നൂറിലേറെ സംവത്സരങ്ങള്‍ക്കപ്പുറത്ത് എക്കാലത്തെയും മികച്ച നര്‍മജ്ഞനായിരുന്ന ഇ.വി. കൃഷ്ണപിള്ള പെണ്‍പൊലീസ് എന്ന നവീനാശയത്തെ പരിഹസിച്ചുകൊണ്ടെഴുതിയ ഉപന്യാസം ഇന്നും ചിരിയടക്കിവായിക്കാന്‍ നാം ക്ളേശിക്കും. ‘അവലക്ഷണമായ ഒരു സ്ത്രീയേക്കാള്‍ നാം ആരെയാണ് പേടിക്കുന്നത്?’ എന്ന് ചോദിച്ചുകൊണ്ട് വനിതാപൊലീസിലെ സര്‍ക്കിള്‍ നടത്തുന്ന കേസന്വേഷണം വിവരിക്കുന്നുണ്ട് ഇ.വി. ‘എടാ, ഉള്ള സത്യം പറഞ്ഞേക്ക്, അല്ളെങ്കില്‍ ഞാന്‍ നിനക്ക് ഒരു ചുംബനം തരുന്നതാണ്. നോക്കിക്കോ.’ എന്ന ഭീഷണിക്ക് കള്ളന്‍െറ മറുപടി: ‘പൊന്ന് ഇന്‍സ്പെക്ടര്‍ കൊച്ചമ്മേ വേണമെങ്കില്‍ ഇരുമ്പുകമ്പി ചുട്ടുപഴുപ്പിച്ച്കണ്ണില്‍ കുത്തിയിറക്കിക്കൊള്ളണം. ആ മുഖം കൊണ്ട് ഒരു ചുംബനം തരല്ളേ! ഞാന്‍ ഏത് കുറ്റവും ഏറ്റുകൊള്ളാം.’നിയമസഭാസാമാജികന്‍ കൂടെ ആയിരുന്ന ഇ.വി എഴുതിയ എമ്മെല്‍സിക്കഥകളില്‍ ഇന്നും പ്രസക്തമായ പലതും ഉണ്ടെങ്കിലും അവയില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന അന്തരീക്ഷം- സായിപ്പിന്‍െറ ഭാഷയില്‍ ആംബിയന്‍സ്-നാം ഇപ്പോള്‍ നിയമസഭയില്‍ കണ്ടുവരുന്ന മട്ടിലുള്ളതല്ല. ഇ.വിയുടെ രചനകള്‍ ഓര്‍മയിലെത്തിയതിന് നിദാനമായത് ഒരു എമ്മെല്ളേ തന്‍െറ നെഞ്ചത്ത് പിടിച്ചുതള്ളി എന്ന് ഒരു പെണ്‍പൊലീസ് പറഞ്ഞതായി ഏതോ പത്രത്തില്‍ വന്ന വാര്‍ത്തയാണ്. ഈയെമ്മെസ് ജീവിച്ചിരുന്നെങ്കില്‍ എന്ന് പവ്വത്തില്‍ മെത്രാപ്പൊലീത്താ പോലും മോഹിച്ചുപോകുന്ന അവസ്ഥയാണല്ളോ നിയമസഭയില്‍ നിത്യവും കണ്ടുവരുന്നത്. ഈയെമ്മെസിനെക്കുറിച്ച് ഓര്‍ക്കാന്‍ പലകാരണങ്ങളും ഉണ്ട്. അദ്ദേഹം ഏറ്റവും നല്ല മുഖ്യമന്ത്രി ആയിരുന്നില്ല. ദര്‍ശനവിധേയമായിരുന്നു എന്നും അദ്ദേഹത്തിന്‍െറ ഭരണം. എന്നാല്‍, ഒരു രാഷ്ട്രമീമാംസകനായി വാഴ്ത്തപ്പെടാന്‍ അദ്ദേഹത്തെ തന്‍െറ ദര്‍ശനങ്ങള്‍ അര്‍ഹനാക്കി. മൂന്ന് കാര്യങ്ങളിലാണ് നാം ഈയെമ്മെസിന്‍െറ സ്പര്‍ശം തിരിച്ചറിയുന്നത്. ഒന്നാമത് കറുത്ത അധികാരം പ്രയോഗിച്ചാല്‍ വിമോചനസമരം ഉണ്ടാവുകയില്ല എന്ന് തെളിയിച്ച് നാട് ഭരിച്ച മുഖ്യമന്ത്രി ആയിരുന്നു ഈയെമ്മെസ്. എല്‍.