ആദ്യത്തെ പുലയന്‍ ജനിക്കുന്നു


അമ്പതുകള്‍മലയാളസിനിമയുടെ സുവര്‍ണകാലത്തിന്‍െറ തുടക്കമായിരുന്നു. കടംകൊണ്ട രൂപങ്ങളില്‍നിന്ന് ധൈര്യപൂര്‍വം തെന്നിമാറി പുതിയൊരു സംവേദനക്ഷമതയിലേക്ക് മലയാളം നീങ്ങിത്തുടങ്ങിയത് ഇക്കാലത്താണ്. ‘നീലക്കുയിലാ’യിരുന്നു അതിനു നാന്ദികുറിച്ചത്. കോടമ്പാക്കത്തെ സെറ്റുകളില്‍ ജനിച്ച ആ  ഗ്രാമീണസൗന്ദര്യം ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ടു. പി.ഭാസ്കരനും രാമു കാര്യാട്ടും സംവിധാനം ചെയ്ത ഈ ചിത്രം തുടര്‍ന്നുള്ള മലയാളസിനിമയുടെ ചലനത്തെ കാര്യമായി സ്വാധീനിച്ചു. കഥയും കഥാപാത്രങ്ങളും മാത്രമല്ല, സാങ്കേതികത്തികവും സര്‍വപ്രധാനമാണെന്ന് ‘നീലക്കുയില്‍’ ഓര്‍മിപ്പിച്ചു. അതിലെ നായികാനായകന്മാരും മറ്റു കഥാപാത്രങ്ങളും പ്രേക്ഷകന്‍െറ മനസ്സിലാണ് തൊട്ടത്. അതിലൊരാളായിരുന്നു ചാത്തുപ്പുലയന്‍. നമ്മുടെ ഗ്രാമീണതയുടെ ഭാഗമായിമാറിയ ചാത്തുപ്പുലയനു ജീവന്‍കൊടുത്തത് ജെ.എ.ആര്‍. ആനന്ദായിരുന്നു. സിനിമയുടെ മോഹവലയത്തില്‍ ആകൃഷ്ടനായി  കോടമ്പാക്കത്തെത്തിയ ഈ മനുഷ്യന്‍ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും അവസാനംവരെ  നിരന്തരമായ ദാരിദ്ര്യത്തിന്‍െറയും ജീവിതപ്രശ്നങ്ങളുടെയും നടുവിലായിരുന്നു.
1983 നവംബറിലെ ഒരു സന്ധ്യയിലാണ് കോടമ്പാക്കത്തെ പവര്‍ ഹൗസിനടുത്തുള്ള കുടുസുമുറിയില്‍ വളഞ്ഞുകുത്തിയിരിക്കുന്ന ചാത്തുപ്പുലയനെ ഞാനാദ്യംകാണുന്നത്. മങ്ങലേറ്റ കുഴിഞ്ഞകണ്ണുകളുമായി സ്വന്തം ജീവിതദുരന്തങ്ങളുടെ തുണിക്കെട്ടുകള്‍ അഴിച്ചുവെക്കാനൊന്നും ചാത്തുപ്പുലയനു താല്‍പര്യമില്ല.  കഴിഞ്ഞുപോയ കഥകള്‍ക്കൊന്നും സംതൃപ്തി നല്‍കാനാവില്ളെന്നും അറിയാം. മനസ്സിന്‍െറ കാണാക്കോണില്‍ ചിതലരിച്ച കുറെ സ്വപ്നങ്ങളുടെ ശവമഞ്ചവുമായി ഇരിക്കുകയാണ് ആനന്ദ്. ഭൂതകാലത്തെ വളപ്പൊട്ടുകളും വര്‍ണപ്പൊലിമകളുമൊക്കെ നഷ്ടപ്പെട്ടതില്‍ വ്യസനമില്ല. നിശ്ശബ്ദതക്കും സൗന്ദര്യമുണ്ടെന്ന് കഴിഞ്ഞ മുപ്പതുവര്‍ഷത്തെ ജീവിതം ചാത്തുപ്പുലയനെ പഠിപ്പിച്ചിരിക്കുന്നു. കാലം കഴിയുന്തോറും പ്രതീക്ഷകളും അസ്തമിച്ചുതുടങ്ങുമെന്ന വചനം ആനന്ദിനെ സംബന്ധിച്ചും അന്വര്‍ഥമാണെന്നുതോന്നി.
