കട്ടയും പടവും മടക്കുന്ന മലയാള സിനിമ



ലയാള സിനിമയുടെ ഭാവി സംവിധായകനില്‍നിന്ന് കൈവിട്ടുപോയ ക്ൈളമാക്സ് പോലെ അനിശ്ചലതത്ത്വത്തിലായിട്ട് നാളുകളായി. നാടുനീളെയുണ്ടായിരുന്ന ചെറുതും വലുതുമായ തിയറ്ററുകളില്‍ പകുതിയിലേറെയും പൂട്ടിക്കെട്ടി കല്ല്യാണമണ്ഡപങ്ങളും ഗോഡൌണുകളുമായി മാറിയിട്ടും സിനിമയ്ക്ക് എന്തുപറ്റി എന്ന് നേരാംവണ്ണമൊന്നു വിലയിരുത്താന്‍ പോലും കാക്കത്തൊള്ളായിരം സംഘടനകള്‍ ഉള്ള സിനിമാ ലോകം ഇതുവരെ തയാറായിട്ടുമില്ല.
സിനിമക്കാരന്‍ തന്നെയായ മന്ത്രി തലപ്പത്തു വരുമ്പോള്‍ പ്രശ്നമെല്ലാം പരിഹരിച്ച് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം തിരിച്ചുപിടിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഈറ്റെടുക്കാന്‍ പോയ പേറ്റിച്ചി ഇരട്ട പെറ്റു എന്ന അവസ്ഥ വന്നുപെടുന്നത്. സ്റ്റാര്‍ട്ടും കട്ടുമൊന്നുമില്ലാതെ നൂറുകൂട്ടം പ്രശ്നങ്ങളാണ് മലയാള സിനിമയ്ക്കുമുകളില്‍ ഇപ്പോള്‍ വട്ടമിട്ടുപറക്കുന്നത്.
വൈഡ് റിലീസ് മുതല്‍ മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ വരെ നീളുന്ന പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത് രണ്ടു വര്‍ഷം മുമ്പാണ്. സിനിമക്കുമാത്രമായി സിനിമാക്കാരനായ മന്ത്രി എത്തിയതോടെ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
ഒരു വശത്ത് പൂട്ടിപോകുന്ന തീയറ്ററുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ മറുവശത്ത് അത്യാധുനിക സംവിധാനങ്ങളോടെ വമ്പന്‍ ടിക്കറ്റ് നിരക്കുമായി മള്‍ട്ടിപ്ലക്സ് തിയറ്ററുകളുടെ എണ്ണമുയരുന്നു. പെരുകി.വൈഡ് റിലീസിംങ് അനിവാര്യമെന്ന് സിനിമാ രംഗത്തെ ഒരു വിഭാഗവും മന്ത്രിയും മുറവിളി കൂട്ടുമ്പോള്‍ അതു പറ്റില്ലെന്ന കടും പിടുത്തവുമായി മറ്റൊരു കൂട്ടര്‍ രംഗത്ത്. അന്യഭാഷാ ചിത്രങ്ങളെ ഏറെ ഭയപ്പാടോടെ ഒരു വിഭാഗം കാണുമ്പോള്‍ മറു വശത്ത് അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍നിന്ന് കോടികള്‍ വാരുന്നു. പ്രതിഫലത്തിന്റെ പേരില്‍ നിര്‍മ്മാതാക്കളും താരങ്ങളും തമ്മിലെ അഡ്ജസ്റ്റുമെന്റും ഏറ്റുമുട്ടലും വേറൊരു വഴിയില്‍ അരങ്ങു തകര്‍ക്കുന്നു.
ഏറ്റവുമൊടുവില്‍ മലയാള സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനവും മലയാള സിനിമ റിലീസ് ചെയ്യുന്നതിന് നിസ്സഹകരണം പ്രഖ്യാപിച്ച എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനവും അന്യഭാഷാ ചിത്രങ്ങള്‍  ഉള്‍പ്പെടെ ഒരു സിനിമയും പ്രദര്‍ശനത്തിനായി നല്‍കേണ്ടതില്ലെന്ന വിതരണക്കാരുടെ തീരുമാനവുമാണ് സിനിമാ പ്രതിസന്ധിയെ മൂര്‍ധന്യത്തിലെത്തിച്ചിരിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പുവരെ 46 കേന്ദ്രങ്ങളിലെ ഇരുനൂറോളം തീയറ്ററുകളില്‍ മാത്രമാണ്  പുതിയ സിനിമകളുടെ റിലീസിംങ് അനുവദിച്ചിരുന്നത്. അതുപോലെ അന്യാഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്ത് രണ്ട് ആഴ്ച കഴിഞ്ഞു മാത്രമേ കേരളത്തില്‍ പ്രദര്‍ശനത്തിനു കൊണ്ടുവരാനും അനുവദിച്ചിരുന്നുള്ളൂ. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും ഫിലിം ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷനുമായിരുന്നു ഈ നിലപാടുകള്‍ക്കുപിന്നില്‍. ഇതു ലംഘിച്ച് ചില ബിഗ് ബജറ്റ് സിനിമകള്‍ കേരളത്തില്‍ ചെറുകിട തിയറ്ററുകളിലടക്കം വ്യാപകമായി റിലീസ് ചെയ്യാന്‍ തുടങ്ങുകയും അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് തിയതിയില്‍ തന്നെ കേരളത്തില്‍ ചില തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.അല്ലറ ചില്ലറ സമരങ്ങളും ബഹിഷ്കരണങ്ങളും ചര്‍കളും പരിഹാരങ്ങളുമായി കാര്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ അധികാരാരോഹണം.
സാംസ്കാരിക വകുപ്പിനു കീഴിലെ ഉപ വകുപ്പുമാത്രമായിരുന്നു ഇക്കാലമത്രെയും സിനിമ. യു.ഡി.എഫ് സര്‍ക്കാരില്‍ സിനിമാനടന്‍ ഗണേഷ്കുമാര്‍ മന്ത്രിയായതോടെ സിനിമക്കായി ഒരു വകുപ്പുണ്ടാവുകയും അദ്ദേഹത്തെ അത് ഏല്‍പിക്കുകയും ചെയ്തു. ഫലത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലകാരണം മന്ത്രിയിലാണ് എത്തിനില്‍ക്കുന്നത്.
മലയാള സിനിമകള്‍ക്ക് വൈഡ് റിലീസിംങ് കര്‍ശനമാക്കാന്‍ മന്ത്രി തീരുമാനിച്ചതോടെ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ശത്രു പക്ഷത്തായി. ഒപ്പം തീയറ്റര്‍ മെയിന്റനന്‍സ് എന്ന പേരില്‍ ഓരോ ടിക്കറ്റിനും തീയറ്ററുകള്‍ക്ക് ലഭിച്ചിരുന്ന രണ്ടുരൂപ സര്‍ചാര്‍ജ് നിര്‍ത്തലാക്കാനും മന്ത്രി തീരുമാനിച്ചതോടെ എക്സിബിറ്റേഴ്സ് ഫെഡറേഷനും കടുത്തനിലപാടിലേക്ക് തിരിഞ്ഞു.
ഇതിനിടെയാണ് അന്യഭാഷാ ചിത്രങ്ങള്‍ വിതരണത്തിനു നല്‍കേണ്ടതില്ലെന്ന തീരുമാനവുമായി സിനിമാ വിതരണ സംഘടന രംഗത്തുവന്നത്. വിതരണക്കാരുടെ ഈ തീരുമാനം മറികടക്കാന്‍ അന്യഭാഷാ വിതരണ ലോബിയെ കൂട്ടുപിടിച്ച് എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ തന്നെ ചില അംഗങ്ങള്‍ മുന്നോട്ടുവന്നതുകൊണ്ടാണ് ഏതാനും ഹിന്ദി,ഇംഗ്ലീഷ് ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ 'റോക്ക് സ്റ്റാര്‍ ' എന്ന ഹിന്ദി സിനിമയുടെ പ്രദര്‍ശനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തത് മന്ത്രി ഗണേഷ്കുമാറാണ്്. മുത്തൂറ്റു ഗ്രൂപ്പിന്റെ പുതിയ തിയറ്ററിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
