‘അബ്ദുറഹ്മാന്‍ സാഹിബ് കേരളീയരില്‍ ബഹുഭൂരിപക്ഷത്തിനും അപരിചിതനാണ് എന്ന വസ്തുത അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാനിടയായിട്ടുള്ള മലയാളികള്‍ക്ക് അവിശ്വസനീയമായി തോന്നാവുന്നതാണ്. എന്നാല്‍, ‘ആരാണീ വിദ്വാന്‍? നമ്മുടെ കുമ്പളത്ത് ശങ്കുപ്പിള്ളയോട് അടുത്ത് വരുമെന്ന് തോന്നുമല്ളോ നിങ്ങള്‍ പറയുന്നത് കേട്ടാല്‍’ എന്ന് പ്രതികരിച്ച ഒരാള്‍ ഇവിടെ കെ.പി. സി.സി പ്രസിഡന്‍റായിരുന്നിട്ടുണ്ട്. തിരുവിതാംകൂര്‍ -കൊച്ചി മേഖലകളില്‍ വിദ്യാസമ്പന്നരായവര്‍പോലും കേളപ്പനോളവും മൊയ്തുമൗലവിയോളവും എത്തി മടങ്ങുന്നവരാണ്. മലബാറിലായാലും സര്‍വകലാശാലകളിലെ ചരിത്രവിഭാഗങ്ങള്‍ക്ക് പുറത്ത് അബ്ദുറഹ്മാന്‍ സാഹിബിനെ കൃത്യമായി തിരിച്ചറിയുകയും ചരിത്രപടത്തില്‍ അടയാളപ്പെടുത്തുകയും ചെയ്യാന്‍ കഴിയുന്നവര്‍ ന്യൂനപക്ഷം ആയിരിക്കും.
ആരെങ്കിലും അബ്ദുറഹ്മാന്‍ സാഹിബിനെ വിസ്മൃതിയുടെ ഇരുട്ടറയില്‍ ബന്ധനസ്ഥനാക്കിയതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടായത് എന്ന് വിചാരിക്കേണ്ടതില്ല. 1945ല്‍ മരിച്ചയാള്‍ കിനാവ് കാണാത്ത വഴികളിലൂടെയാണ് കഴിഞ്ഞ അറുപതിലേറെ സംവത്സരങ്ങളില്‍ മലയാളി സഞ്ചരിച്ചത്. ഭാരതം സ്വതന്ത്രമായതും പാകിസ്താന്‍ ഉണ്ടായതും മുന്‍കൂട്ടി കാണാന്‍ കഴിയുന്നവര്‍ക്കും ഐക്യകേരളം ഒരു വിദൂരസ്വപ്നം ആയിരുന്നു 1945ന് മുമ്പുള്ള നാളുകളില്‍. പാകിസ്താന് വേണ്ടി വാദിച്ച ലീഗ് ലീഗല്ലാതാവുകയും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിടുന്ന ദേശീയരാഷ്ട്രീയ കക്ഷി ആവുകയും ചെയ്തിട്ടുള്ള വര്‍ത്തമാനകാല സ്ഥിതി 1945 പോയിട്ട് 1955ല്‍ പോലും അചിന്ത്യമായിരുന്നു.
അതുകൊണ്ട് ചരിത്രത്തിന്‍െറ വായിച്ചുമറിച്ച, മറന്നുകഴിഞ്ഞ ഒരു താളിലെ ചിത്രമായി അബ്ദുറഹ്മാന്‍ സാഹിബ് മാറിയതിന്‍െറ പിന്നില്‍ ഗൂഢാലോചന ഒന്നും ആരോപിക്കേണ്ടതില്ല. മലയാളിയുടെ ഓര്‍മശക്തിയും ഈവക കാര്യങ്ങളില്‍ വേണ്ടത്ര സൂക്ഷ്മമല്ല. തിരുവനന്തപുരത്തെ പി.ടി.പി നഗറില്‍ താമസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പട്ടംതാണുപിള്ള തിരുവിതാംകൂറിലും തിരുവിതാംകൂര്‍ കൊച്ചിയിലും കേരളത്തിലും മുഖ്യമന്ത്രിയായിരുന്ന കാര്യം അറിയുന്നവരല്ല. തിരുവിതാംകൂറില്‍ പ്രധാനമന്ത്രിയും പഞ്ചാബിലും ആന്ധ്രയിലും ഗവര്‍ണറും ആയിരുന്ന കഥ അത്രപോലും അറിയുന്നുണ്ടാവില്ല. തിരുവനന്തപുരത്തെ പട്ടം പ്രതിമയുടെ ചുവട്ടില്‍ പേരെഴുതിയവര്‍ താണുപിള്ളസാറിന്‍െറ പേരിനൊപ്പമുള്ള ഇംഗ്ളീഷ് അക്ഷരം