പ്രഥമദൃഷ്ടിയുടെ രസതന്ത്രം(ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വം )

ഒരു ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചാല്‍ സാധാരണ സംഭവിക്കുന്നതെന്താണ്? പ്രോസിക്യൂഷന്‍ അഥവാ വാദിയായ സ്‌റ്റേറ്റ് പ്രസ്തുത ജാമ്യം നല്‍കാതിരിക്കാന്‍ വേണ്ട വാദമുന്നയിക്കും -തെളിവുകള്‍ സഹിതം. പ്രതിഭാഗം തെളിവുകള്‍ നിരത്തി അത് ഖണ്ഡിക്കും. ഇതിലേതാണോ കോടതിക്ക് ബോധ്യപ്പെടുക, അതനുസരിച്ച് ജാമ്യം അനുവദിക്കയോ നിഷേധിക്കയോ ചെയ്യും. രണ്ടായാലും കേസില്‍പ്പെട്ടയാള്‍ പ്രതിയായിത്തന്നെ വിചാരണ നടക്കും. ഇതാണ് ഭരണഘടനാനുസൃതമായ നാട്ടുനടപ്പ്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ നടക്കുന്നതെന്താണ്?
ബംഗളൂരു സ്‌ഫോടനക്കേസില്‍ തടിയന്റവിട നസീര്‍ എന്ന ദുരൂഹ കഥാപാത്രത്തെ വെച്ച് കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച സുദീര്‍ഘ നാടകത്തിനിടയില്‍ ഒരു സുപ്രഭാതത്തില്‍ മഅ്ദനി 31ാം പ്രതിയാക്കപ്പെടുന്നു. കുറ്റം: ഗൂഢാലോചന. സമാനമായ നാടകവും പ്രതിചേര്‍ക്കലുമാണ് മുമ്പ് കോയമ്പത്തൂര്‍കേസിലും അരങ്ങേറിയതെന്നിരിക്കെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മഅ്ദനി മുന്‍കൂര്‍ ജാമ്യം തേടുന്നു. അത് നിരാകരിച്ച രണ്ടു കോടതികളും പറയുന്നു, ആയതിന് പ്രഥമദൃഷ്ട്യാ ന്യായങ്ങളുണ്ടെന്ന്. എന്നുവെച്ചാല്‍ പ്രഥമദൃഷ്ടിക്കുതന്നെ സത്യമെന്നു തോന്നിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയതെന്നല്ലേ അര്‍ഥം? എങ്കില്‍ ആ തെളിവുകള്‍ നമുക്കുമൊന്നു നോക്കാം.
ഗൂഢാലോചനയില്‍ മഅ്ദനിക്കു പങ്കുണ്ടെന്നതിന് പ്രോസിക്യൂഷന്‍ നിരത്തുന്ന പ്രധാന തെളിവുകളെല്ലാം സാക്ഷിമൊഴികളാണ്. അതില്‍ മുഖ്യമായ ഒന്നാണ് ചേരാനല്ലൂര്‍ സ്വദേശി മജീദിന്റെ മൊഴി. താന്‍ പഴയൊരു പി.ഡി.പി പ്രവര്‍ത്തകനാണെന്നും മഅ്ദനിയുടെ വീട്ടില്‍ വലിയ സ്വാതന്ത്ര്യമുള്ളയാളാണെന്നും പറഞ്ഞിട്ട്, ഒരു ദിവസം താനവിടെ ചെല്ലുമ്പോള്‍  തടിയന്റവിട നസീറിനോട് ബംഗളൂരുവില്‍ ബോംബ് വെക്കണമെന്ന് മഅ്ദനി പറയുന്നതു കേട്ടു എന്നാണ് മജീദിന്റെ മൊഴി. 2009 ഡിസംബര്‍ 11 ന് കണ്ണൂരില്‍ വെച്ചാണ് ബംഗളൂരു സ്‌ഫോടനക്കേസിന്റെ മുഖ്യ അന്വേഷകനായി ഓംകാരയ്യ ഈ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