ഫലത്തില്‍ അന്യസംസ്ഥാന ലോബിയെ സഹായിക്കുന്നതാണ് മന്ത്രിയുടെ നിലപാടുകളെന്ന വിവിധ സിനിമാ സംഘടനകളുടെ ആരോപണത്തിന് അടിവര ഇടുന്നതാണ് മന്ത്രിയുടെ ഈ നിലപാടെന്നാണ് ആക്ഷേപം.
വന്‍കിട തിയറ്റര്‍ ഗ്രൂപ്പുകളുമായുള്ള മന്ത്രിയുടെ ഒത്തുകളിയാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂല കാരണമെന്നാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന്റ വാദം.കേരളത്തില്‍ അറുപതോളം മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ തുടങ്ങാന്‍ വിദേശമലയാളികള്‍ തയാറാണന്ന അടുത്തകാലത്തെ മന്ത്രിയുടെ പ്രസ്താവനയും അവര്‍ അതിന് ഉദാഹരണമായി ചൂണ്ടികാട്ടുന്നു. സിനിമാ രംഗത്തെ മുംബൈലോബിയുമായി ചേര്‍ന്നുള്ള ഇടപെടലാണ് മന്ത്രിയുടേതെന്നും അവര്‍ പറയുന്നു.
അതേസമയം കുത്തകകള്‍ക്ക് കേരളത്തില്‍ കൈപൊള്ളിയതാണ് മുന്‍കാല അനുഭവങ്ങളിലുള്ളത്. മലേഷ്യ കേന്ദ്രീകരിച്ചുള്ള 'പിരമിഡ് സായ്മിറ' എന്ന കുത്തക കമ്പനി രണ്ടുവര്‍ഷം മുമ്പ് കേരളത്തില്‍ സിനിമാ നിര്‍മ്മാണ മേഖലയിലും തിയറ്റര്‍ മേഖലയിലും വന്‍ മുതല്‍മുടക്കുമായി രംഗത്തുവന്നിരുന്നു. പൂട്ടികിടക്കുന്നതും പൂട്ടാന്‍ ഒരുങ്ങിയവയുമായ നിരവധി തിയറ്ററുകള്‍ അവര്‍ ഏറ്റെടുത്തു.തിയറ്റര്‍ ഉടമകള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി കരാര്‍ പ്രകാരമായിരുന്നു ഏറ്റെടുക്കല്‍, മുല്ല,ബൂട്ട് തുടങ്ങിയവ അടക്കം ചില സിനിമകള്‍ നിര്‍മിക്കുകയും അന്യഭാഷാ ചിത്രങ്ങളടക്കം 15ഓളം സിനിമകള്‍ വിതരണം ചെയ്യുകയും ചെയ്തു. എന്തായാലും അധികം വൈകാതെ സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി കമ്പനി നാടുവിട്ടു.
എം.എ.ബേബി സാംസ്കാരിക വകുപ്പുമന്ത്രിയായി രിക്കെ സിനിമാവ്യവസായത്തെകുറിച്ച് പഠിക്കാന്‍ കമീഷനെ നിയോഗിക്കുകയും അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പലതീരുമാനങ്ങളും ഇനിയും നടപ്പായിട്ടില്ല.
ഗണേഷ്കുമാറിനെ സംബന്ധിച്ച് 'എ' ക്ലാസ് തിയറ്റര്‍ ഉടമകളെയാണ് പ്രധാന ശത്രുക്കളായി മുന്നില്‍ വെച്ചിരിക്കുന്നത്. അവരുടെ പിടിവാശിയാണ് അദ്ദേഹത്തെ അതിനു പ്രേരിപിക്കുന്നതും. അതിന്റെ ഭാഗമെന്നോണമാണ് തിയറ്ററുകള്‍ക്ക് ഗ്രേഡ് നിശ്ചയിക്കാന്‍ ഒരു കമ്മറ്റിയെ മന്ത്രി നേരിട്ട് നിയോഗിക്കുകയും മൂന്നു മേഖലകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൂടി അടങ്ങുന്ന കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തത്. അവര്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കി.

