അര്‍പ്പുത അമ്മാള്‍ / അനുശ്രീ
രാജീവ്ഗാന്ധിവധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളന്‍െറ അമ്മ അര്‍പ്പുത അമ്മാള്‍, മകനെ തൂക്കുകയറില്‍നിന്ന് മോചിപ്പിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്. തന്‍െറ മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ളെന്ന് ഉറച്ചുവിശ്വസിക്കുന്നു ഈ അമ്മ. 20 വര്‍ഷമായി ഇതിനുവേല്‍ി നിയമത്തിന്‍െറ വഴിയിലും തെരുവിലും പോരാടുകയാണ് ഈ അറുപത്തിനാലുകാരി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ "ഗ്രേറ്റ്മദര്‍'എന്ന് വിശേഷിപ്പിച്ച അര്‍പ്പുത അമ്മാള്‍ കിലോമീറ്ററുകള്‍ താല്‍ി ആഴ്ചയിലൊരിക്കലെങ്കിലും മകനെ കാണാന്‍ ജയിലിലെത്തും. തൂക്കുകയറിന്‍െറ നിഴലില്‍
കഴിയുന്ന മകനുവേല്‍ി അമ്മ സഹിച്ച വേദനയുടെയും കണ്ണീരിന്‍െറയും അനുഭവസാക്ഷ്യം മാത്രമല്ല ഇത്, 20 വര്‍ഷമായി മകനുവേല്‍ിയുള്ള ഒരമ്മയുടെ പോരാട്ടത്തിന്‍െറ ചരിത്രംകൂടിയാണ്.
- പിറ്റേദിവസംതന്നെ വിട്ടുതരുമെന്ന ഉറപ്പിന്മേല്‍ 1991 ജൂണ്‍ 11ന് അമ്മയും അച്ഛനും ചേര്‍ന്നാണല്ളോ അറിവിനെ പൊലീസിലേല്‍പിച്ചത്. പൊലീസ് അറിവിനെ അറസ്റ്റ് ചെയ്തതായാണ് പിന്നീട് പത്രങ്ങളില്‍വന്ന വാര്‍ത്ത. അന്ന് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്?
ജോലാര്‍പേട്ടൈയിലെ വളരെ സാധാരണമായ ഒരു കുടുംബമായിരുന്നു എന്‍േറത്. എന്‍െറ ഭര്‍ത്താവ് അടുത്തുതന്നെയുള്ള ഒരു സ്കൂളില്‍ അധ്യാപകനായിരുന്നു. അന്‍പുമണി, പേരറിവാളന്‍ (അറിവ്), അരുള്‍ സെല്‍വി എന്നിങ്ങനെ മൂന്നു മക്കള്‍. 1991ല്‍ അറിവ് ഇലക്ട്രോണിക്സില്‍ ഡിപ്ളോമ പൂര്‍ത്തിയാക്കി പാര്‍ട്ടൈം എന്‍ജിനീയറിങ് പഠിക്കുന്നതിനായി ചെന്നൈയിലേക്ക് പോയി. എന്‍െറ കുടുംബം ദ്രാവിഡകഴകത്തിന്‍െറ (ഡി.കെ) സജീവ പ്രവര്‍ത്തകരാണ്. ദ്രാവിഡകഴകത്തിന്‍െറ ചെന്നൈ ഓഫിസിലായിരുന്നു അറിവ് താമസിച്ചിരുന്നത്. ഡി.കെയുടെ മുഖപത്രമായ വിടുതലൈയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു അവന്‍. 1991 മേയ് 21നാണ് നാടിനെ നടുക്കിയ ആ ദുരന്തമുണ്ടാകുന്നത്- രാജീവ്ഗാന്ധി വധം. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുവന്ന എന്‍െറ കുടുംബത്തിനും അതൊരു ദുരന്തമാകുമെന്ന് അന്ന് എനിക്കറിയാമായിരുന്നില്ല.
1991 ജൂണ്‍ പത്തിന് രാത്രി പന്ത്രണ്ടുമണിക്കാണ് എന്‍െറ വീട്ടില്‍ ആദ്യമായി പൊലീസ് വരുന്നത്. കതകില്‍ ആരോ മുട്ടുന്ന ശബ്ദംകേട്ട് തുറന്നപ്പോള്‍ പൊലീസ്. ഞങ്ങള്‍ ചെന്നൈയില്‍നിന്നാണ്, നിങ്ങളുടെ വീട് പരിശോധിക്കണം എന്നു പറഞ്ഞു. ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. അര്‍ധരാത്രി വന്ന് പൊലീസ് പരിശോധിക്കാന്‍ മാത്രം ഈ വീട്ടിലെന്തിരിക്കുന്നു എന്ന് ചോദിച്ചു. നിങ്ങളുടേതു മാത്രമല്ല ഈഴം അനുഭാവികളുടെയെല്ലാം വീട് പരിശോധിക്കുന്നുണ്ട് എന്നായിരുന്നു മറുപടി. ടി.വിയുടെ മുകളിലിരിക്കുന്ന പ്രഭാകരന്‍െറ ഫോട്ടോയാണ് അവര്‍ ആദ്യം പരിശോധിച്ചത്. പിന്നീട് എന്‍െറ ഭര്‍ത്താവിനെ ചോദ്യംചെയ്തു. കത്തുകളെല്ലാം പരിശോധിച്ചു. ഭാഗ്യനാഥന്‍െറ കത്തെടുത്ത് കുറച്ചധികം നേരം പരിശോധിച്ചു. ഭാഗ്യനാഥനുമായുള്ള ബന്ധമെന്താണെന്ന് ചോദിച്ചു. ഡി.കെയുടെ പരിപാടികള്‍ക്ക് ഫോട്ടോ എടുക്കാന്‍ വരുന്ന സുഭാഷിന്‍െറ സുഹൃത്ത് എന്ന നിലയിലാണ് ഭാഗ്യനാഥിനെ ഞങ്ങള്‍ പരിചയപ്പെടുന്നത്. സുഭാഷ് മുഖേനയാണ് ഭാഗ്യനാഥിന് ഒരു പ്രസുണ്ടെന്ന് ഞങ്ങള്‍ അറിയുന്നത്. എന്‍െറ ഭര്‍ത്താവ് കവിതകള്‍ എഴുതും. ആ കവിതകള്‍ പബ്ളിഷ് ചെയ്യാമെന്ന് ഭാഗ്യനാഥ്തന്നെയാണ് ഞങ്ങളോട് ഇങ്ങോട്ടാവശ്യപ്പെട്ടത്. രാജീവ്ഗാന്ധിവധക്കേസില്‍ ഉള്‍പ്പെട്ട നളിനിയുടെ ചേട്ടനാണ് ഭാഗ്യനാഥെന്ന് അന്ന് ഞങ്ങള്‍ക്കറിയുമായിരുന്നില്ല. എന്‍െറ ഭര്‍ത്താവിന്‍െറ കവിതകള്‍ അച്ചടിക്കുന്നത് സംബന്ധിച്ച കത്തുകളായിരുന്നു പൊലീസ് പരിശോധിച്ചത്. ഞങ്ങളത് പൊലീസിനോട് വായിച്ചുനോക്കാന്‍ പറഞ്ഞു. വായിച്ചപ്പോള്‍ അക്കാര്യങ്ങള്‍തന്നെയായിരുന്നു അതിലെഴുതിയിരുന്നത് എന്ന് അവര്‍ക്കും ബോധ്യമായി. കത്തുകളെടുത്തോട്ടെ എന്ന് പൊലീസുകാര്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ അനുവദിച്ചു. ഇത്രയും വലിയ ഒരു കേസ് ഞങ്ങളുടെ തലയിലേക്ക് വരുകയാണ് എന്ന്, ഈ കത്തും അതിനൊരു തെളിവായി മാറുകയാണ് എന്നൊന്നും ഞങ്ങള്‍ക്കറിയില്ലല്ളോ. പിന്നെയാണ് മകനെവിടെ എന്ന് ചോദിച്ചത്. അതുകേട്ട് ഞങ്ങള്‍ക്കെന്തോ പേടി തോന്നി. വെറുതെ കുറച്ചു കാര്യങ്ങള്‍ ചോദിച്ചറിയാനാണെന്ന് അവര്‍ പറഞ്ഞത് ഞങ്ങള്‍ വിശ്വസിച്ചു. ചെന്നൈയില്‍ ഡി.കെയുടെ ഓഫിസിലാണ് അവന്‍ എന്ന് പറഞ്ഞു. എന്‍െറ ഭര്‍ത്താവ് പൊലീസുകാരോട് ചോദിച്ചു, ‘‘ഇവള്‍ നാളെ അറിവിനേയുംകൊണ്ട് വരും. എവിടേക്കാണ് വരേണ്ടതെ’’ന്ന്? മല്ലികൈയുടെ അഡ്രസ് അവര്‍ തന്നു. രാജീവ്ഗാന്ധിവധക്കേസ് കൈകാര്യം ചെയ്യുന്ന എസ്.ഐ.ടിയുടെ ആസ്ഥാനമായിരുന്നു മല്ലികൈ. നാളെതന്നെ അവനെയുംകൊണ്ട് മല്ലികൈയിലേക്ക് വരുമെന്ന് എന്‍െറ ഭര്‍ത്താവ് പൊലീസിന് ഉറപ്പുകൊടുത്തു. പിറ്റേന്ന് രാവിലെതന്നെ അറിവിനെ വിളിച്ചുകൊണ്ടുവരാനായി ഞാന്‍ ചെന്നൈയിലേക്ക് പുറപ്പെട്ടു. പക്ഷേ, അന്നും എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ ജോലാര്‍പേട്ടൈയിലെ എന്‍െറ വീട്ടില്‍ വന്നു. അവര്‍ 11 പേരുണ്ടായിരുന്നു. ആ സമയത്ത് എന്‍െറ ചെറിയ മകള്‍മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവളോട് ഒന്നും ചോദിക്കാതെ അവര്‍ വീട് പരിശോധിക്കാന്‍ തുടങ്ങി. വീട്ടിലെ എല്ലാ സാധനങ്ങളും വാരിവലിച്ച് നാശമാക്കി. പൊലീസിന് വീട്ടില്‍നിന്ന് ഒന്നും കിട്ടിയില്ല. അവള്‍ പേടിച്ച് ഓടിപ്പോയി അച്ഛനെ വിളിച്ചുകൊണ്ടുവന്നു. ഇതൊക്കെ കണ്ടപ്പോള്‍ അദ്ദേഹത്തിനെന്തോ ഭയം തോന്നി. അപ്പോള്‍തന്നെ അദ്ദേഹം പൊലീസിനൊപ്പം ചെന്നൈക്ക് തിരിച്ചു. ഈ സമയം ഞാന്‍ ഡി.