2009 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശില്‍നിന്ന് നസീറിനെ പൊക്കിയെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഭാഷ്യം. അഞ്ചാംതീയതി ആളെ ബംഗളൂരു പൊലീസിന് കൈമാറുന്നു. എട്ടിന് ബംഗളൂരുവിലെത്തിക്കുന്നു. നസീര്‍ നല്‍കിയ വിവരപ്രകാരമാണത്രേ മജീദിന്റെ മൊഴി എടുക്കുന്നത്. വെറും മൂന്നു ദിവസത്തിനകം. ഈ മൊഴി കിട്ടിയിട്ടും മഅ്ദനിയെ പ്രതിയാക്കുന്നില്ല. ആറു മാസത്തിനുശേഷമാണ് പ്രതിപ്പട്ടികയില്‍ പേര് മുളക്കുന്നത്. അതുപോകട്ടെ. 51ാം സാക്ഷിയായ ഇപ്പറയുന്ന മജീദ് ദീര്‍ഘകാലമായി മാരകരോഗിയാണ്. 2009 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ തൃപ്പുരിത്തുറ ഹോമിയോ മെഡിക്കല്‍കോളജില്‍ അഡ്മിറ്റായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കോമാ സ്‌റ്റേജിലായ മജീദ് അവിടെ കിടന്ന് ഡിസംബര്‍ 16 ന് മരിക്കുകയും ചെയ്തു. ഇങ്ങനെ കോമാ സ്‌റ്റേജില്‍ കിടക്കുന്നതിനിടെ 11ാം തീയതി 300 കിലോമീറ്റര്‍ വടക്ക് കണ്ണൂരില്‍ ചെന്ന് മൊഴി കൊടുത്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചത്. എതിര്‍വാദങ്ങളോ ആശുപത്രി രേഖകളോ പ്രസക്തമല്ല. കോമാ സ്‌റ്റേജിലുള്ള ഒരുവന്‍ ചെന്ന് മൊഴികൊടുത്തെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ അത് പ്രഥമദൃഷ്ട്യാ തെളിവാകുന്നു.
അടുത്തമൊഴി ജോസ് വര്‍ഗീസ് എന്ന കൊച്ചിക്കാരന്‍ വക. കോയമ്പത്തൂരില്‍നിന്ന് ജയില്‍മോചിതനായശേഷം മഅദ്‌നി കുറച്ചുകാലം കൊച്ചിയിലൊരു വാടകവീട്ടില്‍ താമസിച്ചിരുന്നു. വീട്ടുടമസ്ഥയുടെ ബന്ധുവായ ജോസായിരുന്നു വീടിന്റെ നോട്ടക്കാരന്‍. വാടക വാങ്ങാനായി ഒന്നരക്കൊല്ലം മുമ്പ് താന്‍ മഅ്ദനിയുടെ വീട്ടില്‍ചെന്നപ്പോള്‍ അവിടുത്തെ കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമൊത്ത് സംസാരിച്ചിരിക്കുന്ന മഅ്ദനിയെ കണ്ടെന്നും, 'ബംഗളൂരു സ്‌ഫോടനം' എന്ന് മഅ്ദനി പറയുന്നത് കേട്ടെന്നുമാണ് ജോസ് 2010 ജൂണ്‍ നാലിന് നല്‍കിയ 'മൊഴി'. മൂന്ന് കാര്യങ്ങളാണിവിടെ ശ്രദ്ധേയം. ഒന്ന്, മൊഴിപ്രകാരമുള്ള സന്ദര്‍ശനം നടക്കുന്നതിന് ആറു മാസംമുമ്പേ മഅ്ദനി മേപ്പടി വാടകവീടൊഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മാറിക്കഴിഞ്ഞിരുന്നു. രണ്ട്, വാടക ആരുടെയും കൈവശം പണമായി കൊടുത്തയക്കുകയല്ല, വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടില്‍ (എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വൈറ്റില ശാഖ) മാസാമാസം നിക്ഷേപിക്കുകയായിരുന്നു ധാരണപ്രകാരമുള്ള പതിവ്. മൂന്ന്, ജയില്‍മോചിതനായ ശേഷം മഅ്ദനി കേരള സര്‍ക്കാറിന്റെ ബി-കാറ്റഗറി സുരക്ഷാവലയത്തില്‍ കഴിയുന്നയാളാണ്. എന്നുവെച്ചാല്‍ കേരള പൊലീസ് നിയോഗിച്ച നാല് ഹോംഗാര്‍ഡുകളുടെയും രണ്ട് പി.എസ്.