ആ റിപ്പോര്‍ട്ടിനനുസരിച്ചുള്ള നടപടികൂടിയാകുമ്പോള്‍ തിയറ്റര്‍ ഉടമകളുമായുള്ള മന്ത്രിയുടെ യുദ്ധം പാരമ്യത്തിലെത്തും. ഇതിന്റെ എല്ലാം ഫലം അനുഭവിക്കുക സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരകണക്കിനു തൊഴിലാളികളാണ്. ഗ്ലാമര്‍ലോകമാണ് സിനിമയെങ്കിലും മുന്‍ നിര താരങ്ങളും സംവിധായകരും ഒഴികെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 95 ശതമാനം പേരും കുറഞ്ഞ വേതനം മാത്രം കൈപറ്റുന്നവരാണ്, അവരുടെ കഞ്ഞികുടി മുട്ടിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

1 അഭിപ്രായ(ങ്ങള്‍):

  • Kattil Abdul Nissar says:
    2011, നവംബർ 19 11:29 AM

    ഒരു ദരിദ്ര ഇല്ലത്ത് കഞ്ഞി വിളമ്പുന്നത് പോലെയാണ് മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ. പൊരിഞ്ഞ വിശപ്പ്‌ പിടിച്ച വയറുകള്‍ തമ്മില്‍ തല്ലും. കോടികള്‍ മുടക്കി ഇറക്കുന്ന സിനിമ സാമ്പത്തിക പരാജയം അടയുമ്പോള്‍ കിട്ടുന്ന കാശിനു ആയിരം കണക്ക് വയ്ക്കുന്നനിര്‍മ്മാതാക്കളും,
    വിതരണക്കാരും,...അങ്ങനെ പോകുന്നു ഇന്നത്തെ സിനിമാ വിശേഷം. ഒരു സിനിമയുടെ നൂറാം ദിവസം പ്രധാന താരങ്ങള്‍ക്ക് കാറും, അണിയറ ക്കാര്‍ക്ക് അഞ്ചു പവന്റെ മാലയും കൊടുത്ത നിര്‍മ്മാതാക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അന്നൊക്കെ സിനിമ നിറഞ്ഞ സദസ്സില്‍ ഓടി.
    സാമ്പത്തികമായിതൃപ്തിനല്‍കിയിരുന്നു.ഇന്നത്തെഅവസ്ഥ അതല്ല.സിനിമകള്‍ കാണാന്‍ ആളില്ല. എന്ത് കൊണ്ടാണ്......?
    മലയാളിക്ക് ഒരു ചലച്ചിത്ര ഭാഷയുണ്ട്. അതില്‍ നിന്ന് മലയാള സിനിമ എന്ന് പുറത്ത് കടന്നോ , അന്ന് തുടങ്ങി നാശവും. പുതിയ ആളുകളാണ്, പുതിയ സ്റ്റൈലുകള്‍ ആണ് എന്നൊക്കെ പറഞ്ഞാല്‍ അത് സഹ്യന്റെ അപ്പുറത്ത് പറഞ്ഞാല്‍ മതി, മലയാളത്തിനു ഒരു ശൈലി ഉണ്ട്. അതില്‍ നിന്ന് അകന്നതാണ് സിനിമ തകരാന്‍ കാരണമായത്‌.

Blogger templates

.

ജാലകം

.