കഴിഞ്ഞ് ഒരു കുത്ത് ഇടാന്‍ മറന്നതിനാല്‍ ഒഴിവായത് വിരാമചിഹ്നമല്ല, ചോദ്യചിഹ്നമാണ് എന്ന് തോന്നാം: ‘പട്ടം ഏതാണു പിള്ള’ എന്നാണല്ളോ കൊത്തിവെച്ചത്!. മഹാത്മജിയുടെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് ഉള്‍പ്പെടെ പൊക്കിപ്പിടിക്കാന്‍ ആരെങ്കിലും ഇല്ലാത്തവര്‍ എത്ര മഹാന്മാരായിരുന്നാലും വിസ്മൃതരാവുക തന്നെ ചെയ്യും. പൊക്കിപ്പിടിച്ചതുകൊണ്ടുമാത്രം പോരാ എന്നത് ശരി; കാന്‍ഷിറാമിനെ പ്രതിമ ഉണ്ടാക്കി ചരിത്രത്തില്‍ പ്രതിഷ്ഠിക്കാനാവുകയില്ല; ശ്രീനാരായണന് ചരിത്രത്തിലുള്ള ഇടം നിര്‍ണയിക്കാന്‍ പതിനെട്ടടി പ്രതിമയുടെ സഹായം ഒട്ട് വേണ്ടതാനും. എങ്കിലും ലോകം അതിവേഗം ബഹുദൂരം മുന്നോട്ടു പായുമ്പോള്‍ ഗാന്ധിജിയില്‍ അവസാനിക്കുന്ന അഞ്ചാറ് പേരുകളല്ലാതെ -വ്യാസന്‍, വാല്മീകി, ശ്രീബുദ്ധന്‍, ശങ്കരാചാര്യര്‍, കാളിദാസന്‍ -മറ്റൊന്നും സാധാരണക്കാരന്‍െറ സ്മൃതിപഥത്തില്‍ തെളിയുകയില്ല. അതുകൊണ്ട് അബ്ദുറഹ്മാന്‍ സാഹിബിനെപോലെ ഒരു കാലത്തിന്‍െറയും ഒരു പ്രദേശത്തിന്‍െറയും പരിമിതികളില്‍ പ്രവര്‍ത്തിച്ച ഒരാളെ എല്ലാവരും എന്നാളും ഓര്‍ത്തിരിക്കാതിരിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല.
അതേസമയം, ആ ഓര്‍മ പുനര്‍ജനിക്കേണ്ടതുണ്ട്. ആ ജീവിതം പുനര്‍വായനക്ക് വിധേയമാകേണ്ടതുമുണ്ട്. ഒന്നും പഠിക്കാതെയും ഒന്നും മറക്കാതെയും ജീവിച്ചുകൂട്ടിയ ബൂര്‍ബോണ്‍ രാജാക്കന്മാരെപോലെ ആവരുതല്ളോ നാം. പി.ടി. കുഞ്ഞുമുഹമ്മദിന്‍െറ ദൗത്യത്തിന്‍െറ പ്രസക്തി വിലയിരുത്തപ്പെടേണ്ടത് ഈ പശ്ചാത്തലത്തിലാണ്.
രാജ്യം വിഭജിക്കപ്പെട്ടതും പാകിസ്താന്‍ രൂപപ്പെട്ടതും ഇനി മാറ്റിക്കുറിക്കാനാകാത്ത ചരിത്രമാണ്. പാകിസ്താനും ബംഗ്ളാദേശും പിരിഞ്ഞുപോകാതിരുന്നെങ്കില്‍ ഭാരതത്തിലെ മുസ്ലിം ജനസംഖ്യ കൂടുതല്‍ ആകുമായിരുന്നു. പാകിസ്താന് മുമ്പുള്ള കാലത്തെന്നത് പോലെ ദേശീയ പൊതുധാരയിലെ മുസ്ലിം സാന്നിധ്യം ഇന്നത്തേതിനേക്കാള്‍ ശ്രദ്ധേയം ആകുമായിരുന്നു. മുജീബുര്‍റഹ്മാനും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും കേന്ദ്രത്തിലെ പ്രഗല്ഭരായ മന്ത്രിമാരോ വി.പി. സിങ് തുടങ്ങിയവരെപ്പോലെ പ്രധാനമന്ത്രിമാരോ ആകുമായിരുന്നു. അതേസമയം, അഫ്ഗാന്‍ അതിര്‍ത്തി ഭാരതത്തിന്‍െറ തലവേദനയും ആകുമായിരുന്നു; ഭാരതത്തിലെയോ പാകിസ്താനിലെയോ പ്രശ്നങ്ങള്‍ അല്ലല്ളോ അല്‍ഖാഇദയോ ബിന്‍ലാദിനോ താലിബാനോ ഒക്കെ അരങ്ങത്തെത്താന്‍ ഇടയാക്കിയത്. ചരിത്രം ഗുണം തരാം, ദോഷം സൃഷ്ടിച്ചുവെന്നും വരാം.
