സോണിയഗാന്ധി ലോകത്ത് ജനപ്രീതിയില്‍ ഏഴാം സ്ഥാനത്തുള്ള നേതാവ്.

‘സ്വദേശി’യുടെ വിദേശപ്രേമം

 

സോണിയഗാന്ധി ഏറ്റവും ഒടുവിലത്തെ സര്‍വേ റിപ്പോര്‍ട്ടുകള്‍പ്രകാരം ലോകത്ത് ജനപ്രീതിയില്‍ ഏഴാം സ്ഥാനത്തുള്ള നേതാവ്. ഈ ജനപ്രീതിയുടെ അളവുകോല്‍ എന്താണെന്ന് മാലോകര്‍ക്ക് നിശ്ചയം പോരാ. അവര്‍ ഇന്ത്യാ മഹാരാജ്യത്തെ ഒരു ഗ്രാമപഞ്ചായത്തുപോലും ഭരിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ ഭരണപാടവം തെളിയിച്ചതുമൂലമുള്ള ജനപ്രീതിയുണ്ടാവാന്‍ തരമില്ല. പിന്നെയുള്ളത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കോട്ടകളില്‍നിന്ന് കുറെ തവണ ലോക്സഭയിലേക്ക് ജനവിധി നേടി എം.പിയായി എന്നതാണ്. പിന്നെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ജനക്കൂട്ടമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ അധ്യക്ഷസ്ഥാനം. ഇതിനു പുറമെ യു.പി.എ അധ്യക്ഷസ്ഥാനവും.  തമിഴ്നാട്ടില്‍നിന്ന് ഭീഷണി വരുമ്പോള്‍ അവിടേക്കും പശ്ചിമബംഗാളില്‍നിന്ന് കൊട്ടുകിട്ടുമ്പോള്‍ അങ്ങോട്ടും ദൂതന്മാരെ അയച്ചും ഘടകകക്ഷികളെ കണക്കില്‍ കവിഞ്ഞ് പ്രീണിപ്പിച്ചും മമതാ ബാനര്‍ജി പിണങ്ങുമ്പോള്‍ മായാവതിയെ വേണോ അതോ മുലായം സിങ്ങിനെ വേണോ എന്നും കരുണാനിധി തെറ്റുമ്പോള്‍ ജയലളിതയെ കൂട്ടുപിടിക്കണോ എന്നും ചിന്തിച്ചും കഴിയുന്ന ഒരു ഭരണമുന്നണിയുടെ അധ്യക്ഷ. ഭാഗ്യത്തിന് പ്രധാനമന്ത്രിക്കസേരയിലിരിക്കുന്നത് നിഷ്കളങ്കനും ശുദ്ധഗതിക്കാരനുമായ ഒരു സര്‍ദാര്‍ജിയായതുകൊണ്ടും അങ്ങോര്‍ സഹമന്ത്രിമാരുടെയും നേതാക്കളുടെയും കെടുകാര്യസ്ഥതയും അഴിമതിയുംകൊണ്ട് പൊറുതിമുട്ടിക്കഴിയുന്നതുകൊണ്ടും ആ ഭാഗത്തുനിന്ന് വലിയ ശല്യമൊന്നുമില്ലാതെ ഭരണകാര്യങ്ങളില്‍ നേരിട്ടൊന്നുമില്ളെങ്കിലും തന്‍െറ മുന്നണി അധ്യക്ഷപദമലങ്കരിച്ച് അപ്രമാദിത്തത്തോടെ കഴിച്ചുകൂട്ടുന്നു എന്നു മാത്രം. വിധിവൈപരീത്യത്താല്‍ രാഷ്ട്രീയത്തിലെത്തിയതാണെന്ന് പറയപ്പെടുന്നു. ഇത് അവരുടെ പ്രകൃതംവെച്ച് ശരിയുമായിരിക്കാം. അതിന്‍െറ ഭവിഷ്യത്ത് ധാരാളം ജീവിതത്തില്‍ അനുഭവിക്കുകയും ചെയ്തു.