സിയുടെ സെക്രട്ടറിയായ സഖാവ് കുഞ്ഞുചെറുക്കന്‍ നോട്ടീസ് അയച്ചതാണ് 1957 ലെ ഭരണത്തില്‍ പൊല്ലാപ്പായത്. കുഞ്ഞുചെറുക്കന്‍ പറയുന്നവര്‍ക്ക് നോട്ടീസ് അയക്കുന്ന സബ് ഇന്‍സ്പെക്ടറെ നിയമിച്ചാല്‍ ഈ പഴി പാര്‍ട്ടി കേള്‍ക്കേണ്ടിവരുകയില്ല എന്ന് ഈയെമ്മെസ് രണ്ടാമൂഴത്തില്‍ തെളിയിച്ചു. ഭരിക്കുന്ന കക്ഷിയുടെ നേതാക്കള്‍ ഉത്തരവാദിത്തമില്ലാതെ അധികാരം പ്രയോഗിക്കുന്ന ഈ സമ്പ്രദായത്തിന് ഞാന്‍ നല്‍കുന്ന പേരാണ് ബ്ളാക് പവര്‍. കള്ളപ്പണം അഥവാ ബ്ളാക് മണി പോലെതന്നെ കണക്ക് വെക്കാനാവാത്തതാണ് ബ്ളാക് പവര്‍. ഈയെമ്മെസ് കേരള സമൂഹത്തിന് ചെയ്ത ഏറ്റവും വലിയ ദോഷം ഇതാണ്. പിന്‍ഗാമികളാരും ഇത് വേണ്ടത്ര കര്‍ശനമായി നിരോധിച്ചില്ല, സീയെച്ച് ആഭ്യന്തരമന്ത്രിയായപ്പോള്‍ ‘പൊലീസ് സ്റ്റേഷനില്‍ കസേര ഒന്ന് മതി’ എന്ന് പ്രഖ്യാപിച്ചെങ്കിലും. അച്യുതമേനോന്‍ നിസ്സഹായനായിരുന്നു. കരുണാകരന്‍ കറുത്ത അധികാരത്തിന്‍െറ പ്രവാചകനായിരുന്നു താനും. മറ്റ് രണ്ട് കാര്യങ്ങളിലും ഈയെമ്മെസിന്‍െറ സംഭാവന സര്‍ഗോന്മുഖമായിരുന്നു. രാഷ്ട്രീയ ധ്രുവീകരണം അദ്ദേഹം 1967ല്‍ സ്വീകരിച്ച സപ്തകക്ഷിനയത്തിന് താന്‍ തന്നെ ചെയ്ത പ്രായശ്ചിത്തം ആയിരുന്നു. 1969ല്‍ രാജിവെച്ച നാള്‍ മുതല്‍ തുടങ്ങിയ ആ യത്നം 1982ല്‍ കരുണാകരന്‍ അധികാരത്തിലേറിയപ്പോഴാണ് ഫലം കണ്ടത്. അമേരിക്കയിലെയും ഇംഗ്ളണ്ടിലെയും ദ്വികക്ഷിസമ്പ്രദായത്തിന് സമാന്തരമായി കേരളത്തില്‍ ഉറച്ചുകഴിഞ്ഞിട്ടുള്ള ഇ.ജ.മു.-ഐ.ജ.മു. സംവിധാനം ഈയെമ്മെസിന്‍െറ സംഭാവനയാണ്. അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ അഞ്ച്വര്‍ഷവും ഭരിക്കാന്‍ വിടുക എന്ന വെസ്റ്റ്മിന്‍സ്റ്റര്‍ -വൈറ്റ്ഹൗസ് സമ്പ്രദായവും കേരളത്തില്‍ പ്രാബല്യത്തിലാക്കിയത് ഈയെമ്മെസ് തന്നെ ആയിരുന്നു. 