കെ ഓഫിസിലെത്തി അറിവിനോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഓഫിസില്‍ എല്ലാവരുടെയും അഭിപ്രായം, പിറ്റേദിവസം രാവിലെ മല്ലികൈയിലേക്ക് പോയാല്‍ മതിയെന്നായിരുന്നു. അങ്ങനെയെങ്കില്‍ ചോദ്യം ചെയ്ത് വൈകീട്ടുതന്നെ പറഞ്ഞുവിടുമല്ളോ. അതുകൊണ്ട് ഞാനും അറിവുംകൂടി കുറച്ച് ഷോപ്പിങ്ങിനൊക്കെ പോയി. ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഡി.കെ ഓഫിസില്‍ എന്‍െറ ഭര്‍ത്താവുണ്ട്. കൂടെ പൊലീസുകാരും. അറിവിനെ അവന്‍െറ അച്ഛനാണ് പൊലിസുകാര്‍ക്ക് പരിചയപ്പെടുത്തിയത്. ‘‘ഞങ്ങള്‍ ഇന്ന് അറിവിനെ മല്ലികൈയിലേക്ക് കൊണ്ടുപോകുന്നു. ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്. നാളെ രാവിലെവന്ന് നിങ്ങള്‍ അവനെ കൊണ്ടുപോയ്ക്കൊള്ളൂ’’ എന്ന് പൊലീസുകാര്‍ പറഞ്ഞു. എന്‍െറ ഭര്‍ത്താവും ഡി.കെ ഓഫിസിലുള്ളവരും ചോദിച്ചു, ഇവിടെവെച്ചുതന്നെ ചോദ്യങ്ങള്‍ ചോദിച്ചുകൂടെ എന്ന്. പക്ഷേ, അറിവിന് ഒട്ടും പേടിയുണ്ടായിരുന്നില്ല. നാളെ രാവിലെ നിങ്ങള്‍ വന്നാല്‍ മതിയെന്നു പറഞ്ഞ് അവനാണ് ഞങ്ങളെ സമാധാനിപ്പിച്ചത്. ജൂണ്‍ 11നാണ് ഇതെല്ലാം നടന്നത്. പിന്നീട് എസ്.ഐ.ടി അവകാശപ്പെട്ടത് ജൂണ്‍ 18ന് അവനെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ്.
- പിറ്റേന്ന് നിങ്ങള്‍ മല്ലികൈയിലേക്ക് പോയപ്പോള്‍ എന്തായിരുന്നു അവരുടെ പ്രതികരണം?
പൊലീസ് പറഞ്ഞതെല്ലാം വിശ്വസിച്ച് പിറ്റേദിവസം അറിവിനെ കൊണ്ടുവരാനായി ഞങ്ങള്‍ മല്ലികൈയിലേക്ക് പോയി. പക്ഷേ, അവനെ ഒന്നു കാണാന്‍പോലും ഞങ്ങളെ അനുവദിച്ചില്ല. ഇന്നു വിടാമെന്ന് പറഞ്ഞിട്ടല്ളേ അവനെ കൊണ്ടുപോന്നതെന്ന് ഞങ്ങള്‍ പൊലീസിനോട് ചോദിച്ചു. ഇനിയും ചോദ്യംചെയ്യല്‍ കഴിഞ്ഞിട്ടില്ല. നാളെ വിടാമെന്നായിരുന്നു മറുപടി. പിറ്റേന്നും പോയി. അവനെ കാണാന്‍ കഴിഞ്ഞില്ല. അവസാനം പൊലീസ് പറഞ്ഞു, ഏതെങ്കിലും വക്കീലിനെയും കൊണ്ടുവരൂ എന്ന്. അതുകേട്ട് ഞങ്ങള്‍ ശരിക്കും പേടിച്ചു. അറിവിനോട് എന്തോ ചോദിക്കാനുണ്ട്. അതുകഴിഞ്ഞാല്‍ അവര്‍ വിടുമെന്നായിരുന്നു ഞങ്ങള്‍ അത്രയും നേരം കരുതിയത്. വക്കീലിനെ കൊണ്ടുവരാന്‍ പറയുന്നതെന്തിനാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഞങ്ങളോടവര്‍ സത്യമൊന്നുംപറഞ്ഞില്ല. എന്തൊക്കെയോ പറഞ്ഞുപറ്റിച്ചു. പിന്നീട് പത്രങ്ങളില്‍നിന്നാണ് വിവരങ്ങളെല്ലാം അറിയുന്നത്. മല്ലികൈയിലേക്ക് പോയ ഞങ്ങളെ ഉള്ളിലേക്കുപോലും കടത്തിവിട്ടില്ല. ഗേറ്റില്‍നിന്നുതന്നെ തടയുകയായിരുന്നു.
- പിന്നീട് നിങ്ങള്‍ക്ക് ലഭിച്ച നിയമോപദേശം എന്തായിരുന്നു?
ഡി.കെയുടെ വക്കീലായ ദൊരൈസ്വാമിയായിരുന്നു ഈ കേസ് കൈകാര്യം ചെയ്തിരുന്നത്. വേറെ ആരെയും ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല. പെരിയാര്‍ ദ്രാവിഡകഴകത്തിന്‍െറ നേതാവ് വീരമണി അപ്പോള്‍ അമേരിക്കയിലായിരുന്നു. അദ്ദേഹം വരുന്നതുവരെ കാത്തിരിക്കാന്‍ അഡ്വ. ദൊരൈസ്വാമി ഞങ്ങളോട് ആവശ്യപ്പെട്ടു. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. വിങ്ങുന്ന മനസ്സുമായി ഒരാഴ്ച. വീരമണി അമേരിക്കയില്‍നിന്ന് തിരിച്ചുവന്നു. എല്ലാം അദ്ദേഹത്തിന്‍െറ കൈകളിലേല്‍പിച്ച് മകന്‍ വരുന്നതും നോക്കി ഞങ്ങള്‍ കാത്തുകാത്തിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. കോടതി, കേസ്, വക്കീല്‍... എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായതേയില്ല. ടാഡ പ്രകാരമുള്ള കേസാണ് അറിവിന്‍െറ മേല്‍ ചാര്‍ജ്ചെയ്തിരിക്കുന്നതെന്നും അതുകൊണ്ട് കോടതിയില്‍പോലും ഒന്നും ചോദ്യംചെയ്യാന്‍ കഴിയില്ളെന്നും ദൊരൈസ്വാമി പറഞ്ഞു. വക്കീല്‍ പറയുന്നതെല്ലാം വിശ്വസിച്ച് ഞങ്ങള്‍ തലയാട്ടിക്കൊണ്ടിരുന്നു. ഞങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു. വീരമണി വേണ്ടതെല്ലാം ചെയ്തോളും എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. അന്നേരം എന്‍െറ മകന്‍ മല്ലികൈയില്‍ കഠിനമായ പീഡനങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു. അവനെഴുതിയ പുസ്തകത്തില്‍ പറയുന്നുണ്ട്, നിര്‍ബന്ധപൂര്‍വമാണ് അവനെക്കൊണ്ട് confession statement എഴുതിവാങ്ങിച്ചതെന്ന്. അറിവെഴുതിയ പുസ്തകം വായിച്ച് ആരും ഇതുവരെ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടില്ല. അതിനര്‍ഥം, അവന്‍ പറയുന്നതെല്ലാം സത്യമാണന്നല്ളേ?
അവന്‍െറ കുടുംബത്തെക്കുറിച്ച് മോശപ്പെട്ട രീതിയില്‍ വാര്‍ത്തകള്‍ എഴുതിക്കുമെന്നും അവന്‍െറ ചേച്ചിയെയും അനിയത്തിയെയും അപമാനിക്കുമെന്നും പറഞ്ഞ് പൊലീസുദ്യോഗസ്ഥര്‍ അവനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവത്രെ. അവനെന്തു ചെയ്യാന്‍? 19 വയസ്സ് മാത്രം പ്രായമുള്ള ചെറിയ കുട്ടിയായിരുന്നില്ളേ അവനപ്പോള്‍. മാത്രമല്ല, പൊലീസുകരല്ലാതെ ആരെയും കാണുന്നുമില്ല. നിരന്തര പീഡനവും. എന്‍െറ കുട്ടി എത്രമാത്രം കഷ്ടപ്പെട്ടിരിക്കും. ‘‘അറിയുന്ന കാര്യങ്ങളെല്ലാം പറയ്, നിന്നെ വെറുതെ വിടാം’’ എന്നവര്‍ പറയുമായിരുന്നു. ‘‘എനിക്കൊന്നുമറിയില്ല’’ എന്നു പറഞ്ഞാല്‍ വീണ്ടും വീണ്ടും മര്‍ദനം. ഇങ്ങനെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് പൊലീസുകാര്‍ അവന്‍െറയടുത്തുനിന്ന് ഒപ്പ് വാങ്ങിയിട്ടുള്ളത്. ഒറ്റ ദിവസം രാത്രിതന്നെ 17 പേരില്‍നിന്ന് അവരിങ്ങനെ ഒപ്പ് വാങ്ങിയിട്ടുണ്ട്, സത്യവാങ്മൂലം എന്ന പേരില്‍. ബ്ളാങ്ക് പേപ്പറില്‍പോലും ഒപ്പ് വാങ്ങിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമാണ് അവന്‍ എന്‍െറയടുത്തു പറയുന്നത്.