കശ്മീരിന്‍െറ കാര്യത്തിലും നെഹ്റു യുദ്ധം നിര്‍ത്തിയതുകൊണ്ടാണ് അധിനിവേശ കശ്മീര്‍ (പോക്ക് : POK) ഉണ്ടായത് എന്നത് ഒരര്‍ധസത്യമാണ്. ശൈഖ് അബ്ദുല്ലയുടെ സ്വാധീനത സമ്പൂര്‍ണമായിരുന്ന ഇടങ്ങള്‍ വീണ്ടെടുത്തതിന് ശേഷമാണ് യുദ്ധം അവസാനിച്ചത്. പോക്ക് പോയതില്‍ കശ്മീര്‍ സിംഹത്തിന് വലിയ വേവലാതി ഒന്നും ഉണ്ടായിരുന്നിരിക്കാനിടയില്ല. ജമ്മു, ലഡാക്ക് താഴ്വര എന്നാണ് നാം പറയുന്നതെങ്കിലും കശ്മീര്‍ എന്നത് കശ്മീര്‍ താഴ്വര മാത്രം അല്ല എന്നത് ഓര്‍മിച്ചാല്‍ ഇപ്പറഞ്ഞതിന്‍െറ സ്വാരസ്യം പിടികിട്ടും. കാട് കയറിയ സ്ഥിതിക്ക് ഒരുകാര്യം കൂടി പറഞ്ഞിട്ട് തിരിച്ചുവരാം. കശ്മീര്‍ താഴ്വര മുഴുവന്‍ വിട്ടുകൊടുക്കാനും പകരം കിഴക്കന്‍ ബംഗാള്‍ ഭാരതത്തില്‍ നിലനിര്‍ത്താനും ആയിരുന്നു സര്‍ദാര്‍ പട്ടേലിന് താല്‍പര്യം. നെഹ്റുവിന്‍െറ വൈകാരിക ബന്ധം ആയിരുന്നു അതിന് തടയിട്ടത്. പിന്നെ, രാജതരംഗിണിയും ഹൈന്ദവതീര്‍ഥാടന കേന്ദ്രങ്ങളും ശങ്കരാചാര്യസ്മൃതിയും കണക്കിലെടുത്താല്‍ നെഹ്റു എടുത്ത നിലപാടിനാവും കൂടുതല്‍ പിന്തുണ കിട്ടുക, ഇന്നും.
പറഞ്ഞുവന്നത് അബ്ദുറഹ്മാന്‍ സാഹിബിനെക്കുറിച്ചാണല്ളോ. അക്കഥയില്‍ പാകിസ്താനുമുള്ള പ്രസക്തി ഇങ്ങ് തെക്ക് തെക്കൊരു ദേശത്ത് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ആ ആശയത്തിന് കഴിഞ്ഞു എന്നതാണ്. കുഞ്ഞുമുഹമ്മദ് തുടക്കത്തില്‍ എഴുതിക്കാണിക്കുംപോലെ ഇന്നത്തെ ലീഗല്ല അബ്ദുറഹ്മാന്‍ സാഹിബിനെ എതിര്‍ത്ത ലീഗ്. അന്ന് അങ്ങനെ ഒരു ലീഗ് മലബാറില്‍ ഉണ്ടായിരുന്നതിനാലാണ് മൊയ്തുമൗലവിയും ഉമ്മര്‍കോയയും പോയിട്ട് ആര്യാടന്‍ മുഹമ്മദ് പോലും ദേശീയ മുസ്ലിം എന്ന് വിവരിക്കപ്പെടുന്നത്. തിരുവിതാംകൂറില്‍ ആ ലീഗ് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മന്ത്രിമാരായിരുന്ന ടി.എ. അബ്ദുല്ല, പി.കെ. കുഞ്ഞ്, എം.എം. ഹസന്‍ തുടങ്ങിയവരെയൊന്നും ആരും ‘ദേശീയ മുസ്ലിം’ എന്ന് വിളിക്കുന്നുമില്ല! എങ്കിലും ആ വിളി തീര്‍ത്തും അരോചകമാണ് എന്ന് പറയാതെ വയ്യ. ഉമ്മന്‍ചാണ്ടി ദേശീയ നസ്രാണിയോ വി.എസ് ദേശീയ ഹിന്ദുവോ ആയി വിവരിക്കപ്പെടാതിരിക്കെ ആര്യാടനെയോ കുഞ്ഞാലിക്കുട്ടിയെയോ ദേശീയ മുസ്ലിം എന്ന് വിവരിക്കരുത്. അത് ഒരുതരം റിവേഴ്സ് വര്‍ഗീയതയാണ്.
