നേതൃരാഹിത്യം ഇന്ത്യയുടെ പ്രതിസന്ധി


തെറ്റായ കാരണങ്ങളാല്‍ വീണ്ടും ഇന്ത്യക്ക് പഴികേള്‍ക്കേണ്ടി വന്നിരിക്കുന്നു. ദല്‍ഹി ഹൈകോടതിക്കു മുന്നില്‍ ഭീകര സംഘം നടത്തിയ സ്ഫോടനത്തിന്‍െറ പേരിലും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി ടീസ്റ്റ ഉടമ്പടി ഒപ്പുവെക്കാതെ ധാക്കയില്‍നിന്ന് മടങ്ങിയതിന്‍െറ പേരിലുമാണ് അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്. ഭീകരാക്രമണത്തിന്‍െറ കാര്യം പരിശോധിച്ചാല്‍ രാജ്യത്തിന്‍െറ സംരക്ഷണ ചുമതല വഹിക്കുന്ന സകലമാന പേരും ആ വീഴ്ചക്കു ഉത്തരവാദികളാണെന്നു പറയുന്നതാകും ശരി. ടീസ്റ്റ ഉടമ്പടി യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ പോയതിന്‍െറ കാരണം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശാഠ്യങ്ങളായിരുന്നു. അവര്‍ വാക്കുമാറി. ബംഗ്ളാദേശിന് വിട്ടുകൊടുക്കാമെന്ന് ആദ്യം സമ്മതിച്ച അതേ അളവില്‍ ജലം കൊടുക്കാനാകില്ളെന്ന് മമത ഉടക്കിയതിനാല്‍ കരാറില്‍ കൈയൊപ്പ് ചാര്‍ത്താതെ മന്‍മോഹന്‍ ധാക്കയില്‍നിന്ന് മടങ്ങുകയായിരുന്നു.
അഴിമതിയുടെയും വിലക്കയറ്റത്തിന്‍െറയും പേരില്‍ അധിക്ഷേപിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാറിന് ഈ രണ്ട് സംഭവങ്ങളും പുതിയ കളങ്കങ്ങളായി മാറി. ഹര്‍കത്തുല്‍ ജിഹാദുല്‍ ഇസ്ലാമില്‍ (ഹുജി)നിന്ന് പിണങ്ങിപ്പിരിഞ്ഞ ഹര്‍കത്തുല്‍ അന്‍സാര്‍ ദല്‍ഹി സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെടുന്നുണ്ടെങ്കിലും സംഭവത്തിന്‍െറ യഥാര്‍ഥ ആസൂത്രകരെ സംബന്ധിച്ച് സര്‍ക്കാറിന് സൂചനകളൊന്നും ലഭ്യമായിട്ടില്ല. പാകിസ്താനിലും ബംഗ്ളാദേശിലും വേരുകളുള്ള ഹുജിക്കു നേരെയാണ് സംശയത്തിന്‍െറ സൂചി തിരിഞ്ഞു നില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തുടക്കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഭീകരതക്കെതിരെ ബംഗ്ളാദേശ് ഗവണ്‍മെന്‍റ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുകയാണെങ്കിലും അക്കാര്യം പരാമര്‍ശിക്കാനൊന്നും ഇന്ത്യന്‍ ഭരണ നേതൃത്വം തയാറായില്ല. ഇന്ത്യക്കും ബംഗ്ളാദേശിനും അതിര്‍ത്തികള്‍ നിര്‍ണയിച്ച് അടയാളമിടാന്‍ സാധിച്ചതും നല്ല കാര്യമായി. എന്നാല്‍, ബോംബ് സ്ഫോടനത്തിന്‍െറ കനത്ത ശബ്ദങ്ങള്‍ക്കിടയില്‍ ഈ ചെറിയ ആഹ്ളാദാരവം ആരു കേള്‍ക്കാന്‍? 1971 മുതല്‍ പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്നമാണ് മന്‍മോഹന്‍ സിങ്ങിന്‍െറ പരിശ്രമത്തോടെ പര്യവസാനിച്ചത്.
അതേസമയം, ടീസ്റ്റ കരാര്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചില്ല എന്നതില്‍ ബംഗ്ളാദേശ് ജനതക്ക് നൈരാശ്യമുണ്ട്. അതിര്‍ത്തി നിര്‍ണയിച്ചപ്പോള്‍ ചില പ്രദേശങ്ങള്‍ നാം ബംഗ്ളാദേശിന് വിട്ടുകൊടുത്തതില്‍ ബി.ജെ.പി കടുത്ത രോഷം പ്രകടിപ്പിക്കുകയുണ്ടായി. ഭാരത മാതാവിന്‍െറ ഏക സംരക്ഷകര്‍ തങ്ങളാണെന്ന ഭാവത്തിലാണ് ഈ അമര്‍ഷ പ്രകടനം. സര്‍വ പ്രശ്നങ്ങളെയും രാഷ്ട്രീയ-മത തലങ്ങളില്‍ വീക്ഷിക്കാതെ മാനുഷിക തലത്തില്‍ നോക്കിക്കാണാനും ഇത്തരം സംഘടനകള്‍ പഠിക്കേണ്ടിയിരിക്കുന്നു.