ഓമാരുടെയും 24 മണിക്കൂര്‍ ബന്തവസ്സില്‍. വീട്ടിലേക്ക് ആരു വന്നാലും ഹോംഗാര്‍ഡുകള്‍ കാര്യം തിരക്കിയിട്ട് മേലുദ്യോഗസ്ഥനായ പി.എസ്.ഓയെ വിവരമറിയിക്കും. അയാള്‍ മഅ്ദനിയുടെ സെക്രട്ടറിയോട് പറയും. ഇങ്ങനെ കര്‍ശനനിരീക്ഷണവും പരിശോധനയും കടന്നേ ആര്‍ക്കും മഅ്ദനിയെ സന്ദര്‍ശിക്കാന്‍ കഴിയൂ. എന്നിരിക്കെയാണ്, കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമായി വെടിപറഞ്ഞിരിക്കുകയും അങ്ങനെ ഇരുന്നെന്ന് കരുതിയാല്‍ത്തന്നെ, തികച്ചും അന്യനായ ജോസിനെപ്പോലൊരാള്‍ അവരുടെ സ്വകാര്യം കേള്‍ക്കത്തക്ക വിധത്തല്‍ ബെഡ്‌റൂമില്‍ എത്തുകയും ചെയ്യുക! നേരാണ്, ഇത്തരം വിശദാംശങ്ങളൊന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി അറിയണമെന്നില്ല. എന്നാല്‍, താന്‍ പറഞ്ഞിട്ടേയില്ലാത്ത കാര്യങ്ങള്‍വെച്ച് കൃത്രിമമൊഴിയുണ്ടാക്കി കോടതിയിലെത്തിച്ചതിന് മുഖ്യ അന്വേഷണോദ്യോഗസ്ഥന്‍ ഓംകാരയ്യക്കെതിരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സാക്ഷാല്‍ ജോസ് വര്‍ഗീസ് കേസ് ഫയല്‍ ചെയ്തിട്ടുള്ള വസ്തുതയോ? ക്ഷമിക്കണം, അതും ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് പ്രസക്തമല്ല.
അടുത്ത തെളിവ്, മഅ്ദനിയുടെ പാളയത്തില്‍നിന്നു തന്നെയാണ് -സഹോദരന്‍ ജമാല്‍ മുഹമ്മദിന്റെ മൊഴി. ബംഗളൂരു സ്‌ഫോടനം കഴിഞ്ഞയുടനെ നസീറിനും മറ്റും കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരി അഗതിമന്ദിരത്തില്‍ ഒളിച്ചുകഴിയാനുള്ള സൗകര്യമൊരുക്കണമെന്ന് മഅ്ദനി തന്നോട് ഫോണില്‍ വിളിച്ചുപറഞ്ഞെന്നും അതനുസരിച്ച് അഭയം കൊടുത്തുവെന്നുമാണ് ജമാലിന്റെ 'മൊഴി'. ഇങ്ങനെ വിളിച്ചുപറയാന്‍ കാരണമോ? ജമാലാണ് അഗതിമന്ദിരത്തിന്റെ സൂക്ഷിപ്പുകാരനും അവിടുത്തെ വിദ്യാലയത്തിലെ അധ്യാപകനും. പ്രഥമ ദൃഷ്ട്യാ തന്നെ തെളിവായില്ലേ? എങ്കില്‍ കഥാബാക്കി കൂടി അറിയുക. ജമാല്‍ അധ്യാപകനാണ്-അന്‍വാര്‍ശ്ശേരിയിലല്ല; കരുനാഗപ്പള്ളിയിലെ ഒരു എയ്ഡഡ് സ്‌കൂളില്‍. അയാള്‍ക്ക് ഇങ്ങനെയൊരു മൊഴിയെന്നല്ല, മൊഴി കൊടുക്കാനെത്തുക എന്നാവശ്യപ്പെടുന്ന ഒരു കേവല വാറണ്ടുപോലും കിട്ടിയിട്ടില്ല. പ്രോസിക്യൂഷന്‍ മൊഴിയില്‍ പറയുന്ന ഫോണ്‍ നമ്പറും ജമാലിന്റെയല്ല. ഇങ്ങനെ താന്‍ അറിയാതൊരു കൃത്രിമമൊഴി തന്റെ പേരിലിറക്കിയതിന് ജമാലും കൊടുത്തിട്ടുണ്ട് ശാസ്താകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ്. അങ്ങനെ ബംഗളൂരു കേസന്വേഷകര്‍ക്കെതിരെ കൃത്രിമത്വത്തിനുള്ള കേസുകെട്ട് രണ്ടാകുന്നു. പക്ഷേ, സാമാന്യ പ്രഥമദൃഷ്ടിക്ക് അതൊന്നും വിഷയീഭവിക്കുന്നില്ല.