മലയാളസിനിമയിലെ ആദ്യത്തെ പുലയനായ ജെ.എ.ആര്‍. ആനന്ദിനു സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനമുണ്ട്. കോടമ്പാക്കത്ത് തന്‍െറ കണ്‍മുന്നിലാണ് മലയാളസിനിമ വളര്‍ന്നു പന്തലിച്ചത്. അതില്‍ തന്‍േറതായ പങ്കുണ്ടെന്നു ആനന്ദിനറിയാം. പക്ഷേ, അതൊന്നും പറയുന്നതില്‍ അര്‍ഥമില്ല. ചെന്നൈയില്‍ വല്ലപ്പോഴും മാത്രംപെയ്യുന്ന ചിനുചിനുത്ത മഴത്തുള്ളികളില്‍ നോക്കി ആനന്ദ് അക്കാര്യം ഓര്‍ക്കുന്നുണ്ട്.  ചാത്തുപ്പുലയനുശേഷം ഒത്തിരി കഥാപാത്രങ്ങള്‍ ഈ മനുഷ്യന്‍ അവതരിപ്പിച്ചു. ‘സ്നേഹസീമ’യിലെ കള്ളസാക്ഷി, ‘രാരിച്ചന്‍ എന്ന പൗരനി’ലെ രാരിച്ചന്‍െറ അച്ഛന്‍ സൂരി, ‘രണ്ടിടങ്ങഴി’യിലെ കാളിപ്പറയന്‍, ‘ചെമ്മീനി’ലെ രാമന്‍ മൂപ്പന്‍ അങ്ങനെ പോകുന്ന മുന്നൂറോളം കഥാപാത്രങ്ങള്‍. ‘നീലക്കുയി’ലിനും ‘ചെമ്മീനി’നും കേന്ദ്ര അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ആനന്ദായിരിക്കണം. കാരണം, ഓരോ ചിത്രത്തിന്‍െറ പണിക്കുപോകുമ്പോഴും താന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് അംഗീകാരം  ലഭിക്കണമെന്ന പ്രാര്‍ഥന ആനന്ദ് ഉരുവിട്ടിരുന്നു. സ്റ്റുഡിയോ ഫ്ളോറുകളില്‍ രംഗങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുമ്പോള്‍ ജീവിതം എന്നെങ്കിലും സംതൃപ്തമാകുമെന്ന് വിശ്വാസമുണ്ടായിരുന്നു. സിനിമയുടെ ലോകത്ത് പ്രതീക്ഷകളെ താലോലിക്കരുതെന്ന് മനസ്സിലാക്കാന്‍ ആനന്ദിന് ഏറെക്കാലം വേണ്ടിവന്നു.  അവസാനം, മകള്‍ സബിതാ ആനന്ദിന്‍െറയും സഹോദരിയുടെ മകന്‍ ബാബുവിന്‍െറയും വരുമാനത്തില്‍ ആനന്ദ് ജീവിതത്തിന്‍െറ അര്‍ഥം കണ്ടെത്തേണ്ടിവന്നു.