1982ന് മുമ്പ് കയറുന്നതിന്‍െറ പിറ്റേന്ന് മുതല്‍ ഇറക്കാന്‍ ശ്രമിക്കുക എന്നതായിരുന്നു രീതി എന്ന് പ്രായംചെന്നവര്‍ ഓര്‍ക്കുന്നുണ്ടാവും. 1982ന് ശേഷം ധ്രുവീകരണലക്ഷ്യം നേടിയ വേളയില്‍ ഈയെമ്മെസ് പറഞ്ഞു, ‘ഇറക്കാന്‍ ഞങ്ങളില്ല. ഇരുന്നു നാറട്ടെ. നാറി നാറി ഇറങ്ങട്ടെ.’ ഈയെമ്മെസ് നടപ്പാക്കി കാണിച്ചിട്ടും കരുണാകരന്‍ കളഞ്ഞുകുളിച്ച ഒരു സംഗതി മന്ത്രിസഭയുടെ അംഗസംഖ്യ പതിനാലില്‍ ഒതുക്കുക എന്നതാണ്. ഇന്നുള്ളത്ര ശക്തമായ ജില്ലാ-ബ്ളോക്-ഗ്രാമ പഞ്ചായത്ത് സംവിധാനം ഇല്ലാതിരുന്ന കാലത്തായിരുന്നു ഈയെമ്മെസ് എണ്ണം പതിനാലില്‍ ഒതുക്കിയത്. 1991ല്‍ കരുണാകരന്‍ ആ വരമ്പ് പൊളിച്ചു. ഇനി അത് തിരിച്ചുകൊണ്ടുവരണമെങ്കില്‍ സീപിയെമ്മിലെ വിഭാഗീയത അവസാനിച്ചശേഷം പിണറായിയോ വീയെസ് തന്നെയോ കരുത്തനായ ഇ.ജ.മു. അധ്യക്ഷനായി അവരോധിക്കപ്പെടണം. അത് പോകട്ടെ. ഈയെമ്മെസ് ജീവിച്ചിരുന്നുവെങ്കില്‍ നിയമസഭാനടപടികള്‍ അടയാളപ്പെടുത്തേണ്ടത് ബഹിഷ്കരണം കൊണ്ടല്ല എന്നും നിയമസഭയുടെ നടുത്തളം ഗാട്ടാഗുസ്തിക്കുള്ള ഗോദ അല്ളെന്നും നമുക്ക് പറഞ്ഞുതരുമായിരുന്നു. വോക്കൗട്ട് തെറ്റല്ല. എന്നാല്‍, അത് ഒരു അറ്റകൈപ്രയോഗമാണ്. സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ ചെയ്യുന്നതായി പൊതുജനം ആരോപിക്കുന്നതുപോലെ ഹാജര്‍ വെച്ചതിന് ശേഷം പുറത്തിറങ്ങി നടക്കാന്‍ വേണ്ടിയാണ് സാമാജികര്‍ ഇങ്ങനെ ചെയ്യുന്നത് എന്നും ആരും ആരോപിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, സമാനമായ ഒരു സംഗതി സെക്രട്ടേറിയറ്റില്‍ നടന്നാലോ? എല്ലാവരും പത്തേകാലിന് മുമ്പ് കൃത്യമായി പഞ്ച് ചെയ്ത് അകത്തുകയറുന്നു. എല്ലാ ദിവസവും പതിനൊന്ന് മണിയോടെ എന്തെങ്കിലും -പലപ്പോഴും ന്യായമായ -ഒരു ആവശ്യവുമായി ചീഫ് സെക്രട്ടറിയുടെ മുറിയില്‍ എത്തുന്നു. ചീഫ് സെക്രട്ടറി വരട്ടെ, നോക്കട്ടെ എന്ന് പറയുകയോ ആവശ്യം തള്ളുകയോ ചെയ്യുന്നു. ഉടന്‍ തന്നെ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ ഒന്നടങ്കം പുറത്തിറങ്ങി അവരവരുടെ വഴിക്ക് പോവുന്നു. ഇന്ന് ഭരിക്കുന്ന ഭരണപക്ഷമോ നാളെ ഭരിക്കാനുള്ള പ്രതിപക്ഷമോ ഇങ്ങനെ ഒരു സമ്പ്രദായം അംഗീകരിക്കുമോ? സര്‍ക്കാറിന്‍െറ ഭൂരിപക്ഷം നേര്‍ത്തതാണ്. എന്നുവെച്ച് സര്‍ക്കാര്‍ വീഴുകയൊന്നുമില്ല. ഒരു വോട്ടിങ്ങില്‍ ഭരണപക്ഷം പരാജയപ്പെട്ടാല്‍ തന്നെ ഭരണമാറ്റം ഒഴിവാക്കാന്‍ വഴികളുണ്ട്. എന്നാല്‍, നിയമസഭയിലെ പ്രബലസാന്നിധ്യം പ്രതിപക്ഷം ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. സര്‍ക്കാറിനെ ശക്തമായി വിമര്‍ശിക്കാനും വേണ്ട ഇടങ്ങളില്‍ നയംമാറ്റി സമവായം സൃഷ്ടിക്കാന്‍ നിര്‍ബന്ധിക്കാനും ഉള്ള സന്ദര്‍ഭങ്ങളാണ് വിവേകരഹിതമായി നഷ്ടപ്പെടുത്തുന്നത്. അമേരിക്കയാണെന്ന് തോന്നുന്നു പാര്‍ലമെന്‍റ് നടപടികള്‍ ജനങ്ങള്‍ക്ക് കാണാന്‍ ആദ്യമായി ഏര്‍പ്പാടുണ്ടാക്കിയത്. ഓരോ സെനറ്ററും വന്നുകയറുമ്പോള്‍ മുതല്‍ ടെലിവിഷനില്‍ തെളിയും. ഹാജരെടുപ്പ് വരെ കാണിക്കുന്ന മട്ടിലാണ് പോക്ക്. നമ്മുടെ ലോക്സഭയും രാജ്യസഭയും നാടാകെ കാണാമല്ളോ. ഇവിടെ നിയമസഭയിലുംഅങ്ങനെ ഒരു ഏര്‍പ്പാട് ഉണ്ടാക്കണം. വേറെ പണി ഒന്നും ഇല്ലാത്തവര്‍ മാത്രമേ കണ്ടിരിക്കാന്‍ കാണൂ. സാരമില്ല. ആര്‍ക്കും എപ്പോഴും കാണാം എന്ന സാധ്യത മാന്യമായി പെരുമാറാന്‍ പ്രേരണയാകും. മാന്യതയുടെ നിര്‍വചനം ഉമ്മന്‍ചാണ്ടിക്കും പി.സി. ജോര്‍ജിനും വ്യത്യസ്തമാകാം. വീയെസിന്‍െറ മാനദണ്ഡങ്ങളാവില്ല തോമസ് ഐസക്കും കോടിയേരിയും അംഗീകരിക്കുന്നത്. എങ്കിലും ഒരു കണ്ണാടിത്തട്ട്-ഗ്ളാസ് സീലിങ് എന്ന് സായിപ്പ്-രൂപപ്പെടുത്താന്‍ മുടക്കമില്ലാത്ത പ്രസാരണത്തിന് കഴിയും. നടുത്തളം ഇറങ്ങിക്കളിക്കാനുള്ള ഇടമല്ല. ധര്‍മയുദ്ധത്തിലെ കക്ഷികള്‍ക്കിടയില്‍ ശൂന്യമായി കിടക്കുന്ന നിരായുധമേഖലയാണ് അത്. എന്നാല്‍, ചിലപ്പോള്‍ നടുത്തളത്തില്‍ ഇറങ്ങുക എന്നത് ഭാരതത്തിലെങ്കിലും പ്രയോഗസാധുത കൈവരിച്ചിട്ടുള്ള ഒരു