ഫറാഖാ അണക്കെട്ടില്‍നിന്ന് ബംഗ്ളാദേശിന് ജലം വിട്ടുകൊടുക്കാന്‍ പശ്ചിമ ബംഗാളിനെ വര്‍ഷങ്ങള്‍ കൊണ്ടാണ് സമ്മതിപ്പിച്ചെടുത്തത്. നദിയുടെ താഴ് ഭാഗത്തായതിനാല്‍ വെള്ളം ലഭിക്കാന്‍ ന്യായമായും ബംഗ്ളാദേശിന് അവകാശമുണ്ട്. എന്നാല്‍, എത്ര അളവില്‍ ജലം നല്‍കണം എന്ന സമസ്യയാണ് കീറാമുട്ടിയായി മാറിയത്. ഫറാഖാ കരാര്‍ ആവിഷ്കരിച്ച സമയത്ത് പക്വമതിയായ ജ്യോതിബസു ആയിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. എന്നാല്‍, അത്രയൊന്നും പക്വമതിയല്ലാത്ത, സംശയ ഗ്രസ്തയായ മമത ബാനര്‍ജിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പദത്തില്‍. ടീസ്റ്റ കരാറിന് മമത നേരത്തേ സമ്മതം മൂളിയിരുന്നതായി മന്‍മോഹന്‍ വ്യക്തമാക്കുന്നു. പക്ഷേ, അവസാന നിമിഷം മമതയുടെ മനസ്സുമാറി. തനിക്കെതിരെ കമ്യൂണിസ്റ്റുകള്‍ തക്കംപാര്‍ത്തു കഴിയുകയാണെന്നും മമത സംശയിക്കുന്നുണ്ടാകണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാരെ നിലംപരിശാക്കിയ തനിക്കെതിരെ ബംഗ്ളാദേശിന് ജലം വിട്ടുകൊടുത്തുവെന്ന പ്രചാരണമഴിച്ചു വിടുന്നതിന്‍െറ അപകടം അവര്‍ മുന്‍കൂര്‍ മനസ്സിലാക്കിയിരിക്കുന്നു.
നദീജലത്തിന്‍െറ പങ്കിടല്‍ സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ അവസാന വാക്ക് പറയേണ്ടത് പശ്ചിമ ബംഗാള്‍ ഗവണ്‍മെന്‍റ് തന്നെ. വേനലിന് കാഠിന്യമേറുന്ന മാസങ്ങളിലാണ് കൂടുതല്‍ ജലം വിട്ടുകൊടുക്കേണ്ടി വരുന്നതും. ഏതായാലും നീതിപൂര്‍വകമായ തോതിലുള്ള ജല വിതരണത്തിന് നാം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കരാര്‍ ഒപ്പിടാതിരുന്ന സാഹചര്യത്തില്‍ ബംഗ്ളാദേശിന്‍െറ ക്ഷമ നശിച്ചിരിക്കുകയാണെന്ന് തോന്നുന്നു. ഇന്ത്യ തങ്ങളെ ചതിക്കുകയായിരുന്നുവെന്ന തരത്തിലാണിപ്പോള്‍ ബംഗ്ളാദേശിന്‍െറ പ്രചാരണം.
ജനാധിപത്യത്തില്‍ പൊതുജന വികാരങ്ങള്‍ക്കും പൊതുജനാഭിപ്രായത്തിനും പരിഗണന നല്‍കാതെ മുന്നോട്ടു നീങ്ങുക അസാധ്യം. ഇത്തരം കരാറുകള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ ജനത ഉയര്‍ത്തിയേക്കാവുന്ന എതിര്‍പ്പും പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ബംഗ്ളാദേശിന് സ്വാതന്ത്ര്യമുണ്ടെങ്കിലും വിവേകപൂര്‍വമായിരിക്കണം ആരോപണങ്ങള്‍. ദല്‍ഹി സ്ഫോടനം ഇന്ത്യയുടെ മുന്‍ഗണനാക്രമങ്ങളില്‍ മാറ്റമുണ്ടാക്കി എന്ന് തിരിച്ചറിയാനും ബംഗ്ളാദേശ് തയാറാകേണ്ടതായിരുന്നു. ഭീകരതാ വിളയാട്ടം എങ്ങനെ നേരിടുമെന്നറിയാതെ തല പുകയ്ക്കുന്നതിനിടെ അയല്‍ രാജ്യവുമായുള്ള കരാര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യക്ക് സാവകാശം ലഭിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ സന്ദര്‍ഭത്തിലെങ്കിലും തങ്ങളുടെ പിടിയിലുള്ള ഉള്‍ഫ തീവ്രവാദി നേതാവിനെ കൈമാറി ബംഗ്ളാദേശിന് ഗുണകാംക്ഷ പ്രകടിപ്പിക്കാമായിരുന്നു.