- പിന്നീടെന്നാണ് അറിവിനെ കാണുന്നത്?
ചെന്നൈയില്‍ താമസിച്ചിട്ടും വലിയ പ്രയോജനമൊന്നുമില്ളെന്ന് മനസ്സിലാക്കി ഞങ്ങള്‍ ജോലാര്‍പേട്ടൈയിലേക്കുതന്നെ തിരിച്ചുപോയി. അറിവനെ ആദ്യത്തെ പ്രാവശ്യം ചെങ്കല്‍പ്പേട്ടിലെ കോടതിയില്‍ ഹാജരാക്കിയെന്ന് ഞങ്ങള്‍ അറിയുന്നത് പത്രത്തില്‍ നിന്നാണ്്. വക്കീലിനെയും അറിയിച്ചിട്ടുണ്ടായിരുന്നില്ല. രണ്ടാമത്തെ പ്രാവശ്യം കോടതിയില്‍ ഹാജരാക്കുന്ന ദിവസം വക്കീലിനെ അറിയിച്ചു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ ബന്ധുക്കള്‍ ഒരുപാടാളുകള്‍ ചേര്‍ന്നാണ് കോടതിയിലെത്തിയത്. കോടതിയില്‍വെച്ച് അറിവിനെ കാണാനോ സംസാരിക്കാനോ അനുവദിച്ചില്ല. മുഖമെല്ലാം മറച്ചായിരുന്നു അവനെ കോടതിയില്‍ കൊണ്ടുവന്നത്. നേരെ മുകളിലെ കോടതിമുറിയിലേക്ക് അവനെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി. പുറത്തുനിന്ന് ഞങ്ങള്‍ ഉറക്കെ ‘‘അറിവ്... അറിവ്...’’ എന്ന് വിളിച്ചുകൊണ്ടിരുന്നു. ഓരോരുത്തരും ഉറക്കെ പേരു വിളിക്കുന്നു. പലരും കരയുന്നു... അലമുറയിടുന്നു... പൊലീസുകാര്‍ ഇതൊന്നും ശ്രദ്ധിക്കാത്തമട്ടില്‍ അവനെ കൊണ്ടുപോയി. റോബര്‍ട്ട് പയസ്സ്, അറിവ്, കോടികര ഷണ്‍മുഖം ഇവരെ മൂന്നു പേരെയുമാണ് അന്ന് കോടതിയില്‍ ഹാജരാക്കിയത്. കുറെനേരം കഴിഞ്ഞാണ് ഞങ്ങള്‍ അറിവ് എന്ന് വിളിച്ചുകരഞ്ഞത് കോടികര ഷണ്‍മുഖത്തെ കണ്ടിട്ടാണെന്ന് മനസ്സിലായത്. എല്ലാവരുടെയും മുഖംമൂടിയിരിക്കുകയായിരുന്നല്ളോ. (കോടികരയില്‍ പിന്നീട് തൂങ്ങിമരിച്ചതായി കണ്ടെത്തിയ ആളാണ് കോടികര ഷണ്‍മുഖം. അന്ന് അതൊരു കസ്റ്റഡിമരണമാണെന്ന പേരില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നെങ്കിലും പൊലീസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി അയാള്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. രാജീവ്ഗാന്ധിവധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് വെല്ലൂര്‍ സെന്‍ട്രല്‍ജയിലില്‍ കഴിയുന്നയാളാണ് റോബര്‍ട്ട് പയസ്.)
ഞാന്‍ വക്കീലിനോട് പറഞ്ഞു, അറിവിനെ കാണണമെന്ന്. വക്കീല്‍ പറഞ്ഞതനുസരിച്ച് മല്ലികൈയില്‍ പോയിക്കാണാന്‍ അനുവാദം കിട്ടി. ഞങ്ങള്‍ മല്ലികൈയില്‍ പോയി. ഗേറ്റില്‍ നിന്നുതന്നെ തോക്കുചൂണ്ടി നില്‍ക്കുന്ന പൊലീസുകാര്‍. പേടിപ്പെടുത്തുന്ന അന്തരീക്ഷം. അവശനായി എന്‍െറ മുന്നില്‍ അറിവ്. എത്രയോ മാസങ്ങള്‍ക്ക് ശേഷമുള്ള സമാഗമം. ഞാന്‍ അവന്‍െറ കൈകളില്‍ പിടിച്ചു. അവന്‍െറ മനസ്സിലെ ഭയം, നടുക്കം എല്ലാം ഞാന്‍ ആ സ്പര്‍ശനത്തിലൂടെ തിരിച്ചറിഞ്ഞു. അവനനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളെക്കുറിച്ചൊന്നും പറഞ്ഞില്ല. ചുറ്റും പൊലീസുകാരുണ്ടായിരുന്നു. അതിനെക്കുറിച്ചെല്ലാം അവനെഴുതിയ പുസ്തകത്തില്‍നിന്നുമാണ് ഞാനറിയുന്നത്. ‘‘ധൈര്യമായിരിക്കൂ’’ എന്നു മാത്രമാണവന്‍ പറഞ്ഞത്. ഈ കേസിലെ പ്രതികളെക്കുറിച്ച് പത്രങ്ങളും വളരെ മോശമായാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത്. ഞങ്ങള്‍ക്കൊന്നും എതിര്‍ക്കാനും കഴിഞ്ഞില്ല. എല്ലാ സമയത്തും ‘ടാഡ’ എന്നു പറഞ്ഞാണ് ഞങ്ങളുടെ വായടച്ചത്.
- പിന്നീട് കേസൊക്കെ നടന്നത് എങ്ങനെയാണ്?
പൂന്തമല്ലി സ്പെഷല്‍ കോര്‍ട്ടിലായിരുന്നു പിന്നീട് കേസ് നടന്നത്. ജയിലില്‍നിന്ന് നേരിട്ട് കോടതിയിലെത്താം. പൂന്തമല്ലി ജയലിനകത്താണ് പ്രത്യേക കോടതിയും. അവിടെപ്പോകാന്‍ ഞങ്ങള്‍ക്കാര്‍ക്കും അനുമതിയുണ്ടായിരുന്നില്ല. അറിവ് ചെയ്ത കുറ്റമെന്താണെന്ന് ഞങ്ങള്‍ക്കും അറിയണമെന്നും അതുകൊണ്ട് കോടതിനടപടികള്‍ കാണാന്‍ ഞങ്ങളെ അനുവദിക്കണമെന്നും ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസര്‍ രഘൂത്തമനോട് ഞാന്‍ ആവശ്യപ്പെട്ടു. ‘‘അതൊന്നും നടക്കില്ല. നിങ്ങളുടെ വക്കീലിന് മാത്രമേ കോടതിയിലെത്താനാവൂ. അതാണ് ടാഡ കോര്‍ട്ട്’’, അതായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.
എട്ടു വര്‍ഷമാണ് വിചാരണ നടന്നത്. ആ ദിവസങ്ങളില്‍ അവനെ കാണാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാലും എനിക്ക് അറിവിനെ കാണാന്‍ തോന്നുമ്പോഴേല്ലാം ഞാന്‍ ജയിലിലേക്ക് പോകും. പലപ്പോഴും കാണാന്‍ കഴിഞ്ഞില്ല. അവനെ കണ്ടേ പോകൂ എന്ന് വാശിപിടിച്ച് ഞാന്‍ അവിടെതന്നെ ഇരിക്കും. ചില ദിവസങ്ങളില്‍ ബഹളമുണ്ടാക്കും. അവരെ ചീത്ത വിളിക്കും. പക്ഷേ, വിചാരണ നടക്കുന്ന ദിവസങ്ങളില്‍ കാണാന്‍ കഴിയാറില്ല. ജോലാര്‍പേട്ടൈയില്‍നിന്ന് ചെന്നൈയിലേക്ക് വന്ന് അവനെ കാണാതെ തിരിച്ചുപോകേണ്ടി വന്ന ധാരാളം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
- ദ്രാവിഡകഴകത്തിന്‍െറ ഭാഗത്തുനിന്ന് സഹായങ്ങളൊന്നുമുണ്ടായില്ളേ?
