അവതാരം മണ്‍മറയുമ്പോള്‍


അവതാരം, വിശ്വാസം, വിവാദം

 സായിബാബയുടെ സംഭവബഹുല ജീവിതത്തിന്റെ സംഗ്രഹം:
 ജീവിതം
1926 നവംബര്‍ 23: ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ പിറന്നു.
1940: സ്വയം അവതാരപുരുഷനായി പ്രഖ്യാപിച്ചു.
1944: ആദ്യ ക്ഷേത്രം പുട്ടപര്‍ത്തിയില്‍ നിര്‍മിച്ചു. ബാബ പ്രശസ്തമായ തന്റെ കാവിവേഷത്തിലേക്കും മുടി മുറിക്കാത്ത ശീലത്തിലേക്കും മാറി.
1950: പ്രശാന്തിനിലയമെന്ന സായി ആസ്ഥാനം പ്രവര്‍ത്തനം തുടങ്ങി.
1957: വന്‍ ആശുപത്രി സമുച്ചയം സ്ഥാപിച്ചു.
1968 ജൂണ്‍: സായിബാബ ജീവിതത്തിലെ ഏക വിദേശയാത്ര നടത്തി, യുഗാണ്ടയിലേക്ക്.
1968 ജൂലൈ 22: അനന്ത്പൂര്‍ ജില്ലയില്‍ വനിതാ കോളജ് തുറന്നു.
1972: സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് നിലവില്‍ വന്നു.
1981 നവംബര്‍ 22: പുട്ടപര്‍ത്തിയില്‍ സത്യസായി സര്‍വകലാശാല ആരംഭിച്ചു.
2011 മാര്‍ച്ച് 29: ന്യുമോണിയ രോഗം ബാധിച്ച് ആശുപത്രിയില്‍.
2011 ഏപ്രില്‍ 4: ആരോഗ്യനില അതീവ ഗുരുതരമായി.
2011 ഏപ്രില്‍ 24: പുട്ടപര്‍ത്തിയില്‍ അന്ത്യം.

പ്രശംസ
ആതുരസേവനം: സത്യസായി സെന്‍ട്രല്‍ ട്രസറ്റ് ലോകമെമ്പാടും അനവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 1300 സത്യസായി സെന്ററുകള്‍ ലോകത്തിലുടനീളം സേവനം നടത്തുന്നു.
മതസൗഹാര്‍ദം: ഹിന്ദുമതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ച് പ്രബോധനം നടത്തിയ സായിബാബ ഒരിക്കലും മതവിദ്വേഷം പ്രചരിപ്പിച്ചില്ല.  വിവാദങ്ങള്‍ കത്തിയ കാലത്തുപോലും അദ്ദേഹം നിശ്ശബ്ദത പാലിച്ചു. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും മതത്തിന്റെ പേരില്‍ കലഹം പാടില്ലെന്നും അദ്ദേഹം അനുയായികളെ ഉദ്‌ബോധിപ്പിച്ചു.
നിഷ്പക്ഷത: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടും കോടിക്കണക്കിന് വരുന്ന തന്റെ വിശ്വാസികളുടെ രാഷ്ട്രീയ നിലപാടില്‍ അദ്ദേഹം ഇടപെട്ടില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഒരിക്കലും ആഹ്വാനം ചെയ്തില്ല.  
വിവാദം
1993 ജൂണ്‍ 6: ബാബക്കു നേരേ വധശ്രമം. നാലു കൊലയാളികള്‍ ആശ്രമത്തിനുള്ളില്‍ കൊല്ലപ്പെട്ടു. സ്വത്തുതര്‍ക്കമാണ്  പിന്നിലെന്ന് സൂചന. അന്വേഷണം എവിടെയും എത്തിയില്ല.
2001 ഡിസംബര്‍: ബാബക്കെതിരെ ലൈംഗികപീഡന ആരോപണം. സ്വത്തുസമ്പാദനത്തില്‍ ഏറെ ദുരൂഹതകളെന്ന് ആരോപണം. ആരോപണങ്ങള്‍ തെറ്റെന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി അടക്കമുള്ളവര്‍.
2004 ജൂണ്‍: ബാബയുടെ അദ്ഭുതങ്ങള്‍ മാജിക് മാത്രമാണെന്ന് വെളിപ്പെടുത്തി ബി.ബി.സി ഡോക്യുമെന്ററി.  ബാബ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയവര്‍ എന്നു പറയപ്പെടുന്നവരുടെ അഭിമുഖങ്ങള്‍ പുറത്തുവന്നു.
പിഴവ്
ആയുസ്സ്: താന്‍ 96 വയസ്സുവരെ ജീവിച്ചിരിക്കുമെന്ന ബാബയുടെ പ്രവചനം തെറ്റി.  സ്വയം ദൈവാവതാരമായി അവകാശപ്പെട്ട ബാബയുടെ നിലപാട് ഇന്ത്യന്‍ സമൂഹത്തെ വന്‍തോതില്‍ അന്ധവിശ്വാസവത്കരിച്ചതായി വിമര്‍ശം.