ഒരിക്കല്‍ പ്രധാനമന്ത്രിയാവാന്‍ ഒരു ശ്രമം നടത്തി രാഷ്ട്രപതിഭവന്‍ വരെ പോയതാണ്. എന്നാല്‍, സംഘ്പരിവാറിന്‍െറ ഉമ്മാക്കികണ്ട് തന്ത്രപൂര്‍വം പിന്‍വാങ്ങേണ്ടിവന്നു. പ്രശ്നം അസ്സല്‍ വിദേശജന്മം എന്നതുതന്നെയായിരുന്നു. കുടുംബപരമായി ഇറ്റലിയില്‍നിന്ന് നെഹ്റു കുടുംബത്തിലെ മരുമകളായാണ് എത്തിയതെങ്കിലും മഹാത്മാവിന്‍െറ വംശപ്പേരില്‍ അറിയപ്പെടാനാണ് താല്‍പര്യം. അങ്ങനെ ഫിറോസ് ഗാന്ധിയുടെ മരുമകള്‍ സോണിയ ഗാന്ധിയായി. ഈ മറിമായം എന്തിനെന്ന് കാര്യമായി ആരും ഇതുവരെ ചിന്തിച്ചിട്ടില്ളെന്ന് തോന്നുന്നു. ഏതായാലും, അസ്സല്‍ ഇന്ത്യക്കാരിയാവാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ട് എന്ന് അവര്‍തന്നെ ആണയിട്ടിട്ടുണ്ട്. പറഞ്ഞുവരുന്ന വിഷയം അവരുടെ കുടുംബപുരാണമോ ജനപ്രീതിയോ ഒന്നുമല്ല. അവര്‍ക്ക് ഈയിടെ ഒരസുഖം പിടിപെട്ടു. ഏതു സ്വതന്ത്ര വ്യക്തിക്കും അവരവരുടെ ആരോഗ്യപ്രശ്നങ്ങള്‍ രഹസ്യമാക്കിവെക്കാന്‍ അവകാശമുണ്ട് എന്ന വാദഗതിയിന്മേല്‍ പാര്‍ട്ടിയോ അവരുടെ കുടുംബാംഗങ്ങളോ അസുഖമെന്തെന്ന് പുറത്തുപറഞ്ഞില്ല. എന്നാല്‍, അര്‍ബുദത്തിന്‍െറ തുടക്കമാണെന്ന് പത്രമാധ്യമങ്ങള്‍ വരികള്‍ക്കിടയിലൂടെ വ്യക്തമാക്കി. പൊതുരംഗത്തുള്ള അഥവാ പ്രധാനമന്ത്രിയെപ്പോലും നിയന്ത്രിക്കുന്ന ഒരു വ്യക്തിക്ക് അത്ര സ്വകാര്യതയാവാമോ എന്ന ചോദ്യം സ്വാഭാവികമായുമുണ്ട്. ഏതായാലും, അവര്‍ ന്യൂയോര്‍ക്കിലെ ദ മെമ്മോറിയല്‍ സോലാന്‍ കെറ്ററിങ് കാന്‍സര്‍ സെന്‍ററില്‍ പോയി ഓപറേഷന് വിധേയയായി. ഇപ്പോള്‍ ഏതാണ്ട് സുഖംപ്രാപിച്ച് തിരിച്ചുവന്നിരിക്കുകയാണ്. പാര്‍ട്ടികാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങിയിട്ടുമുണ്ട്. നമുക്ക് പ്രാര്‍ഥിക്കാം, അവരുടെ അസുഖം എന്താണെങ്കിലും അതിന് പൂര്‍ണശമനമുണ്ടാവാന്‍. അവര്‍ പൂര്‍ണാരോഗ്യത്തോടെ ഒരുപാടുകാലം ജീവിക്കട്ടെ എന്നാശിക്കയുമാവാം.  നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഇതുപോലെ ഈയിടെ ഒരസുഖം വന്നിരുന്നു. അദ്ദേഹത്തിന് സോണിയ ഗാന്ധിയേക്കാള്‍ എത്രയോ പ്രായക്കൂടുതലുണ്ട്. അദ്ദേഹം ഒരു ഇന്‍റര്‍നാഷനല്‍ ഫിഗറുമാണ്. എന്നുവെച്ചാല്‍ ഐക്യരാഷ്ട്രസഭയില്‍ വരെ വളരെക്കാലം ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ച ആള്‍. അദ്ദേഹത്തിന് പ്രധാനമന്ത്രിയെന്ന നിലയില്‍ സര്‍ക്കാര്‍ ചെലവില്‍ ഉലകത്തിലെവിടെയും പോയി ചികിത്സ നടത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍, അദ്ദേഹം