ഇക്കാര്യത്തില്‍ ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടി ദ്രാവിഡ കഴകത്തിന്‍െറ ഭാഗത്തുനിന്നാണ്. ഡി.കെ ഒന്നും ചെയ്തില്ല. വീരമണി വിടുതലൈ എന്ന മുഖപത്രത്തില്‍ എഡിറ്റോറിയല്‍പോലും എഴുതി, പേരറിവാളന് ഡി.കെയുമായി ഒരു ബന്ധവുമില്ളെന്ന്. ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. എന്‍െറ ഭര്‍ത്താവ് എട്ടു വയസ്സുതൊട്ട് ഡി.കെയില്‍ പ്രവര്‍ത്തിക്കുന്നു. കല്യാണത്തിനു ശേഷം ഞാനും ഡി.കെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ കല്യാണം നടത്തിത്തന്നതും വീരമണിയും മോഹനയും (വീരമണിയുടെ ഭാര്യ) ആണ്. എന്‍െറ മൂത്തമകള്‍ അന്‍പുമണിക്ക് പേരിടുന്നത് തന്തൈ പെരിയാറാണ്. അറിവിന്‍െറ അച്ഛന്‍ മാത്രമല്ല ഞങ്ങളുടെ കുടുംബമൊന്നാകെ ഡി.കെയുടെ സജീവ പ്രവര്‍ത്തകരായിരുന്നു. ഞങ്ങള്‍ പാര്‍ട്ടിനേതൃത്വത്തോട് ഇക്കാര്യങ്ങളെല്ലാം സംസാരിച്ചു. അറിവിനെ പിന്തുണച്ച് സംസാരിച്ചാല്‍ നമ്മുടെ പാര്‍ട്ടി ‘ബാന്‍’ ചെയ്യുമെന്നായിരുന്നു അവരുടെ ഉത്തരം. ഞങ്ങള്‍ വല്ലാതെ വിഷമിച്ചു. ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ ഒറ്റക്കായിപ്പോയല്ളോ എന്നോര്‍ത്ത് സങ്കടപ്പെട്ടു. പാര്‍ട്ടിയുടെ പ്രചാരണപരിപാടികള്‍ക്കെല്ലാം ഞങ്ങള്‍ പോകാറുണ്ടായിരുന്നു. കന്യാകുമാരി മുതല്‍ തിരുത്തണിവരെ ഡി.കെ നടത്തിയ പ്രചാരണജാഥയില്‍ ആദ്യാവസാനം ഞാനും എന്‍െറ ഭര്‍ത്താവും പങ്കെടുത്തിരുന്നു. ‘പേരറിവാളന്‍ വഴക്കു നീതി’ എന്ന പേരില്‍ അതായത് പേരറിവാളന്‍െറ കേസ് നടത്തുന്നതിനുവേണ്ടി മാത്രം പലരും സംഭാവന കൊടുത്തു. പക്ഷേ, ഒരു പൈസപോലും എന്‍െറ മകനുവേണ്ടി ചെലവഴിക്കപ്പെട്ടില്ല. ഒരു പാര്‍ട്ടി മുഴുവന്‍ അറിവിനൊപ്പമുണ്ടെന്നും അവന് ഒന്നും സംഭവിക്കില്ളെന്നും ഞാന്‍ ഉറച്ചുവിശ്വസിച്ചു. എന്നാല്‍, അവരൊന്നും ചെയ്തില്ല. അറിവിനെ അറസ്റ്റ് ചെയ്ത് നാല് വര്‍ഷം ഞങ്ങള്‍ ആ പാര്‍ട്ടിയില്‍തന്നെ തുടര്‍ന്നു. എന്‍െറ ഭര്‍ത്താവ് പറയാറുണ്ട്. ‘‘പൊതുജനങ്ങളുടെ പിന്തുണ പാര്‍ട്ടിക്ക് ആവശ്യമാണല്ളോ. അതുകൊണ്ടായിരിക്കും നേതൃത്വം കേസില്‍ വലിയ താല്‍പര്യമെടുക്കാത്തത്. തന്തൈ പെരിയാര്‍ എത്ര കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയാണ്. നമ്മുടെ മകന്‍െറ പ്രശ്നംകൊണ്ട് അദ്ദേഹത്തിന്‍െറ പ്രയത്നം വെറുതെയാവരുത്’’ എന്നൊക്കെ നേതാക്കള്‍ പറയുന്നതെല്ലാം കേട്ട് ‘‘ആമ...ആമ...’’ എന്നു പറഞ്ഞ് തലയാട്ടുകയല്ലാതെ ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും. കേസ് സ്ട്രോങ് ആകുന്തോറും പാര്‍ട്ടി ഉള്‍വലിഞ്ഞുകൊണ്ടിരുന്നു. പിന്നീട് അറിവിന്‍െറ അച്ഛനെക്കുറിച്ചും അവര്‍ കുറ്റം പറഞ്ഞുതുടങ്ങി. പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു കുറ്റം. ഞങ്ങള്‍ സ്വമേധയാ പാര്‍ട്ടിയില്‍നിന്ന് പുറത്തുപൊയ്ക്കോട്ടെ എന്ന് അവരും വിചാരിച്ചുകാണണം. പാര്‍ട്ടിയാണ് ഞങ്ങളോട് കടുത്ത ദ്രോഹം ചെയ്തത്. യഥാര്‍ഥത്തില്‍ അവര്‍ എസ്.ഐ.ടിക്ക് പച്ചക്കൊടി കാണിക്കുകയായിരുന്നു, ഞങ്ങളുടെ പാര്‍ട്ടി ഇക്കാര്യത്തില്‍ ഒരു പ്രശ്നവുമുണ്ടാക്കില്ളെന്ന്.
- പിന്നീട് ഈ കേസ് നടത്തിക്കൊണ്ടുപോകാനാവശ്യമായ ധൈര്യവും ഊര്‍ജവുമൊക്കെ അമ്മക്ക് എവിടെനിന്നു ലഭിച്ചു?
എന്‍െറ മകനില്‍നിന്ന്. അവന്‍ ഒരു കുറ്റവും ചെയ്തിട്ടില്ളെന്ന് ഞങ്ങള്‍ക്കറിയാം. ഒരു ചെറിയ തെറ്റുപോലും ചെയ്യാന്‍ അവനുകഴിയില്ല. മറ്റൊരാളോട് സംസാരിക്കുമ്പോള്‍പോലും മുഖംകറുത്തൊരു വാക്ക് പറയാന്‍ അവനിഷ്ടമല്ല. ആരുടെയും മുഖം വാടുന്നത് അവനിഷ്ടമല്ല. ആരെയും ബുദ്ധിമുട്ടിക്കരുത് എന്നവന്‍ എപ്പോഴും പറയും.
ഞാന്‍ വെറും സാധാരണ സ്ത്രീ. എന്‍െറ ഭര്‍ത്താവിനും മക്കള്‍ക്കും വെച്ചുവിളമ്പാന്‍മാത്രമറിയാം. ഈ കേസുണ്ടാകുന്നതുവരെ ഒറ്റക്ക് യാത്ര ചെയ്തിട്ടുപോലുമില്ല. ഇപ്പോള്‍ തമിഴ്നാട്ടില്‍ പലേടത്തും പ്രത്യേകിച്ചും ചെന്നൈയില്‍ കേസിന്‍െറ ആവശ്യത്തിനായി ഒറ്റക്കിങ്ങനെ നടക്കുന്നു. വഴി ചോദിച്ചു ചോദിച്ച് ഓരോ സ്ഥലത്തും എത്തിച്ചേരുന്നു. പലപല ഓഫിസുകള്‍...കോടതികള്‍...ജയിലുകള്‍... എല്ലായിടത്തും ഞാനിപ്പോള്‍ ഒറ്റക്ക് പോകും. എനിക്ക് വേറെ നിവൃത്തിയില്ല. ഞങ്ങള്‍ പണക്കാരല്ല. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ? അതുകൊണ്ട്, അറിവിന്‍െറ അച്ഛന്‍ ജോലിക്ക് പോകും. അദ്ദേഹത്തിന് ലീവെടുത്ത് ഇങ്ങനെ നടക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ ഒറ്റക്ക് എല്ലാം ചെയ്തുതുടങ്ങി.
- അമ്മയുടെ ഈ ഒറ്റയാള്‍പോരാട്ടം അമ്മ തുടരുന്നതെങ്ങനെയാണ്? ഈ 20 വര്‍ഷത്തിനിടക്ക് അമ്മക്ക് ഒരുപാട് തിരിച്ചടികള്‍ നേരിട്ടല്ളോ?
ദ്രാവിഡകഴകമൊഴിച്ച് എല്ലാവരും എന്നെ സഹായിച്ചു. ആള്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം മാത്രമാണ് ഞാന്‍ സ്വീകരിക്കാത്തത്. മറ്റ് സഹായങ്ങള്‍ ചെയ്തവരെ, ചെയ്തുകൊണ്ടിരിക്കുന്നവരെ എനിക്ക് മറക്കാന്‍ കഴിയില്ല. ജയലളിതയെയും കരുണാനിധിയെയും ഒഴിച്ച് തമിഴകത്തെ എല്ലാ രാഷ്ട്രീയ നേതാക്കളെയും കണ്ട് എന്‍െറ കുട്ടിയെ രക്ഷിക്കണമെന്ന് ഞാന്‍ കേണപേക്ഷിച്ചിട്ടുണ്ട്. കുറെയധികംപേര്‍ എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷേ, സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ആരെയും ഗൗനിച്ചതേയില്ല. സത്യത്തെ അവര്‍ മറച്ചുവെച്ചു. അവര്‍ തയാറാക്കിയ തിരക്കഥയനുസരിച്ച് അഭിനയിച്ചവരെ മാത്രം അവര്‍ അംഗീകരിച്ചു. മുന്‍ പ്രധാനമന്ത്രിയെ കൊല ചെയ്ത കുറ്റം... ടാഡ കോടതി... ഇതെല്ലാംകൊണ്ട് അവര്‍ എല്ലാവരെയും പേടിപ്പിച്ചു. എനിക്ക് ഇവരോടെല്ലാം ഒരു ചോദ്യം മാത്രമേ ചോദിക്കാനുള്ളൂ. രാജ്യത്തെ മുന്‍ പ്രധാനമന്ത്രിയുടെ കൊലക്കേസ്... അതിന്‍െറ വിചാരണ എന്തുകൊണ്ട് ഓപണ്‍ കോര്‍ട്ടില്‍ നടത്തിക്കൂടാ? ഇവര്‍ ചെയ്ത കുറ്റങ്ങളെന്തെന്ന് എല്ലാവരും അറിയട്ടെ. എന്‍െറ മകന്‍ ചെയ്ത കുറ്റമെന്തെന്ന് അറിയാനുള്ള അവകാശം എനിക്കുമുണ്ടല്ളോ. ഓപണ്‍ കോര്‍ട്ടില്‍ വിചാരണനടത്തുക എന്നത് മാത്രമാണ് ഇപ്പോഴും എന്‍െറ ഒരേയൊരാവശ്യം.
- അറിവിനെ ശരിക്കൊന്ന് കാണാനോ സംസാരിക്കാനോ കഴിയാതെ അമ്മ എത്രകാലം കഴിച്ചുകൂട്ടി? പിന്നീടെന്നു മുതലാണ് കാണാനും സംസാരിക്കാനുമൊക്കെ കഴിയുന്നത്?