പ്രതിഷേധസമ്പ്രദായമാണ്. അവിടെയും ഇറങ്ങിയതിന് സാധൂകരണം ഉണ്ടോ, ഇറങ്ങിയിട്ട് കയറുന്നതുവരെ ഉള്ള പെരുമാറ്റം എങ്ങനെ എന്ന് ജനത്തിന് കാണാന്‍ സൗകര്യം കൊടുക്കുന്നത് ഒരു കടിഞ്ഞാണിന്‍െറ ഫലം ചെയ്യും. അകത്ത് പൊലീസ് വേണ്ട, പുറത്ത് ജനം ഉണ്ടെങ്കില്‍. കവലച്ചട്ടമ്പിമാരെ നിയന്ത്രിക്കാന്‍ പൊലീസ് വേണം. ജനനായകരെ നിയന്ത്രിക്കേണ്ടത് അവരുടെ മനഃസാക്ഷിയാണ്. അത് മതി. നമ്മുടെ സമൂഹത്തില്‍ പൊതുവേ അച്ചടക്കം കുറയുകയും അക്രമവാസന ഏറുകയും ചെയ്യുന്നു എന്നതാണ് അടിസ്ഥാനപരമായി നാം ശ്രദ്ധിക്കേണ്ടത്. എമ്മെല്ളേമാര്‍ ബോധപൂര്‍വം സന്മാതൃക കാട്ടാന്‍ ശ്രമിക്കണം. വണ്ടി ഓടിക്കുമ്പോള്‍ സീറ്റ്ബെല്‍റ്റ് ഇടണം. ഇടാന്‍ വിട്ടുപോയാല്‍ അത് ചൂണ്ടിക്കാണിക്കുന്നവരുടെ നേരെ ഐഡന്‍റിറ്റികാര്‍ഡ് വീശരുത്. ഇത് അസാധ്യമല്ല. എ.കെ. ആന്‍റണിക്ക് ഡ്രൈവിങ് വശമില്ല. എന്നാല്‍ അദ്ദേഹമാണ് ഡ്രൈവര്‍ എന്ന് നമുക്ക് സങ്കല്‍പിക്കാമല്ളോ. ഒന്നാമത് സീറ്റ്ബെല്‍റ്റില്ലാതെ ആന്‍റണി വണ്ടി വിടുകയില്ല. ഇനി അഥവാ അബദ്ധവശാല്‍ മറന്നാലും ഒരു പൊലീസുകാരന്‍ അത് ചൂണ്ടിക്കാണിച്ചാല്‍ വിനയപൂര്‍വം തെറ്റ് തിരുത്തുകയാവും ചെയ്യുക. ധാര്‍ഷ്ട്യവും ധിക്കാരവും ജനം എമ്മെല്ളേമാരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. ‘ശ്രീഭൂവിലസ്ഥിര’ എന്ന് ഓര്‍മിക്കയെങ്കിലും വേണം. ടുഡേയ്സ് മിനിസ്റ്റര്‍ ഈസ് ടുമോറോസ് പെറ്റീഷണര്‍ ബട്ട് നെവര്‍ ഫര്‍ഗെറ്റ് ദാറ്റ് ദ കോണ്‍വേഴ്സ് ഈസ് ഓള്‍സോ പോസിബിള്‍ എന്ന് 1964ല്‍ പഠിച്ചത് പ്രായോഗികബുദ്ധിയുടെ വകഭേദമായി കണക്കെഴുതിയാലും ഇന്നത്തെ മന്ത്രി നാളത്തെ ഹരജിക്കാരനും ഇന്നത്തെ ഹരജിക്കാരന്‍ നാളത്തെ മന്ത്രിയും ആണ് എന്ന് തിരിച്ചറിയുന്നത് വിവേകം തന്നെയാണ്. ഇത്തവണ എമ്മെല്ളേമാര്‍ക്ക് ക്ളാസെടുക്കാന്‍ എന്നെയും വിളിച്ചിരുന്നു. അതുകൊണ്ട് വീയെസിനും കെ.