അവതാരം മണ്‍മറയുമ്പോള്‍ 

വ്യത്യസ്ത വിശ്വാസങ്ങളുടെ സംഗമ ഭൂമിയായ ഈ മഹാരാജ്യത്തുനിന്ന് മറ്റൊരു സ്വയംപ്രഖ്യാപിത ദൈവം കൂടി മണ്‍മറയുമ്പോള്‍ ബാക്കിയാവുന്നത് ചെറുതല്ലാത്ത സന്ദേഹങ്ങളാണ്. പൊലീസ് മേധാവികള്‍ മുതല്‍ രാഷ്ട്രപതിമാര്‍ വരെ താണുവണങ്ങിനിന്ന സായിബാബയെന്ന 'അവതാരപുരുഷന്റെ' വന്‍ സാമ്രാജ്യത്തിന്റെ നേരുകള്‍ ആരും ഒരിക്കലും അന്വേഷിച്ചു പോയില്ല.
വെറുമൊരു തെരുവു മജീഷ്യന്റെ കരവിരുതുകൊണ്ടാണ് ബാബ തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയതെന്ന യുക്തിവാദികളുടെ പറച്ചില്‍ പൂര്‍ണമായ സത്യവുമല്ല. ആത്മീയതയും മതവും ഭക്തിയും അദ്ഭുതക്രിയകളുമെല്ലാം വേണ്ട രസക്കൂട്ടില്‍ ചാലിച്ച് ഭക്തലക്ഷങ്ങളെ സൃഷ്ടിച്ച്, അതിനെല്ലാം മീതെ ഒന്നാന്തരം മാനേജ്‌മെന്റ് വൈദഗ്ധ്യം കൂടി വിളക്കിച്ചേര്‍ത്തപ്പോഴാണ് സത്യസായി ബാബയെന്ന അവതാരം പിറന്നത്. ആ അവതാര സൃഷ്ടിക്ക്  ഇന്ത്യ പോലെ അനുയോജ്യമായ മറ്റൊരു മണ്ണ് ലോകത്തില്ല താനും.
സ്വതന്ത്രഇന്ത്യ  കണ്ട ഏറ്റവും സമ്പന്നനായ ആത്മീയ ഗുരു തന്റെ 40,000 കോടിയുടെ ആസ്തികളത്രയും സമ്പാദിച്ചത് 'സനാതന ധര്‍മം' എന്ന മഹത്തായ ഹൈന്ദവവാക്യത്തെ മുദ്രാവാക്യമാക്കിയായിരുന്നു. സനാതന ധര്‍മം എന്നാല്‍ 'ശാശ്വതമായ പ്രപഞ്ച നിയമം' എന്ന് ലളിതമായ അര്‍ഥം. ഒടുവില്‍ മരണമെന്ന ശാശ്വത പ്രപഞ്ച നിയമത്തിന് കീഴടങ്ങി ബാബ മറയുമ്പോള്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഭക്തലക്ഷങ്ങള്‍ അവതാരത്തിന്റെ പുനര്‍ജന്മത്തിന് കാക്കുന്നു.
ഭഗവാന് രോഗമൊന്നും ബാധിക്കില്ലെന്നും അദ്ദേഹം ഇനിയും 12 വര്‍ഷം കഴിഞ്ഞേ ഈ ലോകം വിട്ടുപോകൂവെന്നും ഇപ്പോള്‍ സംഭവിച്ചത് മറ്റേതോ ഭക്തന്റെ രോഗം അദ്ദേഹം ഏറ്റെടുത്തത് മാത്രമാണെന്നും അവകാശപ്പെട്ട് കഴിഞ്ഞ ദിവസം പുട്ടപര്‍ത്തിയില്‍ മാധ്യമങ്ങളെ കണ്ടത് നിസ്സാരക്കാരല്ല. രാജ്യത്തെ മുന്‍നിര കാര്‍ഷിക ശാസ്ത്രജ്ഞനായ എം.വി റാവു, ആന്ധ്ര ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ. ഈശ്വരപ്രസാദ്, ഹൈദരാബാദിലെ മുന്‍ പൊലീസ് കമീഷണര്‍ അപ്പറാവു തുടങ്ങിയവര്‍. അമ്പരന്നുനിന്ന വിദേശമാധ്യമങ്ങളോടായി മുന്‍ ആന്ധ്ര ഡി.ജി.പി ആര്‍. പ്രഭാകര്‍ റാവു പറഞ്ഞു -'ബാബ ദൈവം തന്നെയാണ്. അദ്ദേഹം ഇങ്ങനെ മരിക്കില്ല. 96 വയസ്സിലേ മരിക്കൂ എന്ന് ബാബ തന്നെ പറഞ്ഞിട്ടുണ്ട്'. ബാബയുടെ മിടിപ്പു മന്ദിച്ച ഹൃദയത്തിനുമേല്‍ അവസാനവട്ട രക്ഷാശ്രമം നടത്തുകയായിരുന്നു അപ്പോള്‍ ഡോക്ടര്‍മാര്‍.