വിചാരണ കഴിയുന്നതുവരെ. അതായത് എട്ടു വര്‍ഷം. ആ വര്‍ഷങ്ങള്‍ എങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്ന് എനിക്കുതന്നെ അറിയില്ല. ഞാന്‍ സ്വബോധമില്ലാത്തവളെപ്പോലെയാണ് പലപ്പോഴും പെരുമാറിയത്. അവനെ കാണാന്‍ ജയിലില്‍ വരുമ്പോള്‍ എത്ര അപമാനം സഹിച്ചിട്ടുണ്ടെന്നോ. വരുമ്പോള്‍ പുസ്തകങ്ങള്‍ കൊണ്ടുവരാനാണ് അവനെപ്പോഴും പറയുക. കൊണ്ടുവരുന്ന സാധനങ്ങളെല്ലാം -ബിസ്കറ്റോ പഴമോ മാഗസിനുകളോ അവര്‍ രണ്ടും മൂന്നും തവണ പരിശോധിക്കും. ചില പൊലീസുകാര്‍ കൊടുക്കാമെന്ന് പറയും. ചിലര്‍ സമ്മതിക്കില്ല. ഓരോ ചെറിയ കാര്യങ്ങള്‍ക്കുവേണ്ടി ഞാന്‍ അവരോട് വഴക്കിട്ടുകൊണ്ടേയിരുന്നു. ചിലപ്പോള്‍ ഞാന്‍ ഉറക്കെയുറക്കെ അലറും. ചിലപ്പോള്‍ കരയും. പരിശോധനയെല്ലാം കഴിഞ്ഞ് അകത്തുകയറിയാലും പുറത്തുവരുമ്പോള്‍ വീണ്ടും പരിശോധിക്കും. സ്വയം വല്ലാത്ത അവജ്ഞ തോന്നും. അറസ്റ്റ് ചെയ്ത ഉടന്‍ അവനെ സൂക്ഷിച്ചത് ചെങ്കല്‍പ്പേട്ട് ജയിലിലായിരുന്നു. അവിടെവെച്ചുതന്നെ അറിവിന് convicted prisonersന്‍െറ വേഷമാണ് കൊടുത്തിരുന്നത് (white and white). ആ വേഷത്തില്‍ ഞാന്‍ ആദ്യം അവനെക്കണ്ട് കരഞ്ഞുപോയി. ഞാന്‍ പറഞ്ഞപ്പോഴാണ് വക്കീലിനും ഇക്കാര്യം അറിയുന്നത്. പിന്നെ കേസുകൊടുത്തതിനുശേഷമാണ് സാധാരണ വേഷം ലഭിക്കുന്നത്. ഓരോ ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കുവേണ്ടിയും എനിക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. അതിനുശേഷമാണ് പൂന്തമല്ലി ജയിലിലേക്ക് മാറ്റുന്നത്. അവിടെവെച്ച് ഞാന്‍ അവനെ കണ്ടിരുന്നത് ഫൈബര്‍ ഗ്ളാസിട്ട ചുവരുകള്‍ക്കിരുപുറത്തും നിന്നായിരുന്നു. ഒരു നിഴല്‍ മാത്രമേ കാണാന്‍ കഴിയൂ. അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചത് ഫോണിലൂടെയായിരുന്നു. വക്കീലിനോട് സംസാരിക്കുന്നതുപോലും ഫോണിലൂടെ മാത്രം. അതിനും കേസ് കൊടുത്തു. അപ്പോഴവര്‍ ഫൈബര്‍ ഗ്ളാസിട്ട ചുവരില്‍ ഒരു ദ്വാരമിട്ടു. നിറയെ കമ്പിയഴികളുള്ള ഒരു ചെറിയ ദ്വാരം. അതിലൂടെ അവന്‍െറ വിരല്‍ മാത്രമാണ് കഷ്ടിച്ചൊന്ന് എനിക്ക് തൊടാന്‍ കഴിയുക. പിന്നെയും കേസ് കൊടുത്തു. വക്കീലിന് മാത്രം നേരിട്ടുകണ്ട് സംസാരിക്കുന്നതിനുള്ള അനുമതി ലഭിച്ചു. ചെങ്കല്‍പ്പേട്ടിലെ ജയിലില്‍ അവന്‍ ജയിലറുടെ മുറിയുടെ മുകളിലെ അഴികളില്‍നിന്ന് താഴോട്ടു നോക്കിയാണ് എന്നോട് സംസാരിക്കുക. ഞാന്‍ ഏന്തിവലിഞ്ഞ് താഴെനിന്നും മുകളിലേക്ക് നോക്കി അവനോട് സംസാരിക്കും.
- എട്ട് വര്‍ഷങ്ങള്‍ക്കുശേഷം?
വിചാരണക്കുശേഷം വിധി വന്നു. എല്ലാ പ്രതികള്‍ക്കും വധശിക്ഷയായിരുന്നു കോടതി വിധിച്ചത്. അതിനുശേഷം എല്ലാവരെയും സേലം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അപ്പോഴാണ് റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്നത്. വിധിയില്‍ വ്യത്യാസമൊന്നുമുണ്ടായില്ല. പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച അതേ ജഡ്ജിയുടെ മുന്നില്‍തന്നെയാണ് റിവ്യൂ പെറ്റീഷനും കൊടുക്കേണ്ടത്. മറ്റൊരു ജഡ്ജിക്ക് മുന്നില്‍ റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ വിധി ഇങ്ങനെയാകണമെന്നില്ല. ബോംബിലുപയോഗിക്കുന്നതിനുള്ള ബാറ്ററി ശിവരശന് വാങ്ങിക്കൊടുത്തു എന്നതാണല്ളോ അറിവിന്‍െറപേരിലുള്ള കേസ്. രവിചന്ദ്രന്‍ എന്ന മറ്റൊരു പ്രതിയും ശിവരശന് ബാറ്ററി വാങ്ങിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, രവിചന്ദ്രന്‍േറതല്ല, അറിവ് കൊടുത്ത ബാറ്ററിയാണ് ബോംബിലുപയോഗപ്പെടുത്തിയതെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്താന്‍ കഴിയും? രവിചന്ദ്രന് ജീവപര്യന്തം തടവാണ് ലഭിച്ചിരിക്കുന്നത്. അതെന്തുകൊണ്ട് അറിവിന് ബാധകമല്ല? അതാണ്, എന്‍െറ ചോദ്യങ്ങള്‍.
- റിവ്യൂ പെറ്റീഷന്‍ കൊടുക്കുമ്പോഴും ദയാഹരജി കൊടുക്കുമ്പോഴുമെല്ലാം അമ്മക്ക് പ്രതീക്ഷയുണ്ടായിരുന്നില്ളേ? എല്ലാ വിധികളും അറിവിന് പൂര്‍ണമായും എതിരായുന്നുവല്ളോ?
ആറു പ്രാവശ്യം. ആറു പ്രാവശ്യമായി അവന്‍ തൂക്കുമരത്തിന്‍െറ നിഴലിലേക്ക് ആനയിക്കപ്പെടുന്നു. അവന്‍െറ ഹരജികള്‍ ഓരോരുത്തരെയും പരിഗണനക്കുവരുമ്പോള്‍ ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കും. അറിവിനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയ നാള്‍ മുതല്‍ ഞാന്‍ അവനുവേണ്ടിയുള്ള സമരത്തിലാണ്. ഓരോ വിധിയും എന്നെ സംബന്ധിച്ചിടത്തോളം ഓരോ വധശിക്ഷതന്നെയായിരുന്നു. ഇപ്പോഴും മരിച്ചുകൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അറിവിന്‍െറ കേസ് കോടതി പരിഗണിക്കുന്ന ദിവസം എനിക്ക് വല്ലാത്ത വേവലാതിയാണ്. റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുന്ന ദിവസം വല്ലാത്ത പ്രതീക്ഷയോടെയാണ് ഞങ്ങള്‍ വക്കീലിന്‍െറ ഫോണ്‍വിളിയും കാത്തിരുന്നത്. ഫോണ്‍ വന്നതേയില്ല. അവസാനം അങ്ങോട്ടു വിളിച്ചപ്പോഴാണ് മനസ്സിലായത് പെറ്റീഷന്‍ തള്ളിയെന്ന്. ഇതെങ്ങനെ എന്നോട് പറയുമെന്ന് കരുതിയാണ് വക്കീല്‍ എന്നെ വിളിക്കാതിരുന്നത്. അടുത്ത പ്രാവശ്യം നോക്കാമെന്ന് വക്കീല്‍ പറയുമ്പോഴാണ് എനിക്ക് മനസ്സിലാകുക, ഇപ്രാവശ്യവും ഞാന്‍ പറ്റിക്കപ്പെട്ടിരിക്കുന്നു എന്ന് (കരയുന്നു). ആ വേദന എനിക്ക് പറഞ്ഞുതരാന്‍ അറിയില്ല. നിങ്ങള്‍ക്ക് മനസ്സിലാകുകയുമില്ല. അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാകൂ.
കഴിഞ്ഞ ദിവസം വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അവര്‍ കത്തയച്ചിരുന്നു. സെപ്റ്റംബര്‍ ഒമ്പതിന് മകനെ തൂക്കിലേറ്റുകയാണ്. മൃതദേഹം നിങ്ങള്‍ ഏറ്റുവാങ്ങണം എന്നറിയിക്കുന്ന കത്ത് (കരയുന്നു... സംസാരം തുടരാന്‍ കഴിയുന്നില്ല). ജയിലധികാരികള്‍ അറിവിനോട് ചോദിച്ചിരിക്കുന്നു, മൃതദേഹം ആര്‍ക്ക് കൊടുക്കണമെന്ന്. അവന്‍ ഒപ്പിട്ടുകൊടുത്തു, എന്‍െറ അമ്മക്ക് കൊടുക്കണമെന്നു പറഞ്ഞ്...
(സംസാരിക്കാന്‍ കഴിയുന്നില്ല. കരുയുന്നു...)
- അമ്മേ അങ്ങനെയൊന്നും സംഭവിക്കില്ല. കരയാതിരിക്കൂ...
