്‍ക്ക് ഒരറപ്പുമുണ്ടായില്ലെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ഔദ്യോഗിക കെട്ടുകഥകളുടെയും ഭരണകൂടത്തോടുമാത്രം കൂറുപുലര്‍ത്തുന്ന മാധ്യമങ്ങളുടെ പ്രചാരണങ്ങളുടെയും മറകള്‍ വകഞ്ഞുമാറ്റിക്കൊണ്ട് സത്യം പുലരുമ്പോള്‍ അത് മറ്റനേകം ഇരകള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും നല്‍കുന്ന ആശ്വാസം ചെറുതല്ല.
നീതിയുടെ ഈ പുലര്‍ച്ചയില്‍ ഇത്തരം തടസ്സങ്ങള്‍ ഏറെ ഉണ്ടായിട്ടും, നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടെങ്കിലും സത്യം പുറത്തുവരാന്‍ ഇടയാക്കിയ സാഹചര്യങ്ങളും സ്മരിക്കേണ്ടതുണ്ട്. 1970 ഫെബ്രുവരി 18നാണ് വര്‍ഗീസിനെ അവര്‍ വെടിവെച്ചുകൊന്നത്. പിന്നെ മൂന്നു പതിറ്റാണ്ടോളം സര്‍ക്കാരും മുഖ്യ മാധ്യമങ്ങളും പറഞ്ഞുപരത്തിയത് വിശ്വസിച്ച് പൊതുസമൂഹം ഏറെക്കുെറ സംഭവത്തെ പഴങ്കഥയാക്കി തള്ളിയതായിരുന്നു. എന്നാല്‍, കുഴിമൂടിക്കിടന്ന നേരിന് ഉയിര്‍പ്പു നല്‍കിയത് ഏതാനും മനുഷ്യരുടെ ആര്‍ജവം നിറഞ്ഞ നിലപാടുകളാണ്. അവരില്‍ ഒന്നാമന്‍, വര്‍ഗീസിനുനേരെ കാഞ്ചിവലിക്കാന്‍ നിര്‍ബന്ധിതനായ രാമചന്ദ്രന്‍ നായര്‍ തന്നെ. നിസ്സഹായാവസ്ഥയിലാണെങ്കില്‍പോലും ഒരു നിരപരാധിയെ കൊല്ലേണ്ടിവന്നതിന്റെ കുറ്റബോധം താങ്ങാനാവാതെ അദ്ദേഹം അക്കാര്യം എ. വാസുവിനോട് തുറന്നുപറഞ്ഞു. നീതിക്കായി ചാഞ്ചല്യമില്ലാതെ പൊരുതിയ വാസുവിനെപ്പോലുള്ളവര്‍ക്കുള്ള പ്രതിഫലം കൂടിയാണ് കുറ്റം തെളിഞ്ഞതായുള്ള കോടതിവിധി. രാമചന്ദ്രന്‍ നായര്‍ വാസുവിന് എഴുതിക്കൊടുത്ത സാക്ഷ്യം കേസന്വേഷണത്തില്‍ വഴിത്തിരിവായി. വര്‍ഗീസ് വധം അന്വേഷിപ്പിക്കാന്‍ 1971ലും 1981ലും സഹോദരന്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ വാസു മുഖേന 'മാധ്യമം' ആഴ്ചപ്പതിപ്പിന് ലഭിച്ചതോടെ കേസ് അന്വേഷണം ഒഴിവാക്കാനാവില്ലെന്നായി. തോമസ് ഹൈകോടതിയില്‍ ഹരജി നല്‍കി; രാമചന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രഥമ വിവര റിപ്പോര്‍ട്ടായി സ്വീകരിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങാനിടയായത് അങ്ങനെയാണ്. പൊതുസമൂഹവും മാധ്യമങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും കേസ് ഏറെ താല്‍പര്യത്തോടെ പിന്തുടര്‍ന്നു. ഹനീഫ രോഗശയ്യയില്‍നിന്ന് നല്‍കിയ മൊഴിയാകട്ടെ നിര്‍ണായകവുമായി.
എത്രകാലം കഴിഞ്ഞാലും അധികാര ശക്തികള്‍ എത്രകാലം തടഞ്ഞാലും വെടിവെച്ച് കത്തിച്ചുകളഞ്ഞ് കുഴിവെട്ടി മൂടിക്കളഞ്ഞാലും ഒടുവില്‍ സത്യം പുറത്തുവരിക തന്നെ ചെയ്യും. കുറ്റം ചെയ്തവരെ അത് വേട്ടയാടുകയും ചെയ്യും. ഈയൊരു പാഠം കേസിലെ വിധി നല്‍കുന്നുണ്ട്. എന്നാല്‍, അതേസമയം സമാനമായ 'ഏറ്റുമുട്ടല്‍'ക്കഥകളില്‍ അന്വേഷണത്തിന് സര്‍ക്കാറുകളെ അത് പ്രേരിപ്പിക്കേണ്ടതുമുണ്ട്. ഇതിനുമപ്പുറം, ഭരണകൂടം ഉള്ളുതുറന്ന് കൊള്ളേണ്ട സാമൂഹികപാഠം കൂടി സി.ബി.ഐ പ്രത്യേക കോടതി നല്‍കിയിരിക്കുന്നു. തീവ്രവാദത്തെ നേരിടേണ്ടത് നിരപരാധികളെ കൊന്നുകൊണ്ടല്ല. തീവ്രവാദത്തിലേക്ക് മനുഷ്യരെ നയിക്കുന്ന സാമൂഹിക സാഹചര്യം വിശകലനം ചെയ്യപ്പെടണം. അതിനുപകരം തീവ്രവാദികെള കൊന്നാല്‍ അത് ഒന്നിനും പരിഹാരമാകില്ല. പൊലീസുകാര്‍ വ്യക്തികളെ കൊന്നുകളയുന്നു. ഭരണകൂടങ്ങളാകട്ടെ പ്രസ്ഥാനങ്ങളെ ഉന്നംവെക്കുന്നു. നീതി നിഷേധിക്കപ്പെടുന്നവന്‍ നിസ്സഹായനായിപ്പോകുന്നു. നീതിക്കുവേണ്ടി സംസാരിക്കുന്നവര്‍പോലും രാജ്യദ്രോഹികളെന്ന് വിളിക്കപ്പെടുന്നു. വര്‍ഗീസുമാര്‍ ഇരകളാണ്; അവരെ വേട്ടയാടുകയും കൊന്നുകളയുകയും ചെയ്യുന്ന അധികാരസ്ഥര്‍ക്ക് ആത്മവിചാരണക്കുള്ള ക്ഷണം കൂടിയാണ് കോടതിവിധി.

മാധ്യമം  


Share

Blogger templates

.

ജാലകം

.