എം. മാണിക്കും അല്ളെങ്കിലും എന്നേക്കാള്‍ ഇളയവര്‍ക്ക് ഞാന്‍ ഗുരുവാണ്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് അഞ്ച് തത്ത്വങ്ങള്‍ പറയാം. ഒന്ന്, സഭയില്‍ ഹാജര്‍വെച്ചിട്ട് സഭ ബോയ്കോട്ട് ചെയ്യരുത്. വോക്കൗട്ട് ഒരു പ്രതിഷേധമാര്‍ഗമാണ്; അതിനെ ബോയ്ക്കോട്ടാക്കാതെ തിരികെ സഭയിലെത്തണം. രണ്ട്, ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചിട്ട് ശുംഭനും ശംഭുമഹാദേവനും ഒന്നാണെന്ന് മൊഴികൊടുക്കാന്‍ സംസ്കൃതവാധ്യാന്മാരെ വിളിക്കേണ്ട അവസ്ഥ ഉണ്ടാകരുത്. മാന്യന്മാരുടെ പ്രതിനിധികളാണ് എന്ന ബോധം വാക്കിലും നോക്കിലും ഉണ്ടാവണം. ആതന്‍സിലെ ചന്തയിലാണ് സഭകള്‍ തുടങ്ങിയതെങ്കിലും സഭ ചന്തയാകരുത്. മൂന്ന,് സഭയിലെ ജോലി ഗൗരവത്തിലെടുക്കണം, നിയമനിര്‍മാണവും മറ്റും അറുബോറാവാമെങ്കിലും. ടീയെം ജേക്കബ് അച്യുതമേനോന്‍െറ പ്രശംസ പിടിച്ചുപറ്റിയത് മണിയടിച്ചിട്ടല്ല, പണിയെടുത്തിട്ടാണ്. 1967ലെ യുവസാമാജികന്‍ മാണിയുടെ അധ്വാനശീലമാണ് ഇന്നത്തെ സീനിയര്‍ മന്ത്രി മാണിയുടെ പാര്‍ലമെന്‍ററി പ്രാഗല്ഭ്യത്തിന് പിന്നില്‍. നാല്, സ്പീക്കറെ ബഹുമാനിക്കണം. ജി.കെ.യെ പോലെ സംസ്കൃതചിത്തനും പണ്ഡിതനും ആയ ഒരാളല്ല കസേരയില്‍ ഇരിക്കുന്നതെങ്കില്‍ പോലും ‘താന്‍ എവിടത്തെ സ്പീക്കറാടോ’ എന്ന് പറഞ്ഞതായി പത്രങ്ങളില്‍ അച്ചടിക്കാന്‍ ഇടകൊടുക്കരുത്. അഞ്ച്, സ്വന്തം ഭാര്യക്കും മക്കള്‍ക്കും നാണക്കേട് ഉണ്ടാക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെ ആത്മസംയമനം പാലിക്കണം. യേനകേന പ്രകാരേണ പ്രസിദ്ധഃപുരുഷോ ഭവേല്‍ എന്ന പ്രലോഭനത്തെ അതിജീവിക്കാന്‍ സ്വയം ശീലിക്കണം. വജ്രാദപി കഠോരാണി മൃദൂനികുസുമാദപി എന്നാണ് മഹാന്മാരുടെ മനസ്സിനെക്കുറിച്ച് ‘ഉത്തരരാമചരിത’ത്തില്‍ പറയുന്നത്: വജ്രത്തേക്കാള്‍ കഠിനം, പൂവിനേക്കാള്‍ മൃദുതരം. നിലപാടുകള്‍ വജ്രതുല്യമാവുമ്പോഴും പ്രകാശനങ്ങള്‍ കുസുമതുല്യമാവട്ടെ. ശുഭമസ്തു.\
ഡി .ബാബു പോള്‍
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