രാജ്യ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം ന്യൂദല്‍ഹിക്കാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്ഫോടനം അരങ്ങേറുന്ന ഓരോ സന്ദര്‍ഭത്തിലും ചില തലകള്‍ ഉരുളുമെന്ന മുന്നറിയിപ്പും അധികൃതര്‍ മുഴക്കാറുണ്ട്. പക്ഷേ, ഒരു തല പോലും ഇളകിയതായി കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല. സുരക്ഷാകാര്യ ചുമതലയുള്ളവര്‍ ആരോടും സമാധാനം ബോധിപ്പിക്കേണ്ടാത്തവരാണോ? സുപ്രധാനമായ ആറു സ്ഫോടനങ്ങള്‍ക്ക് ഇനിയും തുമ്പുണ്ടായിട്ടില്ല. ഒരേ തരം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച ഒരേ രീതിയിലുള്ള സ്ഫോടനങ്ങള്‍ പതിവായിരിക്കുന്നു. അന്വേഷണങ്ങള്‍ നിലച്ചു പോകുന്നതും പതിവായിരിക്കുന്നു.
സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുകയും അന്വേഷണങ്ങള്‍ ഫലപ്രദമാകാതെ വരുകയും ചെയ്യുമ്പോള്‍ നമുക്കു അമേരിക്കയെ തന്നെ ആശ്രയിക്കേണ്ടി വരുമോ? 9/11 ഭീകരാക്രമണത്തിനു ശേഷം നിയമ കാര്‍ക്കശ്യങ്ങളിലൂടെയാണ് അമേരിക്ക ദൗര്‍ഭാഗ്യ സംഭവങ്ങളെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയും പൗര സ്വാതന്ത്ര്യം ചുരുക്കുന്ന നിയമങ്ങള്‍ പയറ്റി നോക്കുന്നു. എന്നിട്ടും അന്ത്യമില്ലാതെ തുടരുകയാണ് ഭീകരാക്രമണങ്ങള്‍.
രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടാണ്   എന്നെ കൂടുതല്‍ അമ്പരപ്പിക്കുന്നത്. കോണ്‍ഗ്രസിന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വലയുന്നത് കണ്ട് ബി.ജെ.പി രസിക്കുന്നു. സര്‍വരും ഭിന്നത മറന്ന് ഒന്നിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടത്. അല്ലാതെ പ്രശ്നങ്ങളെ രാഷ്ട്രീയത്തിന്‍െറ കണ്ണടക്കോണിലൂടെ കാണാനാകരുത് ശ്രമം. പാകിസ്താനെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയുന്നില്ളെങ്കില്‍ നമുക്ക് അന്യ ദേശങ്ങളുടെ സഹായം തേടേണ്ടി വരാം. പാകിസ്താന്‍െറ വാചകക്കസര്‍ത്തുകള്‍ക്ക് മുന്നില്‍ നാം മയങ്ങി വീഴാനും പാടില്ല.
സുഭദ്രമായ കാഴ്ചപ്പാടുള്ള നേതാവിന്‍െറ അഭാവമാണ് ഇന്ത്യയുടെ ശാപം. സ്വാതന്ത്ര്യസമര കാലഘട്ടത്തിലും സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിറകെയും മികച്ച നേതാക്കളാല്‍ സമ്പന്നമായിരുന്നു നമ്മുടെ ദേശം. രാഷ്ട്ര സേവനത്തിനു പകരം രാഷ്ട്രീയം കളിക്കുന്ന നേതാക്കളേ രാജ്യത്ത് ഇപ്പോഴുള്ളൂ. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ശൈലി ഉപേക്ഷിക്കപ്പെടണം. ഉപവാസങ്ങളും രഥയാത്രകളും രാജ്യത്തെ കൂടുതല്‍ ധ്രുവീകരിക്കാനേ ഉതകൂ. പ്രതിബദ്ധതയും സഹിഷ്ണുതയും നാം വീണ്ടെടുക്കണം. രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്ന ആ വശം വരണ്ട് ഉണങ്ങുകയാണോ എന്നു ഞാന്‍ സംശയിച്ചു പോകുന്നു.



കുല്‍ദീപ് നയ്യാര്‍

Blogger templates

.

ജാലകം

.