അല്ല മോളേ... എനിക്കിപ്പൊ ഒന്നിലും വിശ്വാസമില്ല. ഇവിടെ നീതിയുമില്ല, നിയമവുമില്ല, മനഃസാക്ഷിയുമില്ല. അറിവിനെകുറിച്ചാലോചിക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു. എങ്ങനെയാണ് മോളേ ഞാന്‍ ഈ നിയമത്തെയും നീതിയെയും വിശ്വസിക്കേണ്ടത്? അറിവിന്‍െറ കേസില്‍ എന്ത് നീതിയാണുള്ളത്? കൃഷ്ണയ്യര്‍ ഇതിനെ എതിര്‍ക്കുന്നു. അദ്ദേഹത്തിനറിയാത്ത നിയമമുണ്ടോ? കേസില്‍ അകപ്പെടുന്ന പലരും നിരപരാധികളായതുകൊണ്ടാണ് വധശിക്ഷ നിര്‍ത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്. ഞങ്ങള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നും ഇല്ലാത്തതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഈ ഗതി വന്നത്. രാഷ്ട്രീയക്കാര്‍, മറ്റ് രംഗത്തെ പ്രമുഖര്‍ അങ്ങനെ ആരും ഈ കേസിലില്ല. എല്ലാവരും പാവപ്പെട്ട സാധാരണക്കാര്‍. 19 വയസ്സില്‍ എന്‍െറ മകന് എന്തിനെക്കുറിച്ചറിയാം? 20 വര്‍ഷം... എനിക്കിപ്പോള്‍ വേറെ ഒരു ചിന്തയുമില്ല, അവനെ എങ്ങനെ പുറത്തുകൊണ്ടുവരാം എന്നതൊഴിച്ച്.
- നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ട് ഉത്തരവായല്ളോ. അതില്‍ ഗാന്ധികുടുംബത്തിന്‍െറ ഇടപെടല്‍ ഉണ്ടായെന്ന് കേള്‍ക്കുന്നു. അമ്മ സോണിയഗാന്ധിയെയോ പ്രിയങ്കഗാന്ധിയെയോ കാണാന്‍ ശ്രമിച്ചിരുന്നോ?
പ്രിയങ്കഗാന്ധിയെ കാണാന്‍ ശ്രമിച്ചിട്ടില്ല. അവരെല്ലാം കുട്ടികളല്ളേ. സോണിയഗാന്ധിയെ കാണാന്‍ ഒരുപാടു തവണ ശ്രമിച്ചിരുന്നു. പക്ഷേ, അപ്പോയ്മെന്‍റ് കിട്ടിയില്ല. അബ്ദുല്‍ കലാം പ്രസിഡന്‍റായിരിക്കുമ്പോള്‍ അദ്ദേഹംവഴിയും ശ്രമിച്ചതാണ്. എന്നിട്ടും അവരെ കാണാന്‍ കഴിഞ്ഞില്ല.
- ഇത്രയും പ്രശ്നങ്ങള്‍ക്കിടക്ക് അറിവിന്‍െറ കുടുംബം മുന്നോട്ടുപോയതെങ്ങനെയാണ്? അറിവിന്‍െറ സഹോദരിമാരുടെ പഠനം, വിവാഹം, ജോലി -അങ്ങനെയെല്ലാം?
അറിവിനെ അറസ്റ്റ് ചെയ്തത് 1991 ജൂണിലായിരുന്നു. അതേവര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് അറിവിന്‍െറ ചേച്ചി അന്‍പുമണിയുടെ വിവാഹം നടന്നത്. അറിവിന്‍െറ അറസ്റ്റ് നടക്കുന്നതിന് മുമ്പുതന്നെ പെണ്ണുകാണല്‍ചടങ്ങ് കഴിഞ്ഞിരുന്നു. അറസ്റ്റിനുശേഷം വരന്‍െറ വീട്ടുകാരോട് ഇക്കാര്യം സംസാരിക്കാന്‍ ഞങ്ങള്‍ക്ക് മടി തോന്നി. വരന്‍ അപ്പോള്‍ ജോലാര്‍പേട്ടൈയില്‍ വില്ളേജ് അഡ്മിനിസ്ട്രേഷന്‍ ഓഫിസറായി ജോലി ചെയ്യുകയാണ്. അവസാനം ഞങ്ങളുടെ ഒരു ബന്ധു വരനെ പോയി കണ്ടു, സംസാരിച്ചു. അവര്‍ക്ക് വിവാഹത്തില്‍ എതിരഭിപ്രായമൊന്നുമില്ല എന്ന് മനസ്സിലായി. അപ്പോഴാണ് ഞങ്ങള്‍ക്ക് ശ്വാസം നേരെ വീണത്. അറിവിന്‍െറ വക്കീലിനോട് സംസാരിച്ചപ്പോള്‍ വിവാഹത്തില്‍ പങ്കെടുക്കാനായി അറിവിന് ജാമ്യം കിട്ടുമെന്നു പറഞ്ഞു. ആ ഉറപ്പില്‍ ഞങ്ങള്‍ എല്ലാവരെയും ക്ഷണിച്ചു. എല്ലാം ഏര്‍പ്പാടാക്കി. പക്ഷേ, അറിവിന്‍െറ ജാമ്യാപേക്ഷ കോടതി തള്ളി. വിവാഹം മാറ്റിവെച്ചാലോ എന്നാലോചിച്ചു. അറിവിനെ ജയിലില്‍പോയി കണ്ടു. വിവരങ്ങളെല്ലാം പറഞ്ഞു. അറിവ് ഒരു വിധത്തിലും സമ്മതിച്ചില്ല. കല്യാണം തീരുമാനിച്ച ദിവസംതന്നെ നടത്തണമെന്ന് അവന്‍ വാശിപിടിച്ചു. താന്‍കാരണം തന്‍െറ ചേച്ചിയുടെ ജീവിതത്തില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നായിരുന്നു അവന്‍െറ ആഗ്രഹം. വിവാഹം കഴിഞ്ഞ് പിറ്റേദിവസംതന്നെ അന്‍പുമണിയും ഭര്‍ത്താവും ചെങ്കല്‍പ്പേട്ടിലെ ജയിലില്‍ പോയി അറിവിനെ കണ്ടു.
അറിവിന്‍െറ അനിയത്തി അരുള്‍ സെല്‍വി ഇപ്പോള്‍ അണ്ണാമലൈ യൂനിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ലെക്ചററാണ്. അറിവ് ജയിലില്‍നിന്ന് വന്നിട്ടുമതി തന്‍െറ വിവാഹമെന്നായിരുന്നു അവളുടെ തീരുമാനം. എല്ലാവരും നിര്‍ബന്ധിച്ചിട്ടും അവള്‍ വഴങ്ങിയില്ല. അങ്ങനെ വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു. അവള്‍ ഒരു ദിവസം അറിവിനെ കാണാന്‍ ജയിലില്‍ വന്നപ്പോള്‍ അറിവ് ഒരുപാട് വഴക്കു പറഞ്ഞു. ‘‘ഞാന്‍ മരിക്കുകയാണെങ്കില്‍ നിന്‍െറ ജീവിതം തുലച്ചവന്‍ എന്ന കുറ്റത്തോടുകൂടിയാണോ ഞാന്‍ മരിക്കേണ്ടത്’’ എന്നവന്‍ ചോദിച്ചു. അവസാനം അവള്‍ വിവാഹത്തിന് സമ്മതിച്ചു. ഇക്കാര്യങ്ങളെല്ലാം അറിയുന്ന ഒരാള്‍തന്നെ വേണം അവളെ വിവാഹം കഴിക്കാന്‍ എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ക്കൊന്നും ഒളിച്ചുവെക്കാനുണ്ടായിരുന്നില്ല. ജയിലില്‍ അറിവിനെ പോയി കണ്ട്, അവനിഷ്ടപ്പെടുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂഎന്ന് അരുള്‍സെല്‍വി വാശിപിടിച്ചു. കല്യാണച്ചെറുക്കാനും രണ്ടു സുഹൃത്തുക്കളും ചെറിയച്ഛനുംകൂടിയാണ് അറിവിനെ കാണാന്‍ ജയിലില്‍ പോയത്. പൊലീസ്സ്റ്റേഷനില്‍പോലും കയറാത്ത ഞങ്ങള്‍ക്ക് സെന്‍ട്രല്‍ ജയിലില്‍ വരേണ്ടിവന്നില്ളേ എന്ന വിഷമം ചെറിയച്ഛനുണ്ടായിരുന്നു. പക്ഷേ, അറിവിനെ കണ്ട് സംസാരിച്ചതോടെ അവരുടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നു. അറിവിനും ചെറുക്കനെ ഇഷ്ടപ്പെട്ടു. ഞങ്ങള്‍ ദൈവവിശ്വാസികളല്ല. പക്ഷേ, ചെറുക്കന്‍െറ വീട്ടുകാര്‍ നടരാജഭക്തരായിരുന്നു. പക്ഷേ, മകള്‍ ഉറപ്പിച്ചു പറഞ്ഞു, ‘‘ഞാന്‍ താലികെട്ടാന്‍ സമ്മതിക്കില്ല, അമ്പലത്തില്‍ പോവില്ല, വിവാഹത്തിനുശേഷവും എന്നെ ഇതൊന്നും ചെയ്യാന്‍ നിര്‍ബന്ധിക്കരുതെ’’ന്ന്. ചെറുക്കന്‍െറ വീട്ടുകാര്‍ എല്ലാം സമ്മതിച്ചു. അങ്ങനെയാണ് കല്യാണം നടന്നത്. താലി ഇല്ലാതെ കല്യാണം നടത്തണം എന്നുള്ളതു മാത്രമായിരുന്നു അവരുടെ പ്രശ്നം. താലിക്കു പകരം ഒരു ഡോളര്‍ ഉണ്ടാക്കി മാലയിലിട്ടാണ് ആ പ്രശ്നം പരിഹരിച്ചത്.