 ഏത് ഉന്നതന്‍േറയും ഉള്ളിലെ വിശ്വാസത്തിന്റെ ഈ അന്ധതയായിരുന്നു എന്നും ഇന്ത്യന്‍ മണ്ണില്‍ ബാബമാരെ വളര്‍ത്തിയത്.  സ്വയം അവതാരമായി പ്രഖ്യാപിച്ച ഒരു ആന്ധ്രക്കാരന്‍ പയ്യന്‍ സത്യസായി ബാബയായി വളര്‍ന്നത് ഈ വിശ്വാസത്തിന്റെ മാത്രം ബലത്തിലായിരുന്നു.
പുരോഗമനവാദികളായ ഹിന്ദുമത വിശ്വാസികളില്‍ നിന്നു തന്നെ പലപ്പോഴും ബാബ വിമര്‍ശിക്കപ്പെട്ടു. സായിബാബയുടെ തട്ടിപ്പുകള്‍ തുറന്നുകാട്ടി ഒരു ഡോക്യുമെന്ററിതന്നെ ബി.ബി.സി സംപ്രേഷണം ചെയ്തു, 2004ല്‍ 'ദ സീക്രട്ട് സ്വാമി' എന്ന പേരില്‍. സായിബാബ ഗുരുവല്ല, അന്താരാഷ്ട്ര ബന്ധങ്ങളുള്ള മാഫിയാ തലവനാണെന്ന് ആ പരിപാടിയില്‍ തുറന്നു പറഞ്ഞത് ബസവപ്രേമാനന്ദ് എന്ന ശാസ്ത്രാന്വേഷി ആയിരുന്നു.
ശൂന്യതയില്‍ നിന്ന് സ്വര്‍ണമാലയും ഫലങ്ങളും വിഭൂതിയും സൃഷ്ടിക്കുന്ന സായി അദ്ഭുതങ്ങള്‍ വെറും മാജിക് തട്ടിപ്പാണെന്ന് യുക്തിവാദികളും മറ്റും തെളിവുകളോടെ സമര്‍ഥിച്ചു. പ്രപഞ്ചത്തില്‍ ആര്‍ക്കും ഒന്നും ശൂന്യതയില്‍ നിന്ന് സൃഷ്ടിക്കാനാവില്ലെന്ന ലളിതസത്യത്തെ പക്ഷേ ഉന്നതശാസ്ത്രജ്ഞര്‍ പോലും ബാബക്കുവേണ്ടി തള്ളിപ്പറഞ്ഞു. വിശ്വാസത്തിന്റെ ശക്തിയില്‍  യുക്തി ദുര്‍ബലമായി.
ബാബയുടെ ആശ്രമങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹതകളും അദ്ദേഹത്തിന്റെ തന്നെ സ്വഭാവസവിശേഷതകളും പലപ്പോഴും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. ഒന്നിലേറെ തവണ ബാബക്കുനേരേ വധശ്രമവുമുണ്ടായി. എങ്കിലും അതൊന്നും ബാബയുടെ ഭക്തജന പ്രീതിയില്‍ കുറവുണ്ടാക്കിയില്ല.
1926 നവംബര്‍ 23ന് ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഈശ്വരമ്മയുടെയും രാജു രത്‌നാകരത്തിന്റെയും മകനായി പിറന്ന സത്യാനാരായണ രാജു 14ാം വയസ്സില്‍ സ്വയം അവതാരപുരുഷനായി പ്രഖ്യാപിച്ച് വീടുവിട്ട് തീര്‍ഥാടനത്തിനിറങ്ങി സത്യസായിബാബ എന്ന പേര് സ്വീകരിച്ചു. 1918ല്‍ അന്തരിച്ച മറ്റൊരു ആത്മീയ ഗുരുവായ ഷിര്‍ദിസായിബാബയുടെ പുനര്‍ജന്മമാണ് താനെന്ന് സായിബാബ അവകാശപ്പെട്ടു.  കരിന്തേള്‍ കടിച്ച് ബോധരഹിതനായ രാജുവിന് അതിനുശേഷമാണ് താന്‍ അവതാരമാണെന്ന് തോന്നിത്തുടങ്ങിയത്. അത് തേള്‍വിഷം പടര്‍ന്നത് മൂലമുണ്ടായ  വെറുമൊരു മനോവിഭ്രമം (ഹിസ്റ്റീരിയ) ആണെന്ന് ചില ശാസ്ത്രജ്ഞര്‍ പില്‍ക്കാലത്ത് ചൂണ്ടിക്കാട്ടി. പക്ഷേ, ആ ഹിസ്റ്റീരിയ പിന്നീട് ലോകമെങ്ങും കോടിക്കണക്കിന് ഭക്തരിലേക്ക് പടര്‍ത്തുന്നതില്‍ ബാബ അവിശ്വസനീയ വിജയം നേടി.
