അവിഹിത സമ്മര്‍ദങ്ങളുടെ നീര്‍ച്ചുഴിയില്‍ ഒരു സര്‍ക്കാര്‍


സുതാര്യവും അഴിമതിമുക്തവും വേഗതകൂടിയതുമായ ഒരു സദ്ഭരണം വാഗ്ദാനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്‍െറ ഇരുപതംഗ മന്ത്രിസഭയുമായി പ്രയാണമാരംഭിച്ചതെന്ന് സര്‍ക്കാറിനെയോ ജനങ്ങളെയോ ഓര്‍മിപ്പിക്കേണ്ടതില്ല. മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയും തുടര്‍ന്ന് അവതരിപ്പിച്ച വാര്‍ഷിക പദ്ധതിയുമെല്ലാം അതീവ ജാഗ്രതയോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം നിരന്തരം ആവര്‍ത്തിച്ചു. എന്നാല്‍, ആറു മാസം പിന്നിട്ടപ്പോഴേക്ക് കാണുന്ന കേരളത്തിന്‍െറ ചിത്രമെന്താണ്? ഒരു കാര്യവും സുതാര്യമായോ നേരെചൊവ്വെയോ ചെയ്യുകയില്ളെന്ന് തീരുമാനിക്കുക മാത്രമല്ല, എല്ലാവിധ അവിഹിത സമ്മര്‍ദങ്ങള്‍ക്കും വഴങ്ങി അരുതായ്കകള്‍ മാത്രം ചെയ്യുന്ന ഒരു ഭരണകൂടമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറുകയാണോ എന്ന് ന്യായമായും സംശയിക്കേണ്ടിവരുന്നു. അവസാനത്തെ ഒറ്റയാള്‍ പാര്‍ട്ടിയെവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വെറും മൂന്നാള്‍ ഭൂരിപക്ഷത്തിന്‍െറ മുള്‍മുനയില്‍ നിലനില്‍ക്കുന്ന സര്‍ക്കാറിന്‍െറ നിസ്സഹായതയും നിര്‍ബന്ധിതാവസ്ഥയും മുഖ്യമന്ത്രി ചുമക്കുന്ന മുള്‍ക്കിരീടവും മനസ്സിലാക്കാന്‍ കഴിയാത്തതല്ല. വ്യക്തിപരമായി അദ്ദേഹം എന്തുതന്നെ ആഗ്രഹിച്ചാലും നടപ്പാക്കാനാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സമ്മതിച്ചുകൊടുക്കാം. എന്നാലും വേണ്ടേ ഭരണത്തിന് നേരും നെറിയുമൊക്കെ? കത്തുന്ന പുരയില്‍നിന്ന് ഊരുന്ന കഴുക്കോല്‍ ലാഭം എന്നു തീരുമാനിച്ച ഘടകകക്ഷികള്‍, കാട്ടാന കരിമ്പിന്‍തോട്ടത്തില്‍ കടന്നപോലെ സകല വകുപ്പുകളിലും കടന്നുകയറി സ്വാര്‍ഥതാല്‍പര്യങ്ങളും അവിഹിത ലക്ഷ്യങ്ങളും നേടുന്നത് നിശ്ശബ്ദം നോക്കിനില്‍ക്കുകയോ അതിനൊക്കെ വഴങ്ങിക്കൊടുക്കുകയോ ആണോ ഒരു മുഖ്യമന്ത്രിയുടെ ദൗത്യം എന്നു ചോദിക്കാന്‍ സമയമായിരിക്കുന്നു.
രണ്ടാളുടെ മരണത്തില്‍ കലാശിച്ച കാസര്‍കോട് വെടിവെപ്പിനെയും കലാപത്തെയും കുറിച്ച് അന്വേഷിക്കാന്‍ മുന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമീഷനെ തികച്ചും ദുരൂഹ സാഹചര്യങ്ങളില്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചുകൊണ്ടാണ് ചാണ്ടി ഭരണത്തിന്‍െറ തുടക്കം. യു.ഡി.എഫിലെ രണ്ടാം ഘടകകക്ഷിയുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ആ തീരുമാനമെന്ന് വ്യക്തം. അങ്ങേയറ്റം വൈകാരികമാനങ്ങളുള്ള മുല്ലപ്പെരിയാര്‍ പ്രശ്നം തികഞ്ഞ അവധാനതയോടെ കൈയാളേണ്ടതിനു പകരം തമിഴ്നാടിന്‍െറ രോഷാകുലമായ പ്രതികരണം ക്ഷണിച്ചുവരുത്തിക്കൊണ്ട് ഏറ്റവും മോശമായ പരിണതിയില്‍ എത്തിക്കേണ്ടിവന്നത് ഒരു ഘടകകക്ഷിയിലെ പടലപ്പിണക്കങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ടിവന്ന കനത്ത വിലയാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍പോലും മനസ്സിലാക്കുന്നു. നേരത്തേ നിര്‍മല്‍ മാധവന്‍െറ എന്‍ജിനീയറിങ് കോളജ് പ്രവേശന പ്രശ്നത്തില്‍ സംഭവിച്ചതും സമാനമായതുതന്നെ. പ്രക്ഷോഭത്തെ നേരിടാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പ് അനുചിതവും അസ്ഥാനത്തുമായിരുന്നു എന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെതന്നെ റിപ്പോര്‍ട്ട്. വിവാദവിധേയനായ ഈ പൊലീസ് ഉദ്യോഗസ്ഥനെ കോഴിക്കോട്ട് പ്രതിഷ്ഠിച്ചതും അദ്ദേഹത്തെ അവിടത്തന്നെ നിലനിര്‍ത്തണമെന്ന് അവസാനംവരെ ശ്രമിച്ചതും ഒരു പ്രധാന ഘടകകക്ഷിയിലെ സര്‍വാധികാരിയുടെ ആവശ്യപ്രകാരമായിരുന്നു എന്ന വസ്തുത മുഖ്യമന്ത്രിക്ക് നിഷേധിക്കാനാവുമോ? അടുത്തത്, കൊച്ചി