ഞാന്‍ എല്ലാ ദിവസവും ഇങ്ങനെ അലഞ്ഞുകൊണ്ടിരിക്കുകയാണല്ളോ. അതുകൊണ്ട്, അദ്ദേഹം കൃഷ്ണഗിരിയില്‍ മൂത്തമകളുടെ ഒപ്പമാണ് താമസം. പെന്‍ഷനായി, ആറേകാലടി പൊക്കമുണ്ട്. ബസില്‍ കയറിയാല്‍ ഇരിക്കാനും നില്‍ക്കാനും പ്രയാസമാണ്. മാസത്തിലൊരിക്കല്‍ ടാക്സി പിടിച്ചാണ് അറിവിനെ കാണാന്‍ പോകുന്നത്. അറിവിനും അച്ഛന്‍െറ പൊക്കമാണ് കിട്ടിയിട്ടുള്ളത്. പക്ഷേ, ചെറിയ, ഒട്ടും വിസ്താരമില്ലാത്ത ജയില്‍മുറിക്കുള്ളില്‍ താമസിച്ച് എന്‍െറ മോന്‍െറ വളര്‍ച്ച മുരടിച്ചുപോയി.
സെപ്റ്റംബര്‍ ഒമ്പതിന് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതിനുശേഷം പിന്നെ അറിവിനെ, ജയിലില്‍ അവന്‍ താമസിക്കുന്ന മുറിയിലാണ് പോയി കാണേണ്ടിവരുക. അതുകൊണ്ടാവണം, അവന്‍ വക്കീലിനോട് അമ്മയോട് കാണാന്‍ വരേണ്ട എന്ന് പറഞ്ഞയച്ചു. ആഴ്ചയിലൊരിക്കലെങ്കിലും -സാധാരണ വ്യാഴാഴ്ചയാണത് - എല്ലാ മാഗസിനുകളും പുസ്തകങ്ങളുമായി ഞാന്‍ അവനെ പോയികാണാറുള്ളത്. പിന്നീട് ചെന്നൈയില്‍ ഹൈകോര്‍ട്ടില്‍ പെറ്റീഷന്‍ കൊടുക്കാനായി ദല്‍ഹിയില്‍നിന്ന് രാംജത്മലാനി വന്നപ്പോള്‍ അദ്ദേഹത്തിനൊപ്പമാണ് ഞാന്‍ അവനെ കാണുന്നത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവനെ സൂക്ഷിച്ചിരിക്കുന്ന മുറികണ്ട് ഞാന്‍ ശരിക്കും സങ്കടപ്പെട്ടുപോയി. എത്രമാത്രം ചെറുതാണെന്നോ. അവനൊന്ന് നീണ്ടുനിവര്‍ന്നുകിടക്കാന്‍ പോലും സ്ഥലം പോരാ. ‘‘അമ്മേ എന്‍െറ വീട് ശരിക്കും കണ്ടോളൂ’’ എന്നവന്‍ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. എന്‍െറ വയറു കത്തിപ്പോയി. നീണ്ട 20 വര്‍ഷങ്ങള്‍. അവന്‍െറ ജീവിതത്തിലെ ഏറ്റവും നല്ല 20 വര്‍ഷങ്ങള്‍, എത്ര കഷ്ടപ്പെട്ടാണ് അവന്‍ കഴിച്ചുകൂട്ടിയത്. രാജീവ്ഗാന്ധിയുടെ ജീവന്‍െറ വിലയെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്്. അപ്പോള്‍ എന്‍െറ മകന്‍െറ ജീവന് ഒരു വിലയുമില്ളേ? രാജീവ്ഗാന്ധിയുടെ ഘാതകരെ കണ്ടുപിടിക്കണം, ശിക്ഷിക്കണം. ശരിയാണ്. ഇതെല്ലാം ആസൂത്രണം ചെയ്തതാര് എന്ന് കണ്ടുപിടിക്കണ്ടേ? അതിനു പകരം നിരപരാധിയായ എന്‍െറ മകനെ എന്തിന് ശിക്ഷിക്കണം?
- അറിവിന്‍െറ കേസ് നടത്തുന്നത് ആരാണ്? വക്കീലിന് ഫീസൊക്കെ ആരാണ് കൊടുക്കുക?
കേസ് തുടങ്ങുമ്പോള്‍ ഞങ്ങളായിരുന്നു ഫീസ് കൊടുത്തുകൊണ്ടിരുന്നത്. പിന്നീട് അറിവും മറ്റുള്ളവരും ചേര്‍ന്ന്, വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം സമര്‍പ്പിച്ചു. അതിനുശേഷം ടാഡാ കോടതിയില്‍ വക്കീലിനെ ഏര്‍പ്പാടാക്കിയതും ഫീസ് കൊടുക്കുന്നതുമെല്ലാം സര്‍ക്കാറാണ്. അതിനുശേഷം സുപ്രീം കോടതിയില്‍ ഇവരുടെയെല്ലാം കേസ് നടത്തിയത് വധശിക്ഷക്കെതിരെ രൂപവത്കരിച്ച ഫോറമാണ്. ഇപ്പോള്‍ രാംജത്മലാനിയും ദല്‍ഹിയില്‍നിന്നുവന്ന മറ്റ് രണ്ട് വക്കീലന്മാരും ഫീസ് വാങ്ങാന്‍ കൂട്ടാക്കിയില്ല. വൈകോ ആണ് രാംജത് മലാനിയുടെ ഫൈ്ളറ്റ് ചാര്‍ജ് കൊടുത്തത്. മറ്റ് രണ്ടുപേരുടെയും ഞാന്‍ കൊടുത്തു. അവന്‍െറ കേസിനുവേണ്ടി ആരുടെയടുത്തുനിന്നും പൈസ വാങ്ങിക്കരുതെന്ന് അറിവിന് നിര്‍ബന്ധമുണ്ട്. എന്നെങ്കിലും ജയിലിന് പുറത്തിറങ്ങുമ്പോള്‍ അവന് ആരുടെ മുന്നിലും തലകുനിച്ചുനില്‍ക്കാനിടവരരുതെന്ന് അവന്‍ പ്രത്യേകം പറയും. പെണ്‍മക്കള്‍ക്ക് രണ്ടുപേര്‍ക്കും ജോലിയുണ്ട്. അതുകൊണ്ട് ഇതൊന്നും വലിയ ഭാരമല്ല. ഞങ്ങള്‍ക്ക് അറിവിനെക്കാള്‍ വലുതല്ല ഒന്നും.
- ജീവിതത്തില്‍ ഇത്രയേറെ ദുരിതങ്ങള്‍ ഉണ്ടായിട്ടും ദൈവത്തില്‍ വിശ്വസിക്കണമെന്ന് തോന്നിയിട്ടില്ളേ?
ദൈവം എന്ന് വിളിക്കുന്ന ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ തെറ്റ് ചെയ്യാത്ത എന്‍െറ മകന് ഏറ്റവും വലിയ ശിക്ഷ കിട്ടുമായിരുന്നില്ല. ഞങ്ങള്‍ പെരിയാറിന്‍െറ അനുയായികളാണ്. ‘‘നമ്മുടെ ശക്തിയില്‍, കഴിവില്‍ വിശ്വസിക്കുക. നമ്മുടെ മനഃസാക്ഷിയാണ് നമ്മുടെ ദൈവം’’ അതാണ് പെരിയാറിന്‍െറ മുദ്രാവാക്യം. എന്‍െറ മകന്‍ നല്ലവനാണെന്ന് എനിക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അറിയാമെങ്കില്‍ ദൈവത്തിന് മാത്രം എന്തുകൊണ്ട് മനസ്സിലാകുന്നില്ല? ഈ ലോകത്ത് എത്ര വധശിക്ഷകള്‍ നടക്കുന്നു. എന്നിട്ട് കൊലപാതകങ്ങളുടെ എണ്ണം കുറയുന്നുണ്ടോ? വധശിക്ഷ കൊണ്ട് ഇതൊന്നും തടയാന്‍ കഴിയില്ല. മനഃസാക്ഷി എന്ന കോടതിയെ ഭയക്കുന്നവര്‍ മാത്രമേ ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുകയുള്ളൂ.
- അമ്മ കാണാന്‍ വരുമ്പോള്‍ അറിവിനിഷ്ടമുള്ള ഭക്ഷണമൊക്കെ കൊണ്ടുവരാറുണ്ടോ?
ജയിലിലേക്ക് ബിസ്കറ്റും പഴവും മാത്രമേ കൊണ്ടുവരാന്‍ അനുവാദമുള്ളൂ. അതുകൊണ്ട് എന്തു ഭക്ഷണമാണ് വേണ്ടത് എന്ന് ഞാനവനോട് ചോദിക്കാറേയില്ല. അവനെ കാണുമ്പോള്‍ എന്താണ് കഴിച്ചത് എന്നുപോലും ചോദിക്കാറില്ല. അറിഞ്ഞാല്‍ തന്നെ എനിക്കെന്താണ് ചെയ്യാന്‍ കഴിയുക? (കരയുന്നു...)
പൊങ്കലാണ് തമിഴരുടെ യഥാര്‍ഥ ആഘോഷം. അന്ന് ഞാന്‍ അറിവിന് സാധനങ്ങളൊക്കെ കൊണ്ടുവന്നു കൊടുക്കും. ഈ കേസിലെ പ്രതികളായ ഏഴ് പേരുംകൂടി പൊങ്കലുണ്ടാക്കി ജയിലിനകത്ത് വിതരണം ചെയ്യും. പിറന്നാള്‍ദിവസം ചിലപ്പോള്‍ അറിവിനെ കാണാന്‍പോലും സാധിക്കാറില്ല. കാണാന്‍ അനുവാദമുള്ള ദിവസമാണെങ്കില്‍ പോയി കാണാറുണ്ട്. പിറന്നാളിനും ഉത്സവങ്ങള്‍ക്കും വീട്ടില്‍ നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കി എല്ലാവരുംകൂടി ഇരുന്ന് കഴിക്കുന്നതൊക്കെ ഇപ്പോള്‍ എനിക്കൊരു സ്വപ്നം മാത്രമാണ്. എന്‍െറ മകളുടെ മകള്‍ അറിവിനെ കാണാന്‍ ജയിലില്‍ വരുമ്പോഴൊക്കെ ചോദിക്കും, ‘‘മാമാ എന്നാണ് വീട്ടില്‍ വരുന്നത്’’ എന്ന്. എല്ലായ്പോഴും അവന്‍ പറയും, ‘‘അടുത്ത വര്‍ഷം എന്തായാലും വരു’’മെന്ന്. അങ്ങനെ എത്ര വര്‍ഷങ്ങള്‍ കടന്നുപോയി. അവള്‍ ഇപ്പോള്‍ പറയാറുണ്ട്, മാമാ നുണ പറയുകയാണെന്ന്. അവനെന്തു ചെയ്യാന്‍ കഴിയും?