1944ലാണ് ഏതാനും അനുയായികള്‍ ചേര്‍ന്ന് ബാബയുടെ പേരില്‍ ആദ്യ ക്ഷേത്രം പുട്ടപര്‍ത്തിയില്‍ നിര്‍മിച്ചത്. നൂറുകണക്കിന് ആശുപത്രികളും അഗതിമന്ദിരങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പിന്നീട് ലോകമെങ്ങും സായി സ്ഥാപനങ്ങള്‍ പടര്‍ന്നുപന്തലിച്ചത് മിന്നല്‍വേഗത്തിലായിരുന്നു. ധര്‍മാശുപത്രികളും ഉന്നത സ്ഥാപനങ്ങളും ആതുരാലയങ്ങളും വഴി സായിബാബ നടത്തിയ സാമൂഹികസേവനങ്ങള്‍ എതിരാളികളുടെ പോലും പ്രശംസനേടി. നിര്‍ധനരായ അനേകര്‍ക്ക് സായി സ്ഥാപനങ്ങളുടെ സഹായത്തിലൂടെ ജീവിതവഴി കണ്ടെത്താനായി. പുട്ടപര്‍ത്തിയില്‍ സ്ഥാപിച്ച പ്രശാന്തി നിലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'സത്യ സേവാ സംഘടന'യിലൂടെ ബാബ അനേകായിരം അനാഥര്‍ക്ക് അഭയമൊരുക്കി. ഇന്ത്യയിലെ ആറായിരത്തിലധികം പിന്നാക്ക ഗ്രാമങ്ങളില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നു. പുട്ടപര്‍ത്തിയിലെ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ജാതിമതഭേദമന്യേ ആയിരക്കണക്കിന് പാവപ്പെട്ട മാറാരോഗികള്‍ക്ക് ആശ്വാസ കേന്ദ്രമാണ്.
സ്വയം ദൈവാവതാരമായി അവകാശപ്പെട്ട ബാബയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും വിപുലമായ ആതുരസേവനങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ പ്രശസ്തി ലോകമെങ്ങും വ്യാപിച്ചു. ആതുരസേവനത്തില്‍ അതുല്യമായ സത്യസന്ധതയും ആത്മാര്‍ഥതയും ബാബ പുലര്‍ത്തി എന്ന സത്യത്തെ വിമര്‍ശകര്‍ പോലും അംഗീകരിക്കുന്നു.
ഒടുവില്‍, ആ അവതാരം മണ്‍മറഞ്ഞിരിക്കുന്നു. സ്വന്തം മരണം 96ാം വയസ്സിലേ സംഭവിക്കൂ എന്ന ബാബയുടെ പ്രവചനവും പിഴച്ചു. പക്ഷേ, ഭഗവാന്റെ പിഴവുകളൊന്നും ഒരിക്കലും ഭക്തര്‍ക്ക് ബോധ്യമായിരുന്നില്ല. തനിക്ക് പുനര്‍ജന്മം ഉണ്ടാകുമെന്ന ബാബയുടെ പ്രവചനത്തിലാണ് ഇനി സായി ഭക്തരുടെ പ്രതീക്ഷ. വിശ്വാസങ്ങള്‍ യുക്തിക്ക് വഴിമാറുന്ന ഈ മഹാഭൂമിയില്‍ ഇനിയും ബാബമാര്‍ പല രൂപത്തില്‍ പുനര്‍ജനിക്കുമെന്നു തീര്‍ച്ച!

