ഗൂഗ്ളും യാഹൂവുമടക്കം വിവരങ്ങള്‍ കൈമാറി,സര്‍ക്കാര്‍ വാദം പൊളിയുന്നു


കേരള പൊലീസ് ഹൈ ടെക് സെല്‍ ആവശ്യപ്പെട്ടതനുസരിച്ച് ഗൂഗ്ളും യാഹൂവുമടക്കം 23 ഇ-മെയില്‍ സേവനദാതാക്കള്‍ വിവാദ പട്ടികയില്‍പെട്ട 268 പേരുടെ വിനിമയ വിവരങ്ങള്‍ സര്‍ക്കാറിന് കൈമാറി. ഇവരുടെ ഇ-മെയില്‍ വിനിമയത്തിന്‍െറ വിശദവിവരങ്ങളടങ്ങിയ ഏഴു ജിഗാ ബൈറ്റുള്ള സീഡികള്‍ ജനുവരി ആദ്യയാഴ്ച പൊലീസ് സ്പെഷല്‍ ബ്രാഞ്ചിന്‍െറ കൈവശമെത്തി.
ഇ-മെയില്‍ ചോര്‍ത്താന്‍ നിര്‍ദേശിച്ചിരുന്നില്ളെന്ന സര്‍ക്കാര്‍ വാദം ഇതോടെ പൊളിയുകയാണ്. വാര്‍ത്ത പുറത്തുകൊണ്ടുവന്ന ‘മാധ്യമം’ ആഴ്ചപ്പതിപ്പിന്‍െറ പുതിയ ലക്കത്തിലാണ് സര്‍ക്കാറിന്‍െറ കള്ളക്കളി വ്യക്തമാക്കുന്നത്.  ആഴ്ചപ്പതിപ്പിനുവേണ്ടി വിജു വി. നായര്‍ നടത്തിയ അന്വേഷണത്തിന്‍െറ രണ്ടാം ഭാഗമാണിത് .
പട്ടികയിലുള്ളവരുടെ പാസ്വേഡ് അടക്കം തീര്‍ത്തും സ്വകാര്യമായ വിവരങ്ങള്‍ 23 ഇ-മെയില്‍ സേവന ദാതാക്കളോട് ഹൈടെക് സെല്‍ കമാന്‍ഡന്‍റ് കഴിഞ്ഞ നവംബറില്‍തന്നെ ആവശ്യപ്പെട്ടിരുന്നു. ഗൂഗ്ളും യാഹൂവും ഒഴികെ ചെറുകിട കമ്പനികള്‍ മൂന്നാഴ്ചക്കകം മറുപടി നല്‍കി. പ്രമുഖ കമ്പനികള്‍ ഡിസംബര്‍ ഏഴു മുതല്‍ക്കാണ് വിവരം കൈമാറി തുടങ്ങിയത്. കേന്ദ്ര ഇന്‍റലിജന്‍സിന്‍െറ നിര്‍ദേശം വേണമെന്നു പറഞ്ഞ് പ്രമുഖ കമ്പനികള്‍ വിവരം കൈമാറാന്‍ തുടക്കത്തില്‍ വിസമ്മതിച്ചു.  ഭീകരപ്രവര്‍ത്തന സംഘടനകളുമായി ബന്ധമുള്ളവരുടെ പട്ടികയാണ് തങ്ങള്‍ തരുന്നതെന്ന ഒൗദ്യോഗിക സന്ദേശത്തെ തുടര്‍ന്നാണ് ഗൂഗ്ള്‍ പോലുള്ള കമ്പനികള്‍ ഹൈടെക് സെല്ലിന് വിവരം കൈമാറാന്‍ തയാറായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഹൈടെക് സെല്‍ വിവിധ സേവന ദാതാക്കള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശങ്ങളില്‍നിന്ന് ഇത് വ്യക്തമാണ്.
 പട്ടികയില്‍ പെട്ടവരുടെ വിനിമയങ്ങളുടെ പകര്‍പ്പുകള്‍ ചേര്‍ത്തുള്ള വിപുലശേഖരമാണ് കൈമാറിയതെന്ന് കമ്പനി വക്താക്കള്‍  പറയുന്നു.  വിപുല വിവരങ്ങള്‍ അടങ്ങിയ ഏഴു ജിഗാ ബൈറ്റുള്ള സീഡികള്‍ ഹൈടെക് സെല്‍ ഡിവൈ.എസ്.പി വിനയകുമാരന്‍ നായരുടെ നേതൃത്വത്തിലെ അഞ്ചംഗ സംഘം ഇപ്പോള്‍ പരിശോധിച്ചുവരുകയാണ്.