ഇനിയാണ് പ്രോസിക്യൂഷന്റെ തിരക്കഥയിലെ തുറുപ്പ്-കുടക് എപ്പിസോഡ്. ധാരാളം മലയാളികളുള്ള കര്‍ണാടകത്തിലെ കുടകില്‍ ഒരു രാത്രി ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന് ഒരു കാലില്ലാത്ത ഒരാളിറങ്ങുന്നു. ഉടനെ തടിയന്റവിട നസീര്‍ പറയുന്നു, അത് കേരളത്തില്‍നിന്നുള്ള മഅ്ദനിയാണ്. ഈ മൊഴി കൊടുത്തിരിക്കുന്നത് കുടക് സ്വദേശിയായ ഒരു ലത്തീഫ് -52ാം സാക്ഷി. കേരളപൊലീസിന്റെ 24 മണിക്കൂര്‍ സംരക്ഷണത്തിലുള്ള ഒരാള്‍ അവരുടെ കണ്ണുവെട്ടിച്ച് കുടകിലേക്ക് മുങ്ങിയെങ്കില്‍ ഈ മുങ്ങല്‍കാലയളവിലെ പൊലീസ് ടൂര്‍ഡയറി പരിശോധിക്കേണ്ടതല്ലേ? കേരളപൊലീസിനോട് തിരക്കേണ്ടതല്ലേ? അതോ, ഇനി അവരുംകൂടി അറിഞ്ഞുകൊണ്ടുള്ള രഹസ്യയാത്രയായിരുന്നോ ഇത്? ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിയില്‍ അത്തരം സംശയങ്ങള്‍ക്കൊന്നും ഇടമില്ല, 52ാം സാക്ഷി പറഞ്ഞു അതുകൊണ്ട് അങ്ങട് വിശ്വസിക്ക തന്നെ.
ഇനിയുമുണ്ട് പ്രഥമ ദൃഷ്ടിയില്‍ ദൃഷ്ടിദോഷമേല്‍ക്കാത്ത ഊളത്തരങ്ങള്‍ അനവധി. ഉദാഹരണമായി, തടിയന്റവിട നസീറിനെ ഭീകരപ്രവര്‍ത്തനത്തിലേക്ക് പ്രചോദിപ്പിച്ചത് 1990ല്‍ ബാബരിമസ്ജിദ്, ഗോധ്ര സംഭവങ്ങള്‍ക്കുമേല്‍ മഅ്ദനി നടത്തിയ പ്രസംഗങ്ങളാണത്രേ. ഇതില്‍ ഗോധ്ര സംഭവം 2001ലല്ലേ, അപ്പോള്‍ പ്രതി ജയിലിലല്ലേ എന്നൊന്നും ചോദിക്കരുത്-പ്രഥമദൃഷ്ടിക്ക് കണ്ണു തട്ടും. അതേപോലെയാണ് നസീറിന് മഅ്ദനി മൂന്ന് പുസ്തകങ്ങള്‍ കൊടുത്ത കഥയും. രാജ്യത്തെവിടെയും നിരോധിച്ചിട്ടില്ലെന്ന് തന്നെയല്ല. ഒരുമാതിരി കച്ചോടമുള്ള പുസ്തകക്കടയിലൊക്കെ ഇപ്പോഴും വാങ്ങാന്‍ കിട്ടുന്ന ആ പുസ്തകങ്ങളാണ് ഗൂഢാലോചനയിലെ മറ്റൊരു പ്രോസിക്യൂഷന്‍ കണ്ണി. കര്‍ണാടക ഹൈകോടതിയുടെ വിളിപ്പാടകലെ മാത്രമുള്ള സ്ട്രാന്‍ഡ് ബുക്‌സില്‍ ഫോണ്‍ ചെയ്താല്‍ ജഡ്ജിയുടെ വീട്ടിലെത്തും സംഗതി. പക്ഷേ, പ്രഥമദൃഷ്ടിക്ക് അമ്മാതിരി മെനക്കേടുകളുടെ ആവശ്യമില്ല.
(തുടരും)
വിജു .വി .നായര്‍
മാധ്യമം

Google+ Followers

Blogger templates

.

ജാലകം

.