സ്വാതന്ത്ര്യസമരം കൊടിയിറങ്ങുന്ന കാലത്താണ് സിനിമാക്കമ്പം മൂത്ത് ആനന്ദ് കോടമ്പാക്കത്തിന്‍െറ ബഹളങ്ങളില്‍ എത്തിച്ചേരുന്നത് -1947ല്‍. അതിനുമുമ്പ് കുറെ അമേച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. ആ അനുഭവംതന്നെയാണ് എറണാകുളത്തുനിന്ന് ആനന്ദിനെ മദ്രാസ് എന്ന മഹാനഗരത്തില്‍ എത്തിച്ചതും. പക്ഷേ, സിനിമയുടെ വര്‍ണപ്രപഞ്ചം സങ്കല്‍പങ്ങള്‍ക്കും എത്രയോ അകലെയാണ്.  ജീവിക്കാന്‍വേണ്ടി കേരള സമാജത്തിന്‍െറ നാടകങ്ങളില്‍ അഭിനയിച്ചു. രക്ഷപ്പെടാനായില്ല. നിലനില്‍പിന്‍െറ വേരുകള്‍ നഷ്ടമാകുന്നതിനു മുമ്പുതന്നെ കേരളത്തിലേക്ക് മടങ്ങാന്‍ ആനന്ദ് തീരുമാനിച്ചു.
നാട്ടില്‍വെച്ചാണ് തന്‍െറ നാട്ടുകാരനായ ടി. കെ. പരീക്കുട്ടിയുമായി സ്നേഹത്തിലാകുന്നത്. പരീക്കുട്ടി സായിപ്പ് അന്ന് കേശവദേവിന്‍െറ ‘ഓടയില്‍നിന്ന്’ സിനിമയാക്കാനുള്ള ആലോചനയിലായിരുന്നു. ആനന്ദിനെ പപ്പുവായി നിശ്ചയിച്ച് കാര്യങ്ങള്‍ മുന്നോട്ടുനീങ്ങി. പക്ഷേ, എന്തുകൊണ്ടോ വഴിക്കുവെച്ച് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്നാണ് ‘നീലക്കുയി’ലിന്‍െറ പണി ആരംഭിക്കുന്നത്.
നീലിയുടെ അച്ഛന്‍ ചാത്തുപ്പുലയനായി അഭിനയിക്കാന്‍ വീണ്ടും ആനന്ദ് ചെന്നൈയിലെത്തി. ശാരീരികസൗന്ദര്യമില്ലാത്തവന് അഭിനയിക്കാന്‍ കഴിയുമെന്ന് ആ ചിത്രത്തിലൂടെ ആനന്ദ് വ്യക്തമാക്കി. മിസ് കുമാരിയായിരുന്നു നീലി. അപ്രതീക്ഷിതമായാണ് ആനന്ദ് മലയാളസിനിമയിലെ ആദ്യത്തെ പുലയനായത്. 450 രൂപയാണ് അന്ന് പ്രതിഫലമായി പരീക്കുട്ടി നല്‍കിയത്. തുക കണ്ടു അദ്ഭുതപ്പെട്ടു. നടനായിത്തീരണമെന്ന ചിന്തക്ക് കൂടുതല്‍ ആക്കമുണ്ടായി.