കേവലം ഇ-മെയില്‍ വിലാസം ഒത്തുനോക്കല്‍ മാത്രമാണ് നടത്തിയതെന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് ഇതില്‍നിന്ന് തെളിയുന്നു. ഇ-മെയില്‍ വിലാസം മാത്രമാണെങ്കില്‍ അത് ഏഴു ജിഗാ ബൈറ്റ് ഉണ്ടാകില്ല.
അഡീഷനല്‍ ഡി.ജി.പി ഹേമചന്ദ്രനുവേണ്ടി സ്പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തെ സൂപ്രണ്ട് കെ.കെ ജയമോഹന്‍ കഴിഞ്ഞ നവംബര്‍ മൂന്നിനാണ് 268 പേരുടെ ഇ-മെയില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഹൈടെക് സെല്ലിന് കത്തയച്ചത് (P3.2444/2011/SB). നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരുടെ പട്ടികയാണ് തങ്ങള്‍ തരുന്നതെന്നും അവരുടെ ഇ-മെയില്‍ രജിസ്ട്രേഷനും ലോഗ് ഇന്‍ വിശദാംശങ്ങളും ബന്ധപ്പെട്ട  സേവന ദാതാക്കളില്‍നിന്ന് ശേഖരിച്ച് സ്പെഷല്‍ ബ്രാഞ്ചിന് കൈമാറണമെന്നുമായിരുന്നു കത്തിലെ നിര്‍ദേശം.
‘മാധ്യമം’ ആഴ്ചപ്പതിപ്പ് വാര്‍ത്ത വിവാദമായതോടെ ‘സിമി’ ബന്ധം കാണിച്ച് കത്ത് നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന് പറ്റിയ ചെറിയൊരു പിഴവ് മാത്രമാണെന്നും ഇത് സര്‍ക്കാറിന്‍െറ സാധാരണ നടപടി മാത്രമാണെന്നും മുഖ്യമന്ത്രി  വിശദീകരിച്ചു. ഇ-മെയില്‍ വിലാസം മാത്രമാണ് ശേഖരിക്കുന്നതെന്നും പാസ്വേഡ് ആവശ്യപ്പെട്ടിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, കമ്പനികളില്‍നിന്ന് സമ്മര്‍ദം ചെലുത്തി വിശദവിവരങ്ങള്‍ ശേഖരിച്ചതോടെ മുഖ്യമന്ത്രിയുടെ പ്രസ്താവന വാസ്തവമല്ളെന്ന് വ്യക്തമാകുകയാണ്. പട്ടികയില്‍പെട്ട പലരുടെയും വീടുകളിലടക്കം പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ചതായും തെളിഞ്ഞു.
സംഭവത്തില്‍ അസ്വാഭാവികതയില്ളെന്ന് വ്യക്തമാക്കി കഴിഞ്ഞ ചൊവ്വാഴ്ച ഡി.ജി.പി ജേക്കബ് പുന്നൂസിന്‍േറതായി മാധ്യമങ്ങള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശവും വിവാദമാകുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഇ-മെയില്‍ വിലാസത്തില്‍നിന്നാണ് മാധ്യമ ഓഫിസുകളിലേക്ക് ഡി.ജി.പിയുടെ പേരില്‍ സന്ദേശം പോയത്.
ഇതിലൂടെ അതീവ ലാഘവത്തോടെയാണ്  സംസ്ഥാന സര്‍ക്കാര്‍  ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തെ സമീപിക്കുന്നതെന്നും തെളിയുകയാണ്.

Google+ Followers

Blogger templates

.

ജാലകം

.