അതേസമയം, മുസ്ലിം സമുദായത്തില്‍ പഴയ ലീഗിന്‍െറ മനസ്സോടെ സമൂഹത്തില്‍ ഇടപെടുന്ന ഒരു ന്യൂനപക്ഷം ഉണ്ട്. ഇല്ല എന്ന് പറയുന്നത് ഒട്ടകപ്പക്ഷിയുടെ ശൈലിയാവും. അവരുടെ മനസ്സിനെയാണ് അബ്ദുറഹ്മാന്‍ സാഹിബ് നേരിടുന്നത്. ഈ ഓര്‍മ പുതുക്കലിന്‍െറ പ്രസക്തിയും അതുതന്നെയാണ്.
ഒരു അസാധാരണ മനുഷ്യന്‍ ആയിരുന്നു കഥാപുരുഷന്‍. ഒരു ഭാഗത്ത് ദേശീയതാബോധം, ഇച്ഛാശക്തി, ദൃഢനിശ്ചയം, സ്വാഭിമാനം ഇത്യാദി. ഒപ്പം മറുഭാഗത്ത് പ്രണയം, പ്രകൃതിയുമായി സമരസപ്പെടാനുള്ള വാസന തുടങ്ങിയ അതിസാധാരണമായ മാനുഷിക വികാരങ്ങളും. വ്യക്തിത്വത്തിന്‍െറ ഈ വിഭിന്ന ഭാവങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് അത്യന്തം മനോഹരമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞതിലാണ് പി.ടിയുടെ കരവിരുത് ഏറ്റവും തേജസ്സണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. പി.ടി. കുഞ്ഞുമുഹമ്മദിന് പടം പിടിക്കാന്‍ അറിയാം എന്ന് മലയാളി തിരിച്ചറിയുന്നത് ഇതാദ്യമല്ലല്ളോ.
‘വീരപുത്രന്‍’ എന്ന ചലച്ചിത്രത്തിന്‍െറ നിരൂപണം അര്‍ഹതയുള്ളവര്‍ നടത്തട്ടെ. ഇത്തരം ഒരു ചിത്രത്തില്‍ അനിവാര്യമായ ചില ആഖ്യാനരീതികള്‍ തിരിച്ചറിഞ്ഞുകൊണ്ടു തന്നെ ഇത് ഒരു കലാസൃഷ്ടിയാണ് എന്ന് പറയാന്‍ കഴിയും എന്ന് കുറിക്കാന്‍ ചലച്ചിത്രം കണ്ട് ശീലം ഉണ്ടായാല്‍ മതി.
സ്വാതന്ത്ര്യാനന്തരം നമ്മെ വേട്ടയാടുന്ന സ്വാതന്ത്ര്യപൂര്‍വ സ്മരണകള്‍ തിരിച്ചറിയാനും ഇന്നത്തെ ലീഗ് അന്നത്തെ ലീഗ് അല്ലാത്തതിനാല്‍ അന്നത്തെ ലീഗിന് പിന്‍ഗാമികള്‍ വേറെ ഉണ്ടാകണം എന്ന ചിന്ത ദേശദ്രോഹവും സമൂഹവിരുദ്ധവും ആണ് എന്ന് ഗ്രഹിക്കാനും ചാലപ്പുറം ക്ളിക്കുകള്‍ പുനരവതരിക്കുന്നതും പഴയ ലീഗ് പുനരവതരിക്കുന്നത് പോലെത്തന്നെ അപകടകരമാണ് എന്ന് മനസ്സിലാക്കാനും ഒരു മഹാനായ മലയാളിയെ അഭിമാനത്തോടെ അനുസ്മരിക്കാനും സഹായിക്കുന്ന ചിത്രമാണ് ‘വീരപുത്രന്‍’. അതിന് ഒരു ദൂത് ഉണ്ട്. ആ ദൂത് വിദഗ്ധമായി പി.ടി നമ്മെ അറിയിക്കുന്നുമുണ്ട്.
ഡി.babu pol
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