- ഒരു സാധാരണ വീട്ടമ്മയില്‍നിന്ന് പോരാടുന്ന അമ്മയിലേക്കുള്ള ഈ മാറ്റത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
സത്യം പറഞ്ഞാല്‍, എന്‍െറ ഈ മാറ്റം എനിക്ക് മനസ്സിലാകുന്നതുതന്നെ കുറെ കാലങ്ങള്‍ക്കുശേഷമാണ്. ഞാന്‍ അകപ്പെട്ട ആ വിഷമസന്ധിയില്‍ അതിനെക്കുറിച്ചൊന്നും എനിക്ക് ഓര്‍ക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. ഞാന്‍ വളരെ സ്വാഭാവികമായി വീട്ടില്‍നിന്ന് പുറത്തിറങ്ങി കേസിന്‍െറ ആവശ്യങ്ങള്‍ക്കുവേണ്ടി പലരെയും കാണാന്‍ തുടങ്ങി. എന്‍െറ മകനെ പുറത്തുകൊണ്ടുവരുക എന്നതൊഴിച്ച് ഒരു ചിന്തയും ഉണ്ടായിരുന്നില്ല മനസ്സില്‍. എന്‍െറ വീട്, എന്‍െറ ഗ്രാമം അവിടത്തെ ആള്‍ക്കാര്‍, അതിനപ്പുറം ഈ ലോകത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. പുറത്തു പോകണമെങ്കില്‍ ഭര്‍ത്താവാണ് എന്നെ കൊണ്ടുപോവുക. ആ ഞാനാണ് ഇങ്ങനെ മാറിപ്പോയതെന്ന് എനിക്കുതന്നെ വിശ്വാസം വരുന്നില്ല. ഈ സംഭവത്തിനുശേഷം എല്ലായിടത്തും ഞാന്‍ ഒറ്റക്ക് പോകുന്നു. അറിയാത്ത വഴി ചോദിച്ച് മനസ്സിലാക്കി... പരിചയമില്ലാത്ത ആള്‍ക്കാരെ അന്വേഷിച്ച്... രാത്രി അസമയങ്ങളിലാണ് പലപ്പോഴും വീട്ടിലെത്തുക.
- ‘നാം തമിഴര്‍’ എന്ന സംഘടനയുടെ പദയാത്ര ഫ്ളാഗ്ഓഫ് ചെയ്തത് അമ്മയായിരുന്നല്ളോ. പൊതുയോഗങ്ങളിലൊക്കെ പ്രസംഗിക്കാറുണ്ടോ?
പ്രസംഗമൊന്നുമല്ല അത്. സ്റ്റേജില്‍ കയറി എന്‍െറ അനുഭവങ്ങളാണ് ഞാന്‍ പറയുന്നത്. ഒരമ്മയുടെ സങ്കടങ്ങള്‍... ഞാന്‍ സ്റ്റേജിലാണെന്നോ എന്‍െറ മുന്നില്‍ ഒരു വലിയ ജനക്കൂട്ടമുണ്ടെന്നോ ഞാന്‍ അപ്പോള്‍ ഓര്‍ക്കാറില്ല. എന്‍െറ മകനെക്കുറിച്ചും അവന്‍െറ ദുരിതങ്ങളെക്കുറിച്ചും മാത്രമാണ് അപ്പോള്‍ ഓര്‍മവരുക. വാക്കുകള്‍ തനിയെ വരും.
- രാജീവ്ഗാന്ധിയുടെ കൊലയാളിയുടെ അമ്മ എന്ന നിലക്ക് ആരെങ്കിലും പെരുമാറിയിട്ടുണ്ടോ?
ഉണ്ട്. ട്രെയിനിലും മറ്റും വെച്ച് ഞാന്‍ കേള്‍ക്കാനായി ആളുകള്‍ എന്തെങ്കിലുമൊക്കെ പറയും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ളോ. പത്രത്തില്‍ വരുന്നതാണ് സത്യമെന്ന് കരുതുന്നവരാണല്ളോ അവര്‍. ഞാന്‍ അറിവിനോട് ഇതെല്ലാം പറയാറുണ്ട്. അമ്മ അതെല്ലാം കേള്‍ക്കാത്ത ഭാവത്തില്‍ പെരുമാറണമെന്നാണ് അവന്‍ പറയാറുള്ളത്.
- സമൂഹത്തില്‍ അമ്മയുടെ കുടുംബം വല്ലാതെ ഒറ്റപ്പെട്ടുപോയോ?
ജോലാര്‍പേട്ടൈയില്‍ എല്ലാവര്‍ക്കും സത്യമെന്താണെന്ന് അറിയാം. അറസ്റ്റ് ചെയ്ത ഉടനെ അയല്‍ക്കാരൊന്നും ഞങ്ങളുടെ അടുത്തുവന്ന് സംസാരിക്കില്ല. പൊതുവായി വിശേഷങ്ങളെന്തെങ്കിലും ചോദിക്കും. ആരും വലിയ അടുപ്പമൊന്നും കാണിക്കില്ല. എല്ലാവര്‍ക്കും ഭയമായിരുന്നു, അവരും കേസില്‍ കുടുങ്ങുമോ എന്ന്. അറിവ് പറയാറുണ്ട്, ആരോടും അങ്ങോട്ട് ചെന്ന് സംസാരിക്കേണ്ടെന്ന്. നമ്മുടെ അടുത്തു വന്ന് സംസാരിക്കുന്നവരോട് മാത്രം സംസാരിച്ചാല്‍ മതി.എന്തിന് അവരെ വെറുതെ ബുദ്ധിമുട്ടിക്കണം.
- അവസാനം സെപ്റ്റംബര്‍ ഒമ്പതാണ് വധശിക്ഷ നടപ്പാക്കേണ്ട ദിവസമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അമ്മയുടെ 20 വര്‍ഷത്തെ പോരാട്ടം വെറുതെയായിപ്പോയി എന്ന് തോന്നിയോ?
ഈ വിവരം ഞാനറിയുന്നത് ദല്‍ഹിയില്‍വെച്ചാണ്. അറിവിന്‍െറ ബുക്കിന്‍െറ ഹിന്ദി ട്രാന്‍സ്ലേഷന്‍െറ റിലീസ് ആയിരുന്നു അന്ന്. ബുക് റിലീസിന് മുമ്പുതന്നെ എല്ലാവരും കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കും. പക്ഷേ, എന്നോടാരും ഒന്നും പറഞ്ഞില്ല. ദല്‍ഹിയില്‍ ഒരു ഹോട്ടലിലായിരുന്നു ഞങ്ങള്‍ താമസിച്ചത്. ഫോണ്‍ വരുമ്പോള്‍ എല്ലാവരും പുറത്തുപോകുന്നു. രഹസ്യമായി സംസാരിക്കുന്നു. എനിക്കെന്തോ പന്തികേട് തോന്നി. ഞാന്‍ എല്ലാവരോടും ചോദിച്ചു. അവസാനം സെല്‍വരാജാണ് ഇക്കാര്യം പറഞ്ഞത്. പെട്ടെന്ന് എന്‍െറ കരുത്തെല്ലാം ചോര്‍ന്നുപോയതുപോലെ തോന്നി. ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ വൈകോയെ ഫോണില്‍ വിളിച്ചു. അവനെ വധിക്കാനുള്ള ദിവസം നിശ്ചയിക്കുന്നതുവരെ എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിച്ചു. ഞാന്‍ ഭക്ഷണം കഴിച്ചില്ല. അന്നു മുതല്‍ ഒന്നും കഴിക്കേണ്ടെന്നായിരുന്നു എന്‍െറ തീരുമാനം. വൈകോയും സീമാനും എന്‍െറ കൂടെയുള്ളവരും ഒരുപാട് നിര്‍ബന്ധിച്ചാണ് ഞാന്‍ ഭക്ഷണം കഴിച്ചത്. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ പിറ്റേ ദിവസം ഞാനൊരു പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഏറ്റിരുന്നതാണ്. അതെല്ലാം കാന്‍സല്‍ ചെയ്ത് ഞാന്‍ അന്നുതന്നെ ചെന്നൈയിലേക്ക് തിരിച്ചു. എയര്‍പോര്‍ട്ടില്‍നിന്നും നേരെ വന്നത് ഒരു പൊതുസമ്മേളനത്തിലേക്കാണ്. വിധി വന്ന് 11 വര്‍ഷത്തിനുശേഷം ഇങ്ങനെയൊരു വധശിക്ഷ ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. പിറ്റേന്നുതന്നെ ‘പുതിയ തമിഴര്‍’ പാര്‍ട്ടിയുടെ നേതാവ് കൃഷ്ണസ്വാമി എം.എല്‍.എയെ കണ്ടു. ജയലളിതഅസംബ്ളിയില്‍ പ്രമേയം പാസാക്കാനായി അദ്ദേഹവും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ജയലളിതയിലാണ് എന്‍െറ പ്രതീക്ഷ. എന്‍െറ മകന്‍ ജയിലിന്‍െറ പുറത്തേക്ക് കാലെടുത്തുവെക്കുന്ന ആ ഒരു നിമിഷത്തിനുവേണ്ടി മാത്രമാണ് ഞാന്‍ ജീവിച്ചിരിക്കുന്നതുതന്നെ. അതുവരെ ഞാന്‍ ഈ പോരാട്ടം തുടരും.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