എ. അഭിലാഷ്

Share

1 അഭിപ്രായ(ങ്ങള്‍):

  • CP says:
    2011, ജൂൺ 13 10:02 AM

    മഹാ രാജ രാജ ശ്രീ ഭഗവാൻ ശ്രീ സത്യ സായി,മുൻ പ്രവചിച്ച പോലെ 97 വർഷങ്ങൾ ജീവിച്ചിരുന്നില്ല എന്ന വാദമുഖം അന്വർഥ മാക്കികൊണ്ടു ഫിലിപ് എൻ പ്രസാദ് വ്യക്തമായി പറഞ്ഞ വാചകങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും എന്നു കരുതുന്നു. ചന്ദ്ര മാസ പ്രകാരം 27 നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി(ഇസ്ലാം മാസം) 97 വർഷങ്ങൾ പൂർത്തിയാക്കി എന്ന യാഥാർഥ്യം അംഗീകരിക്കാവുന്നതാണല്ലോ.
    ഒരു ജീവിത കാലം മുഴുവനായും (മാധവ സേവയേ മാനവ സേവ) എന്നു പറഞ്ഞു കൊണ്ടു മാനവ സേവയേ മാധവ സേവ എന്നും കൂടെ തോന്നിപ്പിച്ചുകൊണ്ടും ജീവിച്ചു കാണിച്ചു തന്ന ജീവിതം തന്നെ ഒരു അവതാരം എന്നു അംഗീകരിക്കുന്നതിനു പ്രയാസം തോന്നിക്കുന്ന മനസ്സുകളിൽ ഉള്ള ചേതോവികാരം ആശ്ചര്യം തന്നെ.

Blogger templates

.

ജാലകം

.