മെട്രോ റെയില്‍വേയുടെ കാര്യമാണ്. മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രഗല്ഭനായ  ഇ. ശ്രീധരന്‍െറ മേല്‍നോട്ടത്തില്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ പദ്ധതി ഏല്‍പിക്കാന്‍ കൈക്കൊണ്ട തീരുമാനം അട്ടിമറിച്ചുകൊണ്ട് ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ ഉദ്യുക്തമായതും മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍മൂലം ആ നീക്കത്തില്‍നിന്ന് പിന്‍വലിയേണ്ടിവന്നതും ഏതാനും ആഴ്ചകള്‍ മുമ്പത്തെ സംഭവമാണ്. സംസ്ഥാനതാല്‍പര്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമായ ഈ നീക്കങ്ങള്‍ക്കുപിന്നില്‍ ആരായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാം.
ഇപ്പോഴിതാ സംസ്ഥാനത്തെയാകെ മാസങ്ങളോളം സംഘര്‍ഷത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തിയ മാറാട് കലാപത്തെക്കുറിച്ച്, ജോസഫ് കമീഷന്‍െറ നിര്‍ദേശപ്രകാരം മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍െറ ചുക്കാന്‍പിടിച്ച പൊലീസ് ഉദ്യോഗസ്ഥനെ, റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കി സമര്‍പ്പിക്കാനിരിക്കെ സ്ഥലംമാറ്റിയെന്ന വിവരം പുറത്തുവന്നിരിക്കുന്നു. പ്രമുഖ ഘടകകക്ഷി നേതാക്കളുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്ക് കലാപത്തിന്‍െറ ആസൂത്രണത്തിലും നടത്തിപ്പിലും പ്രധാന പങ്കുണ്ടെന്ന കൈംബ്രാഞ്ചിന്‍െറ കണ്ടെത്തലാണ് സ്ഥാനചലനത്തിന്‍െറ പിന്നിലെന്ന് ഗൗരവതരമായ ആരോപണം ഉയരുകയാണ്. അതോടൊപ്പംതന്നെയാണ്, നാദാപുരത്ത് ബോംബുനിര്‍മാണത്തിനിടെ അഞ്ചു മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകരുടെ മരണത്തില്‍ കലാശിച്ച പ്രമാദമായ സംഭവത്തെക്കുറിച്ച അന്വേഷണം പൂര്‍ത്തിയാവാനിരിക്കെയാണ് മേല്‍പറഞ്ഞ ഉദ്യോഗസ്ഥന്‍െറ സ്ഥലംമാറ്റം എന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. ഇതെല്ലാം കാണിക്കുന്നത് എന്താണ്? ഭരിക്കാന്‍ കിട്ടിയ അവസരം സമ്പാദിക്കാനും അധാര്‍മികവൃത്തികള്‍ ചെയ്യാനും ഇറങ്ങിത്തിരിച്ച ചില നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൈകളില്‍ നമ്മുടെ ചില പാര്‍ട്ടികള്‍ പൂര്‍ണമായി അമര്‍ന്നിരിക്കുന്നു. അവരെ തിരുത്താനോ മാറ്റാനോ മുഖ്യമന്ത്രിക്ക് കഴിയില്ളെങ്കില്‍ തന്‍െറ സര്‍ക്കാറിന്‍െറ പ്രതിച്ഛായ പരിധിയിലധികം തകരാതിരിക്കാനെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രദ്ധിക്കേണ്ടതില്ളേ? സര്‍ക്കാര്‍ നിലനില്‍ക്കേണ്ടതും വക്കില്‍നില്‍ക്കുന്ന അതിന്‍െറ ജനസമ്മിതി നഷ്ടപ്പെടാതെ നോക്കേണ്ടതും അദ്ദേഹത്തിന്‍െറയോ കോണ്‍ഗ്രസിന്‍െറയോ മാത്രം ആവശ്യമല്ലല്ളോ.
ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ‘മാധ്യമ’ത്തിനെതിരെ കേസെടുക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ളെന്നും എന്നാല്‍, പത്രം മിതത്വം പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞു. മിതത്വവും പക്വതയും തീര്‍ച്ചയായും അവകാശപ്പെടാനാവുന്ന അദ്ദേഹത്തിന്‍െറ ഉപദേശം ഞങ്ങള്‍ മുഖവിലക്കെടുക്കുന്നു. വൈകാരിക വിഷയങ്ങളില്‍ സംയമനവും മിതത്വവും നയമായംഗീകരിച്ച ‘മാധ്യമം’ മേലിലും അത് തുടരാന്‍തന്നെയാണ് തീരുമാനം. എന്നാല്‍, ശക്തമായ മാധ്യമ ഇടപെടലും പ്രതികരണവും ക്ഷണിച്ചുവരുത്തുന്ന നീക്കങ്ങളും നടപടികളും സമ്മര്‍ദങ്ങളുടെ ഫലമായാലും അല്ളെങ്കിലും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്‍െറ ഭാഗങ്ങളില്‍നിന്നുണ്ടാവരുത് എന്ന ആഗ്രഹവും പ്രതീക്ഷയും ഞങ്ങളുടേതു മാത്രമല്ല, കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്.

Blogger templates

.

ജാലകം

.