മുസ്ലിമായി ജനിച്ച ജെ.എ.ആര്‍. അബ്ദി സിനിമയുടെ പ്രഭാവലയത്തില്‍ ജെ.എ.ആര്‍. ആനന്ദ് എന്ന ഹിന്ദുവായി മാറി. പ്രേംനസീര്‍ ഉള്‍പ്പെടെ സിനിമയിലെത്തുന്ന മുസ്ലിംകള്‍ ഹിന്ദുനാമങ്ങള്‍ സ്വീകരിക്കുന്ന കാലം. ചെറുതും വലുതുമായി മുന്നൂറിലധികം കഥാപാത്രങ്ങളുടെ ദുരന്തങ്ങള്‍, കഷ്ടപ്പാടുകള്‍  ആനന്ദ് ഏറ്റുവാങ്ങി. അതോടൊപ്പം കുടുംബവും വലുതായി. രണ്ടു വിവാഹങ്ങളിലായി പതിനൊന്നുമക്കള്‍. പട്ടിണിയും പരിവട്ടവും. 1981ല്‍ സിനിമയില്‍നിന്ന് ആനന്ദ് പൂര്‍ണമായി തിരസ്കൃതനായി. പുതിയവര്‍ കടന്നുവന്നു. വല്ലപ്പോഴും വന്നുവീഴുന്ന പാസിങ് ഷോട്ടിനുപോലും ആരും ക്ഷണിക്കാതെയായി. അപ്പോഴേക്കും മകള്‍ സബിതക്ക് ചെറിയതോതിലുള്ള അവസരങ്ങള്‍ കിട്ടിത്തുടങ്ങിയിരുന്നു. ചെറിയ വരുമാനം ആനന്ദിന്‍െറ വലിയ കുടുംബത്തെ മുന്നോട്ടുനീക്കി. സര്‍ക്കാറിന്‍െറ പെന്‍ഷന്‍ തുകയായ നൂറു രൂപ മരുന്നിനുപോലുമാകില്ല. പ്രാരബ്ധങ്ങള്‍ വേട്ടയാടുന്ന ദിനങ്ങള്‍. 1983ല്‍ അദ്ദേഹം പറഞ്ഞു: ‘‘മലയുടെ മുകളില്‍നിന്ന് വീണാല്‍ ആയുസ്സുണ്ടെങ്കില്‍ രക്ഷപ്പെടും. അതേപോലെയാണ് എന്‍െറ അവസ്ഥ. ഞാന്‍ വീണിരിക്കുന്നു. എന്‍െറ ദാരിദ്ര്യം എന്നെ എല്ലാറ്റില്‍നിന്നും പിന്തിരിപ്പിക്കുന്നു. ഞാന്‍ സ്വയംപിന്മാറുന്നു.’’
സിനിമയിലെത്തിയാല്‍ എന്നെങ്കിലുമൊരു നിര്‍മാതാവാവുകയെന്ന സ്വപ്നമില്ലാത്തവര്‍ ആരാണ്? ഒരുവിധം സാമ്പത്തികസ്ഥിതി മെച്ചമായിരുന്നകാലത്ത് ഒരുചിത്രം നിര്‍മിക്കണമെന്ന മോഹമുണ്ടായി. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കുകയും ചെയ്തു. ചിത്രം പാതിവഴിക്ക് നിന്നു. കൈയിലുണ്ടായിരുന്ന പണവുംതീര്‍ന്നു. കടത്തിലുമായി. സിനിമാനിര്‍മാണമെന്ന പൂതിയും അവസാനിച്ചു. ഇടക്ക് രണ്ട് തിരക്കഥകള്‍ എഴുതിവെച്ചു. പക്ഷേ, അതൊക്കെ വാടകവീടുകള്‍ മാറുന്നതിനിടയില്‍ എങ്ങോ ചിതലരിച്ചുപോയി. പണ്ടൊക്കെ കോടമ്പാക്കത്ത് രണ്ടു ഇഡ്ഡലിയും ഒരു ചായയും കൊടുത്താല്‍ ചെറിയൊരു നടന്‍െറ വേഷത്തിന് ആളെ കിട്ടുമായിരുന്നു. അതൊക്കെ പഴങ്കഥകളായി. മുപ്പത്തഞ്ചോളം വര്‍ഷം വാടകവീടിനെ ആശ്രയിച്ച അബ്ദിക്ക് സ്വന്തമായൊരു വീട് ജീവിതാഭിലാഷമായിരുന്നു. എന്തായാലും അഭിലാഷം സഫലീകരിച്ചില്ല. ആദ്ദേഹം കോടമ്പാക്കത്തിന്‍െറ ഇരുട്ടില്‍ വിലയം പ്രാപിച്ചു, നിറവേറാത്ത കുറെ മോഹങ്ങള്‍ പിന്നിലാക്കിക്കൊണ്ട്

Blogger templates

.

ജാലകം

.