ചെയ്തത് ദല്‍ഹിയിലും മുംബൈയിലുമുള്ള ആശുപത്രികളില്‍ അതും സര്‍ക്കാര്‍ ആശുപത്രിയിലടക്കം പരിശോധനക്കും ഓപറേഷനും വിധേയനാവുകയായിരുന്നു. അതില്‍ ഒരു റിസ്കും അദ്ദേഹത്തിന് തോന്നുകയോ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ കഴിവില്‍ അല്‍പമെങ്കിലും വിശ്വാസക്കുറവ് അനുഭവപ്പെടുകയോ ചെയ്തില്ല. വാജ്പേയിയുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു സംഭവിച്ചത്. ഇതേപ്പറ്റി ചിന്തിക്കുമ്പോഴാണ് സോണിയ ഗാന്ധിയുടെ നടപടിയില്‍ അല്‍പം അനൗചിത്യമുണ്ടായിരുന്നില്ളേ എന്ന് ന്യായമായും സംശയം തോന്നുന്നത്. എന്തുകൊണ്ടവര്‍ ഇന്ത്യയില്‍വെച്ചുതന്നെ ചികിത്സക്ക് വിധേയയായില്ല. ലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സത്യമുണ്ട്- വൈദ്യശാസ്ത്രരംഗത്ത് ഇന്ത്യ മെച്ചമാണ്, ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കഴിവുറ്റവരാണ് എന്നൊക്കെ. സോണിയ ഗാന്ധിയുടെ  ഇക്കാര്യത്തിലുള്ള വ്യക്തിപരമായ അവകാശത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിച്ചുകൊണ്ടുതന്നെ ഒരു ശരാശരി ഇന്ത്യക്കാരന്‍െറ സംശയം ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചുപോവുകയാണ്.
അവരുടെ കുടുംബാംഗങ്ങളും പാര്‍ട്ടിയും ഉന്നയിച്ചേക്കാവുന്ന ഒരു വാദം സ്വകാര്യതയും ജനക്കൂട്ടത്തില്‍നിന്നുള്ള മോചനവുമായിരിക്കാം. പക്ഷേ, അത്തരം സാഹചര്യങ്ങളൊക്കെ ഒഴിവാക്കിത്തന്നെ ഇവിടെത്തന്നെ ചികിത്സ നടത്താനുള്ള സാധ്യത പരിശോധിക്കേണ്ടതായിരുന്നില്ളേ. ഇവിടത്തെ ആതുരാലയങ്ങളെ ആശ്രയിക്കുന്ന സാധാരണ ഇന്ത്യക്കാര്‍ക്ക് എന്നാലതൊരു നല്ല സന്ദേശമാവുമായിരുന്നില്ളേ. എന്നാല്‍, ബോധപൂര്‍വം ഇന്ത്യക്കാരിയാവാന്‍ ശ്രമിക്കുന്ന അവരുടെ ജനപ്രീതിയില്‍ തീര്‍ച്ചയായും വളര്‍ച്ചയല്ളേ ഉണ്ടാകുമായിരുന്നത്.
പിന്‍കുറി:
1. ഇവിടെ കട്ടന്‍ചായയും പരിപ്പുവടയും അടിച്ചു നടക്കുന്ന പാര്‍ട്ടികള്‍ വരെ ചികിത്സക്ക് വിദേശം പൂകിയ ചരിത്രമുണ്ട്.
2. പടപേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്നു പറയുന്നതുപോലെ അമേരിക്കയില്‍ സോണിയ ഗാന്ധിയെ ചികിത്സിച്ച ടീമില്‍ പ്രധാനി ഇന്ത്യന്‍ ഡോക്ടര്‍ തന്നെയായിരുന്നുവത്രെ.

ഉമര്‍ മുഖ്താര്‍

Blogger templates

.

ജാലകം

.